Pages

Thursday, August 15, 2013

കുട്ടികള്‍ ഭാഷയെ സ്നേഹിക്കണം എന്നു പറഞ്ഞാല്‍ മാത്രം പോര...

കുട്ടികള്‍ ഭാഷയെ സ്നേഹിക്കണം എന്നു നാം പറയും. ഭാഷയുടെ സൗന്ദര്യാത്മക തലം അനുഭവിക്കുമ്പോള്‍ മാത്രമാണ് അവര്‍ ഭാഷയെ സ്നേഹിക്കുക. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അധ്യാപകര്‍   തങ്ങള്‍ നല്‍കുന്നത്  ഭാഷാവിരക്തിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണോ എന്നു പരിശോധിക്കാറില്ല
ബദല്‍പാഠങ്ങള്‍ ക്ലാസിലവതരിപ്പിക്കാന്‍ തയ്യാറാകാത്ത ഭീരുത്വവും ക്ലാസുകളിലുണ്ട്. നമ്മുടെ അധ്യാപകര്‍ പാഠപുസ്തകത്തിന്റെ അടിമകളായിപ്പോവുകയാണ്. അവര്‍ വേലിക്കെട്ടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്
  • ആഴ്ചയിലെ പിരീഡുകളുടെ എണ്ണം
  • തീരേണ്ട പോഷന്‍
  • ചെയ്യേണ്ട അഭ്യാസങ്ങള്‍ ഇവയൊക്കെ എടുത്തിടും
  • സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്നില്ലെന്നു വ്യാകുലപ്പെടും
ഇത് ഒളിച്ചോടലാണ്. നല്ല രചനകള്‍ ക്ലാസില്‍ ഉപയോഗിച്ചാല്‍ അതിന്റെ തളളലില്‍ കുട്ടി തനിയെ പാഠപുസ്തകപാഠത്തെ പരിശോധിക്കില്ലേ? പാഠപുസ്തകപാഠത്തെ ഉപപാഠമാക്കുന്ന പ്രക്രിയയും ആലോചിക്കാം. പാഠപുസ്തകത്തിന്റെ പരിമിതി നാം തിരിച്ചറിയണം. പേജുകളുടെ എണ്ണം പാഠത്തിന്റെ എണ്ണം ഇവ നിശ്ചയിക്കുന്നത് സാധ്യായദിനങ്ങളാണ്. സാധ്യമായദിനങ്ങളല്ല. ഒരു വിഭാഗം വിദഗ്ധര്‍ പ്രാതിനിധ്യസ്വഭാവത്തോടെ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന അനുപാതം ദീക്ഷിച്ച് പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ നല്ല പാഠങ്ങള്‍ പലതും ഔട്ടാകും.
  • ഭാഷാമാധുര്യത്തിനു വേലിക്കെട്ടിയാലതു പൊളിക്കണം
  • വേലിപൊളിക്കാനാണ് ഭാഷ എന്നും നിലനില്‍ക്കുന്നതും.
ഇത്രയും ആലോചിക്കാന്‍ കാരണം നാലാം ക്ലാസിലെ ഒരു പാഠം വായിച്ചതാണ്. പാഠത്തിന്റെ പേരു ഹൃദയത്തിന്റെ പൂന്തോപ്പ്. തുടക്കഖണ്ഡിക തന്നെ തരിശാണ്. ഇതു കുട്ടികളില്‍ പ്രവര്‍ത്തിക്കുമോ എന്നു സംശയം. പന്തികേടുളള ഈ രചന പാഠപുസ്തകരചയിതാക്കളുടെ വകയാണെന്നു തോന്നുന്നു. (ഒരു പാഠം പഞ്ചവത്സരപദ്ധതിപോലയാണ്. ആയുസത്രയേയുളളൂ. ഭാരമുളളതെങ്കില്‍ അത്രയും കാലം ചുമന്നു നടന്നേപറ്റൂ. നല്ലതാണെങ്കിലോ ആറാം വര്‍ഷത്തേക്കനുവാദവുമില്ല. കുട്ടികളില്‍ സര്‍വേ നടത്തി അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട പാഠങ്ങള്‍ നിലനിറുത്തിയാലെന്താ കുഴപ്പമെന്നു ഞാനാലോചിച്ചിട്ടുണ്ട്.)പാഠപുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്ന കഥയുടെ തരിശിടങ്ങളെ ഹരിതാഭമാക്കി അവതരിപ്പിച്ചാലല്ലേ കുട്ടി ഭാഷയില്‍ മുഴുകൂ. ഈ രചനയിലിടപെടാനാകില്ലേ? ആദ്യം പാഠരാംഭം പരിചയപ്പെടാം 
അണ്ണാന്‍കുഞ്ഞും കരിയിലക്കിളികളും ചങ്ങാതിമാരാണ്. കൂട്ടുകൂടി നിടക്കുന്നതിനിടയില്‍ കിട്ടുന്ന ധാന്യമണികളാണ് അവരുടെ ആഹാരം. ഒരു ദിവസം ഏറെ കാത്തിരുന്നിട്ടും കരിയിലക്കിളികള്‍ വന്നില്ല. വിശപ്പും സങ്കടവും സഹിക്കാനാകാതെ കുഞ്ഞനണ്ണാന്‍ അടുത്തുളള വനത്തിലേക്കു നടന്നു തുടങ്ങി. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മുത്തച്ഛന്‍മാവിനോട് അവന്‍ ചോദിച്ചു" മുത്തച്ഛാ. മുത്തച്ഛന്റെ തണലില്‍ ഞാന്‍ അല്പനേരം ഇരുന്നോട്ടേ?"
              ഒത്തിരി വിടവ് അനുഭവപ്പെടുന്നില്ലേ? ചങ്ങാത്തത്തിന്റെ തീവ്രത വ്യക്തമാക്കാത്തത്, കഥാപാത്രങ്ങളുടെ മനോചിത്രം രൂപപ്പെടാത്ത അവസ്ഥ, വനത്തിലേക്കുതന്നെ പോകാനുളള കാരണം. ഭാവനയുടെ ലോകത്തേക്ക് ആനയിക്കാനുളള വാതിലടവ്.. ഇത്തരം തുടക്കം നാം പുനരാവിഷ്കരിക്കണം. എങ്കിലേ കുട്ടികള്‍ ഭാഷയെ സ്നേഹിക്കൂ.. ആദ്യഭാഗം ഇങ്ങനെയായാലോ?

ഞാന്‍ വികസിപ്പിച്ചതു് (വായിച്ചു /പറഞ്ഞു കേള്‍പ്പിച്ചാസ്വദിപ്പിക്കാനുളളത് )
ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്ന ഒരു മരത്തിലായിരുന്നു ആ അണ്ണാന്‍കുഞ്ഞു വളര്‍ന്നത്ചെറിയകണ്ണുകളായിരുന്നു അതിന്. മിനുങ്ങുന്ന രോമങ്ങള്‍. പുറത്തെ ചാരക്കറുപ്പിനുളളില്‍ തിളങ്ങുന്ന മൂന്നു വരകള്‍.ആരോ സ്വര്‍ണനിറമുളള ചായത്തില്‍ മുക്കിയ വിരലുകള്‍ കൊണ്ടു തലോടിയപോലെയുളള വരകള്‍‌.മനോഹരമായ പൂവാല്. പൂവാലനണ്ണാറക്കണ്ണനെന്നല്ലേ പേര്. ഒതുക്കമുളള ശരീരം. ആര്‍ക്കും ഇഷ്ടമാകും.അത്രയ്ക്കു കൊതിപ്പിക്കുന്ന ചന്തം.കരിയിലക്കിളികളാണ് കൂട്ട്. ഒന്നും രണ്ടുമല്ല, പത്തു കളികള്‍. കരിയിലനിറമുളള കിളികള്‍. അവ എന്നും രാവിലെ വരും.കരിയിലകള്‍ ചിക്കിമറിക്കും. ഇലകള്‍ക്കടിയിലെ ചെറുകീടങ്ങളും വിത്തുകളുമൊക്കെ ചെറിയ ചുണ്ടുകള്‍ കൊണ്ട് കൊത്തിപ്പെറുക്കും.അപ്പോള്‍ അണ്ണാന്‍ കുഞ്ഞും മരക്കൊമ്പിന്‍ തുഞ്ചത്തു നിന്നും ഊര്‍ന്നിറങ്ങി വരും. കൂട്ടുകാര്‍ കണ്ടുമുട്ടുന്ന ആ കാഴ്ച കാണേണ്ടതു തന്നെ. കിളികളുടെ സന്തോഷാരവം . അണ്ണാന്‍ കുഞ്ഞും ചില്‍ചില്ലെന്നു മറുപടി പറയും.പിന്നെ ഒന്നിച്ചാണ് ഭക്ഷണം. ഇടയ്കിടെ അണ്ണാന്‍ കുഞ്ഞ് മരത്തില്‍ കയറും.ചുറ്റുപാടും നോക്കും. വല്ല കീരിയോ പാമ്പോ വരുന്നുണ്ടോ എന്നറിയാനാണ്. അപകടമുണ്ടെന്നു കണ്ടാല്‍  പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും, അതു കേള്‍ക്കേണ്ട തമസം കിളികല്‍ ചിലച്ചു പറന്നുയരും.
ഒരു ദിവസം.നേരമറെ വെളുത്തിട്ടും പൂക്കള്‍ വിരിഞ്ഞാടിയിട്ടും സൂര്യന്‍ കുന്നിന്റെ മേലേ ഒരാള്‍ പൊക്കത്തിലുയര്‍നിട്ടും അവര്‍ വന്നില്ല.അവരെവിടെപ്പോയി? വല്ലാതെ വിശക്കുന്നു. പൊക്കമുളള മരത്തിന്റെ ഉയരമുളള കൊമ്പിന്റെ തുഞ്ചത്തു കയറി നാലുപാടും നോക്കി. പച്ചക്കിളികള്‍, കറുത്തകിളികള്‍, പുളളിക്കിളികള്‍.. ചാരനിറമുളള കിളികളെ മാത്രം കാണുന്നില്ല.അവരെവിടെപ്പോയി? ചില്‍ ചില്‍ നീട്ടി വിളിച്ചു നോക്കി. ആരും വിളികേട്ടില്ല. ആരും പറന്നടുത്തേക്കു വന്നില്ല.വിശപ്പ് കത്തിക്കാളുന്നു.ദുരെ പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹരവനം. ആ മധുവനത്തില്‍ പോകുന്ന കാര്യം കിളികള്‍ പറഞ്ഞത് ഓര്‍മയില്‍ വന്നു. അങ്ങോട്ടു പോയാലോ? അണ്ണാന്‍ കുഞ്ഞ് അങ്ങോട്ടു പുറപ്പെട്ടു. ഒരു മരത്തുഞ്ചത്തുനിന്നും അടുത്ത മരത്തിന്റെ ചില്ലയിലേക്ക് ഒരഭ്യാസിയെപ്പോലെ ചാടിയും മരക്കൊമ്പുകളിലൂടെ അതിവേഗം ഓടിയും ചിലപ്പോള്‍ നടന്നുമൊക്കെയാണ് യാത്ര. ഒടുവില്‍ വലിയൊരു മരത്തിന്റെ ചുവട്ടിലെത്തി. ഹമ്മൊ എന്തൊരു മരം! എന്താ ഉയരം! ശരിക്കും ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന മാമരം .പടര്‍ന്നു പന്തലിച്ച് നിറയെ ഇലകളുമായി നില്‍ക്കുകയാണ് മുതുമുത്തച്ഛന്‍ മരം. ഇതൊരു മാവാണല്ലോ!? ..വല്ലാത്ത ക്ഷീണം. അല്പം വിശ്രമിക്കണമെന്നു തോന്നി. മുത്തച്ഛനോടു അനുവാദം വാങ്ങണോ? അണ്ണാന്‍ മുത്തച്ഛനോടു ചോദിച്ചു. "മുത്തച്ഛാ,    മുത്തച്ഛാ ഞാനിവിടെ ഈ തണലത്ത് ഇത്തിരി നേരം കിടന്നോട്ടെ?”
(ഇതിലും നന്നായി ഈ ശ്രാവ്യപാഠം നിങ്ങള്‍ക്കു തയ്യാറാക്കാന്‍ കഴിയും. അധ്യാപിക മനസുവെക്കണം. പാഠത്തിലെ ആശയമല്ല ഭാഷാനുഭവമാണ് പ്രധാനം. 
കഥാ പാഠം വായിക്കാന്‍ പ്രവചനസാധ്യതയുളളിടം വരെ പറയുന്നത് നന്നാകും. ആ പറച്ചില്‍ ഭാവം ഉള്‍ക്കൊണ്ടും ശരീരഭാഷ പ്രയോജനപ്പെടുത്തിയും ആയാലോ ..! പ്രവചനസാധ്യതയുളളിടം വരെ എത്തിക്കാന്‍ വേണ്ടി ഇത്രയും കൂടി പറയാം )
" ഓ അതിനെന്താ "മുത്തച്ഛന്‍ സമ്മതിച്ചു. അണ്ണാന്‍ കുഞ്ഞു വാലു ചുരുട്ടി കൈകാലുകള്‍ ഒതുക്കി ചുരുണ്ടുകൂടി കിടന്നു. വല്ലാത്ത ക്ഷീണം. നല്ല തണലും. കുഞ്ഞിക്കണ്ണുകള്‍ അടഞ്ഞുപോയി.
ടപ്.. !ശബ്ദം കേട്ട് അണ്ണാന്‍ കുഞ്ഞ് ഞെട്ടിയുണര്‍ന്നു.
അടുത്തെന്തോ വീണതാണ്. നല്ല മണം വരുന്നു. അതാ കിടക്കുന്നു. മഞ്ഞ നിറമുളള മുഴുത്ത ഒരു പഴുത്ത മാങ്ങ!” മുത്തച്ഛാ മുത്തച്ഛാ ഞാനീ മാങ്ങ തിന്നോട്ടെ?”
"ഓ അതിനെന്താ "മുത്തച്ഛന്‍ സമ്മതിച്ചു.
അണ്ണാന്‍ കുഞ്ഞിന്റെ പെരുമാറ്റം മുത്തച്ഛന് ഇഷ്ടമായി
മുത്തച്ഛന്‍ പറഞ്ഞു കുഞ്ഞേ നിനക്ക് ഞാനോരു രഹസ്യം കാട്ടിത്തരാം. ഒരു വാക്കു തരണം. മറ്റാരോടും പറയരുത്. കാണുന്നതൊന്നും ആഗ്രഹിക്കരുത് എടുക്കരുത്. അണ്ണാന്‍ സമ്മതിച്ചു. മാവിന്റെ ഉളളിലെ രഹസ്യഅറയുടെ വാതില്‍ തുറന്നു .അതിലൂടെഅണ്ണാന്‍ കുഞ്ഞ് അകത്തു കയറി. അകത്ത് എന്താ കാഴ്ച. മനോഹരമായ പൂങ്കാവനം.. മധുരക്കനികള്‍..വിടര്‍ന്നു വിലസുന്ന സൗഗന്ധികപുഷ്പങ്ങള്‍..കുഞ്ഞരുവി..നിധികള്‍..കൊതിപ്പിക്കുന്ന കാഴ്ചകള്‍..
അണ്ണാന്‍ കുഞ്ഞ് പുറത്തിറങ്ങി. അതിന്റെ സത്യസന്ധതയില്‍ സന്തോഷം തോന്നിയ മുത്തച്ഛന്‍ ഒരു സമ്മാനം കൊടുത്തു. സമ്മാനവുമായി അണ്ണാന്‍ കുഞ്ഞ് യാത്ര തുടര്‍ന്നു.
ചെന്നു പെട്ടത് ഒരു ചെന്നായയുടെ മുന്നില്‍!
ചുവന്ന നാവുളള, കൂര്‍ത്ത പല്ലുകളുളള,കത്തുന്ന കണ്ണുകളുളള, ക്രൂരനായ ചെന്നായ മുരണ്ടു.
അണ്ണാന്‍ കുഞ്ഞ് പേടിച്ചു
പിന്നെ എന്താണ് സംഭവിച്ചിരിക്കുക?
കുട്ടികള്‍ പ്രവചനങ്ങള്‍ എഴുതുന്നു പങ്കുവെക്കുന്നു. പ്രവചനവുമായി ഒത്തു നോക്കാനായി വായിക്കുന്നു. .

പാഠങ്ങളെ ആസ്വാദ്യാനുഭവമാക്കാം.
  • പത്തരമാറ്റുളള ഭാഷാനുഭവം എന്നതിനാവണം ലക്ഷ്യം
  • ഓരോ കുട്ടിയും ഭാഷയുടെ അനിര്‍വചനീയമായ സൗന്ദര്യത്തിലേക്ക് ആഴ്ന്നിറങ്ങണമെന്നു കരുതണം
  • അതിനുസഹായകമായ പാഠഭാഗങ്ങളും (പാഠപുസ്തകത്തിലില്ലാത്തവ പുസ്തകങ്ങളും തെരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്കു നല്‍കുണം.
  • പാരായണത്തിന്റെ ബഹുമാനങ്ങളെ ക്ലാസിലേക്കു ക്ഷണിച്ചുകൊണ്ടുവരണം
  •  പാഠത്തില്‍ നിന്നും പുതുപാഠങ്ങളും മറ്റാരും കാണാത്ത കാര്യങ്ങളും താനും കണ്ടെത്തിയാതായി കുട്ടിയുടേതു പോലെ ആവേശം കൊളളുകയും വേണം.
  •  കുട്ടികളുടെ മുമ്പാകെ അവതരിപ്പിക്കുന്ന ചോദ്യങ്ങളാണ് മറ്റൊരു പരിഗണന പാഠത്തിന്റെ ആത്മാവിലേക്കു പൂട്ടുതുറന്നു കയറാനുളള താക്കോല്‍ച്ചോദ്യങ്ങളാണവതുറക്കേണ്ടത് കുട്ടികളാണ്അവര്‍ തനിയെ തുറക്കാത്ത രഹസ്യ അറകളവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമേ താക്കോല്‍ച്ചോദ്യങ്ങള്‍ ഉന്നയിക്കാവൂ..

1 comment:

  1. ഓരോ പാഠവും വളരെ വ്യത്യസ്തമായ ഭാഷാനുഭവമാക്കാന്‍ കഴിയണം എന്ന് ആഗ്രഹം .പൂര്‍ണ്ണമായി നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ മടിയില്ല.'മേഘ മാലാ നദിയിലേക്ക് ഒരു കുഞ്ഞുറവ പുറപ്പെട്ടു "എന്ന് പാഠം അവസാനിക്കുമ്പോള്‍ തീരുന്നതല്ല കുട്ടിയുടെ ഭാഷാശേഷി.അനുഭവം ,യാത്ര .സ്ഥലം .കാലം ഒക്കെ വിവരിക്കുമ്പോള്‍ ഓരോന്നിലും തെളിയിക്കേണ്ട ഭാഷാ വിരുതുണ്ട്‌ .ആഖ്യാനം ഹൃദ്യമാക്കുക തന്നെ വഴി .മുന്‍പ് അയ്യോ ആഖ്യാനം നീണ്ടു പോകുന്നല്ലോ എന്ന് തോന്നിയിരുന്നു .ഇപ്പോള്‍ തോന്നും അവതരിപ്പിക്കുന്നത്‌ പോര എന്ന് .കുട്ടിയുടെ കണ്ണും കാതും കരളും നിറയുന്ന ഘടകങ്ങള്‍ കോര്‍ത്തിണക്കി യുള്ള രീതി,നിര്‍ ഭാഗ്യ മെന്നു പറയട്ടെ നമ്മുടെ പാഠപുസ്തകങ്ങള്‍ കയ്യൊഴിഞ്ഞിരിക്കുന്നു .

    ReplyDelete

പ്രതികരിച്ചതിനു നന്ദി