Pages

Wednesday, June 8, 2016

പത്രത്തിലെ ഫോട്ടോയും ചുമരിലെ ചിത്രങ്ങളും- വായനാപാഠങ്ങളാക്കാം


13 ജൂണ്‍ 1999
നീ ശ്രദ്ധിച്ചിട്ടുണ്ടോ, യൂണിഫോമിട്ടു നടക്കുന്ന എല്ലാ സ്കൂള്‍കുട്ടികള്‍ക്കും ഇപ്പോള്‍ ഒരേ മുഖമാണ്. ഒരേ പുരികം, ഒരേ മൂക്ക്, കമ്പി കെട്ടിയമര്‍ത്തി ദ്രാവിഡഛായ നീക്കം ചെയ്ത ഒരേ വായ.. ഞങ്ങളുടെ കളിപ്പാട്ട ഫാക്ടറിയില്‍ നിര്‍മിക്കപ്പെടുന്ന പ്രധാന കളിപ്പാട്ടത്തെപ്പോലെ.അതൊരു ചെണ്ട കൊട്ടുന്ന കുരങ്ങനാണ്.ഒരേ വേഷം, ഒരേ മുഖഭാവം, ഒരേ ചെണ്ട.അതുണ്ടാക്കുന്ന ശ്ബ്ദം പോലും ഏകാതനം..
-സുഭാഷ് ചന്ദ്രന്‍ ( മനുഷ്യന് ഒരു ആമുഖം)

വ്യത്യസ്തരായ കുട്ടികളെ ഫാക്ടറിയുല്പന്നത്തിനു സമാനമാക്കുന്ന പ്രക്രിയയിലാണോ നിങ്ങളും? മറ്റു വിദ്യാലയങ്ങളില്‍ നിന്നും ഫോട്ടോകോപ്പി എടുത്തപോലെയുളള പഠനാനുഭവങ്ങള്‍ തന്നെയാണോ നിങ്ങളും എല്ലാ വര്‍ഷവും പിന്തുടരുന്നത്? കുട്ടികള്‍ വൈവിധ്യം ആഗ്രഹിക്കുന്നു. പുതുമകള്‍ ഇഷ്ടപ്പെടുന്നു. സര്‍ഗാത്മകമായി ചിന്തിക്കുന്നു. അവര്‍ക്ക് വ്യത്യസ്തമായ പാഠങ്ങളും വായനാവസരങ്ങളും നല്‍കാറുണ്ടോ? സ്വന്തമായി പാഠങ്ങള്‍ തയ്യാറാക്കാറുണ്ടോ? വായനാസാമഗ്രികള്‍ തയ്യാറാക്കാറുണ്ടോ? പുതിയപഠനതന്ത്രങ്ങള്‍ കണ്ടെത്താറുണ്ടോ? ഇല്ലെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെന്തു പറയാന്‍?

വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിക്കുന്ന വിദ്യാലയാനുഭവത്തിലൂടെ കടന്നു പോകാം.

മെയ് പത്തൊന്‍പതിന്റെ പത്രത്തില്‍ കാട്ടാന നാട്ടിലിറങ്ങി ചക്ക പറിക്കുന്നതിന്റെ ഫോട്ടോ ഉണ്ടായിരുന്നു. ടാഗോര്‍മെമ്മേറിയല്‍ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് അധ്യാപികയായ ഭാഗ്യ ആ ചിത്രവുമായാണ് അന്നേ ദിവസം സ്കൂളിലെത്തിയത്. ഒപ്പം മകള്‍ അമേയയും. അന്ന് സ്കൂളില്‍ അവധിക്കാല ശില്പശാല നടക്കുകയാണ്. കുട്ടികള്‍ക്കുളള വായനാസാമഗ്രികള്‍ തയ്യാറാക്കുകയായിരുന്നു മൂന്നാം ദിവസത്തെ ചുമതല. ഭാഗ്യ ടീച്ചര്‍ അന്നത്തെ പത്രച്ചിത്രത്തെ ആസ്പദമാക്കി എഴുതിയ കഥ നോക്കൂ.
ഹായ്, ചക്കമണം 
വിശപ്പ്
ഹൊ !എന്തൊരു  വിശപ്പ് 
വയറു കത്തുന്നു 
കുട്ടിയാന നടന്നു 
ആഞ്ഞും  വലിഞ്ഞും   നടന്നു 
ഹായ്  നല്ല മണം 
കാറ്റു കൊണ്ട് വരുന്ന മണം 
ചക്ക പ്പഴത്തിന്റെ മണം 
അവന്‍  വേഗം നടന്നു 
അതാ  പ്ലാവ് 
വരിക്ക പ്ലാവ് 
മഞ്ഞയും പച്ചയും നിറത്തില്‍  ചക്കകള്‍ 
പഴുത്ത ചക്കകള്‍ 
മുഴുത്ത ചക്കകള്‍  കൊമ്പില്‍ നിറയെ.
കുട്ടിയാന തുമ്പി ക്കൈ നീട്ടി
എത്തുന്നില്ല 
മരത്തില്‍ മുന്‍കാലുകള്‍ വെച്ച്  എത്തിക്കുത്തി നിന്നു
തുമ്പിക്കൈ മെല്ലെ നീട്ടി 
ചക്കയില്‍ തൊട്ടു 
ഒരു പിടി .ഒറ്റ വലി 
ഒന്നല്ല  ഒത്തിരി ചക്കകള്‍
തുരുതുരാ വീണു  
ആന വായ പൊളിച്ചു 
പ്ശൂം...........പ്ധും
തുറന്നു വെച്ച വായിലൂടെ ചക്കകള്‍ തട്ടാതെ തടയാതെ നേരേ വയറ്റിലേക്ക്!

ആനവയര്‍ ചക്ക വയറായി
വിശപ്പും മാറി
പെരും വയറുമായി നടക്കവേ, എന്തോ ആലോചിച്ച് കുട്ടിയാന  പേടിച്ചു 
ചക്ക വിഴുങ്ങിയതല്ലേ,
ചക്കക്കുരുവെല്ലാം  വയറ്റില്‍ കിടന്നു   മുളയ്കുമോ?
ആന ഒരു ഏമ്പക്കം വിട്ടു
വരിക്കച്ചക്കയുടെ മണം അവിടാകെ പരന്നു.
അപ്പോള്‍ ഒരിരമ്പം കേട്ടു
ഈച്ചകളായ ഈച്ചകളെല്ലാം പറന്നു വരുന്നു.  
ഒന്നല്ല, രണ്ടല്ല, പത്തല്ല, ഒത്തിരി ഒത്തിരി.
വരിക്കച്ചക്കയുടെ മണം പിടിച്ചാണ് വരവ്
ഹായ് ചക്കമണം!
ഈച്ചകള്‍ ആനയെ പൊതിഞ്ഞു.
പാവം കുട്ടിയാന ഒരോട്ടം
ഈച്ചകളുണ്ടോ വിടുന്നു
അവയും പിറകേ..
....................
വി എസ് ബിന്ദു ആമേയ ആനയെ കാണാന്‍ പോയതിനെ സര്‍ഗാത്മക രചനയാക്കി. ഇന്നലെ ആമോയ ചുമരിലെ ആനയോട് എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അത് ഫോട്ടോയില്‍ പകര്‍ത്തി. നോക്കൂ ചിത്രങ്ങള്‍.


ആമിയുടെ  പുതിയ  പള്ളിക്കൂടം 
അമ്മയുടെ  കൈവിരലില്‍  തൂങ്ങി അവള്‍ വന്നു  .
ഹൊ  !  എന്തൊരു  നീളന്‍ ചുവര്‍  
ഹായ്  അതിലെന്തെന്തു   നിറങ്ങള്‍ !
പച്ച ,മഞ്ഞ, നീല ,ചുവപ്പ്,  വെള്ള ..
അവള്‍ ഓടിച്ചെന്നു
പാറിപ്പറക്കുന്ന   പൂമ്പാറ്റകള്‍ 
തുടുത്തു  വിരിഞ്ഞ പൂക്കള്‍ 
ചാടിക്കളിക്കുന്ന  കുരങ്ങന്മാര്‍ 
യ്യോ ! ആനകള്‍
ഒന്ന് ..രണ്ട് രണ്ടാനകള്‍ 
ആനകള്‍ അവളെ നോക്കി ചിരിച്ചു 
അവള്‍ അടുത്തേക്ക് ചെന്നു
പതിയെ കൊമ്പില്‍  തൊട്ടു 
ആന കണ്ണുരുട്ടി. ആമി പേടിച്ചില്ല 
അവള്‍ പൊട്ടിച്ചിരിച്ചു 
ഒന്ന് ....രണ്ട്  ...ഒന്ന് ,രണ്ട്
ഒന്ന് ...രണ്ട് ..മൂന്ന് ..നാല് 
നാല് കൊമ്പുകള്‍ 
ആമിയേ...
അതാ...ആനക്കുട്ടന്‍   അവളുടെ പേരു വിളിക്കുന്നു .
എന്തിനാ വന്നെ? അത് ചോദിച്ചു 
ആമി തലയാട്ടി എന്തോ പറഞ്ഞു .
എന്നെ ഇഷ്ടമായോ?
ആമി  കണ്ണിറുക്കി .
എനിക്ക് ചിറകു വരച്ചു തരുമോ?
ഉം ഉം
ആമി വര്‍ണ്ണച്ചോക്കെടുത്തു വരച്ചു
വലിയ രണ്ടു മഞ്ഞച്ചിറകുകള്‍
പൂഞ്ചിറകുള്ള  ആനക്കുട്ടന്‍ 
എന്നാ നമ്മുക്ക് പോകാം..
ആന  മുട്ടുകുത്തിയിരുന്നു
ആമി   ആനപ്പുറത്ത് വലിഞ്ഞു കയറി
മഞ്ഞച്ചിറകുകള്‍ വീശി വീശി ആനക്കുട്ടന്‍ പറന്നുയര്‍ന്നു
അവര്‍ പറക്കുകയാണ് 
വീടിനു മുകളിലൂടെ 
റോഡിനു മുകളിലൂടെ 
കുളത്തിനു മുകളിലൂടെ
കടലിനു മുകളിലൂടെ
അവര്‍ പറ പറന്നു 
അതാ തീവണ്ടി 
അതാ എന്റെ വീട് 
അവള്‍ വിളിച്ചു പറഞ്ഞു
ആമീ , ഇനി നാളെ.
അവര്‍ താഴെയിറങ്ങി 
ആമിക്ക്  ഉറക്കം വന്നു 
പൂമര മുത്തച്ചി അത്  കണ്ടു 
അവളെ ചില്ലക്കൈകളിലെടുത്തു 
മടിയിലിരുത്തി 
ആമി  ഉറങ്ങിക്കോളൂ 

കാറ്റു  വന്നു. താരാട്ട്  പാടി 
മരച്ചില്ലകള്‍ പതുക്കെ ചാഞ്ചക്കമാടി
അവള്‍ സ്വപ്നം കണ്ടു 
അതാ  ആനക്കുട്ടന്മാരിലൊരാള്‍  കരയുന്നു .
എന്തിനാ കരയുന്നെ ? ആമി ചോദിച്ചു 
അത് ഒന്നും മിണ്ടിയില്ല 
കണ്ണുനീര്‍ കുടുകുടെ  പുറത്തു ചാടി 
ആമി അത് കണ്ടു ഉച്ചത്തില്‍  കരഞ്ഞു 
എന്തിനാ എന്റെ കുട്ടി കരയുന്നെ?
അമ്മടീച്ചര്‍  അവളെ  വാരിയെടുത്തു
അവള്‍ അമ്മയുടെ  തോളില്‍   ചാഞ്ഞു . .
അതാ  ചുവരില്‍ ആനക്കുട്ടന്മാര്‍ 
അവര്‍ അവളെ നോക്കി  ചിരിച്ചു .
തുമ്പി ചിരിച്ചു 
പൂക്കള്‍ ചിരിച്ചു 
കുരങ്ങന്മാര്‍ ചിരിച്ചു 
എല്ലാവരും ചിരിച്ചു 
ആമിയും ചിരിച്ചു  

................................
ഈ കഥകള്‍ മാത്രമല്ല രചനാശില്പശാലയില്‍ ഉണ്ടായത്. വേറെയും കഥകള്‍, കവിതകള്‍ 
കുടുതല്‍ വായനാസാമഗ്രികള്‍ അടുത്ത ലക്കത്തില്‍.
ഉടന്‍തന്നെ പ്രീതിക്കുളങ്ങര സ്കൂളില്‍ രക്ഷിതാക്കളെ പങ്കെടുപ്പിച്ച രചനാശില്പശാല നടത്തും
നൂറു വായനാസാമഗ്രികളാണ് ലക്ഷ്യം
വായനാദിനത്തില്‍ അവ കുട്ടികള്‍ക്ക് കൈമാറണം എന്ന് വിദ്യാലയം ആഗ്രഹിക്കുന്നു
ഇത് സാധ്യമാണ്.
എവിടെയും.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി