Pages

Saturday, October 17, 2020

ആദിവാസിക്കുട്ടികളുടെ ഓര്‍മകളിലൂടെ

ഒരു വയനാട്  യാത്രയിലാണ് അവരെ  പരിചയപ്പെട്ടത്. അവര്‍ അനുഭവങ്ങള്‍ വിവരിച്ചച്ചത്  ആമുഖമില്ലാതെ പങ്കിടുന്നു.

അധ്യാപകരുട കാഴ്ച പതിയാത്ത കുട്ടികള്‍

ഹൈസ്കൂള്‍‍ കാലഘട്ടത്തില്‍ എന്നെ മനസിലാക്കാത്ത അധ്യാപകരും കൂട്ടുകാരും ഏറെ വേദനിപ്പിച്ചു ഹൈസ്കൂള്‍ കാലഘട്ടത്തില്‍ പഠിക്കാന്‍ താല്പര്യമുണ്ടെങ്കിലും അത് പ്രോത്സാഹിപ്പിക്കാനോ ഒരക്ഷരം പറഞ്ഞുതരാനോ അധ്യാപകര്‍ ഒരിടപെടലും നടത്തിയില്ല. എന്റെ നോട്ട് ബുക്ക് നോക്കാനോ ഞാന്‍ ചെയ്തത് ശരിയാണോ എന്നു പരിശോധിക്കാനോ ശ്രമിക്കാറില്ല. ഞാന്‍ എന്ന വിദ്യാര്‍ഥിനി ആ ക്ലാസില്‍ അല്ലെങ്കില്‍ സ്കൂളില്‍ പഠിച്ചിരുന്നോ എന്നുവരെ സംശയമാണ്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളെ അടുത്തു വിളിക്കുകയും പറഞ്ഞുകൊടുക്കുകയും ചെയ്യും. സ്കൂളിലെ കലോത്സവങ്ങളില്‍ ആടാനോ പാടാനോ എനിക്ക് അവസരം കിട്ടിയിരുന്നില്ല. എന്റെ ആശയങ്ങള്‍ ഒന്നു പ്രകടിപ്പിക്കാനോ പ്രതികരിക്കാനോ കഴി‍ഞ്ഞിരുന്നില്ല. ശരിക്കും ഒരു വീര്‍പ്പുമുട്ടല്‍ തന്നെയായിരുന്നു. കൂലിപ്പണിക്കാരായ അമ്മയും അച്ഛനും ഞങ്ങളെ മൂന്നുപേരെയും പഠിപ്പിക്കാനും ഒരു നല്ല ഉടുപ്പ് വാങ്ങാനും യൂണിഫോം വാങ്ങാനുമൊക്കെ ഏറെ കഷ്ടപ്പെട്ടിരുന്നു. ഒരു ജോഡി യൂണിഫോമാലാണ് ഞാന്‍ മൂന്നു കൊല്ലം പഠിച്ചത്. എന്തിന് പറയണം അഞ്ചുരൂപയുടെ ഡ്രോയിംഗ് ബുക്ക് വാങ്ങാന്‍ പൈസയില്ലാതെ ഞാന്‍ ക്ലാസിലിരുന്ന കരഞ്ഞിട്ടുണ്ട്. ഡ്രോയിംഗ് ബുക്കില്ലാതെ ക്ലാസില്‍ കയറണ്ട എന്ന് അധ്യാപികയും. ഇങ്ങനെയുളള അനുഭവങ്ങളുടെ കൂടെ കൂട്ടുകാരുടെ പണിച്ചി എന്ന വിളിയും ഭാഷപറഞ്ഞുളള കളിയാക്കലും വേദനപ്പിക്കുന്ന അനുഭവം തന്നെയായിരുന്നു.

ഇതില്‍ നിന്നെല്ലാം ഒരു മോചനം വേണമെന്നും ഇനിയും അടിമയെപ്പോലെ ജീവിക്കേണ്ടവരല്ല നമ്മള്‍ എന്നും പ്രതികരിക്കാന്‍ കഴിവുളള ഒരു ആദിവാസി കുട്ടിയായി മാറണമെന്നും എന്നെ പഠിപ്പിച്ചത് ,1996ല്‍ കേരള ജസ്യൂട്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട തുടി എന്ന സാംസ്കാരിക സ്ഥാപനമാണ്. അവിടെ നിന്നാണ് ഞാന്‍ ഒരു ആദിവാസിക്കുട്ടിയാണെന്ന് അഹങ്കാരത്തോടെ പറയാന്‍ പ്രാപ്തയായത്. ആടാനും പാടാനും പ്രസംഗിക്കാനും അഭിനയിക്കാനും എന്റെ സംസ്കാരം തിരിച്ചറിയാനും അഭിമാനിക്കാനും അവസരം കിട്ടിയതും അവിടെ നിന്നാണ്. ഒരു അംഗണവാടിയില്‍പോലും പോയിപ്പഠിക്കാത്ത ഞാന്‍ ഈ നിലയിലെത്താന്‍ കാരണം എന്റെ മാതാപിതാക്കളുടെയും തുടി എന്ന സാംസ്കാരികസ്ഥാപനത്തിന്റെയും പിന്തുണയാണ്

കെ. പ്രീത

( ചരിത്ര‍ ബിരുദധാരിണി, എം എസ് ഡബ്യു ഉയര്‍ന്ന നിലയില്‍ വിജയി)

ഏച്ചോം സ്വദേശിനി, പണിയഗോത്രം)

 അംഗീകാരം കിട്ടാത്ത ക്ലാസ് മുറികള്‍

എന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലെ അനുഭവങ്ങള്‍ ഇന്നത്തെ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്.ചെറിയ കുട്ടിയായിരുന്നപ്പോള്‍ത്തന്നെ പഠനത്തില്‍ താല്പര്യമുളള കൂട്ടത്തിലാണെന്ന് അമ്മ പറയുമായിരുന്നു. ഒരു ടീച്ചറാക്കണമെന്നായിരുന്നു ആഗ്രഹം. ചെറിയ ക്ലാസുകളിലെ ചില അധ്യാപകരില്‍ നിന്നും കയ്പു നിറഞ്ഞ വാക്കുകള്‍ ഉണ്ടായിട്ടുണ്ട്. ക്ലാസിലെ ഒരു മൂലയിലേക്ക് പലപ്പോഴും തളളിനീക്കപ്പെട്ടിട്ടുണ്ട്. നമ്മുക്ക് അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ പോലും ഭാഷ ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാല്‍ ആധ്യാപകര്‍ ആ ഭാഷയില്‍ അന്വേഷിച്ചറിയാന്‍ ശ്രമിക്കാറുണ്ടെങ്കിലും ആ ഭാഷയില്‍ എന്നെ കളിയാക്കുന്നതായിട്ടാണ് തോന്നിയത്. എത്ര പഠിച്ചാലും എത്ര എഴുതിയാലും അംഗീകാരം കിട്ടാത്ത ക്ലാസ് മുറികളായിരുന്നു ഞാന്‍ അഭിമുഖീകരിച്ചത്. നല്ല വസ്ത്രങ്ങളില്ലാതെ മുഷിഞ്ഞതു തന്നെയിട്ടു പോകുമ്പോള്‍ വൃത്തിയില്ല, കുളിക്കില്ല എന്ന പഴി പലപ്പോഴും കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഉച്ചഭക്ഷണം വളമ്പിയപ്പോള്‍ അറിയാതെ പാത്രം നീങ്ങിപ്പോയി. പയറുവിളമ്പിയ ടീച്ചര്‍ നിലത്ത് വിളമ്പി.ഇനി അവിടുന്നെടുത്തു കഴിച്ചോ എന്നു പറഞ്ഞ് കറി തരാതെ പോയി.

എന്റെ ചെറിയച്ഛന്‍ പഠനത്തില്‍ എനിക്ക് നല്ല തുണയായിരുന്നു.ഒമ്പതാം ക്ലാസുവരെ പഠിച്ച അദ്ദേഹം വൈകുന്നേരം എന്നെ പഠിപ്പിക്കുമായിരുന്നു. എന്റെ യഥാര്‍ഥ വിദ്യാലയം അതായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗുരുകുലം പോലെ. സ്കൂളില്‍ പോകാന്‍ മടിയായിരുന്നു. പാചകം ചെയ്തുകൊണ്ടിരിക്കുന്ന അമ്മ അടുപ്പില്‍ നിന്നും കത്തുന്ന വിറകെടുത്ത് അടിച്ച് ചോരപൊടിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമ്മയ്കറിയില്ലല്ലോ സ്കൂള്‍ എന്ന ദക്ഷിണാഫ്രിക്കന്‍ വിവേചനത്തെ.

ഉയര്‍ന്ന ക്ലാസുകളില്‍ പ്രത്യേകിച്ചും യു പി ക്ലാസുകളില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു. സ്പോര്‍ട്സില്‍ വൈത്തിരി ഉപജില്ലയില്‍ നിന്നും ചാമ്പ്യനായി തിളങ്ങി സ്റ്റേറ്റ് വരെ പോകാന്‍ കഴി‍ഞ്ഞിട്ടുണ്ട്. ചിത്ര രചനയിലും ലളിതഗാനം, സംഘഗാനം എന്നിവയിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. കൂലിപ്പണിക്കാരനായ അച്ഛന്‍ സാമ്പത്തികമായ എല്ലാ സഹകരണവും ചെയ്തു തന്നു.

മഞ്ജു കെ

ഗോത്രബന്ധു അധ്യാപിക

 മഴ നനഞ്ഞ ജീവിതം

എല്ലാ പണിയകുട്ടികള്‍ക്കും പറയാനുളളതുപോലെ തന്നെയാണ് എനിക്കും ഉളളത്. സാമ്പത്തികവും വിദ്യാഭ്യാസ കാലത്തെ അവഗണനയും കുടുംബസാഹചര്യങ്ങളും.. മുഖ്യമായി വേട്ടയാടിയ പ്രശ്നം സാമ്പത്തികമായിരുന്നു. ഒരു ഉദാഹരണം പറയാം. മഴക്കാലം. കോളനിയിലാര്‍ക്കും പണിയില്ല. ഞാനന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. അനിയന്‍ ചെറുതാണ്. അവന് ഒരു ബിസ്കറ്റ് വാങ്ങാന്‍ അച്ഛന്റെ കൂടെ കടയില്‍ പോയി. അച്ഛനെകാണേണ്ട താമസം കടം വാങ്ങിയ പൈസകൊടുക്കാന്‍ ഉണ്ടെന്നു പറഞ്ഞ് കടക്കാരന്‍ ഒത്തിരി ചീത്ത പറഞ്ഞു. ബിസ്കറ്റ് വാങ്ങാനായി കരുതിയ പൈസ അച്ഛന്‍ അയാള്‍ക്കുകൊടുത്തു. കടക്കാരന്റെ മുന്നില്‍ വിറങ്ങലിച്ചു നിന്ന അച്ഛന്റെ മുഖം അന്ന് എന്റെ കുഞ്ഞുമനസില്‍ കോറിയിട്ടതാണ്. ഇന്നും അത് മങ്ങിയിട്ടില്ല. ഒരു രൂപയുടെ വില എത്ര വലുതാണ്. എല്ലാം ശരിയാകും നേരെയാകും എന്നൊരു വിശ്വാസം എനിക്കുണ്ട്.

ജാനു ,

വേലുക്കരകുന്ന്


ഈ ജില്ലയിലെ കുട്ടികൾ സ്കൂളിൽ അന്യവത്കരിക്കപ്പെടുകയാണ് ഇന്നും

* ഗോത്രഭാഷയെ പടിക്കു പുറത്തു നിറുത്തുന്ന സമീപനം

* ഗോത്ര സംസ്കാരത്തെ മാനിക്കാത്ത പാo പുസ്തകങ്ങൾ

* ഗോത്രകലകൾക്കും സാഹിത്യത്തിനും അവസരം നൽകാത്ത വിദ്യാലയാന്തരീക്ഷം (മേളകളിൽ ഇനങ്ങൾ ഉണ്ടെങ്കിൽ സ്കോർ കിട്ടാനായി പരിഗണിക്കും)

* മധ്യവർഗ കേരളീയ ജീവിത പശ്ചാത്തലത്തിൽ വിവരിക്കപ്പെടുന്ന ഉള്ളടക്കം

* അവരുടെ ജീവിതാനുഭവവുമായി ബന്ധിപ്പിച്ച് ആശയങ്ങൾ അവതരിപ്പിക്കാൻ പരിമിതി നേരിടുന്ന അധ്യാപകർ

* ഗോത്ര സംസ്കാര സൗഹൃദമായി അനുരൂപീകരിക്കപ്പെടാത്ത അധ്യാപക സഹായികൾ

* തങ്ങളുടെ ആശയങ്ങൾ തങ്ങൾക്ക് വഴങ്ങുന്ന ഗോത്രഭാഷയിൽ മലയാള ലിപി ഉപയോഗിച്ച് ആവിഷ്കരിക്കാൻ സ്വാതന്ത്ര്യം നൽകാത്ത രചനാ പ്രവർത്തനങ്ങൾ

*  ഗോത്ര സംസ്കാര സൗഹൃദ വിദ്യാലയ സങ്കൽപം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇല്ല എന്നത്

* ഗോത്ര ബന്ധു, മെൻ്റർ ടീച്ചർമാർ, ഊരു വിദ്യാകേന്ദ്രം തുടങ്ങി നിരവധി പദ്ധതികളുണ്ടായിട്ടും  കുട്ടികൾക്ക് ആത്മവിശ്വാസമില്ലാത്ത അവസ്ഥ

* ഓരോ കുട്ടിയുടെയും പ്രശ്നം തിരിച്ചറിഞ്ഞ് ഇടപെടാനുള്ള രീതി ശാസ്ത്രം വികസിപ്പിക്കാത്തത്

* കുട്ടിയുടെ വീട്ടിൽ നിന്നും റോഡിലേക്കുള്ള ദൂരം ഞാൻ പോയ ചിലേടത്ത് കൂടുതലാണ്. അത്തരം സാഹചര്യങ്ങൾ അഭിസംബോധന ചെയ്യൽ

* അങ്കണവാടികളി,ൽ പോകാത്ത കുട്ടികൾ , അങ്കണവാടികളിലെ വിനിമയ ഭാഷ, ഉള്ളടക്കം എന്നിവ

* പ്രഭാത ഭക്ഷണം, അത്താഴം എന്നിവ ഉറപ്പാക്കൽ (അവധി ദിനങ്ങളിലടക്കം)

* പഠിച്ചിട്ടെന്തു കാര്യം എന്ന ചോദ്യത്തിന് ഉത്തരമായി അവരുടെ പ്രതീക്ഷാനില ഉയർത്താനുള്ള ഇടപെടലുകൾ


കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വേറിട്ട രീതിയിൽ ചിന്തിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകും

വയനാട് ജില്ലയെ Aspirational District ആയി പരിഗണിച്ച് സവിശേഷ ഇടപെടൽ നടത്താൻ സമഗ്ര ശിക്ഷ കേരളയ്ക്ക് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്

ആ സാധ്യത പ്രയോജനപ്പെടുത്തി ഒരു വീക്ഷണരേഖയും പ്രവർത്തന പദ്ധതിയും തയ്യാറാക്കാൻ ശ്രമിക്കണം.

നീണ്ടകാല ചെറുകാല കർമപദ്ധതികൾ വേണ്ടിവരും

ഡയറ്റിന് ചുമതല നൽകാവുന്നതാണ്




4 comments:

  1. പാര്ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അതിജീവനം സാധ്യമാണ് .അസാധ്യമായി ഒന്നും ഇല്ല എന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയാന്‍ കഴിയും . ഇവരുടെ ശാക്തീകരണം പൊതു വിദ്യാഭ്യാസത്തിന്‍റെ ഭാഗം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു . നേരിനോടൊപ്പം നില്‍ക്കാന്‍ ചൂണ്ടുവിരലിനും കഴിയട്ടെ !

    ReplyDelete
  2. ഈ പറഞ്ഞ കാര്യങ്ങളും100% ശരിയാണെന്ന് വയനാട് ജില്ലയിൽ ഈ വിഭാഗങ്ങളുടെ ഇടയിൽ ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു. ഈ വിവേചനം ഇപ്പഴും തുടരുന്നു. ഒറ്റപ്പെട്ട ചില നീക്കങ്ങൾ വിവിധ തലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അതിന് അത്ര മാത്രമേ പ്രാധാന്യം ലഭിക്കുന്നുള്ളൂ.

    പ്രിയപ്പെട്ട കലാധരൻ മാഷ്
    പറഞ്ഞ പ്രശ്നങ്ങളിൽ അജ്ഞത നടിക്കുകയാണ് ഭൂരിപക്ഷം

    ReplyDelete
  3. മഴവിൽ പൂവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ നിരവധി താമസ കേന്ദ്രങ്ങളിൽ ( നമ്മളത് കോളനിയെന്നേ പറയൂ ) പോകാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറ വിദ്യാഭ്യാസത്തിൽ പിന്നാക്കമാണെങ്കിലും സ്വന്തം ഐഡന്റിറ്റി തിരിച്ചറിയുന്നുണ്ട്. പുറം ലോകത്തെ അത്ര വിശ്വാസമില്ല.

    വിവിധ ഗോത്രവിഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഉയർന്ന വിദ്യാഭ്യാസം നേടിയവരുണ്ട്. മുകളിൽ കുറിപ്പെഴുതിയ ജാനുവിന് യൂണിവേഴ്സിറ്റി റാങ്കോടെയാണ് ഡിഗ്രി വിജയം.

    നിരന്തര പിന്തുണയും , ബോധപൂർവ്വമായ പദ്ധതികളും ആവിഷ്ക്കരിക്കേണ്ടതുണ്ട്.

    ReplyDelete
  4. ശരിയായ നിരീക്ഷണങ്ങൾ നാം ഇനിയും വളരെ മെച്ചപ്പെടാനുണ്ട്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി