Pages

Wednesday, April 15, 2020

ശാസ്ത്രാധ്യാപനം ശാസ്ത്രീയമാകണ്ടേ?


( ഇന്ന് മൂന്നാംദിന ഓണ്‍ ലൈന്‍ ചര്‍ച്ചയായിരുന്നു. വാട്സാപ്പില്‍ നിന്നും
ടെലിഗ്രാമിലേക്ക് ചര്‍ച്ചാവേദി മാറ്റി. കെ എസ് ടി എ തിരുവനന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമില്‍ ഇതരജില്ലകളിലെയും സുഹൃത്തുക്കള്‍ പങ്കാളികളായി. ശാസ്ത്രപഠനമായിരുന്നു ഇന്നത്തെ ചര്‍ച്ചാ വിഷയം . ഞാന്‍ പങ്കിട്ട കാര്യങ്ങളാണ് ചുവടെ)
"കാലത്തെ നിയന്ത്രിക്കാന്‍ ചങ്കിലെപ്പത തുപ്പി കുതികൊളളുന്ന ശാസ്ത്ര"ത്തെക്കുറിച്ച് മലയാളത്തിലെ ഒരു കവി പാടിയിരുന്നു. ശാസ്ത്രം മാനവപ്രയാണത്തിന് നല്‍കിയ ഊര്‍ജമാണ് ഇന്നത്തെ ലോകത്തെ ഈ വിധമാക്കിയത്. ശാസ്ത്രത്തെ ജനപക്ഷത്തു നിന്നു നോക്കിക്കാണുന്ന ശാസ്ത്രാധ്യാപകരുടെ സംഘം കണ്ണിലെണ്ണയൊഴിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ അഭിലഷണീയമായ ലോകം രൂപപ്പെടുകയുളളൂ. അതിനാല്‍ ഏറെ പ്രാധാന്യത്തോടെ ശാസ്ത്രപഠനത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. “'ഇന്നലെകളില്‍'‍ നിന്നും കാല്‍ വലി'ച്ചിന്നി'ല്‍ കുത്തി മുന്നിലെ വാതായനം തുറക്കാന്‍ നില്‍ക്കും നമ്മള്‍" എന്ന ധാരണയോടെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
) ശാസ്ത്രത്തെ വിശ്വാസത്തിന്റെ രീതിയില്‍ പഠിപ്പിക്കരുത്.
  • ഞാന്‍ തിരുവനന്തപുരത്ത് വളരെ പ്രസിദ്ധമായ ഒരു സ്ഥാപനത്തിന്റെ മുറ്റത്ത് കുപ്പിയില്‍ നീലവെളളം കലക്കി വെച്ചിരിക്കുന്നതു കണ്ടു. ഇടതുപക്ഷമനസുളളവരുടെ സ്ഥാപനമാണ്. ആരാണ് ഇതിവിടെ വെച്ചത് എന്ന ചോദ്യത്തിന് സ്റ്റാഫാാരെങ്കിലും ആകും എന്നു് അലസമായ ഉത്തരം. അത്ര നിസാരമാണോ ഈ സംഗതി?
നാടുനീളെ നീലവെളളം കലക്കി വെച്ച കുപ്പികള്‍ വീട്ടുമുറ്റങ്ങളില്‍, സ്കൂളിന്റെ കവാടങ്ങളില്‍ സ്ഥാനം പിടിക്കുന്നു
പേപ്പട്ടികളെ ഒഴിവാക്കാനാണത്രേ!
ചോദ്യം-ഇത് ശാസ്ത്രമാണോ അന്ധവിശ്വാസമാണോ?
അപകടമില്ലാത്ത ഒരു പ്രവര്‍ത്തനമല്ലെ ഫലം കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന മനോഭാവമാണോ? അത്തരം മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കണോ?
എങ്ങനെയാണ് ഇക്കാര്യത്തില്‍ ശാസ്ത്രീയ നിലപാട് എടുക്കുക?
അതിനുളള ഒരു പരീക്ഷണാത്മക പ്രവര്‍ത്തനം രൂപകല്പന ചെയ്യാമോ?
ഈ പ്രശ്നം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ശരിക്കും നായക്ക് മനുഷ്യരെ പോലെ എല്ലാ നിറങ്ങളും തിരിച്ചറിയുമോ? ഏതൊക്കെ നിറങ്ങള്‍ അതിന് തിരിച്ചറിയാം? നിറങ്ങള്‍ തിരിച്ചറിയുന്നതിന് സഹായകമായ നേത്രഘടന മനുഷ്യനും നായയ്കും ഒരു പോലെയാണോ?
ഘ്രാണശക്തി ഏറെ പ്രയോജനപ്പെടുത്ത മൃഗമാണ് നായ. അതിന് കാഴ്ചാപരമിതിയുണ്ടാകുുമോ? ( എല്ലാ വര്‍ണങ്ങളും തിരിച്ചറിയാനുളള കഴിവില്ലായ്മ?) ഒരു പ്രശ്നം ഒത്തിരി കാര്യങ്ങളിലേക്ക് വിജ്ഞാനത്തിന്റെ അന്വേഷണവാതില്‍ തുറന്നിടുമ്പോള്‍ സിലബസിലില്ലെന്ന കാരണത്താല്‍ തടയപ്പെടുന്നുണ്ടോ? ശാസ്ത്രാഭിരുചിയുളള കുട്ടികളെപ്പോലും?
ചുറ്റുപാടും കാണുന്നതിനെ ഒന്നും ശാസ്ത്രീയമായി സമീപിക്കാതെ പാഠപുസ്തകത്തിലെ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ ശരിക്കും ശാസ്ത്രാധ്യാപകരല്ല. മറിച്ച് ശാസ്ത്രവിജ്ഞാനം കോരിക്കൊടുക്കുന്നവരാണ്.
ബി ) ചോദ്യങ്ങളുന്നയിക്കല്‍
ഒരിക്കല്‍ വി എസ് ബിന്ദുടീച്ചര്‍ ക്ലാസില്‍ മത്സ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുകയാണ്. വെളളത്തില്‍ ജീവിക്കാനുളള അനുകൂലനമാണ് ചര്‍ച്ചാ വിഷയം. മത്സ്യങ്ങള്‍ക്ക് ശ്വാസകോശമില്ല എന്ന് പറഞ്ഞപ്പോള്‍ കുട്ടി ചോദിച്ചു മത്സ്യങ്ങള്‍ക്ക് ഹൃദയമുണ്ടോ? എല്ലാവരും അത് ഏറ്റു പിടിച്ചു. എവിടെയാ ടീച്ചോറേ ഹൃദയം ? മീന്‍ മുറിക്കുമ്പോഴൊന്നും കണ്ടിട്ടില്ലല്ലോ. ഇതാണ് നല്ല ചോദ്യം. ടീച്ചര്‍ ആലോചിച്ചത് ഇത്രനാളും പഠിപ്പിച്ചിട്ടും ഇത്തരമൊരു സംശയം എന്നിലുണ്ടാകാഞ്ഞത് എന്തുകൊണ്ടാണെന്നാണ്. ടീച്ചര്‍ എന്നെ ക്ലാസില്‍ നിന്നും വിളിച്ചു. കുട്ടികളെ ബോധ്യപ്പെടുത്തണം. കേവല യുക്തി പോര. ഞാന്‍ യൂട്യൂബ് പരതി. ക്ലാസ് അവസാനിക്കുമുമ്പ് വീഡിയോ ക്ലാസിലേക്ക് അയച്ചുകൊടുത്തു. ഹൃദയമുണ്ടോ ഇല്ലയോ എന്നു കുട്ടികള്‍ നേരില്‍ കാണട്ടെ. ( ഇത് മുമ്പൊരു ലക്കത്തില്‍ പരാമര്‍ശിച്ച സംഭവമാണ്)
ക്ലാസിലെ സംശയങ്ങള്‍ക്ക് ബോധ്യപ്പെടുന്ന മറുപടി ലഭ്യമാക്കാനുളള ടീച്ചറുടെയും കുട്ടികളുടെയും അന്വേഷണവും പ്രധാനമാണ്.
  • ചെതുമ്പലുകള്‍ അനുകൂലനമാണെന്നു പറയുമ്പോള്‍ ചെതുമ്പലില്ലാത്ത മത്സ്യത്തിനോ എന്നു ചോദിക്കണ്ടേ?
  • മത്സ്യങ്ങളുടെ ചിറകുകള്‍ സഞ്ചാരത്തിന് സഹായകമാണെന്ന് പറയുമ്പോള്‍ ഓരോ ചിറകും എങ്ങനെ സഹായിക്കുന്നുവെന്നു കാണണ്ടേ?
  • മത്സ്യം പിറകോട്ട് സഞ്ചരിക്കുമോ?
  • വേഗതയില്‍ പോകുന്ന മത്സ്യത്തിന് പെട്ടെന്നു നില്‍ക്കണമെന്നു തോന്നിയാല്‍ വെളളത്തില്‍ ബ്രേക്ക് പിടിക്കാന്‍ സാധിക്കുമോ? ഏതു ചിറക് സഹായിക്കും?
  • മത്സ്യത്തിന്റെ നീളവും വേഗതയും തമ്മില്‍ ബന്ധമുണ്ടോ?
  • ശ്വസിക്കുക എന്ന വാക്കും കുട്ടികള്‍ക്ക് പ്രശ്നമാണ്. ചെകിളപ്പൂക്കളുടെ അടുത്ത് വായുകുമിള വരച്ചു വെച്ച കുട്ടികളുണ്ട്. ആഗിരണം ചെയ്യല്‍ വലിച്ചെടുക്കല്‍ എന്നൊക്കെ പറഞ്ഞാലും ശാസ്ത്രീയ അറിവാകുന്നില്ല.
  • മത്സ്യം പൊങ്ങുകയും താഴുകയും ചെയ്യുന്നതെന്തുകൊണ്ട് എന്നാണ് ഒരാളുടെ ചോദ്യം?
അതെ ചോദ്യങ്ങളുന്നയിക്കപ്പെടുന്ന രീതിയിലേക്ക് സമീപനം മാറാതെ ശാസ്ത്രം പഠിപ്പിക്കുന്നതിലര്‍ഥമില്ല
അടുത്തിടെ കണ്ണൂരുളള നവചേതന ഗ്രന്ഥാലയം ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചു. ഒരു വിഷയത്തെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുണ്ടാകം അതിനു മുമ്പ് കുട്ടികള്‍ ആ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിക്കണം.
പെന്‍സില്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട എഴപതോളം ചോദ്യങ്ങള്‍ വന്നു
ചിലത് നോക്കുക. നിങ്ങള്‍ക്ക് ശരിക്കും ഉത്തരമറിയാമോ?
1.പെൻസിൽ എന്നാ പേര് എങ്ങനെ വന്നു? (Vaiga laxmi. 2 std. KV)
2.എഴുത്താണിയിൽ നിന്ന് പെൻസിലിലേക്കുള്ള മാറ്റം ഏതു കാലഘട്ടത്തിൽ ആയിരിന്നു? (
ഗോപിക. 7th ഇടക്കേപ്പുറം up)
3.പെൻസിൽ കണ്ടുപിടിച്ചത് ഏത് കാലഘട്ടത്തിലാണ്?(അനുപ്രിയ പ്രമോദ് ,ഏഴാം ക്ലാസ്, GGVHSS Cherukunnu)
4.പെൻസിൽ കണ്ടുപിടിച്ചത് എങ്ങിനെയാണ് (Sneha Priya V.k)
5.എന്ത് കൊണ്ടാണ് ചെറിയ ക്ലാസ്സുകളിൽ പെൻസിൽ ഉപയോഗിച്ച് എഴുതുന്നത്?( Nishal krishna ,2 std)
6.പെന്‍സില്‍ വച്ച് എഴുതുന്നത് റബ്ബര്‍ വച്ച് മായ്ക്കാന്‍ പറ്റുന്നത് എന്ത്കൊണ്ടാണ്?(Ayush Shankar 5th std,Morazha Central A.U.P School)
7. പെന്‍സിലിന്‍റെ കറുത്ത മുന എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്?അത് ചിലപ്പോള്‍ ഒടിയുന്നതെന്താണ്?
8. പെൻസിൽ ഉണ്ടാക്കാൻ വേണ്ടുന്ന വസ്തുക്കൾ എന്തെല്ലാം? (Thanay. P. C,4 std,KEUPS kanaapuram)
8.പെൻസിലിന്റെ മുകളിൽ അതിന്റെ കാഠിന്യത്തെ സൂചിപ്പിക്കുന്നതിനായി വിവിധ അടയാളപ്പെടുത്തലുകൾ കാണാം. എന്താണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത് ?കീർത്തി. ടി (7 Std., GGVHSS Cherukunnu)
9.HB, HB=2, 6B, 10B ഇങ്ങനെ പെൻസിലിനെ വേർതിരിക്കുന്നത് എന്തിന്? (Thanmaya. M 4th kklp)
10.പെൻസിൽ ഏതൊക്കെ മരങ്ങൾ കൊണ്ടു ഉണ്ടാക്കാം? (Prayaga. T,7th GGVHSS ,herukunnu
11. ചിത്രം വരയ്ക്കുന്നതിന് അനുയോജ്യമായ പെൻസിൽ ഏത്?(Hridya Hari ,6 th std,G.G.V.H.S.S Cherukunnu)
12..Writing pencilukallam ekadesam ore neelamanallo. Enthukondu? (Pranav ,
7th std St. Bakhita)
13. പെൻസിൽ മരം കൊണ്ടല്ലാതെ ഉണ്ടാക്കാൻ സാധിക്കുമോ (ആദിത്ത്. M. V,6, കണ്ണപുരം ഈസ്റ്റ്‌ u.P scool
14..ഏതെല്ലാം രീതിയിലുള്ള പെന്‍സിലുകളുണ്ട് (അനുഗ്രഹ്.T.V.Class 6 , ഇരിണാവ് UP School
15. Pencil veettil vachu nirmikkan eluppamaano?Athinte saadyatha ethramaathram? (Aishwarya M T,+1,Gbhss cherukunn
കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്നും പാഠവും പാഠ്യപദ്ധതിയും രൂപപ്പെടുത്താനുളള പ്രക്രിയ ആലോചിക്കണം( വിശദാംശങ്ങള്‍ക്ക് കഴിഞ്ഞ മാസത്തെ ബ്ലോഗ് പോസ്റ്റ് നോക്കുക)
അവര്‍ അതിരുവിട്ട് ചോദിക്കട്ടെ. അതിരില്ലാത്ത അറിവിലേക്ക് കുതിക്കട്ടെ.
എന്തുകൊണ്ട്? എങ്ങനെ? എന്നീ ചോദ്യങ്ങളുടെ തൂക്കം വലുതാണ്.
ടീച്ചിംഗ് മാന്വല്‍ എഴുതുമ്പോള്‍ തലേദിവസം ചോദ്യം ഉണ്ടാക്കി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇടാന്‍ കൂടി നിര്‍ദേശിക്കുന്ന തരത്തില്‍ ആലോചന ആകാം.
കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്നും ക്ലാസ് ആരംഭിക്കുകയും ആകാം.
സി ) വിമര്‍ശാവബോധവും ശാസ്ത്രീയയുക്തി ചിന്തയും
രണ്ടു മാസം മുമ്പ് എറണാകുളത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഒരു ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അപ്പോള്‍ ഞാനവരോട് ചോദിച്ചു. ടി വിയില്‍ പരസ്യം കാണുന്നു. ടൂത്ത് ബ്രഷുകളുടേതാണ്. ചിസ പരസ്യങ്ങളില്‍ ബ്രഷ് നാരുകളുടെ ഉപരിതലത്തിലെ കുന്നുപോലെയുളള ഉയര്‍ച്ച താഴ്ചകളാണ് ഹൈ ലൈറ്റ് ചെയ്യുന്നത്. ചിലതിലാകട്ടെ ബ്രഷിന്റെ തലപ്പിന്റെ വഴക്കവും. ഏതാണ് ഞാന്‍ തെര‍ഞ്ഞെടുക്കേണ്ടത്? തെരഞ്ഞെടുപ്പിന്റെ സമയത്ത് എന്ത് ശാസ്ത്രീയമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണം? അത് പരസ്യക്കാരന്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങലാണോ വേണ്ടത്?? ഇവിടെ ശാസ്ത്രീയയുക്തി ചിന്തയും വിമര്‍ശനാവബോധവുമുളളയാള്‍ വെറുതേയിരിക്കില്ല. യു പി ക്ലാസില്‍ ദന്ത സംരക്ഷണത്തെക്കുറിച്ച് പാഠമുണ്ട്. അപ്പോള്‍ ഇതൊന്നും ചര്‍ച്ചയാകുകയുമില്ല.അവരില്‍ നിന്നും കൃത്യമായ ഉത്തരം കിട്ടാഞ്ഞതിനാല്‍ ഞാന്‍ നെറ്റ് റഫര്‍ ചെയ്തു. അമേരിക്കന്‍ ദന്തല്‍ അസോസിയേഷന്റെ സൈറ്റിലും ‍ പോയി. അതാണല്ലോ അന്വേഷണ പഠനം. ചില പരസ്യങ്ങളുടെ കാര്യത്തില്‍ എനിക്ക് തീരുമാനത്തിലെത്താന്‍ ഇതു സഹായകമായി. പറഞ്ഞുവരുന്നത് വിമര്‍ശനാബോധത്തോടെ കാര്യങ്ങളെ സമീപിക്കാനുളള മനസ് രൂപപ്പെടുത്തേണ്ടത് ശാസ്ത്ര ക്ലാസുകളിലാണ്. ചോദ്യം ചോദിക്കുന്നതു പോലെ പ്രധാനമാണ് ചോദ്യം ചെയ്യലും. ആരു പറഞ്ഞു എന്നതിനല്ല ഊന്നല്‍ എന്ന് കുട്ടിക്ക് മനസിലാകണം. എന്തു പറഞ്ഞു എന്നതിനേക്കാളും എന്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു എന്നതാണ് ചിന്തിക്കേണ്ടത്
ഡി ) അഞ്ച് ഇ
കത്താന്‍ സഹായിക്കുന്ന വാതകമാണ് ഓക്സിജന്‍. തീ കെടാന്‍ സഹായിക്കുന്ന വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്.
ഉച്ഛ്വസിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്ക് പോകുന്നു.
ചുണ്ണാമ്പു വെളളത്തില്‍ ഊതുമ്പോള്‍ പാല്‍ നിറമാകുന്നത് ഊതുന്ന വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡായതിനാലാണ്
ഈ വിവരമുളള കുട്ടിയോട് പക്ഷേ, "മക്കളേ അമ്മ അടുപ്പില്‍ ഊതുമ്പോള്‍ തീ കത്തുന്നുണ്ടല്ലോ, ശരിക്കും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചെന്നാല്‍ തീ കെടേണ്ടതല്ലേ?” എന്ന സംശയചോദ്യം ഉന്നയിച്ചപ്പോള്‍ കുട്ടിക്ക് ആകെ കണ്‍ഫ്യൂഷനായി. യുക്തിപൂര്‍വം ശാസ്ത്രീയധാരണകള്‍ വെച്ച് വിശകലനം ചെയ്യാനുളള അവസരം ലഭിക്കാത്തത് കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്? നമ്മുടെ ശാസ്ത്രപഠനരീതി അത്തരം സാധ്യതകള്‍ തുറന്നിടുന്നുണ്ടോ?
ഒരു പഠനപ്രശ്നത്തിന് പല ഉത്തരസാധ്യതകള്‍ പറയുകയും അവയെ പരികല്പനകളാക്കി അന്വേഷണത്തിലേക്ക് പോകവുകയുമാണോ ശരിക്കും നടക്കുന്നത്?
ഉളളടക്കം- പഠനപ്രശ്നാനുഭവം- അന്വേഷണപഠനരീതി- വിജ്ഞാനനിര്‍മിതി -തുടരന്വേഷണപ്രശ്നം എന്ന ചാക്രികമായ രീതിയില്‍ രൂപകല്പന ചെയ്തതാണോ നമ്മുടെ ശാസ്ത്രപാഠ്യപദ്ധതി?
ശാസ്ത്രപഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് Engage, Explore, Explain, Elaborate and Evaluate. എന്നിവ എന്ന് അധ്യാപകസഹായിയില്‍ സൂചിപ്പിക്കുന്നു. പക്ഷേ പഠനപ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ ഈ ഘട്ടങ്ങള്‍ പാലിക്കുന്നില്ല. ഏറ്റെടുക്കാനും അന്വേഷിക്കാനും അന്വേഷിച്ചു കണ്ടെത്തിയവയെ വിശദീകരിക്കാനും വിപുലീകരിക്കാനും ഒടുവില്‍ സ്വയം വിലയിരുത്താനും കഴിയുന്ന രീതിയില്‍ പ്രക്രിയാധിഷ്ടിതമായി ക്ലാസുകളെ കാണാനാകണം. ഈ അഞ്ച് ഇയുടെ ഓരോ ഘട്ടവും വീണ്ടും ഇഴപിരിയേണ്ടതുണ്ട്. ഹൈടെക്ക് വന്നപ്പോള്‍ ഇത് സാധ്യമാകുന്നതിനു പകരം വിശദീകരണസ്വഭാവത്തിലേക്ക് മടങ്ങിപ്പോയോ എന്നും ആലോചിക്കണം.
നമ്മുക്ക് പലതരം പല്ലുകളുണ്ട്.ഈ പട്ടിക കണ്ടോ? നമ്മുടെ ക്ലാസിലെ ഒരു കുട്ടിക്ക് എത്ര പല്ലുകള്‍ കാണും? എന്തിനാണ് പലതരം പല്ലുകള്‍? ചില പല്ലുകള്‍ വൈകി മുളച്ചാര്‍ അതുവരെ അവ നിര്‍വഹിക്കേണ്ട ധര്‍മ എങ്ങനെ നിര്‍വഹിച്ചിട്ടുണ്ടാകും?
പല്ല് മേൽത്താടിയിൽ
മുളയ്ക്കുന്ന
പ്രായം
വയസ്സ് (വർഷം)
കീഴ്ത്താടിയിൽ
മുളയ്ക്കുന്ന
പ്രായം
വയസ്സ് (വർഷം)
ആദ്യത്തെ ഉളിപ്പല്ല് 7 - 8 6 - 7
രണ്ടാമത്തെ ഉളിപ്പല്ല് 8 - 9 7 - 8
കോമ്പല്ല് 10 - 12 9 - 10
ആദ്യത്തെ മുൻ അണപ്പല്ല് 10 - 11 10 - 12
രണ്ടാമത്തെ മുൻ അണപ്പല്ല് 10 - 12 10 - 12
ആദ്യത്തെ അണപ്പല്ല് 6 - 7 6 - 7
രണ്ടാം അണപ്പല്ല് 12 - 13 11 - 13
മൂന്നാം അണപ്പല്ല് 18 - 25 18 - 25
നമ്മുടെ അധ്യാപകഹായിയില്‍ ഇല്ലാത്ത ഒരു പ്രശ്നസന്ദര്‍ഭമാണ് അവതരിപ്പിച്ചിരിക്കുന്നത്? അഞ്ച് ഇ പരിഗണിച്ച് പ്രക്രിയ ആസൂത്രണം ചെയ്താല്‍ എന്തെല്ലാം പ്രക്രിയാശേഷികള്‍ നേടും? എന്തെല്ലാം ആശയങ്ങള്‍ രൂപീകരിക്കപ്പെടും?എന്തെല്ലാമാണ് തന്റെ നേട്ടമായി കുട്ടി വിലയിരുത്തുക?

സാമൂഹികജ്ഞാനനിര്‍മിതി വാദം എന്റെ ശാസ്ത്രക്ലാസുകളില്‍ എങ്ങനെ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ ആര്‍ജവമുണ്ടെങ്കില്‍ ഉറപ്പാണ് കേരളം രക്ഷപെടും. ഭാരതം രക്ഷപെടും ലോകം രക്ഷപെടും. എല്ലാത്തരം തീവ്രവാദങ്ങളും മതമൗലികവാദങ്ങളും അന്ധവിശ്വാസങ്ങളും അടിതെറ്റും. മതേതരജനാധിപത്യ സമൂഹം സൃഷ്ടിക്കുന്നതില്‍ ശാസ്ത്രക്ലാസുമുറികള്‍ക്ക് വിവരണാതീതമായ സ്ഥാനമാണുളളത്.

"വെറുതേ വിടാം നിന്നെ, നിന്റെ ശാസ്ത്രം
തെരുവിലെക്കുപ്പയില്‍ ചുട്ടെരിച്ചാല്‍
വെറുതേ വിടാം, നിന്നെ ഞങ്ങള്‍ നീട്ടും
ഒരു താള്‍ കടലാസിലൊപ്പുവെച്ചാല്‍ "
എന്നു വയലാറിന്റെ ഗലീലിയോയില്‍ സൂചിപ്പിക്കുന്നതുപോലെയുളള അവസ്ഥയല്ലിന്ന്. എല്ലാ പിന്തിരിപ്പന്‍ ശക്തികളും ശാസ്ത്രവത്കരിച്ച് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെട്ടുകഥകളില്‍ ശാസ്ത്രം കണ്ടെത്തുന്ന കെട്ട കാലത്താണ് നാം എന്നത് വിസ്മരിക്കരുത്.

ഡോ . ടി പി കലാധരന്‍

8 comments:

  1. വളരെ നന്ദി സർ ഈ പോസ്റ്റിന്. ശാസ്ത്രാധ്യാപനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന പോസ്റ്റ്‌. ചോദിച്ചു വളരാൻ നാം കുട്ടികളെ അനുവദിക്കേണ്ടതുണ്ട്. Pseudo science ൽ നിന്നും അവരെ സംരക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. അങ്ങയെപ്പോലെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവർ ഇവിടെയുണ്ട് എന്നത് അത്യധികം പ്രതീക്ഷ നൽകുന്നു 🙏🙏

    ReplyDelete
  2. തിരുവനന്തപുരം ജില്ലയില്‍ കെ എസ് ടി എ ഈ വിപല്‍ഘട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്ന പരിപാടികളെ മനസ്സ് തുറന്നു അഭിനന്ദിക്കുകയാണ് .കഴിഞ്ഞ പോസ്റ്റിലും ഞാന്‍ അത് സൂചിപ്പിച്ചിരുന്നു .ഇന്നലെ നടന്ന ശാസ്ത്രപഠന രീതിയിലെ നൂതനാ ന്വേഷണ ങ്ങള്‍ അതി ഗംഭീരമായി . പ്രക്രിയാ ശേഷികളും കുട്ടി നേടേണ്ട ആശയങ്ങളും വിശദമാക്കിയാതിനോപ്പം ജില്ലയിലെ അധ്യാപകര്‍ മിത്തുകളില്‍ അഭിരമിക്കുന്ന കാലത്തെ ശാ സ്ത്ര ത്തിന്റെ രീതി ശാ സത്രം കൂടി ചര്‍ച്ച ചെയ്തു .നിരവധി വായനസാമഗ്രികള്‍ ആണ് ഇന്ന് സയന്‍സ് സംബന്ധിയായി ലഭിക്കുന്നത് .പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ സൂക്ഷ്മ മായ ഇടപെടലുകള്‍ നടത്തുന്ന അധ്യാപരുടെ വലിയ വിഭാഗം ഇന്നലെ ഒത്തിരി പ്രതീക്ഷകള്‍ നല്‍കി .അതിന്റെ ക്രോഡീകാരണം ജില്ല നടത്തി എന്നത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല മാഷ് സൂചിപ്പിച്ച മത്സ്യത്തിന്റെ ഹൃദയം തേടിയ ക്ലാസ് മുറി എന്റെതാണ് .ഭിന്നശേഷിക്കാരനായ ഒരു കുട്ടിയില്‍ നിന്നാണ് ആ ചോദ്യം വന്നത് എന്നത് അതിന്റെ മൂല്യം വര്‍ദ്ധിപ്ക്കുപി ന്നു .ഒരു പക്ഷെ അതൊരു തല്‍സമയ പരീക്ഷണ പഠനം അല്ലായിരുന്നുവെങ്കില്‍ ഈ ചോദ്യം ലഭിക്കുമായിരുന്നോ എന്ന് സംശയമാണ് .മീനിനെ തൊട്ടും കളിപ്പിച്ചും പരിശോധിച്ചും ഒക്കെ കൂട്ടുകാര്‍ ക്കൊപ്പം നിന്ന സമയത്താണ് അഭിരാമിന്റെ ചോദ്യം .അന്ന് ഞാന്‍ ടി എമ്മിന്റെ പ്രതികരണപേജില്‍ ഇങ്ങനെ കുറിച്ചു ."ശാസ്ത്ര പഠനം എന്നത് നിരീക്ഷണമാണ് ആത്യന്തികമായി .അങ്ങനെ ലഭിക്കുന്ന അറിവുകള്‍ നിഗമന ത്തിലേക്ക് വളര്‍ത്താന്‍ ചിന്തോദ്ദീപക മായ ചോദ്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട് .എനിക്കെന്താണ് ഇത്രയും വര്‍ഷ മായിട്ടും മീനിന്റെ ഹൃദയം എവിടെ എന്നന്വേഷിക്കാന്‍ തോന്നാത്തത്".ചൂണ്ടു വിരല്‍ വായിക്കുന്ന ലക്ഷക്കണക്കിലുള്ള "മനുഷ്യര്‍" ഇങ്ങനെ ധാരാളം ചോദ്യങ്ങള്‍ പഠന പ്രക്രിയ യുമായി ബന്ധപെട്ടു സ്വയം ചോദിച്ചു കൊണ്ടേയിരിക്കുന്നു . നന്ദി .

    ReplyDelete
  3. സൂര്യമോഹന്‍,
    കപടശാസ്ത്രത്തിന് അടിപ്പെടുന്നതിന് വഴിയൊരുക്കുന്നതില്‍ നിലവിലുളള ശാസ്ത്രവിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്
    ഈ രംഗത്ത് ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ പൂര്‍ണയോജിപ്പ്

    ReplyDelete
  4. തീര്‍ച്ചയായും .ശാസ്ത്ര അധ്യാപനം ശാസ്ത്രീയമാകണം .സാമൂഹ്യ ജ്ഞാനനിര്‍മിതിയില്‍ അധിഷ്ടിതമാകണം .വിമര്‍ശനാത്മക ബോധന തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് കൂടി ആവണം . 1997 മുതല്‍ സര്‍വീസില്‍ ഉണ്ടായിരുന്നത് കൊണ്ട് ഇത് വരെ നടന്ന പരിഷ്ക്കാരങ്ങള്‍ ക്ലാസ് മുറിയില്‍ പ്രക്രിയാ ബന്ധിതമായി ചെയ്തു നോക്കുകയും വിമര്‍ശനപരമായി പാഠപുസ്തകം , ഹാന്‍ഡ്‌ ബുക്ക്‌ , പരിശീലനം മുതലായവയെ നോക്കിക്കാണുകയും പ്രശ്ന പരിഹരണത്തിന് ബദല്‍ മാതൃകകള്‍ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് കൊണ്ട് ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങള്‍ പങ്കിടുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു .

    കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാറി മാറി വന്ന പാഠപുസ്തകം , ഹാന്‍ഡ്‌ ബുക്ക്‌ എന്നിവയിലെ മാറ്റങ്ങള്‍ ശാസ്ത്ര പഠന രീതിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തി കാണുമോ ?

    പാഠപുസ്തകം 1

    ആറാം ക്ലാസ്സിലെ ശാസ്ത്ര പുസ്തകത്തിലെ കോശങ്ങളുമായി ബന്ധപ്പെട്ട പഠന ലക്ഷ്യങ്ങള്‍ വായിക്കൂ...

    പഠന ലക്ഷ്യങ്ങള്‍

    1.ജീവികളില്‍ കോശങ്ങളുടെ എണ്ണത്തിലും വലുപ്പത്തിലും ഉള്ള വൈവിധ്യം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നു .

    2.ഏക കോശ ജീവികള്‍ ,ബഹുകോശ ജീവികള്‍ എന്നിവയെ കുറിച്ച് ധാരണ കൈവരിക്കുന്നു .

    3.ഉപകാരികളും ദോഷകാരികളും ആയ സൂക്ഷ്മ ജീവികളെ കുറിച്ച് ധാരണ കൈവരിക്കുന്നു .

    4.പകര്‍ച്ചവ്യാധികള്‍ പകരുന്നതിനു കാരണമാകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തുന്നു .

    5.പകര്‍ച്ച വ്യാധികളെ തടയുന്നതിനുള്ള പ്രതിരോഗമാര്ഗങ്ങള്‍ തിരിച്ചറിയുന്നു .

    6.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അവയുടെ പ്രചാരണത്തിലും പങ്കെടുക്കാനുള്ള മനോഭാവം രൂപപ്പെടുന്നു .(ഹാന്‍ഡ്‌ ബുക്ക്‌ -പേജ് 66)

    പാഠപുസ്തകം 2

    സമാന ആശയങ്ങള്‍ വരുന്ന യൂണിറ്റിലെ പഠന നേട്ടങ്ങള്‍ വായിക്കൂ..

    പഠന നേട്ടങ്ങള്‍

    1.ജീവന്റെ അടിസ്ഥാന ഘടകം കോശമാണെന്ന് വിശദീകരിക്കാന്‍ കഴിയുന്നു
    2.ഏക കോശ ജീവികള്‍ , ബഹുകോശ ജീവികള്‍ എന്നിവ വിശദീകരിക്കാന്‍ കഴിയുന്നു .

    3.ജീവികളുടെ വലുപ്പം കോശങ്ങളുടെ വലുപ്പത്തെയല്ല ,എണ്ണത്തെയാണ് ആശ്രയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് വിശദീകരിക്കാന്‍ കഴിയുന്നു .

    4.കോശ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ചിത്രീകരിക്കാന്‍ കഴിയുന്നു .

    5.സസ്യ കോശത്തെയും ജന്തു കോശത്തെയും ചിത്രീകരിക്കാനും സാമ്യ വ്യത്യാസങ്ങള്‍ കണ്ടെത്താനും കഴിയുന്നു .

    6.മൈക്രോസ്കോപ്പ് ഉപയോഗിച്ച് കോശങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്നു.

    (ടീച്ചര്‍ ടെക്സ്റ്റ്‌ -പേജ് 70)

    പഠന ലക്ഷ്യങ്ങള്‍ ,പഠന നേട്ടങ്ങള്‍ ആയപ്പോള്‍ ഹാന്‍ഡ്‌ ബുക്ക്‌ ടീച്ചര്‍ ടെക്സ്റ്റ്‌ ആയപ്പോള്‍ പേരുകളില്‍ മാത്രം ആണോ മാറ്റം വന്നത് ? അതോ ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ എന്തെങ്കിലും ചോര്‍ച്ച വന്നുവോ ?ലക്ഷ്യ പ്രസ്താവനകളുടെ ഘടന തന്നെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ ...

    മുന്‍വര്‍ഷത്തെ പഠന ലക്ഷ്യങ്ങളില്‍ മൂന്ന് മുതല്‍ ആറു വരെ ലക്ഷ്യങ്ങള്‍ എവിടെപ്പോയി ?അതിനു പകരമായി പുതിയ പാഠപുസ്തകത്തില്‍ ചേര്‍ത്ത മൂന്നു മുതല്‍ ആറു വരെ പഠന നേട്ടങ്ങള്‍ ശാസ്ത്രപഠനത്തെ എങ്ങിനെയാക്കി മാറ്റുന്നു?

    ഇനിയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് നടക്കാം

    ReplyDelete
  5. ബിന്ദുടീച്ചര്‍
    ഈ ചോദ്യം ഞാന്‍ പലേടത്തും ചോദിച്ചു. ആളുകള്‍ക്ക് ഉത്തരമില്ല. കണ്ടിട്ടില്ല. ഇതേപോലെയൊരു ചോദ്യമായിരുന്നു പണ്ട് ചടയമംഗലത്തുനിന്നും കിട്ടിയത് മരത്തില്‍തൂങ്ങിക്കിടക്കുന്ന വവ്വാലുകള്‍ പ്രസവിച്ചാല്‍ കുഞ്‍ുങ്ങള്‍ താഴെ വീണു ചത്തുപോകില്ലേ എന്നത്. ചോദ്യങ്ങളുന്നയിക്കല്‍ പ്രധാനമാണ് . അത് അധ്യാപകരുടെ മാത്രം കുത്തകയായിക്കൂടാ. സംശയങ്ങളെന്ന നിലയ്കല്ല ശാസ്ത്രപഠനത്തിന്റെ പടവ് എന്ന നിലയിലാണ് കുട്ടികളുടെ ചോദ്യങ്ങളെ കാണേണ്ടിയിരുന്നത്.

    ReplyDelete
  6. ജയശ്രീടീച്ചര്‍
    അസീസ് കമ്മറ്റിയെക്കുറിച്ച് മനസിലാക്കൂ. ഉത്തരം കിട്ടും

    ReplyDelete
  7. എന്തു ചെയ്യാം, സർ! പ്രവർത്തനാധിഷ്ഠിത, ശിശുകേന്ദ്രീകൃത,സാമൂഹ്യ ജ്ഞാന നിർമിതിയിലൂന്നിയ,വിമർശനാത്മക ബോധന രീതിയിൽ നിന്ന് നാം പിറകോട്ട് നടന്നു. ഈ പിൻനടത്തം ഏറ്റവും പരിക്കേൽപ്പിച്ചത് ശാസ്ത്രപഠനത്തെയാണ്.LDF സർക്കാർ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ ശ്രമിക്കുമ്പോൾ ഈ ഒരു തലം പാടേ വിസ്മരിക്കുന്നതായിത്തോന്നുന്നു. എവിടെയാണ് എങ്ങനെയാണ് നാം ശരിയായ ശാസ്ത്രപOനത്തിൽ പ്രതീക്ഷ പുലർത്തേണ്ടത്?

    ReplyDelete
  8. ഗംഗാധരൻ മാഷിനെ അറിയില്ല. ശാസ്ത്ര ബോധമുള്ള അധ്യാപകനാണെന്ന് മനസിലായി. കമന്റ് നന്നായി ഇഷ്ടപ്പെട്ടു.ഈ ചിന്തയാണ് ഇത് വായിച്ചപ്പോൾ എനിക്കുണ്ടായത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി