Pages

Tuesday, November 18, 2014

ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു

ബാലരാമപുരം ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു. അത് ലോകവുമായി പങ്കുവെക്കുന്നു. ഈ ഡയറി അക്കാദമിക മോണിറ്ററിംഗിന്റേതാണ്. വിദ്യാലയത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാലയങ്ങളിലെ കരുത്ത് അറിയിക്കുകയാണ്. ഒപ്പം അധ്യാപകരെ അംഗീകരിക്കലുമാണ്. ചൂണ്ടുവിരല്‍ മുന്‍പൊരിക്കല്‍ മുത്ത് എന്ന അദ്ദേഹത്തിന്റെ ബ്ലോഗിനെ പരിചയപ്പെടുത്തിയിരുന്നു.വീണ്ടും മുത്തിലൂടെ കടന്നു പോകാം. ദിനാചരണങ്ങള്‍ക്ക് എല്ലാ വിദ്യാലയങ്ങള്‍ക്കും ആശയപിന്തുണ നല്‍കിയും വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ വായിച്ചു പ്രോത്സാഹിപ്പിച്ചും കുട്ടികളുടെ കൂട്ടുകാരനാകാന്‍ ശ്രമിക്കുന്ന ശ്രീ ഹൃഷികേശ് ഒരു മാതൃക വികസിപ്പിക്കുകയാണ്.

എ ഇ ഒ യുടെ ഡയറി വായിക്കൂ..

അഭിനന്ദനങ്ങള്‍ ....  കൂട്ടുകാരുടെ കത്തുകളും അവയിലൂടെ ലോഭമില്ലാതെ ചൊരിയുന്ന സ്നേഹപ്രകടനങ്ങളുമാണ് ഒരു അക്കാദമിക ലീഡറായി മാറാന്‍ എന്നെ എന്നും പ്രചോദിപ്പിച്ചിരുന്നത് . മുത്തിലൂടെ കൈമാറ്റപ്പെടുന്ന അറിവിന്‍റെ വെട്ടങ്ങള്‍ എങ്ങനെ കൂട്ടുകാരില്‍ പ്രതിഫലിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ കത്തുകള്‍ ..... പക്ഷെ പലപ്പോഴും ഈ കത്തുകള്‍ക്കെല്ലാം മറുപടിയെഴുതുക ദുഷ്കരം തന്നെ ..... മംഗള്‍യാന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ ഏറ്റെടുത്തതിന്റെ ചില പ്രതിഫലനങ്ങള്‍ എന്നെത്തന്നെ അതിശയിപ്പിക്കുന്നതായിരുന്നു ...... അവയില്‍ മികച്ചവയെ കുറിച്ചുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .......
അഭ്യയുടെ കണ്ടെത്തലുകള്‍ ....

നസ്രത്ത്ഹോം സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ അഭ്യ എ എസ് എന്ന കൂട്ടുകാരി മംഗള്‍യാനെകുറിച്ച് മുത്തില്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കണ്ടെത്തി വരയിട്ട പേപ്പറില്‍ ചിട്ടയായി എഴുതിയാണ് എനിക്ക് കൈമാറിയത്‌ . ഇതില്‍ നിന്നും രണ്ടു കാര്യങ്ങളാണ് എനിക്ക് ബോധ്യപ്പെട്ടത്‌ . ഒന്ന്‍ അഭ്യ മുത്ത് പോലുള്ള അറിവിന്‍റെ ജാലകം തുറക്കുന്ന ബ്ലോഗുകള്‍ പഠനത്തിന്റെ ഭാഗമായി ക്രിയാത്മകമായി ഉപയോഗിക്കുന്നു . രണ്ട് കൃത്യതയോടെ അന്വേഷണം നടത്തുന്നതിനും അത് ചിട്ടയായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള അസാമാന്യമായ കഴിവ് ഈ കൂട്ടുകാരി പ്രകടിപ്പിക്കുന്നു . ഇതു മറ്റു കൂട്ടുകാര്‍ക്ക് മാതൃകയാകണം .
സാന്ദ്രയുടെ ഡയറി
സാന്ദ്രയുടെ ഡയറിയിയ്ക്ക് ഒന്‍പതു പേജുണ്ട്.... ഈ ഡയറിക്കുറിപ്പ് ഒറ്റയിരുപ്പില്‍ ഞാന്‍ വായിച്ചു തീര്‍ത്തു... മംഗല്‍യാനെകുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഒരു ശാസ്ത്രവിദ്യാര്‍ഥിയുടെ മനസ്സോടെ ഞാനും പത്രങ്ങളില്‍ നിന്നും മറ്റും ഞാനും വായിച്ചിരുന്നു . പക്ഷെ ഇത്രയും ചിട്ടയോടെയും അവഗാഹത്തോടെയും ഒരു പഠനം എനിക്കുപോലും കഴിയില്ല . സാന്ദ്രയുടെ ഈ ഡയറി വര്‍ത്തമാനകാലത്തും ഭാവിയിലും മംഗള്‍യാന്റെ ഒരു റിസോഴ്സ് മെറ്റീരിയലായി ഉപയോഗിക്കാന്‍ കഴിയും . അത്രയും സൂക്ഷ്മമായി ഇതില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു . ഡയറി എന്ന വ്യവഹാര രൂപത്തിന്‍റെ കെട്ടും മട്ടും ഒരു അണുവിടപോലും നഷ്ട്ടപ്പെടാതെ എഴുതി പൂര്‍ത്തിയാക്കിയ വെങ്ങാനൂര്‍ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ്സിലെ കൂട്ടുകാരി സാന്ദ്ര എസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .....
പത്രകട്ടിങ്ങുകളുടെ ആല്‍ബങ്ങളുമായി അവണാകുഴി എല്‍ പി സ്കൂളിലെ കൂട്ടുകാര്‍ ......

ശ്രീക്കുട്ടന്‍, എം ,ബിമല്‍ ബി , നന്ദന കെ ബി , നന്ദുകൃഷ്ണ എന്നീ കൂട്ടുകാരാണ് മനോഹരമായ ആല്‍ബങ്ങള്‍ എനിക്ക് നല്‍കിയത്‌ .... ധാന്യങ്ങള്‍ ഉപയോഗിച്ച് ആല്‍ബത്തിന്‍റെ പുറം ചട്ട അലങ്കരിച്ചത് എനിക്ക് കൗതുകകരമായി തോന്നി ....

ഇതുപോലെ നിരവധി കത്തുകള്‍ .....

" സ്കൂളില്‍ വിളഞ്ഞ വാഴപ്പഴം കഴിച്ചോ ...?" എന്ന് കത്തിലൂടെ തിരക്കുന്ന അവണാകുഴി ബി എഫ് എം എല്‍ പി സ്കൂളിലെ വൈഷ്ണവിയുടെയും കൂട്ടുകാരുടെയും കുഞ്ഞുവാക്കുകള്‍ എന്‍റെ മനസ്സില്‍ ധന്യതയുടെ മുത്തുകള്‍ നിറയ്ക്കുന്നു ..... കത്തുകള്‍ എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ ..... പഠനത്തിന്‍റെ കുഞ്ഞു വിശേഷങ്ങള്‍ ഇനിയും പങ്കു വയ്ക്കാന്‍ എന്‍റെ ഈ ഡയറിക്കുറിപ്പ് പ്രചോദകമാകട്ടെ ....




എല്ലാവര്‍ക്കും മുത്തിന്റെ കേരളപ്പിറവി ദിനാശംസകള്‍ ..........
പ്രവര്‍ത്തനങ്ങള്‍


കേരളപ്പിറവിയുടെ ചരിത്രം - കുറിപ്പ് തയ്യാറാക്കൂ ......
കേരളം അന്നും ഇന്നും - കേരളപ്പിറവിയ്ക്ക്‌ മുമ്പും ഇന്നത്തെ കേരളത്തിന്‍റെ അവസ്ഥയും താരതമ്യം ചെയ്ത് ഒരു പ്രസംഗം തയ്യാറാക്കൂ ....( വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യണം )
കേരളം ദൈവത്തിന്റെ നാട് ഇന്നു വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട് ? ഉപന്യാസരചന
കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചു . ഇന്നു പക്ഷേ ഭാരതത്തിനു തന്നെ മാതൃകയാണ് കേരളം ...... ഈ മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്ത്തികള്‍ ആരെല്ലാം ? അവര്‍ നടത്തിയ പോരാട്ടങ്ങള്‍ , സംഭാവനകള്‍ എന്തെല്ലാം ?
കേരളത്തിന്റെ വളർച്ചയുടെ പടവുകൾ ..... കേരളപ്പിറവി മുതൽ ഇന്നു വരെ - റ്റൈം ലൈൻ തയ്യാറാക്കൂ ....
കേരളം വാർത്തകളിലൂടെ .... പത്രവാർത്തകളുടെ പ്രദര്ശനം ,ക്വിസ്

വിദ്യാലയത്തില്‍

പിന്നോക്കാവസ്ഥയിലായ വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനപരിപാടിയില്‍ ചുണ്ടവിളാകം ഗവണ്മെന്‍റ് എല്‍ പി സ്കൂളിലെ ആസൂത്രണവുമായി ബന്ധപ്പെട്ട എസ് ആര്‍ ജി കൂടിച്ചേരലില്‍ ഞാനും പങ്കെടുത്തു . എസ് എസ് എ പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു .



ഇവിടെ രണ്ടാം തരത്തിലെ കൂട്ടുകാര്‍ക്കാണ് ഈ പരിപാടിയുടെ ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് ലഭിക്കുന്നത് . നേതൃത്വം നല്‍കുന്നത് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായ ശ്രീമതി സന്ധ്യ ടീച്ചറും . അധ്യാപകരില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ട്ടിക്കാന്‍ ഈ പ്രവര്‍ത്തനപരിപാടിയ്ക്ക് കഴിഞ്ഞിട്ടുണ്ട് .

ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ 


സമഗ്രമായ വാര്‍ഷിക പദ്ധതി രൂപീകരണം
ഗണിതം മധുരം
ശാസ്ത്രവിസ്മയ പരിപാടി
ക്ലാസ് മുറികളില്‍ ലൈബ്രറിയും ശാസ്ത്രമൂലകളും
കൂട്ടുകാരുടെ ഭവനസന്ദര്‍ശനം
ഓണസ്റ്റി ഷോപ്പ്
ശുചിത്വ ക്ലബ്ബ് - ശുചിത്വസേന രൂപീകരണം
സ്കൂള്‍ ബ്ലോഗ്‌ , പത്രം ,പതിപ്പുകള്‍
പഠനക്കൂട്ടം - പ്രത്യേക വായനാ പ്രവര്‍ത്തനപരിപാടി
വിലയിരുത്തല്‍ - കൂട്ടുകാരുടെ നേതൃത്വത്തില്‍ -ഫോര്‍മാറ്റ് രൂപീകരണം
പ്രത്യേക ക്ലാസ് പിറ്റി എ , എസ് എം സി യോഗങ്ങള്‍
ജാലകം - ഡോക്കുമെന്ററി ഫെസ്റ്റ്
കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക ഫയല്‍ സംവിധാനം

ആസൂത്രണം ചയ്ത പ്രവര്‍ത്തനങ്ങള്‍ തത്സമയം എസ് ആര്‍ ജി മിനുട്ട്സില്‍ രേഖപ്പെടുത്തി . രണ്ടാം തരത്തിലെ കൂട്ടുകാരുടെ നോട്ടു ബുക്കുകള്‍ പരിശോധിച്ചു . എഴുത്ത് ചിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ടീച്ചറുമായി ചര്‍ച്ച ചെയ്തു .


  ചില പ്രവര്‍ത്തനങ്ങളുടെ നടപ്പിലാക്കല്‍ പ്രക്രിയയില്‍ ഞാനും പങ്കാളിയായി .... സന്ധ്യ ടീച്ചറിന്‍റെ ലാപ് റ്റോപ്പുംനെറ്റ്സെറ്ററും ഉപയോഗിച്ച് സ്കൂള്‍ ബ്ലോഗിന് രൂപം നല്‍കി www.chundavilakamlps.blogspot.com എന്ന മേല്‍വിലാസത്തില്‍ തുടങ്ങിയ ബ്ലോഗിന് മഴവില്ല് എന്ന പേരും നല്‍കി . ഒരു ആശംസ എഴുതി നല്‍കി .


ക്ലാസ് ലൈബ്രറി ഉദ്ഘാടനം
"ജാലകം" ഡോക്കുമെന്റ്റ്റി ഫെസ്റ്റിവല്ലിനോടനുബന്ധിച്ചുള്ള പോസ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സ്കൂള്‍ നിന്നും മടങ്ങി . 
ഉപജില്ലാ ഓഫീസര്‍ മഴവില്ലില്‍ എഴുതിയ ആ ആശംസ ഇങ്ങനെയായിരുന്നു

മഴവില്ല് വിരിയുന്നു .......

കുഞ്ഞു മനസ്സുകളുടെ കുട്ടിത്തങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു കുഞ്ഞുബ്ലോഗ് കൂടി .... മഴവില്ല് .....

മഴവില്ലിന്റെ വര്‍ണ്ണസ്വപ്നങ്ങളുമായി പറന്നു നടക്കുന്ന ഒരു കൂട്ടം കൂട്ടുകാരാണ് ചുണ്ടവിളാകം എല്‍ പി സ്കൂളിന്‍റെ നിറവ് ... ആ കൂട്ടുകാരുടെ മനസ്സിന്‍റെ നന്മകള്‍ , പഠനത്തിന്‍റെ പുത്തന്‍അനുഭവങ്ങള്‍ ,സൃഷ്ട്ടി വൈഭവത്തിന്റെ തെളിവുകള്‍ എല്ലാം അക്ഷരലോകത്ത് എത്തുന്നു മഴവില്ലിലൂടെ .....

മുത്തിലെ എന്‍റെ ഡയറിക്കുറിപ്പില്‍ ഈ വിദ്യാലയത്തിന്റെ മികവിന്‍റെ സാക്ഷ്യങ്ങള്‍ ഒരിക്കല്‍ ഞാന്‍ പരിചയപ്പെടുത്തിയിരുന്നു . എന്നെ അത്ഭുതപ്പെടുത്തിയ പ്രവര്‍ത്തനസാക്ഷാത്കാരങ്ങളാണ് ഇവിടെ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത് .... ഓരോ അധ്യാപികയുടെയും ടീച്ചിംഗ് മാന്വലുകള്‍ മൂന്നാമത്തെ വാള്ല്യത്തില്‍ എത്തിനില്‍ക്കുന്നു .അവര്‍ എഴുതിനിറച്ച പഠനപ്രവര്ത്തനങ്ങളുടെ തെളിവുകളാണ് ഇവിടത്തെ കൂട്ടുകാരുടെ അക്കാദമികമികവ്.......

അധ്യാപികയുടെ ടീച്ചിംഗ് മാന്വലില്‍ പ്രധമാധ്യാപകന്‍ എഴുതിയ ഒരു വിശകലനകുറിപ്പ് മാത്രം ഇവിടെ അവതരിപ്പിക്കുന്നു . അതു വായിച്ചാലറിയാം അവരുടെ ആത്മസമര്‍പ്പണത്തിന്റെയും കൂട്ടായ്മയുടെയും വെളിച്ചങ്ങള്‍ .....

         
ബാലരാമപുരം സബ്ജില്ലയിലെ കുഞ്ഞുവിദ്യാലയമായ ചുണ്ടവിളാകം എല്‍ പി സ്കൂളിലെ " മഴവില്ല് " എന്ന പേരിട്ട ബ്ലോഗ്‌ അഭിമാനപൂര്‍വം വിദ്യാഭ്യാസസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കട്ടെ .....

ഹൃഷികേശ് എ എസ്

ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍

ബാലരാമപുരം
 (ആശംസാക്കുറിപ്പ് ആ വിദ്യാലയത്തിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗാംഭീര്യം പ്രതിഫലിപ്പിക്കുന്നതായി. ഒപ്പം ഉപജില്ലാ ഓഫീസറുടെ അക്കാദമികക്കണ്ണില്‍പെട്ട കാര്യങ്ങളുടെ വിവരണവും. മാതൃകാപരമായ പ്രചോദനവാക്യങ്ങള്‍..ഇല്ലേ?)
ഡയറി തുടരുന്നു....

ഓഫീസില്‍

ഓഫീസിലെത്തി കത്തുകള്‍ പരിശോധിച്ചു . ചില കൂട്ടുകാര്‍ കത്തുകളില്‍ പഴയ ആവശ്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു . സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച ക്വിസ് ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം അന്വേഷിച്ചുകൊണ്ടുള്ള കത്തുകളാണധികവും ..... അവര്‍ക്ക് വേണ്ടി ഉത്തരങ്ങള്‍ കൂടി ഈ ഡയറികുറിപ്പില്‍ ചേര്‍ക്കുന്നു .

ഉത്തരങ്ങള്‍

എല്‍ പി വിഭാഗം

1. ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ ഡയര്‍

2. ഐ എന്‍ എ

3. പ്ലാസ്സി യുദ്ധം

4 . സ്വാമി ദയാനന്ദസരസ്വതി

5 . 1905

യു പി വിഭാഗം

1. ഡൊമിനിയന്‍ പദവി

2 . ചാര്‍ട്ടര്‍ ആക്റ്റ്

3 . കേരളത്തിലേയ്ക്ക് , ക്ഷേത്രപ്രവേശനവിളംബരം നടന്നതിന്‍റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടി , തിരുവനന്തപുരത്ത്

4 . ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍

5 . ബാബാ രാംസിംഗ്

ബി എഫ്‌ എം എല്‍ പി സ്കൂള്‍ അവണാകുഴി 

മുത്ത് മുന്നോട്ടു വയ്ക്കുന്ന പഠനതന്ത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു വിദ്യാലയമാണ് ബി എഫ് എം എല്‍ പി സ്കൂള്‍ അവണാകുഴി . ഫുഡ്ബോള്‍ വേള്‍ഡ്‌ കപ്പുമായി ബന്ധപ്പെട്ടു നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാര്‍ക്കായി നല്‍കിയിരുന്നത് . എന്നെ ആകര്‍ഷിച്ച മറ്റൊരു നല്ല പ്രവര്‍ത്തനം അവര്‍ സംഘടിപ്പിച്ച ഫീല്‍ഡ് ട്രിപ്പ്‌ ആണ് . നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നേരിട്ട് കാണുന്നതിനു മികച്ച മുന്നൊരുക്കങ്ങള്‍ നടത്തി ഫീല്‍ഡ് ട്രിപ്പ്‌ സംഘടിപ്പിച്ചു .

 


ഇന്നലെ (17/11/14) സീമാറ്റില്‍ വെച്ച് ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് പരിശീലനം ഉണ്ടായിരുന്നു. മുത്തിലെ വിഭവങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചാണ് ക്ലാസ് മോണിറ്ററിംഗ് സ്കൂള്‍ മോണിറ്ററിംഗ് എന്ന സെഷന്‍ ഞാനവതരിപ്പിച്ചത്. ഇത് ഹൃഷികേശ് മാഷിന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുണ്ട്. നിത്യേന ഡയറി എഴുതാനുളള സ്നേഹ സമ്മര്‍ദ്ദം ചൂണ്ടുവിരലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയാണ്. ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് ബ്ലോഗ് എഴുതാനുളള പരിശീലനം നല്‍കണമെന്നു തോന്നുന്നു. നന്മകള്‍ കണ്ടെത്താനും പങ്കുവെക്കാനും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനും ..


എ ഇ ഓ യുടെ ഡയറി

2 comments:

  1. പതിവുപോലെ ചൂണ്ടുവിരലിലെ വിഭവങ്ങള്‍ ഇന്നും വായിച്ചു .....അഭിമാനം തോന്നി . എന്‍റെ വിദ്യാലയം ഉള്‍പ്പെടുന്ന ഉപജില്ലയിലെ എ ഇ ഓയുടെ ബ്ലോഗിനെ കുറിച്ച് എഴുതിയ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണ്......വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളെല്ലാം ഇതുപോലെ മാറണം എന്നാണ് എന്‍റെ അഭിപ്രായം...... കൂട്ടുകാരുടെ സ്വപനങ്ങള്‍ക്ക് ചിറകു നല്‍കാന്‍ കഴിയുന്ന അക്കാദമിക വിഭവങ്ങള്‍ , മികവുകള്‍ എന്നിവ പകരുന്നതാകണം ഡയറ്റ് , വിദ്യാഭ്യാസ ഓഫീസുകള്‍ , വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ ബ്ലോഗുകളും വെബ്സൈറ്റുകളും . അല്ലാതെ കുറെ അറിയിപ്പുകളും ഉത്തരവുകളും മാത്രം പോരാ
    ...... അതിനുള്ള ശ്രമത്തിന്റെ ഭാഗമായി മുത്തിനെ പരിചയപ്പെടുത്തിയതില്‍ അത്യധികം സന്തോഷിക്കുന്നു .

    ReplyDelete
  2. എന്‍റെ വിദ്യാലയം ബി എഫ് എം എല്‍ പി എസ് അവണാകുഴി.ബാലരാമപുരം ഉപജില്ലയില്‍.കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അധ്യാപകരെ അംഗീകരിക്കുന്ന ഞങ്ങളുടെ എ ഇ ഒ യുടെ ബ്ലോഗ്‌ മുത്തിനെകുറിച്ച് എഴുതിയ കാര്യങ്ങള്‍ നൂറുശതമാനവും ശരി....വായിച്ചപ്പോള്‍ അഭിമാനം തോന്നി..ഒപ്പം ഒത്തിരി സന്തോഷവും...

    ReplyDelete

പ്രതികരിച്ചതിനു നന്ദി