Pages

Thursday, November 9, 2023

ഇന്നത്തെ ഒന്നാം തരത്തിലെ പഠന പ്രവർത്തനങ്ങൾ കുറച്ചു കൂടെ മുമ്പ് ലഭിച്ചിരുന്നെങ്കിൽ ...

 


ഞാൻ എ. യു. പി. സ്കൂൾ കേരളശ്ശേരിയിൽ ഒന്നാം തരത്തിൽ പഠിക്കുന്ന നിവിൻ എന്ന കുട്ടിയുടെ രക്ഷിതാവാണ്. 

ഇതേ സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ഒരു മോളു കൂടെ എനിക്കുണ്ട്. നാല് വർഷം മുമ്പ് എന്റെ മോള് പഠിച്ച അതേ പാഠപുസ്തകത്തിലൂടെയാണ് എന്റെ മോനും ഇപ്പോൾ കടന്നു പോകുന്നത്. 

അവളിൽ ഒന്നാം തരത്തിൽ പഠന കാര്യങ്ങളിൽ മാറ്റം കാണാൻ സാധിച്ചത് ഒരുനാല് മാസ കാലയളവിലാണ് അവൾ സ്വന്തമായി വാക്കുകൾ എഴുതാനും അവ കൂട്ടി ചേർത്ത് ലഘു വാക്യങ്ങൾ എഴുതാനും സ്വന്തമായി കുഞ്ഞു കഥാ പുസ്തകങ്ങൾ വായിക്കുവാനും തുടങ്ങി. 

പക്ഷേ ഇന്ന് ഒന്നാം തരത്തിൽ പഠിക്കുന്ന എന്റെ മോന് ഇതേ കാര്യങ്ങൾ ചെയ്യാൻ വെറും രണ്ടര മാസക്കാലം മാത്രമേ ആവശ്യമായി വന്നുള്ളൂ.. ആദ്യ ഒന്നര മാസത്തിൽ തന്നെ അവൻ മലയാളം ഇംഗ്ലീഷ് വാക്കുകൾ എഴുതാനും അവ വാക്യങ്ങൾ ആക്കുവാനും ശ്രമിച്ചു. 

ഈ വർഷം തുടക്കത്തിൽ തന്നെ ലഭിച്ച സംയുക്ത ഡയറിയും, സചിത്ര പുസ്തകവും, രചനോത്സവങ്ങളും അവനിൽ വലിയൊരു മാറ്റം സൃഷ്ടിച്ചു. 


ജൂൺ രണ്ടാം തിയ്യതി മുതൽ എഴുതി തുടങ്ങിയ സംയുക്ത ഡയറി. ആദ്യ ദിന ഡയറി മുതൽ ഇന്ന് വരെ 122പേജുകൾ അവൻ സ്വന്തമായി എഴുതി. ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർത്തെഴുതാനും എഴുതിയ കാര്യങ്ങൾ അവന്റെ സ്വന്തം രചനയിലുള്ള ചിത്രങ്ങൾ ആക്കി മാറ്റുകയും ചെയ്തു. 

സചിത്ര പുസ്തക പഠനം കുട്ടികളിൽ വളരെ നല്ലൊരു മാറ്റം കണ്ടു വരുന്നുണ്ട്. ഓരോ പാഠങ്ങളും മനസിലാക്കി പഠിക്കാൻ സാധിക്കുന്നുണ്ട്. 

ഇതു കൂടാതെ ക്ലാസ്സുകളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ, കൊച്ചു കൊച്ചു വായന കർഡുകളുടെയും വായന, കുട്ടിയിലെ വായനയെ വളർത്തിയെടുത്തു. 

ഈ മാറ്റത്തിന് പിന്നിൽ ഒന്നാം തരത്തിലെ ഞങ്ങളുടെ അധ്യാപകർ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്. 

ഇന്നത്തെ ഒന്നാം തരത്തിലെ പഠന പ്രവർത്തനങ്ങൾ കുറച്ചു കൂടെ മുമ്പ് ലഭിച്ചിരുന്നെങ്കിൽ എല്ലാ മക്കളിലും വായനയിലും, പഠനത്തിലും നല്ലൊരു മാറ്റം കാണാൻ സാധിച്ചേനെ... 

പഠനം എന്നത് കുട്ടികളിൽ അടിച്ചേല്പിക്കാതെ അവർക്ക് ഇഷ്ടത്തോടെ പാഠങ്ങൾ പഠിക്കാൻ ഇന്നത്തെ ഒന്നാം തരത്തിലെ മക്കൾക്ക് സാധിക്കുന്നുണ്ട്. 

ഇതിലും കൂടുതൽ പ്രവർത്തനങ്ങൾ ഇനിയും കുട്ടികൾക്ക് ആവശ്യമുണ്ട് എന്ന് ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു........

 സുചിത്ര

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി