Pages

Wednesday, January 25, 2012

"മഹത്വത്തിലേക്ക് ചൂണ്ടിനില്‍ക്കുന്ന ഒരദൃശ്യമായ വിരല്‍ "

  "അധ്യാപകന്റെ ഉത്തരവാദിത്തം ഓരോ ക്ലാസിലും പുതിയ ആളായിരിക്കുക എന്നതാണ്."                                                 -അഴിക്കോട്
(അഴിക്കോട് മാഷിനെക്കുറിച്ചു  ശിഷ്യന്‍ നടത്തിയ അനുസ്മരണം ചൂണ്ടുവിരല്‍ കേരളത്തിലെ അധ്യാപക സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് . എം എന്‍ കാരശ്ശേരി മാഷ്‌ ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ നിന്നും..)


" ഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത് "പ്രൊഫസര്‍" എന്ന് മാത്രമാണ്.അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. പ്രൊഫസര്‍ ഇരുന്നാണ് ക്ലാസെടുക്കുന്നത്. നിരന്തരം ഞങ്ങളോട് ചോദ്യം ചോദിക്കും. ഞങ്ങള്‍ ഉത്തരം പറയുന്നതും ഇരുന്നിട്ടാണ്. അദ്ദേഹം ക്ലാസില്‍ വരുന്ന നേരത്ത് മാത്രമേ എഴുന്നേല്‍ക്കേണ്ടതുള്ളൂ. ആ പ്രസംഗവും ക്ലാസും വളരെ വ്യത്യസ്തമാണ്. തീര്‍ത്തും വിരുദ്ധമാണ് എന്നുവരെ പറയാം. നെടുനെടുങ്കന്‍ വാക്യങ്ങളോ ദീര്‍ഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ആവേശമോ ഒന്നും ക്ലാസ് മുറിയില്‍ ഇല്ല. പ്രതീക്ഷിക്കാന്‍ വയ്യാത്തവിധം സ്വരം താഴ്ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയില്‍ നിന്നാല്‍ കേള്‍ക്കുകപോലുമില്ല. ആള്‍ അകത്തുണ്ടെന്ന് മനസ്സിലാവണമെങ്കില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികളുടെ പൊട്ടിച്ചിരി കേള്‍ക്കണം. കൊച്ചുകൊച്ചു വാക്യങ്ങള്‍ . വര്‍ത്തമാനം പറയുന്ന മട്ട്. എങ്കിലും സംസാരഭാഷയല്ല. അദ്ദേഹം സാധാരണ വര്‍ത്തമാനം പറയുമ്പോള്‍പോലും വാമൊഴിയില്ലല്ലോ. കേരളത്തില്‍ ഒരു പ്രദേശത്തെയും വാമൊഴിയല്ല, പകരം വരമൊഴിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന് തീര്‍ത്തും സ്വാഭാവികമായ ആ നിലവാരഭാഷയിലാണ് ക്ലാസ്. സ്ഫുടമായ ഉച്ചാരണം. . "നീ" എന്ന് ആരെയും വിളിക്കില്ല. ആള്‍ വടക്കനാണെങ്കിലും "താന്‍ " എന്നേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിളിക്കൂ. ശാസിക്കുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ ഒന്നും ഈ നോട്ടമില്ല. ഗുണത്തിലും ദോഷത്തിലുമെല്ലാം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണനയാണ്. ആണ്‍ -പെണ്‍ സമത്വത്തിന്റെ ഈയൊരനുഭവം പില്‍ക്കാല ജീവിതത്തില്‍ ഞങ്ങള്‍ക്ക് വലിയ നേട്ടമായിത്തീര്‍ന്നിട്ടുണ്ട്. 
  • ഞങ്ങള്‍ക്ക് അറിവുണ്ടാക്കിത്തരണം എന്ന കാര്യത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. 
  • പക്ഷേ, ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഏണും കോണും ചെത്തിക്കളഞ്ഞ് അത് വെടിപ്പാക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ. സ്വഭാവത്തിലേക്കാണ് ഉറ്റുനോക്കിയിരുന്നത്. ഞങ്ങള്‍ കള്ളുകുടിക്കുന്നുണ്ടോ, പുകവലിക്കുന്നുണ്ടോ, കളവുപറയുന്നുണ്ടോ, ഉഴപ്പിനടക്കുന്നുണ്ടോ, വിനയംവിട്ട് വര്‍ത്തമാനം പറയുന്നുണ്ടോ, വീട്ടില്‍നിന്ന് ആവശ്യത്തില്‍ കൂടുതല്‍ പണം വാങ്ങുന്നുണ്ടോ? എല്ലാറ്റിലും കണ്ണുവെച്ചിരിന്നു. അല്ലെങ്കില്‍ അങ്ങനെ തോന്നിയിരുന്നു. കിറുകൃത്യമായി, ചിട്ടയില്‍ അന്ന് അവിടെ കാര്യങ്ങള്‍ നടന്നുപോന്നു. ഒരുതരം ഗാന്ധിയന്‍ അച്ചടക്കം. മറ്റു അധ്യാപകരും അനധ്യാപക ജീവനക്കാരുമെല്ലാം അന്ന് ആ ചിട്ടക്ക് സന്തോഷത്തോടെ വഴങ്ങിയിരുന്നു. . നോട്ട് തരുന്ന സമ്പ്രദായമില്ല. ക്ലാസില്‍ പറയുന്നതില്‍നിന്ന് കുറിപ്പെടുത്ത് ഹോസ്റ്റലില്‍ ചെന്നിരുന്ന് ഞങ്ങള്‍ സ്വയം നോട്ടുണ്ടാക്കുകയായിരുന്നു. 
  • ക്ലാസ് എത്രനീണ്ടാലും ആരും ഉറങ്ങുന്നില്ല, മുഷിയുന്നില്ല. രാവിലെ 10 മുതല്‍ ഒരു മണിവരെയും പിന്നെ രണ്ട് മുതല്‍ അഞ്ചുവരെയും ദിവസം മുഴുവന്‍ തുടര്‍ച്ചയായി ക്ലാസെടുത്ത സന്ദര്‍ഭങ്ങള്‍ പലതുണ്ട്. അപ്പോഴും മുഷിഞ്ഞിട്ടില്ല. നല്ല രസമായിട്ട് ഇങ്ങനെ ക്ലാസെടുക്കുന്നതിന്റെ രീതിശാസ്ത്രം പില്‍ക്കാലത്ത് അപഗ്രഥിച്ചുനോക്കാന്‍ ഞാന്‍ ഉത്സാഹിച്ചിട്ടുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത്രയുമാണ്. 
  • ഒന്ന്: ക്ലാസിലെ ഓരോ വിദ്യാര്‍ഥിക്കും- മിടുക്കനും മണ്ടനുമെല്ലാം -പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. വിദ്യാര്‍ഥികളെ ശ്രദ്ധിക്കുന്നതിലും ചോദ്യം ചോദിക്കുന്നതിലുമെല്ലാം ഇത് പ്രകടമാണ്. ഇത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. 
  • രണ്ട്: ഏത് കാര്യവും അതിന്റെ ഗൗരവസ്വഭാവം നിലനിര്‍ത്തി അവതരിപ്പിച്ചുകഴിഞ്ഞ ഉടനെ അതുമായി ബന്ധപ്പെടുത്തി എന്തെങ്കിലും തമാശപറയും. ഇതൊരു "റിലീഫ്" ആണ്. അക്കൂട്ടത്തില്‍ എഴുത്തുകാരും രാഷ്ട്രീയക്കാരുമെല്ലാം പരിഹസിക്കപ്പെടും. ക്ലാസിലുള്ളവരും ഈ പരിഹാസത്തിന് ഇരയായി എന്നുവരാം. 
  • മൂന്ന്: പറയുന്ന കാര്യത്തില്‍ പ്രൊഫസര്‍ക്കുള്ള അഗാധമായ ജ്ഞാനം ക്ലാസിന്റെ ആധികാരികതക്ക് പകിട്ട് വര്‍ധിപ്പിക്കുന്നു. ഇത് വിദ്യാര്‍ഥികളുടെ ശ്രദ്ധപിടിച്ചുനിര്‍ത്തും. 
  • നാല്: അങ്ങേയറ്റം ഉള്ളില്‍തട്ടിയ കാര്യങ്ങളാണ് പറയുന്നത്. അത്രമാത്രം ആത്മാര്‍ഥമാണത്. പ്രൊഫസര്‍ തന്റെ പക്ഷപാതങ്ങള്‍ മൂടിവെക്കുന്നില്ല. . ആ ശബ്ദം എത്ര താണിരിക്കുമ്പോഴും വികാരവാഹിയാണ്. അങ്ങനെ ക്ലാസ് ഒരു വൈകാരികാനുഭവമായി മാറുന്നു. അഞ്ച്: എല്ലാറ്റിനും മേലെ പ്രസംഗകനെന്ന നിലയിലും പണ്ഡിതനെന്ന നിലയിലും വിമര്‍ശകനെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും ഒക്കെയുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ക്ലാസിന് ഒരുതരം പരിവേഷം നല്‍കുന്നു. അദ്ദേഹത്തിന്റെ ക്ലാസ് കേട്ടു എന്ന് പറയുന്നത് ഒരന്തസ്സാണല്ലോ. 
  • ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത കുറേയേറെ കാര്യങ്ങള്‍ പറഞ്ഞുതന്നു എന്നത് മാത്രമല്ല, ഞങ്ങള്‍ക്ക് പുതിയൊരു ലോകം തുറന്നുതന്നു എന്നതുകൂടിയാണ് ആ ക്ലാസിന്റെ ഏറ്റവും വലിയ നേട്ടം. വിജ്ഞാനത്തിലല്ല, കാഴ്ചപ്പാടിലായിരുന്നു ഊന്നല്‍ . 
  • . ആ ക്ലാസ് മുറിക്ക് നടുവില്‍ മഹത്വത്തിലേക്ക് ചൂണ്ടിനില്‍ക്കുന്ന ഒരദൃശ്യമായ വിരല്‍ എപ്പോഴും ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഏതോ പരീക്ഷക്ക് എഴുതാനുള്ള പരിശീലനമല്ല, ജീവിതം രൂപപ്പെടുത്തുവാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. 
  • ഉപദേശങ്ങള്‍ക്ക് കഥകളുടെയും പഴഞ്ചൊല്ലുകളുടെയും മഹദ്വചനങ്ങളുടെയും അകമ്പടി എപ്പോഴും കാണും. ഞാന്‍ ഓര്‍ത്തുവെച്ചിരിക്കുന്ന ഒരുപദേശം. "ഏത് സംഘത്തിലും നിങ്ങള്‍ മുടന്തനാകാതെ നോക്കണം. സാര്‍ഥവാഹകസംഘത്തിന്റെ വേഗം മുടന്തനായ ഒട്ടകത്തിന്റെ വേഗമാണ്. നിങ്ങള്‍മൂലം മറ്റുള്ളവര്‍ വൈകി എന്നു വരരുത്." 
  • . പ്രൊഫസര്‍ ഒരിക്കല്‍ ഞങ്ങള്‍ക്ക് തന്ന ഉപദേശം: "അധ്യാപകന്റെ ഉത്തരവാദിത്തം ഓരോ ക്ലാസിലും പുതിയ ആളായിരിക്കുക എന്നതാണ്."  എത്ര അടുത്താലും പിന്നെയും ഒരകലം സൂക്ഷിച്ചുകൊണ്ട്, ക്ഷോഭത്തിന്റെയും നര്‍മത്തിന്റെയും അച്ചടക്കത്തിന്റെയും അപൂര്‍വചേരുവയായി, ജീവിതമഹത്വത്തിന്റെ ശൃംഗഭംഗികളിലേക്ക് കണ്ണയച്ചുകൊണ്ട് ആ ഗുരുനാഥന്‍ ഞങ്ങളില്‍ ബാക്കിയാവുന്നു. "
  • എം എന്‍ കാരശ്ശേരി (ഞങ്ങളുടെ പ്രൊഫസര്‍ -അനുസ്മരണക്കുറിപ്പ്‌  
  •  ---------------------------------------------------------------
  • മറ്റു അനുസ്മരണങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക .
  •  
  • ചോദിക്കാനും പറയാനും ഇനിയാര്?

    വറ്റാത്ത വാക്കുകള്‍-കെ ഇ എന്‍

    എന്നും സഹോദരതുല്യന്‍-പ്രൊഫ. എം കെ സാനു

    നിലപാടിലെ നിര്‍ഭയത്വം- വി എസ് അച്യുതാനന്ദന്‍

    ചിന്തയുടെ പ്രപഞ്ചം

    ‘വേദാന്തത്തെ രസകരമാക്കിയ എഴുത്തുകാരന്‍’

    പ്രിയപ്പെട്ട അവിവാഹിതന്റെ വജ്രശുദ്ധിയാര്‍ന്ന പ്രണയം-കെ ഗിരീഷ്

    കണ്ണീരിന്റെ പക്ഷത്ത് കാറ്റായ്...പി വി പങ്കജാക്ഷന്‍

     ആ വാഗ്ഭടനും പോയി

     വചനം മാംസം ധരിച്ച കൃശഗാത്രന്‍

     സല്‍ക്കാരത്തിന്റെ കയ്‌പും മധുരവും

     അതുല്യന്‍

     ഗുരുസാഗരം  പുരോഗമന കേരളത്തിന്‍െറ വിചാരശില്‍പി


    ആദരാഞ്ജലികള്‍ 
           -------------------------------ചൂണ്ടുവിരല്‍

     

     

3 comments:

  1. മരണത്തിലും പുതിയ ആളായിരിക്കാന്‍ ആ മനീഷി ശ്രദ്ധിച്ചു.ഒരുപക്ഷേ ഏറ്റവും നല്ല പ്രസ്താവന എനിക്ക് മുന്‍പേ കോണ്ഗ്രസ്സ് മരിച്ചു എന്നത് തന്നെയാവും .കടലെടുക്കാത്ത പ്രണയം കരളില്‍ സൂക്ഷിച്ചു ബാക്കി വച്ച ആ സഹൃദയന് മലയാളം വിട നല്‍കുന്നില്ല.മണവും മധുരവും ചൂണ്ടുവിരല്‍ കാട്ടിത്തന്നത് പോലെ സ്നേഹാക്ഷരങ്ങളായി ചൂഴ്ന്നു നില്‍ക്കും

    ReplyDelete
  2. മാഷിന്ടെ അധ്യാപന രീതി പഠന വിധേയമാകണം.വിഷയത്തിലുള്ള അഗാധ ജ്ഞാനവും ഹൃദ്യമായ അവതരണ രീതിയും സമന്ജസിപ്പിക്കുക എന്നതാണ് വെല്ലുവിളി.പ്രതിഭാ ധനരായ അധ്യാപക സമൂഹം ഇത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം.

    ReplyDelete

പ്രതികരിച്ചതിനു നന്ദി