Pages

Monday, September 14, 2026

ടീച്ചറും രക്ഷിതാവും- വ്യക്തിഗത മീറ്റിംഗ് പരമ്പര

  


 സ്നേഹസ്പർശം 

സ്കൂൾ SRG യിൽ CPTA എങ്ങനെ ഫലപ്രദമായി നടത്താം എന്ന ചർച്ചയിൽ നിന്നാണ് വ്യക്തിഗത സിപി ടി എ എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെ സ്നേഹ സ്പർശം എന്ന പേരിൽ എല്ലാ ക്ലാസിലും ഇപ്രാവശ്യത്തെ പാദവാർഷിക മൂല്യനിർണയാനന്തര സി പി ടി എ നടത്താൻ ധാരണയായിഒന്നാം ക്ലാസ്സിൽ ഒരു ദിവസം അഞ്ചുരക്ഷിതാക്കൾ എന്ന രീതിയിലാണ് പ്ലാൻ ചെയ്തത്.

  • ഓരോ രക്ഷിതാവിനും 30 മിനിറ്റ് വീതം സമയം നൽകാൻ തീരുമാനിച്ചു

  • ഉച്ചയ്ക്ക് ശേഷം 2 30 മുതൽ 5 മണി വരെയാണ് ഓരോ ദിവസവും സമയം കണ്ടെത്തിയത്.

  • ഇതനുസരിച്ച് ഓരോ ദിവസവും വരേണ്ട രക്ഷിതാക്കളുടെ പേരും സമയവും ക്ലാസ് ഗ്രൂപ്പ് വഴി നൽകി.

  • 10/9/26 വ്യാഴാഴ്ച മുതൽ മീറ്റിംഗ് ആരംഭിച്ചു.


  • ആദ്യദിവസം വളരെ ഭംഗിയായി അവസാനിച്ചപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു.

ഓരോ രക്ഷിതാവും ഒരേ സ്വരത്തിൽ എടുത്തുപറഞ്ഞു ഈ രീതിയിൽ മീറ്റിംഗ് നടത്തിയത് വളരെ നല്ലൊരു തീരുമാനമായെന്ന്. വർഷത്തിൽ ഒരു തവണ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തുന്നത് എന്തുകൊണ്ട് വളരെയേറെ ഗുണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.

  • പഠന പിന്തുണ ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒന്നിച്ചുള്ള മീറ്റിംഗിൽ തങ്ങളുടെ കുട്ടിയെ കുറിച്ച് പറയുമ്പോൾ അനുഭവപ്പെട്ടിരുന്ന പ്രയാസം ഇവിടെ പരിഹരിക്കപ്പെട്ടു

  • വ്യക്തിഗത മീറ്റിംഗിൽ യാതൊരു സങ്കോചവും കൂടാതെ അവർ ടീച്ചറോട് തുറന്നു സംസാരിച്ചു.

  • പരീക്ഷ പേപ്പർ വിശകലനം കൂടാതെ വായന കാർഡ് വായന, എഴുത്ത് എന്നിവയും രക്ഷിതാക്കളുടെ മുന്നിൽ വെച്ച് നടത്തിയത് കുട്ടികൾ സ്വതന്ത്ര വായനയിലും എഴുത്തിലും എത്ര ദൂരം താണ്ടി എന്ന് മനസ്സിലാക്കാൻ അവരെ സഹായിച്ചു.

  • ടീച്ചറും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ഒരു ഹൃദയബന്ധം കൂടുതൽ ഊഷ്മളമായി.


മുപ്പക് മിനിറ്റ് നടന്ന പ്രവര്‍ത്തനങ്ങള്‍

1. വിദ്യാഭ്യാസ വിശകലനവും തുടർനടപടികളും – റിപ്പോർട്ട്  വിശകലനവും പരിഹാരബോധനവും (Evaluation & Remedial Discussion): കുട്ടിയുടെ പരീക്ഷാ ഉത്തരക്കടലാസുകളുടെ വിശകലനത്തിലൂടെ കണ്ടെത്തിയ പ്രധാന പോരായ്മകളെക്കുറിച്ച് രക്ഷിതാവുമായി വിശദമായി ചർച്ച ചെയ്തു. കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇനി നൽകേണ്ട പരിഹാര പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുകയും വീട്ടിലും ക്ലാസിലും നൽകേണ്ട പിന്തുണയെക്കുറിച്ച് ധാരണയിലെത്തുകയും ചെയ്തു.

2. സ്വതന്ത്ര രചനയും അനുബന്ധ പ്രവർത്തനങ്ങളും :* ഉത്തരക്കടലാസിലെ ചോദ്യങ്ങൾക്ക് പുറമെ, കുട്ടിയുടെ സ്വതന്ത്ര രചനാശേഷി വിലയിരുത്തുന്നതിനായി മുൻപ് ക്ലാസിൽ നൽകിയ ഒരു പ്രവർത്തനം രക്ഷിതാവിന് മുന്നിൽ അവതരിപ്പിച്ചു.

  • പ്രവർത്തനം: അധ്യാപികയുടെ തിരുത്തലുകളോ ഇടപെടലുകളോ ഇല്ലാതെ, കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു ജീവിയെക്കുറിച്ച് (പൂച്ച, തത്ത തുടങ്ങിയവ) A4 ഷീറ്റിന്റെ മുൻവശത്ത് മലയാളത്തിലും, മറുവശത്ത് ഇംഗ്ലീഷിലും വിവരണങ്ങൾ തയ്യാറാക്കാൻ നൽകിയിരുന്ന പ്രവർത്തനമായിരുന്നു ഇത്.

  • വിലയിരുത്തൽ: ഉത്തരക്കടലാസുകളിൽ സ്വതന്ത്രരചനയുടെ കുറവ് പ്രകടമായിരുന്നെങ്കിലും, A4 ഷീറ്റ് പ്രവർത്തനത്തിൽ കുട്ടികൾ വളരെ നല്ല ഭാഷയിലാണ് വിവരണം എഴുതിയിരുന്നത്. കുട്ടിയുടെ ആശയം വ്യക്തമായിരുന്നുവെങ്കിലും ചില ചിഹ്നപിഴവുകളും അക്ഷരത്തെറ്റുകളും കണ്ടെത്തി


3. ഭാഷാവികസനത്തിനായുള്ള തുടർതീരുമാനങ്ങൾ: സ്വാഭാവികമായ രചനാശേഷി കുട്ടിക്കുള്ളതിനാൽ, ഇത്തരം ചിഹ്ന-അക്ഷര തെറ്റുകൾ തിരുത്തിക്കൊണ്ട് മലയാളത്തിലെയും ഇംഗ്ലീഷിലെയും സ്വതന്ത്ര രചനാശേഷി (Creative Writing) എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് രക്ഷിതാവുമായി ചർച്ച ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.

റീഡിങ് കാർഡുകളും ഇംഗ്ലീഷ് പാഠപുസ്തകവും ഒരുമിച്ച് ഉപയോഗിച്ച് കുട്ടികളിൽ സ്വതന്ത്ര വായന (Independent Reading) പ്രോത്സാഹിപ്പിച്ച പ്രക്രിയ വളരെ ലളിതവും ഫലപ്രദവുമാണ്.

  • പ്രവർത്തനം: സ്വതന്ത്ര വായനയും എഴുത്തും (Independent Reading and Writing)

  • ഉപയോഗിച്ച സാമഗ്രികൾ: റീഡിങ് കാർഡുകൾ (Reading Cards), ഇംഗ്ലീഷ് പാഠപുസ്തകം

പ്രക്രിയ :*

  1. വായനാ മുന്നൊരുക്കം: റീഡിങ് കാർഡുകളിലെയും പാഠപുസ്തകത്തിലെയും ലളിതമായ ഭാഗങ്ങൾ കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ നൽകി.

  2. വായന: മുൻകൂട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ കുട്ടികൾ തനിയെ വായന പൂർത്തിയാക്കി.

  3. എഴുത്ത് (Follow-up Activity): വായനയ്ക്ക് ശേഷം, ചില കുട്ടികളെക്കൊണ്ട് വായിച്ച ആശയങ്ങളെ ആസ്പദമാക്കി ഒന്നും രണ്ടും വാക്യങ്ങൾ സ്വന്തമായി എഴുതിച്ചു

  4. വിലയിരുത്തൽ (Reflection / Feedback): കാർഡുകളിലെ ചിത്രങ്ങളും ലളിതമായ വാക്യങ്ങളും പാഠപുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി വായിക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്വതന്ത്രമായി വായിക്കാനും ചെറുവാക്യങ്ങൾ സ്വന്തമായി നിർമ്മിക്കാനുമുള്ള കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനം സഹായിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ (30 മിനിറ്റ്) ഇത്രയും വിശദമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത് മികച്ച സമയപരിപാലനത്തിന്റെ തെളിവാണ്.

ഈ രീതിയുടെ പ്രധാന സവിശേഷതകളും മേന്മകളും

  • കുട്ടികളുടെ കുറിപ്പുകളും ടീച്ചറുടെ നിരീക്ഷണങ്ങളും തമ്മിൽ ഒത്തുനോക്കാൻ സാധിക്കുന്നു.

  • രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം: അധ്യാപകന്റെ നിരീക്ഷണം വായിച്ച ശേഷം രക്ഷിതാക്കളുടെ അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളും) രേഖപ്പെടുത്താൻ അവസരം നൽകുന്നത് രക്ഷിതാക്കളിൽ പങ്കാളിത്ത ബോധം വളർത്തുന്നു.

പരിമിതികള്‍

ഒരോ ദിവസവും ഓരോ രക്ഷിതാവിനും അരമണിക്കൂര്‍ വീതം നീക്കി വയ്കുമ്പോള്‍ ഒരാഴ്ചത്തെ ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കേണ്ടിവരും.

എന്താണ് പരിഹാരം?

ഉച്ചയിടവേള സമയത്തും രാവിലെയും നാല്മണിക്ക് ശേഷവുമായി ഒരു ദിവസം മൂന്ന് എന്ന കണക്കില്‍ രക്ഷിതാക്കളെ ക്ഷണിക്കാം.

ഓരോ ദിവസവും ഓരോ രക്ഷിതാവുമായി ഓണ്‍ലൈനില്‍ സംസാരിക്കാം.


അധിക വായനയ്ക്

ഒന്ന് - ഫിന്‍ലാന്റ്

ഫിൻലാന്റിൽ സ്കൂളുകളും രക്ഷിതാക്കളും തമ്മിൽ ആശയവിനിമയം നടത്താൻ 'Wilma' എന്ന പ്രത്യേക ആപ്പ്/സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഇതിലൂടെ അധ്യാപകർ അയക്കുന്ന അറിയിപ്പുകളും കുട്ടികളുടെ ദൈനംദിന വിശേഷങ്ങളും രക്ഷിതാക്കൾ കാണുകയും ആവശ്യമായ കാര്യങ്ങളിൽ രക്ഷിതാക്കൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു.

സാമൂഹിക കൂട്ടായ്മകളും പരിപാടികളും: സ്കൂൾ സമയത്തിന് ശേഷം രക്ഷിതാക്കളും കുട്ടികളും ഒത്തുചേരുന്ന 'പിക്നിക്കുകൾ', കളിദിനങ്ങൾ, കാപ്പി സൽക്കാരങ്ങൾ (Coffee mornings) എന്നിവ രക്ഷിതാക്കൾ തന്നെ മുൻകൈയെടുത്ത് സംഘടിപ്പിക്കാറുണ്ട്. ഇത് രക്ഷിതാക്കൾ തമ്മിൽ വലിയൊരു പിന്തുണ ശൃംഖല (Support Network) സൃഷ്ടിക്കുന്നു.

ഫിൻലാന്റിലെ പ്രൈമറി സ്കൂളുകളിൽ 'കാപ്പി സൽക്കാരങ്ങൾ' (Coffee Evenings / Vanhempainilta) അല്ലെങ്കിൽ വട്ടത്തിൽ ഇരുന്ന് സംസാരിക്കുന്ന രീതിയുണ്ട്.

അനൗദ്യോഗികമായ തുടക്കം (Informal Start)

  • വൈകുന്നേരം 5:30-ന് രക്ഷിതാക്കൾ സ്കൂളിലെ ക്ലാസ് റൂമിലോ കോമൺ ഹാളിലോ എത്തുന്നു.

  • ഹാളിൽ ബെഞ്ചുകൾ വരിവരിയായി ഇട്ടിട്ടുണ്ടാവില്ല. പകരം, കസേരകൾ വട്ടത്തിൽ തിരിച്ചിട്ടിരിക്കും (Circle Arrangement).

  • ഒരു വശത്ത് കാപ്പിയും (Coffee), ചായയും, ചെറുപലഹാരങ്ങളും ഒരുക്കിവെച്ചിട്ടുണ്ടാകും. രക്ഷിതാക്കൾ കാപ്പിയെടുത്ത് പരസ്പരം കുശലാന്വേഷണം നടത്തി അയവുള്ള അന്തരീക്ഷത്തിൽ സംസാരിച്ചു തുടങ്ങുന്നു.

ഒത്തുചേരലിന്റെ പ്രക്രിയ (The Process)

  • തുല്യത അധിഷ്ഠിതമായ ഇരിപ്പ് (No Stage or Podium):

    അധ്യാപിക സ്റ്റേജിലോ ഡയസിലോ അല്ല നിൽക്കുന്നത്. അധ്യാപികയും രക്ഷിതാക്കളോടൊപ്പം വട്ടത്തിൽ ഇരിക്കുന്നു. ഇവിടെ ആരും പ്രസംഗിക്കുന്നില്ല.

  • തുറന്ന സംവാദം (Open Dialogue): അധ്യാപിക ഒരു ചെറിയ ചോദ്യത്തോടെ ചർച്ചയ്ക്ക് തുടക്കമിടുന്നു

അനുഭവങ്ങൾ പങ്കുവെക്കൽ (Sharing Experiences):രക്ഷിതാക്കൾ ഓരോരുത്തരായി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

കൂട്ടായ തീരുമാനങ്ങൾ. ഇവിടെ അധ്യാപികയോ സ്കൂളോ ഒരു നിയമവും അടിച്ചേൽപ്പിക്കാറില്ല. പകരം, വട്ടത്തിലിരിക്കുന്ന രക്ഷിതാക്കൾ പരസ്പരം സംസാരിച്ച് ക്ലാസിന് പൊതുവായ ഒരു ധാരണയിൽ (Common Consensus) എത്തുന്നു


രണ്ട്-ഓസ്ട്രേലിയ

ഓസ്ട്രേലിയൻ ഗവൺമെന്റ്, നാഷണൽ പേരന്റ് ബോഡികൾ (ACSSO, APC) എന്നിവരുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സമഗ്രമായ വിദ്യാഭ്യാസ മാർഗ്ഗരേഖയാണ് 'ഫാമിലി–സ്കൂൾ പാർട്ണർഷിപ്പ്സ് ഫ്രെയിംവർക്ക്' (Family–School Partnerships Framework). കുട്ടികളുടെ സമഗ്രവികാസത്തിനും പഠനമികവിനും കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന ആശയത്തിലാണ് ഇത് അധിഷ്ഠിതമായിരിക്കുന്നത്

അടിസ്ഥാന തത്ത്വങ്ങൾ (Core Principles)

  • കുടുംബമാണ് ആദ്യത്തെ അധ്യാപകർ: കുട്ടിയുടെ ആദ്യത്തെയും നിരന്തരവുമായ അധ്യാപകർ കുടുംബാംഗങ്ങളാണ്.

  • കൂട്ടുത്തരവാദിത്തം: കുട്ടിയുടെ വ്യക്തിത്വ വികസനത്തിലും പഠനനേട്ടങ്ങളിലും സ്കൂളിനും വീടിനും തുല്യ പങ്കാളിത്തമുണ്ട്.

  • പഠനം സ്കൂളിൽ മാത്രം നടക്കുന്നില്ല; വിവിധ സാഹചര്യങ്ങളിലും ഇടങ്ങളിലും നടക്കുന്നു

  • വൈവിധ്യങ്ങളെ സ്വാഗതം ചെയ്യൽ: കുടുംബങ്ങളുടെ സാമൂഹിക, സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുകയും അത് പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യുക..

  • പരസ്പര ബഹുമാനവും വിശ്വസ്തതയും: സ്കൂളും കുടുംബവും തമ്മിലുള്ള ബന്ധം പരസ്പരവിശ്വാസം, ആദരവ്, പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായിരിക്കണം.

മൂന്ന്. ന്യൂസിലാൻഡ്

Learning Story / Documentation Model

Learning Story എന്താണ്?

ലളിതമായി പറഞ്ഞാൽ,

കുട്ടി എന്തെങ്കിലും പഠനാനുഭവത്തിൽ ഏർപ്പെടുമ്പോൾ അധ്യാപകൻ അത് ശ്രദ്ധിക്കുന്നു, രേഖപ്പെടുത്തുന്നു, അതിൽനിന്ന് കുട്ടിയുടെ പഠനം വ്യാഖ്യാനിക്കുന്നു, അടുത്ത പഠനസാധ്യത ചിന്തിക്കുന്നു; പിന്നീട് ആ രേഖ കുട്ടിയുമായും കുടുംബവുമായും പങ്കുവെച്ച് വീണ്ടും പഠനത്തിലേക്ക് കൊണ്ടുവരുന്നു.

ഉദാഹരണം

മഴവില്ല് വരയ്ക്കുകയായിരുന്നു അനു. ചിത്രത്തിന്റെ താഴെ അവൾ ‘മഴ’ എന്ന് എഴുതി. അധ്യാപകൻ ചോദിച്ചപ്പോൾ ‘മഴ പെയ്തിട്ട് വെയിൽ വന്നാൽ മഴവില്ല് വരും’ എന്ന് അവൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച മഴയെക്കുറിച്ചുള്ള സംഭാഷണത്തിലും അവൾ മഴവില്ലിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോൾ അനുഭവം, സംഭാഷണം, ചിത്രം, എഴുത്ത് എന്നിവ തമ്മിൽ ബന്ധിപ്പിച്ച് സ്വന്തം ആശയം പ്രകടിപ്പിക്കാൻ അവൾ ശ്രമിക്കുന്നു.

കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയുന്നില്ല? എന്നല്ല Learning Story ചോദിക്കുന്നത്:

  • കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയുന്നു?
    എന്തിലാണ് കുട്ടിക്ക് താൽപര്യം?
    എങ്ങനെ ശ്രമിക്കുന്നു?
    എങ്ങനെ പ്രശ്നപരിഹാരം നടത്തുന്നു?
    എങ്ങനെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നു?
    എങ്ങനെ പഠനം വികസിപ്പിക്കുന്നു?


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി