കുട്ടി സ്വാഭാവികമായി നിഷ്ക്രിയ ശ്രോതാവായി മാറും.
*അപ്പോൾ കുട്ടി എന്തുചെയ്യും?*
• സംസാരിക്കുന്നവരെ നോക്കിയിരിക്കും.
• ഇടയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിക്കും.
• അടുത്തിരിക്കുന്നവരോട് സംസാരിക്കും.
• മൊബൈൽ ഫോൺ ആവശ്യപ്പെടും.
• കളിക്കാനോ പുറത്തുപോകാനോ ശ്രമിക്കും.
• ഉറങ്ങുകയോ ബഹളമുണ്ടാക്കുകയോ ചെയ്യും.
• ചിലപ്പോൾ മുതിർന്നവരുടെ ഇടപെടലുകളെ അനുകരിക്കും.. എന്നാല്‍ ഭാവന ചെയ്തത് എന്താണ്? അവിടെ നടക്കുന്ന ചർച്ചകളിൽനിന്ന് മാറി സ്വന്തം അനുഭവലോകത്തേക്ക് പ്രവേശിക്കുകയും കഥകൾ എഴുതുകയും ചെയ്തു. എല്ലാവരും പരിപാടി കണ്ടുകൊണ്ടിരിക്കെ അവൾ മാത്രം ഒരു ബുക്ക് എടുത്ത് കഥ എഴുതാൻ തുടങ്ങി. ഒന്നും രണ്ടുമല്ല 4 കഥകൾ. അവൾ രക്ഷിതാക്കള്‍ മുഖേന ടീച്ചര്‍ക്ക് അയച്ചു . ഭാവനയുടെ അനുഭവം നൽകുന്ന സന്ദേശം
കുട്ടികളെ മുതിർന്നവരുടെ പരിപാടികളിലേക്ക് കൊണ്ടുപോകേണ്ടിവരുമ്പോൾ, അവരുടെ പ്രായത്തിനും താൽപര്യങ്ങൾക്കും അനുയോജ്യമായ പ്രവർത്തനസാമഗ്രികൾ കരുതാം.
അവരുടെ സ്വതന്ത്ര പ്രവർത്തനത്തിനുള്ള ചെറിയൊരു പ്രവര്ത്തനസഞ്ചി (Activity Kit) കരുതുന്നത് വളരെ പ്രായോഗികമായ സമീപനമാണ്. ഭാവനയുടെ അനുഭവം ഇതിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
◦ ചിത്രകഥകൾ
◦ ചെറിയ കഥാപുസ്തകങ്ങൾ
◦ കുട്ടിക്ക് സ്വയം വായിക്കാവുന്ന പുസ്തകങ്ങൾ
◦ ചിത്രങ്ങൾ നോക്കി കഥ പറയാവുന്ന പുസ്തകങ്ങൾ
◦ ക്രയോൺസ്
◦ കളർ പെൻസിലുകൾ
◦ പേപ്പറുകൾ
◦ ചെറിയ സ്കെച്ച് ബുക്ക്
◦ പെൻസിൽ
◦ പേന
◦ ചെറിയ നോട്ട്ബുക്ക്
◦ കഥ എഴുതാനുള്ള പേപ്പറുകൾ
◦ ലളിതമായ പസിലുകൾ
◦ പേപ്പർ മടക്കാനുള്ള സാമഗ്രികൾ
◦ ചിത്രങ്ങൾ ക്രമീകരിച്ച് കഥയുണ്ടാക്കാനുള്ള കാർഡുകൾ
◦ ചെറിയ നിർമാണപ്രവർത്തനങ്ങൾ.
കുട്ടിയെ വെറുതെ ഇരുത്തുകയല്ല വേണ്ടത്; സ്വന്തമായി പ്രവർത്തിക്കാനും സങ്കൽപ്പിക്കാനും സൃഷ്ടിക്കാനും കഴിയുന്ന ഇടം ഒരുക്കുകയാണ് വേണ്ടത്.
ഭാവനയുടെ അനുഭവം കുട്ടികളുടെ സ്വാഭാവിക സർഗാത്മകതയിലേക്കും മുതിർന്നവർ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. *ഇനി ഭാവനയുടെ കഥകള്‍ പരിശോധിക്കാം* . അവള് എഴുതിയത് പോലെ ടൈപ്പ് ചെയ്തിരിക്കുകയാണ്
"ഒരിടത്ത് ഒരു ഉറുമ്പുണ്ടായിരുന്നു.
ഉറുമ്പിങ്ങനെ കുട്ടില്‍ ഇരിക്കുമ്പോള്‍ ഒരുക്കുട്ടിവന്ന് ഉറുമ്പുംകുട്ടിന് ചവിട്ടി.
എല്ലാ ഉറുമ്പും കൂടിവന്ന് കുട്ടിയുടെ ദേഹത് കയറാന്‍ തുടങ്ങി.
കുട്ടി കരഞ്ഞു.”
*വിശകലനം* : -
കഥ പറയുന്ന രീതിയിലുള്ള ഒരു പരമ്പരാഗത ആരംഭം കുട്ടി സ്വയം ഉപയോഗിക്കുന്നു. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവൾ കഥയിലേക്ക് പ്രവേശിക്കുന്നത്. ഇത് കഥാരൂപത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണയുടെ സൂചനയാണ്. ഒരു ഉറുമ്പിനെ ചവിട്ടിയാൽ എന്ത് സംഭവിക്കും? സാധാരണയായി ഉറുമ്പ് ചത്തുപോകുകയോ മാറിപ്പോകുകയോ ചെയ്യുമെന്ന് കരുതാം. എന്നാൽ ഭാവന കഥയെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകുന്നു. എല്ലാ ഉറുമ്പുകളും കൂട്ടമായി വന്ന് കുട്ടിയുടെ ദേഹത്ത് കയറുന്നു! കഥയിൽ ഒരു സംഘർഷം രൂപപ്പെടുന്നു. കുട്ടിക്ക് എന്ത് സംഭവിക്കും? ഉറുമ്പുകൾ എന്തു ചെയ്യും?“കുട്ടി കരഞ്ഞു” എന്ന പ്രയോഗം ഒരു വൈകാരിക പര്യവസാനം നൽകുന്നു.
ഒരിടത്ത് ഒരു ചിലന്തി ഉണ്ടായിരുന്നു.
ചിലന്തിയുടെ വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു.
അപ്പോളാണ് ആവഴി ഒരു കുട്ടി വന്നത്.
കുട്ടിആ കൂട് പൊളിച്ചുഎല്ല ചിലന്തികളു പുറത്ത് വന്നു.
കുട്ടിയോടി. അതിന്റെ പിന്നാലെ ഒരു ചിലന്തി വന്നു.
അവന് അവന്റെ വീട്ടിലേക്ക് ഓടി.
ചിലന്തി ഒരു വഴിക്ക് ഓടി.
കുട്ടി ഒരു വഴിക്ക് ഓടി.
*വിശകലനം:-*
ചിലന്തിക്ക് ഒരു കുടുംബമുണ്ട്. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ എന്നിവരടങ്ങുന്ന കുടുംബലോകമാണ് കുട്ടി സങ്കൽപ്പിക്കുന്നത്. ഒരു ചെറിയ ജീവിയെ മനുഷ്യരുടെ കുടുംബഘടനയുമായി ബന്ധപ്പെടുത്തി.
“അപ്പോളാണ് ആവഴി ഒരു കുട്ടി വന്നത്. കുട്ടി ആ കൂട് പൊളിച്ചു…”
കഥയുടെ സ്വാഭാവികമായ ശാന്താവസ്ഥയെ ഒരു കുട്ടിയുടെ വരവ് മാറ്റിമറിക്കുന്നു. ചിലന്തിയുടെ കൂട് തകർക്കപ്പെടുന്നതോടെ കഥയിൽ ഒരു പ്രശ്നം രൂപപ്പെടുന്നു.എല്ലാ ചിലന്തികളും പുറത്തുവരുന്നു. കുടുംബത്തെക്കുറിച്ച് തുടക്കത്തിൽ പറഞ്ഞത് ഈ സംഭവത്തിൽ പ്രസക്തമാകുന്നു. ചിലന്തികളുടെ കൂട്ടായ പ്രതികരണമാണ് കഥയുടെ അടുത്ത ഘട്ടത്തിന് അടിസ്ഥാനം.കുട്ടി ഓടുന്നതിനു പിന്നാലെ ഒരു ചിലന്തി വരുന്നു. ഇതോടെ കഥയിൽ പിന്തുടരൽ (Chase) എന്ന രസകരമായ കഥാസന്ദർഭം രൂപപ്പെടുന്നു.
ചിലന്തിയും കുട്ടിയും രണ്ട് വഴികളിലൂടെ ഓടുന്നതായി ഭാവന എഴുതുന്നു.( “ചിലന്തി ഒരു വഴിക്ക് ഓടി. കുട്ടി ഒരു വഴിക്ക് ഓടി.”)
കഥ അവസാനിക്കുന്നില്ല. പിന്നെ എന്ത് സംഭവിക്കും എന്ന ചോദ്യം ബാക്കിയിട്ടിരിക്കുന്ന മനോഹരമായ കഥാന്ത്യമാണ് .
ആ ആന നടക്കുമ്പോള്‍ ഒരു പൂവ് കണ്ടു.
ആനആ പൂവിനെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയിട്ട് അവന്റെ അമ്മക്ക് കൊടുത്തു. അവന്റെ അമ്മക്ക് സന്തോഷമായി
*വിശകലനം* :- ആദ്യ രണ്ടു കഥകളിൽനിന്ന് വ്യത്യസ്തമായ ഒരു ഭാവനാലോകമാണിവിടെ. സംഘര്‍ഷ സന്ദര്ഭങ്ങളില്ല. സ്നേഹവും കരുതലും സന്തോഷവുമാണ് പ്രമേയം.
പൂവ് നൽകുന്നതിലൂടെ സന്തോഷം ഉണ്ടാകുന്നു എന്ന ആശയം കുട്ടി അവതരിപ്പിക്കുന്നു.
പൂവ് കിട്ടിയാല്‍ ആര്‍ക്ക് കൊടുക്കും? ആനയ്ക് മറ്റൊരു ഓപ്ഷനുമില്ല. അമ്മക്ക് തന്നെ.
അമ്മയ്കും സന്തോഷം വായിക്കുന്ന എല്ലാ അമ്മമാര്‍ക്കും സന്തോഷം, മക്കള്‍ക്കും സന്തോഷം. കഥ സന്തോഷത്തിന്റെ പര്യായമായി മാറുന്നു
പണ്ട് പണ്ട് ഒരുമയില്‍ ഉണ്ടായിരുന്നു.
ഒരുദിവസം മയിലിന്റെ പീലി കാണനില്ല.
അപ്പോളാണ് ആവഴി ഒരു കാക്ക വന്നത്.
അവര്‍ എല്ലാസ്തലതും നോക്കി.
എവടെ നോക്കീട്ടും അവര്‍ക്ക് കിട്ടിയില്ല.
അപ്പോള്‍ ആ വഴി ഒരു കുറുക്കന് വന്നു,
കയ്യില്‍ പീലിയുമായി.
അതു കണ്ടപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി
*വിശകലനം:-*
പണ്ട് പണ്ട് എന്ന പരമ്പരാഗത രീതിയിലാണ് തുടക്കം. കഥയുടെ തുടക്കത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചശേഷം, പെട്ടെന്ന് ഒരു പ്രശ്നം അവതരിപ്പിക്കുന്നു. മയിലിന്റെ പീലി കാണുന്നില്ല!കാക്കയെ കഥയിലേക്ക് കൊണ്ടുവരുന്നു.പീലി കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുന്നു. തിരഞ്ഞിട്ടും കിട്ടുന്നില്ല എന്നതിലൂടെ കഥയിലെ പ്രശ്നം കുറച്ചുകൂടി നീട്ടുന്നു.പ്രശ്നത്തിന് പരിഹാരം അപ്രതീക്ഷിതമായി എത്തുന്നു.കുറുക്കൻ ആരാണ്? പീലി എങ്ങനെ കിട്ടി? അവൻ പീലി മോഷ്ടിച്ചതാണോ, കണ്ടെത്തിയതാണോ? കുട്ടി ഈ കാര്യങ്ങൾ വിശദീകരിക്കുന്നില്ല. അത് വായനക്കാര്‍ ആലോചിക്കട്ടെ. കുറുക്കന്റെ വരവും കൈയിലെ പീലിയും കഥയ്ക്ക് ഒരു വഴിത്തിരിവ് നൽകി. കുട്ടി എല്ലാം വിശദീകരിക്കാതെ, ഒരു കഥാപാത്രത്തിന്റെ വരവിലൂടെ കഥയിലെ പ്രശ്നം പരിഹരിക്കുന്നു.കഥയുടെ അവസാനം എല്ലാവരും സന്തോഷിക്കുന്നു സാധാരണ കുറുക്കന് കഥകളില്‍ നീച കഥാപാത്രമാണ്. ഭാവന കുറുക്കനെ സന്തോഷം നല്കുന്ന ആളാക്കി. മയിലിന് പീലി ഇല്ലെങ്കില്‍ പിന്നെന്ത് മയില്‍?
എല്ലാ കഥകളും ഒരേ മാതൃകയിലുള്ളവയല്ല. സംഘർഷം, പിന്തുടരൽ, സ്നേഹം, നഷ്ടപ്പെടൽ, അന്വേഷണം, കണ്ടെത്തൽ തുടങ്ങിയ വ്യത്യസ്ത ആശയങ്ങൾ ഉപയോഗിക്കുന്നു.
കഥാന്ത്യവും വ്യത്യസ്തമാണ്. ചിലത് വായനക്കാര്‍ക്ക് വിട്ടിരിക്കുകയാണ്





No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി