Pages

Monday, December 4, 2017

ഇരിങ്ങപ്പുറം ഒരു മാതൃകാപൊതുവിദ്യാലയം

"മലയാളത്തിളക്കം മോണിറ്ററിങ്ങിന്റെ ഭാഗമായാണു കലാധരൻ സാറും സുരേഷ് സാറും സ്കൂളിലെത്തിയത്.... സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ താത്പര്യത്തോടെ ചോദിച്ചറിഞ്ഞ കലാധരൻ സാർ 15 മിനിറ്റോളം മലയാളത്തിളക്കം കുട്ടികളോടൊപ്പം ചെലവഴിച്ചു. 
മൂന്നാം ക്ലാസിലെ സഞ്ജയും സായൂജും മാത്രമാണു ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.... 
ഏഴാം മാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികളായ ഇവർക്ക് ചെറുപ്പത്തിൽ ശാരീരികമായും ബുദ്ധിപരമായും പല ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളി യായിരുന്നു. 
എങ്കിലും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അവർ മുന്നോട്ട് നീങ്ങുന്നു.... 
കലാധരൻ മാഷുടെ വാക്കുകളിൽ പറഞ്ഞാൽ ഒരാഴ്ചക്കകം ലക്ഷ്യം നേടും........"
-ഗീതട്ടീച്ചര്‍ ( പ്രഥമാധ്യാപികയുടെ ഫേസ് ബുക്ക് പോസ്റ്റ്)
ഞാന്‍ സന്ദര്‍ശിച്ച സ്കൂളുകളില്‍ വെച്ച് മലയാളത്തിളക്കം പരിപാടിയിലേക്ക് രണ്ടു കുട്ടികള്‍ മാത്രമേ ഉളളൂ എന്ന് അഭിമാനപൂര്‍വം പറഞ്ഞ ഏക പ്രഥമാധ്യാപികയാണ് ഗീത ടീച്ചര്‍. ആ രണ്ടു പോരാകട്ടെ 
ഏഴാം മാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികള്‍, ശാരീരികമായും ബുദ്ധിപരമായും പല ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍.  
ഇതാണ് നിലവാരം. 
ഓരോ വിദ്യാലയത്തിനും പറയാനാകണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരല്ലാത്ത എല്ലാകുട്ടികളും അടിസ്ഥാന ശേഷി ആര്‍ജിച്ച വിദ്യാലയമാണിതെന്ന്. 
അങ്ങനെ പറയാന്‍ കഴിഞ്ഞ ഒരു വിദ്യാലയത്തില്‍ എത്താനായി എന്നത് സൗഭാഗ്യമായി ഞാന്‍ കരുതുന്നു. 

. മൂന്നാം ക്ലാസിലെ സഞ്ജയും സായൂജും. ഞാന്‍ അവരെ ഇടം വലം ഇരുത്തി. ഇരിങ്ങപ്പുറം സ്കൂളിന്റെ മുറ്റത്തുളള ജൈവവൈവിധ്യ ഉദ്യാനം എന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഞാന്‍ ആ പടം കാണിച്ചു ചോദിച്ചു. "ഇതെവിടെയാ?" സായൂജ് പറഞ്ഞു "ഇവിടുത്തെ". 
"ഇവിടുത്തെ എന്നു പറഞ്ഞാല്‍?.." സഞ്ജയ് കൂട്ടിച്ചേര്‍ത്തു . "ഞങ്ങടെ സ്കൂളിലെ". 
"എന്താ കാണുന്നത്?"
" പൂക്കള്‍."
 ഞാന്‍ ഒരു പൂവ് വലുതാക്കി കാണിച്ചു.  "ഇതെന്താ?" 
"പൂവ്"
.പടം വരയ്കാമോ? അവര്‍ ഉത്സാഹത്തോടെ വര ആരംഭിച്ചു. ടീച്ചറോട് ക്രയോണ്‍സ് കിട്ടുമോ എന്നു ചോദിച്ചില്ല അത് എത്തിക്കഴിഞ്ഞു. മിടുക്കന്മാര്‍ പൂവിന് നിറം നല്‍കി. അതിനു താഴെ പൂവെന്ന് എഴുതാന്‍ പറഞ്ഞു. രണ്ടു പേരും തെറ്റില്ലാതെ എഴുതി. 
"എന്താ നിറം?" 
"മഞ്ഞ." 
"ശരി ,മഞ്ഞപ്പൂവ് എന്നെഴുതാമോ?"  ഒരാള്‍ക്ക് പ വോണോ പ്പ വേണോ എന്നു സംശയം. പരസ്പരം നോക്കാന്‍ പറഞ്ഞു. താരതമ്യം ചെയ്തു. അടുത്ത വാക്യത്തിനായി അവര്‍ കാത്തു. ചില പ്രശ്നങ്ങളുണ്ടെങ്കിലും അവരുടെ താല്പര്യം വേഗം ആ പരിമിതികളെ മറികടിക്കാന്‍ സഹായിക്കും. ഞാന്‍ ടീച്ചറോട് പറഞ്ഞു ടീച്ചറേ രണ്ടു പേരെ വെച്ച് എങ്ങനെ മലയാളത്തിളക്കം പ്രക്രിയ നടത്താനാകുമെന്നു നോക്കിയതാ. പറ്റും. ഇവര്‍ക്കായി സമയം കണ്ടെത്തിയാല്‍ ഒരാഴ്ചയ്യകം ലക്ഷ്യം ഉറപ്പ്. ഈ കുട്ടികളെ നോക്കൂ. എന്തൊരു തിളക്കം. ഇതാണ് മലയാളത്തിളക്കം സമ്മാനിക്കേണ്ടത്.

ഇനി സ്കൂള്‍ കാഴ്ചയിലേക്ക് .വളരെ ആകര്‍ഷകമായി ജൈവവൈവിധ്യ ഉദ്യാനം നിര്‍മിച്ചിട്ടുണ്ട്. എസ് എസ് എ ഫണ്ട് നല്‍കി. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കി. ശലഭോദ്യാനം , ഔഷധത്തോട്ടം. കൃഷിത്തോട്ടം. കുളം എല്ലാമുണ്ട്.

അരളിയച്ചെടിയുടെ ഇലതന്നടിയില്‍ അരുമക്കിങ്ങിണി പോലെയുളള പ്രകൃതിയുടെ അത്ഭുതങ്ങള്‍ കുട്ടികള്‍ ജൈവവൈവിധ്യ ഉദ്യാനത്തില്‍ നിന്നും നേരിട്ടു പഠിക്കുന്നു. കാമ്പസിനെ പാഠപുസ്തകമാക്കുന്നതിങ്ങനെ വേണം.
സ്കൂള്‍ മുറ്റത്ത് വൃത്താകൃതിയില്‍ സസ്യജാലം. പല തട്ടുകളായി, വിദ്യാലയത്തിന് അലങ്കാരമായി, നിരീക്ഷണപഠനത്തിന് പ്രചോദകമായി, പരിചരണത്തിന് അനുയോജ്യമായി ഇരിങ്ങപ്പുറം മാതൃക.

ഓഫീസിന്റെ പുറം ഭിത്തിയില്‍ അഭിനന്ദനബോര്‍ഡ്. ഓരോ ദിവസവും അനുമോദനം. താരങ്ങള്‍ മാറി മാറി വരും. ഭാഗ്യതാരകം ഫാത്തമയാണ്. ഇന്നത്തെ താരങ്ങള്‍ നിരഞ്ജയും നിവേദ് കൃഷ്ണയും അനന്തുവും റിനാഫാത്തിമയുമാണ് .ഇംഗ്ലീഷ് കഥപറയലിന്റെ നക്ഷത്രക്കുട്ടികള്‍. അഭികൃഷ്ണ, ഷിംന, ദേവീകൃഷ്ണ, അഭിരാം എന്നിവരാണ് വിജ്ഞാനതിലകങ്ങളായത്. എന്നും കുട്ടികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കുന്ന വിദ്യാലയം.
ജന്മദിന കലണ്ടര്‍ പല വിദ്യാലയങ്ങളിലും കണ്ടിട്ടുണ്ട്. ഇവിടെ പ്രഥമാധ്യാപികയുടെ മേശപ്പുറത്താണ് കലണ്ടര്‍. ഓരോ മസത്തെയും തിരുപ്പിറവിദിനങ്ങള്‍, ഫോട്ടോ സഹിതം അതില്‍. അതത് ദിവസം ആ കുട്ടികള്‍ക്ക് ജന്മദിനാശംസയും ചില വിശേഷ ഇനങ്ങളും
ജന്മമാസം വന്നു ചേര്‍ന്നാല്‍
ഒരു മാസം ഏതെല്ലാം കുട്ടികളുടെ ജന്മദിനങ്ങളാണോ വരുന്നത് അവരുടെ അമ്മമാരെല്ലാം ചേര്‍ന്ന് ഒരു ദിവസം വിഭവസമൃദ്ധമായ സദ്യ ഒരുക്കും.  ആസൂത്രണമൊക്കെ അവര്‍ നടത്തും. ജന്മമാസ സദ്യ കൂട്ടായ്മയുടെ പാഠമാണ്. അന്ന് അമ്മമാരും വരും. എല്ലാ കുട്ടികളുടെയും അമ്മമാരായി അവര്‍ മാറും.
പ്രത്യേകരീതിയില്‍ അന്നേദവസം ഓമനത്തിങ്കള്‍ക്കിടാങ്ങളെ അനുമോദിക്കുന്ന പ്രദര്‍ശനസാമഗ്രിയാണ് മുകളില്‍ കാണുന്നത്.
നിലാവ്
സ്കൂളിന്റെ തനത് പ്രോജക്ടാണ്.   മറ്റൊരു ചുവരില്‍ കുട്ടികളടെ രചനകള്‍.
സൂക്ഷിച്ചു നോക്കി.
സങ്കടമാണ് എല്ലാവരുടെയും പ്രമേയം.
ഒരു പ്രമേയം നല്‍കും
അതിനെ ആസ്പദമാക്കി സര്‍ഗാത്മക രചനകള്‍ നടത്തണം. അവ ഇങ്ങനെ പ്രദര്‍ശിപ്പിക്കും. തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കും.
 അച്ചടിച്ചവ ഫോട്ടോ സഹിതം ഇവിടെ പ്രകാശിപ്പിക്കും. കുട്ടികളെ സ്വതന്ത്ര രചയിതാക്കളാക്കുന്നതിനുളള മനോഹരമായ പ്രവര്‍ത്തനം.
ഒരേ കാര്യത്തോട് മറ്റുളളവര്‍ എങ്ങനെ പ്രതികരിച്ചു എന്നറിയാന്‍ വായന നടക്കും. എല്ലാവരും വായിക്കുമെന്നതിനാല്‍ വൃത്തിയായി എഴുതാന്‍ ശ്രമിക്കും.
അതെ വളരെ സാധ്യതയുളള പ്രവര്‍ത്തനമാണിത്. എന്നാല്‍ ലളിതവും.
നിരന്തര വിലയിരുത്തലിന്റെ പ്രായോഗികരൂപം.
പോര്‍ട്ട് ഫോളിയോയിലേക്ക് കനപ്പെട്ട ഇനങ്ങള്‍
എല്ലാ ക്ലാസുകാര്‍ക്കും അവസരം. ഉച്ചനേരം മികച്ച പ്രവര്‍ത്തനത്തിന്.



സ്വീറ്റ് 
ഇംഗ്ലീഷില്‍ കഥപറയാം. നിത്യവും അസംബ്ലിയില്‍ അധ്യാപകര്‍ കഥ പറയും. ഊഴമനുസരിച്ച് പാഠവായന . നല്കുന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ സ്വതന്ത്രരചന, ഭാഷാകേളികള്‍ ( അതിനായി സ്വന്തം പുസ്തകം തന്നെ തയ്യാറാക്കിയിട്ടുണ്ട്) . ഓരോ ദിവസവും കുട്ടികള്‍ ഉത്സാഹത്തോടെയാണ് ഇംഗ്ലീഷിനെ അ നുഭവിക്കുന്നത്.


‍ഞാന്‍ കോണിപ്പടി കയറുമ്പോള്‍ അസംബ്ലി പിരിഞ്ഞ് കുട്ടികള്‍ താഴേക്കിറങ്ങുകകയായിരുന്നു. ഒന്നാം ക്ലാസുകാരാണ് ആദ്യ വരവ്. മുന്നില്‍ വന്ന കരുന്നിന്റെ വശം ഒരു പേപ്പര്‍. ഞാനവനെ കോരി. എന്താമക്കളെ ഇത് . പേപ്പര്‍, എന്തിനാ? അസംബ്ലീല് വായിക്കാന്‍. എന്നെ ഒന്നു വായിച്ചു കേള്‍പ്പിക്കാമോ? അവന്‍ റെഡി. അരപ്പേജ് എഴുതിയിട്ടുണ്ട്. മൂപ്പരുടെ കൈയക്ഷരം തന്നെ. നല്ല ഒഴുക്കോടെ ഒരു വായന. മതി ഒന്നാം ക്ലാസിലെ കുട്ടി ഇങ്ങനെ വായിച്ചാല്‍ മതി.
നിരീക്ഷണ ഡയറി
പ്രകൃതിപാഠം. എല്ലാ കുട്ടികള്‍ക്കും ഡയറി. അതില്‍ പ്രകൃതി നിരീക്ഷണക്കുറിപ്പുകള്‍. ഓരോ മാസവും പ്രത്യേക ഊന്നല്‍ മേഖലകളുമുണ്ട്. പരിസ്ഥിതി പഠനത്തിന് പല വഴികളുണ്ട്. പുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നത് ശരിയായ പഠനമല്ല.
എല്ലാ ക്ലാസുകളിലും ഷെല്‍ഫുണ്ട്. ഒരു തട്ട് പഠനോപകരണങ്ങള്‍ക്ക് , മറ്റൊന്ന് ലൈബ്രറി. പഠനോല്പന്നങ്ങള്‍ സൂക്ഷിക്കാനാണ് ഇനിയൊന്ന്. എല്ലാത്തിനും മൂല്യമുണ്ട് . ഇടവുമുണ്ട്.
രണ്ടാം ക്ലാസില്‍ ചെന്നപ്പോള്‍ ഒരു ബോര്‍ഡ് . സംഖ്യാബോധവുമായി ബന്ധപ്പെട്ടതാണ്. ഈ വൈവിധ്യം ശ്രദ്ധിക്കണം. ഗണിതത്തോട് ഈ അധ്യാപിക എത്രമാത്രം അടുപ്പം കാട്ടുന്നുവെന്നതിന്റെ തെളിവ്
ഗണിതപാര്‍ക്കിന് ഒരു മുറി
നിറയെ പഠനോപകരണങ്ങള്‍, വാങ്ങിയതും നിര്‍മിച്ചവയും. കുട്ടിക്കസേരകള്‍ ഇട്ടിരിക്കുന്നു. അവിടെ വന്നിരുന്ന് ചെയ്തു പഠിക്കണം. ഞാന്‍ പ്രഥമാധ്യാപികയോട് ചോദിച്ചു. ഇത്രയും ഒക്കെ ഉണ്ടല്ലോ. അപ്പോള്‍ മറ്റു വിദ്യാലയങ്ങളേക്കാള്‍ ഗണിതത്തില്‍ മികവുണ്ടായിരിക്കണമല്ലോ
ഉണ്ട് സര്‍. ഞങ്ങളുടെ കുട്ടികള്‍ ഗണിതത്തിലും മുന്നിലാണ്. മറുപടി 
ഗണിതപാര്‍ക്കിലെ കാഴ്ചകള്‍ കാണൂ


മറ്റൊരു ക്ലാസ് ലൈബ്രറി ഇങ്ങനെ

അമ്മ വായന കണ്ടിട്ടുണ്ട് അധ്യാപകവായന പരസ്യപ്പെടുത്തി കാണുന്നത് ആദ്യം. വായിച്ച പുസ്തകങ്ങളാണ് ഓരോ ഇലയും അധ്യാപകര്‍ വായിച്ചവ വേര്‍തിരിച്ചറിയാനാണ് നിറ വ്യത്യാസം. വായിക്കുന്ന അധ്യാപകരും വായിക്കുന്ന രക്ഷിതാക്കളും വായിക്കുന്ന കുട്ടികളും വളരുന്ന വിദ്യാലയവും.
അമ്മക്കൂട്ട്
പത്ത് പതിനഞ്ച്  അമ്മമാര്‍ എല്ലാ തിങ്കളാഴ്ചയും വെളളിയാഴ്ചയും വിദ്യാലയത്തിലെത്തും. പത്തുമണി മുതല്‍ നാലുവരെ. നാലു ഗ്രൂപ്പാണ്. ഒരു ഗ്രൂപ്പിന് പൂന്തോട്ട പരിചരണം, മറ്റൊരു ഗ്രൂപ്പിന് കൃഷിനോട്ടം. പാചകച്ചുമതലയും സ്കൂള്‍ ശുചിത്വവും ഓരോരോ ഗ്രൂപ്പുകള്‍ ഏറ്റെടുക്കും. മറ്റു ദിവസങ്ങളില്‍ ഈ ജോലികള്‍ അധ്യാപകരും കുട്ടികളും ചെയ്യും. ബുധനാഴ്ച അധ്യാപകരുടെ ദിനമാണ്.
 ഞങ്ങള്‍ ചെല്ലുമ്പോള്‍ അടുക്കളയില്‍ നാരങ്ങവെളളം ഉണ്ടാക്കുകയും കറിക്കരികയുമാണ്. എല്ലാവരും ഉണ്ട്. ഇന്ന് സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാമിന്റെ ഭാഗമായി മറ്റൊരു വിദ്യാലയത്തില്‍ നിന്നും കുട്ടികളെത്തും അതിനാല്‍ എല്ലാവരും ഗ്രൂപ്പിനതീതമായി അടുക്കളയിലേക്ക് വന്നു.
 അമ്മമാരുടെ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. വലിയ ആവേശകരമായ മത്സരമാണ്. മക്കള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കും.
ഒന്നാം ക്ലാസിലെ മണല്‍ത്തടം . പലരും കൈയൊഴി‍ഞ്ഞ മട്ടാണ്. ഇവിടെ വലിയ ഒരു മണല്‍ത്തടം . സ്ഥലവിന്യാസത്തില്‍ അതീവ ശ്രദ്ധ. എല്ലാ പ്രമേയങ്ങളും പഠിപ്പിക്കാവുന്ന വിധമാണ് രൂപ കല്പന.

അര്‍ഹതയ്ക് അംഗീകാരം . ക്ലാസിലെ കുട്ടികള്‍ തിളങ്ങണം. അതിന് അവരുടെ കഴിവുകള്‍ കണ്ടെത്തണം. എല്ലാ ക്ലാസുകളിലും സ്റ്റാര്‍ ബോര്‍ഡുണ്ട്. കഴിവുയര്‍ത്താന്‍ ശ്രമിക്കുന്ന ക്ലാസിലേ ഇത്തരം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടൂ. നക്ഷത്രങ്ങളുടെ എണ്ണം എല്ലാ കുട്ടികളുടെ നേരെയും ഓരോ മാസവും കൂട്ടാന്‍ കഴി‍ഞ്ഞില്ലെങ്കില്‍ വിപരീത ഫലം ചെയ്തേക്കാം.

പഠനോപകരണസമൃദ്ധമാണ് ക്ലാസുകള്‍
കുട്ടികള്‍ക്ക് ലഭിച്ച കളിപ്പാട്ടങ്ങള്‍. കാറ്റുനില്‍ക്കാതായപ്പോള്‍ അവയും ക്ലാസിലേക്ക് കയറി.
ഇത് ഷിംമ്നയുടെ ചാര്‍ട്ടാണ്. അവള്‍ കാഴ്ചബംഗ്ലാവ് ഒരുക്കിയത് നോക്കുക. കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ നിര്‍മിച്ചു വരാനാകും. വീട്ടുകാരുടെ സഹായം വേണ്ടിവരും . എങ്കിലും വിലപ്പെട്ടത്.
അവരെത്തി ...... മന്ദലാംകുന്ന് GFUPS ലെ കുട്ടികള്‍
കടൽത്തീരത്തു നിന്നും പറന്നെത്തിയ പൂമ്പാറ്റകളെ പോലെ....
പൂന്തോട്ടത്തിലും ശലഭോദ്യാനത്തിലും ഔഷധത്തോട്ടത്തിലും പച്ചക്കറിത്തോട്ടത്തിലും അവർ പാറി നടന്നു... ഗണിതപാർക്കും ഓപ്പൺ ക്ലാസ് മുറിയും കണ്ട് അത്ഭുതപ്പെട്ടു.
 സ്കൂള്‍ ബസുണ്ട് . പ്രഥമാധ്യാപിക കാലത്തും വൈകിട്ടും ആ ബസില്‍ രക്ഷിതാക്കളെ കാണാന്‍ പുറപ്പെടും. നിത്യേന രക്ഷാകര്‍തൃസമ്പര്‍ക്കം. ജനപിന്തുണയോടെ അക്കാദമികത്തിളക്കത്തോടെ ഇരിങ്ങപ്പുറം സ്കൂള്‍

2 comments:

  1. എത്ര സുന്ദരമായ വിദ്യാലയം.fb യിലൂടെ വിദ്യാലയം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ .പ്രഥമാധ്യാപികയ്ക്കും സഹപ്രവർത്തകർക്കം കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ - ജൈവ വിദ്യാലയം

    ReplyDelete
  2. അക്കാദമിക പ്ലാന്‍ തയാറാക്കുന്ന ഈ ഘട്ടത്തില്‍ ഏറെ ഉപകാര പ്രദമായി ഈ പോസ്റ്റ്‌ .ഗണിത പാര്‍ക്കും അസംബ്ലിയിലെ ഇംഗ്ലീഷ് കഥ പറച്ചിലും മനോഹരം .ഒരു കൊച്ചു വസ്തു പോലും പഠന നേട്ടം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണം കൊണ്ട് ശ്രദ്ധേയ മാകുന്നു . ഈ മാതൃകയെ കൂടുതല്‍ വളര്‍ ത്തനാവുമോ എന്നതാവും ഞങ്ങളുടെ സ്കൂളിന്റെ അന്വേഷണം .അവിടെ സജീവമാകുന്ന എല്ലാവര്‍ക്കും കൂടുതല്‍ മികവു നിര്‍മ്മിക്കാന്‍ കഴിയട്ടെ .

    ReplyDelete

പ്രതികരിച്ചതിനു നന്ദി