Pages

Saturday, May 30, 2020

നിളയും വിസ്മയയും വരയ്കുന്ന ജീവിതം

നിളയുടെയും വിസ്മയയുടെയും ഡയറിത്താളുകളാണ്. കുറേയുണ്ട്. അതില്‍ നിന്നും ചിലതുമാത്രമാണ് പങ്കിടുന്നത്
  • ഓര്‍മകളുടെ തിളക്കം
  • ഭാഷയുടെ സംക്ഷിപ്തത
  • ചിത്രങ്ങളുടെ കുട്ടിത്തവും വിനിമയ ക്ഷമതയും
  • ആശയപ്രകാശനത്തിന്റെ സൂക്ഷ്മചിന്ത
  • കുഞ്ഞുചിന്തകളും വീക്ഷണങ്ങളും
സചിത്ര ഡയറി എന്നത് ഒരു നല്ല ഭാഷാനുഭവമാണ്. അത് കൗതുകം മാത്രമല്ല, എഴുത്തിന്റെ സര്‍ഗാത്മകതയും ആത്മാംശത്തിന്റെ മാധുര്യവും വാക്കുകളുടെ കരുതലോടെയുളള പ്രയോഗവും എല്ലാമാണ്. കുറച്ചെഴുതി കൂടുതല്‍ പറയാനുളള ശ്രമം രണ്ടു പേരും കാണിക്കുന്നു. കറുപ്പും വെളുപ്പുമാണ് ചിത്രങ്ങള്‍ക്ക്.
നമമുടെ ക്ലാസുകള്‍ ഭൂപടം, ജ്യാമതീയ രൂപങ്ങള്‍, ശാസ്ത്രപുസ്തകം നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ എന്നിവ മാത്രം വരയ്കുന്നതിനുളളതാണോ? ഡ്രോയിംഗ് പീരീഡുകളിലെ ചിത്രരചനയ്കുമപ്പുറം ഭാഷാസാംസ്കാരികാവിഷ്കാരം എന്ന നിലയില്‍ ചിത്രങ്ങളെ കാണാറുണ്ടോ? കാര്‍ട്ടൂണ്‍ ഡയറി എഴുതാനായി നല്‍കിയ പ്രവര്‍ത്തനത്തിന് കുട്ടികളില്‍ നിന്നും മികച്ച പ്രതികരണമാണ് കിട്ടിയത്. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. എത്ര ഗൗരവത്തോടെയും താല്പര്യത്തോടെയുമാണ് അവര്‍ ഏറ്റെടുത്തത്. ഇന്ന് നിളയ്കും വിസ്മയയ്കുമൊപ്പം
ശനിയാഴ്ച് നല്ല ദിവസമായിരുന്നു. എന്തേ നല്ല ദിവസം? അന്നല്ലേ നിള കൊതിപ്പിക്കുന്ന പൂച്ചയെ കണ്ടത്. പാലുകുടിച്ചു വീര്‍ത്ത ആ പൂച്ച നമ്മളെത്തന്നെ നോക്കുന്നുണ്ടല്ലോ.
ഉപ്പിലിട്ട നെല്ലിക്കയുടെ ഭരണി നിള തുറന്നുവെച്ചതെന്തിനാകും?ഉപ്പും എരിവും ഹാ പറയാന്‍ വയ്യ എന്നു നിള പറഞ്ഞാല്‍ പിന്നെ വായില്‍ വെളളമൂറാതിരിക്കുമോ? ഇതാണ് കരുത്തുറ്റ ഭാഷ
നിളയുടെ പിറന്നാള്‍കുറിപ്പില്‍ അവള്‍ ആ ചിത്രം വരച്ചില്ലായിരുന്നെങ്കില്‍ അച്ഛന്‍ സങ്കടപ്പെട്ടുപോയേനെ. മുട്ടറ്റമുളള പുുകുപ്പായത്തിലെ ഒരു പിറന്നാള്‍ചിത്രത്തിന് ഫോട്ടോയേക്കാള്‍ മധുരം.
വിസ്മയയും ഓര്‍ക്കുകയാണ് . തന്റെ ഡയറിത്താളിലേക്കുളള തന്നെ വിസ്മയിപ്പിച്ച ദിനങ്ങള്‍.ആദ്യത്തെ കലോത്സവവേദി കഥാകഥനം കൊണ്ടാ പൊടി പൊടിച്ചത്. അതും രണ്ടാം ക്ലാസില്‍, പിന്നെ പിന്നെ അതൊക്കെ പതിവ് ആഘോഷങ്ങളായി എന്നു പറയുമ്പോള്‍ അതിലൊരു ചെടിപ്പ്. പിന്നെ ഒന്നാം ക്ലാസില്‍ വെച്ച കഥാകഥനത്തിന് സ്റ്റേജില്‍ കയറി കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നതാണേ. അത് വേറൊരു ഡയറിക്കുറിപ്പിലാക്കാം.
രണ്ടായിരത്തി പതിനഞ്ചിലെ രംഗമാണ് കാണുന്നത്. കുട്ടികള്‍ മേശപ്പുറത്ത് കൈ വെച്ച രീതി നോക്കൂ. മൂന്നു സ്റ്റൈല്‍. നാലാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചു വന്നവരെ അഞ്ചില്‍ വെച്ച് വേര്‍തിരിച്ചു ഡിവിഷനുണ്ടാക്കിയത് എങ്ങനെ മറക്കും. വിസ്മയയും ദേവികയും ഐഫയും ഒന്നിച്ച് ഒരേ ബഞ്ചിലായി. വേര്‍പിരിയാത്ത ചങ്ങാത്തം
മീനിനുമുണ്ടാകില്ലേ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാര്യങ്ങള്‍? നിളയുടെ ചോദ്യമാണ്. മീന്‍ അവളെ വിളിക്കാറുമുണ്ട്.
പുതിയ വീ‍ിനു മുന്നില്‍ ചേച്ചിയും അനുജത്തിയും. ബോധിച്ചോ ബോധി?
സ്കൂളില്‍ ഒരു ക്ലാസ് സദ്യ. ഓരോരുത്തരും വിഭവങ്ങള്‍ കൊണ്ടുവരണം. പക്ഷേ തലേന്ന് അമ്മയ്ക് അസുഖമായി. വിജശ്രീ ടീച്ചറാണ് എല്ലാം പരിഹരിച്ചത്. വിസ്മയയുടെ മുഖഭാവം നോക്കൂ
നാലാം ക്ലാസിലെ കണ്ണുകെട്ടി കലമടി മത്സരരംഗം സ്വയം കണ്ണടച്ച് പകര്‍ത്തിയപ്പോള്‍.
സംസ്കൃതം സാറിന്റെ ഒരു ചിത്രം താടിയും മീശയും നീളന്‍ജുബ്ബായും പിന്നെ പോപ്പിന്‍സും
മൂന്നു വയസുളളപ്പോള്‍ ആണ് വേറിട്ട ചിത്രരചനാരീതി നോക്കുന്നത്. അതാകട്ടെ കസേരയില്‍ ടൂത്ത് പേസ്റ്റുകൊണ്ടും. അച്ഛന്‍ കസേരയില്‍ ഇരിക്കാനായി വന്നു. അമ്മ തടഞ്ഞില്ലായിരുന്നെങ്കില്‍..ഓര്‍മകളുടെ കൊളാഷില്‍ എന്തെല്ലാം?
നീളത്തില്‍ വളരാനായി മുടി മുറിക്കുന്നതിന്റെ കാര്യാ. മുടി മുറിച്ച ശേഷം കണ്ണാടിയല്ലേ കഥ പറയുക. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമെല്ലാം പ്രിയമാണല്ലോ കണ്ണാടി. എഴുതാത്തതിനേക്കാള്‍ കൂടുതല്‍ വരയിലുണ്ട്. കണ്ണാടിക്കു മുമ്പിലെയും കണ്ണാടിയിലേയും ചിത്രബോധവും കാണണേ.
ട്രോഫി വാങ്ങികൈയില്‍ പിടിച്ചപ്പോള്‍ എല്ലാവരും ചിരിക്കുകയും കൈകൊട്ടുകയും ചെയ്തു. അതെങ്ങനെ മറക്കും?സചിത്രക്കുറിപ്പാണഴക്.
മിണ്ടിലില്ലേതും ഞങ്ങള്‍ പരസ്പരം ഇഷ്ടമാണ്. അതാണ് നിള വെളിവാക്കിയ രഹസ്യം. ഗൗതമിയെ തത്തേന്നു വളിക്കുമ്പോള്‍ ഒരു സ്നേഹം ഉറവപൊട്ടുന്നില്ലേ?
ഐഫയാണ് ആദ്യചെങ്ങാതി. കണ്ടിട്ടു നാളേറെയായി.യു കെ ജിയിലെ കുട്ടിക്കസേരയില്‍ നിന്നൊരു ഓര്‍മക്ലിക്ക്.
ആ വാഹനവും കേള്‍വിക്കാരും മതി കാര്യം പറഞ്ഞുതരാന്‍. അവിടെ എഴുത്ത് ആവശ്യമില്ല. എഴുതാതിരിക്കുന്നതാണ് എഴുത്ത്. ഒകെ .
എനിക്കേറെ ഇഷ്ടപ്പെട്ട ഡയറിത്താളുകളിലൊന്നാണിത്. മാനത്തെന്തേ നീലനിറം? ചാഞ്ഞു കിടക്കുന്ന കപ്പിനു താളെ ജല തരംഗം, സാന്ദ്രതക്കുപ്പി, പത്രവാര്‍ത്തയിലെ ഫോട്ടോ. ആ വാര്‍ത്തയുടെ ചരിഞ്ഞ വിന്യാസം. ശാസ്ത്രമേളയിലെ വിജയത്തിന്റെ കുറിപ്പ് . കുറഞ്ഞ വാക്കുകളാല്‍ സമൃദ്ധമായ ആശയവിനിമയം.

2009 June 1
പുതിയ വര്‍ഷം കുട്ടികളുടെ സചിത്ര ഡയറികള്‍ക്കും ഒരിടം കൊടുക്കാം
എന്നും എഴുതേണ്ടതല്ല
പക്ഷേ അതൊരു സര്‍ഗാത്മകാവിഷ്കാരമാണ്
അവര്‍ അവരിലെ ഭാഷാത്തനിമ കണ്ടെത്തുന്ന പ്രവര്‍ത്തനമായി മാറണം
അധ്യാപികയ്കുമാകാം.

1 comment:

  1. ഈ ബ്ലോഗിന്റെ ലിങ്ക് , എന്റെ ബ്ലോഗ് തട്ടകത്തിലെ 
    പുതിയ പോസ്റ്റിൽ ചൂണ്ടികാണിച്ചിട്ടുണ്ട് കേട്ടോ മാഷെ. 
    നന്ദി 
    https://www.bilatthipattanam.com/2020/06/on-line-vidyabhyaasam-marunna.html  

    ReplyDelete

പ്രതികരിച്ചതിനു നന്ദി