Pages

Saturday, January 17, 2015

സീനത്ത് ടീച്ചറുടെ വിദ്യാലയത്തില്‍

തേവലപ്പുറം എല്‍ പി സ്കൂളിലേക്കുളള വഴി ചോദിച്ച് രണ്ടാം കുറ്റിയില്‍ നിന്നും തിരിഞ്ഞു. റോഡിന്റെ ഇടതുവശത്താണ് വിദ്യാലയം. വണ്ടി വലിയ ഒരു കമാനം കടന്നു മുന്നോട്ടുപോയി. തേവലപ്പുറം എന്ന ബോര്‍ഡായിരുന്നല്ലോ അത്. ചെറിയ ഇടറോഡ്. പ്രധാനറോഡില്‍ നിന്നാല്‍ തന്നെ കാണാം ആകാശനീലയുടെ കുളിര്‍മയുളള ഒരു വിദ്യാലയം. ആകര്‍ഷകം. സമുദ്രത്തിന്റെ പ്രമേയമാണ് സ്കൂള്‍ ഭിത്തിയില്‍. ആ നീലിമയും പ്രമേയവും തെരഞ്ഞെടുത്തത് നന്നായി. ബാല ( വിദ്യാലയം പഠനോപകരണം ) എന്ന ആശയം വികൃതമാക്കപ്പെട്ടിട്ടില്ല.
ആദ്യം കണ്ടത് പുസ്തകത്തൊട്ടിലാണ്. ഉച്ചവായനയ്കാണ് ഈ തൊട്ടില്‍. വായനക്കാര്‍ കൂടുമ്പോള്‍ ഓഫീസില്‍ കയറാം. പ്രഥമാധ്യാപികയുടെ മുറിയില്‍ പുസ്തകങ്ങള്‍ തരം തിരിച്ചുവെച്ചിട്ടുണ്ട് വായിക്കാം.
ഞാന്‍ ഓഫീസ് റൂമിലേക്ക് കയറി.അവിടെ കുട്ടികളുടെ ഉല്പന്നങ്ങളും പുരസ്കാരങ്ങളും .ഒന്നു രണ്ടു ചാര്‍ട്ടുകള്‍ കണ്ണിലുടക്കി. ഒന്നിതായിരുന്നു. എല്ലാവര്‍ക്കും എ ഗ്രേഡ്. ഈ ലക്ഷ്യം എത്രമാത്രം നേടി? ഞാന്‍ സീനത്ത് ടീച്ചറോടു ചോദിച്ചു.

"ഒന്നാം ടേമില്‍ ഒന്നാം ക്ലാസിനും മൂന്നാം ക്ലാസിനും ഊന്നല്‍ നല്‍കി. ഒരാളൊഴികെ എല്ലാവരും എ ഗ്രേഡുകാരായി ( ആ ഒരാള്‍ വൈകല്യമുളള കുട്ടിയാണ്. വീട്ടില്‍ പോയി സഹായിക്കും). സാറിനു നേരിട്ടു പോയി നോക്കാം.ഞാന്‍ പറയുന്നത് ശരിയാണോ എന്ന്. രണ്ടാം ടേമില്‍ രണ്ടും നാലും ക്ലാസുകള്‍ക്ക് ഊന്നല്‍ നല്‍കി.

ഈ സമീപനം എനിക്കിഷ്ടമായി. പടിപടിയായി ലക്ഷ്യം നേടുന്നതിനുളള ശ്രമം. ഒറ്റയടിക്ക് എല്ലാ ക്ലാസിലും എന്നു തീരുമാനിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണ്
അസംബ്ലി
ഒന്നാം ക്ലാസുകാര്‍ക്ക് അസംബ്ലിയില്‍ പങ്കാളിത്തമില്ലിയിരുന്നു. സീനത്ത് ടീച്ചര്‍ അതിലും മാറ്റം വരുത്തി. ഓരോ ക്ലാസിന് ഓരോ ആഴ്ച. ആഴ്ചയില്‍ നാലു ദിവസം അസംബ്ലി. ഓരോ ദിവസവും ഓരോ ഗ്രൂപ്പ്. നാലാം ദിവസം മികച്ച രീതിയില്‍ അസംബ്ലി നടത്തിയവരെ അംഗീകരിക്കും
അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തും
"രക്ഷിതാക്കള്‍ക്ക് എഴുത്തും വായനയും മാത്രമാണ് വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടായിരുന്നു. കലോത്സവത്തില്‍ പങ്കെടുക്കും. അത്രതന്നെ. ‍ഞാന്‍ നാട്ടില്‍ നടത്തുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി. പുതിയ അവസരങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സങ്കോചം ഇല്ലാതാക്കി. കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനായി. ക്രമേണ നേട്ടങ്ങളുടെ ഉടമകളായി അവര്‍മാറി. രക്ഷിതാക്കളും മാറി. ഇപ്പോള്‍ ‍ഞങ്ങള്‍ മുന്നിലാണ് "-സീനത്ത് ടീച്ചറുടെ വാക്കുകളില്‍ അഭിമാനത്തിന്റെ തിളക്കം.
പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തല്‍
നാട്ടില്‍ കിട്ടാവുന്ന ആളും അര്‍ഥവും വിദ്യാലയത്തിനു പ്രയോജനപ്പെടുത്താനുളള ശ്രമം വിദ്യാലയത്തിന്റെ അകവും പുറവും അക്കാദമികാന്തരീക്ഷവും മാറ്റി. വിദഗ്ധര്‍ വന്നു ക്ലാസുകളെടുത്തു. പരിശീലനം നല്‍കി. ചിത്രകാരാകാം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരാകാം ആരോഗ്യപ്രവര്‍ത്തകരാകാം സാഹിത്യാരാകാം എല്ലാവരേയും കുട്ടികള്‍ക്കു വേണ്ടി ക്ഷണിച്ചു വിദ്യാലയത്തിലെത്തിക്കുക എന്നതില്‍ ഉത്സാഹവതിയായി പ്രവര്‍ത്തിക്കുകയാണ് ടീച്ചര്‍
കൃഷിപാഠം
രാവിലെ എട്ടരയ്ക് പി ടി എ പ്രസിഡന്റ് വന്നു വെളളമൊഴിക്കും. ശനി ഞായര്‍ ദിവസങ്ങളില്‍ നാട്ടുകാരു
ക്ലാസുകളില്‍ കയറി.പോര്‍ട്ട്ഫോളിയോ, വര്‍ക്ഷീറ്റുകള്‍, കുട്ടികളുടെ ഉല്പന്നങ്ങള്‍...സജീവപഠനത്തിന്റെ നിരവധി തെളിവുകള്‍. പ്രാദേശിക ചാനലുകാര്‍ നിരവധിതവണ വിദ്യാലയ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു. ഇപ്പോള്‍ കുറേ സഹായം കൂടി ലഭിക്കും.
നോക്കും. കുട്ടികളും കൃഷിയില്‍ തല്പരരാണ്. കൃഷിയെക്കുറിച്ചുളള അറിവുകള്‍ അവര്‍ നേരനുഭവങ്ങളിലൂടെ നേടുന്നു. വൈവിധ്യമുളള ഇനങ്ങളും ശാസ്ത്രീയമായ കൃഷിരീതിയും കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നു.
സംഘടനാഭാരവാഹികളുടെ വിദ്യാലയം ഇതുപോലെയാകണം
സീനത്ത് ടീച്ചര്‍ ഉത്തരവാദിത്വപ്പെട്ട സംഘടനയുടെ പ്രധാന പ്രവര്‍ത്തകയാണ്. ആ പ്രതിബദ്ധത വിദ്യാലയത്തില്‍ പ്രതിഫലിക്കുന്നു .ഇങ്ങനെ വിദ്യാലയത്തെ ശോഭനമാക്കാത്തവരെ  ഭാരവാഹികളാക്കില്ലെന്ന ഒരു തീരുമാനം എല്ലാ അധ്യാപകസംഘടനകളും എടുക്കണം. എങ്കില്‍ അതു നല്ല സന്ദേശമാകും. സ്വന്തം സ്ഥാപനത്തെ മറന്നിട്ട് നാട്ടിലെ വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ നടക്കരുത് . അങ്ങനെ ചെയ്യുന്നത് ആത്മവഞ്ചനായാണ്

ഏതായാലും നല്ല സംഘടനയുടെ പ്രവര്‍ത്തകര്‍ എങ്ങനെയാകണം എന്നതിനുത്തരമാണ് തേവലപ്പുറത്തു നിന്നും എനിക്ക് ലഭിച്ചത്
വളരെ സന്തോഷം
വീണ്ടും ആ വിദ്യാലയത്തിലേക്ക് പോകും.
കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍.

2 comments:

  1. പരിചയപ്പെടുത്തലിനുനന്ദി..

    ReplyDelete
  2. If the dedication of the HM alone could fetch this big result, what will be the condition when each and every teachers take initiative in each Gov: schools.

    ReplyDelete

പ്രതികരിച്ചതിനു നന്ദി