ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, November 26, 2026

ക്ലാസുകളില്‍ എഡിറ്റിംഗ് നടക്കുന്നുണ്ടോ?

 


എഴുത്തും പുനരെഴുത്തും എന്നത് എഴുത്ത് മെച്ചപ്പെടുത്തുന്നതിന്റെ അനിവാര്യപ്രക്രിയ ആണ്. നോബല്‍ സമ്മാന ജേതാവായ ഏണസ്റ്റ് ഹെമിംഗ് വേ പറഞ്ഞത് "I rewrote the ending to A Farewell to Arms, the last page of it, thirty-nine times before I was satisfied." മുപ്പത്തൊമ്പത് തവണ ഒരു പേജ് മാറ്റിയെഴുതിയത്രേ! ലിയോ ടോൾസ്റ്റോയ് തന്റെ യുദ്ധവും സമാധാനവും എഴുതിയപ്പോള്‍ ആദ്യത്തെ മുപ്പത് പേജുകള്‍ പതിനഞ്ച് തവണ മാറ്റി എഴുതി.
വലിയ വലിയ സാഹിത്യമെഴുത്തുകാര്‍ ആദ്യം എഴുതുന്നത് വായിച്ച് നോക്കി വീണ്ടും വായിച്ച് തൃപ്തിനിലയിലെത്തിയ ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്.
രചനാപ്രവര്‍ത്തനം നടത്തുന്ന കുട്ടികളും രചന മെച്ചപ്പെടുത്തണം.
അവരുടെ ചിന്തയില്‍ എഡിറ്റിംഗ് മാനദണ്ഡങ്ങള്‍ വരണം.
ഒന്നാം ക്ലാസ് മുതല്‍ എഡിറ്റിംഗ് നടത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം. അപ്പോള്‍ ലളിതമായ തലങ്ങള്‍ പരിഗണിച്ചാല്‍മതി.
(ഒന്നാം ക്ലാസിലെ കുട്ടികളില്‍ ചിലര്‍ ഇങ്ങനെ എഴുതി: ആമരം. ഈ മരം. പുമരംമരം നിറ പുപുകള്‍)
• എഴുതിയത് മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയുന്ന വലുപ്പത്തിലാണോ?
• വാക്കകുകള്‍ തമ്മിലുള്ള അകലം പാലിച്ചിട്ടുണ്ടോ?
• അക്ഷരങ്ങള്‍ പരസ്പരം മുട്ടിച്ചെഴുതിയിട്ടുണ്ടോ?
• അക്ഷരങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ?
• ചിഹ്നങ്ങള്‍ വിട്ടുപോയിട്ടുണ്ടോ? മാറിപ്പോയിട്ടുണ്ടോ?
• ഓരോ വാക്യവും അവസാനിക്കുമ്പോള്‍ കുത്ത് ഇട്ടിട്ടുണ്ടോ?
കുട്ടികള്‍ അന്നന്ന് പഠിച്ച വാക്യങ്ങള്‍ ബോര്‍ഡില്‍ വന്നെഴുതുകയും അവ ക്ലാസില്‍ പൊതുവായി ടീച്ചറും കുട്ടികളും ചേര്‍ന്ന് ഓരോരോ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ച് മെച്ചപ്പെടുത്തുകയും തുടര്‍ന്ന് അവരവരുടെ ബുക്കിലെഴുതിയത് പരിശോധിക്കുകയും ചെയ്യുന്ന രീതിയാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മുപ്പത് മിനിറ്റ് വേണ്ടിവരും. പല ടീച്ചര്‍മാരും നിര്‍ണ്ണായകമായ ഈ ഘട്ടം ഒഴിവാക്കുകയാണ് ചെയ്യുന്നത്.
രണ്ടാം ക്ലാസ് മുതല്‍ എഡിറ്റിംഗില്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ചേര്‍‍ക്കണം.
മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കൂടിയാണ് താനെഴുതുന്നതെന്ന ധാരണ കുട്ടികള്‍ക്ക് വേണം.
1. ഉള്ളടക്കപരം Content Editing) ( പറയാനുള്ള കാര്യങ്ങളെല്ലാം വന്നിട്ടുണ്ടോ? ഏതെങ്കിലും പ്രധാനകാര്യം വിട്ടുപോയിട്ടുണ്ടോ? ഒരേ കാര്യം ആവര്‍ത്തിച്ചെഴുതിയിട്ടുണ്ടോ? വ്യക്തമാണോ? കൂടുതല്‍ വിശദീകരണം വേണ്ട ഭാഗമുണ്ടോ?)
2. ആശയക്രമീകരണം/ ഘടന (Organization Editing). ആശയങ്ങളുടെ ക്രമത്തില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ? ആശയങ്ങള്‍ മാറുന്നത് അനുസരിച്ച് ഖണ്ഡിക തിരിച്ചെഴുതിയോ? തുടക്കവും ഒടുക്കവും ഉണ്ടോ?
3. വാക്കുകളുടെയും വാക്യങ്ങളുടെയും പരിശോധന (Language Editing)
വാക്യത്തിന് വ്യക്തതയുണ്ടോ? (രണ്ടാം ക്ലാസിലെ കുട്ടി എഴുതിയത്: പുഴ കണ്ടു, താറാവ് കണ്ടു, താറാവ് തുള്ളികളിക്കുന്നു, കുറച്ച് മീന്‍കള്‍ കളിക്കുന്നു), വാക്കുകളുടെ ക്രമം ശരിയാണോ? വാക്ക് ആവര്‍ത്തിക്കുകയോ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടോ? അനുയോജ്യമായ വാക്കാണോ? വാക്കുകളില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ? വാക്യഭംഗിയുണ്ടോ?
4. അക്ഷരങ്ങളും വാക്കുകളും പരിശോധിക്കൽ (Proofreading)
വാക്കകലം പാലിച്ചിട്ടുണ്ടോ? പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഇരട്ടിപ്പും മറ്റ് മാറ്റങ്ങളും വരുത്തേണ്ടതുണ്ടോ? അക്ഷരങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ? ചിഹ്നങ്ങള്‍ മാറിപ്പോയിട്ടുണ്ടോ? വിട്ടുപോയിട്ടുണ്ടോ? കുത്തും കോമയുമൊക്കെ ഇട്ടിട്ടുണ്ടോ?
ഇവയെല്ലാം ഒന്നിച്ച് അവതരിപ്പിച്ച് ഭാരം ഉണ്ടാക്കരുത്. പല അവസരങ്ങളിലായി രചന എങ്ങനെ എഡിറ്റ് ചെയ്യാം എന്ന് പരിശീലിപ്പിക്കണം.
കുട്ടിയുടെ ചിന്തയിലാണ് എഡിറ്റിഗ് ബോധം ഉണ്ടാകേണ്ടത്. എല്ലാം ടീച്ചര്‍ കണ്ടെത്തി തിരുത്തിക്കൊടുത്താല്‍ രചനപരിശോധിച്ച് പ്രശ്നം കണ്ടെത്തി മെച്ചപ്പെടുത്താനുള്ള കഴിവിനെ പരിമിതപ്പെടുത്തും.
• ഏത് രചനയ്കും കരട് എഴുത്തും തിരുത്തും പുനരെഴുത്തും നിര്‍ബന്ധിക്കണം.
ഇടം പേജില്‍ കരടും വലംപേജില്‍ മെച്ചപ്പെടുത്തി എഴുതിയതും എന്ന രീതി ചെറിയ ക്ലാസ് മുതല്‍ വേണ്ടതുണ്ട്.
• പല അധ്യാപകരും പ്രൂഫ് റീഡിംഗിന്റെ തലം മാത്രമാണ് പരിഗണിക്കുന്നത്. ഓര്‍ക്കുക ഏറ്റവും സമര്‍ഥയായ കുട്ടിക്കും ഇനിയും എത്തേണ്ട ഒരു ഉയര്‍ന്നതലം ഉണ്ടായിരിക്കും. അത് ആശയപരവും ആവിഷ്കാരപരവും ആയിരിക്കാം. അതിനാല്‍ അക്ഷരത്തെറ്റ് വരുത്തുന്ന കുട്ടികളെ മാത്രം കേന്ദ്രീകരിച്ചാവരുത് എഡിറ്റിംഗ് എല്ലാവരെയും സാധ്യമായ തൊട്ടടുത്ത ഉയര്‍ന്ന തലത്തിലെത്തിക്കണം.
• വ്യക്തിഗത എഡിറ്റിംഗ് , ജോഡികളായുള്ള എഡിറ്റിംഗ്, ഗ്രൂപ്പ് എഡിറ്റിംഗ്, സഹവര്‍ത്തിത എഡിറ്റിംഗ്, ടീച്ചറുടെ കൈത്താങ്ങോടെയുള്ള എഡിറ്റിംഗ് ഇവയെല്ലാം സാധ്യതകളാണ്.
• ടീച്ചറുടെ കൈത്താങ്ങ് എല്ലാ കുട്ടികള്‍ക്കും ലഭിക്കണമെങ്കില്‍ ഓരോ ദിവസവും നിശ്ചിത എണ്ണം കുട്ടികള്‍ക്കായി നീക്കി വയ്കുകയും അവരെ വ്യക്തിഗതമായി വിളിച്ച് ചര്‍ച്ച ചെയ്യുകയും വേണം. ടീച്ചര്‍- കുട്ടി വ്യക്തിഗത രചനാവിശകലനം ഒഴിവാക്കരുത്.
ഇതെല്ലാം നടക്കണമെങ്കില്‍ ടീച്ചര്‍ക്ക് സമയം കിട്ടണം
അധ്യാപകസഹായിയില്‍ ഇതിനുള്ള സമയവും രീതിയും ഓരോ രചനാസന്ദര്‍ഭത്തിലും നീക്കി വയ്കണം. ഇപ്പോള്‍ ടീച്ചര്‍ വേര്‍ഷനെ കേന്ദ്രീകരിച്ചുള്ള പകര്‍ത്തിയെഴുതിക്കലായി മാറിയിട്ടുണ്ട്. പാഠങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും എണ്ണം പുനപ്പരിശോധനയ്ക് വിധേയമാക്കണം. ഭാഷാപാഠപുസ്തകങ്ങളില്‍ അവസാനത്തെ കുറെ പാഠങ്ങള്‍ ഓപ്ഷണല്‍ ആക്കുന്നതും ആലോചിക്കണം.
എഡിറ്റിംഗ് പ്രക്രിയ എല്ലാ ക്ലാസുകളിലും നടക്കുകയാണെങ്കില്‍ കുട്ടികളുടെ ഭാഷാപരമായ പ്രശ്നങ്ങള്‍ വളരെയേറെ പരിഹരിക്കാന്‍ കഴിയും.
കേരളകരിക്കുലം ചട്ടക്കൂടില്‍ ഇങ്ങനെ പറയുന്നു
"വ്യവഹാരരൂപനിര്‍മ്മിതിയും മെച്ചപ്പെടുത്തലും ചിട്ടയായി നടക്കുന്ന പ്രക്രിയയിൽ ആശയം, വാക്യം, പദം, അക്ഷരം, ശൈലി തുടങ്ങിയ തലങ്ങളിൽ സ്വന്തം രചനയെ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ആവശ്യമായ സഹായങ്ങളും ഒരുക്കുന്നുണ്ട് (എഡിറ്റിങ് പ്രക്രിയ). ഇവിടെയെല്ലാം വ്യാകരണപരമായി ശരിയും ശുദ്ധവും ശക്തവുമായ പദങ്ങൾ, പ്രയോഗങ്ങൾ, ശൈലികൾ എന്നിവ സ്വായത്തമാക്കാൻ കുട്ടിക്കു സാധിക്കും. സ്വന്തം ബുദ്ധിയും ചിന്തയുമുപയോഗിച്ച് ശരിതെറ്റുകൾ തിരിച്ചറിയാനും മികവിലേക്കും എത്താൻ കഴിയുന്ന സിദ്ധാന്ത രൂപവത്കരണമാണ് കുട്ടി ഇവിടെ നടത്തുന്നത്.
ഇങ്ങനെയുണ്ടാകുന്ന യുക്തിബോധം കുട്ടിയുടെ ഉള്ളിൽ നിന്നു പ്രവർത്തിക്കുന്ന മാനസിക/ജ്ഞാതൃ ഉപകരണമായി സുസ്ഥിരമായി നിലനിൽക്കുകയും പിന്നീടുള്ള ഭാഷാസന്ദർഭങ്ങളിൽ സ്വയം വിലയിരുത്തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.”
അധ്യാപകസഹായി എഴുതിയപ്പോള്‍ ഇവ എങ്ങനെ പ്രതിഫലിപ്പിച്ചു എന്ന് പരിശോധിക്കണം.
ഇംഗ്ലീഷ് മാധ്യമക്ലാസുകളിലെ കുട്ടികളുടെ എണ്ണക്കൂടുതല്‍ ഒരു തടസ്സമാണ്. എങ്ങനെയെങ്കിലും അന്തിമോല്പന്നം മാത്രം ബുക്കില്‍ ഉണ്ടായാല്‍ മതി എന്ന് കരുതുന്ന അധ്യാപകര്‍ ഓരോ കുട്ടിയേയും മികവിന്റെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നില്ല

കേരളപ്പിറവി ദിനത്തിൽ ഒന്നാം ക്ലാസുകാരുടെ സ്വന്തം കുട്ടിപ്പത്രം 🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

 


അറിവിന്റെ വർണച്ചിറകുകൾ വിടർത്തി, സർഗാത്മകതയുടെ ലോകത്തേക്ക് ചുവടുവെച്ച് നമ്മുടെ ഒന്നാം ക്ലാസിലെ കുരുന്നുകൾ ഒരുക്കിയതാണ് ഈ മനോഹരമായ കുട്ടിപ്പത്രം.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഈ പ്രവർത്തനത്തിൽ 30 മിനിറ്റുകൊണ്ടാണ് കുട്ടികൾ കൂട്ടായ്മയോടെ കുട്ടിപ്പത്രം തയ്യാറാക്കി പൂർത്തിയാക്കിയത്.
ഓരോ കുട്ടിയുടെയും പങ്കാളിത്തവും ആശയങ്ങളും സർഗാത്മകതയും ഈ പത്രത്തിൽ പ്രതിഫലിക്കുന്നു.
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി, അവർക്ക് ആവശ്യമായ സമയം കണ്ടെത്തി, ഓരോ ഘട്ടത്തിലും ടീച്ചറുടെ വ്യക്തിഗത ഇടപെടലുകളും പിന്തുണയും ഉറപ്പാക്കിയിരുന്നു. അവർക്കായി പഠനക്കൂട്ടത്തിന്റെ സഹായവും തേടിയിരുന്നു. ഓരോ കുട്ടിക്കും അവരുടേതായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രവർത്തനത്തിന്റെ ഭാഗമാകാനും അവസരം ലഭിച്ചു.
ഓരോ കുട്ടിയും പഠനത്തിന്റെ ഭാഗമാകണം; ഓരോരുത്തർക്കും വിജയത്തിന്റെ സന്തോഷം അനുഭവിക്കാനാകണം. എന്ന കാഴ്ചപ്പാടിലൂടെയുള്ള ഈ ചെറിയ പ്രവർത്തനം വലിയൊരു പഠനാനുഭവമായി മാറി.
കുട്ടികൾക്ക് ചെയ്യാൻ കഴിയില്ലെന്ന് കരുതുന്ന കാര്യങ്ങൾ, ശരിയായ പിന്തുണയും പ്രോത്സാഹനവും നൽകിയാൽ അവർ എത്ര മനോഹരമായി പൂർത്തിയാക്കുമെന്ന് ഈ കുട്ടിപ്പത്രം നമ്മെ ഓർമിപ്പിക്കുന്നു.
ചെറിയ സമയത്തിനുള്ളിൽ വലിയൊരു സന്തോഷം സമ്മാനിച്ച നമ്മുടെ കൊച്ചുമിടുക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ! ❤️
പഠിക്കാം... പങ്കുവെക്കാം... സർഗാത്മകമായി വളരാം...
AMLPS VEMBALLUR
Fasna

ഫാത്തിമ സന്‍ഹയുടെ പുസ്തകക്കുറിപ്പുകള്‍

 


ഒന്നാം ക്ലാസുകാരി ഫാത്തിമ സന്‍ഹയുടെ പുസ്തകക്കുറിപ്പ് വായിച്ചാലോ?
"കിലുക്കാം കൊട്ടയും സിംഹവും . ഈ കഥയിലെ സിംഹത്തിനെ കളിയാക്കിയപ്പോൾ എനിക്ക് വിഷമം തോന്നി. സിംഹം ഒരുപാട് സങ്കടപ്പെട്ടു. എനിക്ക് സിംഹത്തിനെ നേരിൽ കണ്ടാൽ പേടിയാണ്. പക്ഷേ ഈ കഥ വായിച്ചപ്പോൾ എനിക്ക് സിംഹത്തിനെ ഒരുപാട് ഇഷ്ട്പ്പെട്ടു.”(ഫാത്തിമ സന്‍ഹ. കെ, ക്ലാസ് ഒന്ന്, എഴുവന്തല ഈസ്റ്റ് എ എൽ പി എസ് പൊമ്പിലയ)
ഫാത്തിമ സന്‍ഹയുടെ അമ്മ എനിക്കും ഒരു കുറിപ്പ് തന്നു,
"താങ്കൾ എഴുതിയ 'മന്ദാരക്കിളി' എന്ന പുസ്തകം ഞങ്ങളുടെ കുട്ടി വളരെ ആവേശത്തോടെയാണ് വായിച്ചു തീർത്തത്. ഒരു കുട്ടിയുടെ മനസ്സിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലുന്ന രീതിയിലാണ് ഇതിലെ കഥ പറച്ചിൽ,
ഇതുപോലുള്ള മനോഹരമായ പുസ്തകങ്ങൾ ഇനിയും താങ്കളിൽ നിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
​സ്നേഹത്തോടെ,
സമീന ( ഫാത്തിമ സന്‍ഹയുടെ അമ്മ)”
അമ്മയും മകളും ചേര്‍ന്നുള്ള വായനയുടെ സംസ്കാരം ആ വീട്ടിലുണ്ട്. ഫിന്‍ലാന്റിലെ കുടുംബവായനയെ ഓര്‍മ്മിപ്പിക്കുന്നു. ഫിന്‍ലാന്റില്‍ ഒരു പദ്ധതിയുണ്ട്. പദ്ധതിയുടെ ഔദ്യോഗിക പേര് Lukulahja lapselle എന്നാണ്. ഇംഗ്ലീഷിൽ Book Bag to Every Baby Born in Finland എന്നും അറിയപ്പെടുന്നു. ഫിൻലാന്റില്‍ ഗർഭിണികള്‍ ശിശു ആരോഗ്യ ക്ലിനിക്കിലെത്തി പരിശോധന നടത്തണം. കുട്ടി ജനിച്ചാല്‍ കുടുംബങ്ങൾക്ക് ശിശു ആരോഗ്യകേന്ദ്രം കുഞ്ഞിനുവേണ്ടി ഒരു പുസ്തക ബാഗ് നൽകും. ബാഗിൽ കുട്ടിപ്പാട്ട് പുസ്‌തകവും (Rhyme book) കുഞ്ഞുങ്ങൾക്കുള്ള ഒരു കഥപ്പുസ്ത‌കവും. കുട്ടികൾക്കുള്ള ഉറക്കസമയകഥാശേഖരവും (Bedtime story book) പബ്ലിക് ലൈബ്രറി സന്ദർശിക്കാനുള്ള ക്ഷണക്കുറിയും ഉണ്ടാകും. കൂടാതെ കുട്ടിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ഭാഷാവികാസത്തെക്കുറിച്ചുള്ള വിവരങ്ങളുള്ള രസകരമായ വളർച്ചാ ചാർട്ടും. ഇതിനുപുറമേ മാതാപിതാക്കൾക്കുള്ള വായനാ മാർഗനിർദേശങ്ങളും പുസ്തകബാഗിലുണ്ട്. അവയില്‍ ചിലത് നോക്കൂ.
• കുഞ്ഞിന് ജനനം മുതൽ വായിച്ചുകൊടുക്കാം. കുഞ്ഞ് അക്ഷരങ്ങൾ തിരിച്ചറിയുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
• ജനിച്ച് ആദ്യ മാസങ്ങളിൽത്തന്നെ കുഞ്ഞിന് പാട്ടുകളും കവിതകളും കഥകളും വായിച്ചുകൊടുക്കാം. കുഞ്ഞിന് ആദ്യമൊന്നും വാക്കുകളുടെ അർഥം മനസ്സിലാകണമെന്നില്ല. എങ്കിലും ശബ്ദം, ഈണം, താളം, ഭാഷയുടെ ഒഴുക്ക് എന്നിവയുമായി പരിചയപ്പെടും.
• വായന ഒരു കളിയായി കാണണം. ചെറിയ കുഞ്ഞുങ്ങൾക്ക് വായന ഒരു ഔപചാരിക പ്രവർത്തനമാകരുത്.
• പുസ്തകത്തിലെ ചിത്രങ്ങൾ കാണിക്കുക. മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കുക. ചിത്രങ്ങളിലെ വസ്തുക്കൾ ചൂണ്ടിക്കാണിക്കുക.
• വായനയ്ക്കായി ദീർഘസമയം മാറ്റിവെക്കണമെന്നില്ല. ദിവസവും കുറച്ച് സമയം മതിയാകും.
• കുട്ടിയുടെ താൽപര്യത്തിന് പ്രാധാന്യം നൽകണം. കുട്ടി താൽപര്യം കാണിക്കുന്ന ചിത്രത്തിലും വാക്കുകളിലും കൂടുതൽ സമയം ചെലവഴിക്കാം. കുട്ടിക്ക് ഇഷ്ടമുള്ള പുസ്തകം വീണ്ടും വായിക്കാം.
• കുട്ടിയുമായി സംസാരിച്ചുകൊണ്ട് വായിക്കണം. കുട്ടിക്ക് കഥ വായിച്ചുകൊടുക്കുമ്പോൾ ഇടയ്ക്കിടെ സംഭാഷണത്തിന് അവസരം നൽകണം. ഉദാഹരണത്തിന്, ചിത്രത്തിൽ എന്താണ് കാണുന്നത്? ഈ ആള്‍ എന്താണ് ചെയ്യുന്നത്? ഇനി എന്തായിരിക്കും സംഭവിക്കുക? ഈ കഥാപാത്രത്തെ കണ്ടിട്ട് എന്താണ് തോന്നുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ സംഭാഷണം നടത്താം. കുട്ടിയുടെ മറുപടി ശരിയാണോ തെറ്റാണോ എന്ന് മാത്രം പരിശോധിക്കാതെ കുട്ടിയുടെ ചിന്തകളെ വികസിപ്പിക്കുന്ന സംഭാഷണങ്ങൾ നടത്തണം.
• കുടുംബത്തിന്റെ സ്വന്തം ഭാഷയിൽ വായിക്കുകയാണ് വേണ്ടത്. രക്ഷിതാക്കൾക്ക് ഏറ്റവും നന്നായി അറിയാവുന്ന ഭാഷയിൽ കുട്ടിയോട് സംസാരിക്കുകയും കഥ വായിക്കുകയും ചെയ്യാം.
• മാതൃഭാഷയിലെ കഥകളും പാട്ടുകളും കുട്ടിക്ക് സമ്പന്നമായ ഭാഷാനുഭവങ്ങൾ നൽകുന്നു. ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന കുടുംബങ്ങളിൽ ഓരോ ഭാഷയിലും കഥകൾ വായിക്കാം.
⭕⭕⭕⭕⭕⭕ എല്ലാ രക്ഷിതാക്കളും പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാറുണ്ടോ? വായനക്കുറിപ്പ് എഴുതാന്‍ പ്രചോദിപ്പിക്കാറുണ്ടോ?
വായനച്ചാര്‍ട്ട് ക്ലാസിലുണ്ടോ?
വായനവിശേഷങ്ങള്‍ പങ്കിടൂ

റീഡിങ് ചലഞ്ച്* - ALPS എഴുവന്തല ഈസ്റ്റ്

 



* *ഒരു കുഞ്ഞു ചുവടുവെപ്പിലൂടെ വായനയുടെ വലിയ ലോകത്തേക്ക്!*
ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളിൽ വായനാശീലം വളർത്താൻ സെപ്റ്റംബർ ആദ്യവാരം ഞങ്ങൾ തുടക്കം കുറിച്ച പരിപാടിയാണ് *"റീഡിങ് ചലഞ്ച്"*.
ഇതിനായി ക്ലാസ്സിൽ ഒരു കുഞ്ഞു *ക്ലാസ് ലൈബ്രറി* ഒരുക്കി. ബാലസാഹിത്യത്തിന്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയ *റീഡിയയുടെ പുസ്തകങ്ങൾ* ആണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്.
ടീച്ചറും അമ്മയും പറഞ്ഞു കൊടുത്ത കഥകൾ കേട്ട്, കഥ പറയലിന്റെ തുടർച്ചയായാണ് കുഞ്ഞുങ്ങൾ വായനയിലേക്ക് ചുവടുവെച്ചത്.
*എന്താണ് റീഡിങ് ചലഞ്ച്?*
ഭിന്ന നിലവാരക്കാർ, പഠന പിന്നോകാവസ്ഥ നേരിടുന്നവർ എന്നീ കുട്ടികൾ ദിവസവും അറിയാവുന്നത്രയും (ഒരു വരിയെങ്കിൽ അത് ) വായിക്കുക എന്ന നിർദേശം നൽകി .
ക്രമേണ കൂടുതൽ വരികൾ (2,3....വരികൾ,)
പിന്നെ മുഴുവൻ പുസ്തകം എന്ന രീതിയിൽ വായന വളർത്താൻ പ്രോത്സാഹനം നൽകി., കുട്ടി വായിച്ചതിൻ്റെ ബാക്കി കഥ വായനയുടെ രസം നഷ്ടപ്പെടുത്താതെ സംയുക്ത വായനയിലൂടെ (അമ്മയുടെയോ ടീച്ചറുടെയോ സഹായത്തോടെ) പൂർത്തീകരിക്കും.
മറ്റു കുട്ടികൾ ആഴ്ചയിൽ 2 പുസ്തകമെങ്കിലും വായിക്കുക എന്ന രീതിയിലും നിർദേശം നൽകി.
ഇതിനായി രക്ഷിതാക്കളുടെ സഹായത്തോടെ ഒരു *റീഡിങ് കലണ്ടർ* തയ്യാറാക്കി.
വായിച്ച പുസ്തകത്തിന്റെ പേര് നമ്പർ ഇട്ട് എഴുതി, നമ്പർ അതാത് തീയതികളിൽ കലണ്ടറിൽ രേഖപ്പെടുത്തും. കഥയെക്കുറിച്ചുള്ള കുട്ടിയുടെ സ്വന്തം അഭിപ്രായം ചിത്രം സഹിതം *റിവ്യൂ ബുക്കിൽ* എഴുതും.
ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് റിവ്യൂ എഴുതുന്ന കുട്ടിക്ക് വാർഷിക വേദിയിൽ *ബെസ്റ്റ് റീഡർ അവാർഡ്* നൽകും.
*കുഞ്ഞു മിടുക്കരുടെ മുന്നേറ്റം:*
ഒരു മാസത്തിനകം *20 പുസ്തകങ്ങൾ* വായിച്ച് *സിദ്റ* യായിരുന്നു ഏറ്റവും മുന്നിൽ കൂടെ 17, 15 എന്നിങ്ങനെ മറ്റു കുട്ടികളും...
റീഡിങ് ചലഞ്ച് രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ *34 പുസ്തകങ്ങൾ* വായിച്ച കഥ പറയാനുണ്ട് ഒന്നാം ക്ലാസ്സിലെ കുഞ്ഞു മിടുക്കർക്ക്. സിദ്റയോടൊപ്പം *സൻഹയും* മുന്നിലുണ്ട്.
ഭിന്നശേഷിയുള്ള ഒരു കുട്ടി ഉൾപ്പെടെ
11 കുട്ടികളാണ് ഒന്നാം ക്ലാസ്സിൽ ഉള്ളത് . 11 പേരും ബാലസാഹിത്യ രചനകൾ വായിച്ച് കഥാകുറിപ്പ് എഴുതിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ മാത്രം നടന്ന പുസ്തക വായന *ഏറ്റവും കുറഞ്ഞത് 5 പുസ്തകവും കൂടിയത് 36 മാണ്*.
വായിച്ച പുസ്തകങ്ങളുടെ *റീഡേഴ്സ് തിയേറ്റർ, സ്കിറ്റ്* തുടങ്ങിയവ ബാലസഭയിൽ അവതരിപ്പിക്കുന്നതും റീഡിങ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്നു.
* അഭിനന്ദനങ്ങൾ
ഒന്നാം ക്ലാസ്സ്‌ അധ്യാപിക ഹസീന ടീച്ചർക്ക്
(ALPS EZHUVANTHALA EAST POMBILAYA)

ക്ലാസ് പി ടി എ 100% പങ്കാളിത്തം

 


തെളിവുകള്‍ വച്ചാണ് ക്ലാസ് പി ടി എ.
"എന്റെ കുട്ടി "എന്നൊരു ബുക്കുണ്ട്. ആ ബുക്കിൽ ഓരോ കുട്ടിയെ കുറിച്ചും ഞാന്‍ എഴുതിയത് വായിക്കാന്‍കൊടുക്കും. അവർക്കും എഴുതാം. വലിയ താല്പര്യമാണ്.
ഓരോ, CPTA യിലും കുട്ടികളുടെ ക്ലാസ്സ്‌ പ്രവർത്തനമികവുകൾ നേരിട്ട് കണ്ട് ആസ്വദിക്കാനുള്ള അവസരം ഉണ്ട്..
CPTA ഹാജർ ചാർട്ടിൽ എല്ലാമാസവും മുടങ്ങാതെ പ്രസന്റ് ഇടും.
CPTA കഴിഞ്ഞാൽ CPTA റിവ്യൂ ഉണ്ട്. എല്ലാ രക്ഷിതാക്കളും ഒരു മടിയും കൂടാതെ ഗ്രൂപ്പിൽ ഇടുന്നു. ആ ഫീഡ് ബാക്ക് എങ്ങനെ ക്ലാസ് പി ടി എ അവര്‍ ഉള്ളേറ്റി എന്നതിന്റെ തെളിവാണ്. അത് വായിക്കുമ്പോൾ കൂടുതൽ സന്തോഷം ഉത്സാഹം ഒന്നാം ക്ലാസ്സ്‌ ഒന്നൂടെ ഉഷാറാക്കാൻ എനർജി കൂടും.
കുട്ടികൾ ക്ലാസ്സിൽ നിന്നെഴുതുന്ന രചനോത്സവ കഥ വായിക്കാൻ അമ്മമാർക്ക് CPTA യിൽ അവസരം നൽകുന്നതിൽ അമ്മമാർക്ക്‌ കഥ വായിക്കാനുള്ള ത്വരയും. രക്ഷിതാക്കളുടെ സഹായമില്ലാത്തെ സ്വന്തമായി കഥകള്‍ ക്ലാസില്‍ വച്ച് എഴുതുന്നു. അവ പ്രകാശിപ്പിക്കുകയും ചെയ്യും.
ഇവയെല്ലാം CPTA 100% ഹാജറിലേക്ക് എത്തിക്കുന്ന ഘടകങ്ങളാണ്"
ഉഷടീച്ചർ.

ചെറുവള്ളിയിലെ വായനച്ചന്തം

 


കറുകച്ചാൽ സബ് ജില്ലയിലെ ഡി വി എൽ പി എൽ പി സ്കൂൾ ചെറുവള്ളിയിൽ ഈ അദ്ധ്യയന വർഷം 10 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.
മുൻവർഷങ്ങളിലെ പോലെ തന്നെ കുട്ടികളെ വായനയുടെ ലോകത്തിലേക്ക് സ്വതന്ത്ര രചനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ ആദ്യം തന്നെ ആസൂത്രണം ചെയ്തു.
ആദ്യഘട്ടമായി അമ്മവായന എന്ന പ്രവർത്തനമാണ് നടത്തിയത്. രക്ഷിതാക്കൾ വളരെ നല്ല സഹകരണമാണ് ഈ പ്രവർത്തനത്തിന് നൽകിയത്.
തുടർന്ന് സ്വതന്ത്രവായനക്കാർഡുകൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ കുട്ടികൾക്ക് നൽകാൻ തുടങ്ങി.
ക്ലാസ് മുറിയിൽ പരിചയപ്പെട്ട അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന ആ സംഭവങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വായനകാർഡുകൾ കുട്ടികളിൽവളരെയധികം താൽപര്യം ജനിപ്പിച്ചു.നൽകുന്ന വായനക്കാർഡുകൾ സ്വതന്ത്രമായി വായിക്കാനും ചിത്രം വരച്ച് നിറം നൽകാനും കുട്ടികൾ ശ്രമിച്ചുവരുന്നു.
അതിനുശേഷം കുട്ടികൾക്ക് ലഘു ബാലസാഹിത്യകൃതികൾ നൽകാൻ തുടങ്ങി രക്ഷിതാക്കളുടെ സഹായത്തോടെ അവ വായിക്കാനും വായിച്ചവയിലെ കാര്യങ്ങൾ കഥകളായി സ്കൂളിൽ അവതരിപ്പിക്കാനും തുടങ്ങി.
സ്വതന്ത്ര രചനയുടെ ഭാഗമായി വായനക്കുറിപ്പുകൾ തയ്യാറാക്കി. അവയുടെ ചിത്രം വരയ്ക്കാനും തുടങ്ങി. ഒന്നാംതരത്തിലെ കൊച്ചു കൂട്ടുകാരെല്ലാവരും വായനച്ചന്തത്തിന്റെ തിരക്കിലാണ്. എല്ലാ ദിവസവും അവർക്ക് വേണ്ട കൊച്ചു കഥ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവ തനിച്ചും രക്ഷിതാക്കളുടെ സഹായത്തോടെയും വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കി വരുന്നതിലും വളരെ ഉത്സാഹം കാണിക്കുന്നു.
ഓരോ ദിവസവും തയ്യാറാക്കിവരുന്ന വായനക്കുറിപ്പുകൾ അത്യധികം താല്പര്യത്തോടെ മറ്റ് ക്ലാസിലെ കൂട്ടുകാരെയും സ്കൂൾ ഹെഡ്മാസ്റ്ററെയും കാണിക്കുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്
Resmi TC
Class teacher
Dvglps
Chetuvally

ക്ലാസ് തല ഡയറിയെഴുത്ത്

 


പല വിദ്യാലയങ്ങളിലും നൂറ് ഡയറി പൂർത്തീകരിച്ചവരെ അനുമോദിക്കുന്നു.
നല്ല കാര്യം
പക്ഷേ വളരെ കുറച്ച് ഡയറി എഴുതിയ കുട്ടികളും ക്ലാസിൽ ഉണ്ട്.
അവരും അനുമോദനം ആഗ്രഹിക്കുന്നില്ലേ?
അവരെ സഹായിക്കാൻ ബോധപൂർവ്വം ഇടപെടേണ്ടതുണ്ടായിരുന്നു.
കൂമണ്ണ സ്കൂളിലെ ഉമ്മുൽ ഖൈർടിച്ചർ ക്ലാസ് തല ഡയറിയുടെ സാധ്യതയാണ് പ്രയോജനപ്പെടുത്തിയത്.
അതിൻ്റെ ചെറു വിവരണമാണ്
ഈ റിസോഴ്സ് കാർഡിൽ ഉള്ളത്.
വോയ്സ് ടൈപ്പിംഗ് നല്ലൊരു നീക്കമാണ്. ശരിയായ
ഉച്ചാരണത്തിനുള്ള പരിശീലന വും ആകും.
കുട്ടിയുടെ ആശയം തന്നെ എഴുത്തായി വരികയും ചെയ്യും.
അച്ചടിച്ച രീതിയിൽ കാണുന്നത് കുട്ടികൾക്ക് ആഹ്ലാദവുമാണ്.
പ്രശ്ന പരിഹാരകരാണ് അധ്യാപകർ.
അവർ നൂതന രീതികൾ വികസിപ്പിക്കുന്നു

സാങ്കല്പിക കാര്‍ട്ടൂണ്‍ ഡയറിയുമായി മുഹമ്മദ് സഹൽ

 

മുഹമ്മദ് സഹൽ ,( എയുപിഎസ് അടക്കാപുത്തൂർ) ആഹാ എന്ത് സ്വാദ് എന്ന പാഠത്തിൽ ആനയും മൈനയും മറ്റു മൃഗങ്ങളും ഒക്കെ സംസാരിക്കുന്നതുപോലെ എഴുതിയാലെന്താ എന്ന് ആലോചിച്ചു. ഒരു പൂമ്പാറ്റയോട് സംസാരിക്കുകയും പൂമ്പാറ്റ തിരിച്ചു സംസാരിക്കുകയും ചെയ്യുന്നതായി സങ്കൽപ്പിച്ച് എഴുതി. അപ്പോള്‍ സാങ്കല്പിക കാര്‍ട്ടൂണ്‍ഡയറി എന്ന ഡയറിരൂപം പിറന്നു. സംയുക്തഡയറി വികസിപ്പിച്ച ശേഷം പല വിദ്യാലയങ്ങളിലും പുതിയ അന്വേഷണങ്ങള്‍ നടന്നു. കാര്‍ട്ടൂണ്‍ ഡയറിയും ചിത്രകഥാഡയറിയും സാങ്കല്പിക കാര്‍ട്ടൂണ്‍ ഡയറിയും കുട്ടികള്‍ കണ്ടെത്തിയ സാധ്യതകളാണ്. അവ ടീച്ചര്‍മാര്‍ വ്യാപകമാക്കി. 

രചനോത്സവ ചിത്രം

 കഥ എഴുതാം

ചിത്രം നോക്കൂ. 

  • ആരെല്ലാം?
  • എവിടെയാണ് അവര്‍?
  • പട്ടിക്കുട്ടി എങ്ങനെ കുടക്കീഴിലെത്തി? 
  • അവര്‍ക്ക് സങ്കടമാണോ സന്തോഷമാണോ?
  • എന്താവാം കാരണം?
  • ദൂരെ നിന്നും ആരാണ് വരുന്നത്?
  • ഇനി എന്താവും സംഭവിക്കുക?
  •  

മനസ്സില്‍ തോന്നിയ കാര്യം എഴുതൂ. കഥയ്ക്ക് പേരും ഇടണേ..ചിത്രകഥാ രൂപത്തിലും എഴുതാം. 

 

 

 

*ചിത്രവിവരണം – ഒന്നാം ക്ലാസ്*

കുട്ടി: മുഹമ്മദ് മാസിൻ കെ
ജി. എൽ. പി. എസ്. താഴക്കോട്, മുക്കം, കോഴിക്കോട്
പ്രവർത്തനം: *ക്ലാസിൽവെച്ച് നടത്തിയ വ്യക്തിഗത രചന*
⭕ഒന്നാം ക്ലാസിലെ 
മുഹമ്മദ് മാസിൻ  ചിത്രത്തെ നിരീക്ഷിച്ച് സ്വതന്ത്രമായി 23 വാക്യങ്ങളുള്ള ദൈർഘ്യമുള്ള രചന നടത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്.
ഇവിടെ കുട്ടി ചിത്രം നിരീക്ഷിച്ച് വിവരങ്ങൾ കണ്ടെത്തുക മാത്രമല്ല, നേരത്തേ പഠിച്ച ഭാഷാനുഭവങ്ങളെ പുതിയൊരു സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
*കുട്ടിയുടെ രചനയിലെ സവിശേഷമായ മികവുകൾ*
✅ആശയവികാസം
ചിത്രത്തെക്കുറിച്ച് ഒന്നോ രണ്ടോ വാക്യങ്ങൾ എഴുതിയിട്ട് അവസാനിപ്പിക്കുന്നില്ല. കൂടുതൽ കാര്യങ്ങൾ എഴുതാനുള്ള ശ്രമം തുടരുന്നു. ഒന്നാം ക്ലാസിലെ എഴുത്തുപഠനത്തിൽ ഇത് പ്രധാനപ്പെട്ട ഒരു സൂചനയാണ്.
✅അന്വേഷണാത്മകമായ നിരീക്ഷണം
ചിത്രത്തിൽ എന്തെല്ലാമുണ്ട് എന്ന അന്വേഷണം കുട്ടി നടത്തി. വസ്തുക്കളെ തിരിച്ചറിയുന്നതിൽ മാത്രം ഒതുങ്ങാതെ മനുഷ്യരും മറ്റു ജീവികളും എന്തെല്ലാം ചെയ്യുന്നു എന്ന് പരിശോധിച്ചു. ചിത്രത്തിലെ പ്രവർത്തനങ്ങളെയും അവയുടെ വൈവിധ്യത്തെയും ശ്രദ്ധിച്ചു.
✅സൂക്ഷ്മമായ നിരീക്ഷണശേഷി
മനുഷ്യരുടെ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയിലെ സൂക്ഷ്മമായ ദൃശ്യങ്ങളിലേക്കും കുട്ടിയുടെ ശ്രദ്ധ എത്തി. മരവും ഇലയും നനയുന്നു, മീനും കാടും നനയുന്നു, പൂവും പൂവിന്റെ ഇലയും നനയുന്നു തുടങ്ങിയ നിരീക്ഷണങ്ങൾ അതിന് ഉദാഹരണമാണ്.
✅പഠിച്ച കവിതയുടെ ഭാഷാപരമായ സ്വാധീനം
ഇതാണ് ഈ രചനയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.
നേരത്തേ പഠിച്ച മഴക്കാലം എന്ന കവിതയിലെ
മലയും കാടും ഇലയും മരവും
കിളിയും മഴയില്‍ നനയുന്നു
ഈ വരികളോട് സാമ്യമുള്ള പ്രയോഗങ്ങൾ കുട്ടി സ്വന്തം രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഠിച്ച ഭാഷാരൂപങ്ങൾ ഓർമയിൽ സൂക്ഷിക്കുകയും പുതിയൊരു സന്ദർഭത്തിൽ അവയെ പുനരുപയോഗിക്കുകയും ചെയ്യുന്നു. ഇത് കേവലം അനുകരണമല്ല. ലഭ്യമായ ഭാഷാസമ്പത്തിനെ പുതിയ ആശയപ്രകാശനത്തിന് ഉപയോഗിക്കുന്ന സർഗാത്മകമായ ഭാഷാപ്രയോഗമാണ്.
✅ഭാഷാനുഭവങ്ങളുടെ സമന്വയം
കവിതയിലൂടെ നേടിയ ഭാഷാനുഭവം ചിത്രവിവരണത്തിലേക്ക് കൊണ്ടുവരാൻ കുട്ടിക്ക് കഴിഞ്ഞു. വായനയും കവിതാസ്വാദനവും എഴുത്തും പരസ്പരം ബന്ധപ്പെടുന്ന ഭാഷാപഠനത്തിന്റെ മനോഹരമായ ഉദാഹരണമാണിത്.
*ബോധനശാസ്ത്രപരമായ പ്രാധാന്യം*
ഈ രചനയിൽ മൂന്ന് തലത്തിലുള്ള വളർച്ച കാണാം:
    • ചിത്രം നിരീക്ഷിച്ച് വിവരങ്ങൾ കണ്ടെത്തുന്നു.
    • നിരീക്ഷിച്ച കാര്യങ്ങളെ സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
    • മുമ്പ് പഠിച്ച കവിതയിലെ ഭാഷാപ്രയോഗങ്ങളെ പുതിയ രചനയിൽ സർഗാത്മകമായി വിന്യസിക്കുന്നു.
കുട്ടി ചിത്രം വായിച്ചു. പ്രകൃതിയെ നിരീക്ഷിച്ചു. ജീവികളുടെ പ്രവർത്തനങ്ങൾ കണ്ടെത്തി. പഠിച്ച കവിതയെ ഓർത്തു. ആ ഭാഷ സ്വന്തം രചനയിൽ സന്നിവേശിപ്പിച്ചു.
ഒന്നാം ക്ലാസിലെ ഒരു കുട്ടിയുടെ എഴുത്തിൽ തിരിച്ചറിയേണ്ട വിലപ്പെട്ട ഭാഷാപഠനനേട്ടങ്ങൾ ഇവയാണ്.💯
*വ്യക്തിഗത എഡിറ്റിംഗോ ക്ലാസ് എഡിറ്റിംഗോ?*
ഓരോ കുട്ടിയും സ്വന്തം രചന മാത്രം മെച്ചപ്പെടുത്തുന്നതിനു പകരം, എല്ലാവരുടെയും രചനകൾ ചേർത്ത് ഒരു മികച്ച ക്ലാസ് രചന സൃഷ്ടിക്കുന്ന രീതി ആലോചിക്കാം. പ്രത്യേകിച്ചും എല്ലാ കുട്ടികളും ചിത്രസാധ്യത മുഴുവന്‍ രചനയല്‍ പ്രയോജനപ്പെടുത്താതെ ഒന്നോ രണ്ടോ വാക്യങ്ങളില്‍ അവസാനിപ്പിച്ചപ്പോള്‍. മുഹമ്മദ് മാസിൻ ഇനിയും രചന മെച്ചപ്പെടുത്തുകയും വേണം. *സമര്‍ഥരെ അതിസമര്‍ഥരാക്കുന്നതും പിന്തുവേണ്ടവരെ സഹായിക്കുന്നതുമായ പ്രവര്‍ത്തനമായി ക്ലാസ് പൊതുഉല്പന്നരീതിയെ മാറ്റാം.* 
👉🏻ഘട്ടം 1: രചനകൾ പങ്കുവെക്കൽ
ഓരോ കുട്ടിയും സ്വന്തം രചന വായിക്കുന്നു. മറ്റുള്ളവർ ശ്രദ്ധയോടെ കേൾക്കുന്നു. ഓരോ രചനയിൽനിന്നും വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തുന്നു. ( ടീച്ചര്‍ അവ രേഖപ്പെടുത്തണം)
👉🏻ഘട്ടം 2: ആശയശേഖരണം
എല്ലാ കുട്ടികളുടെയും രചനകളിൽനിന്ന് ആശയങ്ങൾ ബോർഡിൽ രേഖപ്പെടുത്തുന്നു.
ഉദാഹരണത്തിന്:
    • മഴ പെയ്യുന്നു.
    • മരവും ഇലയും നനയുന്നു.
    • പൂവും പൂവിന്റെ ഇലയും നനയുന്നു.
    • മീനുകൾ നീന്തുന്നു.
    • പുഴയിൽ വെള്ളം നിറയുന്നു.
    • കന്നുകാലികൾ വെള്ളം കുടിക്കുന്നു.
    • കുട്ടികൾ മഴയിൽ കളിക്കുന്നു.
കുട്ടികളുടെ വാക്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാ ആശയങ്ങളും വന്നെന്നിരിക്കില്ല, അവരുടെ ചിന്തയെ ചിത്രസൂക്ഷ്മതയിലേക്ക് നയിക്കണം. അതിനായി വിശകലന ചോദ്യങ്ങളാവാം.
    • ചിത്രത്തിൽ കാണുന്ന ഏതെങ്കിലും കാര്യം എഴുതാൻ വിട്ടുപോയിട്ടുണ്ടോ?
    • മനുഷ്യർ എന്തെല്ലാം ചെയ്യുന്നു എന്ന് എഴുതിയിട്ടുണ്ടോ?
    • മറ്റു ജീവികൾ എന്തെല്ലാം ചെയ്യുന്നു?
    • വെള്ളം എവിടെയെല്ലാം കാണാം?
    • വെള്ളം എന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു?
👉🏻ഘട്ടം 3: സമാന ആശയങ്ങൾ കണ്ടെത്തൽ
ഇനി കുട്ടികളോട് ചോദിക്കാം:
    • ഏതൊക്കെ ആശയങ്ങളാണ് ഒരേ കൂട്ടത്തിൽ വരുന്നത്?
    • ചെടികളെയും മരങ്ങളെയും കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
    • മനുഷ്യരെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
    • മറ്റു ജീവികളെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
    • വെള്ളത്തെക്കുറിച്ചുള്ള ആശയങ്ങൾ ഏതൊക്കെയാണ്?
കുട്ടികൾ തന്നെ ആശയങ്ങളെ കൂട്ടങ്ങളാക്കട്ടെ. മനുഷ്യരെക്കുറിച്ചുള്ള ആശയങ്ങള്‍ക്ക് ശരി അടയാളം, ജിവികളെക്കുറിച്ചുള്ളവയ്ക് നക്ഷത്രം അടയാളം എന്നിങ്ങനെ അടയാളങ്ങളിടാം.
👉🏻ഘട്ടം 4: ആശയക്രമീകരണം
    • മഴ പെയ്യുന്നതുമായി ബന്ധപ്പെട്ടവ
    • കുളം, പുഴ, കടല്‍, കിണര്‍ എന്നിവയുമായി ബന്ധപ്പെട്ടവ
    • മനുഷ്യരുമായി ബന്ധപ്പെട്ടവ
    • മറ്റു ജീവികളുമായി ബന്ധപ്പെട്ടവ
എന്നിങ്ങനെ ക്രമം തീരുമാനിക്കാം. എല്ലാവര്‍ക്കും അവരവരെഴുതിയതില്‍ ഈ പരിഗണന വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിച്ചതില്‍ നിന്നും ആശയം സ്വീകരിച്ച് സ്വന്തം എഴുത്ത് വിപുലപ്പെടുത്താം.  മുഹമ്മദ് മാസിനിനെ പോലെയുള്ളവര്‍ക്ക് ചിതറിക്കിടക്കുന്ന സമാന ആശയങ്ങള്‍ അടുപ്പിച്ചെഴുതി സ്വന്തം രചന മെച്ചപ്പെടുത്താം.
👉🏻ഘട്ടം 5: രചനയുടെ ക്രമം തീരുമാനിക്കൽ
ഇനി കുട്ടികളുമായി ചർച്ച ചെയ്യാം:
    • ആദ്യം എന്താണ് എഴുതേണ്ടത്?
    • അതിനുശേഷം ഏത് ആശയം വരണം?
    • സമാന ആശയങ്ങൾ അടുത്തടുത്ത് എഴുതിയാലോ?
    • അവസാനിപ്പിക്കാൻ എന്തെങ്കിലും നല്ലൊരു ആശയമുണ്ടോ?
കുട്ടികളുടെ നിർദേശങ്ങൾ പരിഗണിച്ച് ആശയങ്ങളുടെ ക്രമം തീരുമാനിക്കാം.
👉🏻ഘട്ടം 6: ക്ലാസ് രചന തയ്യാറാക്കൽ
എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ചേർന്ന് ഒരു രചന തയ്യാറാക്കുന്നു. അധ്യാപകൻ എഴുത്തിന് സഹായിക്കുന്നു. രചനയുടെ ഉടമസ്ഥത കുട്ടികൾക്കായിരിക്കണം.
ഇത് ഒരു കൂട്ടായ എഴുത്തുപ്രവർത്തനം മാത്രമല്ല. കുട്ടികൾക്ക് ആശയങ്ങളെ വർഗീകരിക്കാനും ബന്ധപ്പെടുത്താനും ക്രമീകരിക്കാനും ലഭിക്കുന്ന പ്രായോഗിക പരിശീലനം കൂടിയാണ്.
പ്രത്യേകിച്ച് മൂന്ന് കാര്യങ്ങൾ ശ്രദ്ധേയമാണ്:
    1. വ്യക്തിഗത രചനകൾ ക്ലാസിന്റെ പൊതുസമ്പത്തായി മാറുന്നു.
    2. മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിക്കുകയും സ്വന്തം ആശയങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
    3. വ്യത്യസ്ത ആശയങ്ങളെ ക്രമീകരിച്ച് ഒരു സമഗ്രരചന സൃഷ്ടിക്കുന്നു.
ഒരാളുടെ രചനയിലെ മികവ് മറ്റുള്ളവർക്കും പഠനവിഭവമാകുന്നു.
എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തുക എന്നതുകൊണ്ട് എല്ലാ വാക്യങ്ങളും നിർബന്ധമായും ഉൾപ്പെടുത്തണമെന്നില്ല. സമാന ആശയങ്ങൾ തിരിച്ചറിഞ്ഞ് ആവർത്തനം ഒഴിവാക്കാം. എന്നാൽ *വ്യത്യസ്തമായ നിരീക്ഷണങ്ങളും കുട്ടികളുടെ തനതായ ഭാഷാപ്രയോഗങ്ങളും നഷ്ടപ്പെടരുത്.*
മുഹമ്മദ് തമീം പി എസ് എഴുതിയ വിവരണപ്പാട്ട് വേറിട്ട രചനയാണ്
അതിന്റെ തനിമയില്‍ അത് നിലനില്‍ക്കട്ടെ.
_*മരമുണ്ട് കിളിയുണ്ട് കൂടുമുണ്ട്*_ , 
_*കുളമുണ്ട് പുഴയുണ്ട് മീനുമുണ്ട്,*_ 
*_വീടുണ്ട് മുറ്റമുണ്ട് ചെടിയുമുണ്ട്_*
ഈ പാട്ടിലെ ചില വരികള്‍ ആവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം നല്‍കാം. അതുപോലെ മാസിന്റെ രചനയിലെ കവിതാഭാഷയോട് സാമ്യമുള്ള വരികൾ പോലുള്ള സവിശേഷ പ്രയോഗങ്ങൾ ക്ലാസ് രചനയിലും നിലനിർത്താൻ ശ്രദ്ധിക്കണം.
ക്ലാസുല്പന്നത്തിലേക്ക് വികസിക്കുന്ന ഈ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ നേട്ടം, കുട്ടികൾക്ക് എഴുതാൻ പഠിപ്പിക്കുക മാത്രമല്ല, എന്തെഴുതണം, എങ്ങനെ ക്രമീകരിക്കണം, എന്തുകൊണ്ട് അങ്ങനെ ക്രമീകരിക്കണം എന്ന് ചിന്തിക്കാൻ അവസരം നൽകുന്നു എന്നതാണ്. 🛑ശ്രദ്ധിക്കുക ഒന്നാം ക്ലാസിലെ കുട്ടികള്‍ എല്ലാവരും ഇങ്ങനെ ആശയക്രമീകരണം നടത്തി എഴുതരണമെന്ന് നാം ആഗ്രഹിക്കുന്നില്ല. അഞ്ചോ ആറോ കാര്യം എഴുതിയാല്‍ മതി. എന്നാല്‍ സമര്‍ഥരായ കുട്ടികള്‍ തൊട്ടടുത്ത ഉയര്‍ന്ന തലത്തിലേക്ക് പോകണം. ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കുട്ടികളുടെ എഴുത്തില്‍ നിന്നും ചിന്തയില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് പൊതു ഉല്പന്നം തയ്യാറാക്കുന്നതാണ്. വ്യക്തിഗത രചനയില്‍ അവസാനിക്കുമ്പോള്‍ ഓരോ കുട്ടിക്കും സ്വന്തം രചനമെച്ചപ്പെടുത്താനുള്ള ഇടം അടയുകയരുമരുത്. 

Wednesday, November 25, 2026

വ്യക്തിഗത കുട്ടിപ്പത്രം: ഒന്നാം ക്ലാസിൽ ഭാഷാപഠനത്തിന്റെ സർഗാത്മകമായ ഒരു മുന്നേറ്റം

AMLPS വെമ്പല്ലൂരിലെ ഒന്നാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ വ്യക്തിഗത കുട്ടിപ്പത്രങ്ങൾ ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ ഇടപെടലിന്റെ മാതൃകയാണ്. ക്ലാസ് കൂട്ടെഴുത്ത് പത്രമാണ് നിര്‍ദേശിച്ചിരുന്നത്. അതിനെ വ്യക്തഗതപത്രമാക്കി വികസിപ്പിക്കുകയായിരുന്നു ഫസ്നടീച്ചര്‍
21 കുട്ടികളുള്ള ക്ലാസിൽ 19 കുട്ടികൾ വ്യക്തിഗത കുട്ടിപ്പത്രം തയ്യാറാക്കി എത്തി.
    • പങ്കെടുത്തവർ: 19
    • ആകെ കുട്ടികൾ: 21
    • പങ്കാളിത്തം: 90.48%
    • പ്രവർത്തനം പൂർത്തിയാക്കാൻ പിന്തുണ ആവശ്യമുള്ളവർ: 2
രണ്ടു കുട്ടികൾക്കും ആവശ്യമായ സമയവും പിന്തുണയും നൽകി പ്രവർത്തനം പൂർത്തിയാക്കാൻ അവസരം ഒരുക്കി.
വ്യക്തിഗതപത്രരൂപീകരണം എങ്ങനെ? 
    • ആശയശേഖരണം: എന്തെല്ലാം തരം വാർത്തകളാണ് ഉൾപ്പെടുത്തേണ്ടത് എന്ന് കുട്ടികൾ തീരുമാനിക്കുന്നു.
    • വിവരശേഖരണം: വീട്ടിലും പരിസരത്തും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നു.
    • തിരഞ്ഞെടുപ്പ്: ശേഖരിച്ച വിവരങ്ങളിൽനിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നു.
    • ഭാഷാപ്രയോഗം: ആശയങ്ങൾ സ്വന്തം വാക്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. എഴുതുന്ന സമയം രക്ഷിതാക്കളുടെ സഹായം തേടുന്നു. രക്ഷിതാക്കള്‍ക്ക് ആശയപരമായ പിന്തുണ നല്‍കാം. എഴുതേണ്ടത് കുട്ടി തന്നെ ആകണം.
    • രചനാപ്രക്രിയ: തലക്കെട്ട് , സ്ഥലം, സംഭവം എന്നിവ എഴുതണം, ഒന്നോ രണ്ടോ വാക്യങ്ങള്‍ മതി. ചിത്രങ്ങൾ ചേർക്കുന്നു.
    • തെറ്റ് തിരുത്തല്‍: എഴുതുമ്പോള്‍ തെറ്റ് വന്നാല്‍ തെറ്റിയ വാക്കിന് മുകളില്‍ പേപ്പറൊട്ടിച്ച് ശരിയാക്കി എഴുതല്‍.
    • ചാര്‍ട്ട് പേപ്പറില്‍ ക്രമീകരിക്കല്‍: രക്ഷിതാക്കളുടെ സഹായത്തോടെ നടത്താം.
    • വായന: സ്വന്തം രചനയും സഹപാഠികളുടെ രചനകളും വായിക്കുന്നു.
പ്രവർത്തനത്തിലെ പ്രധാന മികവുകൾ

  1. നൽകിയിരിക്കുന്ന മാതൃകകള്‍ പരിശോധിച്ചാല്‍ വാർത്ത, വിശേഷവിവരണം, അനുഭവക്കുറിപ്പ്, പരിപാടികളുടെ റിപ്പോർട്ട്, വ്യക്തിവിവരണം തുടങ്ങിയ വ്യത്യസ്ത രചനാരൂപങ്ങൾ കാണാം. അവരവരുടെ കാര്യങ്ങളും ക്ലാസിലെ സംഭവങ്ങളും സ്കൂള്‍ വിശേഷങ്ങളും നാട്ടുവാര്‍ത്തകളും വന്നിട്ടുണ്ട്. 
  2. കുട്ടിപ്പത്രത്തിന്റെ പ്രധാന ലക്ഷ്യം ഭാഷാവികാസവും സ്വതന്ത്ര എഴുത്തുമാണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായി 95 ശതമാനം കുട്ടികളും പ്രവർത്തനം ഏറ്റെടുത്തു. കുട്ടികൾക്കുവേണ്ടി മുതിർന്നവർ പത്രം തയ്യാറാക്കുന്നതിനു പകരം കുട്ടികൾക്ക് രചയിതാക്കളാകാൻ അവസരം നൽകി.
  3. ഏഴോ എട്ടോ ദിവസങ്ങളിലെ പ്രധാന വിശേഷങ്ങൾ കണ്ടെത്തി പത്രത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശം കുട്ടികളുടെ നിരീക്ഷണശേഷിയും പരിസരബോധവും വളർത്താൻ സഹായിച്ചു. സ്വന്തം അനുഭവങ്ങൾക്കപ്പുറം ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധ വ്യാപിച്ചു. ആവശ്യത്തിന് സമയം നല്‍കി ഉല്പന്നപ്രോജക്ട് രൂപത്തില്‍ പ്രവര്‍ത്തനം രൂപകല്പന ചെയ്തത് നന്നായി.
  4. കുട്ടികളുടെ ചിത്രീകരണവും തലക്കെട്ടുകളും നിറങ്ങളുടെ വിന്യാസവും പത്രങ്ങൾക്ക് സവിശേഷമാക്കി. ചിത്രങ്ങൾ ആശയാവിഷ്കാരത്തിന്റെ മറ്റൊരു മാധ്യമമാണ്.
  5. മുൻകൂർ ശിൽപശാലയും തുടർച്ചയായ വാട്സ്ആപ്പ് ഓർമപ്പെടുത്തലുകളും രക്ഷിതാക്കളുടെ ഇടപെടലിന് വ്യക്തമായ ദിശ നൽകിയിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികളുടെ പകരം പ്രവർത്തിക്കുന്നവരാകാതെ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവരാകണമെന്ന ധാരണയും ഇവിടെ പ്രധാനമാണ്.

 രചനയിലെ അക്ഷരത്തെറ്റുകളും വാക്യഘടനാപരമായ പരിമിതികളും മാത്രം മുൻനിർത്തി കുട്ടികളുടെ പത്രത്തെ വിലയിരുത്തരുത്. ആശയത്തിന്റെ പുതുമ, അനുഭവത്തിന്റെ സവിശേഷത, ഭാഷയുടെ സ്വാഭാവികത, ആവിഷ്കാരത്തിലെ വൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നൽകണം.
ഈ പ്രവർത്തനത്തിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കുട്ടിപ്പത്രത്തിന്റെ നിർമ്മാണത്തേക്കാൾ അതിനു പിന്നിലെ അക്കാദമിക കാഴ്ചപ്പാടാണ്.
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എഴുതാൻ നൽകുന്നത് ഏതാനും വാക്യങ്ങളോ പാഠപുസ്തകത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളോ മാത്രമാകേണ്ടതില്ല. അവർക്ക് പറയാനുണ്ട്, പങ്കുവെക്കാനുണ്ട്, രേഖപ്പെടുത്താനുണ്ട്, അവതരിപ്പിക്കാനുണ്ട്. അതിനുള്ള അർഥവത്തായ ഒരിടമാണ് കുട്ടിപ്പത്രം എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു..
ഇത് സമഗ്ര ഭാഷാപഠനത്തിന്റെ (Whole Language) അടിസ്ഥാനപരമായ കാഴ്ചപ്പാടുകളുമായി ചേർന്നുനിൽക്കുന്നു. യഥാർഥ ആശയവിനിമയ സാഹചര്യങ്ങളിൽ ഭാഷ ഉപയോഗിച്ചുകൊണ്ടാണ് കുട്ടി ഭാഷ പഠിക്കുന്നത്.
 പ്രധാന കാര്യം, ക്ലാസ് തല കുട്ടിപ്പത്രത്തിൽനിന്ന് വ്യക്തിഗത കുട്ടിപ്പത്രത്തിലേക്കുള്ള മാറ്റമാണ്. കൂട്ടായ പ്രവർത്തനത്തിന്റെ അനുഭവം വ്യക്തിഗത സർഗാത്മക ആവിഷ്കാരത്തിന് വഴിയൊരുക്കിയിരിക്കുന്നു.
കുട്ടികളുടെ രചനകൾക്ക് ഇടം നൽകുമ്പോൾ ഭാഷാപഠനം പാഠപുസ്തകത്തിന്റെ അതിരുകൾ കടക്കും. കുട്ടികൾക്ക് അവരുടെ ലോകം എഴുതിവെക്കാനുള്ള അവസരം നൽകുമ്പോൾ ക്ലാസ് മുറി ഒരു സർഗാത്മക പ്രസിദ്ധീകരണശാലയായി മാറുകയാണ്.
ഫസ്ന ടീച്ചർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ.
ഓരോ കുട്ടിയും ഒരു രചയിതാവാണ്. ഓരോ കുട്ടിക്കും പറയാൻ ഒരു ലോകമുണ്ട്. ആ ലോകത്തിന് അക്ഷരങ്ങളിലൂടെ ഇടം നൽകുകയാണ് ഇത്തരം പ്രവർത്തനങ്ങൾ.

Monday, November 23, 2026

എഴുത്ത് പഠിക്കുന്നവർ എഴുത്തുകാരായി മാറുമ്പോൾ*


*
ഒന്നാം ക്ലാസിലെ ചിത്രകഥാപുസ്തക നിർമ്മാണം — ഒരു പെഡഗോഗിക്കൽ കെയ്സ് സ്റ്റഡി**

🟥 *വിദ്യാലയം* : മാച്ചേരി ന്യൂ യു പി എസ്

🟥 *ക്ലാസ്* : ഒന്നാം ക്ലാസ്

🟥 *കുട്ടികളുടെ എണ്ണം:* 15

🟣 

1. *ആമുഖം*

  • എഴുത്ത് പഠിക്കുന്ന കുട്ടികൾക്ക് സ്വന്തം പുസ്തകം നിർമ്മിക്കാനും അത് പൊതുവേദിയിൽ പ്രകാശിപ്പിക്കാനും അവസരം ലഭിച്ചാലോ? എഴുത്ത് പഠനത്തിന്റെ ഭാഗമായി മാത്രം കാണാതെ, കുട്ടിയുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു സൃഷ്ടിപരമായ പ്രവർത്തനമായി മാറിയാലോ?
  • മാച്ചേരി ന്യൂ യു പി എസിലെ ഒന്നാം ക്ലാസിൽ നടപ്പിലാക്കിയ ചിത്രകഥാപുസ്തക നിർമ്മാണ പ്രവർത്തനം ഇത്തരം ഒരു പെഡഗോഗിക്കൽ സാധ്യത തുറക്കുന്നു.
  • 15 കുട്ടികളും 100 ദിനം ഡയറി എഴുത്ത് പൂർത്തീകരിച്ചവരാണ്. ദൈനംദിന അനുഭവങ്ങൾ എഴുത്തിലൂടെ രേഖപ്പെടുത്തിക്കൊണ്ടിരുന്ന കുട്ടികൾക്ക് ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥകൾ സൃഷ്ടിക്കാനും അവ പുസ്തകരൂപത്തിൽ വികസിപ്പിക്കാനും അവസരം നൽകി.
  • എഴുത്ത് പഠിക്കുന്ന ഘട്ടത്തിൽത്തന്നെ കുട്ടികൾ സ്വന്തം പുസ്തകങ്ങളുടെ രചയിതാക്കളാകുകയും പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ അവരുടെ പുസ്തകങ്ങൾ പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.

🌈

2. *പ്രവർത്തനത്തിന്റെ പശ്ചാത്തലം* : 100 ദിനം ഡയറി എഴുത്ത്

  • ഈ പ്രവർത്തനത്തെ മനസ്സിലാക്കുന്നതിന് കുട്ടികളുടെ മുൻപുള്ള എഴുത്തനുഭവം പ്രധാനമാണ്.
  • ഒന്നാം ക്ലാസിലെ 15 കുട്ടികളും 100 ദിനം ഡയറി എഴുത്ത് പൂർത്തീകരിച്ചവരാണ്. നിരന്തരമായി എഴുതാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം അനുഭവങ്ങളും ചിന്തകളും എഴുത്തിലൂടെ രേഖപ്പെടുത്തുന്ന പ്രക്രിയയുമായി അവർ പരിചിതരാണ്.
  • ഈ പശ്ചാത്തലത്തിലാണ് ചിത്രകഥാപുസ്തക നിർമ്മാണം ആരംഭിക്കുന്നത്.
  • ഡയറി എഴുത്തിൽ കുട്ടി സ്വന്തം അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. ചിത്രകഥാ നിർമ്മാണത്തിൽ കുട്ടി ചിത്രങ്ങളെ നിരീക്ഷിച്ച് ഭാവനയിലൂടെ ആശയങ്ങൾ വികസിപ്പിക്കുകയും കഥ നിർമ്മിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈനംദിന എഴുത്തനുഭവത്തിൽനിന്ന് കൂടുതൽ വികസിതമായ സ്വതന്ത്ര രചനയിലേക്ക് കടക്കാനുള്ള അവസരം രൂപപ്പെടുന്നു.
  • 100 ദിനം ഡയറി എഴുത്ത് കുട്ടികളുടെ എഴുത്തുപരിചയത്തിന്റെയും തുടർച്ചയുടെയും പശ്ചാത്തലമാണ്. ഈ അനുഭവം ചിത്രകഥാ നിർമ്മാണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കുട്ടികളുടെ മുൻകാല ഡയറി രചനകളും പുതിയ കഥകളും താരതമ്യം ചെയ്ത് കൂടുതൽ വ്യക്തമായി പഠിക്കാവുന്നതാണ്.

🌈

3. *പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ*

⭕ഭാഷാപഠന ലക്ഷ്യങ്ങൾ

1. സ്വന്തം ആശയങ്ങൾ ഭാഷയിലൂടെ പ്രകടിപ്പിക്കുക.

2. ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുക.

3. വാക്കുകളും വാക്യങ്ങളും ഉപയോഗിച്ച് കഥ വികസിപ്പിക്കുക.

4. സ്വതന്ത്ര രചന നടത്താനുള്ള ആത്മവിശ്വാസം വളർത്തുക.

5. സ്വന്തം രചന വായിക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും_ ചെയ്യുക.

6. എഴുത്തിനൊപ്പം ചിത്രീകരണവും പുസ്തകരൂപകല്പനയും നടത്തുക.

⭕വൈകാരികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ

1. സ്വന്തം സൃഷ്ടിയിൽ അഭിമാനം വളർത്തുക.

2. രചയിതാവ് എന്ന സ്വത്വബോധം രൂപപ്പെടുത്തുക.

3. മറ്റുള്ളവരുടെ സൃഷ്ടികളെ അംഗീകരിക്കുക.

4. പൊതുവേദിയിൽ സ്വന്തം രചന അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം നേടുക.

5. എഴുത്തിന് സാമൂഹിക മൂല്യമുണ്ടെന്ന് അനുഭവിക്കുക.

🌈

4. *പ്രവർത്തനപ്രക്രിയ*

ഘട്ടം 1: ചിത്രങ്ങളുടെ പ്രദർശനം

കഥാചിത്രങ്ങൾ പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾക്ക് പ്രദർശിപ്പിക്കുന്നു. കുട്ടികൾ ചിത്രങ്ങൾ നിരീക്ഷിക്കുകയും അതിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്യുന്നു.

ഘട്ടം 2: ചിന്തയുടെ ജാലകം തുറക്കുന്ന ചോദ്യങ്ങൾ

ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ ചിന്തയും ഭാവനയും ഉണർത്തുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നു. ചിത്രത്തിൽ കാണുന്ന കാര്യങ്ങൾ പറയുന്നതിൽ മാത്രം ഒതുങ്ങാതെ, സംഭവങ്ങളുടെ സാധ്യതകളും കഥാപാത്രങ്ങളുടെ അനുഭവങ്ങളും കഥയുടെ തുടർവികാസവും ചിന്തിക്കാൻ അവസരം നൽകുന്നു.

ഘട്ടം 3: വ്യക്തിഗത രചന

കുട്ടികൾ ക്ലാസിൽ സ്വന്തം നിലയിൽ കഥ എഴുതുന്നു. കുട്ടികളുടെ ആശയങ്ങൾക്കും ഭാഷാപ്രയോഗങ്ങൾക്കും ഇടം നൽകുന്ന വ്യക്തിഗത രചനയാണ് ഈ ഘട്ടത്തിന്റെ സവിശേഷത.

ഘട്ടം 4: വീട്ടിൽ ചിത്രകഥാപുസ്തക നിർമ്മാണം

ക്ലാസിൽ എഴുതിയ കഥയെ വീട്ടിൽവച്ച് പുസ്തകരൂപത്തിലേക്ക് മാറ്റുന്നു. ചിത്രങ്ങൾ, കവർ പേജുകൾ, പേജുകളുടെ ക്രമീകരണം എന്നിവ ഉൾപ്പെടുത്തി എട്ട് പേജുള്ള ചിത്രകഥാപുസ്തകം നിർമ്മിക്കുന്നു. രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. * 1.രണ്ട് എഫോര്‍ ഷീറ്റ് നടുവെ മടക്കി സ്റ്റാപ്ലറടിച്ച് നല്‍കുക. 2.പേജ് നമ്പറിടുക ( എട്ട് പേജുകള്‍), 3.നിര്‍ദ്ദേശങ്ങള്‍ നല്‍കുക, 4.പേജ് ഒന്ന്- കവര്‍ . ഒരു കവർ ചിത്രം വരപ്പിക്കുക (കുട്ടി) കഥയുടെ പേരും എഴുതിയ ആളുടെ പേരും ചേര്‍ക്കുക. 5.പേജ് രണ്ട് ചിത്രകഥ ഉണ്ടാക്കിയ രീതി എഴുതുക. ഉദാ-പിന്നെയും പിന്നെയും എന്ന പാഠത്തില്‍ കാക്ക പായസം വച്ച കഥ എഴുതാന്‍ മാഷ് പറഞ്ഞു. അത് എഴുതിയ ശേഷം മാഷ് നാല് ചിത്രങ്ങള്‍ തന്നു. ഞങ്ങള്‍ ആലോചിച്ചു. അതില്‍ നിന്നും കഥയുണ്ടാക്കി. ആ കഥയാണ് ചിത്രകഥാപുസ്തകമാക്കിയത്.). 6.പേജ് മൂന്ന്. കഥയുടെ പേരും രചയിതാവിന്റെ പേരും സ്കൂളും വര്‍ഷവും. 7.പേജ് നാല് ആദ്യ ചിത്രം പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം, ആ ചിത്രവുമായി ബന്ധപ്പെട്ട കഥാഭാഗം എഴുതുക. 8.പേജ് അഞ്ച് രണ്ടാം ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം. 9.പേജ് ആറ് മൂന്നാം ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം. 10.പേജ് ഏഴ് നാല് ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം. 11.പേജ് എട്ട്( പിന്‍കവര്‍) രചയിതാവിന്റെ ഫോട്ടോയും രചയിതാവിനെക്കുറിച്ചുള്ള ചെറുവിവരണവും. 12.ക്രയോണ്‍സ് ഉപയോഗിച്ച് നിറം കൊടുക്കുക.)

ഘട്ടം 5: പുസ്തകങ്ങളുടെ വിലയിരുത്തൽ

കുട്ടികൾ നിർമ്മിച്ച ചിത്രകഥാപുസ്തകങ്ങൾ വിലയിരുത്തുന്നു. കുട്ടിയുടെ ആശയങ്ങൾ, രചന, ചിത്രീകരണം, പുസ്തകരൂപീകരണം തുടങ്ങിയവ ശ്രദ്ധിക്കുന്ന പഠനപ്രക്രിയയാണിത്.

ഘട്ടം 6: പൊതുവേദിയിലെ പുസ്തകപ്രകാശനം

വിദ്യാലയത്തിൽ പൊതുചടങ്ങ് സംഘടിപ്പിച്ച് കുട്ടികളുടെ ചിത്രകഥാപുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നു. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലൂടെ കുട്ടികളുടെ സൃഷ്ടികൾക്ക് പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നു.

5. *എഴുത്ത് പഠിക്കുന്ന കുട്ടികൾ എഴുത്തുകാരാകുമ്പോൾ*

  • ഈ പ്രവർത്തനത്തിന്റെ കേന്ദ്ര ആശയം കുട്ടിയുടെ സ്ഥാനമാറ്റമാണ്.
  • സാധാരണ പഠനസാഹചര്യത്തിൽ കുട്ടി അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും പഠിക്കുന്നു. എഴുത്ത് പഠനത്തിന്റെ ഒരു കഴിവായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇവിടെ കുട്ടി എഴുത്ത് പഠിക്കുന്നതിനിടയിൽ തന്നെ സ്വന്തം കഥ സൃഷ്ടിക്കുകയും അത് പുസ്തകരൂപത്തിലാക്കുകയും ചെയ്യുന്നു.
  • കുട്ടി ഒരു രചന പൂർത്തിയാക്കുന്ന പഠിതാവ് മാത്രമല്ല; ഒരു പുസ്തകം നിർമ്മിക്കുന്ന രചയിതാവാണ്.
  • ഈ മാറ്റം പെഡഗോഗിക്കലായി വളരെ പ്രധാനമാണ്. കാരണം, കുട്ടിക്ക് എഴുത്തിന്റെ ഒരു യഥാർത്ഥ ലക്ഷ്യം ലഭിക്കുന്നു. എഴുതുന്നത് ടീച്ചറെ കാണിക്കാനോ തിരുത്തലുകൾ സ്വീകരിക്കാനോ മാത്രമല്ല. സ്വന്തം ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും വായനക്കാരിലേക്ക് എത്തിക്കാനും വേണ്ടിയാണ് എഴുത്ത്.
  • “ഞാൻ എഴുതാൻ പഠിക്കുന്നു” എന്ന തിരിച്ചറിവിൽനിന്ന് “ഞാൻ എഴുതുന്ന ഒരാളാണ്; എന്റെ പുസ്തകവും ഉണ്ടാകാം” എന്ന തിരിച്ചറിവിലേക്ക് കുട്ടി നീങ്ങാനുള്ള സാധ്യതയാണ് ഈ പ്രവർത്തനം സൃഷ്ടിക്കുന്നത്.

6. *സ്വന്തം പുസ്തകം — എഴുത്തിന്റെ റീയൽ സ്റ്റോറി* .

  • കുട്ടി എഴുതിയ കഥ ഒരു നോട്ട് ബുക്കിലെ പേജിൽ അവസാനിക്കുന്നില്ല. അത് എട്ട് പേജുള്ള ചിത്രകഥാപുസ്തകമായി വികസിക്കുന്നു.
  • കഥയെ പുസ്തകരൂപത്തിലാക്കുമ്പോൾ കുട്ടി എഴുത്തിനപ്പുറം നിരവധി കാര്യങ്ങളുമായി ഇടപെടുന്നു:
  • പുസ്തകത്തിന് ഒരു കവർ ഒരുക്കുന്നു.
  • കഥയ്ക്ക് അനുയോജ്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നു.
  • പേജുകൾ ക്രമീകരിക്കുന്നു.
  • എഴുത്തും ചിത്രവും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നു.
  • ഒരു സമഗ്ര സൃഷ്ടി നിർമ്മിക്കുന്നു.
  • ഇതിലൂടെ എഴുത്ത് ഒരു പഠനാഭ്യാസത്തിൽനിന്ന് യഥാർത്ഥ ഉൽപ്പന്നനിർമ്മാണ പ്രക്രിയയിലേക്ക് മാറുന്നു.
  • കുട്ടി എഴുതിയ കഥ ഒരു പുസ്തകമാകുന്നു. കുട്ടി ആ പുസ്തകത്തിന്റെ രചയിതാവാകുന്നു.

7. *പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലുള്ള പുസ്തകപ്രകാശനം* : സാമൂഹിക അംഗീകാരത്തിന്റെ പെഡഗോഗി

എഴുത്ത് പഠിക്കുന്ന ഘട്ടത്തിൽത്തന്നെ കുട്ടികളുടെ പുസ്തകങ്ങൾ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന പൊതുവേദിയിൽ പ്രകാശിപ്പിക്കപ്പെടുന്നു എന്നത് ഈ പ്രവർത്തനത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്.

പുസ്തകപ്രകാശനം ഒരു ചടങ്ങിന്റെ ഔപചാരികത മാത്രമല്ല. കുട്ടിയുടെ രചനയ്ക്ക് സാമൂഹിക മൂല്യവും പൊതുവായ വായനാസന്ദർഭവും നൽകുന്ന ഇടപെടലാണ്.

കുട്ടിയുടെ രചന ടീച്ചർ മാത്രം വായിക്കുന്ന പഠനരേഖയിൽ ഒതുങ്ങുന്നില്ല. സമൂഹത്തിലെ മറ്റുള്ളവർ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പുസ്തകമായി മാറുന്നു.

കുട്ടിക്ക് ലഭിക്കുന്ന സന്ദേശങ്ങൾ

  • എന്റെ ആശയങ്ങൾക്ക് മൂല്യമുണ്ട്.
  • എന്റെ രചന മറ്റുള്ളവർ വായിക്കാൻ യോഗ്യമാണ്.
  • ഞാൻ ഒരു പുസ്തകം നിർമ്മിക്കാൻ കഴിവുള്ളവനാണ്.
  • എന്റെ സൃഷ്ടിയെ മുതിർന്നവരും സമൂഹവും ഗൗരവമായി കാണുന്നു.
  • ഞാൻ എഴുത്ത് പഠിക്കുന്ന കുട്ടി മാത്രമല്ല; ഒരു രചയിതാവുമാണ്.

പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കുട്ടിയുടെ സൃഷ്ടിക്ക് പൊതുവേദിയിലെ അംഗീകാരം നൽകുന്നു. കുട്ടിയുടെ സൃഷ്ടിയെ സമൂഹം ശ്രദ്ധിക്കുന്നതും ആദരിക്കുന്നതും കുട്ടിയുടെ എഴുത്തുകാരൻ എന്ന സ്വത്വബോധത്തെ ശക്തിപ്പെടുത്താൻ സഹായകമാകാം.

ഇത് കുട്ടിയെ പഠനത്തിന്റെ സ്വീകർത്താവ് എന്ന നിലയിൽ മാത്രം കാണാതെ, ആശയങ്ങൾ സൃഷ്ടിക്കുകയും അവ സമൂഹവുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന വ്യക്തിയായി അംഗീകരിക്കുന്ന സമീപനമാണ്.


8. *എഴുത്തിനുള്ള പ്രചോദനവും ആന്തരിക താൽപര്യവും*

എഴുത്ത് പഠിക്കുന്ന കുട്ടിക്ക് എഴുതാനുള്ള പ്രേരണ പലപ്പോഴും അധ്യാപക നിർദേശങ്ങളോടും പാഠപുസ്തക പ്രവർത്തനങ്ങളോടും ബന്ധപ്പെട്ടു നിൽക്കാം.

എന്നാൽ സ്വന്തം പുസ്തകം നിർമ്മിക്കുകയും അതിന് വായനക്കാരെ ലഭിക്കുകയും ചെയ്യുമ്പോൾ എഴുത്തിന് കുട്ടിയുടെ ഉള്ളിൽ പുതിയ അർത്ഥം ലഭിക്കുന്നു.

എഴുത്ത് നിർബന്ധിത പഠനപ്രവർത്തനമല്ല; സ്വന്തം ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മാർഗമാണ് എന്ന തിരിച്ചറിവ് വളരാൻ ഇത് സഹായിച്ചേക്കാം.

സ്വന്തം പുസ്തകം നിർമ്മിക്കുക, അതിനെ വായനക്കാരുമായി പങ്കുവയ്ക്കുക, പൊതുവേദിയിൽ അംഗീകാരം ലഭിക്കുക എന്നിവ കുട്ടിയുടെ എഴുത്തിനോടുള്ള താൽപര്യവും ആത്മവിശ്വാസവും വളർത്താനുള്ള സാധ്യതയുള്ള അനുഭവങ്ങളാണ്.

9. *15 കുട്ടികൾ — 15 സൃഷ്ടികൾ*

ക്ലാസിലെ 15 കുട്ടികളും ചിത്രകഥാപുസ്തകം നിർമ്മിച്ചു എന്നത് പ്രവർത്തനത്തിന്റെ പങ്കാളിത്തപരമായ വ്യാപ്തിയെ സൂചിപ്പിക്കുന്നു.

ഓരോ കുട്ടിയുടെയും പുസ്തകം വ്യത്യസ്തമായ ആശയങ്ങളുടെയും ഭാഷാപ്രയോഗങ്ങളുടെയും ഭാവനയുടെയും പഠനയാത്രയുടെ തെളിവായി കാണണം.

എല്ലാവരുടെയും രചന ഒരേ നിലവാരത്തിലായിരിക്കണമെന്നല്ല ലക്ഷ്യം. ഓരോ കുട്ടിയും സ്വന്തം ആശയങ്ങൾ എങ്ങനെ വികസിപ്പിക്കുന്നു, കഥ എങ്ങനെ നിർമ്മിക്കുന്നു, ഭാഷ എങ്ങനെ ഉപയോഗിക്കുന്നു, എഴുത്തിനോട് എങ്ങനെ ഇടപെടുന്നു എന്നതാണ് വിലയിരുത്തേണ്ടത്.

ഒരു കുട്ടി മൂന്ന് കഥകൾ എഴുതിയത് പ്രത്യേകം ശ്രദ്ധേയമാണ്. എഴുത്തിനോടുള്ള താൽപര്യം, സ്വയം കൂടുതൽ രചനകൾ വികസിപ്പിക്കാനുള്ള പ്രചോദനം, കഥാസൃഷ്ടിയുടെ സാധ്യത എന്നിവയുടെ ഒരു വ്യക്തിഗത പഠനസൂചനയായി ഇത് കാണാം.

ഇത് മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതിനുള്ള മാനദണ്ഡമല്ല; കുട്ടിയുടെ സൃഷ്ടിപരമായ വളർച്ചയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സഹായിക്കുന്ന നിരീക്ഷണമാണ്.

10. *വിലയിരുത്തൽ: കുട്ടിയുടെ രചനയെ വായിക്കുക*

ഈ പ്രവർത്തനത്തിലെ വിലയിരുത്തൽ അക്ഷരത്തെറ്റുകളും വാക്യഘടനയിലെ പിശകുകളും കണ്ടെത്തുന്നതിൽ മാത്രം കേന്ദ്രീകരിക്കരുത്.

ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനയിൽ സ്വാഭാവികമായും ഭാഷാപരമായ അപൂർണതകൾ ഉണ്ടാകാം. അവയെ മാത്രം അടിസ്ഥാനമാക്കി രചന പരിശോധിക്കുന്നത് കുട്ടികളുടെ സർഗാത്മകതയെ പരിമിതപ്പെടുത്താം.

വിലയിരുത്തൽ സൂചകങ്ങൾ

  • കഥയിലെ ആശയസമ്പത്ത്
  • ഭാവനയുടെ വികാസം
  • കഥയിലെ സംഭവങ്ങളുടെ വികസനം
  • കുട്ടിയുടെ സ്വന്തം ഭാഷാപ്രയോഗം
  • രചനയിലെ സ്വതന്ത്രത
  • ചിത്രവും എഴുത്തും തമ്മിലുള്ള ബന്ധം
  • കുട്ടിയുടെ വ്യക്തിഗത രചനാശൈലി
  • പുസ്തകരൂപീകരണത്തിലെ പങ്കാളിത്തം
  • എഴുത്തിനോടുള്ള താൽപര്യവും തുടർരചനയ്ക്കുള്ള ശ്രമവും

ഈ സൂചകങ്ങൾ കുട്ടിയുടെ രചനയെ വായിച്ച് അതിലെ മികവുകൾ കണ്ടെത്തുന്നതിനുള്ള സഹായികളായിരിക്കണം. കർശനമായ സ്കോറിംഗ് പട്ടികയായി ഉപയോഗിക്കേണ്ടതില്ല.


11. *പഠനത്തെളിവുകൾ*

ഈ പ്രവർത്തനത്തിലൂടെ പഠനത്തിന്റെ ദൃശ്യമായ തെളിവുകൾ ലഭിക്കുന്നു.

  • 100 ദിനം ഡയറി എഴുത്ത് പൂർത്തീകരിച്ച കുട്ടികളുടെ രേഖകൾ.
  • ക്ലാസിലെ വ്യക്തിഗത കഥാരചന.
  • 15 കുട്ടികളും നിർമ്മിച്ച ചിത്രകഥാപുസ്തകങ്ങൾ.
  • എട്ട് പേജുള്ള പുസ്തകങ്ങളുടെ ഘടന.
  • ഒരു കുട്ടി മൂന്ന് കഥകൾ എഴുതിയ സംഭവം.
  • പുസ്തകങ്ങളുടെ വിലയിരുത്തൽ.
  • പൊതുവേദിയിലെ പുസ്തകപ്രകാശനം.

ഈ തെളിവുകൾ കുട്ടികളുടെ ഭാഷാപഠനത്തെ രേഖപ്പെടുത്താനും തുടർപഠനത്തിനുള്ള സാധ്യതകൾ കണ്ടെത്താനും ഉപയോഗിക്കാം.

ഡയറി രചനകളും ചിത്രകഥാ രചനകളും താരതമ്യം ചെയ്യുന്നതിലൂടെ കുട്ടികളുടെ എഴുത്തിലെ മാറ്റങ്ങളും വളർച്ചയുടെ സൂചനകളും കൂടുതൽ വ്യക്തമായി പഠിക്കാം.

12. *വിമർശനാത്മക നിരീക്ഷണങ്ങൾ*

പ്രവർത്തനത്തിന്റെ മികവുകൾക്കൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വീട്ടിലെ സഹായം: പുസ്തകം വീട്ടിൽ നിർമ്മിക്കുന്നതിനാൽ രക്ഷിതാക്കളുടെ സഹായം ഓരോ കുട്ടിക്കും വ്യത്യസ്തമായിരിക്കാം. പുസ്തകത്തിന്റെ അലങ്കാരം മാത്രം കുട്ടിയുടെ കഴിവായി വിലയിരുത്തരുത്.

സ്വതന്ത്ര രചന: ക്ലാസിൽ കുട്ടി എഴുതിയ കഥയും വീട്ടിൽ വികസിപ്പിച്ച പുസ്തകവും വേർതിരിച്ച് പരിഗണിക്കണം.

പിശകുകളോടുള്ള സമീപനം: അക്ഷരത്തെറ്റുകൾ മാത്രം മുൻനിർത്താതെ ആശയസമ്പത്തും ഭാവനയും ഭാഷാപ്രയോഗവും ശ്രദ്ധിക്കണം.

വ്യക്തിഗത പുരോഗതി: എല്ലാ കുട്ടികളുടെയും വളർച്ച ഒരേ വേഗത്തിലോ ഒരേ രീതിയിലോ സംഭവിക്കണമെന്നില്ല.

പ്രകാശനത്തിനു ശേഷമുള്ള തുടർച്ച: പുസ്തകപ്രകാശനം പ്രവർത്തനത്തിന്റെ ആഘോഷഘട്ടമാണ്. അതിനുശേഷവും വായന, എഴുത്ത്, പുതിയ പുസ്തകനിർമ്മാണം എന്നിവ തുടരാനുള്ള അവസരങ്ങൾ ഒരുക്കണം.

13. *തുടർപ്രവർത്തന സാധ്യതകൾ*

  • ഈ പ്രവർത്തനത്തെ ഒരു തുടർച്ചയായ രചനാപഠന പ്രക്രിയയായി വികസിപ്പിക്കാം.
  • കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തുക.
  • കുട്ടികൾ പരസ്പരം പുസ്തകങ്ങൾ വായിക്കുക.
  • എഴുത്തുകാരുടെ സംഭാഷണം സംഘടിപ്പിക്കുക.
  • വായനക്കാരുടെ പ്രതികരണങ്ങൾ ശേഖരിക്കുക.
  • പുതിയ ചിത്രങ്ങൾക്കും അനുഭവങ്ങൾക്കും അടിസ്ഥാനമായി രണ്ടാം പുസ്തകം നിർമ്മിക്കുക.
  • ആദ്യ രചനയും തുടർരചനകളും സൂക്ഷിച്ച് കുട്ടിയുടെ എഴുത്തുവളർച്ച രേഖപ്പെടുത്തുക.
  • 15 കുട്ടികളുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ചിത്രകഥാപുസ്തക ശേഖരം രൂപീകരിക്കുക.
  • അച്ചടിച്ച് പ്രസിദ്ധീകരിക്കുക
  • ഡിജിറ്റൽ വ്യക്തിഗത കഥാസമാഹാരങ്ങൾ പ്രകാശിപ്പിക്കുക

14. *ബോധനശാസ്ത്രപരമായ ബന്ധങ്ങൾ*

ഈ പ്രവർത്തനം നിരവധി പഠന സമീപനങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്.

സമഗ്ര ഭാഷാ പഠന രീതി: ‌

അർത്ഥവത്തായ പുതിയസന്ദർഭത്തിൽ ഭാഷ ഉപയോഗിക്കുന്നു.

ചിത്രം, കഥ, എഴുത്ത്, വായന, ആശയവിനിമയം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു.

സമഗ്രതയിലേക്ക് എത്തിച്ചേരുന്നു.

ലേഖന പ്രക്രിയ: ആശയരൂപീകരണം, രചന, പുസ്തകരൂപീകരണം, പങ്കുവയ്ക്കൽ എന്നിവയിലൂടെ എഴുത്ത് ഒരു പ്രക്രിയയായി വികസിക്കുന്നു. എന്നാൽ ഔപചാരിക പുനർരചനയും എഡിറ്റിംഗും നടന്നതായി രേഖയില്ലാത്തതിനാൽ പൂർണ Process Writing Cycle ആയി വിശേഷിപ്പിക്കാനാവില്ല.

Story-based Pedagogy: കഥാസന്ദർഭം ഭാഷാപഠനത്തിന്റെ കേന്ദ്രമായി മാറുന്നു.

15. *ഉപസംഹാരം*

100 ദിനം ഡയറി എഴുത്തിലൂടെ ലഭിച്ച എഴുത്താനുഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ചിത്രങ്ങളിൽനിന്ന് ആശയങ്ങൾ കണ്ടെത്തുകയും കഥകൾ എഴുതുകയും പുസ്തകങ്ങൾ നിർമ്മിക്കുകയും ചെയ്തു.എഴുത്ത് പഠിക്കുന്ന ഘട്ടത്തിൽത്തന്നെ അവരുടെ രചനകൾ പൊതുവേദിയിൽ അംഗീകരിക്കപ്പെട്ടു.

ഇത് എഴുത്തിനെ അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും പരിശീലിക്കുന്ന ഒരു പ്രവർത്തനമായി മാത്രം കാണാതെ, കുട്ടിയുടെ ആശയങ്ങൾ ലോകവുമായി പങ്കുവയ്ക്കുന്ന സൃഷ്ടിപരമായ പ്രവർത്തനമായി കാണണം.

എഴുത്ത് പഠിച്ച ശേഷം കുട്ടികൾ എഴുത്തുകാരാകുകയല്ല; എഴുത്ത് പഠിക്കുന്നതിനിടയിൽത്തന്നെ കുട്ടികൾക്ക് എഴുത്തുകാരാകാം.

ഈ തിരിച്ചറിവാണ് മാച്ചേരി ന്യൂ യു പി എസിലെ ചിത്രകഥാപുസ്തക നിർമ്മാണ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ പെഡഗോഗിക്കൽ സന്ദേശം.

  • കുട്ടികൾ എഴുത്ത് പഠിക്കുന്നു.
  • എഴുതുന്നു.
  • പുസ്തകം നിർമ്മിക്കുന്നു.
  • എഴുത്തുകാരായി അംഗീകരിക്കപ്പെടുന്നു.



Dr. Kaladharan.T P