Pages

Tuesday, April 22, 2014

മെന്ററിംഗ് അധ്യാപനമികവിന് സഹായകമോ?

മെന്ററിംഗ് എന്നാലെന്ത്?
അനുഭവസമ്പത്തും ആശയവ്യക്തതയും പ്രായോഗികജ്ഞാനവും ഉളള അധ്യപകര്‍ ഒപ്പം നിന്ന് ഇളംമുറ അധ്യാപകര്‍ക്ക് /പഠിതാക്കള്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ്യക്തതയുളള മേഖലകളില്‍ ആശയരൂപീകരണം നടത്തുവാന്‍ സഹായിക്കുകയും മാതൃകകള്‍ കാണിച്ചുകൊടുക്കുകയും അനുയോജ്യമായ ആസൂത്രണത്തിനും നിര്‍വഹണത്തിനും സഹായിക്കുകയും അതു വഴി ആത്മവിശ്വാസവും കഴിവും നേട്ടവും ഉയര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് മെന്ററിംഗ്
മെന്ററിംഗ് എപ്പോഴാണ് ആവശ്യം?
പഠനബോധനപ്രക്രിയമെച്ചപ്പെടുത്തുക എന്നതിനു ലക്ഷ്യമിട്ടാണ് മെന്ററിംഗ്.
മെന്ററിംഗ് അധ്യാപക പക്ഷത്ത് നിന്ന് ആദ്യം പരിശോധിക്കാം.
പുതിയ അക്കാദമിക വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം മെന്ററിംഗ് ആവശ്യമാണ്. അതു പുതിയ വിദ്യാലയത്തില്‍ ജോലി തുടങ്ങുന്ന അവസരമാകാം. വിദ്യാലയനടത്തിപ്പ് നവീകരിക്കുമ്പോഴാകാം. പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുമ്പോഴാകാം. തൊഴില്‍ മേഖലയെ ആധുനികവത്കരിക്കുമ്പോഴാകാം. ഗവേഷണാടിസ്ഥാനത്തില്‍ പഠനപുരോഗതി ഉയര്‍ത്താനായി അധ്യയനമാതൃകകള്‍ വികസിപ്പിക്കേണ്ടതിലാകാം. നിരന്തര വിലയിരുത്തല്‍ പ്രായോഗികമാക്കുന്നതിനാകാം. നേതൃത്വശേഷിയും മാനേജ്മെന്റ് നൈപുണിയും വികസിപ്പിക്കുന്നതിലാകാം. സേവനപൂര്‍വപരീശീലനം ഫലപ്രദമാക്കുന്നതിനാകാം. വിദ്യാഭ്യാസ അവകാശനിയമം പോലെ സമഗ്രമായ മാറ്റം പ്രതീക്ഷിക്കുന്ന പദ്ധതികള്‍ പരാജയപ്പെട്ടുപോകാതിരിക്കാനാകാം. ഏതായാലും പുതിയ തുടക്കത്തിന്റെയും ലക്ഷ്യത്തിന്റെയും പശ്ചാത്തലത്തില്‍ കാര്യക്ഷമത ആര്‍ജിക്കുന്നതിനാണ് മെന്ററിംഗ് ആവശ്യമായി വരിക.
മെന്ററിംഗ് വിദ്യാര്‍ഥി പക്ഷത്ത് നിന്നും നോക്കാം. പുതിയ പാഠമോ പഠന പ്രവര്‍‌ത്തനമോ ഏറ്റെടുക്കേണ്ടിവരുമ്പോള്‍, ലക്ഷ്യത്തെക്കുറിച്ച് അവ്യക്തതയോ ലക്ഷ്യത്തിലെത്താന്‍ പ്രയാസമോ നേരിടുമ്പോള്‍, വിവരങ്ങള്‍ പാകപ്പെടുത്താനും വിശകലനം ചെയ്യാനും പ്രയാസം നേരിടുമ്പോള്‍ പഠനരീതിയില്‍ മാറ്റം വരുത്തേണ്ടി വരുമ്പോള്‍, ആശയവിനിമയ സങ്കേതങ്ങള്‍, രേഖകളുടെ തയ്യാറാക്കല്‍ ഇവയില്‍ പ്രാവീണ്യം അനിവാര്യമാകുമ്പോള്‍ ഒക്കെ കുട്ടിക്ക് മെന്ററിംഗ് ആവശ്യമായി വരും.
കുട്ടിക്ക് അധ്യാപകരില്‍ നിന്നും അധ്യാപകര്‍ക്ക് പരിശീലകരില്‍ നിന്നും മെന്ററിംഗ് ആവശ്യമാണ്. മെന്റര്‍ സങ്കല്പം മുന്നോട്ടു വെക്കുമ്പോള്‍ ഈ രണ്ടു വിഭാഗത്തിനും മെന്ററിംഗ് ലഭിക്കുമെന്നുറപ്പാക്കുന്ന സംവിധാനങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ കേവലം വാചകമടിയായി ഇതു പരണമിക്കും.
മെന്റര്‍ എന്തെല്ലാം ചെയ്യണം?
  1. സങ്കോചവും ഭയവും ഇല്ലാതെ മുന്നോട്ടു പോകുന്നതിനുളള സാഹചര്യം ഒരുക്കണം. പുതിയ സാഹചര്യത്തെ അഭിമൂഖീകരിക്കുകയാണ്. അപ്പോള്‍ എങ്ങനെ ചെയ്യണം എപ്പോള്‍ ചെയ്യണം ഇതുപൊലെ ചെയ്താല്‍ ശരിയാകുമോ തുടങ്ങിയ സംശയങ്ങളുടെയും ആശങ്കളുടേയും ഒരു വലയത്തിലാകും .സഹാധ്യാപന/പഠന ധര്‍മം എറ്റെടുക്കുന്നതൊടെ മെന്റര്‍ നല്‍കുന്നത് കരുത്തുളള ദിനങ്ങളാണ്. ഒന്നിച്ചാലോചിക്കാനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഹൃദയമുളള സദാസന്നദ്ധതയുളള ഒരാളോപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന അറിവ് അധ്യാപികയെയവിദ്യാര്‍ഥിയെ കൂടുതല്‍ കര്‍മോത്സുകയാക്കും.
  2. ഉളളടക്കധാരണയില്‍ വ്യക്തത വരുത്തല്‍. നിശ്ചിത ക്ലാസിലെ /വിഷയത്തിലെ /പാഠത്തിലെ ഉളളടക്കത്തിന്റെ ആഴം എത്രവരെയെന്നു തിട്ടമില്ലാത്ത അവസ്ഥയില്‍, അല്ലെങ്കില്‍ ആ ഉളളടക്കത്തെക്കുറിച്ച് വേണ്ടത്ര വ്യക്തതയില്ലാത്ത സ്ഥിതിയില്‍,നിര്‍ദ്ദിഷ്ട ഉളളടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നിതിനുളള മാര്‍ഗങ്ങള്‍ അറിയില്ലെങ്കില്‍ അത് കുട്ടികളുടെ പഠനത്തെ ബാധിക്കും. വര്‍ഷങ്ങളായുളള അനുഭവങ്ങളിലൂടെ മെന്റര്‍ സ്വാംശീകരിച്ചിട്ടുളള ഇത്തരം അറിവുകള്‍ ഉചിതമായ രീതിയില്‍ യഥാസമയം പങ്കുവെക്കുകയാണെങ്കില്‍ സമയനഷ്ടവും പഠനനേട്ടവും ഉറപ്പാക്കാനാകും.
  3. പുതിയസ്ഥാപനത്തിലെ / സംവിധാനത്തിലെ നിയമങ്ങളും വഴക്കങ്ങളും രീതികളും ഒന്നും അറിയാതെ അപരിചിതത്വത്തിലായിരിക്കുന്ന ഒരാള്‍ അതു ക്രമേണ വശമാക്കുമെന്നു ചിന്തിക്കുന്നതിനു പകരം അവയുടെയെല്ലാം വിശദാംങ്ങള്‍ നല്‍കാനായി ശ്രമിക്കണം. വലിയ ഒരു ഉപദേശക്ലാസല്ല വേണ്ടത്. മറിച്ച് ഇന്ന് അസൈന്‍മെന്റ് ചെയ്യണ്ടേ? എങ്ങനെ ചെയ്യും? അതു ചെയ്യാതെ വന്നലെന്തു നഷ്ടം സംഭവിക്കും? ഇന്നു തയ്യാറാക്കേണ്ട രേഖകളെന്തെല്ലാമാണ്. എങ്ങനെയാണവ രേഖപ്പെടുത്തുക എന്നറിയാമോ? ഇത്യാദി ചോദ്യങ്ങളിലൂടെ ഭാരം അനുഭവപ്പെടാത്ത രീതിയില്‍ ഉചിതമായ സമയത്ത് ഒരോന്നോരോന്നായി ശ്രദ്ധയില്‍പെടുത്തി വഴിയൊരുക്കണം.
  4. പുതിയ രീതിയില്‍ പുതിയ പുസ്തകം ഉപയോഗിച്ച് അധ്യാപകര്‍ ആദ്യം ക്ലാസെടുക്കുന്നതിനു പകരം മെന്ററുടെ ഒന്നു രണ്ടു ക്ലാസ് കാണുവാന്‍ അവസരം നല്‍കണം. പ്രദര്ശനക്ലാസുകളെടുക്കേണ്ടത് പുതിയ ആള്‍ കൈകാര്യം ചെയ്യേണ്ട അതേ കുട്ടികളെ വെച്ചാകണം. എങ്കിലേ കുട്ടികളുടെ പെരുമാറ്റങ്ങളും പ്രശ്നങ്ങളും പ്രതികരണങ്ങളും മനസിലാക്കി അവര്‍ക്കു നല്‍ക്കുന്ന സഹായവും മറ്റും തിരിച്ചറിഞ്ഞ് അതേ പോലെ പ്രവര്‍ത്തിക്കാനാകൂ. ക്ലാസ് മാനേജ്മെന്റിന്റെ കാഴ്ചാനുഭവവും വിഭിന്ന പഠനവേഗതയും പഠനശൈലിയുമുളളവര്‍ക്കും പഠനനേട്ടമുറപ്പിക്കും വിധമുളള അതീവസൂക്ഷ്മതയും പ്രദര്‍ശന ക്ലാസില്‍ പ്രതിഫലിക്കണം. ഇതേ പോലെ കുട്ടികള്‍ ചെയ്യേണ്ട വര്‍ക്ക് സ്വയം ചെയ്തു നോക്കുന്നതും അവരുടെ സജീവസീന്നിദ്ധ്യത്തില്‍ പങ്കാളിത്ത രീതിയില്‍ ചെയ്തു കാണിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. പഴി പറയാന്‍ മെന്റര്‍ക്കവകാശമില്ല.
  5. പഠിതാക്കള്‍ക്ക് ( അത് അധ്യാപികയായാലും വിദ്യാര്‍ഥിയായാലും ) ക്രിയാത്മകമായ ഫീഡ്ബാക്ക് അനിവാര്യമാണ്. അയാളുടെ പ്രവര്‍ത്തനത്തെ തന്റെ അനുഭവവുമായി തട്ടിച്ചുനോക്കി എങ്ങനെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമായിരുന്നു എന്ന തരത്തിലാണ് ഫീഡ് ബാക്ക് നല്‍കേണ്ടത്. ഈ പ്രക്രിയ എന്നും നടക്കണം. സൗഹാര്‍ദ്ദപൂര്‍ണമായ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം. വിമര്‍ശനങ്ങളോ കുറ്റപ്പെടുത്തലുകളോ പാടില്ല. പലതും സംഭവിക്കുന്നത് അവ്യക്തതയുടെ ഫലമായാണ്. ബോധപൂര്‍വമല്ല. അതിനാല്‍ത്തന്നെ പ്രശ്നങ്ങളെ വ്യക്തതവരുത്താനുളള സാധ്യതയായി കാണുക. ആരോഗ്യകരമായ ഫീഡ് ബാക്ക് നല്‍കാനുളള നൈപുണി മെന്റര്‍ കൈവരിക്കേണ്ടതുണ്ട്.
  6. പരാശ്രയമില്ലാതെ പ്രവര്‍ത്തിക്കാനുളള തലം ഒരുക്കല്‍. മറ്റുളളവരുടെ കാഴ്ചപ്പാടനുസരിച്ചല്ല മറിച്ച ആധുനികവും ശാസ്ത്രീയവുമായ ധാരണകളുടെ അടിസ്ഥാനത്തില്‍ സ്വയം രൂപീകരിച്ച കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ നിരന്തരം പ്രചോദിപ്പിക്കണം. കരുതലും ഗവേഷണാത്മകതയും വളര്‍ത്തിയെടുക്കാനുളള പിന്തുണയാണ് മെന്റര്‍ നല്‍കേണ്ടത്. ജനാധിപത്യവാദിയാവുക സാമൂഹികജ്ഞാനനിര്‍മിതിയില്‍ വിശ്വസിക്കുക എന്നിവയുണ്ടെങ്കിലേ ഇതു സാധ്യമാകൂ.
  7. വലിയ ആളും ചെറിയ ആളുമില്ല.സമശീര്‍ഷരായ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകര്‍ മാത്രം . ഇങ്ങനെയുളള ബോധം നവപ്രതിഭകളില്‍ ( അവരെ അങ്ങനെ കാണണം) രൂപപ്പെടുത്തണം.പരസ്പര പഠനത്തിന്റെ വാതില്‍ തുറന്നിടണം. തടസ്സങ്ങളെ വെല്ലുവിളികളാക്കണം. വെല്ലുവിളികള്‍ ഏറ്റെടുക്കാനുളള കൂട്ടാളിയായി മെന്റര്‍ നിലകൊളളണം.
മെന്റര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍
  1. സഹായിക്കാനുളള സന്നദ്ധത. കൂടുതല്‍ സമയം നീക്കീവെക്കാനും പോസിറ്റീവ് ആയ അന്തരീക്ഷം നിലനിറുത്താനും ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കാനും സാധ്യതയെക്കുറിച്ചുളള ആലോചനയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യം വരെ ഒപ്പം പോകാനും
  2. നിരാശയോ നിസഹായതയോ കീഴടക്കാത്ത പ്രചോദനാത്മകമായ മനസിനുടമയാകുക മറ്റുളളവര്‍ക്കു വഴികാട്ടുന്നതിലൂടെ സ്വയം വികസിക്കുവാനുളള അവസരത്തെ പ്രയോജനപ്പെടുത്തുകയാണെന്നു തരിച്ചറിവുണ്ടാകണം. പ്രചോദനം പ്രവര്‍ത്തനത്തിലേക്കു നയിക്കണം. ലക്ഷ്യവും നേട്ടവും ഉത്തരവാദിത്വവും ചെയ്യേണ്ട രീതിയും സംബന്ധിച്ച് വ്യക്തതയമാണ് പ്രചോദനത്തിനു കൂടുതല്‍ സഹായകം. മുന്നനുഭവത്തെയും സമാനസന്ദര്‍ഭങ്ങളേയും വിശകലനം ചെയ്തും പ്രവര്‍ത്തനവിടവില്ലാത്ത ആസൂത്രണം നടത്തിയും പ്രചോദനം സൃഷ്ടിക്കാം. വിജയിച്ച അധ്യാപകരുടെ ക്ലാസുകളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത് നല്ലൊരു മാതൃകയാണ്.
  3. ആത്മവിശ്വസം, പാളിച്ചകളെ പരിഹരിക്കാനുളള ശ്രമം, അഹം ഭാവം ഇല്ലായ്മ, മറ്റുളളവരുടെ പക്ഷത്തു നിന്നും നോക്കിക്കാണാന്‍ കഴിയുന്ന ആളാകണം
  4. ശരിയായ രീതിയില്‍ ഉന്നമുളള ചോദ്യം ചോദിക്കാനുളള കഴിവ്. വിശകലനാത്മകചോദ്യങ്ങളിലൂടെ ചിന്തയുടെ പാത ശരിയാക്കാനും സ്വയം കണ്ടെത്താനും സഹായിക്കണം. ചിന്താതടസ്സങ്ങളെ അഭിസംബോധന ചെയ്യുന്ന ചോദ്യകര്‍ത്താവായി മാറണം. തുറന്ന ചോദ്യങ്ങള്‍ സാധത്യതകള്‍ ആരായുന്നതിനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നതിനും അഭിപ്രായവും നിലപാടുകളും വിശകലനപാടവവും കണ്ടെത്തുന്നതിനും ചോദിക്കേണ്ടി വരും എന്നാല്‍ കൃത്യമായ ധാരണ അറിയേണ്ട ചില സന്ദര്‍ഭങ്ങളില്‍ അടഞ്ഞ ചോദ്യങ്ങളാവും ഉചിതം. പ്രശ്നോന്നീത ചോദ്യങ്ങളെക്കുറിച്ചും മെന്റര്‍ക്കു ധാരണ വേണം . കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും പലമാനങ്ങളില്‍ ചിന്തിക്കുന്നതിനും ആഴത്തില്‍ പരിശോധിക്കുന്നതിനുമാണ് ഇത്തരം ചോദ്യങ്ങള്‍.
  5. ക്ഷമയോടെ ശ്രദ്ധാപൂര്‍വം കേള്‍ക്കാനുളള മനസ്. നാം സഹായിക്കുന്നതാരേയാണോ അയാള്‍ക്ക് ആശയങ്ങളും ചിന്തയും അനുഭവവും പരിഹാരാലോചനയും ഉണ്ട്.അദ്ദേഹത്തെ ഇടങ്കോലിടാതെ കേള്‍ക്കുകയും മനസിന്റെ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുക. ഒഴുക്കു തീര്‍ന്നാല്‍ പ്രതികരിക്കുക. നാം മറ്റുളളവരെ മാനിക്കുന്നു എന്ന ബോധവും നമ്മെ വിശ്വാസത്തിലെടുക്കാനുളള അവസരവും ഇതു സൃഷ്ടിക്കും. ഒരാള്‍ കാര്യങ്ങളെ എങ്ങനെ സമീപിച്ചു മനസിലാക്കി എന്നതിന്റെ വ്യക്തമായ ചിത്രമാണ് നമ്മള്‍ക്കു വേണ്ടത്. അയാളുടെ അഭിപ്രായത്തെ കുറ്റപ്പെടുത്താനോ കുറച്ചുകാണുവാനോ ശ്രമിക്കരുത്. മറിച്ച് ഇങ്ങനെയായിരുന്നെങ്കില്‍ എന്തു ഫലം കിട്ടുമെന്ന രീതിയിലാണ് അദ്ദേഹതെത മാനിച്ചുകൊണ്ട് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാനുളള ശ്രമം നടത്തേണ്ടത്.
  6. നല്ല ഫീഡ് ബാക്ക് നല്‍കുന്ന ആളാകണം
  7. ബോധനശാസ്തരപരമായ ധാരണയോടെ തത്സമയപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കവാനുളള കഴിവുണ്ടാകണം
മെന്റര്‍ക്കുണ്ടാകേണ്ട നൈപുണികള്‍
  1. പരസ്പരബന്ധം സ്ഥാപിക്കലും ആശയവിനിമയചാതുരിയും ( വ്യക്തമാകുന്ന വിധത്തില്‍ ഉദാഹരണങ്ങളും വിശദീകരണങ്ങളും സഹിതം ആശയം പ്രകടിപ്പിക്കാനുളള നൈപുണി)
  2. ബദലുകള്‍ കണ്ടെത്താന്‍ സഹായകമായ പ്രചോദനം സൃഷ്ടിക്കാനുളള നൈപുണി
  3. പങ്കാളിത്താനുഭവും ഉത്തരവാദിത്വതലവും വര്‍ദ്ധിപ്പിക്കാനുളള നൈപുണി
  4. എല്ലാം എനിക്കറിയാം ചോദിച്ചോളൂ എന്ന സമീപനത്തിനു പകരം നമ്മുക്കു കൂട്ടായി കണ്ടെത്താനാകുമെന്ന വിശ്വാസം വളര്‍ത്താനുളള നൈപുണി.
നിങ്ങള്‍ക്ക് ഒരു മെന്ററാകുവാന്‍ കഴിയുമോ?
ചുവടെ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതിന് തന്നിലേക്കു തന്നെ നോക്കൂ.
  • മറ്റുളളവരുമായി അറിവും അനുഭവവും പങ്കുവെക്കാന്‍ ആഗ്രഹിക്കാറുണ്ടോ?
  • മറ്റുളളവരെ പ്രചോദിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്താറുണ്ടോ?
  • വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും ഒഴിഞ്ഞുമാറാറുണ്ടോ?
  • മറ്റുളളവരുടെ വളര്‌‍ച്ചയ്ക്കും നേട്ടത്തിനും വേണ്ടി ക്രിയാത്മകസംഭാവനകള്‍ നല്‍കാറുണ്ടോ?
  • മെന്ററിംഗിനു വേണ്ടിയുളള ആസൂത്രണത്തിനും തയ്യാറെടുപ്പിനും കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുമെന്നു കരുതുന്നുണ്ടോ?
  • നിങ്ങള്‍ എല്ലാ കാര്യങ്ങളും ജനാധിപത്യപരമായാണോ തീരുമാനിക്കുന്നത്?
  • ഒരു നിരന്തര പഠിതാവാകാന്‍ ശ്രമിക്കുന്നുണ്ടോ?
  • നിങ്ങള്‍ ഒരു മേലധികാരി ആണെന്ന രീതിയിലുളള ബഹുമാനമാണോ വിദ്യാര്‍ഥികള്‍ക്ക് ഉളളത്?
  • ഇനിയും ഏതെല്ലാം മേഖലകളില്‍ സ്വന്തം കഴിവു വികസിപ്പിച്ചാല്‍ മറ്റുളളവരെ വഴികാട്ടാനാകും?
മെന്ററിംഗ് പരിശീലിക്കണം
മെന്ററിംഗ് എത്രമാത്രം പ്രായോഗികമാണ്?ഇത്രയധികം അധ്യാപകര്‍/ വിദ്യാര്‍ഥികള്‍ വിഭിന്ന വിദ്യാലയങ്ങളിലായി വ്യത്യസ്ത ക്ലാസുകളിലായി ചിതറിക്കിടക്കുമ്പോള്‍? അധ്യാപക പരിശീലകരുടെ എണ്ണം വളരെ കുറവുമാകുമ്പോള്‍? അല്ലെങ്കില്‌‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാകുമ്പോള്‍? കൂടെ നിന്നു സഹായിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ മറ്റു ചുമതലകള്‍ നിറവേറ്റണ്ടേ?സമയലഭ്യത? പ്രായോഗിക തടസ്സങ്ങളുടെ നീണ്ട ലിസ്റ്റ് വരികയായി. ശരിയാണ് പ്രസക്തമാണിവയെല്ലാം. പക്ഷേ മെന്റര്‍ ശുഭാപ്തി വിശ്വാസിയാണ്. പരിമിതികള്‍ക്കുളളിലും സാധ്യതയുടെ ഒരു തലം വികസിപ്പിക്കും. മെന്ററിംഗ് സ്വയം ഒന്നു ചെയ്തു നോക്കാന്‍, അങ്ങനെ ആ അനുഭവവും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാമല്ലോ. അധ്യാപകപരീശീലന സ്ഥാപനങ്ങളില്‍ ഗവേഷണാടിസഥാനത്തില്‍ ഇതു ചെയ്തു നോക്കാവുന്നതേയുളളൂ.
മാനവികതാ വാദത്തിലേയും സാമൂഹികജ്ഞാനനിര്‍മിതി ക്ലാസിലെയും അധ്യാപികയുടെ റോള്‍ സംബന്ധിച്ച് നാം ചര്‍ച്ച ചെയ്ത കാര്യങ്ങളുമായി പരുത്തപ്പെടുന്നവയാണ് ഇവ.ഏതായാലും അധ്യാപകരുടേയും പരിശീലകരുടേയും മനോഭാവമാണ് പ്രധാനം. കാഴ്ചപ്പാടും. ആത്മവിശ്വാസവും.
ജനാധിപത്യവാദിയായ സംഘത്തലവന്‍ എന്ന റോള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയിലെ അധികാരം പങ്കുവെക്കല്‍, അധ്യാപിക പഠനത്തേയും കുട്ടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാകല്‍ (mediator), പഠനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ഫെസിലിറ്റേറ്റര്‍, മാതൃകകാണിക്കുന്ന ആള്‍, പരിശീലക, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് നിലപാടില്‍ തെളിച്ചം വരുത്തുന്നത് നന്നായിരിക്കും ( വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം പേജ് 118 മുതല്‍)
എങ്കിലും പുതിയ ചിന്തയെ സാധ്യതയായി കാണാം.
  • പഠനരീതി പഴയതിലേക്കു പോയാലോ? മെന്റര്‍ ബദല്‍പാഠങ്ങള്‍ നിര്‍മിച്ച് കുട്ടിയുടെ പഠനത്തെ കരുത്തുറ്റതാക്കണം


16 comments:

  1. valare upakara pradam..pakshw pudiya reethi sweekarikkappedan enthokke cheyyanam..pazhaya adhyapana reethi upekshikkan thalparyappedathavare engane bodhyappeduthum..?njan blog vayichu thudangiyathe ullu...

    ReplyDelete
  2. swayam bodyappedathavarkku ithu sadyamalla.

    ReplyDelete

  3. athe seriyanu...arkkum teacher avam ennulla manadhandam anu marendathu..vakathirivum,ouchithyabodhavum,vivechanabudhiyum oru kalasalayude syllabus ilum labhyamallallo...

    enthayalum eniq ee blog valare upakarapradham anu ennu ariyikkatte

    nandhiyode,,

    ambika p menon
    malayalm mission teacher (R/P)
    New Delhi

    ReplyDelete

  4. athe seriyanu...arkkum teacher avam ennulla manadhandam anu marendathu..vakathirivum,ouchithyabodhavum,vivechanabudhiyum oru kalasalayude syllabus ilum labhyamallallo...

    enthayalum eniq ee blog valare upakarapradham anu ennu ariyikkatte

    nandhiyode,,

    ambika p menon
    malayalm mission teacher (R/P)
    New Delhi

    ReplyDelete

  5. athe seriyanu...arkkum teacher avam ennulla manadhandam anu marendathu..vakathirivum,ouchithyabodhavum,vivechanabudhiyum oru kalasalayude syllabus ilum labhyamallallo...

    enthayalum eniq ee blog valare upakarapradham anu ennu ariyikkatte

    nandhiyode,,

    ambika p menon
    malayalm mission teacher (R/P)
    New Delhi

    ReplyDelete
  6. അംബികട്ടീച്ചര്‍
    മലയാളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനം പങ്കിടുന്നത് നന്നായിരിക്കും.ബ്ലോഗ് സന്ദറ്‍ശിച്ചതിനു നന്ദി

    ReplyDelete
  7. Mashe ee kurippu tanne oru mentering aayi
    Sneham

    ReplyDelete
  8. Mashe ee kurippu tanne oru mentering aayi
    Sneham

    ReplyDelete
  9. sir, njangale mentaring cheyyumoo?

    ReplyDelete
  10. വളരെയേറെ പ്രയോജനപ്രദമായ ലേഖനം.മികച്ച വിദ്യാര്‍ഥികള്‍ പുതിയ വഴികള്‍ തെരഞ്ഞുപോകുന്ന ഇക്കാലത്ത് അധ്യാപനരംഗത്തെത്തുന്ന നിലവാരം കുറഞ്ഞ കുട്ടികളെ വളര്‍ത്തികൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.അവരാണ് പുതിയ തലമുറയുടെ പരിശീലകര്‍.
    ഏ.ആര്‍. ജ്യോതി.
    മൂത്തകുന്നം.

    ReplyDelete
  11. പല അദ്ധ്യാപക പരിശീലനങ്ങളിലും ഭൂരിഭാഗം അദ്ധ്യപകരും വെറും കാഴ്ചക്കാർ മാത്രമാണ്.എന്തെങ്കിലും അഭിപ്രായങ്ങൾ പറയുകയോ ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല.അബദ്ധമാകുമോ മറ്റുള്ളവർ എന്തു കരുതും എന്നുള്ള ആശങ്കയാണ്.മോഡൽ ക്ളാസ്സുകൾ കൂടുതൽ ഉള്പെടുത്തണം.

    ReplyDelete
  12. അല്ല സുല്‍ത്താനെ ങ്ങളെപ്പഴാ അധ്യാപക പരിശീലനത്തിന് വന്നെ!!

    ReplyDelete
  13. അധ്യാപകര്‍ കാഴ്ചക്കാരാകുന്നതിനു കാരണങ്ങള്‍ അനവധിയാണ്. മുപ്പതില്‍ കൂടുതല്‍ അംഗങ്ങളുളള പരിശീലനത്തില്‍ കാഴ്ചക്കാരുണ്ടാകുും. ഉളളടക്കം കൂടുതലാകുമ്പോഴും പവര്‍പോയന്റ് മാത്രം സ്വീകരിക്കുമ്പോഴും ഇങ്ങനെ വരാം.വായനകുറവുളള അധ്യാപകരാണെങ്കില്‍ സങ്കോചം കാരണം മിണ്ടാതാകും. സ്വന്തം വിദ്യാലയത്തില്‍ ഒന്നും ചെയ്യാത്തവാകുമ്പോഴും. ആത്മവിശ്വാസമില്ലാത്ത ആര്‍ പിക്കും ഇത്തരമൊവസ്ഥ സൃഷ്ടിക്കാനാകും.ജനാധിപത്യപരമായ ഇടപെടാത്ത പങ്കാളികളും ആര്‍ പിയുമാണെങ്കിലും...പത്തിരുപു പേരുടെ ക്ലസ്റ്ററുകള്‍ ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. പക്ഷേ കേരളത്തില്‍ അത്രയും എണ്ണം ഫെസിലിറ്റേറ്റ് ചെയ്യാനുളള റിസോഴ്സ് വിദ്യാലയങ്ങളില്‍ നിന്നും വളര്‍ന്നു വന്നില്ല

    ReplyDelete
  14. വളരെ ഉപകാരപ്രദം, ഏറെ ശ്രേഷ്ഠമായ ഒരു കർമം തന്നെ ഇത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി