Pages

Sunday, June 13, 2021

ഡിജിറ്റൽ ഡിവൈഡില്ലാത്ത മികച്ചവിദ്യാലയം

 വിദ്യാലയങ്ങൾ സ്വയം ശാക്തീകരിക്കണം.പിന്തുണാ സംവിധാനങ്ങൾ അതിന് കരുത്തുപകർന്നാൽ നല്ലത്
 
കുട്ടികളുടെ എണ്ണത്തിലെ കുറവുകൊണ്ടും വിഭവപരിമിതികൊണ്ടും ശ്വാസം കിട്ടാതെ സ്വോഭാവികമരണത്തെ പുൽകുവാൻ തയ്യാറായിനിന്ന, എറണാകുളം ജില്ലയിലെ ഒരു വിദ്യാലയത്തിന്റെ അതിജീവനകഥ പറയാം.
 
2012 ലാണ് കഥയുടെ വഴിത്തിരിവ്.
ഒന്നാം ക്ലാസ്സിൽ കുട്ടികൾ അഞ്ച്.
പ്രവേശനം അവസാനിപ്പിക്കുവാൻ തീരുമാനിച്ച് ആദ്യവെടി പൊട്ടിച്ചത് അന്നാണ്.
അഞ്ച് കുട്ടികളെ 'സ്മാർട്ട് ഫൈവ്' എന്ന് വിളിച്ചു.
അവർക്കായി അന്ന് ലോകത്തിൽത്തന്നെ ലഭ്യമായ ഏറ്റവും പുതുമയുള്ള ക്ലാസ്മുറി തയ്യാറാക്കി.
 
നവംബർ മാസത്തിൽ ശമ്പളം ലഭിച്ചപ്പോൾ അധ്യാപകർ പിരിവിട്ട് നൽകിയ 50000 രൂപകൊണ്ടായിരുന്നു തുടക്കം. വിരമിച്ച് വിശ്രമജീവിതം നയിച്ചിരുന്ന അധ്യാപകർ അനുഗ്രഹവുമായി എത്തി. 25000 രൂപ അവരും നൽകി. യാദൃശ്ചികമായി കണ്ടുമുട്ടിയ അന്നത്തെ ജനപ്രതിനിധിയോട് സ്വപ്നം പങ്കുവച്ചപ്പോൾ അദ്ദേഹം സ്മാർട്ട് ക്ലാസ്‌മുറികൾക്കുള്ള ഉപകരണങ്ങൾ നല്കാമെന്നേറ്റു. ഗ്രാമവാസികൾ പ്രചോദനമായി. കട്ട സപ്പോർട്ടുമായി പൂർവ വിദ്യാർഥികളും കൂടെക്കൂടി. 
20 ലക്ഷം രൂപ സമാഹരിച്ച് വിദ്യാലയം കടുംപുത്തനാക്കി. ടൈൽ വിരിച്ചു. മേൽക്കൂര മാറ്റി. രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് കുട്ടികളുടെ പഠനം വീക്ഷിക്കുവാൻ ക്ലാസ് മുറികളിൽ നിന്നും ലൈവ് ടെലിക്കാസ്റ്റ് തുടങ്ങി. 
സ്മാർട്ട് ഫൈവിനെ ഫാബുലസ് ഫൈവ് ആക്കാൻ സമഗ്രമായ പിന്തുണാസംവിധാനങ്ങൾ രൂപകൽപ്പന ചെയ്തു. 
പാട്ടും കഥയും വരയും അഭിനയവും നൃത്തവും കടംകഥയും കാവ്യകേളിയും പഠനത്തിൽ ഉൾച്ചേർത്ത് പുതിയ പാതകളിൽ സഞ്ചരിച്ചു. 

2013ൽ എല്ലാ ക്ലാസ് മുറികളും 'സ്മാർട്ട്' ആയി. 
സ്മാർട്ട് ആകേണ്ടത് സ്‌കൂൾ മാത്രമല്ലല്ലോ; കുട്ടികൾ കൂടി സ്മാർട്ട് ആകണ്ടേ! അതിനായി അധ്യയനവും സ്മാർട്ടാവണം.

 സ്മാർട്ട് അധ്യയനം സാധ്യമാക്കാൻ 2014 ൽ  'ഡിജിറ്റൽ ലേർണിംഗ് മൊഡ്യൂൾസ്' എന്ന അധ്യയനസങ്കേതം രൂപപ്പെടുത്തി.
 
ഫാബുലസ് ഫൈവ് അങ്ങനെ ഫാബുലസ് ടെന്നും ഫാബുലസ് ഫിഫ്റ്റീനും ഫാബുലസ് ഫിഫ്‌റ്റിയും ഫാബുലസ് സെവന്റിയും ഫാബുലസ് സെവെൻറ്റി ഫൈവും ആയി ...
ഒന്നാം ക്ലാസ് പ്രവേശനത്തിന് ശുപാർശയുമായി ഉന്നതരെത്തി.
 
അതിനിടെ 2015 ൽ ഓൺലൈൻ ക്വിസ്‌സിങ് എന്ന പരിപാടി ആസൂത്രണം ചെയ്തു. വീട്ടിലിരുന്ന് കൊച്ചുകൊച്ചു ക്വിസ് പരിപാടികളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ മൂല്യനിർണയം എന്ന ആശയത്തിന് ജീവൻവച്ചു.
 
പഠനം സ്മാർട്ട് ആവുമ്പോൾ പരീക്ഷയും സ്മാർട്ട് ആവണ്ടേ? അതിനായി 2016 ൽ ക്വിസീനോ  എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഓൺലൈൻ പരീക്ഷാപദ്ധതി രൂപീകരിച്ചു. മാർക്കുകളില്ലാത്ത ഗ്രേഡുകളില്ലാത്ത ക്വിസീനോ കുട്ടികളുടെ പഠനനേട്ടങ്ങളും ശക്തി ദൗർബല്യങ്ങളും ഗുണാത്മകമായി തൽക്ഷണം നൽകുന്ന മൂല്യനിർണ്ണയ പരിപാടിയായി.
 
പഠനവും വിലയിരുത്തലും തോളോടുതോൾചേർന്ന് ശാസ്ത്രീയവും ഗവേഷണാത്മകവുമായി മാറിയത് 2017 ൽ 'നോ മൈ ചൈൽഡ്' എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വികസിപ്പിച്ചപ്പോഴാണ്. ഓരോ കുട്ടിയുടെയും ദൈനംദിന പഠനനിലവാരം, രക്ഷിതാക്കൾ കൈക്കൊള്ളേണ്ട പിന്തുണാമാർഗങ്ങൾ എന്നിവ ദിവസേന വൈകിട്ട് രക്ഷിതാവിന് കൈമാറുന്ന 'നോ മൈ ചൈൽഡ്' അധ്യയനവിപ്ലവം എന്നാണ് പിന്നീട് കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തിൻറെ സെക്രെട്ടറി ശ്രീമതി റീന റായ് അഭിപ്രായപ്പെട്ടത്.
 
2018 ആയപ്പോൾ 'നോ മൈ ചൈൽഡ്' കൂടുതൽ ശാസ്ത്രീയമായി വിപുലീകരിച്ച് സർഗ്ഗാത്മകതലങ്ങളും വിലയിരുത്തുവാൻ പ്രാപ്തമായി.

2019ൽ ഫേസ് റെക്കഗ്നിഷൻ അറ്റന്റൻസ് സിസ്റ്റം വികസിപ്പിച്ച് പുതുമയാർന്ന മറ്റൊരു പദ്ധതിക്ക് രൂപം നൽകി. 

അങ്ങനെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾക്ക്  ഊടും പാവും നെയ്ത് നിരന്തര പരീക്ഷണങ്ങളിലൂടെ അധ്യയനം നടക്കുന്നതിനിടെ പൊടുന്നനെ കോവിഡ് 19 പുതിയ വെല്ലുവിളിയുമായെത്തി.

ഡിജിറ്റൽ അധ്യയനരംഗത്ത് ഏറെ പരീക്ഷണങ്ങൾ നടത്തിപ്പരിചയിച്ച കാപ്പുസ്‌കൂൾ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 

2020 മെയ് മാസത്തിൽ ഒട്ടേറെ ഗവേഷണങ്ങളിലൂടെ 'ദർപ്പൺ' എന്ന ആൻഡ്രോയിഡ് ആപ്പ് വികസിപ്പിച്ചു. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്ക് ക്രിയാത്മക മറുപടിയുമായി ദർപ്പൺ 2020 ജൂൺ ഒന്നിന് രക്ഷിതാക്കൾക്ക് സമർപ്പിച്ചു.

വിദ്യാലയവാർത്തകൾ ചൂടോടെ എത്തിക്കാൻ നോട്ടീസ് ബോർഡ്, അധ്യാപകരുടെ ക്ലാസ്സുകൾ ഇനി 'മൈ ക്ലാസ്സ്‌റൂമിൽ', ദൈനംദിന അധ്യയനത്തോട് പാടിയും നൃത്തംചെയ്‌തും അഭിനയിച്ചും ചിത്രംവരച്ചുമൊക്കെ സർഗാത്മകമായി പ്രതികരിക്കുവാൻ 'ക്രിയേറ്റ', കുട്ടികൾക്കായുള്ള പഠനവിഭവങ്ങൾ 'റിസോർസ് പൂളിൽ', ഗൃഹപാഠങ്ങൾ ചെയ്യാനും തൽക്ഷണം അധ്യാപികക്ക് നൽകാനും 'കണക്ട് മീ', അധ്യാപകന് ഓരോ കുട്ടിയുമായും ദൈനംദിനം മുഖാമുഖം സംവദിക്കുവാൻ  പ്രത്യേക മൊഡ്യൂൾ, സഹപാഠികൾക്കൊപ്പം ഓൺലൈൻ അടിച്ചുപൊളിക്ക് കളമൊരുക്കി 'കണക്ട് പ്ലസ്', ഓരോ ദിവസവും പഠനനിലവാരം സ്വയം പരിശോധിക്കാൻ 'ക്വിസ് മീ', ആരും തോൽക്കാത്ത മാർക്കും ഗ്രേഡുമില്ലാത്ത, എന്നാൽ എന്തറിയാം എന്തറിയണം എന്നൊക്കെ ബോധ്യപ്പെടുത്തുന്ന പരീക്ഷകൾക്കായി 'ക്വിസീനോ', രക്ഷിതാക്കൾക്ക് ഒത്തുകൂടാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങൾ രൂപീകരിക്കുവാനും 'ചാറ്റ് റൂം', അധ്യാപകരോട് സംവദിക്കുവാൻ 'മീറ്റ് ദി ടീച്ചർ', സ്‌കൂൾ തുറന്നാൽ സ്‌കൂൾ ബസ് എവിടെയെത്തിയെന്ന് അറിയാൻ 'ട്രാക്ക് മൈ ബസ്', ബസ് ഡ്രൈവറെയോ ആയയെയോ വിളിക്കാൻ 'കാൾ മൈ ഡ്രൈവർ', 
കാപ്പുസ്‌കൂളിലേക്ക് വഴികാട്ടിയായി നയിക്കാൻ 'ടേക്ക് മി ദയർ’ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങൾ ഒരു കുഞ്ഞു മാന്ത്രികച്ചെപ്പിലൊളിപ്പിച്ച് ദർപ്പൺ അധ്യയനരംഗത്ത് പുതിയ ചുവടുവയ്പ്പായി.

 കൊറോണക്കാലം സർഗാത്മകമായ പഠനകാലമാക്കി മാറ്റാനും ക്രിയാത്മകമായി ചിന്തിക്കാനും ഒരുമിച്ച് പഠിക്കാനും 'ദർപ്പൺ' എന്ന മൊബൈൽ ആപ്പ് ഉപയുക്തമായി.
സർഗാത്മകമായ പഠനം എന്നാൽ ടെലിവിഷനിലെ വീഡിയോ സംപ്രേഷണമല്ല ....
അത് കാലഘട്ടമൊരുക്കുന്ന സാമൂഹ്യനിർമ്മിതിയും അതിലൂടി വ്യക്തിപരമായി വികസിപ്പിച്ചെടുക്കുന്ന കാഴ്ചപ്പാടുമാണെന്ന് ദർപ്പൺ പ്രഘോഷിച്ചു.

പിന്നീട് നേരിട്ട വെല്ലുവിളി 'ഡിജിറ്റൽ വിടവ്' എന്ന സാമൂഹ്യ പ്രശ്നമായിരുന്നു.
വിദ്യാലയസ്നേഹികളുടെ പിന്തുണയോടെ ജൂൺ ഒന്നിനുമുൻപ് എൺപത്തിയെട്ട് ടാബ്‌ലറ്റുകൾ കുട്ടികളിൽ എത്തിച്ച് കോവിഡും ലോക് ഡൗണും ഉയർത്തിയ സാമൂഹ്യ സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിച്ചു.

2021 മെയ് മാസം ഇരുപത്തിയെട്ടാം തീയതി രക്ഷിതാക്കളുടെ ഓൺലൈൻ യോഗം ചേർന്ന് 16 ഓഫ് കാമ്പസ് സെന്ററുകൾ കണ്ടെത്തി. നിലവിലെ ലോക് ഡൌൺ കഴിഞ്ഞാലുടൻ ഈ കേന്ദ്രങ്ങളിൽ മുഖാമുഖ പഠനത്തിന് തുടക്കമാവും.

 ആഴ്ചയിൽ രണ്ടുവട്ടം പരിമിതമായ എണ്ണം കുട്ടികൾ ഒരേസമയം തങ്ങളുടെ മെന്റർ അധ്യാപകരെ നേരിൽ കണ്ട് അധ്യയനം കൂടുതൽ അർത്ഥപൂർണമാക്കും.
നെറ്റ്‌വർക്ക് പ്രതിസന്ധി നേരിടുന്ന ആറ് പ്രദേശങ്ങളിൽ ശക്തിയുള്ള സിഗ്നൽ എത്തിക്കുവാൻ ഉതകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്നുവെന്ന് കാപ്പുസ്‌കൂൾ സന്തോഷത്തോടെ പറയുന്നു.

കാപ്പുസ്‌കൂളിലെ അധ്യയനമാധ്യമം ഏതുഭാഷയാണെന്ന് ഒരാൾ ചോദിച്ചു. അതിന് ഒരു രക്ഷിതാവ് നൽകിയ മറുപടി ഇവിടെ കുറിക്കട്ടെ.
"മീഡിയം ഓഫ് ഇൻസ്‌ട്രക്‌ഷൻ സ്നേഹമാണ്. പാഠ്യപദ്ധതിയുടെ പ്രത്യയശാസ്ത്രത്തെ  'റ്റുഗെതർനെസ്' എന്ന് വിളിക്കാം. വികസനത്തിന്റെ ഭാഷയോ കരുതലാണ്."

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എസ് എസ് കേ, കൈറ്റ്, SCERT, SIET തുടങ്ങി ഒട്ടേറെ പിന്തുണാസംവിധാനങ്ങൾ നമുക്കുണ്ട്. പക്ഷെ ഓരോ വിദ്യാലയവും ഓരോ യൂണിറ്റ് ആണെന്നിരിക്കെ കേന്ദ്രീകൃതമായ പദ്ധതികളും കാടടച്ചു വെടിവക്കുമ്പോലുള്ള ഇടപെടലുകളും സുസ്ഥിരമായ വികസനത്തിന് ഉതകില്ല. ഓരോ വിദ്യാലയത്തിന്റെയും ഭൂമിശാസ്ത്രവും ഐഡന്റിറ്റിയും വ്യത്യസ്തവും വ്യതിരിക്തവുമാണ്. അതിനാൽത്തന്നെ വിദ്യാലയങ്ങൾ സ്വയം ശാക്തീകരിക്കപ്പെടണം.

 പിന്തുണാസംവിധാനങ്ങൾ അത് പ്രോത്സാഹിപ്പിക്കണം. മോണിറ്ററിങ് ശക്തമാക്കി ഗുണമേന്മ ഉറപ്പിക്കണം. പഠനം അടിസ്ഥാനപരമായി വ്യക്തിപരമാണ്. എന്നാൽ അതിന്റെ ഭൂമിക സാമൂഹ്യ അറിവുനിർമ്മിതിക്കായി ഒരുക്കുന്നിടമാണ് യഥാർത്ഥ വിദ്യാലയം.


8 comments:

  1. Hattsoff you Dr.Vidhu.P Nair. Sir.

    ReplyDelete
  2. Innovative experiences...big salute team kappu

    ReplyDelete
  3. എത്ര ആവേശത്തോടെയാണ് ഈ മികവിൻ്റെ കേന്ദ്രത്തെക്കുറിച്ച് വായിച്ചത്.

    ദീർഘവീക്ഷണമുള്ള ഒരു പ്രഥമാധ്യാപകൻ ഈ വിദ്യാലയത്തിലുണ്ടെന്നത് മികവിൻ്റെ വേഗത കൂട്ടുന്ന ഒന്നാണ്.

    സത്യത്തിൽ ഓരോ വിദ്യാലയത്തിൻ്റെയും വളർച്ചയുടെ വേഗത തീരുമാനിക്കുന്നത് വിധു മാഷിനെപ്പോലെ നല്ല വിഷനുള്ള ഹെഡ്മാസ്റ്റർമാരാണ്.

    ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളേയും സമൂഹത്തിന് മുന്നിലെത്തിക്കുന്ന ചൂണ്ടുവിരലിന് ആശംസകൾ

    ReplyDelete
  4. സാധ്യതകൾ ചൂണ്ടിക്കാട്ടുന്ന ലേഖനം അഭിനന്ദനീയം

    ReplyDelete
  5. കാലം കാത്ത് വച്ച വഴിമാറി സഞ്ചരിക്കുന്ന മാതൃകാ പുരുഷന്മാരുണ്ടാകും.
    അതാണ് മാഷേ നിങ്ങൾ.
    അഭിമാനം ആ സൗഹൃദത്തിന്റെ തണൽ കൊള്ളാൻ കഴിഞ്ഞതിൽ

    ReplyDelete

പ്രതികരിച്ചതിനു നന്ദി