Pages

Thursday, February 25, 2016

ഒറ്റക്കുട്ടിയുളള ക്ലാസ്


അവള്‍ വന്നില്ലെങ്കില്‍ അന്ന് ക്ലാസിന് അവധിയാണ് 
പത്തുമണി അടിക്കുമ്പോള്‍ ആ ക്ലാസില്‍ മൗനം ഹാജര്‍വിളിക്കും.
ഒരു ബഞ്ച്.  
ഒരു ഡസ്ക്.  
ഒരു ബോര്‍ഡ്.
ഒരു കസേര.  
ഒരു മേശ.  
ഒരു കുട്ടി.
ഒരു നിശബ്ദത. 
ഒരു കുട്ടിയേ ഉളളുവെങ്കിലും ഒരു മേശക്കപ്പുറവും ഇപ്പുറവും  അടുത്തിരിക്കാന്‍ പാരമ്പര്യചിട്ടവട്ടങ്ങള്‍ അനുവദിക്കുന്നില്ല.

Friday, February 19, 2016

അനുപമം ഈ അധ്യാപനക്കുറിപ്പുകള്‍


അനുപമട്ടീച്ചറുടെ അധ്യാപനക്കുറിപ്പുകളാണ് ഇത്.
കണ്ണൂരില്‍ വെച്ച് ഡോ പുരുഷോത്തമന്‍ എനിക്ക് തന്നത്.
എന്തെല്ലാമോ വ്യത്യസ്തത ഇവയ്കുണ്ട്
ആരെയും കാണിക്കാനോ ബോധ്യപ്പെടുത്താനോ വേണ്ടി തയ്യാറാക്കിയതല്ല ഈ കുറിപ്പുകള്‍
അധ്യാപികയുടെ ആത്മാര്‍ഥതയുടെയും സര്‍ഗാത്മകതയുടെയും കൈയൊപ്പ്
എന്റെ കുട്ടികള്‍ എന്ന രേഖ ടീച്ചര്‍ സൂക്ഷിക്കുന്നുണ്ട്
അതില്‍ ഓരോ കുട്ടിയുടെയും കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. കുട്ടിയുടെ കൊച്ചുകൊച്ചു ചോദ്യങ്ങളും രീതികളും മുതല്‍ പഠനമികവും കൂടുതല്‍ ശ്രദ്ധ ആവശ്യമുളള മേഖലകളും പ്രകടമായ മാറ്റങ്ങളും എല്ലാം അതിലെഴുതിയിട്ടുണ്ട്.
ഓരോ കുട്ടിയുടേയും ഫോട്ടോയും
കുമുലേറ്റീവ് റിക്കാര്‍ഡ് അധ്യാപകര്‍ തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം പറഞ്ഞിരുന്നു.  
അതിലേക്ക് തന്റെ സംഭാവന കൂട്ടിച്ചേര്‍ക്കുകയാണ് അനുപമ ടീച്ചര്‍ ചെയ്തത്.

Friday, February 5, 2016

സര്‍ഗാത്മകതയെ പഠനതടസ്സം പരിഹരിക്കാനുപയോഗിക്കാമോ?

കുട്ടികളുടെ താല്പര്യം പ്രയോജനപ്പെടുത്തി അവരുടെ മാര്‍ഗതടസ്സങ്ങളെ ഒഴിവാക്കാനാകും. ഞാന്‍ ഒരു വിദ്യാലയത്തില്‍ ചെന്നപ്പോള്‍ അധ്യാപകര്‍ ഒരു കുട്ടിയെ പരിചയപ്പെടുത്തി.  
അവന് എഴുതാന്‍ ആത്മവിശ്വാസമില്ല. എനിക്കറിയില്ല എന്ന നിലപാട്( അതിലിത്തിരി സത്യമുണ്ട്)
എഴുതുമ്പോള്‍ മറ്റുളളവരെല്ലാം അതിവേഗം പൂര്‍ത്തികരിച്ചിരിക്കും  നല്ല പടം വരപ്പുകാരനാണെന്ന് അധ്യാപകര്‍ പറഞ്ഞു. എന്റെ മുന്നിലെത്തിച്ചത് അവര്‍ ശ്രമിച്ചു വിജയിക്കാത്ത ഒരു പ്രശ്നത്തെ പരിഹരിക്കാനാണ്.  
ഞാന്‍ അവനെ ചേര്‍ത്തു നിറുത്തി
പേരെന്താ?
അവന്‍ മറുപടി പറഞ്ഞു.
നല്ല പേര്
ഇനി നമ്മുക്ക് ഒരു പടം വരയ്കാം
അവന്റെ കുഞ്ഞിക്കൈകള്‍ നിവര്‍ത്തി പേപ്പറില്‍ വെച്ച് ഔട്ട് ലൈനിലൂടെ വരപ്പിച്ചു. ( ഇടതുവശത്തെ ചിത്രം)
തളളവിരലില്‍ കണ്ണു വരച്ചു. ഒരു ചുണ്ടും
എന്താ ഈ വരച്ചത്?
കിളി
കിളി എവിടെ നിന്നും വരികയാ?
മരത്തീന്ന്
മരമെവിടെ?
അവന്റെ കൈപ്പത്തി  ഇടത്തെപേജില്‍ വെച്ച് വരച്ചു. അതിന് ഒരു തടിയും കൂടിയായപ്പോള്‍  അവന്‍ ചിരിച്ചു പറഞ്ഞു
മരം
മരത്തിനെന്താ നിറം?
പച്ച
ക്രയോണ്‍സ് വന്നു
 അവന്‍ നിറം ചേര്‍ത്തു. തടിയ്ക് തവിട്ടു നിറം കൂടി അടിച്ചു.
കൊളളാം
എന്തിനാ മരത്തില്‍ കിളി വന്നത്?
പഴം തിന്നാന്‍
പഴമെവിടെ?
അവന്‍ എന്നെ നോക്കി
ആ കുഞ്ഞുവിരലുകളുടെ തുമ്പുവട്ടം പഴമായി. മഞ്ഞ നിറം കൂടി അടിച്ചപ്പോള്‍ കേമം
മോനേ ഇതെന്താ ഈ ചിത്രത്തിലേത്? അവന്‍ ചിത്രത്തെ വിവരിച്ചു
അതൊന്നെഴുതാമോ കുട്ടാ
അവന്‍ എഴുതി
അറിയാവുന്ന അക്ഷരമുപയോഗിച്ച്
എഴുത്തിനെ തടസ്സപ്പെടുത്തിയില്ല.
ചില പ്രശ്നങ്ങള്‍ . അതിന് മറ്റു തെളിവുകള്‍ നല്‍കി. കരം എന്നത് വായിച്ചതിനു ശേഷം മരം എന്നെഴുതിയത് പരിശോധിക്കാന്‍ പറയും പോലെ. അങ്ങനെ അവന്‍ അതെല്ലാം മെച്ചപ്പെടുത്തി.
അടിയില്‍ പേരും എഴുതി
അതിലും വന്നു ചില വിട്ടുപോകലുകള്‍. അതിനും മറ്റു തെളിവുകള്‍ പ്രയോജനപ്പെടുത്തി
അവന്‍ ആദ്യമായി സ്വന്തം പേര് തെററില്ലാതെ എഴുതി
ഉപജില്ലാ ഓഫീസര്‍ അവിടെയുണ്ടായിരുന്നു
ഞങ്ങള്‍ അവനെ അനുമോദിച്ചു.



അധ്യാപകരുമായി സംസാരിച്ചു. എല്ലാ ദിവസവും ഉച്ചയ്ക് ഈ മോന്‍ വരും ചിത്രം വരയ്കാന്‍ . അതിന്റെ കുറിപ്പുകൂടി എഴുതും. സഹായിക്കണം. ചിത്രം പ്രദര്‍ശിപ്പിക്കണം.അവര്‍ എന്റെ നിര്‍ദേശത്തെ നൂറുമടങ്ങ് പൊലിപ്പിച്ചു. അത്ഭുതമാണ് സംഭവിച്ചത്. അതാണ് ഇനി നിങ്ങള്‍ കാണുന്ന ചിത്രങ്ങളും കുറിപ്പുകളും.