Pages

Saturday, April 11, 2020

കൊറോണക്കാലത്തെ കേരളീയാനുഭവങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പാഠമാകണം


( കെ എസ് ടി എ തിരുവനന്തപുരം ജില്ലാക്കമ്മറ്റി 2020 April 11ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ ഞാന്‍അവതരിപ്പിച്ച ആശയങ്ങള്‍  )
1. അതിജീവനത്തിനായുളള ആസൂത്രണ സൂക്ഷ്മത.
എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുക എന്നത് പ്രധാനമാണ്. കുരങ്ങിനെയും തെരുവുനായയെയും വളര്‍ത്തുജീവികളെയും അതിഥിത്തൊഴിലാളികളെയും വീടുകളിലൊറ്റപ്പെട്ടവരെയും തെഴില്‍ വരുമാനം നഷ്ടപ്പെടുന്നവരെയും രോഗികളെയെല്ലാം പരിഗണിക്കുമ്പോള്‍ വൈവിധ്യത്തിനുളളിലെ ഓരോ വിഭാഗത്തെയും ഹൃത്തടത്തിനുളള്ളിലുറപ്പിക്കുകയായിരുന്നു, കരുതലോടെ സംരക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍. അവരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന ഈ കരുതലിന്റെ ഈ രാഷ്ട്രീയം എന്തുകൊണ്ട് ക്ലാസുകളിലും ആയിക്കൂടാ?
a) ആസൂത്രണവേളയില്‍ മുതല്‍ ഇതുപോലെ എല്ലാവരെയും പരിഗണിക്കുന്ന രീതിയാണു വേണ്ടത്. സമഗ്രാസൂത്രണത്തിലോ ദൈനംദിനാസൂത്രണത്തിലോ സവിശേഷതകള്‍ പരിഗണിച്ച് ചില കുട്ടികളെയെങ്കിലും പേരെടുത്തു സൂചിപ്പിക്കുന്ന പ്രവര്‍ത്തന വഴക്കത്തിനായുളള ചിന്ത പ്രതിഫലിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നാം ഇനിയും അതിജീവനത്തിനായുളള ബോധനശാസ്ത്രം പുറത്തെടുത്തിട്ടില്ല എന്ന് തിരിച്ചറിയണം.
b) ഇത്തരം ഒരു ഇടപടെല്‍ നടക്കണമെങ്കില്‍ ക്ലാസ് അടിസ്ഥാനത്തില്‍ ഓരോ കുട്ടിയുടെയും ശക്തിദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്യുന്നതും പിന്തുണാതലങ്ങള്‍ വ്യക്തമാക്കുന്നതുമായ വ്യക്തിഗത വിദ്യാഭ്യാസ വികസനപദ്ധതി ആവശ്യമായി വരും. തയ്യാറുണ്ടോ അത്തരം ധീരമായ മുന്നിട്ടറക്കത്തിന്?
c) ഓരോ കുട്ടിയുടെയും അടിസ്ഥാന ശേഷീ വികസനം ഉറപ്പാക്കുക എന്നത് ആദ്യപരിഗണയല്ലാത്ത ഒരു ക്ലാസ്മുറിയും വിദ്യാലയവും കേരളത്തിന്റെ വികസനസംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ല. അതിനാല്‍ എങ്ങനെ അതുറപ്പാക്കി ഉയര്‍ന്ന ശേഷീവികസനത്തിലേക്കുളള പടവുകള്‍ കയറാം എന്ന് ആലോചിക്കണം.
d) പല മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായിത്തന്നെ മലയാളത്തിളക്കം പരിപാടിയുടെ പരിഷ്കരിച്ച രൂപം അധ്യാപകൂട്ടായ്മകള്‍ രക്ഷിതാക്കളെ പങ്കാളികളാക്കി ചെയ്യുന്നുണ്ട്. എന്റെ മലയാളം നല്ല മലയാളം എന്ന ആ പരിപാടിയില്‍‍ ആയിരത്തോളം കുട്ടികളാണ് രജിസ്ററര്‍ ചെയ്തത്. കേരളത്തിലെ നൂറ് അധ്യാപകര്‍ കഴിഞ്ഞ പത്തു ദിവസമായി മെന്റര്‍മാരായി പ്രവര്‍ത്തിച്ചു. ഞാനും ആ പരിപാടിയില്‍ പങ്കാളിയായി. ഓരോ ദിവസവും കുട്ടികള്‍ പുരോഗമിച്ചു. രക്ഷിതാക്കള്‍ക്ക് ആനന്ദം. സംതൃപ്തി.
e) തീവ്രമായി ആഗ്രഹിച്ചാല്‍ നടക്കാത്തതൊന്നുമില്ല. എല്ലാ കുട്ടികളും നമ്മുടെ സ്വന്തം കുട്ടികളല്ലേ? നാം എങ്ങനെ കേരളീയരായിരിക്കുന്നുവോ അതിനേക്കാള്‍ ഏറെ കേരളീയരാണ് പ്രവാസിമലയാളികള്‍ എന്ന് പറയുമ്പോള്‍ തിളങ്ങുന്ന നാം എന്ന ബോധം ഉണ്ടല്ലോ, അതെ നാം എന്ന വാക്കിന്നാഴം ഏറെ. നമ്മുടേത് എന്റെ കൂടിയാണ്. അതിനാല്‍ സഹരക്ഷിതാവ് എന്ന വാക്ക് ഏറ്റെടുക്കുക.
2.ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശമാണ് കേരളത്തില്‍ നാം ഉയര്‍ത്തിപ്പിടിച്ചത്. അലംഭാവം കാട്ടിയ അമേരിക്കയും ഇറ്റലിയും നമ്മുടെ മുന്നിലുണ്ട്. അമിതമായ ലാഘവബുദ്ധി. കാര്യങ്ങളൊക്കെ അത്രയ്കങ്ങ് കൈവിട്ടു പോകില്ല എന്ന മനോഭാവം. ലോകം മുന്നോട്ടുവെച്ച മാര്‍ർഗനിര്‍ദേശങ്ങളെ അവഗണിക്കല്‍. ഒടുവില്‍ വലിയ വിലകൊടുക്കുകയാണ് ആ ജനത. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതുപോലെ ചെയ്യണം. വൈകിപ്പോയിട്ടും വൈകിപ്പിച്ചിട്ടും കാര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഈ ജാഗ്രതാസംസ്കാരം അവരവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍. അധ്യാപകരെ സംബന്ധിച്ചിടത്തോളം ക്ലാസിനകത്തും വിദ്യാലയത്തിനകത്തും എങ്ങനെ പ്രതിഫലിപ്പിക്കാം എന്നാലോചിക്കേണ്ടതുണ്ട്. ഒരാള്‍ പോലും കൈവിട്ടുപോകില്ല എന്നതാണ് അതിന്റെ ഫലം. ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്ന കെയ്സുകളില്‍പോലും വിജയം ഉറപ്പാണ്. ജാഗ്രതയുടെ ഭാഗമായ സൂക്ഷ്മ വിശകലനപാടവം ഉണ്ടാകണമെന്നു മാത്രം.
3. പ്രതിദിനമോണിറ്ററിംഗ് - മുഖ്യമന്ത്രിയുടെ നിത്യേനയുളള വാര്‍ത്താസമ്മേളനം കണ്ടിട്ടുണ്ടാകും. അതിന് ഒരു ക്രമമുണ്ട്. അജണ്ടകല്‍ ഓരോന്നായി എടുക്കും. അവസ്ഥ വിശകലനം ചെയ്യും. ഇടപെടല്‍ എങ്ങനെയെന്നു വ്യക്തമാക്കും. അതനുസരിച്ച് അടുത്ത ദിവസം മുതല്‍ കാര്യങ്ങള്‍ നടക്കുകയാണ്. ഇങ്ങനെ സമഗ്രമായാണ് കാര്യങ്ങള്‍ വിലയിരുത്തേണ്ടത്, മോണിറ്റര്‍ ചെയ്യേണ്ടത് എന്നു കേരളസമൂഹം തിരിച്ചറിയുകയാണ്. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത് കൃത്യമായി അതത് ദിവസം നിര്‍വഹിച്ചതിനു ശേഷം കേരളത്തിലെ മുക്കിനും മൂലയിലും വരെയുളള കാര്യങ്ങള്‍ വിശകലനം ചെയ്ത് വേണ്ടത്ര ഹോം വര്‍ക്ക് നടത്തിയാണ് മുഖ്യമന്ത്രിയുടെ വരവ്. ഒരു കാര്യശേഷിയുളള പ്രഥമാധ്യാപക സങ്കല്പത്തെയാണ് മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നത്. മോണിറ്ററിംഗ് കാര്യമായി നടത്തണമെങ്കില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും ലക്ഷ്യത്തെക്കുറിച്ച് കൃത്യതയും വേണം. പ്രശ്നപരിഹരണ നൈപുണിയും കൂട്ടായ്മാബോധവും വേണം. അംഗീകരിക്കാനും അഭിനന്ദിക്കാനും പ്രതീക്ഷ നല്‍കാനും കഴിവുണ്ടാകണം. ഒരൊറ്റ മനസാണെല്ലാവരും എന്ന ബോധം വാക്കിലും പ്രവൃത്തിയിലും നിറയണം. നമ്മുടെ എസ് ആര്‍ ജി മീറ്റിംഗുകളെ ഈ തലത്തിലേക്ക് ഉയര്‍ത്താനുളള ആലോചന നടക്കണം. സമഗ്രതയോടെ കാര്യങ്ങളെ കാണലും വിശകലനപാടവവും ജനാധിപത്യ സമീപനവും പ്രശ്നപരിഹണതീരുമാനങ്ങളും നടത്തണമെങ്കില്‍ ശുഭാപ്തിവിശ്വാസി ആകുകയും വേണം. നമ്മുടെ വിദ്യാലയത്തില്‍ ക്ലാസ് പി ടി എ നടത്തുമ്പോഴും അധ്യാപകര്‍ക്ക് ഈ മാതൃക സ്വീകരിക്കാം.
4. സര്‍ഗാത്മകമായ പ്രതികരണം-
കൊറോണക്കാലത്ത് സര്‍ഗാത്മകമായി പ്രതികരിച്ചവരെത്രയാണ്? പോലീസുകാരുടെ കൈകഴുകലിനുളള ബോധവത്കരണ പരിപാടി ലോകശ്രദ്ധ പിടിച്ചു പറ്റി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യുവജനങ്ങള്‍ക്കുമായി വ്യത്യസ്തവും നൂതനവുമായ നിരവധി ഓണ്‍ലൈന്‍ പരിപാടികള്‍ കേരളത്തിലങ്ങോളമിങ്ങോളം ആവിഷ്കരിക്കപ്പെട്ടു. ഇതു സൂചിപ്പിക്കുന്നത് ഓരോ പ്രശ്നസന്ദര്‍ഭത്തിലും പുതിയ രീതിയില്‍ അവയെ അഭിസംബോധന ചെയ്യാനുളള സര്‍ഗാത്മകത മനുഷ്യരിലുണ്ടെന്നതാണ്. എല്ലാവരിലുമുണ്ട്. അതിനാല്‍ത്തന്നെ അക്കാദമിക പ്രശ്നങ്ങള്‍ക്കും മുകളില്‍ നിന്നും ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിച്ചിരിക്കാതെ സര്‍ഗാത്മകമായി പ്രതികരിക്കാനാണ് ശ്രമിക്കേണ്ടത്. ക്രിയാത്മകമായി ചിന്തിക്കൂ. പൂതിയ ഉത്തരം തേടൂ. അത് തനിമയുളളതാകട്ടെ. സ്വന്തം ക്ലാസിന്റെയും കുട്ടികളുടെയും സവിശേഷതകള്‍ പരിഗണിച്ച് അയവുളള പരിപാടികള്‍. സര്‍ഗാത്മകതയുടെ സവിശേഷതകളായി പറഞ്ഞിട്ടുളളത് നൂതനത്വം, തനിമ, ആശയങ്ങളുടെ വൈവിധ്യം, വഴക്കം, ആശയങ്ങളുടെ ഒഴുക്ക് എന്നിവയാണല്ലോ. പ്രശ്നത്തെ മനസില്‍ ഏറ്റെടുക്കാതെ അന്വേഷത്തിന്റെ വാതില്‍ തുറക്കില്ല. മനസ് അസ്വസ്ഥപ്പെടണം. കുട്ടികള്‍ക്കുവേണ്ടിയുളള അക്കാദമിക അസ്വസ്ഥത പുതിയ പ്രശ്നപരിഹരണമാര്‍ഗങ്ങള്‍ ഉരുത്തിരിയാന്‍ സഹായിക്കും. നിങ്ങളില്‍ ആശയമുണ്ട്. നിങ്ങളും സൃഷ്ടാവാണ്. കൂട്ടായ ആലോചനയും ഫലം ചെയ്യും. ആരു മുന്നിട്ടിറങ്ങും ? ഉയര്‍ന്ന സാമൂഹികബോധമുളളവര്‍ എന്നാണ് മറുപടി. അതാരാണ്? നിങ്ങള്‍ക്ക് നിങ്ങളില്‍ സംശയമുണ്ടോ? ഇല്ലെങ്കില്‍ അടിസ്ഥാനശേഷി ( അതിന്റെ നിര്‍വചനപരിധിയിലെന്തെല്ലാം എന്നു തീരുമാനിക്കണം ) ഉറപ്പാക്കാനുളള സര്‍ഗാത്മകമായ അന്വേഷണം സ്വന്തം നിലയ്ക് ഏറ്റെടുക്കുക. തരൂ തരൂ എന്ന് പറഞ്ഞിരിക്കുകയല്ല ഉത്തരം
5 കേരളം കാട്ടിയ പ്രതിബദ്ധത- കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശി രേഷ്മ മോഹൻദാസ് . കൊവിഡിനെ തോൽപ്പിക്കാൻ താൻ വീണ്ടുമെത്തുമെന്ന പ്രഖ്യാപനത്തോടെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. ഈ ഇച്ഛാശക്തിയും കര്‍മോത്സുകതയും നമ്മുക്ക് പാഠമാകണം. കേരളം നേരിടുന്ന ഒരു പ്രതിസന്ധിയെ സംമ്പൂര്‍ണമായും തുടച്ചു നീക്കാനുളള സമരരംഗത്താണ് ഞാനെന്ന ബോധ്യമുളള വിപ്ലവകാരിയാണ് ഈ നേഴ്സ്. സ്വന്തം പ്രവര്‍ത്തനമേഖലയിലെ വിപ്ലവാത്മക പ്രവര്‍ത്തനമാണത്. പോരാടുകയാണ് കേവലം ഉപജീവനത്തിനുളള തൊഴിലെടുക്കുകയല്ല എന്ന തിരിച്ചറിവാണ് ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. എന്തെ നമ്മുക്കും അക്കാദമിക പോരാട്ടത്തിന്റെ പതാക സ്വന്തം പ്രവര്‍ത്തനതലത്തില്‍ സാധ്യമല്ലേ?അങ്ങനെ ചെയ്താല്‍ ഓരോ കുട്ടിയും ഇടറാതെ നോക്കും. ഇടര്‍ച്ചകള്‍ നമ്മുടെ സൃഷ്ടികൂടിയാണ്. കുട്ടിക്ക് സഹജമായി ലഭിച്ചതല്ല. അതിജീവനശേഷിയാണ് ഓരോ കുട്ടിക്കുമുളളത്. ഓരോ കുട്ടിക്കും അനുയോജ്യമായരീതി കണ്ടെത്താനും വികസിപ്പിക്കാനും ഞാന്‍ പരാജയപ്പെടുന്നുണ്ട് എന്ന നോവ് അക്കാദമിക സമരരംഗത്തുളളവര്‍ക്കുണ്ടാകണം 

അനുബന്ധം 


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി