Pages

Monday, June 13, 2011

പത്രവായനയെ പ്രോത്സാഹിപ്പിച്ച് ഇവിടെ പത്രവൃക്ഷം വളരുന്നു

ആറ്റിങ്ങല്‍: വൃക്ഷങ്ങള്‍ പലവിധമുണ്ടെങ്കിലും പത്രവൃക്ഷം എന്ന വൃക്ഷം അയിലം ഗവ. യു.പി. സ്‌കൂളിന് മാത്രം സ്വന്തമാണ്. തൈ നട്ട് നനച്ച് വളര്‍ത്തി വലുതാക്കിയ മരമല്ല ഇത്. മറിച്ച് കുട്ടികളെ പത്രവായനയോടും കൂടുതല്‍ അടുപ്പിക്കുന്നതിനും അവര്‍ക്ക് ആവേശമുണര്‍ത്തുന്നതിനുംവേണ്ടി സ്‌കൂള്‍മുറ്റത്ത് ഇരുമ്പുകമ്പികളിലാണ് ഈ പത്രവൃക്ഷം ഒരുക്കിയിരിക്കുന്നത്.

ശിഖരങ്ങള്‍ക്ക് സമാനമായ കമ്പികളില്‍ കുട്ടികള്‍ക്ക് പത്രം എടുക്കുന്നതിനും വായിക്കുന്നതിനുമായി ഓരോ ദിവസവും രാവിലെ ഇലകള്‍പോലെ തൂക്കിയിടും. ക്ലാസ് റൂമിന് പുറത്ത് കുട്ടികള്‍ക്ക് എപ്പോള്‍വേണമെങ്കിലും ഇത് കാണാനും നോക്കാനും കഴിയും. വെറുതെ വായിച്ചിട്ട് മിണ്ടാതെ പോകാനാകില്ല. കാരണം ഓരോ ദിവസവും ക്ലാസ്സുകളില്‍ അതത് ദിവസത്തെ പത്രവായനയെ അടിസ്ഥാനമാക്കി വാര്‍ത്താധിഷ്ഠിത ക്വിസ് മത്സരമുണ്ടാകും. ഇതില്‍ വിജയിക്കുന്ന ആള്‍ക്ക് സമ്മാനവും നല്‍കും. കഴിഞ്ഞ അധ്യയനവര്‍ഷമാണ് സ്‌കൂളില്‍ പത്രവൃക്ഷം തലനീട്ടിയത്. ഇത്തവണ അത് കൂടുതല്‍ ശക്തവും വിപുലവുമായി. ഓരോദിവസവും പത്രവൃക്ഷത്തിനരികെ ഇപ്പോള്‍ നല്ല തിരക്കാണ്.

പത്രവായനക്കാരുടെ എണ്ണത്തില്‍ കുട്ടികളുടെയിടയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട് ഈ വൃക്ഷം നിമിത്തം. ഇതിന് പുറമേ ഈ 'മര'ത്തിന് സമീപത്തായി തന്നെ മാഗസിനുകള്‍, ബാലപ്രസിദ്ധീകരണങ്ങള്‍ എന്നിവയുമുണ്ട്. ഇതിന് കുട്ടിവായനക്കാര്‍ ഏറെയാണെന്ന് അധ്യാപകര്‍ പറയുന്നു.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി