Pages

Monday, November 13, 2023

പേജ് മുഴുവൻ എഴുതി നിറയ്ക്കുന്ന ഒന്നാം ക്ലാസുകാർ

 


പ്രിയ അധ്യാപകരേ, ഞാൻ (ബോയ്സ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ) ഒന്നാം ക്ലാസ്സ് അധ്യാപികയാണ്. എട്ടാം വർഷമാണ് ഒന്നാം ക്ലാസിൽ ക്ലാസ് എടുക്കുന്നത്. എന്നാൽ കഴിഞ്ഞ ഏഴുവർഷത്തിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന സചിത്ര പുസ്തകം കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാണ്. അതിലെ ലേഖനത്തിലും വായനയിലും കാണിക്കുന്ന താത്പര്യം മറ്റു വിഷയങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഒന്നാം പാദവാർഷിക മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ഏത് രീതിയിലായിരിക്കും എന്ന ആശങ്കയെ മറികടക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രതികരണങ്ങൾ. മൂന്നോ നാലോ വാചകം എഴുതേണ്ട ഒരു മൂല്യനിർണ്ണയ പ്രവർത്തനത്തിന് ആ പേജ് മുഴുവൻ വാക്യങ്ങൾ കൊണ്ട് നിറയ്ക്കുന്ന ഉത്സാഹഭരിതരായ കുട്ടികളെയാണ് കാണാൻ കഴിഞ്ഞത്. മണവും മധുരവും എന്ന യൂണിറ്റിലൂടെ കടന്നുപോയപ്പോൾ പൂമ്പാറ്റ, പൂക്കൾ, പൂന്തോട്ടം ഇവയെ ആസ്പദമാക്കി കുട്ടികൾ വരികൾ ചേർത്ത് കുട്ടിക്കവിതകൾ എഴുതുകയും അതിന് അനുയോജ്യമായ ഈണം കണ്ടെത്തുകയും ചെയ്തപ്പോൾ എനിക്ക് അഭിമാനം തോന്നി.                

ഞങ്ങളുടെ തനത് പ്രവർത്തനങ്ങളിൽ ഒന്നായ "കുഞ്ഞോളങ്ങൾ" എന്ന കുട്ടികളുടെ മാസികയിലും ഒന്നാം ക്ലാസിലെ കുട്ടികളുടെ വലിയ പങ്കാളിത്തം ഉണ്ട്.

സചിത്ര പുസ്തകം, സംയുക്ത ഡയറി ഇവയിലൂടെ കുട്ടികൾക്ക് ലേഖനത്തിലും വായനയിലും ചിത്രരചന വൈഭവത്തിലും മികവ് പുലർത്തുന്ന തരത്തിൽ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം വർധിച്ചതായും, അവരുടെ ഭാവനയിലും, സർഗാത്മക ശേഷിയിലും ഉണ്ടായ മാറ്റങ്ങളും ശ്രദ്ധേയമാണ്. കുട്ടികളിൽ നിന്നും കൂടുതൽ മികച്ച പ്രതികരണങ്ങൾ ലഭിക്കും എന്ന പ്രത്യാശ ഒരു അധ്യാപിക എന്ന നിലയിൽ എന്നിൽ സന്തോഷം നിറയ്ക്കുന്നു.

റിനി ടീച്ചർ

ജി എ ൽ പി എസ് ബിഎച്ച് എ എസ് കൊടുങ്ങല്ലൂർ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി