Pages

Tuesday, July 23, 2019

ദിനാചരണങ്ങളിലെ വിദ്യാർഥി പക്ഷ സമീപനം

ചാന്ദ്രയാൻ വിക്ഷേപണത്തെക്കുറിച്ച് സ്കൂളിലെ നാൽപ്പതിനു മുകളിൽ (സയൻസ് ക്ലബ്ബ് അംഗങ്ങളായ ) വിദ്യാർഥികൾ മൾട്ടി മീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസെടുത്തുചാന്ദ്രയാന്റെ അപ്പോജിയെക്കുറിച്ചും പെരിജിയെക്കുറിച്ചും ആറാം ക്ലാസിലെ അനന്യ എത്ര സ്മാർട്ടായാണ്  ക്ലാസെടുത്തത്! സ്ക്കൂളിലെ നാൽപ്പതോളം ക്ലാസ് മുറികളിൽ ക്ലാസെടുത്ത ഓരോ ടീമിന്റെയും പ്രകടനം ഒന്നിനൊന്ന് മെച്ചമായിരുന്നു.

ദിനാചരണങ്ങൾ അധ്യാപക കേന്ദ്രിത പരിപാടിയായി മാറുന്നുണ്ടോ? അധ്യാപകർ തയ്യാറാക്കിയ ക്വിസ് പരിപാടി, അധ്യാപകർ ഒരുക്കുന്ന പ്രദർശനം, അധ്യാപകർ നയിക്കുന്ന ക്ലാസുകൾ.. കുട്ടികൾ സ്വീകർത്താക്കളായി മാത്രം മാറുന്നു.
സ്വയം പOന ശേഷി വികസിപ്പിക്കൽ, ആശയ വിനിമയ നൈപുണി പോഷിപ്പിക്കൽ, പൊതു സദസുകളെ അഭിസംബോധന ചെയ്യാനുള്ള കഴിവ് വളർത്തൽ എന്നിവ ലക്ഷ്യമാക്കി കുട്ടികളുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ സമീപിച്ചാലോ?
കേരളത്തിലെ ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തി ആയിരക്കണക്കിന് അധ്യാപകർക്ക് വിഭവ പിന്തുണ നൽകി മാതൃകാ പ്രവർത്തനം നടത്തുന്ന ഇല്യാസ് മാഷ്  സഹപ്രവർത്തകരോടൊപ്പം ഇവിടെ ദിനാചരണ പരിപാടികൾ കുട്ടികൾക്ക് മുഖ്യസ്ഥാനം ലഭിക്കു വിധം രൂപകൽപന ചെയ്യുകയായിരുന്നു
 അഭിമാനമായ ചന്ദ്രയാൻ-2 ന്റെ വിക്ഷേപണം വ്യത്യസ്തമായ പരിപാടികളോടെയാണ് മഞ്ചേരി ഗവ:ബോയ്സ് ഹൈസ്ക്കൂളിലെ ശാസ്ത്ര ക്ലബ്ബും സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്സും ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി മഞ്ചേരി പുതിയ ബസ്റ്റാന്റിൽ ശാസ്ത്ര ക്ലബ്ബ്, SPC എന്നിവയിൽ  അംഗങ്ങളായ  ജിത്ത്, മേധ, ഹരിപ്രിയ, നമിത എന്നീ വിദ്യാർഥികൾ  ചാന്ദ്രയാൻ-2 ദൗത്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കായി മൾട്ടിമീഡിയ സംവിധാനമുപയോഗിച്ച് ക്ലാസെടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. ഇതോടൊപ്പം സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ  രണ്ടംഗ ടീമുകളായി സ്ക്കൂളിലെ മുഴുവൻ ക്ലാസുകളിലും ചാന്ദ്രയാനെക്കുറിച്ച് മൾട്ടിമീഡിയ സംവിധാനങ്ങളുപയോഗിച്ച്  ക്ലാസെടുക്കുകയും വിക്ഷേപണത്തിന്റെ ലൈവ് വീഡിയോ,  പ്രൊജക്റ്റർ ഉപയോഗിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിനായി സയൻസ് ക്ലബ്ബിലെ 40 വിദ്യാർഥികൾ  ഒരാഴ്ച മുമ്പ് തന്നെ വിദഗ്ധരുമായി കൂടിയിരിക്കുയും രീതികൾ വികസിപ്പിക്കുകയും ചെയ്തിരുന്നു. സയൻസ് ക്ലബ്ബ് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്. സ്ക്കൂൾ സയൻസ് ക്ലബ്ബംഗങ്ങൾ സമീപത്തുള്ള വേട്ടേക്കോട് GUPS, സഭാ ഹാൾ GMLPS എന്നീ  വിദ്യാലയങ്ങളിലേക്കും കടന്നു ചെല്ലുകയും അവിടെയും ചാന്ദ്രയാനെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഇവർ സമീപത്തെ മറ്റു ചില വിദ്യാലയങ്ങളിലും ക്ലാസെടുക്കും.  ചാന്ദ്രയാൻ, മറ്റു ബഹിരാകാശ ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നൂറോളം പാനലുകളുടെ പ്രദർശനവും സ്ക്കൂളിലും ബസ്റ്റാന്റിലും  നടന്നു. ആരും ധൈര്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്യുവത്തിനടുത്ത് വാഹനമിറക്കാൻ ധൈര്യം കാണിച്ച ISRO യെ പ്രശംസിച്ചു കൊണ്ട് എസ്.പി.സി അംഗങ്ങൾ, സയൻസ് ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഒരു വലിയ ക്യാൻവാസിൽ സന്ദേശങ്ങളെഴുതി ഒപ്പിട്ട് അത് വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലേക്ക് അയച്ചു കൊടുത്തു. സ്ക്കൂളിനെയും നാടിനെയും മുഴുവൻ ചലിപ്പിച്ച ഒരു ആഘോഷമാണ് ചാന്ദ്രയാൻ-2 വിക്ഷേപണവുമായി ബന്ധപ്പെട്ട് സ്ക്കൂൾ നടത്തിയത്.
*ആധികാരിക സന്ദർഭം പ്രയോജനപ്പെടുത്തി കുട്ടികൾ ശാസ്ത്ര പ്രചാരക സംഘമായി മാറി.
*കുട്ടികളുടെ മികവ് സമൂഹത്തിന് ബോധ്യപ്പെടാൻ അവസരമൊരുക്കി
*കുട്ടികളിൽ ആത്മവിശ്വാസം വളർത്തി
*പൊതു സമൂഹത്തിനുള്ള ശാസ്ത്രാത്രാവബോധ കാമ്പെയിനായി മാറ്റി
*ശാസ്ത്ര പOനത്തിൽ സമൂഹബന്ധിത സാധ്യത കണ്ടെത്താൻ ശ്രമിച്ചു
*ഹൈടെക് രീതികളിൽ കുട്ടികളുടെ കൈയടക്കം ബോധ്യപ്പെടുത്താനായി
*വിദ്യാലയത്തെ വിഭവകേന്ദ്രമാക്കി സമീപത്തുള്ള വിദ്യാലയങ്ങൾക്ക് പിന്തുണ നൽകി.
വിദ്യാലയത്തിന് അഭിവാദ്യങ്ങൾ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി