Pages

Thursday, September 8, 2011

ഓണഗണിതവും സാംസ്കാരിക പഠനവും

ഓണം എല്ലാ വിഷയങ്ങളുടെയും പഠനാനുഭവം ആണ്
അത് സ്വാഭാവികതയോടെ ആഘോഷപ്പോലിമ നഷട്പ്പെടാതെ പ്രയോജനപ്പെടുത്താന്‍ കഴിയണം.

കാസര്‍ഗോട് നിന്നും ഒരു വാര്‍ത്ത 

ഗണിത പൂക്കള മത്സരം ശ്രദ്ധേയമായി

 
ഉദിനൂര്‍: നാടും നഗരവും ഓണാഘോഷത്തിലമര്‍ന്നപ്പോള്‍ കുട്ടികള്‍ ഗണിത പൂക്കളമൊരുക്കി ഓണത്തെ വരവേറ്റു.
ചെറുവത്തൂര്‍ ഉപജില്ലാ ഗണിത ശാസ്ത്ര അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഗണിത പൂക്കള മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നാല്പതോളം ടീമുകള്‍ പങ്കെടുത്തു.


  • പൂക്കളങ്ങളിലെ ഗണിത മൂല്യം,
  • സൗന്ദര്യം, 
  • പ്രതിസാമ്യത, 
  • നിറം , 
  • പൂര്‍ണത, 
  • നാടന്‍ പൂക്കളങ്ങളുടെ സാന്നിധ്യം,
  • മുഖാമുഖം എന്നിവ കണക്കാക്കിയാണ് വിധി നിര്‍ണയിച്ചത്. അഞ്ചുപേരടങ്ങുന്നതായിരുന്നു ടീമുകള്‍ . പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ എ.ഇ.ഒ കെ.വേലായുധന്‍ അധ്യക്ഷനായി. കെ.പി.കൃഷ്ണന്‍, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.എം.മനോഹരന്‍ സ്വാഗതവും പി.പി.രാജന്‍ നന്ദിയും പറഞ്ഞു. 
  • ചുവടെ കൊടുത്തിട്ടുള്ള പൂക്കളങ്ങള്‍ സൂചകങ്ങള്‍ പ്രകാരം വിലയിരുത്തൂ 

മറ്റെന്തെല്ലാം   ഗണിത  സാധ്യതകള്‍  ആലോചിച്ചു  നോക്കൂ
  • ഓണ സദ്യ ഒരുക്കാന്‍ കുട്ടികളെ ചുമതലപ്പെടുത്തിയാലോ? അളവുകള്‍ ,വില  വിവരപ്പട്ടിക നോക്കി വേണ്ട  തുക കണ്ടെത്തല്‍ ,ചേരുവയുടെ അനുപാതം..
  • വെള്ളിക്കോലാദികൾ നാഴികളും
    എല്ലാം കണക്കിനു തുല്യമത്രേ.
    കള്ളപ്പറയും ചെറു നാഴിയും,
    കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
    ഓണപ്പാട്ടിലെ അളവ് ഉപകരണങ്ങള്‍ .അളവുപകരണങ്ങളില്‍ ഉണ്ടായ മാറ്റം ,അതിന്റെ കാരണം, ഒരു പ്രോജകറ്റ് ആയാലോ ? അളവുപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കാം.(ചിങ്ങം പിറക്കുമ്പോള്‍ തുടങ്ങണം )
പറ അതിന്റെ ശരിയായ ധാരണ കുട്ടികള്‍ക്ക് അറിവുണ്ടോ. കോഴിക്കോട് ഒരു സ്കൂളില്‍ പറ ഏകദേശം എത്ര അളവ് വരും എന്ന് ഞങ്ങള്‍ നാലാം ക്ലാസിലെ കുട്ടികളോട് ചോദിച്ചപ്പോള്‍ ഒരു ഗ്ലാസ് എന്ന് പറഞ്ഞവരുണ്ട്. ആ ധാരണ മതിയോ
(2 ആഴക്ക് = 1 ഉഴക്ക്, 2 ഉഴക്ക് = 1 ഉരി, 2 ഉരി = 1 നാഴി, 4 നാഴി = 1 ഇടങ്ങഴി, 10 ഇടങ്ങഴി = 1 പറ)
കുട്ടികള്‍ ഗോലി കളിക്കുമ്പോള്‍ നീളം അളവ് എങ്ങനെ ? തുണി പണ്ട് അളന്നിരുന്നത് എങ്ങനെ ?അളവുകളുടെ നാടന്‍ രീതികളും പ്രധാനം 
12 വിരല്‍ = 1 ചാണ്‍ , 2 ചാണ്‍ = 1 മുഴം, 4 മുഴം = 1 മാറ്
ഇവയൊക്കെ എങ്ങനെ ദൃശ്യാനുഭവം ആക്കാം
വാമനന്‍ മൂന്നടി അല്ലെ മണ്ണ്  ചോദിച്ചത്.അതും ഒരു അളവല്ലേ? ചുവടെ ചേര്‍ത്തിട്ടുള്ള അളവും ചുവട്ടടിയും തമ്മില്‍ പൊരുത്തമുണ്ടോ ?
(12 ഇഞ്ച് = 1 അടി,18 ഇഞ്ച് = 1 മുഴം, 3 അടി (2) = 1 വാര (ഗജം))
പ്രോജക്റ്റ് ആസൂത്രണം ചെയ്യുമ്പോള്‍ ഇതൊക്കെ ആലോചനയില്‍ വരണം .കേരളത്തിന്റെ ഗതകാലം ഐതീഹ്യങ്ങള്‍ മാത്രമല്ല .സംസ്കാരത്തിന്റെ ഗണിത പാഠങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളട്ടെ 
അളക്കുന്ന ആളുടെ ചുവടിന്റെ വലിപ്പം മാവേലിയുടെ മനസ്സില്‍ ഉണ്ടായിരുന്ന അളവും തമ്മില്‍ പൊരുത്തപ്പെട്ടില്ല അളവ് സംബന്ധിച്ച് ഏകീകൃത രീതി ഉണ്ടായിരുന്നെങ്കില്‍ മാവേലിക്ക് പാതാളത്തില്‍ പോകേണ്ടി വരില്ലായിരുന്നു . അളവ് തട്ടിപ്പിലെ ആദ്യകാല പ്രതികളില്‍  ഒരാളാണ് വാമനന്‍ .

ഓണം കാവ്യാസ്വാദനത്തിന്റെ  മധുര നിലാവ് പൊഴിക്കുന്ന മുഹൂര്‍ത്തങ്ങളാക്കി മാറ്റാം. ഇതാ തെളിവ് 

കവിതകളിലെ ഓണവുമായി കാവ്യപൂക്കളം




വടക്കാഞ്ചേരി: ഓണക്കവിതകളുമായി ഉപജില്ലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കാവ്യപൂക്കളം ഹൃദ്യമായി.

വൈലോപ്പിള്ളിയുടെയും കുഞ്ഞിരാമന്‍ നായരുടെയും ഒ.എന്‍.വി.യുടെയും ഓണക്കവിതകള്‍ വിദ്യാര്‍ത്ഥികള്‍ഹൃദ്യമാക്കി. വടക്കാഞ്ചേരി ശ്രീ കേരളവര്‍മ്മ പബ്ലിക് ലൈബ്രറിയും വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച കാവ്യപൂക്കളം, സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.

കാവ്യപൂക്കളത്തില്‍ സീനിയര്‍  , ജൂനിയര്‍ , സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം പി.എസ്. അമൃത (ദേശമംഗലം ഹൈസ്‌കൂള്‍), ടി.എം. മേഘ (തളി യു.പി. സ്‌കൂള്‍), എസ്. ഷിഫ (പരുത്തിപ്ര സ്‌കൂള്‍) എന്നിവര്‍ ഒന്നാംസമ്മാനാര്‍ഹരായി. രണ്ടാം സ്ഥാനം മുഹമ്മദ് ഫാറൂഖ് (വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍), കെ. രജനി (പൈങ്കുളം ഗവ. യു.പി. സ്‌കൂള്‍), സി.എം. നിത്യ (ചേലക്കോട്എല്‍.പി. സ്‌കൂള്‍) എന്നിവര്‍ കരസ്ഥമാക്കി.

അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള പൂവിളിയോടെയായിരുന്നു കാവ്യപൂക്കളമൊരുക്കിയവരുടെ വിടവാങ്ങല്‍.

നാളത്തെ ലോകം എന്റെ സ്വപ്നങ്ങള്‍ 
മാവേലിപ്പാട്ടില്‍ ഒരു ലോകത്തെ കുറിച്ച് ഒരു കാഴ്ചപാട് മുന്നോട്ടു വെക്കുന്നു .വര്‍ത്തമാനകാല ലോക സാഹചര്യങ്ങള്‍ പരിഗണിച്ചു ഈ പാട്ടിനോട്പ്രതികരിക്കുക
.നിങ്ങളുടെ കാഴ്ചപ്പാടും അവതരിപ്പിക്കുമല്ലോ
അതാകട്ടെ ഓണ സന്ദേശ ലേഖനം
ഇങ്ങനെ ഒരു പ്രവര്‍ത്തനം കുട്ടികള്‍ക്ക് നല്കാമല്ലോ
ഏറ്റവും ഉചിതമായ അവസരങ്ങളില്‍ കുട്ടികളുടെ സാമൂഹിക കാഴ്ചപ്പാട് വളര്‍ത്താന്‍  ശ്രമിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ടോ ?


  മാവേലി നാട് വാണിടും ............................

 മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ഓണത്തിന്റെ സാമൂഹികവും പ്രകൃതിപരവുമായ ദര്‍ശനം ഉള്‍കൊണ്ട രണ്ടു പ്രവര്‍ത്തനങ്ങള്‍ കൂടി വായിക്കൂ 


നന്മ'യ്ക്ക് ഒരുകൈ സഹായവുമായി കുട്ടികളുടെ ഓണാഘോഷം

വെള്ളരിക്കുണ്ട്: സാന്ത്വനചികിത്സ തേടുന്ന രോഗികള്‍ക്ക് വിദ്യാര്‍ഥികളുടെ വക ഒരുപിടി അരി വീതം ഓണസമ്മാനം. പിന്നെ 1500ലധികം പേര്‍ ഒന്നിച്ചിരുന്ന് ഓണസദ്യ. കൂടെ മാവേലിയുടെ വരവും നാടന്‍ പാട്ടും ഓണപ്പാട്ട് മേളയും. മാലോത്ത് കസബ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം ഇത്തരത്തില്‍ വേറിട്ടൊരു മാതൃകയായി മാറി.

ഭീമനടിയിലെ 'നന്മ' പാലിയേറ്റീവ് യൂണിറ്റിനാണ് കുട്ടികള്‍ അരി നല്കിയത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്കായാണ് പാലിയേറ്റീവ് യൂണിറ്റ് അരി ശേഖരിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും വിഹിതമായി 2700രൂപയും നല്കി. പ്രധാനാധ്യാപിക രേണുക ദേവിയും പി.ടി.എ. പ്രസിഡന്റ് ജെയിംസ് തച്ചിലേടവും ചേര്‍ന്ന് അരിയും തുകയും കൈമാറി. തുടര്‍ന്ന് നടന്ന പൊതുയോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജെയിംസ് തച്ചിലേടത്ത് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക രേണുകാദേവി, ചിങ്ങനാപുരം മോഹന്‍, തോമസ് കാനാട്ട് എന്നിവര്‍ സംസാരിച്ചു. വി.കെ.ആന്‍ഡ്രൂസ് സ്വാഗതവും മരിയ തെരേസ നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം ഓണസദ്യയും കൊന്നക്കാട് പി.ആര്‍.ഡി.എസ്. യൂണിറ്റിന്റെ നാടന്‍ പാട്ട് മേളയും നടന്നു. ഇവരൊരുക്കിയ പൂക്കളങ്ങളും ശ്രദ്ധേയമായി.


നാട്ടുപൂക്കളുടെ സമൃദ്ധിയില്‍ നടക്കാവ് എച്ച്എസ്എസില്‍ "പൂക്കാലം

കോഴിക്കോട്: മുറ്റത്ത് നാട്ടുപൂക്കള്‍ നിറഞ്ഞപ്പോള്‍ കുട്ടികളുടെ മുഖത്ത് വിരിഞ്ഞത് നൂറുപൂക്കള്‍ . തോട്ടുവക്കിലും പറമ്പിലുമായി കുട്ടികള്‍ കണ്ടെത്തിയത് 57 തരം നാട്ടുപൂക്കള്‍ . നടക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് നാട്ടുപൂക്കള്‍ ശേഖരിച്ചത്. എട്ടു ക്ലാസുകള്‍ മത്സരത്തില്‍ പങ്കെടുത്തു. നങ്ങ്യാര്‍വട്ടം, കോളാമ്പി, അരളി, തുമ്പ, മുക്കുറ്റി, പാര്‍വതി പൂവ്, കൃഷ്ണകിരീടം, കാക്കപ്പൂവ്്, കാട്ടുചെത്തി തുടങ്ങി നാട്ടില്‍ വിരളമായി കാണുന്ന പൂക്കളുമായാണ് കുട്ടികള്‍ എത്തിയത്. . പൂക്കളുടെ സമൃദ്ധി  അത്ഭുതമായി. വീട്ടിലെയും സമീപവീടുകളിലെയും പ്രായമായവരോട് ചോദിച്ചാണ് കുട്ടികള്‍ പല പൂക്കളുടെയും പേരുകള്‍ മനസ്സിലാക്കിയത്. ഒരുദിവസം മുമ്പ് മാത്രമാണ് നാട്ടുപൂക്കളുടെ മത്സരം നടത്തുന്നതായി അധ്യാപകര്‍ കുട്ടികളെ അറിയിച്ചത്. എന്നിട്ടുപോലും കുട്ടികള്‍ ഒരുക്കിയത് നല്ലൊരു "പൂക്കാലം". സ്കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് "നാട്ടുപൂക്കളെ തേടി"യെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

ഓണാശംസകള്‍

7 comments:

  1. കലാധരന്‍ മാഷിനും ചൂണ്ടു വിരല്‍ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :)

    ReplyDelete
  2. ഓരോദിനാചരണത്തേയും കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുക്കുന്നതിന്റെ സാക്ഷ്യപെടുത്തല്‍ അവതരിപ്പിച്ചതില്‍ സന്തോഷം...ഓണാശംസകള്‍...

    ReplyDelete
  3. ചൂണ്ടുവിരല്‍ കുടുംബനാഥന്‍ കലാധരന്‍ സാറിനുംചൂണ്ടുവിരല്‍ കുടുംബാംഗങ്ങള്‍ക്കും പൂമല ഗവ. എല്‍ പി സ്കൂളിന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍

    ReplyDelete
  4. ചൂടുവിരലിന്റെ ഓണാശംസകള് അനുയോജ്യമായി .... ചില സ്ഥിരം പരിപാടികളാണ് ഇത്തവണയും ഓണോല്സവത്തില് വിവിധ വിദ്യാലയങ്ങളില് കണ്ടത് . അതിനെ അപേക്ഷിച്ച് ഇതു തീര്ച്ചയായും അനുകരണീയം തന്നെ . ദിനാഘോഷങ്ങള് പഠന പ്രവര്ത്തനങ്ങളുമായി ചേര്ന്ന് നില്ക്കണം . അഴിമതിയുടെ കെട്ടി മേളമായി , വിവിധ കമിറ്റികള് രൂപികരിച് മേളകളും കലോല്സവങ്ങളും നടത്തുന്നവര് ഇതു കാണണം ,ചിന്തിക്കണം .കുട്ടികളുടെ മനസ്സറിഞ്ഞു അവരുടെ ജനാധിപത്യ വേദികളില് ചര്ച്ച ചെയ്തു ഇത്തരം പരിപാടികള് നടത്താന് പ്രേരണയാകട്ടെ. ഭുരിപക്ഷം കുട്ടികള്ക്ക് വേണ്ടി ഈ ഉത്സവം സംഘടിപ്പിച്ച അധ്യാപകര്ക് നന്ദി .
    പഠനത്തിനും ചിന്തയ്കും വേണ്ടി ചുണ്ടുവിരലിനെ തേടുന്ന ഏവര്ക്കും ഓണാശംസകള്

    ReplyDelete
  5. പ്രിയ രേമേഷ്
    നാട്ടിലെത്തിയോ ഓണം എങ്ങനെ?
    കുര്യാക്കോസ് മാഷ്‌ ,
    വയനാടന്‍ വിശേഷങ്ങള്‍ കേള്കാനില്ലല്ലോ എന്ത് പറ്റീ ?
    കാളികാവ് യു പി ടീം ,
    കാളികാവില്‍ എന്നും ഓണമാണല്ലോ
    പ്രേംജിത്ത്
    ബി ആര്‍ സികളുടെ ഓണാഘോഷം അവരവരുടെ വയറു നിറയ്ക്കുന്ന സദ്യയില്‍ ഒതുങ്ങിപ്പോയോ ?
    ഓണത്തിനും ഒരു അക്കാദമിക തലം ഉണ്ട്.
    നാലുപേരും ഓണത്ത്തിരക്കിനിടയിലും ഇവിടെ എത്തി .വാക്കുകള്‍ കുറിച്ചതിന് സന്തോഷം
    ഓരോ ദിനവും എങ്ങനെ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കാം എന്ന അന്വേഷണം ഈ ഓണക്കാലം സമ്മാനിക്കട്ടെ എന്നു ആശംസിക്കുന്നു

    ReplyDelete
  6. ചാവക്കാട്:കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി.ബി.എ.എല്‍.പി. സ്‌കൂള്‍ മണത്തലയില്‍ അളവറിവുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അളവറിവുകള്‍സംഘടിപ്പിച്ചത്. ധാന്യങ്ങള്‍ അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറയും നാഴിയും ഉരിയും ഇടങ്ങഴി പാത്രങ്ങളും പഴയകാലത്ത് ആഭരണങ്ങള്‍ തൂക്കുന്നതിന് ഉപയോഗിച്ചിരുന്നു ത്രാസും ദ്രവപദാര്‍ത്ഥങ്ങള്‍ അളക്കുന്നതിനുപയോഗിച്ചിരുന്നു ലിറ്റര്‍, മില്ലിലിറ്റര്‍ പാത്രങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലക്‌ട്രോണിക് അളവ് യന്ത്രങ്ങള്‍ കണ്ടു ശീലിച്ച കുട്ടികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി. അളവറിവുകള്‍ പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നിസ ഉദ്ഘാടനം ചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, മേജോ കെ.ജെ., പി.വി. സലാം, ഡെന്‍സി ഡേവിസ്, ഫെല്‍ന ലോറന്‍സ്, കെ.ഒ. സിമി, എം. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.
    -

    ReplyDelete
  7. പാലോട്: പാഠപുസ്തകങ്ങളിലും മാത്രമറിഞ്ഞ ഗൃഹോപകരണങ്ങളും കാര്‍ഷികോപകരണങ്ങളും നേരില്‍കണ്ടപ്പോള്‍ കുരുന്നുകളുടെ കണ്ണുകളില്‍ വിസ്മയം.
    വടക്കന്‍ പാട്ടുകളില്‍ കേട്ട ആഭരണം സൂക്ഷിക്കുന്ന ആമാടപ്പെട്ടിയും മുളനാഴിയും മുളങ്കുറ്റിയും അളവിന് ഉപയോഗിച്ചിരുന്ന നാഴിയും പക്കയും ഇടങ്ങഴിയും വരിവരിയായി നിരന്നത് നന്ദിയോട് പച്ച പാലുവള്ളി ഗവ. യുപിഎസുകാര്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ . വിവിധതരം മണ്‍പാത്രങ്ങള്‍ , പാള ഉല്‍പ്പന്നങ്ങള്‍ , മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ഉറ്റാല്‍ , ധാന്യങ്ങള്‍ പൊടിക്കുന്നതിനുള്ള തിരികല്ല് എന്നിവയും ശ്രദ്ധ പിടിച്ചു. തുണികള്‍ സൂക്ഷിച്ചിരുന്ന വട്ടപ്പെട്ടി, മുളകൊണ്ടുള്ള ഉപകരണങ്ങള്‍ , വിവിധയിനം സംഗീത ഉപകരണം, വെങ്കലപാത്രങ്ങള്‍ , കൂറ്റന്‍ മണ്‍ഭരണി, നായാട്ടിന് ഉപയോഗിച്ചിരുന്ന വിവിധതരത്തിലുള്ള അമ്പുംവില്ലും എന്നിവയും വിദ്യാര്‍ഥികള്‍ക്ക് കൗതുക കാഴ്ചയാകുന്നു.
    പഴയ നാണയങ്ങളും നോട്ടുകളും പ്രദര്‍ശനത്തിലുണ്ട്.
    "ഇല്ലം നിറ വല്ലം നിറ", ആയുധപ്പുര എന്നിങ്ങനെ പേരു നല്‍കിയ ക്ലാസ് മുറിക്കുള്ളില്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന കത്തികള്‍ , പൂട്ടുകള്‍ , ഇരുമ്പ് താക്കോലുകള്‍ എന്നിവയും കാണാം. പനയോല വെട്ടിയും ചൂരലാവിയും അടവലയും ഇടിക്കല്ലും ഇതിനിടയ്ക്ക് സ്ഥാനംപിടിച്ചു. കലപ്പയും മരവും വൈക്കോല്‍ കൂനയും കാര്‍ഷിക സംസ്കൃതിയുടെ ഗൃഹതുരത നല്‍കുന്നു. സമീപ സ്കൂളുകളിലള്ള കുട്ടികളും പ്രദര്‍ശനം കാണാനെത്തി.
    -

    ReplyDelete

പ്രതികരിച്ചതിനു നന്ദി