Pages

Monday, July 24, 2023

ഒന്നാം ക്ലാസുകാരൻ്റെ ഡയറിക്ക് സംസ്ഥാനതല അംഗീകാരം


"കഴിഞ്ഞ ജനുവരി മുതൽ ഒന്നാം ക്ലാസിൽ വച്ച് ഡയറിക്കുറിപ്പുകളെഴുതാൻ തുടങ്ങിയതാണ് ആദർശ് കൃഷ്ണ. ജനുവരി തൊട്ട് മാർച്ച് വരെ അവധി ദിനങ്ങളിലടക്കം എല്ലാ ദിവസവും കൃത്യമായെഴുതി, അനുയോജ്യമായ ചിത്രീകരണത്തോടെ. സംയുക്ത ഡയറിയെഴുത്താണ് നിർദേശിച്ചിരുന്നതെങ്കിലും തന്റെ ബുക്കിൽ അമ്മയെഴുതരുതെന്ന വാശിയുണ്ടായിരുന്നു അവന്. തുടക്കത്തിൽ എഴുതേണ്ട വിഷയം അമ്മയുമായി ചർച്ച ചെയ്തിരുന്നു. അമ്മക്ക് എഴുതാൻ അവസരം കൊടുത്തിരുന്നില്ല അവൻ. ഓരോ വാക്കും പറഞ്ഞു പറഞ്ഞു കൊണ്ടാണത്രേ അവനെഴുതിയിരുന്നത്. ഡയറിത്താളുകളിൽ മികച്ചവ ഓരോന്ന് നിത്യവും എന്റെ FB പേജിൽ പോസ്റ്റു ചെയ്യുമായിരുന്നു. ഫോട്ടോ എടുക്കുമ്പോൾ തെളിച്ചം കിട്ടാനായി അതീവ ശ്രദ്ധയോടെ പേന കൊണ്ടെഴുതാൻ നിർദേശിച്ചു. ജനുവരിക്കു ശേഷം വലിയ മാറ്റമാണുണ്ടായത്. 
അവന് ചിത്രം വരച്ച് മനോഹരമാക്കാൻ കഴിയുന്ന വിഷയങ്ങൾ സ്വയം തെരഞ്ഞെടുത്ത് കുറിക്കാൻ തുടങ്ങി ചിത്രത്തിനൊപ്പം സംഭാഷണക്കുമിള വരച്ച് സംഭാഷണമെഴുതി വൈവിധ്യമാക്കി ആദർശ് . സന്തോഷങ്ങളും സങ്കടങ്ങളും കുഞ്ഞുകുഞ്ഞു ചിന്തകളും സ്വപ്നങ്ങളും വീട്ടിലേയും വിദ്യാലയത്തിലേയും തമാശകലർന്ന അനുഭവങ്ങളും , ഭക്ഷണം പങ്കുവെച്ച് കഴിച്ചത് ,കാത്തിരിപ്പ്, കുഞ്ഞുകുഞ്ഞു നിരീക്ഷണങ്ങൾ തുടങ്ങിയവല്ലൊം താളുകളിൽ നിറഞ്ഞു നിന്നു. അവധിക്കാലത്ത് ആഴ്ച്ചയിൽ 3 ദിവസമെങ്കിലും ഡയറി എഴുതിയിരുന്നു, ചിത്രവും വരച്ചിരുന്നു. 
അവയിൽ നിരവധി പത്രവാർത്തകളും നിറഞ്ഞു നിന്നിരുന്നു. 
 വായനക്കായും സമയം കണ്ടെത്തി.
ആദർശ് ഇപ്പോഴും ഏറെ ഇഷ്ടത്തോടെ ഡയറിയെഴുത്ത് തുടരുന്നു സചിത്ര നോട്ടുബുക്കിനൊപ്പം പൂന്തേൻ മലയാളം ക്ലാസുകൾ കുട്ടികളുടെ സ്വതന്ത്രരചനയേയും സ്വതന്ത്ര വായനയേയും പരിപോഷിപ്പിച്ചു, കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി, ഒപ്പം രക്ഷിതാക്കളേയും. മാറുന്ന കാലഘട്ടങ്ങൾക്കനുസരിച്ച് അധ്യാപന രീതികളിലും വൈവിധ്യത നിറയേണ്ടതുണ്ട്.
 കാലങ്ങളായി പഠിപ്പിച്ചു വരുന്ന രീതിയിൽ നിന്നും മാറി പുതുതലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് സാങ്കേതികത്തികവോടെ വൈവിധ്യങ്ങൾ തേടുന്ന മികച്ച അധ്യാപരാകാൻ ശ്രമിക്കാം നമുക്ക്. 

 മനോരമയിൽ നിന്നും ആദർശിനെ നേരിട്ട് വിളിച്ചിരുന്നു ഇന്ന് .ഡയറിയെഴുത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാൻ. ഇത്ര നന്നായി എങ്ങനെയാണെഴുതാൻ പഠിച്ചതെന്ന് ചോദിച്ചപ്പോൾ പൂന്തേൻ മലയാളത്തെപ്പറ്റിയും സചിത്ര നോട്ടുബുക്കിനെപ്പറ്റിയും എല്ലാം അവൻ പറഞ്ഞു കൊടുത്തത്രേ. ആരാണ് ഡയറി എഴുതാൻ പഠിപ്പിച്ചു തന്നത് ,ക്ലാസ്സിലെ കുട്ടികളുടെ എണ്ണം, എല്ലാവരും ഡയറി എഴുതുമോ...... തുടങ്ങി നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്ന് 😃😃😃😃😃 പഠിപ്പുരയിൽ വാർത്തയും അവന്റെ ഫോട്ടോയും വരുമത്രേ"

ഫാത്തിമത്ത്സുഹ്ര ടീച്ചർക്ക് 44 കുട്ടികളെ കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പഠിപ്പിക്കേണ്ടതുണ്ടായിരുന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത് നടപ്പിലാക്കുന്ന പൂന്തേൻ മലയാളം പരിപാടി സ്വന്തം വിദ്യാലയത്തിലും ഏറ്റെടുക്കാൻ ടീച്ചർ തീരുമാനിച്ചു
അതിൻ്റെ ഭാഗമായിരുന്നു സംയുക്ത ഡയറി.
കുട്ടികൾ എഴുത്തിൽ മിന്നിത്തിളങ്ങി.
അന്താരാഷ്ട്ര വിദ്യാഭ്യാസ പഠന കോൺഗ്രസിലും സെമിനാറിലും ടീച്ചർ അനുഭവങ്ങൾ പങ്കിട്ടു.
ആദർശ് കൃഷ്ണയുടെ ഡയറി പഠിപ്പുപുരക്ക് അയച്ചു കൊടുത്തു.
സംസ്ഥാന തല മത്സരത്തിൽ
രണ്ടാം സ്ഥാനം ഈ മിടുക്കൻ നേടി.
സംയുക്ത ഡയറി ഇപ്പാൾ കേരളത്തിലെ ഒന്നാം ക്ലാസുകൾ ഏറ്റെടുത്തിരിക്കുകയാണ്.

മുന്നേ നടന്ന സുസ്മിത ടീച്ചറും ഫാത്തിമത്ത്സുഹ്ര ടീച്ചറുമൊക്കെ പ്രായോഗികതലത്തിൽ ഫലപ്രദമെന്ന് തെളിയിച്ച സംയുക്ത ഡയറികൾ ഒന്നാം ക്ലാസിലെ അധ്യാപക കൂട്ടായ്മ തേനെഴുത്ത് എന്ന പേരിൽ സമാഹാരങ്ങളാക്കുന്നുണ്ട്.
രണ്ട് ലക്കം പുറത്തിറങ്ങി.
മൂന്നാം ലക്കം ഉടൻ പ്രകാശിതമാകും.

ഭാഷാ പഠനത്തിലെ അധികാരിക രചനാ സന്ദർഭങ്ങളുടെ മൂല്യം തിരിച്ചറിയുന്ന  അധ്യാപകർ ആ സാധ്യത പ്രയോജനപ്പെടുത്തുന്നു

ഫാത്തിമത്ത്സുഹ്രടീച്ചറിനും ആദർശിനും അഭിവാദ്യങ്ങൾ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി