Pages

Sunday, January 30, 2011

7-മികവു സംഘാടനവും എസ് ആര്‍ ജിയും

പോര്‍ട്ട്‌ ഫോളിയോ എങ്ങനെ പങ്കിടും?
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെ ചുമതലകള്‍?
കുട്ടികളുടെ പാര്‍ലമെന്റിനു എന്ത് റോളാണ് ഇതില്‍?
പോര്‍ട്ട്‌ ഫോളിയോ ഫയല്‍ രക്ഷിതാവിനു കൊടുത്തത് കൊണ്ട് അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല.
പങ്കിടല്‍ പ്രക്രിയ തീരുമാനിക്കണം.
ഓരോ അധ്യാപയാക്യും എങ്ങനെ ഇതു ഇനമാണ് തെരഞ്ഞെടുക്കുന്നത് എന്ന് സ്കൂളില്‍ തീരുമാനിക്കണം.ഉദാഹരണം ഗണിത അധ്യാപിക ഗണിത സെമിനാര്‍ റിപ്പോര്‍ടുകള്‍ ആണ് തെരഞ്ഞെടുത്തതെന്ന് കരുതുക.
  • എന്താണ് ഇത് മൂലം കുട്ടികളില്‍ ഉണ്ടായ ഗണിതപരമായ കഴിവുകള്‍.?
  • ഗണിതത്തെ ജീവിതവുമായി ബന്ധിപ്പിച്ചുള്ള അന്വേഷണത്തിന്റെ പ്രസക്തി എന്താണ്.?
  • പ്രശ്നങ്ങളോടുള്ള കുട്ടിയുടെ ഗണിതപരമായ കാഴ്ച എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നു ?
  • മുമ്പ് നാം പടിച്ചപ്പോഴുള്ളതില്‍ നിന്നും ഇതെങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നു?.
  • ഈ വര്‍ക്കില്‍ എല്ലാ കുട്ടികളും എങ്ങനെ നിലവാരം പുലര്‍ത്തുന്നു.?
  • രണ്ടു റിപ്പോര്‍ടുകള്‍ താരതമ്യം ചെയ്‌താല്‍ കുട്ടി ഗണിതതോട് കാട്ടുന്ന താല്പര്യം പ്രകടമാണോ,സെമിനാറില്‍( പ്രബന്ധത്തില്‍ ) വളര്‍ച്ച ഉണ്ടോ ?
ഇങ്ങനെ പരിശോധിച്ച് ചെറു പരിചയപ്പെടുത്തല്‍ കുറിപ്പ് തയ്യാറാക്കണം.അത് മറ്റു അധ്യാപകര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു റിഹേഴ്സല്‍ ചെയ്യുന്നത് അത് കേള്‍വിക്കാരില്‍ എങ്ങനെ മതിപ്പുളവാക്കും എന്ന് തിരിച്ചറിയാനും സഹായകം.
എല്ലാവരും തെരഞ്ഞെടുത്ത ഇനം അത് പരിചയപ്പെടുത്തുന്ന രീതി ഇവ സംബന്ധിച്ച് പൊതു ധാരണ ഉണ്ടാകണം.
എല്ലാ കുട്ടികള്‍ക്കും ഫയല്‍ കൊടുത്തു ഇന്‍ഡെക്സ് എഴുതിപ്പിക്കാം.
ഓരോ പോര്‍ട്ട്‌ ഫോളിയോയിലും അധ്യാപികയുടെ ഒരു കുറിപ്പ് കൂടി ഉണ്ടായാല്‍ സ്വയം സംസാരിക്കും.
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ചര്‍ച്ച ചെയ്യേണ്ടത് ഇവയാണ്
  • പ്രദര്‍ശനത്തില്‍ ഓരോ ക്ലാസില്‍ നിന്നും ഏതൊക്കെ ഇനങ്ങള്‍
  • രക്ഷിതാക്കളുടെ മുന്‍പാകെ ക്ലാസ് മികവു /നേട്ടം പരിചയപ്പെടുത്തുന്ന പ്രക്രിയ,വിഷയം,ഇനം.എത്ര സമയം
  • പോര്‍ട്ട്‌ ഫോളിയോ ഫയല്‍ പങ്കിടല്‍ രീതി ഇനം ,ഫയല്‍ സമഗ്രമാക്കല്‍
  • ഉച്ചക്ക് ശേഷമുള്ള പെര്‍ഫോമന്‍സ് -ഇനങ്ങള്‍-ക്ലാസ് /വിഷയ പ്രാതിനിധ്യം ,ആരൊക്കെ/ടീം,തയ്യാറെടുപ്പ്
  • മറ്റു ക്രമീകരണങ്ങള്‍
  • എച് എം അവതിരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
  • വരും വര്ഷം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍
  • ചുമതലാ വിഭജനം.
കുട്ടികളുടെ റോള്‍
  • പാര്‍ലമെന്റു കൂടണം
  • പരിപാടി വിശദീകരിക്കണം
  • ക്ലാസ് യോഗം നടത്താന്‍ ചുമതലപ്പെടുത്ത്തനം.
  • സ്കൂള്‍ ശുചിത്വം എങ്ങനെ
  • മികവു പ്രദര്‍ശനത്തില്‍ വിശദീകരിക്കാന്‍ ആരെയൊക്കെ ചുമതലപ്പെടുത്താം
  • പെര്ഫോമസ് നടക്കുമ്പോള്‍ കോമ്പയരിംഗ് ആര് നടത്തും
  • യോഗം കുട്ടികളുടെ നേതൃത്വത്തില്‍ നടത്താമോ എങ്കില്‍ ചുമതലാ വിഭജനം
  • രക്ഷിതാക്കളെ പങ്കെടുപ്പിക്കള്‍
  • മറ്റു ഒരുക്കങ്ങളില്‍ എങ്ങനെ കുട്ടികള്‍ സഹായിക്കും -ഇങ്ങനെ ആലോചിക്കൂ അവരുമായി
  • -----------------------------------------------------------------------------------------
  • -----------------------------------------------------------------------------------------
  • അറിയിപ്പ്
    ഫെബ്രുവരി ഒന്നിന് ഉച്ച-പന്ത്രണ്ടരയ്ക്ക് ഡി ഡി മലയാളം കാണുക.
    കഴിഞ്ഞില്ലെങ്കില്‍ ഫെബ് രണ്ടിന് രാവിലെ ഏഴിന് ഡി ഡി കേരളം കണ്ടാലും മതി.

Saturday, January 29, 2011

സ്കൂളിന്റെ സ്വപ്‌നങ്ങള്‍

  • സ്കൂള്‍ മികവില്‍ അടുത്ത വര്‍ഷത്തെപരിപാടി അവതരിപ്പിക്കുന്നതെന്തിനാ?
  • എച് എം റിപ്പോര്‍ട്ട്അവതരിപ്പിക്കണോ? എങ്കില്‍ അതിന്റെസ്വഭാവം?
ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നേട്ടങ്ങളും പരിമിതികളും തിരിച്ചറിഞ്ഞു വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് ആസൂത്രണ പാഠം. പലപ്പോഴും സ്കൂളുകള്‍ ഇങ്ങനെ ചെയ്യാറില്ല.എസ് എസ് എക്ക് വേണ്ടിയോ പഞ്ചായത്തിനു വേണ്ടിയോ പ്ലാന്‍ തയ്യാറാക്കി കൊടുക്കും സ്വന്തം സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്ലാന്‍ ഉണ്ടാക്കില്ല ‍.
ഫണ്ട് നേടാനുള്ള കണക്കല്ല പ്ലാന്‍.ലക്‌ഷ്യം നേടാനുള്ള പ്രവര്‍ത്തന പദ്ധതിയാണ്.
കഴിഞ്ഞ വര്ഷം ചെയ്തപോലെ അടുത്ത വര്‍ഷവും നടത്താം .ഡിപ്പാര്‍ട്ട് മെന്റു പറയുന്നത് ചെയ്‌താല്‍ മതിയല്ലോ എന്ന് പറയുന്ന പാവങ്ങള്‍ മനസ്സിലാക്കണം അത് കന്നാലി ജീവിതസംസ്കാരം.(കന്നുകാലികള്‍ കഴിഞ്ഞ വര്ഷം ജീവിച്ച പോലെ അടുത്തവര്‍ഷവും ജീവിക്കും.അവര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ല.സ്വപ്നങ്ങളും.യജമാനന്‍ നയിക്കുന്നിടത്തൂടെ സഞ്ചരിക്കും കാലത്തിന്റെ കയറില്‍ കെട്ടിയിട്ട മനസ്സിന് കാലത്തില്‍ ഇടപെടാന്‍ കഴിയില്ല.ചരിത്രം അവര്‍ക്കില്ല.)ഓരോ വര്‍ഷവും ഓരോ പുതിയ വര്‍ഷമാണ്‌.പുതിയതാവുന്നത് പുതിയ പ്രവര്‍ത്തനം കാലത്തില്‍ ചേര്‍ത്ത് വെക്കുംപോഴാണ്.
ഓരോ സ്കൂളും സവിശേഷമാണ് സാഹചര്യങ്ങളും സാധ്യതകളും വ്യത്യസ്തം ആവശ്യങ്ങളും ആഗ്രഹങ്ങളും പലത്.
കുട്ടികളെ ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്തിക്കാനുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ താഴെ തലത്തില്‍ ആലോചിക്കണം.
ഒത്തിരി സാധ്യതകള്‍ (ഈ ബ്ലോഗില്‍ തന്നെ സ്വീകരിക്കാവുന്ന എത്രയോ മാതൃകകള്‍ പരിചയപ്പെടുത്തി.
അതൊക്കെ അതിലും മെച്ചമായി നിങ്ങള്ക്ക് ഏറ്റെടുത്തു കൂടെ.
ഒപ്പം നൂതനമായ പ്രവര്‍ത്തനങ്ങളും.)
ഓരോ ക്ലാസിന്റെയും ലക്ഷ്യം ആലോചിക്കണം.എല്‍ പി യു പി വിഭാഗങ്ങളുടെയും ലക്ഷ്യങ്ങള്‍ ,ഓരോ വിഷയത്തിന്റെയും ലക്ഷ്യങ്ങള്‍,സ്കൂളിന്റെ പൊതുവായ ലക്സ്യങ്ങളിങ്ങനെ പറയണം.ഉദാഹരണമായി "ഈ സ്കൂളില്‍ നിന്നും അടുത്ത വര്ഷം പഠിച്ചിറങ്ങുന്ന കുട്ടികള്‍ ഇംഗ്ലീഷ് സംസാരിക്കാനുമെഴുതാനും കഴിവുള്ളവരായിരിക്കും."എന്നതൊരു ലക്ഷ്യമായി പരഖ്യാപിക്കാം.അതിനുള്ള സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ കൂടി ആലോചിക്കണം.(അധ്യാപക ശാക്തീകരണം.,ഇംഗ്ലീഷ് സഹവാസ ക്യാമ്പ് ,ക്ലാസ് മാഗസിന്‍, ക്ലാസ് ഫെസ്ടുകള്‍, പ്രോസസ് പാലിക്കല്‍..)
"എല്ലാ ക്ലാസ് പി ടി എയും സജീവമാക്കും എല്ലാ മാസവും കൂടും.,
പോര്‍ത്ഫോലിയോ മെച്ചപ്പെടുത്തും .
ഒരു കുട്ടിപോലും അടിസ്ഥാന ശേഷികളില്‍ പിന്നിലാവില്ല.."എന്നൊക്കെ ലക്‌ഷ്യം ആവാം.
ഓരോ ലക്ഷ്യവും പരിഗണിച്ചുള്ള പരിപാടികള്‍ ഏസ് ആര്‍ ജി രൂപപ്പെടുത്തണം.ആ കരടു പദ്ധതി പിന്നെ സമ്പുഷ്ടമാക്കാം.
എച് എം റിപ്പോര്‍ട്ട് -.അത് സ്കൂളിന്റെ പ്രവര്‍ത്തന മികവു സംബന്ധിച്ച പൊതു മതിപ്പുളവാക്കാന്‍ സഹായകം.പവര്‍ പോയന്റ് അവതരണമാണ് നല്ലത്.അടുത്ത ഹൈ സ്കൂളില്‍ നിന്നോ ബി ആര്‍ സി യില്‍ നിന്നോ എല്‍ സി ഡി വാങ്ങി അവതരിപ്പിക്കണം വായിച്ചു കേള്‍ക്കുന്ന റിപ്പോര്ടിനെക്കാളും ജീവനുള്ളത് കണ്ടു ബോധ്യപ്പെടുന്ന റിപ്പോര്ടിനാണ്.ഫോട്ടോയും ചിത്രങ്ങളും ഒക്കെയാകാം. ദിനാചരണങ്ങള്‍ മാത്രമായി അവതരണം ദുര്‍ബലപ്പെടുത്തരുത്.സ്കൂള്‍ ഗ്രാന്റ് വിനിയോഗം നിരന്തര വിലയിരുത്തല്‍, ഹെല്പ് ഡസ്ക്,ശുചിത്വം,ക്ലാസ് പിടി എ,അധ്യാപക ശാക്തീകരണം, കുട്ടികളിലുണ്ടായ മാറ്റം സമൂഹ പിന്തുണ ,ഉച്ച ഭക്ഷനപരിപാടി..ഇങ്ങനെ പല മാനങ്ങളില്‍ സ്കൂളിന്റെ മികവു പങ്കിടാം.പതിനഞ്ചു മിനിറ്റ് കൊണ്ട് അവതരണം അവസാനിപ്പിക്കും വിധം ചിട്ടപ്പെടുത്തുക.
അപ്പോള്‍ റിപ്പോര്‍ട്ടും വരുംവര്‍ഷത്തെ പരിപാടികളും തയ്യാറാക്കാന്‍ തുടങ്ങുകയല്ലേ
നാളെ കാണാം

Friday, January 28, 2011

മികവു സംഘാടനം (5)

  • ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയാണോ നടത്തേണ്ടത്?
  • ഇംഗ്ലീഷ് ഫെസ്റ്റ് ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും ?
  • പാനല്‍ ഉണ്ടാക്കാന്‍ എനിക്കറിയില്ല,എന്ത് ചെയ്യും?
  • ജനപ്രതിനിധികളുടെ റോള്‍ എന്താ?അവര്‍ മികവു അനുഭവിക്കെണ്ടതുണ്ടോ ?
സ്കൂള്‍ തല മികവുത്സവത്ത്തില്‍ രാവിലെ ഓരോ ക്ലാസിലും കുട്ടികളുടെ കഴിവ് രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാനുള്ള /മനസ്സിലാക്കാനുള്ള പ്രവര്‍ത്തനമാണ് നടന്നത്.ഉച്ചയ്ക്ക് ശേഷം സ്കൂളിലെ മൊത്തം മികവു മനസ്സിലാക്കാനുള്ള പൊതു വേദി ഒരുക്കുകയാണ്.
എല്ലാ വിഷയത്തിനും പ്രാതിനിധ്യം ആവാം.എന്നാല്‍ ഇംഗ്ലീഷിനു കൂടുതല്‍ പ്രാധാന്യം നല്‍കണം.ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായവ തന്നെയാണ് അവതരിപ്പിക്കേണ്ടത്. (നാടകം,സ്കിറ്റ്,സംഭാഷണം,കൊരിയിഗ്രാഫി,) നാലാം ക്ലാസിനും ഏഴാം ക്ലാസിനും അവസരം നല്‍കണം.ഒരു ഘട്ടം പൂര്‍ത്തിയാകുന്ന കുട്ടികള്‍ നേടിയ നിലവാരം മനസ്സിലാക്കട്ടെ.
ഒരു നാടകം അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ .അതെങ്ങനെ രൂപപ്പെട്ടു എന്ന് ഒരു കുട്ടി ആമുഖം പറയണം.ക്ലാസില്‍ എല്ലാവരും സ്ക്രിപ്റ്റ് എഴുതിയത് ഉയര്‍ത്തിക്കാണിച്ചു കൊണ്ടാവാം.ഇത് വരെ രചിച്ച നാടകങ്ങളുടെ എണ്ണവും സൂചിപ്പിക്കാം.
ഇതൊന്നുംചെയ്യാതെ എഴാമം ക്ലാസിലെ കുട്ടികള്‍ നാടകം അവതരിപ്പിക്കും എന്ന് പറഞ്ഞാല്‍ അത് ഒരു കലാപരിപാടിയായെ ആളുകള്‍ കാണൂ.
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഫെസ്റ്റ് മികവുത്സവത്ത്തിന്റെ ഭാഗമാകണം.ചില സ്കൂളുകാര്‍ ഫെസ്ടിനു വേണ്ടി കുട്ടികളെ കാണാതെ പഠിപ്പിക്കും.എഴുതിക്കൊടുക്കും പാവം പിള്ളേര്‍.ഉരുവിട്ട് പഠിച്ചു ശര്‍ദ്ദിക്കും ചിലപ്പോള്‍ വരികള്‍ മറന്നു കരണ്ടു പോയി വേദിയില്‍ പരിഹാസ്യരാകും.ഇത് പാടില്ല.ക്ലാസിലെ പാഠവുമായി ബന്ധപ്പെട്ടവ തന്നെയാവണം ഫെസ്ടിലും.(അടുത്തിടെ ഒരു ഫെസ്റ്റില്‍ പോയി.കുട്ടികള്‍ അവതരണംനടത്തി .പിന്നെ ക്ലാസ് കണ്ടു.പ്രോസസ് ഇല്ല ,ഫെസ്റ്റ് വ്യാജം.)അനായാസം ഇംഗ്ലീഷ് ഉപയോഗിക്കാന്‍ കഴിവുണ്ടെന്ന് കുട്ടികള്‍ക്കുറപ്പുണ്ട്ടാകണം അവരോടു ചോദിക്കുന്ന തത്സമയ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇംഗ്ലീഷില്‍ പറയണം.അങ്ങനെ ഉറപ്പുള്ള സ്കൂളുകള്‍ മാത്രം ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിയാല്‍ മതി.മറ്റുള്ളവര്‍ അടുത്ത വര്ഷം വരെ കാത്തിരിക്കുക. (ഇംഗ്ലീഷ് ഫെസ്റ്റ് വിവരങ്ങള്‍ ഫോട്ടോ സഹിതം ചൂണ്ടു വിരലില്‍ പ്രതീക്ഷിക്കാം ) ആത്മവഞ്ചന ഒരു സ്കൂളും നടത്തരുത്.അധ്യാപകര്‍ക്ക് എവിടെയോ പ്രോസസ് പിഴച്ചതിന്റെ ദാരുണമായ ഫലമാണ് കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ.എന്ന് തിരിച്ചറിയണം. പുതിയ രീതിയില്‍ അവിശ്വാസികളായവര്‍ക്ക് മികവുണ്ടാകില്ല
പാനല്‍
പാനല്‍ ഒരു പ്രശ്നമല്ല.പോസ്റര്‍ ആയാലും മതി ലളിതമാണ്.ഒന്നോ രണ്ടോ കുട്ടികളുടെ രചനകള്‍ ഫോട്ടോ കോപ്പി എടുക്കുന്നു.ഒരു ചാര്‍ട്ടില്‍ ആകര്‍ഷകമായി ഒട്ടിക്കുന്നു.അതിന്റെ മേന്മ ഒന്നോ രണ്ടോ ചെറു വാക്യങ്ങളില്‍ കുറിക്കുന്നു.ഇതുപോലെ എല്ലാ കുട്ടികളും എഴുത്തില്‍ മികവുള്ളവര്‍ എന്ന് കൂടി ചേര്‍ത്താല്‍ പാനാലോ പോസ്ടരോ ആയില്ലേ.(പണ്ട് ടി ടി സി ക്ക് പഠിച്ചപ്പോള്‍ ഇങ്ങനെ ചാറ്റും മറ്റും ഉണ്ടാക്കിയവരല്ലേ) എല്ലാ കുട്ടികളും എന്നെഴുതുമ്പോള്‍ അത് സത്യമാകണം.ഓരോ വിഷയക്കാര്‍ക്ക് ഏറ്റവും നല്ല നിലവാരത്തില്‍ ചെയ്ത ഒരു പ്രവര്‍ത്തനം പോലും ഇല്ലെങ്കില്‍ ആ അധ്യാപകര്‍ സ്വയം നന്നാകാന്‍ തീരുമാനിക്കുക.അവരെ ആരും മികവില്‍ നിന്നും ഒളിച്ചോടാന്‍ സഹായിക്കരുത്.മികവിലേക്ക് നയിക്കാന്‍ പിന്തുണ നല്‍കുക.
ജനപ്രതിനിധികള്‍
ജനപ്രതിനിധികളെ പലരും ക്ഷണിക്കുന്നത് അലങ്കാരത്തിനാണ്.രണ്ടു വാക്ക് സംസാരിച്ചു പോകാന്‍ ..
.മികവില്‍ ആ സമീപനം ആണോ വേണ്ടത്.പായസം വെച്ചിട്ട് അത് നല്‍കാതെ വിടുന്നത് ഓചിത്യമാണോ .അതിനാല്‍ കുട്ടികളുടെ മികവു ഇനങ്ങള്‍ ഒന്ന് രണ്ടെണ്ണം കണ്ടിട്ട് മതി ഉദ്ഘാടനവും ആശംസയുമൊക്കെ. ..ഇടയ്ക്കിടെ വിശിഷ്ട വ്യക്തികള്‍ സംസാരിക്കുന്നതാണ് നല്ലത്.ആദ്യമേ അങ്ങനെ പറഞ്ഞു ക്ഷണിക്കണം.കുട്ടികളെ പ്രോത്സാഹിപ്പിക്കണം.അതിനാല്‍ അവതരണം വിലയിരുത്തി സംസാരിക്കാന്‍ വിനയപൂര്‍വ്വം പറയണേ.
തീര്‍ച്ചയായും ഏതു പരിപാടിയും വിജയിപ്പിക്കാന്‍ അവര്‍ നമ്മോടൊപ്പം ഉണ്ടാകും.അവര്‍ക്ക് മികവിനെ പറ്റി കുറിപ്പ് തയ്യാറാക്കി നല്‍കണം.ക്ലാസുയ്ക്ലില്‍ നടന്നതും പ്രദര്‍ശനത്തില്‍ വെച്ചതും ഒക്കെ അക്കാദമികമായ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യാന്‍ സഹായകമായ വിധം. നാളെ നാട്ടില്‍ നമ്മുടെ വിദ്യാലയത്തെ പറ്റി നല്ലത് പറയാന്‍ അവര്‍ക്ക് കഴിയും .ഉദാഹരിക്കാന്‍ ഒരു വിദ്യാലയം മനസ്സില്‍ ഉണ്ടാവും.അല്ലെങ്കില്‍ പലരും ഇംഗ്ലീഷ് മീഡിയം സ്കൂളാണ് നിലവാരമുള്ളതെന്നു പറയും.അതുപോലെ നമ്മുടെ സ്കൂളും ആക്കണമെന്ന്.അങ്ങനെ അല്ലല്ലോ വേണ്ടത്.നമ്മുടെ സ്കൂളില്‍ മികവുണ്ടെന്നും അതൊരു ഇംഗ്ലീഷ് മീഡിയത്ത്തിലും ഇല്ലെന്നും അല്ലെ പറയേണ്ടത്.അതിനു അവര്‍ക്ക് മികവനുഭവം കിട്ടണം.നാം നാടിനു നല്‍കുന്ന അനുഭവമാണ് നാട്ടാരുടെ നാവില്‍ ഉണ്ടാവുക ..

Thursday, January 27, 2011

രക്ഷിതാക്കളും മികവനുഭവവും

രക്ഷിതാക്കളുടെ മുന്‍പില്‍ ഒരു ക്ലാസ് എടുത്താല്‍ അത് മികവാകുമോ?
രക്ഷിതാക്കളെ എങ്ങനെയാ മികവു ബോധ്യപ്പെടുത്തുക.?
രക്ഷിതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് കൊടുക്കുന്നുണ്ടല്ലോ പിന്നെന്തിനാ ഇത്?
മികവു സംബന്ധിച്ച് രക്ഷിതാക്കളുടെ പ്രതികരണം എങ്ങനെയാ?
രക്ഷിതാക്കള്‍ ക്ലാസ്രൂം പ്രോസസ് കാണാനല്ല വരുന്നത്.കുട്ടികള്‍ എന്ത് നേട്ടം കൈവരിച്ചു എന്നറിയാനാണ്.അതിന്റെ മേന്മ തിരിച്ചറിയാനാണ്.അതിനാല്‍ ഒരു പൂര്‍ണ ക്ലാസ് മുഷിപ്പാവും.പിന്നെ ചെയ്യാവുന്നത് അഞ്ചു പത്ത് മിനിട്ടിനുള്ളില്‍ തീരാവുന്ന ചെറിയ ആക്ടി വിക്ടിയാണ് .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് കൂടി പങ്കാളിത്തം ഉള്ള പ്രവര്‍ത്തനം.ഒരേ സമയം കുട്ടികളും രക്ഷിതാക്കളും ചെയ്യട്ടെ.വെറുതെ കാഴ്ചക്കാരായി ഇരുത്തരുത്.കൃത്യംമായ പ്ലാനിംഗ് ഉണ്ടാകണം.കുട്ടികളുടെ ഉല്‍പ്പന്നം വിശകലനം ചെയ്യണം.അധ്യാപികയുടെ വിശകലന ശേഷം അവര്‍ സ്വന്തം കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ വിശകലനം ചെയ്യട്ടെ.അപ്പോഴാണ്‌ മികവു ബോധ്യപ്പെടുക.
ഇതിനു ശേഷം കുട്ടികള്‍ ചെയ്ത മറ്റു ചില വര്‍ക്കുകള്‍ ഉദാഹരിക്കണം.വളര്‍ച്ച മനസ്സിലാകും വിധം.വ്യാഖ്യാനിക്കണം.ഇതിനായി മുന്‍കൂട്ടി ഇനങ്ങള്‍ തെരഞ്ഞെടുക്കണം.ഏതെങ്കിലും രണ്ടു മൂന്നു മിടുക്കര്‍ക്ക് മാത്രം ബാധകമാകുന്നത് അവതരിപ്പിക്കരുത്.മൊത്തം കുട്ടികളെയും മുന്നില്‍ കാണണം.
പ്രോഗ്രസ് കാര്‍ഡ് വെറും സംഖ്യകളുടെയും ചുരുക്കെഴുതിന്റെയും രേഖയാണ്.അതിനേക്കാള്‍ ആധികാരികം നേരനുഭവം തന്നെ.ക്ലാസില്‍ കുട്ടികള്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് നേരില്‍ കണ്ടു ബോധ്യപ്പെടുന്നതിന്റത്രയും വരില്ല ഒരു എ ഗ്രേഡ്
നല്ല അനുഭവം നല്ല പ്രതികരണം ഉണ്ടാക്കും ഈ സ്കൂളില്‍ എന്റെ കുട്ടിയെ ചേര്‍ക്കാന്‍ തീരുമാനിച്ചത് ഏറ്റവും ഉചിതമായി എന്ന സംതൃപ്തി.കണ്ണുകളില്‍ തിളങ്ങും.
നാളെ
  1. ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയാണോ നടത്തേണ്ടത്?
  2. ഇംഗ്ലീഷ് ഫെസ്റ്റ് ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും ?
  3. പാനല്‍ ഉണ്ടാക്കാന്‍ എനിക്കറിയില്ല,എന്ത് ചെയ്യും?
  4. ജനപ്രതിനിധികളുടെ റോള്‍ എന്താ?അവര്‍ മികവു അനുഭവിക്കെണ്ടതുണ്ടോ ?
  5. സ്കൂള്‍ മികവില്‍ അടുത്ത വര്‍ഷത്തെ പരിപാടി അവതരിപ്പിക്കുന്നതെന്തിനാ?
  6. എച് എം റിപ്പോര്‍ട്ട് അവതരിപ്പിക്കണോ? എങ്കില്‍ അതിന്റെ സ്വഭാവം?

.

Tuesday, January 25, 2011

മികവെന്നു പറയുമ്പോള്‍ ചില ചോദ്യങ്ങള്‍ മനസ്സില്‍

രക്ഷിതാക്കള്‍ പോര്‍ട്ട്‌ ഫോളിയോ വിലയിരുത്തുന്നു.


  1. മികവു ഒരാഴ്ചക്കുള്ളില്‍ എങ്ങനെയാ ഉണ്ടാക്കുന്നേ?
  2. ഓരോ ക്ലാസിലും മികവു പങ്കു വെക്കണോ?.
  3. പോട്ട് ഫോളിയോ ഫയല്‍ .അതിനിയും ആയിട്ടില്ല എന്താ ചെയ്യുക?
  4. മികവിന് രാവിലെ പ്രദര്‍ശനം എങ്ങനെയാ? ഒരു വ്യക്തത ഇല്ല?
  5. രക്ഷിതാക്കളുടെ മുന്‍പില്‍ ഒരു ക്ലാസ് എടുത്താല്‍ അത് മികവാകുമോ?
  6. രക്ഷിതാക്കളെ എങ്ങനെയാ മികവു ബോധ്യപ്പെടുത്തുക.?
  7. രക്ഷിതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് കൊടുക്കുന്നുണ്ടല്ലോ പിന്നെന്തിനാ ഇത്?
  8. മികവു സംബന്ധിച്ച് രക്ഷിതാക്കളുടെ പ്രതികരണം എങ്ങനെയാ?
  9. ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയാണോ നടത്തേണ്ടത്?
  10. ഇംഗ്ലീഷ് ഫെസ്റ്റ് ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും ?
  11. പാനല്‍ ഉണ്ടാക്കാന്‍ എനിക്കറിയില്ല,എന്ത് ചെയ്യും?
  12. ജനപ്രതിനിധികളുടെ റോള്‍ എന്താ?അവര്‍ മികവു അനുഭവിക്കെണ്ടതുണ്ടോ ?
  13. സ്കൂള്‍ മികവില്‍ അടുത്ത വര്‍ഷത്തെ പരിപാടി അവതരിപ്പിക്കുന്നതെന്തിനാ?
  14. എച് എം റിപ്പോര്‍ട്ട് അവതരിപ്പിക്കണോ? എങ്കില്‍ അതിന്റെ സ്വഭാവം?
  15. പോര്‍ട്ട്‌ ഫോളിയോ എങ്ങനെ പങ്കിടും?
  16. സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെ ചുമതലകള്‍?
  17. കുട്ടികളുടെ പാര്‍ലമെന്റിനു എന്ത് റോളാണ് ഇതില്‍?
  18. മികവിന്റെ നടത്തിപ്പില്‍ സമൂഹത്തിനു എന്താണ് പങ്കു?
  19. മികവെന്നു പറയുമ്പോള്‍ ചില അധ്യാപകരുടെ ഉള്ളം കുളിരുന്നതെന്തുകൊണ്ട്?
മാഷന്മാരും ഫോണില്‍ വിളിച്ചു തുടങ്ങി.ചിലര്‍ക്ക് പരിഭവം,പരാതി.
ചിലര്‍ക്ക്
സന്തോഷം.അവര്‍ കാത്തിരിക്കുകയായിരുന്നു - കഴിഞ്ഞ ക്ലസ്റര്‍ മുതല്‍..
മറ്റു ചിലര്‍ അവരുടെ സ്കൂളിലെ മികവു കാണാന്‍ ക്ഷണിക്കല്‍..
കുറെ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു.അവ ചര്‍ച്ച ചെയ്യാതെ പോകുന്നത് ഒരു മികവല്ല.
ഇവയാണ് ചോദ്യങ്ങള്‍
  • മികവുഒരാഴ്ചക്കുള്ളില്‍എങ്ങനെയാഉണ്ടാക്കുന്നേ?
മികവു ഒരു പ്രക്രിയയുടെ ഉല്പന്നമാണ്.ചുട്ടെടുക്കുന്നതല്ല . വര്ഷം അവധിക്കാലത്ത്‌ പത്ത് ദിവസത്തെ പരിശീലനത്തില്‍ ഒത്തിരി കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തില്ലേ? പിന്നീട് വിലയിരുത്തല്‍,പോര്‍ട്ട്‌ ഫോളിയോ,ഓരോ കുട്ടിയേയും പരിഗണിക്കല്‍,ഗ്രൂപ്പ് പ്രവര്‍ത്തനത്തിലെ സൂക്ഷ്മ പ്രക്രിയ,ഇവയൊക്കെ മികവുറ്റ പഠനത്തിനുള്ള വഴിയൊരുക്കങ്ങള്‍ പിന്തുണ ആയിരുന്നു.അവ പാലിച്ചക്ലാസുകളില്‍ നല്ല പഠനം നടന്നിട്ടുണ്ട്.കുട്ടികളില്‍ മാറ്റവും .അതാണ്‌ മികവു.നന്നായി പഠിപ്പിച്ചവര്‍ക്ക് ഒരു ആശങ്കയും ഇല്ല. ഒത്തിരി മികവുകളില്‍ ഏതാണ്തെരഞ്ഞെടുക്കുക എന്നാ കണ്ഫ്യൂഷന്‍ മാത്രം. ക്ലാസിലെ എല്ലാ കുട്ടികളും ആഴമുള്ള വായന നടത്ത്തുന്നതാവാം.ഗണിതത്തെ നിത്യ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന കഴിവും മികവാണ്. സാമൂഹിക പ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ ,പ്രതികരിക്കാന്‍,ചരിത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ഒക്കെയുള്ള ശേഷി മികവല്ലേ.?ഒരു വര്ഷം പഠിപ്പിച്ചിട്ടും ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഒന്നും കിട്ടിയില്ലെന്ന് കരുതുന്ന അധ്യാപകരാണ് "ഒരാഴ്ചയുടെ പരാതിക്കാര്‍".അവര്‍ തങ്ങളെ തന്നെ കണ്ടെത്തുന്നു.സാരമില്ല സമയം ഇനിയും അവസരങ്ങള്‍ തരും
  • ഓരോക്ലാസിലുംമികവുപങ്കുവെക്കണോ?.
ഓരോ ക്ലാസിലും പഠനം നടന്നിട്ടുണ്ട്. ക്ലാസിലെ രക്ഷിതാക്കള്‍ അറിയണം തങ്ങളുടെ കുട്ടികള്‍ എന്ത് കഴിവ് നേടി എന്ന്.നിരന്തര വിലയിരുത്തല്‍ എങ്ങനെ ഗുണം ചെയ്തു എന്ന്.
ഒരു ക്ലാസില്‍ ഒന്നിലധികം വിഷയങ്ങള്‍ ഉണ്ടാകും എല്ലാം പങ്കിടാന്‍ സമയം അനുവദിക്കില്ല.അതിനാല്‍ ഏതെങ്കിലും ഒരു വിഷയം എടുത്തു ഉദാഹരിച്ചാല്‍ മതിയാകും.
രക്ഷിതാക്കള്‍ക്ക് മനസ്സിലാകും വിധം വിശദീകരിക്കണം.
എസ് ആര്‍ ജി കൂടി തീരുമാനിക്കണം ഇതു ക്ലാസില്‍ ഇതു വിഷയത്തില്‍ ഏതിനം എന്ന്.അത് എങ്ങനെ അവതരിപ്പിക്കും എന്നും. ഇനതിനെ ഗുണനിലവാരം വ്യാഖ്യാന രീതിയുംച്ചര്‍ച്ച ചെയ്യണം.(ഉദാഹരണം ഒരു ഇംഗ്ലീഷ് നാടകം.-അതിന്റെ സ്ക്രിപ്റ്റ് എഴുതിയതും കുട്ടികള്‍.ഓരോരുത്തരും സ്വന്തം ഭാഷയില്‍ എഴുതാന്‍ കഴിവ് നേടി.ഒന്നിനൊന്നു വ്യതസ്തം.അവര്‍ക്ക് അത് അവതരിപ്പിക്കാനും കഴിയും .നോക്കി വായിക്കാതെ.. കാണാതെ പഠിച്ചു പറയലല്ല..ഇങ്ങനെ.സ്ക്രിപ്റ്റ്/നാടകം അവതരിപ്പിച്ചു വിശദീകരിക്കണം.ഒപ്പം മുന്‍പ് എഴുതിയ നാടകങ്ങള്‍ പരിചയപ്പെടുത്താം.പിന്നെ ഒരു ചോദ്യവും ഉന്നയിക്കാം നിങ്ങള്‍ പഠിച്ചപ്പോള്‍ ഇങ്ങനെ സ്വന്തമായി നാടകം ഇംഗ്ലീഷില്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ടോ?)
  • പോട്ട്ഫോളിയോഫയല്‍ .അതിനിയുംആയിട്ടില്ലഎന്താചെയ്യുക?
പോട്ട്ഫോളിയോഫയല്‍ വര്‍ഷാദ്യം മുതല്‍ ചര്‍ച്ച ചെയ്യുന്നു.സ്കൂള്‍ ഗ്രാന്റ് നല്‍കിയപ്പോള്‍ അതില്‍ ആയിരം രൂപ പോട്ട്ഫോളിയോ ഫയലിന് ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു.സെപ്തംബര്‍ ക്ലസ്റര്‍ മുതല്‍ ഇതില്‍ വ്യക്തത വരുത്തി.പല സ്കൂളുകളുടെയും മാതൃക പരിചയപ്പെടുത്തി.
എന്നിട്ടും പോര്‍ട്ട്‌ ഫോളിയോ ഫയല്‍ ആയില്ലെന്നോ? ഉണ്ട് പക്ഷെ..അടുക്കും ചിട്ടയും ആയി..സാരമില്ല.അടുക്കി വെക്കാം ചിട്ടപ്പെടുത്താം അതിനു സമയം ഇഷ്ടം പോലെ.ആദ്യം ഏതെങ്കിലും ഒരു വിഷയത്തിലെ ഒരിനം തെരഞ്ഞെടുക്കുക .അതിലൂടെ കുട്ടികള്‍ നേടിയ കഴിവുകള്‍ എന്തെന്ന് ഒരു ചെറു കുറിപ്പ് തയ്യാറാക്കുക.എവിടെ നിന്നാണ് നിലയില്‍ വളര്‍ച്ച ഉണ്ടായത് എന്ന് സൂചിപ്പിക്കാന്‍ പഴയ ഒരിനം കൂടി കണ്ടെത്തുക.ഇപ്പോള്‍ ആര്‍ക്കും താരതമ്യം ചെയ്തു മനസ്സില്ലാക്കാം ഒരു ചെറു വിശദീകരണം കൂടി നമ്മള്‍ നല്‍കിയാല്‍. എല്ലാ കുട്ടികളുടെയും പോര്‍ട്ട്‌ ഫോളിയോ ഫയലില്‍ ഇനം നിര്‍ബന്ധമായും ഉണ്ടെന്നു ഉറപ്പു വരുത്തൂ.

  • മികവിന് രാവിലെ പ്രദര്‍ശനം എങ്ങനെയാ? ഒരു വ്യക്തത ഇല്ല?
മികവു ദിനത്തില്‍ പ്രദര്‍ശനം. മൂന്നു വിഭാഗത്തില്‍ ഉണ്ടാകുന്നത് നല്ലത്.
ഒന്ന്) -സംസ്ഥാന- ജില്ല- മികവുകള്‍ /പരിപാടികള്‍- (ഇത് പൊതു വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്ന ഗുണപരമായ മാറ്റം രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ അവസരമൊരുക്കും )
രണ്ട്) -സ്കൂള്‍ മികവുകള്‍- സ്കൂളില്‍ പൊതുവായി നടത്തിയ കാര്യങ്ങള്‍.ഫോട്ടോ,നോട്ടീസ്,പത്ര വാര്‍ത്തകള്‍,ചാര്ടുകള്‍ ഒക്കെ ഉപയോഗിക്കാം.
മൂന്ന്) ക്ലാസ് മികവുകള്‍ -ഇത് കുട്ടികളുടെ പലവിധ കഴിവുകളുടെ തെളിവുകള്‍ ആകണം.അടുക്കും ചിട്ടയും വേണം.വിഷയാടിസ്ഥാനത്ത്തില്‍ വെക്കാം ഉദാഹരണം: ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലെ ഭാഷയിലെ വളര്‍ച്ച വ്യക്തമാക്കാന്‍ ഓരോ ക്ലാസിലെയും സാമ്പിള്‍ ഇനങ്ങള്‍ വെച്ചാല്‍ മതി ഒരു ചാര്‍ട്ടില്‍ എന്തിനാണ് ഇനങ്ങള്‍ വെച്ചിരിക്കുന്നതെന്ന് സൂചിപ്പിക്കാം. ഇങ്ങനെ ഓരോ വിഷയത്തിനും ഒന്നിച്ചു ഉല്‍പ്പന്നങ്ങള്‍ വെക്കുന്നത് സമഗ്രമായ ചിത്രം നല്‍കും.എല്ലാ കുട്ടികള്‍ക്കും പ്രാതിനിധ്യം വരുന്ന പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കാം.എന്ത് വെച്ചാലും അതിന്റെ ഗുണത്ത ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന കുറിപ്പുകള്‍ വേണം.അല്ലെങ്കില്‍ ഒരു ടീമിനെ വിശദീകരിക്കാന്‍ ചുമതലപ്പെടുത്താം.ചില സ്കൂള്‍ ഇതൊരു മേള ആക്കാന്‍ ആലോചിക്കുന്നു.അത് വേണ്ട ക്ലാസ് മികവിന്റെ നേര്‍ ചിത്രമാവണം.
പൊതുവായി ഒരിടം കണ്ടെത്തി ആകര്ഷകായ രീതിയില്‍ വേണം പ്രദര്‍ശനം.
എല്ലാ രക്ഷിതാക്കള്‍ക്കും ചുറ്റി നടന്നു കാണാനും കഴിയണം.
ഓരോ ക്ലാസിലും വേറെയും പ്രദര്‍ശനം ഉണ്ടാകും.അത് ഇത് വരെ ഉണ്ടായ ചാര്ടുകളും പതിപ്പുകളും ശേഖരങ്ങളും നിര്‍മാണ വസ്തുക്കളും പഠനോപകരണങ്ങളും ഒക്കെയാവണം.എല്ലാ വിഷയത്തിനും അര്‍ഹമായ സ്ഥാനം കിട്ടണം.ക്ലാസ് അതനുസരിച്ച് ഡിസൈന്‍ ചെയ്യണം. പുതിയ ഒന്നും ഉണ്ടാക്കണ്ട .പുതിയ ചാര്‍ട്ടുകള്‍ നല്‍കുന്ന സൂചന അത് മികവിന് വേണ്ടി തട്ടി കൂട്ടിയതാണെന്നാണ് .ക്ലാസില്‍ ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ തന്ന പണം ഉപയോഗിക്കാത്ത സ്കൂളുകള്‍ ഇപ്പോള്‍ അത് വിനിയോഗിക്കണം. (ഏഴായിരം രൂപ സ്കൂള്‍ ഗ്രാന്റ് യു പി വിഭാഗത്തിന് കിട്ടിയല്ലോ അയ്യായിരം എല്‍ പി വിഭാഗത്തിനും.) നമ്മുടെ ക്ലാസുകളെ നന്നായി ക്രമീകരിക്കാനുള്ള ഒരു സന്ദര്‍ഭം കൂടിയാണ് മികവു.ഡിസ്പ്ലേ ബോര്‍ഡ് എവിടെയാകണം.വായന മൂല/ ക്ലാസ് ലൈബ്രറി എവിടെയാകണം, ക്ലാസ് ലാബ് എങ്ങനെ എവിടെയാകണം,ക്ലാസിനെ ഗണിതവത്കരിക്കല്‍ എങ്ങനെ,സാമൂഹിക ശാസ്ത്രാന്ത്രീക്ഷം ഒരുക്കല്‍, ഉത്പന്നങ്ങള്‍ക്കും ചാര്ട്ടുകള്‍ക്കും വിവിധ വിഷയങ്ങള്‍ക്ക്‌ ഇടം എവിടെ.ക്ലാസ് വാര്‍ത്തകള്‍,പത്രങ്ങള്‍,പഠനോപകരണങ്ങള്‍,പോര്‍ട്ട്‌ ഫോളിയോ ബാഗ്,,,ഒക്കെ ആകര്‍ഷകമായി ക്രമീകരിക്കുമ്പോള്‍ അറിയാതെ ഒരു മികവു ചൈതന്യം ക്ലാസിനുണ്ടാകും.ശ്രമിക്കൂ.സ്കൂളില്‍ ചുമതലാ വിഭജനം നടത്തണം.പ്രദര്‍ശനത്തിന്റെ മാത്രമല്ല .മറ്റിനങ്ങള്‍ക്കും.
ശുചിത്വവും ഒരു മികവാണേ
മറ്റു ചോദ്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യാം