Pages
Thursday, November 26, 2026
ക്ലാസുകളില്‍ എഡിറ്റിംഗ് നടക്കുന്നുണ്ടോ?
കേരളപ്പിറവി ദിനത്തിൽ ഒന്നാം ക്ലാസുകാരുടെ സ്വന്തം കുട്ടിപ്പത്രം 🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ഫാത്തിമ സന്‍ഹയുടെ പുസ്തകക്കുറിപ്പുകള്‍
റീഡിങ് ചലഞ്ച്* - ALPS എഴുവന്തല ഈസ്റ്റ്
ക്ലാസ് പി ടി എ 100% പങ്കാളിത്തം
ചെറുവള്ളിയിലെ വായനച്ചന്തം
കറുകച്ചാൽ സബ് ജില്ലയിലെ ഡി വി എൽ പി എൽ പി സ്കൂൾ ചെറുവള്ളിയിൽ ഈ അദ്ധ്യയന വർഷം 10 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.
ക്ലാസ് തല ഡയറിയെഴുത്ത്
സാങ്കല്പിക കാര്‍ട്ടൂണ്‍ ഡയറിയുമായി മുഹമ്മദ് സഹൽ
മുഹമ്മദ് സഹൽ ,( എയുപിഎസ് അടക്കാപുത്തൂർ) ആഹാ എന്ത് സ്വാദ് എന്ന പാഠത്തിൽ ആനയും മൈനയും മറ്റു മൃഗങ്ങളും ഒക്കെ സംസാരിക്കുന്നതുപോലെ എഴുതിയാലെന്താ എന്ന് ആലോചിച്ചു. ഒരു പൂമ്പാറ്റയോട് സംസാരിക്കുകയും പൂമ്പാറ്റ തിരിച്ചു സംസാരിക്കുകയും ചെയ്യുന്നതായി സങ്കൽപ്പിച്ച് എഴുതി. അപ്പോള്‍ സാങ്കല്പിക കാര്ട്ടൂണ്ഡയറി എന്ന ഡയറിരൂപം പിറന്നു. സംയുക്തഡയറി വികസിപ്പിച്ച ശേഷം പല വിദ്യാലയങ്ങളിലും പുതിയ അന്വേഷണങ്ങള്‍ നടന്നു. കാര്‍ട്ടൂണ്‍ ഡയറിയും ചിത്രകഥാഡയറിയും സാങ്കല്പിക കാര്‍ട്ടൂണ്‍ ഡയറിയും കുട്ടികള്‍ കണ്ടെത്തിയ സാധ്യതകളാണ്. അവ ടീച്ചര്മാര് വ്യാപകമാക്കി.
രചനോത്സവ ചിത്രം
കഥ എഴുതാം
ചിത്രം നോക്കൂ.- ആരെല്ലാം?
- എവിടെയാണ് അവര്‍?
- പട്ടിക്കുട്ടി എങ്ങനെ കുടക്കീഴിലെത്തി?
- അവര്‍ക്ക് സങ്കടമാണോ സന്തോഷമാണോ?
- എന്താവാം കാരണം?
- ദൂരെ നിന്നും ആരാണ് വരുന്നത്?
- ഇനി എന്താവും സംഭവിക്കുക?
മനസ്സില്‍ തോന്നിയ കാര്യം എഴുതൂ. കഥയ്ക്ക് പേരും ഇടണേ..ചിത്രകഥാ രൂപത്തിലും എഴുതാം.
*ചിത്രവിവരണം – ഒന്നാം ക്ലാസ്*
കുട്ടി: മുഹമ്മദ് മാസിൻ കെ
ജി. എൽ. പി. എസ്. താഴക്കോട്, മുക്കം, കോഴിക്കോട്
പ്രവർത്തനം: *ക്ലാസിൽവെച്ച് നടത്തിയ വ്യക്തിഗത രചന*
⭕ഒന്നാം ക്ലാസിലെ മുഹമ്മദ് മാസിൻ ചിത്രത്തെ നിരീക്ഷിച്ച് സ്വതന്ത്രമായി 23 വാക്യങ്ങളുള്ള ദൈർഘ്യമുള്ള രചന നടത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്.
ഇവിടെ കുട്ടി ചിത്രം നിരീക്ഷിച്ച് വിവരങ്ങൾ കണ്ടെത്തുക മാത്രമല്ല, നേരത്തേ പഠിച്ച ഭാഷാനുഭവങ്ങളെ പുതിയൊരു സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
*കുട്ടിയുടെ രചനയിലെ സവിശേഷമായ മികവുകൾ*
✅ആശയവികാസം
ചിത്രത്തെക്കുറിച്ച് ഒന്നോ രണ്ടോ വാക്യങ്ങൾ എഴുതിയിട്ട് അവസാനിപ്പിക്കുന്നില്ല. കൂടുതൽ കാര്യങ്ങൾ എഴുതാനുള്ള ശ്രമം തുടരുന്നു. ഒന്നാം ക്ലാസിലെ എഴുത്തുപഠനത്തിൽ ഇത് പ്രധാനപ്പെട്ട ഒരു സൂചനയാണ്.
✅അന്വേഷണാത്മകമായ നിരീക്ഷണം
ചിത്രത്തിൽ എന്തെല്ലാമുണ്ട് എന്ന അന്വേഷണം കുട്ടി നടത്തി. വസ്തുക്കളെ തിരിച്ചറിയുന്നതിൽ മാത്രം ഒതുങ്ങാതെ മനുഷ്യരും മറ്റു ജീവികളും എന്തെല്ലാം ചെയ്യുന്നു എന്ന് പരിശോധിച്ചു. ചിത്രത്തിലെ പ്രവർത്തനങ്ങളെയും അവയുടെ വൈവിധ്യത്തെയും ശ്രദ്ധിച്ചു.
✅സൂക്ഷ്മമായ നിരീക്ഷണശേഷി
മനുഷ്യരുടെ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയിലെ സൂക്ഷ്മമായ ദൃശ്യങ്ങളിലേക്കും കുട്ടിയുടെ ശ്രദ്ധ എത്തി. മരവും ഇലയും നനയുന്നു, മീനും കാടും നനയുന്നു, പൂവും പൂവിന്റെ ഇലയും നനയുന്നു തുടങ്ങിയ നിരീക്ഷണങ്ങൾ അതിന് ഉദാഹരണമാണ്.
✅പഠിച്ച കവിതയുടെ ഭാഷാപരമായ സ്വാധീനം
ഇതാണ് ഈ രചനയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.
നേരത്തേ പഠിച്ച മഴക്കാലം എന്ന കവിതയിലെ
മലയും കാടും ഇലയും മരവും
കിളിയും മഴയില്‍ നനയുന്നു
ഈ വരികളോട് സാമ്യമുള്ള പ്രയോഗങ്ങൾ കുട്ടി സ്വന്തം രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഠിച്ച ഭാഷാരൂപങ്ങൾ ഓർമയിൽ സൂക്ഷിക്കുകയും പുതിയൊരു സന്ദർഭത്തിൽ അവയെ പുനരുപയോഗിക്കുകയും ചെയ്യുന്നു. ഇത് കേവലം അനുകരണമല്ല. ലഭ്യമായ ഭാഷാസമ്പത്തിനെ പുതിയ ആശയപ്രകാശനത്തിന് ഉപയോഗിക്കുന്ന സർഗാത്മകമായ ഭാഷാപ്രയോഗമാണ്.
✅ഭാഷാനുഭവങ്ങളുടെ സമന്വയം
കവിതയിലൂടെ നേടിയ ഭാഷാനുഭവം ചിത്രവിവരണത്തിലേക്ക് കൊണ്ടുവരാൻ കുട്ടിക്ക് കഴിഞ്ഞു. വായനയും കവിതാസ്വാദനവും എഴുത്തും പരസ്പരം ബന്ധപ്പെടുന്ന ഭാഷാപഠനത്തിന്റെ മനോഹരമായ ഉദാഹരണമാണിത്.
*ബോധനശാസ്ത്രപരമായ പ്രാധാന്യം*
ഈ രചനയിൽ മൂന്ന് തലത്തിലുള്ള വളർച്ച കാണാം:
• ചിത്രം നിരീക്ഷിച്ച് വിവരങ്ങൾ കണ്ടെത്തുന്നു.
• നിരീക്ഷിച്ച കാര്യങ്ങളെ സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
• മുമ്പ് പഠിച്ച കവിതയിലെ ഭാഷാപ്രയോഗങ്ങളെ പുതിയ രചനയിൽ സർഗാത്മകമായി വിന്യസിക്കുന്നു.
കുട്ടി ചിത്രം വായിച്ചു. പ്രകൃതിയെ നിരീക്ഷിച്ചു. ജീവികളുടെ പ്രവർത്തനങ്ങൾ കണ്ടെത്തി. പഠിച്ച കവിതയെ ഓർത്തു. ആ ഭാഷ സ്വന്തം രചനയിൽ സന്നിവേശിപ്പിച്ചു.
ഒന്നാം ക്ലാസിലെ ഒരു കുട്ടിയുടെ എഴുത്തിൽ തിരിച്ചറിയേണ്ട വിലപ്പെട്ട ഭാഷാപഠനനേട്ടങ്ങൾ ഇവയാണ്.💯
*വ്യക്തിഗത എഡിറ്റിംഗോ ക്ലാസ് എഡിറ്റിംഗോ?*
ഓരോ കുട്ടിയും സ്വന്തം രചന മാത്രം മെച്ചപ്പെടുത്തുന്നതിനു പകരം, എല്ലാവരുടെയും രചനകൾ ചേർത്ത് ഒരു മികച്ച ക്ലാസ് രചന സൃഷ്ടിക്കുന്ന രീതി ആലോചിക്കാം. പ്രത്യേകിച്ചും എല്ലാ കുട്ടികളും ചിത്രസാധ്യത മുഴുവന്‍ രചനയല് പ്രയോജനപ്പെടുത്താതെ ഒന്നോ രണ്ടോ വാക്യങ്ങളില്‍ അവസാനിപ്പിച്ചപ്പോള്‍. മുഹമ്മദ് മാസിൻ ഇനിയും രചന മെച്ചപ്പെടുത്തുകയും വേണം. *സമര്‍ഥരെ അതിസമര്ഥരാക്കുന്നതും പിന്തുവേണ്ടവരെ സഹായിക്കുന്നതുമായ പ്രവര്‍ത്തനമായി ക്ലാസ് പൊതുഉല്പന്നരീതിയെ മാറ്റാം.*
👉🏻ഘട്ടം 1: രചനകൾ പങ്കുവെക്കൽ
ഓരോ കുട്ടിയും സ്വന്തം രചന വായിക്കുന്നു. മറ്റുള്ളവർ ശ്രദ്ധയോടെ കേൾക്കുന്നു. ഓരോ രചനയിൽനിന്നും വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തുന്നു. ( ടീച്ചര്‍ അവ രേഖപ്പെടുത്തണം)
👉🏻ഘട്ടം 2: ആശയശേഖരണം
എല്ലാ കുട്ടികളുടെയും രചനകളിൽനിന്ന് ആശയങ്ങൾ ബോർഡിൽ രേഖപ്പെടുത്തുന്നു.
ഉദാഹരണത്തിന്:
• മഴ പെയ്യുന്നു.
• മരവും ഇലയും നനയുന്നു.
• പൂവും പൂവിന്റെ ഇലയും നനയുന്നു.
• മീനുകൾ നീന്തുന്നു.
• പുഴയിൽ വെള്ളം നിറയുന്നു.
• കന്നുകാലികൾ വെള്ളം കുടിക്കുന്നു.
• കുട്ടികൾ മഴയിൽ കളിക്കുന്നു.
കുട്ടികളുടെ വാക്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാ ആശയങ്ങളും വന്നെന്നിരിക്കില്ല, അവരുടെ ചിന്തയെ ചിത്രസൂക്ഷ്മതയിലേക്ക് നയിക്കണം. അതിനായി വിശകലന ചോദ്യങ്ങളാവാം.
• ചിത്രത്തിൽ കാണുന്ന ഏതെങ്കിലും കാര്യം എഴുതാൻ വിട്ടുപോയിട്ടുണ്ടോ?
• മനുഷ്യർ എന്തെല്ലാം ചെയ്യുന്നു എന്ന് എഴുതിയിട്ടുണ്ടോ?
• മറ്റു ജീവികൾ എന്തെല്ലാം ചെയ്യുന്നു?
• വെള്ളം എവിടെയെല്ലാം കാണാം?
• വെള്ളം എന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു?
👉🏻ഘട്ടം 3: സമാന ആശയങ്ങൾ കണ്ടെത്തൽ
ഇനി കുട്ടികളോട് ചോദിക്കാം:
• ഏതൊക്കെ ആശയങ്ങളാണ് ഒരേ കൂട്ടത്തിൽ വരുന്നത്?
• ചെടികളെയും മരങ്ങളെയും കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
• മനുഷ്യരെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
• മറ്റു ജീവികളെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
• വെള്ളത്തെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
കുട്ടികൾ തന്നെ ആശയങ്ങളെ കൂട്ടങ്ങളാക്കട്ടെ. മനുഷ്യരെക്കുറിച്ചുള്ള ആശയങ്ങള്‍ക്ക് ശരി അടയാളം, ജിവികളെക്കുറിച്ചുള്ളവയ്ക് നക്ഷത്രം അടയാളം എന്നിങ്ങനെ അടയാളങ്ങളിടാം.
👉🏻ഘട്ടം 4: ആശയക്രമീകരണം
• മഴ പെയ്യുന്നതുമായി ബന്ധപ്പെട്ടവ
• കുളം, പുഴ, കടല്‍, കിണര്‍ എന്നിവയുമായി ബന്ധപ്പെട്ടവ
• മനുഷ്യരുമായി ബന്ധപ്പെട്ടവ
• മറ്റു ജീവികളുമായി ബന്ധപ്പെട്ടവ
എന്നിങ്ങനെ ക്രമം തീരുമാനിക്കാം. എല്ലാവര്ക്കും അവരവരെഴുതിയതില് ഈ പരിഗണന വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിച്ചതില്‍ നിന്നും ആശയം സ്വീകരിച്ച് സ്വന്തം എഴുത്ത് വിപുലപ്പെടുത്താം. മുഹമ്മദ് മാസിനിനെ പോലെയുള്ളവര്‍ക്ക് ചിതറിക്കിടക്കുന്ന സമാന ആശയങ്ങള്‍ അടുപ്പിച്ചെഴുതി സ്വന്തം രചന മെച്ചപ്പെടുത്താം.
👉🏻ഘട്ടം 5: രചനയുടെ ക്രമം തീരുമാനിക്കൽ
ഇനി കുട്ടികളുമായി ചർച്ച ചെയ്യാം:
• ആദ്യം എന്താണ് എഴുതേണ്ടത്?
• അതിനുശേഷം ഏത് ആശയം വരണം?
• സമാന ആശയങ്ങൾ അടുത്തടുത്ത് എഴുതിയാലോ?
• അവസാനിപ്പിക്കാൻ എന്തെങ്കിലും നല്ലൊരു ആശയമുണ്ടോ?
കുട്ടികളുടെ നിർദേശങ്ങൾ പരിഗണിച്ച് ആശയങ്ങളുടെ ക്രമം തീരുമാനിക്കാം.
👉🏻ഘട്ടം 6: ക്ലാസ് രചന തയ്യാറാക്കൽ
എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ചേർന്ന് ഒരു രചന തയ്യാറാക്കുന്നു. അധ്യാപകൻ എഴുത്തിന് സഹായിക്കുന്നു. രചനയുടെ ഉടമസ്ഥത കുട്ടികൾക്കായിരിക്കണം.
ഇത് ഒരു കൂട്ടായ എഴുത്തുപ്രവർത്തനം മാത്രമല്ല. കുട്ടികൾക്ക് ആശയങ്ങളെ വർഗീകരിക്കാനും ബന്ധപ്പെടുത്താനും ക്രമീകരിക്കാനും ലഭിക്കുന്ന പ്രായോഗിക പരിശീലനം കൂടിയാണ്.
പ്രത്യേകിച്ച് മൂന്ന് കാര്യങ്ങൾ ശ്രദ്ധേയമാണ്:
1. വ്യക്തിഗത രചനകൾ ക്ലാസിന്റെ പൊതുസമ്പത്തായി മാറുന്നു.
2. മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിക്കുകയും സ്വന്തം ആശയങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
3. വ്യത്യസ്ത ആശയങ്ങളെ ക്രമീകരിച്ച് ഒരു സമഗ്രരചന സൃഷ്ടിക്കുന്നു.
ഒരാളുടെ രചനയിലെ മികവ് മറ്റുള്ളവർക്കും പഠനവിഭവമാകുന്നു.
എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തുക എന്നതുകൊണ്ട് എല്ലാ വാക്യങ്ങളും നിർബന്ധമായും ഉൾപ്പെടുത്തണമെന്നില്ല. സമാന ആശയങ്ങൾ തിരിച്ചറിഞ്ഞ് ആവർത്തനം ഒഴിവാക്കാം. എന്നാൽ *വ്യത്യസ്തമായ നിരീക്ഷണങ്ങളും കുട്ടികളുടെ തനതായ ഭാഷാപ്രയോഗങ്ങളും നഷ്ടപ്പെടരുത്.*
മുഹമ്മദ് തമീം പി എസ് എഴുതിയ വിവരണപ്പാട്ട് വേറിട്ട രചനയാണ്
അതിന്റെ തനിമയില്‍ അത് നിലനില്ക്കട്ടെ.
_*മരമുണ്ട് കിളിയുണ്ട് കൂടുമുണ്ട്*_ ,
_*കുളമുണ്ട് പുഴയുണ്ട് മീനുമുണ്ട്,*_
*_വീടുണ്ട് മുറ്റമുണ്ട് ചെടിയുമുണ്ട്_*
ഈ പാട്ടിലെ ചില വരികള്‍ ആവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം നല്‍കാം. അതുപോലെ മാസിന്റെ രചനയിലെ കവിതാഭാഷയോട് സാമ്യമുള്ള വരികൾ പോലുള്ള സവിശേഷ പ്രയോഗങ്ങൾ ക്ലാസ് രചനയിലും നിലനിർത്താൻ ശ്രദ്ധിക്കണം.
ക്ലാസുല്പന്നത്തിലേക്ക് വികസിക്കുന്ന ഈ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ നേട്ടം, കുട്ടികൾക്ക് എഴുതാൻ പഠിപ്പിക്കുക മാത്രമല്ല, എന്തെഴുതണം, എങ്ങനെ ക്രമീകരിക്കണം, എന്തുകൊണ്ട് അങ്ങനെ ക്രമീകരിക്കണം എന്ന് ചിന്തിക്കാൻ അവസരം നൽകുന്നു എന്നതാണ്. 🛑ശ്രദ്ധിക്കുക ഒന്നാം ക്ലാസിലെ കുട്ടികള്‍ എല്ലാവരും ഇങ്ങനെ ആശയക്രമീകരണം നടത്തി എഴുതരണമെന്ന് നാം ആഗ്രഹിക്കുന്നില്ല. അഞ്ചോ ആറോ കാര്യം എഴുതിയാല്‍ മതി. എന്നാല്‍ സമര്‍ഥരായ കുട്ടികള്‍ തൊട്ടടുത്ത ഉയര്‍ന്ന തലത്തിലേക്ക് പോകണം. ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കുട്ടികളുടെ എഴുത്തില്‍ നിന്നും ചിന്തയില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് പൊതു ഉല്പന്നം തയ്യാറാക്കുന്നതാണ്. വ്യക്തിഗത രചനയില്‍ അവസാനിക്കുമ്പോള്‍ ഓരോ കുട്ടിക്കും സ്വന്തം രചനമെച്ചപ്പെടുത്താനുള്ള ഇടം അടയുകയരുമരുത്.
Wednesday, November 25, 2026
വ്യക്തിഗത കുട്ടിപ്പത്രം: ഒന്നാം ക്ലാസിൽ ഭാഷാപഠനത്തിന്റെ സർഗാത്മകമായ ഒരു മുന്നേറ്റം
AMLPS വെമ്പല്ലൂരിലെ ഒന്നാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ വ്യക്തിഗത കുട്ടിപ്പത്രങ്ങൾ ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ ഇടപെടലിന്റെ മാതൃകയാണ്. ക്ലാസ് കൂട്ടെഴുത്ത് പത്രമാണ് നിര്‍ദേശിച്ചിരുന്നത്. അതിനെ വ്യക്തഗതപത്രമാക്കി വികസിപ്പിക്കുകയായിരുന്നു ഫസ്നടീച്ചര്
21 കുട്ടികളുള്ള ക്ലാസിൽ 19 കുട്ടികൾ വ്യക്തിഗത കുട്ടിപ്പത്രം തയ്യാറാക്കി എത്തി.
• പങ്കെടുത്തവർ: 19
• ആകെ കുട്ടികൾ: 21
• പങ്കാളിത്തം: 90.48%
• പ്രവർത്തനം പൂർത്തിയാക്കാൻ പിന്തുണ ആവശ്യമുള്ളവർ: 2
രണ്ടു കുട്ടികൾക്കും ആവശ്യമായ സമയവും പിന്തുണയും നൽകി പ്രവർത്തനം പൂർത്തിയാക്കാൻ അവസരം ഒരുക്കി.
വ്യക്തിഗതപത്രരൂപീകരണം എങ്ങനെ?
• ആശയശേഖരണം: എന്തെല്ലാം തരം വാർത്തകളാണ് ഉൾപ്പെടുത്തേണ്ടത് എന്ന് കുട്ടികൾ തീരുമാനിക്കുന്നു.
• വിവരശേഖരണം: വീട്ടിലും പരിസരത്തും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നു.
• തിരഞ്ഞെടുപ്പ്: ശേഖരിച്ച വിവരങ്ങളിൽനിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നു.
• ഭാഷാപ്രയോഗം: ആശയങ്ങൾ സ്വന്തം വാക്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. എഴുതുന്ന സമയം രക്ഷിതാക്കളുടെ സഹായം തേടുന്നു. രക്ഷിതാക്കള്‍ക്ക് ആശയപരമായ പിന്തുണ നല്‍കാം. എഴുതേണ്ടത് കുട്ടി തന്നെ ആകണം.
• രചനാപ്രക്രിയ: തലക്കെട്ട് , സ്ഥലം, സംഭവം എന്നിവ എഴുതണം, ഒന്നോ രണ്ടോ വാക്യങ്ങള്‍ മതി. ചിത്രങ്ങൾ ചേർക്കുന്നു.
• തെറ്റ് തിരുത്തല്‍: എഴുതുമ്പോള്‍ തെറ്റ് വന്നാല്‍ തെറ്റിയ വാക്കിന് മുകളില്‍ പേപ്പറൊട്ടിച്ച് ശരിയാക്കി എഴുതല്‍.
• ചാര്‍ട്ട് പേപ്പറില്‍ ക്രമീകരിക്കല്‍: രക്ഷിതാക്കളുടെ സഹായത്തോടെ നടത്താം.
• വായന: സ്വന്തം രചനയും സഹപാഠികളുടെ രചനകളും വായിക്കുന്നു.
പ്രവർത്തനത്തിലെ പ്രധാന മികവുകൾ
- നൽകിയിരിക്കുന്ന മാതൃകകള്‍ പരിശോധിച്ചാല്‍ വാർത്ത, വിശേഷവിവരണം, അനുഭവക്കുറിപ്പ്, പരിപാടികളുടെ റിപ്പോർട്ട്, വ്യക്തിവിവരണം തുടങ്ങിയ വ്യത്യസ്ത രചനാരൂപങ്ങൾ കാണാം. അവരവരുടെ കാര്യങ്ങളും ക്ലാസിലെ സംഭവങ്ങളും സ്കൂള്‍ വിശേഷങ്ങളും നാട്ടുവാര്‍ത്തകളും വന്നിട്ടുണ്ട്.
- കുട്ടിപ്പത്രത്തിന്റെ പ്രധാന ലക്ഷ്യം ഭാഷാവികാസവും സ്വതന്ത്ര എഴുത്തുമാണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായി 95 ശതമാനം കുട്ടികളും പ്രവർത്തനം ഏറ്റെടുത്തു. കുട്ടികൾക്കുവേണ്ടി മുതിർന്നവർ പത്രം തയ്യാറാക്കുന്നതിനു പകരം കുട്ടികൾക്ക് രചയിതാക്കളാകാൻ അവസരം നൽകി.
- ഏഴോ എട്ടോ ദിവസങ്ങളിലെ പ്രധാന വിശേഷങ്ങൾ കണ്ടെത്തി പത്രത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശം കുട്ടികളുടെ നിരീക്ഷണശേഷിയും പരിസരബോധവും വളർത്താൻ സഹായിച്ചു. സ്വന്തം അനുഭവങ്ങൾക്കപ്പുറം ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധ വ്യാപിച്ചു. ആവശ്യത്തിന് സമയം നല്കി ഉല്പന്നപ്രോജക്ട് രൂപത്തില്‍ പ്രവര്‍ത്തനം രൂപകല്പന ചെയ്തത് നന്നായി.
- കുട്ടികളുടെ ചിത്രീകരണവും തലക്കെട്ടുകളും നിറങ്ങളുടെ വിന്യാസവും പത്രങ്ങൾക്ക് സവിശേഷമാക്കി. ചിത്രങ്ങൾ ആശയാവിഷ്കാരത്തിന്റെ മറ്റൊരു മാധ്യമമാണ്.
- മുൻകൂർ ശിൽപശാലയും തുടർച്ചയായ വാട്സ്ആപ്പ് ഓർമപ്പെടുത്തലുകളും രക്ഷിതാക്കളുടെ ഇടപെടലിന് വ്യക്തമായ ദിശ നൽകിയിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികളുടെ പകരം പ്രവർത്തിക്കുന്നവരാകാതെ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവരാകണമെന്ന ധാരണയും ഇവിടെ പ്രധാനമാണ്.
രചനയിലെ അക്ഷരത്തെറ്റുകളും വാക്യഘടനാപരമായ പരിമിതികളും മാത്രം മുൻനിർത്തി കുട്ടികളുടെ പത്രത്തെ വിലയിരുത്തരുത്. ആശയത്തിന്റെ പുതുമ, അനുഭവത്തിന്റെ സവിശേഷത, ഭാഷയുടെ സ്വാഭാവികത, ആവിഷ്കാരത്തിലെ വൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നൽകണം.
ഈ പ്രവർത്തനത്തിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കുട്ടിപ്പത്രത്തിന്റെ നിർമ്മാണത്തേക്കാൾ അതിനു പിന്നിലെ അക്കാദമിക കാഴ്ചപ്പാടാണ്.
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എഴുതാൻ നൽകുന്നത് ഏതാനും വാക്യങ്ങളോ പാഠപുസ്തകത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളോ മാത്രമാകേണ്ടതില്ല. അവർക്ക് പറയാനുണ്ട്, പങ്കുവെക്കാനുണ്ട്, രേഖപ്പെടുത്താനുണ്ട്, അവതരിപ്പിക്കാനുണ്ട്. അതിനുള്ള അർഥവത്തായ ഒരിടമാണ് കുട്ടിപ്പത്രം എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു..
ഇത് സമഗ്ര ഭാഷാപഠനത്തിന്റെ (Whole Language) അടിസ്ഥാനപരമായ കാഴ്ചപ്പാടുകളുമായി ചേർന്നുനിൽക്കുന്നു. യഥാർഥ ആശയവിനിമയ സാഹചര്യങ്ങളിൽ ഭാഷ ഉപയോഗിച്ചുകൊണ്ടാണ് കുട്ടി ഭാഷ പഠിക്കുന്നത്.
പ്രധാന കാര്യം, ക്ലാസ് തല കുട്ടിപ്പത്രത്തിൽനിന്ന് വ്യക്തിഗത കുട്ടിപ്പത്രത്തിലേക്കുള്ള മാറ്റമാണ്. കൂട്ടായ പ്രവർത്തനത്തിന്റെ അനുഭവം വ്യക്തിഗത സർഗാത്മക ആവിഷ്കാരത്തിന് വഴിയൊരുക്കിയിരിക്കുന്നു.
കുട്ടികളുടെ രചനകൾക്ക് ഇടം നൽകുമ്പോൾ ഭാഷാപഠനം പാഠപുസ്തകത്തിന്റെ അതിരുകൾ കടക്കും. കുട്ടികൾക്ക് അവരുടെ ലോകം എഴുതിവെക്കാനുള്ള അവസരം നൽകുമ്പോൾ ക്ലാസ് മുറി ഒരു സർഗാത്മക പ്രസിദ്ധീകരണശാലയായി മാറുകയാണ്.
ഫസ്ന ടീച്ചർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ.
ഓരോ കുട്ടിയും ഒരു രചയിതാവാണ്. ഓരോ കുട്ടിക്കും പറയാൻ ഒരു ലോകമുണ്ട്. ആ ലോകത്തിന് അക്ഷരങ്ങളിലൂടെ ഇടം നൽകുകയാണ് ഇത്തരം പ്രവർത്തനങ്ങൾ.
Monday, November 23, 2026
എഴുത്ത് പഠിക്കുന്നവർ എഴുത്തുകാരായി മാറുമ്പോൾ*
*ഒന്നാം ക്ലാസിലെ ചിത്രകഥാപുസ്തക നിർമ്മാണം — ഒരു പെഡഗോഗിക്കൽ കെയ്സ് സ്റ്റഡി**
🟥 *വിദ്യാലയം* : മാച്ചേരി ന്യൂ യു പി എസ്
🟥 *ക്ലാസ്* : ഒന്നാം ക്ലാസ്
🟥 *കുട്ടികളുടെ എണ്ണം:* 15
🟣
1. *ആമുഖം*
- എഴുത്ത് പഠിക്കുന്ന കുട്ടികൾക്ക് സ്വന്തം പുസ്തകം നിർമ്മിക്കാനും അത് പൊതുവേദിയിൽ പ്രകാശിപ്പിക്കാനും അവസരം ലഭിച്ചാലോ? എഴുത്ത് പഠനത്തിന്റെ ഭാഗമായി മാത്രം കാണാതെ, കുട്ടിയുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു സൃഷ്ടിപരമായ പ്രവർത്തനമായി മാറിയാലോ?
- മാച്ചേരി ന്യൂ യു പി എസിലെ ഒന്നാം ക്ലാസിൽ നടപ്പിലാക്കിയ ചിത്രകഥാപുസ്തക നിർമ്മാണ പ്രവർത്തനം ഇത്തരം ഒരു പെഡഗോഗിക്കൽ സാധ്യത തുറക്കുന്നു.
- 15 കുട്ടികളും 100 ദിനം ഡയറി എഴുത്ത് പൂർത്തീകരിച്ചവരാണ്. ദൈനംദിന അനുഭവങ്ങൾ എഴുത്തിലൂടെ രേഖപ്പെടുത്തിക്കൊണ്ടിരുന്ന കുട്ടികൾക്ക് ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥകൾ സൃഷ്ടിക്കാനും അവ പുസ്തകരൂപത്തിൽ വികസിപ്പിക്കാനും അവസരം നൽകി.
- എഴുത്ത് പഠിക്കുന്ന ഘട്ടത്തിൽത്തന്നെ കുട്ടികൾ സ്വന്തം പുസ്തകങ്ങളുടെ രചയിതാക്കളാകുകയും പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ അവരുടെ പുസ്തകങ്ങൾ പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.
🌈
2. *പ്രവർത്തനത്തിന്റെ പശ്ചാത്തലം* : 100 ദിനം ഡയറി എഴുത്ത്
- ഈ പ്രവർത്തനത്തെ മനസ്സിലാക്കുന്നതിന് കുട്ടികളുടെ മുൻപുള്ള എഴുത്തനുഭവം പ്രധാനമാണ്.
- ഒന്നാം ക്ലാസിലെ 15 കുട്ടികളും 100 ദിനം ഡയറി എഴുത്ത് പൂർത്തീകരിച്ചവരാണ്. നിരന്തരമായി എഴുതാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം അനുഭവങ്ങളും ചിന്തകളും എഴുത്തിലൂടെ രേഖപ്പെടുത്തുന്ന പ്രക്രിയയുമായി അവർ പരിചിതരാണ്.
- ഈ പശ്ചാത്തലത്തിലാണ് ചിത്രകഥാപുസ്തക നിർമ്മാണം ആരംഭിക്കുന്നത്.
- ഡയറി എഴുത്തിൽ കുട്ടി സ്വന്തം അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. ചിത്രകഥാ നിർമ്മാണത്തിൽ കുട്ടി ചിത്രങ്ങളെ നിരീക്ഷിച്ച് ഭാവനയിലൂടെ ആശയങ്ങൾ വികസിപ്പിക്കുകയും കഥ നിർമ്മിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈനംദിന എഴുത്തനുഭവത്തിൽനിന്ന് കൂടുതൽ വികസിതമായ സ്വതന്ത്ര രചനയിലേക്ക് കടക്കാനുള്ള അവസരം രൂപപ്പെടുന്നു.
- 100 ദിനം ഡയറി എഴുത്ത് കുട്ടികളുടെ എഴുത്തുപരിചയത്തിന്റെയും തുടർച്ചയുടെയും പശ്ചാത്തലമാണ്. ഈ അനുഭവം ചിത്രകഥാ നിർമ്മാണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കുട്ടികളുടെ മുൻകാല ഡയറി രചനകളും പുതിയ കഥകളും താരതമ്യം ചെയ്ത് കൂടുതൽ വ്യക്തമായി പഠിക്കാവുന്നതാണ്.
🌈
3. *പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ*
⭕ഭാഷാപഠന ലക്ഷ്യങ്ങൾ
1. സ്വന്തം ആശയങ്ങൾ ഭാഷയിലൂടെ പ്രകടിപ്പിക്കുക.
2. ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുക.
3. വാക്കുകളും വാക്യങ്ങളും ഉപയോഗിച്ച് കഥ വികസിപ്പിക്കുക.
4. സ്വതന്ത്ര രചന നടത്താനുള്ള ആത്മവിശ്വാസം വളർത്തുക.
5. സ്വന്തം രചന വായിക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും_ ചെയ്യുക.
6. എഴുത്തിനൊപ്പം ചിത്രീകരണവും പുസ്തകരൂപകല്പനയും നടത്തുക.
⭕വൈകാരികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ
1. സ്വന്തം സൃഷ്ടിയിൽ അഭിമാനം വളർത്തുക.
2. രചയിതാവ് എന്ന സ്വത്വബോധം രൂപപ്പെടുത്തുക.
3. മറ്റുള്ളവരുടെ സൃഷ്ടികളെ അംഗീകരിക്കുക.
4. പൊതുവേദിയിൽ സ്വന്തം രചന അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം നേടുക.
5. എഴുത്തിന് സാമൂഹിക മൂല്യമുണ്ടെന്ന് അനുഭവിക്കുക.
🌈
4. *പ്രവർത്തനപ്രക്രിയ*
ഘട്ടം 1: ചിത്രങ്ങളുടെ പ്രദർശനം
കഥാചിത്രങ്ങൾ പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾക്ക് പ്രദർശിപ്പിക്കുന്നു. കുട്ടികൾ ചിത്രങ്ങൾ നിരീക്ഷിക്കുകയും അതിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്യുന്നു.
ഘട്ടം 2: ചിന്തയുടെ ജാലകം തുറക്കുന്ന ചോദ്യങ്ങൾ
ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ ചിന്തയും ഭാവനയും ഉണർത്തുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നു. ചിത്രത്തിൽ കാണുന്ന കാര്യങ്ങൾ പറയുന്നതിൽ മാത്രം ഒതുങ്ങാതെ, സംഭവങ്ങളുടെ സാധ്യതകളും കഥാപാത്രങ്ങളുടെ അനുഭവങ്ങളും കഥയുടെ തുടർവികാസവും ചിന്തിക്കാൻ അവസരം നൽകുന്നു.
ഘട്ടം 3: വ്യക്തിഗത രചന
കുട്ടികൾ ക്ലാസിൽ സ്വന്തം നിലയിൽ കഥ എഴുതുന്നു. കുട്ടികളുടെ ആശയങ്ങൾക്കും ഭാഷാപ്രയോഗങ്ങൾക്കും ഇടം നൽകുന്ന വ്യക്തിഗത രചനയാണ് ഈ ഘട്ടത്തിന്റെ സവിശേഷത.
ഘട്ടം 4: വീട്ടിൽ ചിത്രകഥാപുസ്തക നിർമ്മാണം
ക്ലാസിൽ എഴുതിയ കഥയെ വീട്ടിൽവച്ച് പുസ്തകരൂപത്തിലേക്ക് മാറ്റുന്നു. ചിത്രങ്ങൾ, കവർ പേജുകൾ, പേജുകളുടെ ക്രമീകരണം എന്നിവ ഉൾപ്പെടുത്തി എട്ട് പേജുള്ള ചിത്രകഥാപുസ്തകം നിർമ്മിക്കുന്നു. രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്കി. * 1.രണ്ട് എഫോര്‍ ഷീറ്റ് നടുവെ മടക്കി സ്റ്റാപ്ലറടിച്ച് നല്‍കുക. 2.പേജ് നമ്പറിടുക ( എട്ട് പേജുകള്‍), 3.നിര്‍ദ്ദേശങ്ങള്‍ നല്‍കുക, 4.പേജ് ഒന്ന്- കവര്‍ . ഒരു കവർ ചിത്രം വരപ്പിക്കുക (കുട്ടി) കഥയുടെ പേരും എഴുതിയ ആളുടെ പേരും ചേര്‍ക്കുക. 5.പേജ് രണ്ട് ചിത്രകഥ ഉണ്ടാക്കിയ രീതി എഴുതുക. ഉദാ-പിന്നെയും പിന്നെയും എന്ന പാഠത്തില്‍ കാക്ക പായസം വച്ച കഥ എഴുതാന്‍ മാഷ് പറഞ്ഞു. അത് എഴുതിയ ശേഷം മാഷ് നാല് ചിത്രങ്ങള്‍ തന്നു. ഞങ്ങള്‍ ആലോചിച്ചു. അതില്‍ നിന്നും കഥയുണ്ടാക്കി. ആ കഥയാണ് ചിത്രകഥാപുസ്തകമാക്കിയത്.). 6.പേജ് മൂന്ന്. കഥയുടെ പേരും രചയിതാവിന്റെ പേരും സ്കൂളും വര്‍ഷവും. 7.പേജ് നാല് ആദ്യ ചിത്രം പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം, ആ ചിത്രവുമായി ബന്ധപ്പെട്ട കഥാഭാഗം എഴുതുക. 8.പേജ് അഞ്ച് രണ്ടാം ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം. 9.പേജ് ആറ് മൂന്നാം ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം. 10.പേജ് ഏഴ് നാല് ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം. 11.പേജ് എട്ട്( പിന്‍കവര്‍) രചയിതാവിന്റെ ഫോട്ടോയും രചയിതാവിനെക്കുറിച്ചുള്ള ചെറുവിവരണവും. 12.ക്രയോണ്‍സ് ഉപയോഗിച്ച് നിറം കൊടുക്കുക.)
ഘട്ടം 5: പുസ്തകങ്ങളുടെ വിലയിരുത്തൽ
കുട്ടികൾ നിർമ്മിച്ച ചിത്രകഥാപുസ്തകങ്ങൾ വിലയിരുത്തുന്നു. കുട്ടിയുടെ ആശയങ്ങൾ, രചന, ചിത്രീകരണം, പുസ്തകരൂപീകരണം തുടങ്ങിയവ ശ്രദ്ധിക്കുന്ന പഠനപ്രക്രിയയാണിത്.
ഘട്ടം 6: പൊതുവേദിയിലെ പുസ്തകപ്രകാശനം
വിദ്യാലയത്തിൽ പൊതുചടങ്ങ് സംഘടിപ്പിച്ച് കുട്ടികളുടെ ചിത്രകഥാപുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നു. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലൂടെ കുട്ടികളുടെ സൃഷ്ടികൾക്ക് പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നു.
5. *എഴുത്ത് പഠിക്കുന്ന കുട്ടികൾ എഴുത്തുകാരാകുമ്പോൾ*
- ഈ പ്രവർത്തനത്തിന്റെ കേന്ദ്ര ആശയം കുട്ടിയുടെ സ്ഥാനമാറ്റമാണ്.
- സാധാരണ പഠനസാഹചര്യത്തിൽ കുട്ടി അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും പഠിക്കുന്നു. എഴുത്ത് പഠനത്തിന്റെ ഒരു കഴിവായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇവിടെ കുട്ടി എഴുത്ത് പഠിക്കുന്നതിനിടയിൽ തന്നെ സ്വന്തം കഥ സൃഷ്ടിക്കുകയും അത് പുസ്തകരൂപത്തിലാക്കുകയും ചെയ്യുന്നു.
- കുട്ടി ഒരു രചന പൂർത്തിയാക്കുന്ന പഠിതാവ് മാത്രമല്ല; ഒരു പുസ്തകം നിർമ്മിക്കുന്ന രചയിതാവാണ്.
- ഈ മാറ്റം പെഡഗോഗിക്കലായി വളരെ പ്രധാനമാണ്. കാരണം, കുട്ടിക്ക് എഴുത്തിന്റെ ഒരു യഥാർത്ഥ ലക്ഷ്യം ലഭിക്കുന്നു. എഴുതുന്നത് ടീച്ചറെ കാണിക്കാനോ തിരുത്തലുകൾ സ്വീകരിക്കാനോ മാത്രമല്ല. സ്വന്തം ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും വായനക്കാരിലേക്ക് എത്തിക്കാനും വേണ്ടിയാണ് എഴുത്ത്.
- “ഞാൻ എഴുതാൻ പഠിക്കുന്നു” എന്ന തിരിച്ചറിവിൽനിന്ന് “ഞാൻ എഴുതുന്ന ഒരാളാണ്; എന്റെ പുസ്തകവും ഉണ്ടാകാം” എന്ന തിരിച്ചറിവിലേക്ക് കുട്ടി നീങ്ങാനുള്ള സാധ്യതയാണ് ഈ പ്രവർത്തനം സൃഷ്ടിക്കുന്നത്.
6. *സ്വന്തം പുസ്തകം — എഴുത്തിന്റെ റീയൽ സ്റ്റോറി* .
- കുട്ടി എഴുതിയ കഥ ഒരു നോട്ട് ബുക്കിലെ പേജിൽ അവസാനിക്കുന്നില്ല. അത് എട്ട് പേജുള്ള ചിത്രകഥാപുസ്തകമായി വികസിക്കുന്നു.
- കഥയെ പുസ്തകരൂപത്തിലാക്കുമ്പോൾ കുട്ടി എഴുത്തിനപ്പുറം നിരവധി കാര്യങ്ങളുമായി ഇടപെടുന്നു:
- പുസ്തകത്തിന് ഒരു കവർ ഒരുക്കുന്നു.
- കഥയ്ക്ക് അനുയോജ്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നു.
- പേജുകൾ ക്രമീകരിക്കുന്നു.
- എഴുത്തും ചിത്രവും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നു.
- ഒരു സമഗ്ര സൃഷ്ടി നിർമ്മിക്കുന്നു.
- ഇതിലൂടെ എഴുത്ത് ഒരു പഠനാഭ്യാസത്തിൽനിന്ന് യഥാർത്ഥ ഉൽപ്പന്നനിർമ്മാണ പ്രക്രിയയിലേക്ക് മാറുന്നു.
- കുട്ടി എഴുതിയ കഥ ഒരു പുസ്തകമാകുന്നു. കുട്ടി ആ പുസ്തകത്തിന്റെ രചയിതാവാകുന്നു.
7. *പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലുള്ള പുസ്തകപ്രകാശനം* : സാമൂഹിക അംഗീകാരത്തിന്റെ പെഡഗോഗി
എഴുത്ത് പഠിക്കുന്ന ഘട്ടത്തിൽത്തന്നെ കുട്ടികളുടെ പുസ്തകങ്ങൾ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന പൊതുവേദിയിൽ പ്രകാശിപ്പിക്കപ്പെടുന്നു എന്നത് ഈ പ്രവർത്തനത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്.
പുസ്തകപ്രകാശനം ഒരു ചടങ്ങിന്റെ ഔപചാരികത മാത്രമല്ല. കുട്ടിയുടെ രചനയ്ക്ക് സാമൂഹിക മൂല്യവും പൊതുവായ വായനാസന്ദർഭവും നൽകുന്ന ഇടപെടലാണ്.
കുട്ടിയുടെ രചന ടീച്ചർ മാത്രം വായിക്കുന്ന പഠനരേഖയിൽ ഒതുങ്ങുന്നില്ല. സമൂഹത്തിലെ മറ്റുള്ളവർ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പുസ്തകമായി മാറുന്നു.
കുട്ടിക്ക് ലഭിക്കുന്ന സന്ദേശങ്ങൾ
- എന്റെ ആശയങ്ങൾക്ക് മൂല്യമുണ്ട്.
- എന്റെ രചന മറ്റുള്ളവർ വായിക്കാൻ യോഗ്യമാണ്.
- ഞാൻ ഒരു പുസ്തകം നിർമ്മിക്കാൻ കഴിവുള്ളവനാണ്.
- എന്റെ സൃഷ്ടിയെ മുതിർന്നവരും സമൂഹവും ഗൗരവമായി കാണുന്നു.
- ഞാൻ എഴുത്ത് പഠിക്കുന്ന കുട്ടി മാത്രമല്ല; ഒരു രചയിതാവുമാണ്.
പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കുട്ടിയുടെ സൃഷ്ടിക്ക് പൊതുവേദിയിലെ അംഗീകാരം നൽകുന്നു. കുട്ടിയുടെ സൃഷ്ടിയെ സമൂഹം ശ്രദ്ധിക്കുന്നതും ആദരിക്കുന്നതും കുട്ടിയുടെ എഴുത്തുകാരൻ എന്ന സ്വത്വബോധത്തെ ശക്തിപ്പെടുത്താൻ സഹായകമാകാം.
ഇത് കുട്ടിയെ പഠനത്തിന്റെ സ്വീകർത്താവ് എന്ന നിലയിൽ മാത്രം കാണാതെ, ആശയങ്ങൾ സൃഷ്ടിക്കുകയും അവ സമൂഹവുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന വ്യക്തിയായി അംഗീകരിക്കുന്ന സമീപനമാണ്.
8. *എഴുത്തിനുള്ള പ്രചോദനവും ആന്തരിക താൽപര്യവും*
എഴുത്ത് പഠിക്കുന്ന കുട്ടിക്ക് എഴുതാനുള്ള പ്രേരണ പലപ്പോഴും അധ്യാപക നിർദേശങ്ങളോടും പാഠപുസ്തക പ്രവർത്തനങ്ങളോടും ബന്ധപ്പെട്ടു നിൽക്കാം.
എന്നാൽ സ്വന്തം പുസ്തകം നിർമ്മിക്കുകയും അതിന് വായനക്കാരെ ലഭിക്കുകയും ചെയ്യുമ്പോൾ എഴുത്തിന് കുട്ടിയുടെ ഉള്ളിൽ പുതിയ അർത്ഥം ലഭിക്കുന്നു.
എഴുത്ത് നിർബന്ധിത പഠനപ്രവർത്തനമല്ല; സ്വന്തം ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മാർഗമാണ് എന്ന തിരിച്ചറിവ് വളരാൻ ഇത് സഹായിച്ചേക്കാം.
സ്വന്തം പുസ്തകം നിർമ്മിക്കുക, അതിനെ വായനക്കാരുമായി പങ്കുവയ്ക്കുക, പൊതുവേദിയിൽ അംഗീകാരം ലഭിക്കുക എന്നിവ കുട്ടിയുടെ എഴുത്തിനോടുള്ള താൽപര്യവും ആത്മവിശ്വാസവും വളർത്താനുള്ള സാധ്യതയുള്ള അനുഭവങ്ങളാണ്.
9. *15 കുട്ടികൾ — 15 സൃഷ്ടികൾ*
ക്ലാസിലെ 15 കുട്ടികളും ചിത്രകഥാപുസ്തകം നിർമ്മിച്ചു എന്നത് പ്രവർത്തനത്തിന്റെ പങ്കാളിത്തപരമായ വ്യാപ്തിയെ സൂചിപ്പിക്കുന്നു.
ഓരോ കുട്ടിയുടെയും പുസ്തകം വ്യത്യസ്തമായ ആശയങ്ങളുടെയും ഭാഷാപ്രയോഗങ്ങളുടെയും ഭാവനയുടെയും പഠനയാത്രയുടെ തെളിവായി കാണണം.
എല്ലാവരുടെയും രചന ഒരേ നിലവാരത്തിലായിരിക്കണമെന്നല്ല ലക്ഷ്യം. ഓരോ കുട്ടിയും സ്വന്തം ആശയങ്ങൾ എങ്ങനെ വികസിപ്പിക്കുന്നു, കഥ എങ്ങനെ നിർമ്മിക്കുന്നു, ഭാഷ എങ്ങനെ ഉപയോഗിക്കുന്നു, എഴുത്തിനോട് എങ്ങനെ ഇടപെടുന്നു എന്നതാണ് വിലയിരുത്തേണ്ടത്.
ഒരു കുട്ടി മൂന്ന് കഥകൾ എഴുതിയത് പ്രത്യേകം ശ്രദ്ധേയമാണ്. എഴുത്തിനോടുള്ള താൽപര്യം, സ്വയം കൂടുതൽ രചനകൾ വികസിപ്പിക്കാനുള്ള പ്രചോദനം, കഥാസൃഷ്ടിയുടെ സാധ്യത എന്നിവയുടെ ഒരു വ്യക്തിഗത പഠനസൂചനയായി ഇത് കാണാം.
ഇത് മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതിനുള്ള മാനദണ്ഡമല്ല; കുട്ടിയുടെ സൃഷ്ടിപരമായ വളർച്ചയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സഹായിക്കുന്ന നിരീക്ഷണമാണ്.
10. *വിലയിരുത്തൽ: കുട്ടിയുടെ രചനയെ വായിക്കുക*
ഈ പ്രവർത്തനത്തിലെ വിലയിരുത്തൽ അക്ഷരത്തെറ്റുകളും വാക്യഘടനയിലെ പിശകുകളും കണ്ടെത്തുന്നതിൽ മാത്രം കേന്ദ്രീകരിക്കരുത്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനയിൽ സ്വാഭാവികമായും ഭാഷാപരമായ അപൂർണതകൾ ഉണ്ടാകാം. അവയെ മാത്രം അടിസ്ഥാനമാക്കി രചന പരിശോധിക്കുന്നത് കുട്ടികളുടെ സർഗാത്മകതയെ പരിമിതപ്പെടുത്താം.
വിലയിരുത്തൽ സൂചകങ്ങൾ
- കഥയിലെ ആശയസമ്പത്ത്
- ഭാവനയുടെ വികാസം
- കഥയിലെ സംഭവങ്ങളുടെ വികസനം
- കുട്ടിയുടെ സ്വന്തം ഭാഷാപ്രയോഗം
- രചനയിലെ സ്വതന്ത്രത
- ചിത്രവും എഴുത്തും തമ്മിലുള്ള ബന്ധം
- കുട്ടിയുടെ വ്യക്തിഗത രചനാശൈലി
- പുസ്തകരൂപീകരണത്തിലെ പങ്കാളിത്തം
- എഴുത്തിനോടുള്ള താൽപര്യവും തുടർരചനയ്ക്കുള്ള ശ്രമവും
ഈ സൂചകങ്ങൾ കുട്ടിയുടെ രചനയെ വായിച്ച് അതിലെ മികവുകൾ കണ്ടെത്തുന്നതിനുള്ള സഹായികളായിരിക്കണം. കർശനമായ സ്കോറിംഗ് പട്ടികയായി ഉപയോഗിക്കേണ്ടതില്ല.
11. *പഠനത്തെളിവുകൾ*
ഈ പ്രവർത്തനത്തിലൂടെ പഠനത്തിന്റെ ദൃശ്യമായ തെളിവുകൾ ലഭിക്കുന്നു.
- 100 ദിനം ഡയറി എഴുത്ത് പൂർത്തീകരിച്ച കുട്ടികളുടെ രേഖകൾ.
- ക്ലാസിലെ വ്യക്തിഗത കഥാരചന.
- 15 കുട്ടികളും നിർമ്മിച്ച ചിത്രകഥാപുസ്തകങ്ങൾ.
- എട്ട് പേജുള്ള പുസ്തകങ്ങളുടെ ഘടന.
- ഒരു കുട്ടി മൂന്ന് കഥകൾ എഴുതിയ സംഭവം.
- പുസ്തകങ്ങളുടെ വിലയിരുത്തൽ.
- പൊതുവേദിയിലെ പുസ്തകപ്രകാശനം.
ഈ തെളിവുകൾ കുട്ടികളുടെ ഭാഷാപഠനത്തെ രേഖപ്പെടുത്താനും തുടർപഠനത്തിനുള്ള സാധ്യതകൾ കണ്ടെത്താനും ഉപയോഗിക്കാം.
ഡയറി രചനകളും ചിത്രകഥാ രചനകളും താരതമ്യം ചെയ്യുന്നതിലൂടെ കുട്ടികളുടെ എഴുത്തിലെ മാറ്റങ്ങളും വളർച്ചയുടെ സൂചനകളും കൂടുതൽ വ്യക്തമായി പഠിക്കാം.
12. *വിമർശനാത്മക നിരീക്ഷണങ്ങൾ*
പ്രവർത്തനത്തിന്റെ മികവുകൾക്കൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വീട്ടിലെ സഹായം: പുസ്തകം വീട്ടിൽ നിർമ്മിക്കുന്നതിനാൽ രക്ഷിതാക്കളുടെ സഹായം ഓരോ കുട്ടിക്കും വ്യത്യസ്തമായിരിക്കാം. പുസ്തകത്തിന്റെ അലങ്കാരം മാത്രം കുട്ടിയുടെ കഴിവായി വിലയിരുത്തരുത്.
സ്വതന്ത്ര രചന: ക്ലാസിൽ കുട്ടി എഴുതിയ കഥയും വീട്ടിൽ വികസിപ്പിച്ച പുസ്തകവും വേർതിരിച്ച് പരിഗണിക്കണം.
പിശകുകളോടുള്ള സമീപനം: അക്ഷരത്തെറ്റുകൾ മാത്രം മുൻനിർത്താതെ ആശയസമ്പത്തും ഭാവനയും ഭാഷാപ്രയോഗവും ശ്രദ്ധിക്കണം.
വ്യക്തിഗത പുരോഗതി: എല്ലാ കുട്ടികളുടെയും വളർച്ച ഒരേ വേഗത്തിലോ ഒരേ രീതിയിലോ സംഭവിക്കണമെന്നില്ല.
പ്രകാശനത്തിനു ശേഷമുള്ള തുടർച്ച: പുസ്തകപ്രകാശനം പ്രവർത്തനത്തിന്റെ ആഘോഷഘട്ടമാണ്. അതിനുശേഷവും വായന, എഴുത്ത്, പുതിയ പുസ്തകനിർമ്മാണം എന്നിവ തുടരാനുള്ള അവസരങ്ങൾ ഒരുക്കണം.
13. *തുടർപ്രവർത്തന സാധ്യതകൾ*
- ഈ പ്രവർത്തനത്തെ ഒരു തുടർച്ചയായ രചനാപഠന പ്രക്രിയയായി വികസിപ്പിക്കാം.
- കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തുക.
- കുട്ടികൾ പരസ്പരം പുസ്തകങ്ങൾ വായിക്കുക.
- എഴുത്തുകാരുടെ സംഭാഷണം സംഘടിപ്പിക്കുക.
- വായനക്കാരുടെ പ്രതികരണങ്ങൾ ശേഖരിക്കുക.
- പുതിയ ചിത്രങ്ങൾക്കും അനുഭവങ്ങൾക്കും അടിസ്ഥാനമായി രണ്ടാം പുസ്തകം നിർമ്മിക്കുക.
- ആദ്യ രചനയും തുടർരചനകളും സൂക്ഷിച്ച് കുട്ടിയുടെ എഴുത്തുവളർച്ച രേഖപ്പെടുത്തുക.
- 15 കുട്ടികളുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ചിത്രകഥാപുസ്തക ശേഖരം രൂപീകരിക്കുക.
- അച്ചടിച്ച് പ്രസിദ്ധീകരിക്കുക
- ഡിജിറ്റൽ വ്യക്തിഗത കഥാസമാഹാരങ്ങൾ പ്രകാശിപ്പിക്കുക
14. *ബോധനശാസ്ത്രപരമായ ബന്ധങ്ങൾ*
ഈ പ്രവർത്തനം നിരവധി പഠന സമീപനങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്.
സമഗ്ര ഭാഷാ പഠന രീതി:
അർത്ഥവത്തായ പുതിയസന്ദർഭത്തിൽ ഭാഷ ഉപയോഗിക്കുന്നു.
ചിത്രം, കഥ, എഴുത്ത്, വായന, ആശയവിനിമയം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു.
സമഗ്രതയിലേക്ക് എത്തിച്ചേരുന്നു.
ലേഖന പ്രക്രിയ: ആശയരൂപീകരണം, രചന, പുസ്തകരൂപീകരണം, പങ്കുവയ്ക്കൽ എന്നിവയിലൂടെ എഴുത്ത് ഒരു പ്രക്രിയയായി വികസിക്കുന്നു. എന്നാൽ ഔപചാരിക പുനർരചനയും എഡിറ്റിംഗും നടന്നതായി രേഖയില്ലാത്തതിനാൽ പൂർണ Process Writing Cycle ആയി വിശേഷിപ്പിക്കാനാവില്ല.
Story-based Pedagogy: കഥാസന്ദർഭം ഭാഷാപഠനത്തിന്റെ കേന്ദ്രമായി മാറുന്നു.
15. *ഉപസംഹാരം*
100 ദിനം ഡയറി എഴുത്തിലൂടെ ലഭിച്ച എഴുത്താനുഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ചിത്രങ്ങളിൽനിന്ന് ആശയങ്ങൾ കണ്ടെത്തുകയും കഥകൾ എഴുതുകയും പുസ്തകങ്ങൾ നിർമ്മിക്കുകയും ചെയ്തു.എഴുത്ത് പഠിക്കുന്ന ഘട്ടത്തിൽത്തന്നെ അവരുടെ രചനകൾ പൊതുവേദിയിൽ അംഗീകരിക്കപ്പെട്ടു.
ഇത് എഴുത്തിനെ അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും പരിശീലിക്കുന്ന ഒരു പ്രവർത്തനമായി മാത്രം കാണാതെ, കുട്ടിയുടെ ആശയങ്ങൾ ലോകവുമായി പങ്കുവയ്ക്കുന്ന സൃഷ്ടിപരമായ പ്രവർത്തനമായി കാണണം.
എഴുത്ത് പഠിച്ച ശേഷം കുട്ടികൾ എഴുത്തുകാരാകുകയല്ല; എഴുത്ത് പഠിക്കുന്നതിനിടയിൽത്തന്നെ കുട്ടികൾക്ക് എഴുത്തുകാരാകാം.
ഈ തിരിച്ചറിവാണ് മാച്ചേരി ന്യൂ യു പി എസിലെ ചിത്രകഥാപുസ്തക നിർമ്മാണ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ പെഡഗോഗിക്കൽ സന്ദേശം.
- കുട്ടികൾ എഴുത്ത് പഠിക്കുന്നു.
- എഴുതുന്നു.
- പുസ്തകം നിർമ്മിക്കുന്നു.
- എഴുത്തുകാരായി അംഗീകരിക്കപ്പെടുന്നു.
Dr. Kaladharan.T P











