Pages

Wednesday, December 27, 2017

പ്രഷര്‍കുക്കര്‍ വിദ്യാഭ്യാസവും നിലവാരവും.


ലോകത്തെ ഒരു രാജ്യവും അക്കാദമിക കാര്യത്തില്‍ പരിപൂര്‍ണതൃപ്തരല്ല. അതിന്റെ സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നതാകട്ടെ കുട്ടികളും. ആഗോള തലത്തില്‍ വിദ്യാഭ്യാസ നിലവാരമളക്കുന്നതാണ് പിസ പരിക്ഷ ( Programme for International Student Assessment ) . 72 രാജ്യങ്ങളിലെ 540,000 കുട്ടികളാണ് 2015 ലെ പരീക്ഷയില്‍ പങ്കെടുത്തത്. ഗണിതത്തില്‍ സിങ്കപ്പൂര്‍, ഹോങ്കോംഗ് (ചൈന), മക്കാവോ (ചൈന), തെയ്വാന്‍ ,ജപ്പാന്‍, കൊറിയ എന്നിവയും വായനയില്‍ സിങ്കപ്പൂര്‍, ഹോങ്കോംഗ് ( ചൈന) , കാനഡ, ഫിന്‍ലാന്‍റ്, അയര്‍ലാന്‍റ് തുടങ്ങിയ രാജ്യങ്ങളും ശാസ്ത്രത്തില്‍ സിങ്കപ്പൂര്‍, ജപ്പാന്‍, എസ്റ്റോണിയ, ചൈന, ഫിന്‍ലാന്റ് , മക്കാവോ( ചൈന), കാന‍ഡ, വിയറ്റ്നാം എന്നിവയുമാണ് മുന്നില്‍ നില്‍ക്കുന്നത്. ബ്രിട്ടന്റെ നില ആശാവഹമല്ല. അമേരിക്കയുടേത് ഗണിതത്തില്‍ 2012 ല്‍ 28ആയിരുന്നു സ്ഥാനം 2015ല്‍ 35ലേക്ക് തകര്‍ന്നുവീണു.  

ശാസ്ത്രത്തിലും ഭാഷയിലും ഇരുപത്തഞ്ചാം സ്ഥാനത്ത് പിടിച്ചു നിന്നു
ഈ പരീക്ഷാ ഫലത്തെ അടിസ്ഥാനമാക്കി സിങ്കപ്പൂരിലെ വിദ്യാഭ്യാസരീതിയാണ് പിന്തുടരേണ്ടത് എന്നു വാദിച്ചേക്കാം. കാരണം അവരാണല്ലോ എല്ലാത്തിനും മുന്നില്‍ നില്‍ക്കുന്നത്. സിങ്കപ്പൂരിലെ വിദ്യാഭ്യാസത്തെ പ്രഷര്‍കുക്കര്‍ വിദ്യാഭ്യാസമെന്നാണ് പലരും വിശേഷിപ്പിക്കു ന്നത്. ിങ്കപ്പൂര്‍ വിദ്യാഭ്യാസത്തില്‍ വലിയതോതില്‍ മുതല്‍ മുടക്കുന്ന രാജ്യമാണ്. ഏറ്റവും മാന്യമായ വേതനവും ഏറ്റവും കഴിവുളള അധ്യാപകരും അവിടെയുണ്ട്. ഗണിതപാഠ്യപദ്ധതി കയറ്റിയയച്ച് പണമുണ്ടാക്കുന്ന രാജ്യവുമാണത്. എന്നാല്‍ അറുപത് ശതമാനം ഹൈസ്കൂള്‍ വിദ്യാര്‍ഥികളും എണ്‍പതു ശതമാനം പ്രൈമറി സ്കൂള്‍ കുട്ടികളും സ്വകാര്യ ട്യൂഷനു പോകുന്ന രാജ്യവുമാണത്. എന്തിന് നാല്പതു ശതമാനം പ്രീ സ്കൂള്‍ കുട്ടികളും ട്യൂഷനെ ആശ്രയിക്കുന്നു. പ്രീസ്കൂളുകാരു രണ്ടു മണിക്കൂറും പ്രൈമറിക്കാരു മൂന്നു മണിക്കൂറും പ്രതിവാരം ട്യൂഷനുവേണ്ടി ചിലവഴിക്കുന്നുണ്ട്. നേരത്തെ മത്സരം ആരംഭിക്കാമെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. അടിസ്ഥാന ഗണിത ഭാഷാശേഷികള്‍ ആര്‍ജിച്ചിട്ടാകണം പ്രീസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കേണ്ടതെന്ന ധാരണ പ്രബലമാണ്. നമ്മുടെ എസ് എസ് എല്‍ സി പരീക്ഷ പോലെ പ്രൈമറിതലത്തില്‍ പരീക്ഷയുണ്ട് Primary School Leaving Exam (PSLE). ഇത് കുട്ടിയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായകപ്പരീക്ഷയാണ്. അപ്പോള്‍ സമ്മര്‍ദം കടുക്കും. ട്യൂഷന്‍ പെരുകും. നിഴല്‍ വിദ്യാഭ്യാസമെന്ന പേരിലറിയപ്പെടുന്ന ട്യൂഷന്‍ സമ്പ്രദായം അനിവാര്യമാക്കുന്ന വിദ്യാഭ്യാസ രീതി ആഭ്യന്തരമായി ദുര്‍ബലമാണ് എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. പുറം താങ്ങുകൊണ്ട് നിലനില്‍ക്കുകയാണത്. അതായത് അവര്‍ നേടിയ തളിക്കം അമിത ട്യൂഷന്റെ ഫലമാണെന്നര്‍ഥം.

സിങ്കപ്പൂരിലെ ഒരു സമാന്തരപുസ്തകശാല
ാവിയിലേക്കുളള വിദ്യാഭ്യാസം
മത്സരയോട്ടപഠനം സിങ്കപ്പൂരിലെ പ്രൈമറിസ്കൂള്‍ കുട്ടികളുടെ പോലും സമ്മര്‍ദനില ഉയര്‍ത്തിയിരിക്കുന്നു. വിമര്‍ശനാത്മക ചിന്താശേഷി വളരാതെ യാന്ത്രികമായി കാണാപാഠം പഠിക്കുന്നവരാക്കി കുട്ടികളെ മാറ്റുന്നു. പെരുമാറ്റത്തിലും സാമൂഹികനൈപുണികളിലും അനഭലഷണീയ പ്രവണതകളാണ് വികസിക്കുന്നതത്രേ! 2015 ല്‍ പത്തിനും പത്തൊമ്പതിനുമിടയില്‍ പ്രായമുളള ഇരുപത്തിയേഴ് വിദ്യാര്‍ഥികള്‍ അവിടെ ആത്മഹത്യ ചെയ്തു. മുന്‍വര്‍ഷത്തേതിനേക്കാള്‍ ഇരട്ടി. 2016 മെയ് മാസം പതിനേഴ് നിലകെട്ടിടത്തില്‍ നിന്നും ഒരു പതിനൊന്നുകാരന്‍ ചാടി മരിച്ചത് പരീക്ഷാഫലം രക്ഷിതാക്കളുമായി പങ്കിടാനുളള മാനസിക സമ്മര്‍ദം കാരണമാണ്. ആദ്യമായി അവന്‍ ഒരു വിഷയത്തിനു തോറ്റുപോയി. നിലവാരത്തില്‍ രണ്ടാം സ്ഥാനത്തുളള ഹോങ്കോംഗിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടു പ്രദേശങ്ങളും മത്സരച്ചൂടിന്റെ ക്ലാസ് മുറികളെയാണ് ഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് ട്യൂഷന്‍സംസ്കാരത്തെ
                                                                                       സിങ്കപ്പൂരിലെ പരസ്യനിരത്തു്

യാണ് ഉപോല്പന്നമായി സൃഷ്ടിച്ചിരിക്കുന്നത്. ഹോങ്കോംഗില്‍ 2013 മുതല്‍ 2016 വരെ 71 കുട്ടികള്‍ മരണമുനമ്പിലേക്ക് നടന്നു പോയി എന്ന് ഔദ്യോഗിക വിവരങ്ങള്‍. രക്ഷിതാക്കളും വിദ്യാഭ്യാസ സംവിധാനവും സമ്മര്‍ദം ചെലുത്തുകയാണ്. തൊണ്ണൂറ് ശതമാനം മാര്‍ക്കില്ലെങ്കില്‍ രക്ഷിതാക്കളാകെ നിരാശപ്പെടുകയാണ്
അതിനാല്‍ അധ്യാപകര്‍ അത്തരം ഫലം കിട്ടുന്നതിന് എന്തുവഴിയും സ്വീകരിക്കുന്നു. സിങ്കപ്പൂരിലെ ടാന്‍ എന്ന മുന്‍ അധ്യാപിക ( ഇപ്പോള്‍ അവര്‍ ട്യൂഷന്‍ ടീച്ചറാണ് ) പറയുന്നത് ഓരോ വിഷയത്തിനും ഓരോ ട്യൂഷന്‍ സെന്ററുകളില്‍ പോകുന്ന എട്ടവയസുളള കുട്ടിയെക്കുറിച്ചാണ് . പതിനൊന്നു സെഷനുകള്‍ അവന്‍ ആഴ്ചയില്‍ ട്യൂഷന്‍സെന്ററുകളില്‍ ചെലവിടുന്നു. പിന്നെ ആ കുട്ടിക്ക് എന്തിനെങ്കിലും സമയം കിട്ടുമോ? സിങ്കപ്പൂരിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം വലുതാണ്. തന്നെയുമല്ല കുട്ടികളെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേകം ഡിവിഷനുകളിലാക്കുന്നു. ഹൈസ്കൂള്‍ തലത്തില്‍ വ്യത്യസ്ത ധാരകളുണ്ട് . അതിലേക്ക് ചാലുകീറലായി ഈ ഡിവിഷന്‍ തിരിവ് മാറും. മിടുക്കരുടെ ഡിവിഷന്‍ എന്ന രീതി ഹോങ്കങ്ങിലില്ല എങ്കിലും കുട്ടികളെ മിടുക്കരെന്നും മോശമെന്നുമുളള മുദ്രണവേര്‍തിരിക്കല്‍ ഉണ്ട്. ചൈനയിലെ കുട്ടികള്‍ പാതിരാവരെ ട്യൂഷനു പോകുന്നുണ്ട്. കാണാപാഠം പഠിക്കലാണ് നിത്യവും . അവര്‍ മറ്റു രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ പ്രയാസപ്പെടുന്നു. ചിന്താരീതിയും പഠനരീതിയും മാറ്റണം. പ്രായോഗികവും പ്രശ്നപരിഹരണത്തിലൂന്നിയതും അന്വേഷണാത്മകവുമായ പഠനം ആവശ്യമായി വരും.
സന്തുഷ്ടജീവിതവും പഠനവും
എങ്ങനെയും ഉയര്‍ന്ന മാര്‍ക്ക് എന്ന ലക്ഷ്യം പഠനത്തെക്കുറിച്ചും ബോധനത്തെക്കുറിച്ചുമുളള താഴ്ന കാഴ്ചപ്പാടിന്റെ ഉല്പന്നമാകുന്നു. യഥാര്‍ഥ ജിവിതത്തില്‍ ഇതെങ്ങനെ പ്രയോജനപ്പെടുമെന്ന ചിന്തയേയില്ല. ഭാവിയില്‍ നൂതനമായ പ്രശ്നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍ കാണാപാഠം പഠനം ഉപകരിക്കുകയുമില്ല. ഒരാളുടെ പ്രൈമറിസ്കൂള്‍ പ്രായം ഏറ്റവും മധുരതരമാണ്. സ്വപ്നംകാണാനും ഭാവനയില്‍ വിഹരിക്കാനും കൂട്ടുകൂടാനും വിനോദിക്കാനും അന്വേഷിക്കാനും നിര്‍മിക്കാനും യുക്തിപൂര്‍വം അപഗ്രഥിക്കാനും പുസ്തകങ്ങള്‍ വായിക്കാനുമെല്ലാം എല്ലാം സമയം കിട്ടേണ്ട പ്രായം. ഈ കാലം മുഴുവന്‍ ട്യൂഷന്‍ മാഷിന്റെ മുന്നിലേക്ക് തടവിനു വിധിച്ച് അയക്കുന്ന ഏര്‍പ്പാടിനെ എങ്ങനെ പാടിപ്പുകഴ്ത്തും? ഹൈസ്കൂള്‍ പഠനത്തിനു താഴെ ഹോം വര്‍ക്കുകള്‍ പഠനത്തെ ധനാത്മകമായി എത്രത്തോളം സ്വാധീനിക്കുമെന്നതില്‍ തെളിവുകള്‍ ആവശ്യമുണ്ട്. മികവിന്റെ കാര്യത്തില്‍ ഏവരും ചൂണ്ടിക്കാട്ടുന്ന ഫിന്‍ലാന്റിന്റെ രീതി പരിശോധിക്കണം. അവിടെ ഇത്തരം ഏര്‍പ്പാടില്ല . പേരിനുമാത്രം എന്തെങ്കിലും തുടര്‍പ്രവര്‍ത്തനം ഉണ്ടാകാം. അവിടെ സ്വകാര്യ ട്യൂഷനില്ല. അവര്‍ പിസാ പരീക്ഷയില്‍ ഗണിതത്തില്‍ പന്ത്രണ്ടാം സ്ഥാനത്തും ഭാഷയില്‍ മൂന്നാം സ്ഥാനത്തും ശാസ്ത്രത്തില്‍ അഞ്ചാം സ്ഥാനത്തും വരും. ഫിന്‍ലാന്റിലെ കുട്ടികള്‍ ഏഴാം വയസിലാണ് സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് . അവിടെ ഹൈസ്കൂള്‍ പഠനാന്ത്യത്തില്‍ മാത്രമാണ് പൊതുപരീക്ഷയുളളത്.
സംന്തുഷ്ടജീവിതം നയിക്കുന്ന സമൂഹത്തിന്റെ പട്ടികയില്‍ ഫിന്‍ലാന്റ് അഞ്ചാം സ്ഥാനത്തും സിങ്കപ്പൂര്‍ ഇരുപത്തിയാറാം സ്ഥാനത്തുമാണ്. (WORLD HAPPINESS REPORT 2017) നോര്‍വെ, ഡെന്‍മാര്‍ക്ക്, ഐലാന്റ്, സ്വിസ്റ്റര്‍ലാന്‍റ്, നെത്‍ലാന്റ് , കാന‍ഡ, ന്യൂസിലാന്‍റ്, ആസ്ത്രേലിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളിലുളളത്..

 നോര്‍വെയില്‍ യാതൊരുവിധ ഗ്രേഡിംഗും ലോവര്‍ പ്രൈമറി തലത്തിലില്ല. പ്രൈമറി സ്കൂള്‍, ലോവര്‍സെക്കണ്ടറി സ്കൂള്‍. അപ്പര്‍ സെക്കണ്ടറി സ്കൂള്‍ എന്നിങ്ങനെയാണ് നോര്‍വയിലെ വിദ്യാഭ്യാസ സംവിധാനം. 6 – 16 വയസ് വരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം. രണ്ടു സെമസ്റ്ററുകളാണ് അവിടെയുളളത്. പ്രൈമറി വിദ്യാഭ്യാസം പതിമൂന്നാം വയസില്‍ അവസാനിക്കും. ഒന്നാം ക്ലാസില്‍ കളിക്ക് പ്രാധാന്യം, അക്ഷരപഠനവും കൂട്ടലും കുറയ്കലും പഠിപ്പിക്കും. 93% കുട്ടികളും ലോവര്‍സെക്കണ്ടറി, അപ്പര്‍സെക്കണ്ടറി വിദ്യാഭ്യാസത്തിനായി പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
പ്രതിശീര്‍ഷവരുമാനം, ആയുര്‍ദൈര്‍ഘ്യം, സമൂഹപിന്തുണ, അഴിമതി രഹിത സമൂഹം, സന്തോഷാനുഭവങ്ങള്‍, ദുഖാനുവങ്ങള്‍, തീരുമാനമെടുക്കുന്നതിനുളള സ്വാതന്ത്ര്യം, സാമൂഹിക സേവന പ്രവര്‍ത്തനമനോഭാവം എന്നീ മാനദണ്ഡങ്ങളുപയോഗിച്ചാണ് സന്തുഷ്ടജീവതത്തോത് അളന്നത്. നല്ല വിദ്യാഭ്യാസം നല്ല ജീവിതം പ്രദാനം ചെയ്യണം. ഏതെങ്കിലും സമൂഹം അഴിമതിസാന്ദ്രമാണെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസത്തിന് അതിലുളള പങ്ക് അവഗണിക്കാനാകില്ല. ലോകസന്തുഷ്ടതാനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ മിക്കതും കാണാപാഠം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നവയല്ല. വിദ്യാഭ്യാസ നിലവാരത്തെ സമൂഹനിലവാരവുമായി തട്ടിച്ചു നോക്കേണ്ടതുണ്ട്. ഏതു തരം വിദ്യാഭ്യാസ രീതി വേണമെന്നു നിശ്ചയിക്കേണ്ടത് ഏതു തരം സമൂഹം വേണമെന്ന ആലോചനയുടെ അടിസ്ഥാനത്തിലാകണം
തിരിച്ചറിവുകള്‍
ഉയര്‍ന്ന മാര്‍ക്ക് എന്നത് പലപ്പോഴും ഉയര്‍ന്നനിലവാരമുളള പഠനത്തിന്റെ ലക്ഷണമല്ല.
കേരളത്തില്‍ പിന്തുടരുന്നതുപോലയുളള പഠനരീതി പ്രയോഗിക്കുന്ന രാജ്യങ്ങളുണ്ട്. അവ നിലവാരത്തിന്റെ കാര്യത്തില്‍ ലോകത്ത് ഉയര്‍ന്ന സ്ഥാനത്താണ്.
ഡോ. ടി പി കലാധരന്‍
...............................................................................................

 അനുബന്ധം
സി പി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഒന്നാം ക്ലാസ്സിൽ ഇപ്പോൾ പഠിക്കുന്ന കുട്ടിയെ ഐ എ എസ് ആക്കാൻ എവിടെയാണു ചേർക്കേണ്ടത് ?  

എത്ര തെരെഞ്ഞിട്ടും ഒന്നാം ക്ലാസ്സിൽ സിവിൽ സർവീസ് ഓറിയന്റഡ് ആയി പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ കണ്ടെത്താനായില്ല .നമ്മുടെ നാട് എങ്ങനെ നന്നാകും . ആർക്കെങ്കിലും അറിയാമോ ?
എന്നിരുന്നാലും ചില സ്ഥാപനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .പക്ഷെ അവിടൊക്കെ ഏഴാം ക്ലാസ്സിൽ എത്താതെ പരിശീലനത്തിനു ചേർക്കാൻ പറ്റില്ല .താല്പര്യമുള്ളവർക്ക് നോക്കാവുന്നതാണു.
1)
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാർഥികള്‍ക്ക് പി.കെ. അബ്ദുറബ്ബ് എം.എൽ.യുടെ സഹകരണത്തോടെ നടപ്പാക്കുന്ന സിവിൽ സർവിസ് പരിശീലനത്തി​െൻറ പ്രാഥമിക പ്രവൃത്തികൾ തുടങ്ങി.. ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്കാണ് പരിശീലനം. സീറ്റ അക്കാദമിക് എക്‌സലന്‍സിയുമായി സഹകരിച്ചാണ് പദ്ധതി....( മാധ്യമം 25/07/2017.)
2)
എസ്. എൻ. ഡി. പി യോഗം സംരംഭമായ ഗാംബിറ്റ് സിവിൽ സർവീസ് അക്കാദമി ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. രണ്ട് ബാച്ചുകളിൽ ആണ് അഡ്മിഷൻ. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ജൂനിയർ ഫൗണ്ടേഷൻ ബാച്ചും, പ്ലസ്‌ വണ്‍ മുതൽ ഡിഗ്രി തലം വരെയുള്ള സീനിയർ ഫൗണ്ടേഷൻ ബാച്ചിലും ആണ് അഡ്മിഷൻ നടക്കുന്നത്
3)
കൊല്ലം: ഭാരത് അക്കാദമി ഏഴാം ക്ലാസ് മുതല്‍ അവസാനവര്‍ഷ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു...(മാതൃഭൂമി )
4)
കണ്ണൂര്‍: പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ശ്രീപുരം എന്‍ട്രന്‍സ് അക്കാദമി പ്രവര്‍ത്തനം തുടങ്ങി. അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം .ഏഴാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണു പ്രവേശനം. ദേശീയ പ്രവേശന പരീക്ഷയ്ക്ക് ഒരുക്കമായുള്ള പരിശീലനം പടിപടിയായി നല്‍കുകയാണു ലക്ഷ്യമിടുന്നത്.
5)
സിവില്‍ സര്‍വ്വീസ് പരീക്ഷ ലക്ഷ്യമാക്കി വിജയരഥം പരിശീലനം തുടങ്ങി. താഴെക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പ്രതേ്യക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഏഴാം ക്ലാസ്സു മുതല്‍ സിവില്‍ സര്‍വ്വീസ് വരെ പരിശീലനം നല്‍കുന്ന പദ്ധതിയാണ് വിജയരഥം.
6)
ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലനം യാഥാര്‍ത്ഥ്യമാകുന്നു. തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്‍ഡറിയിലേയും കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രയോജനം ലഭിക്കുക.
7).
എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്, മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേി നടപ്പിലാക്കുന്ന മഫാസ്-യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരിശീലന പദ്ധതി
8)
സൺഷൈൻ ഇന്റർനാഷണൽ സ്കൂളും കേരള മൈൻഡ് പവർ വിഷനും ചേർന്ന് 7-10 ക്ലാസ്സുകളിലെ കുട്ടികൾക്കായി സിവിൾ സർവീസ് പരിശീലനം നൽകുന്നു
9)
പക്ഷെ ഞാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ ആണു പ്രതീക്ഷയോടെ കാണുന്നത് . കാരണം സിവിൾ സർവീസ് പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കാനുള്ള വാഗ്ദാനം പ്രകടന പത്രികയിൽ വെച്ചിട്ടുള്ള ഭരണ സമിതിയാണു ഭരിക്കുന്നത്
10)
ഒരു വർഷത്തിനകം സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കണ്ണൂർ കേന്ദ്രം കല്യാശേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തിയതുകൊണ്ടു മാത്രമായില്ല. ഈ കുട്ടികൾക്ക് ഉന്നത മേഖലകളിൽ എത്തിച്ചേരാനുള്ള കഴിവു കൂടി ആർജിക്കാനാകണം. സാധാരണ പരീക്ഷകളിൽ ഉയർന്ന മാർക്കും ഗ്രേഡും നേടിയെന്നതുകൊണ്ട് ഉന്നത മത്സരപരീക്ഷകളിൽ വിജയിക്കാനാവില്ല.
എന്തായാലും വളരെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു 15 സ്ഥാപനങ്ങൾ എങ്കിലും സംസ്ഥാനത്തുണ്ട് .ഒരു വർഷം രണ്ട് മുതൽ എട്ട് വരെയാണു എല്ലാവരും കൂടി പരമാവധി ഉല്പാദിപ്പിക്കുന്ന വിജയികളുടെ എണ്ണം .സർവീസ് നേടീയവർ ചുരുങ്ങിയത് നാലു സ്ഥാപനങ്ങളിലെങ്കിലും പരിശീലനം നേടിയതാണു.മാത്രമല്ല അതിൽ തന്നെ പലരും ഋസ്വ കാലത്തേക്കെങ്കിലും ഡൽഹി പരിശീലനം നേടിയവരാണു
ഈ ഏഴാം ക്ലാസ്സ് മുതലുള്ള പരിശീലനക്കാർ ചെയ്യുന്നത് ഒരു പ്രാഥമിക പരീക്ഷ എന്ന ഒരു അരിപ്പയിലൂടെ കടത്തി വിട്ടാണു സെലക്ഷൻ .സമൂഹത്തിലെ മെച്ചപ്പെട്ട ( സാമ്പത്തികവും കുടുംബ പശ്ചാത്തലവും ) വിഭാഗക്കാരാകും അതിലെത്തുക .അല്ലാത്തവർ ഉണ്ടെങ്കിലും മിക്കവരും പിന്നീട് താങ്ങാനാവാതെ കൊഴിഞ്ഞോളും .എന്തായാലും ഐ എ എസ് അവർക്ക് കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ ,പക്ഷെ അതല്ലെങ്കിൽ സ്റ്റാഫ് സെലക്ഷൻ പരീക്ഷയോ മറ്റ് മത്സര പരീക്ഷയോ നേടും .എന്തായാലും അല്ലാത്തവർ അതിൽ നിന്നൊക്കെ ഔട്ട് ആകുകയാണു .
ട്യൂട്ടോറിയൽ എമ്പാടും പിഎസ് സി കോച്ചിങ്ങ് സെന്റർ ആയി മാറിയ നാടാണിത് .ട്യൂട്ടോറിയൽ കോളേജിനു വിവിധ വിഷയങ്ങൾക്ക് അധ്യാപകർ വേണം .പക്ഷെ പിഎസ് സി കോച്ചിങ്ങ് സെന്റർ നടത്താൻ പരിശ്രമ ശീലമുള്ള മിനിമം അധ്യാപകർ മതി
ഇനി വരും കാലങ്ങളിൽ എൽ ഗി എസും എൽഡിസിയുമാകാൻ മിനിമം സിവിൾ സർവീസ് പരിശീലനത്തിനു വിടുന്ന കാലം വരും
വിദ്യാഭ്യാസം ഒഴികെ എല്ലാം നന്നാകും
 അനുബന്ധം രണ്ട്
  • കോച്ചിംഗ് വിദ്യാഭ്യാസത്തിന് പിന്തുണയുമായി പലരും രംഗത്തുണ്ട്. 
  • അന്താരാഷ്ട്രനിലവാരം അതാണെന്നാണ് ധാരണ. 
  • കുട്ടികള്‍ എല്ലാവരും പഠനത്തിന്റെ ഭാഗമായി നേടേണ്ട കഴിവുകളുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കുകയല്ലേ വേണ്ടത്.?
  •  എന്തെങ്കിലും കൂടുതല്‍ കഴിവുകള്‍ വേണമെങ്കില്‍ അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. 
  • അരിച്ചെടുത്ത് പരിശീലനം കൊടുത്ത് നേടാവുന്നതല്ല പൊതുവിദ്യാഭ്യാസ നിലവാരം. 
  • എല്ലാകുട്ടികള്‍ക്കും അവസരം ലഭിക്കണം. മികച്ച അനുഭവങ്ങളും. അതാണ് സാമൂഹികനീതി.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി