Pages

Friday, June 5, 2026

പറവ പാറി- അക്ഷരങ്ങളുടെ ​എഴുത്തുരീതി

 പ്രിയപ്പെട്ട രക്ഷിതാവേ, 

  • ഒന്നാം ക്ലാസില്‍ അക്ഷരം പഠിപ്പിക്കുന്നത് ഏറ്റവും ശാസ്ത്രീയമായ രീതിയിലാണ്. 
  • ഓരോ അക്ഷരത്തിനും അതിന്റേതായ എഴുത്തുക്രമം ഉണ്ട്. അത് പാലിച്ചാണ് ടീച്ചര്‍ ക്ലാസില്‍ എഴുതിക്കുന്നത്. പ എഴുതുമ്പോള്‍ ഘടന പറയും. എവിടെ തുടങ്ങണമെന്ന് സൂചിപ്പിച്ച ശേഷം പയുടെ തല ചെറുതാണെന്നും പിന്നെ നീട്ടി നേരേ വലത്തേക്ക് വരച്ച് കുത്തനെ ഉയരുമെന്നും പറയും. എന്നാല്‍ വ എഴുതുമ്പോള്‍ പ പോലെയല്ല. വയുടെ തല വലുതാണ്. പ എഴുതുന്നത് പോലെ നീട്ടണ്ട. കുറിയ വര മതി. പ യും വ യും ചിലകുട്ടികള്‍ പരസ്പരം തിരിച്ചറിയാത്ത വിധം എഴുതും. പാപം എന്ന് നാം വായിക്കുന്നത് കുട്ടി പാവം എന്ന് ഉദ്ദേശിച്ച് എഴുതിയതാകും. അര്‍ഥം തന്നെ മാറിപ്പോകും. അതിനാല്‍ അക്ഷരഘടനയ്ക് വലിയ പ്രാധാന്യമുണ്ട്. തെറ്റായ രീതി വീട്ടില്‍ പരിശീലിപ്പിക്കരുത്. ന, ത എന്നിവ എഴുതുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ ത എഴുതുന്നത് ന ആയിപ്പോകാം.  തീ പിടിച്ചു എന്നെഴുതേണ്ടിടത്ത് നീ പിടിച്ചു എന്ന് കുട്ടി എഴുതും.  ക, ല എന്നിവയുടെ തുടക്കവും എഴുത്ത് ക്രമവും കുട്ടി വശമാക്കണം. ഏതെങ്കിലും രീതിയില്‍ ക എഴുതിയാല്‍ പോര.
  • രക്ഷിതാക്കളെക്കൂടി സഹായിക്കാനായി അക്ഷരഘടന വ്യക്തമാക്കുന്ന ചിത്രീകരണവും ജിഫ് ഫയലും ചുവടെ നല്‍കുന്നു. ഇത് എല്ലാം ഒറ്റദിവസം കൊണ്ട് പഠിപ്പിക്കാനുള്ളതല്ല. 
  • ടീച്ചര്‍ ക്ലാസില്‍ ഏതക്ഷരമാണോ പരിചയപ്പെടുത്തിയത് ആ അക്ഷരം എഴുതാന്‍ നേരം ഈ എഴുത്ത് ക്രമം പരിഗണിക്കുക. 
  • ഉച്ചാരണവും പ്രധാനമാണ്. ട യുടെ ഉച്ചാരണത്തില്‍ അല്പം ശ്രദ്ധ വേണം. റേഡിയോ, റോഡ് എന്നിവയിലെ ഡയുടെ ഉച്ചാരണമല്ല ടയ്ക്. അല്പം കൂടി മുറുക്കം വരും. ടിക്കറ്റ് എന്ന് പറയുമ്പോള്‍ ട യ്ക് ഒരു ഉച്ചാരണഊന്നലുണ്ടല്ലോ? അത് പാലിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ കുട്ടിക്ക് ഭാവിയില്‍ അക്ഷരത്തെറ്റ് സംഭവിക്കാം. ട ആണോ ഡ ആണോ എന്ന സംശയം. തുടക്കം മുതല്‍ ഓരോ അക്ഷരത്തിന്റെയും എഴുത്ത് രീതിയും ഉച്ചാരണവും ശ്രദ്ധിക്കണം.
  • ഒന്നാം ക്ലാസിലെ ഒന്നാം യൂണിറ്റില്‍ പരിചയപ്പെടുത്തുന്ന അക്ഷരങ്ങളുടെ എഴുത്ത് രീതിയാണിവിടെ നല്‍കിയിരിക്കുന്നത് 

 

 

 

 

 

 

 

 

 gif രീതിയിലുള്ള അക്ഷരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്


 



വാക്കകലം പ്രധാനം

പട പട പറവ എന്നത് മൂന്ന് വാക്കുകള്‍ ചേര്‍ന്ന വാക്യമാണ്. ചില കുട്ടികള്‍ വാക്കകലം പാലിക്കാതെ എഴുതും. പടപടപറവ എന്ന്. അത് ശരിയായ രീതിയല്ല. വാക്കിനുള്ളില്‍ അക്ഷരങ്ങള്‍ ആവശ്യത്തില്‍ കവിഞ്ഞ് അകലമിട്ട് എഴുതുന്ന കുട്ടികളുമുണ്ട്. അതും പരിഹരിക്കണം. നിങ്ങളുടെ കുട്ടിയുടെ ക്ലാസ് ടീച്ചര്‍ ഓരോ കുട്ടിയും ശരിയായ രീതിയിലാണ് എഴുതുന്നതെന്ന് ഉറപ്പാക്കും. അതിനാല്‍ പാഠങ്ങള്‍ സാവധാനമേ തീരു. ഒരു വര്ഷമുണ്ടല്ലോ. കുട്ടി തുടക്കം മുതല്‍ നന്നായി പഠിക്കട്ടെ.
പിന്തുണബുക്ക്
ടീച്ചര്‍ക്ക് ഒരു പിന്തുണബുക്കുണ്ട്, കുട്ടി എഴുതുന്ന സമയം എഴുത്ത് രീതി ശരിയാകാനുണ്ടെങ്കില്‍ ഹൈലൈറ്റര്‍ പേന വച്ച് ടീച്ചറെഴുതി അതിന് മുകളിലൂടെ കുട്ടിയെക്കൊണ്ടെഴുതിപ്പിച്ച് അക്ഷരഘടനയില്‍ തിട്ടം വരുത്തും. ഹൈലൈറ്റര്‍ പേന വീട്ടിലും പ്രയോജനപ്പെടുത്താമേ,, 
കട്ടിക്കെഴുത്ത്
അക്ഷരഘടന കുട്ടികള്‍ക്ക് പരിശീലിക്കാനാണ് ബോര്‍ഡില്‍ ചോക്ക് ചരിച്ച് പിടിച്ച് ടീച്ചര്‍ അക്ഷരം കട്ടിയിലെഴുതുന്നത്. കുട്ടികള്‍ വന്ന് അതിന് മുകളിലൂടെ വിരലോടിച്ച് ഘടന മനസ്സിലാക്കിയ ശേഷം തനിയെ ബോര്‍ഡില്‍ ശരിയായ രീതിയില്‍ എഴുതും.  
ഒന്നാം ക്ലാസിലെ ടീച്ചര്‍ വളരെ കരുതലോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ആ ടീച്ചറുമായി ആശയവിനിമയം നടത്തി കുട്ടിക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ മടിക്കരുതേ. ടീച്ചര്‍ മാത്രം വിചാരിച്ചാല്‍ എല്ലാം അതിന്റെ പൂര്‍ണ്ണതയിലെത്തില്ല.
ഇനി ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം. 









No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി