Pages

Wednesday, October 15, 2014

പഞ്ചായത്തുകളും സമൂഹവും വിദ്യാലയത്തിലിടപെടുന്നതിനെ ഭയക്കുന്നവര്‍ തെറ്റു തിരുത്തണം


പ്രാദേശിക ഭരണകൂടങ്ങളെ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ അധ്യാപകസംഘടനകളും ഒരു വിഭാഗം മാനേജ്മെന്റുകളും ഉയര്‍ത്തിയത്. ഇപ്പോള്‍ എല്ലാവരേയും ഇടപെടുവിക്കാനാണ് തീരുമാനം.ഉത്തരവിറങ്ങി.
ഫോക്കസ്
എസ് എസ് എ നടത്തുന്ന ഫോക്കസ് പരിപാടിയ്ക് തദ്ദേശഭരണത്തിലെ പ്രതിനിധികളെ വേണം.
സ്കൂളിന്റെ നിലനില്‍പ് പ്രതിസന്ധിയിലാവുകയും ആയിരക്കണക്കിന് അധ്യാപകര്‍ ബാങ്കിലാവുകയും ചെയ്ത സവിശേഷ സാഹചര്യത്തിലെങ്കിലും പ്രാദേശികഭരണകൂടത്തേയും സമൂഹത്തെയും പങ്കാളികളാക്കി സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ ശ്രമിക്കുന്നതിനെ സ്വാഗതം ചെയ്യണം.
ആലപ്പുഴയിലെ ഒരു വിദ്യാലയവികസന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഹായവും വാഗ്ദാനം ചെയ്തു. വിദ്യാലയയത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്
ഇതുവരെ എന്തുകൊണ്ട് ഈ പിന്തുണസംഘത്തെ പ്രയോജനപ്പെടുത്തിയില്ല?
  • സമൂഹത്തിന്റെ നന്മയാണ് വിദ്യാലയം. 
  • വിദ്യാലയത്തില്‍ നിന്നും സുതാര്യതയുടെ തുറന്ന സമീപനത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ നന്മയുടെ പാഠങ്ങളാണുണ്ടാവേണ്ടത്. 
  • വിദ്വേഷത്തിന്റേതല്ല. ജനങ്ങള്‍ ഭരിക്കാന്‍ നിയോഗിച്ചവരെ ശത്രുക്കളായി കാണരുത്. 
  • അവര്‍ നല്ല സംഘാടകരും നാടിന്റെ നേതാക്കളുമാണ് എന്ന ഓര്‍മ വേണമായിരുന്നു
  •  
അവകാശനിയമവും പുതിയ ഉത്തരവും
വിദ്യാഭ്യാസ അവകാശനിയമത്തില്‍ തദ്ദേശ സര്‍ക്കാരുകളുടെ അധികാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഓരോ സംസ്ഥാനസര്‍ക്കാരും അതനുസരിച്ച് ഉത്തരവിറക്കണം. ഇതു സംബന്ധിച്ച് കേന്ദ്രമാനവ വിഭവമന്ത്രാലയം 21.05.2013, 31.01,2014 എന്നീ തീയതികളില്‍ രണ്ടു കത്തുകള്‍ സംസ്ഥാനസര്‍ക്കാരിന് അയച്ചു. കേരളസര്‍ക്കാരിന് അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയം ഭരസ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം ഇതാണ്.
G.O(P)No.192/2014/GEdn (RTE Act - Notifying local authorities and preparation of activity mapping for local authorities )
പ്രധാനകാര്യങ്ങള്‍ താ..  ( ബ്രാക്കറ്റിലുളളത് എന്റെ വിശകലന ചിന്ത) 
  • തങ്ങളുടെ അധികാരപരിധിയിലുളള വിദ്യാലയങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ട പാഠ്യപദ്ധതിയാണ് പിന്തുടരുന്നതെന്നുറപ്പാക്കണം ( അനംഗീകൃതപാഠ്യപദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ പൂട്ടിക്കുമോ?)
  • നിര്‍ദിഷ്ടസാധ്യായദിനലഭ്യത, സ്കൂള്‍ പ്രവൃത്തനം എന്നി മോണിറ്റര്‍ ചെയ്യുക ( അവധിദിനങ്ങളുടെ കവരല്‍ പ്രക്രിയ എങ്ങനെ തടയും? )
  • മോശം പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങളിലെ പ്രഥാമാധ്യാപകര്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങള്‍ എന്നിവരുടെ യോഗം വിളിച്ച് അവകാശനിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതിന് സമ്മര്‍ദം സൃഷ്ടിക്കണം ( ഇത് വിവേകപൂരണമായി കാണണം. അധ്യാപകസംഘടനകള്‍ ആവശ്യമില്ലാത്ത ബഹളം വെക്കരുത്, വിദ്യാലയങ്ങള്‍ സമൂഹപിന്തുണയോടെ മെച്ചപ്പെടട്ടെ)
  • കൃത്യമായ ഇടവേളകളില്‍ വിദ്യാലയത്തിന്റെ പഠനനിലവാരപുരോഗതി പരിശോധിക്കണം ( മോണിറ്റര്‍ ചെയ്യാനുളള മാര്‍ഗരേഖ തയ്യാറാക്കണം.സൗഹൃദപരമാകണം.സമൂഹത്തിനു ബോധ്യപ്പെടണം)
  • അക്കാദമിക കലണ്ടര്‍പ്രകാരം വിദ്യാലയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നുറപ്പു വരുത്തണം
വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു

അവകാശനിയമം തദ്ദേശഭരണസംവിധാനത്തിന്റെ ചുമതല (ഗ്രാമപഞ്ചായത്ത്)
എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക
  • കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കാനായി തങ്ങളുടെ അധികാര പരിധിയില്‍പ്പെടുന്ന ഏഴാം ക്ലാസുവരെയുളള സര്‍ക്കാര്‍ /എയിഡഡ്/സ്വാകാര്യ വിദ്യാലയങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
  • സ്ഥിരവാസമില്ലാത്ത കുട്ടികളെ കൂടി പരിഗണിച്ച് പ്രദേശത്തെ ആറു മുതല്‍ പതിനാലു വയസുവരെ പ്രായമുളള എല്ലാ കുട്ടികളുടേയും ലിസ്റ്റ് ഉള്‍പ്പെടുന്ന രജിസ്റ്ററ്‍ തയ്യാറാക്കുക. അത് നിരന്തരം കാലോചിതമാക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തുക
  • ഇതിന്റെ വെളിച്ചത്തില്‍ എല്ലാ കുട്ടികളും വിദ്യാലയത്തിലെത്തി എന്ന് ഉറപ്പുവരുത്തുക
  • പ്രവേശനം ഉറപ്പാക്കുന്നതിനായി രക്ഷിതാക്കളുമായി ബന്ധപ്പടുകയും പ്രേരിപ്പിക്കുകയും ചെയ്യുക
വിദ്യാലയസൗകര്യമില്ലാത്തിടങ്ങളില്‍ മൂന്നു വര്‍ഷത്തിനകം വിദ്യാലയങ്ങള്‍ സ്ഥാപിക്കണം
  • അയല്‍പക്ക വിദ്യാലയങ്ങളില്ലാത്തിടങ്ങളില്‍ അതിനുവേണ്ടി പ്രയത്നിക്കുക
  • ആവശ്യമായ സ്ഥലം കണ്ടെത്തുക
  • വിദ്യാലയം സ്ഥാപിക്കുന്നതിനായി ജില്ലാ അധികാരികളെ സഹായിക്കുക
ദുര്‍ബലജനവിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ യാതൊരുവിധ വിവേചനവും നേരിടുന്നില്ലെന്നുറപ്പാക്കണം
  • വിദ്യാലയങ്ങള്‍ വിവേചനരഹിതമായ് പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കല്‍
  • പിന്നാക്കവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ ഹാജര്‍നില പിന്തുടരുക
  • എല്ലാ കുട്ടികള്‍ക്കും പാഠ്യ പഠ്യേതരപ്രവര്‍ത്തനങ്ങളില്‍ തുല്യപങ്കാളിത്തം ലഭിക്കുന്നവെന്ന് ഉറപ്പാക്കുന്നതിന് അധ്യാപകര്‍, എസ്‍ എം സി, പിടിഎ എന്നിവരുമായി ചേര്‍ന്ന് മോണിറ്ററിംഗ് , അവലോകനം ഇവ നടത്തുക
ജനിച്ച ദിവസം മുതല്‍ പതിനാലു വയസു പൂര്‍ത്തിയാകും വരെ തങ്ങളുടെ അധികാരപരിധിയിലുളള എല്ലാ കുട്ടികളുടേയും , പതിനെട്ടു വയസുവരെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടേയും രജ്സ്റ്റര്‍ സൂക്ഷിക്കുക
  • കുട്ടിയുടെ പേര്, മാതാപിതാക്കളുടെ പേര്,ജനനത്തീയതി, ലിംഗം,അങ്കണവാടി ,പ്രീസ്കൂള്‍ വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വിവരം, ഇവ ഉള്‍പ്പെടുത്തി 0-3 പ്രായപരിധിയിലുളളവരുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ടഫോറത്തില്‍ സൂക്ഷിക്കണം
  • 3-6 പ്രായപരിധിയിലുളളവരുടെ പേര്, മാതാപിതാക്കളുടെ പേര്,ജനനത്തീയതി, ലിംഗം, സ്കൂള്‍ പ്രവേശനവിവരം/ പ്രവേശിപ്പിക്കപ്പെട്ടില്ലെങ്കില്‍ ആ വിവരം/ പ്രത്യക പരിശീലനം സംബന്ധിച്ച വിവരം ഇവ ഇവ ഉള്‍പ്പെടുത്തി വിവരങ്ങള്‍ നിര്‍ദ്ദിഷ്ടഫോറത്തില്‍ സൂക്ഷിക്കണം
  • വിദ്യാലയത്തില്‍ പ്രവേശിക്കപ്പെടാത്തവര്‍, നാടോടിത്താമസക്കാര്‍ എന്നിവരുടെ വിവരമടങ്ങുന്ന രേഖ സൂക്ഷിക്കണം
  • പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ , അനാഥാലയങ്ങളിലെ കുട്ടികള്‍, ഏകരക്ഷിതാവിന്റെ കുടുംബത്തില്‍ പെട്ടവര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ സൂക്ഷിക്കണം.
തദ്ദേശഭരണസ്ഥാപനം തങ്ങളുടെ അധികാരപരിധിയില്‍പെടുന്ന ഓരോ വിദ്യാര്‍ഥിയുടേയും ഹാജര്‍നില, പഠനനേട്ടം, മറ്റൊരു ഉയര്‍ന്ന ക്ലാസിലേക്കുളള മാറ്റം, പ്രൈമറിഘട്ടം പൂര്‍ത്തിയാക്കല്‍ എന്നിവ മോണിറ്റര്‍ ചെയ്യണം
  • ഒരു വിദ്യാര്‍ഥിക്കും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ലെന്നുറപ്പു വരുത്തണം
  • സ്ഥിരമായി ക്ലാസില്‍ ഹാജരാകാതിരിക്കല്‍, കൊഴിഞ്ഞുപോക്ക് എന്നിവ ഏതെങ്കിലും കുട്ടികള്‍ക്ക് ബാധകമായാല്‍ പ്രാദേശികസമൂഹപിന്തുണയോടെ സ്ഥിരമായ ഹാജരും പുനപ്രവേശനവും ഉറപ്പാക്കണം
  • ഓരോ കുട്ടിയും പഠനനിലമെച്ചപ്പെടുത്തുന്നുവെന്നു മോണിറ്റര്‍ ചെയ്യണം
  • പ്രവേശനം, ഹാജര്‍, പ്രൈമറി വിദ്യാഭ്യാസ പൂര്‍ത്തീകരണം എന്നി ഉറപ്പാക്കാന്‍ സംബന്ധിച്ച് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയെ സഹായിക്കണം
  • വിദ്യാലയ പ്രവേശനം സുതാര്യവും നല്ലനിലയിലുളളതുമാക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയെ പിന്തുണയ്ക്കണം
  • ദുര്‍ബലജനവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികളെ വിദ്യാലയത്തിലെത്തിക്കുന്നതിന് രക്ഷിതാക്കളെ പ്രേരിപ്പിക്കാന്‍ സഹായകമായ സംഘങ്ങള്‍ രൂപപ്പെടുത്തണം
  • അധ്യാപകരുടെ അഭാവം, ഭൂപ്രകൃതിപരമായ തടസ്സങ്ങള്‍ എന്നിവ മറികടക്കുന്നതിനു നടപടി സ്വീകരിക്കണം
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യം ( കെട്ടിടം, ഫര്‍ണിച്ചര്‍, പഠനോപകരണം,അക്കാദമിക ജീവനക്കാര്‍ )എന്നിവ ഒരുക്കണം
  • ഭരണപരവും അക്കാദമികവുമായ ചുമതലകള്‍ മോണിറ്റര്‍ ചെയ്യണം
  • സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയ്ക് ലഭിച്ച സഹായധനവിനിയോഗത്തിനു മേല്‍നോട്ടം വഹിക്കണം
  • അധ്യാപകരുടെ അസാന്നിദ്ധ്യം, പ്രകടനപിന്നാക്കാവസ്ഥ എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തണം
  • അധ്യാപക വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച പ്രശ്നങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരിക
  • ആവശ്യമായ അക്കാദമിക ജീവനക്കാര്‍, പഠനോപകരണം എന്നിവ ലഭ്യമാക്കുന്നതിനായി പ്രശ്നങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പെടുത്തുക
ആറുവയസിനുമുകളിലുളള വിദ്യാര്‍ഥികള്‍ക്ക് പ്രായത്തിനനുയോജ്യമായ ക്ലാസുകളില്‍ പ്രവേശനം നല്‍കേണ്ടി വരുമ്പോള്‍ പ്രത്യേകപരിശീലനം നിര്‍ബന്ധിതമായി നല്‍കണം
  • വിദ്യാലയത്തില്‍ പ്രവേശിക്കപ്പെടാത്തവരുടെ രേഖ സൂക്ഷിക്കണം
  • സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയുമായി സഹകരിച്ച് ഇത്തരം കുട്ടികളുടെ വിദ്യാലയപ്രവേശനം ഉറപ്പാക്കുക
  • ഇങ്ങനെ പ്രവേശിക്കപ്പെട്ടവര്‍ക്ക് കഴിയുന്നത്ര വിദ്യാലയത്തിനുളളിലോ ,അല്ലെങ്കില്‍ അടുത്തുളള സുരക്ഷിത സ്ഥലത്തോ പ്രത്യേകപരിശീലനം നല്‍കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയെ സഹായിക്കുക
  • വിദ്യാലയത്തില്‍ പ്രവേശിക്കപ്പെടാത്തവര്‍ക്കുവേണ്ടി ഒരുക്കുന്ന പ്രത്യേകപരിശീലനപരിപാടിയില്‍ അര്‍ഹരായ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുക
  • പ്രദേശത്തിനുളളലേക്കു വരുന്നവരോ പ്രദേശം വിട്ടുപോകുന്നവരോ ആയ നാടോടിത്താമസക്കാരായ കുട്ടികളുടെ പഠനത്തെ പിന്തുടരുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക
മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന ഗുണനിലവാരമുളള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക
  • നിര്‍ദ്ദിഷ്ട അധ്യാപകവിദ്യാര്‍ഥി അനുപാതം പാലിക്കുന്നതിനായി വകുപ്പുമായി സഹകരിച്ച് ക്രമീകരണങ്ങള്‍ നടത്തുക
  • അനുവദിക്കപ്പെട്ട ഭൗതികസൗകര്യങ്ങള്‍ സംബന്ധിച്ച നിര്‍വഹണപുരോഗതിയും പൂര്‍ത്തീകരണവും മോണിറ്റര്‍ ചെയ്യുക
  • കുട്ടികളുടെ ഹാജര്‍, പ്രത്യേക പിന്തുണാപരിശീലനം എന്നിവ മോണിറ്റര്‍ ചെയ്യുക
  • കുട്ടികള്‍ സ്ഥിരമായി വിദ്യാലയത്തിലെത്തുന്നതിന് സമൂഹത്തെ സജ്ജമാക്കുക
  • നിര്‍ദിഷ്ടസാധ്യായദിനലഭ്യത, സ്കൂള്‍ പ്രവൃത്തനം എന്നി മോണിറ്റര്‍ ചെയ്യുക
പാഠ്യപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്നുറപ്പു വരുത്തുക
  • തങ്ങളുടെ അധികാരപരിധിയിലുളള വിദ്യാലയങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ട പാഠ്യപദ്ധതിയാണ് പിന്തുടരുന്നതെന്നുറപ്പാക്കണം
  • വിദ്യാര്‍ഥികളുടെ ഹാജര്‍നില ഉറപ്പാക്കാന്‍ നിരന്തരമായ അധ്യാപക രക്ഷാകര്‍തൃ സംമ്പര്‍ക്കസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കണം.
അധ്യായാപകര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഒരുക്കുക
  • പുതിയതായി നിയമനം ലഭിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഭൗതികസൗകര്യമൊരുക്കണം
  • പരിശീനത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാട് ബി ആര്‍ സികളെ അറിയിക്കുക
തദ്ദേശഭരണസ്ഥാപനം തങ്ങളുടെ അധികാരപരിധിയില്‍പെടുന്ന വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യണം
  • സ്കൂള്‍ കെട്ടിടങ്ങളുടെ മെയിന്റനന്‍സ് മോണിറ്റര്‍ ചെയ്യണം
  • വിദ്യാഭ്യാേതരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നുറപ്പാക്കണം
  • അധ്യാപകരുടെ ഹാജര്‍ ഉറപ്പാക്കണം
  • ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തിന് അതൃപ്തിയുണ്ടെങ്കില്‍ അത് ഡി ഇ ഒ ,ഡിഡിഇ എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തണം
  • മോശം പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങളിലെ പ്രഥാമാധ്യാപകര്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങള്‍ എന്നിവരുടെ യോഗം വിളിച്ച് അവകാശനിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതിന് സമ്മര്‍ദം സൃഷ്ടിക്കണം
  • കൃത്യമായ ഇടവേളകളില്‍ വിദ്യാലയത്തിന്റെ പഠനനിലവാരപുരോഗതി പരിശോധിക്കണം
അക്കാദമിക കലണ്ടര്‍ തയ്യാറാക്കണം
  • അക്കാദമിക കലണ്ടര്‍പ്രകാരം വിദ്യാലയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നുറപ്പു വരുത്തണം
ഓരോ കുട്ടിക്കും സമഗ്ര ആരേഗ്യരേഖ സൂക്ഷിക്കണം
  • ഓരോ കുട്ടിക്കും ഹെല്‍ത് കാര്‍ഡ് ഉണ്ടെന്നുറപ്പാക്കുക.


ഈ ഉത്തരവ് പ്രായോഗികമാക്കാന്‍ എല്ലാവരും അണിനിരക്കണം. തദ്ദശവികസനത്തിലെ പ്രധാന അജണ്ടയാകണം പൊതുവിദ്യാലയസംരക്ഷണം. അനധികൃത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുളള ആര്‍ജവം ആദ്യം കാട്ടി അധ്യാപകരുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടേയും മനസില്‍ ഇടം നേടണം.
അവകാശം സംരക്ഷിക്കപ്പെടണം. ആദ്യം കുട്ടിയുടെ അവകാശത്തിന് മുന്‍ഗണന വേണം.

ചര്‍ച്ച ആരംഭിക്കാം
തുടങ്ങിവെക്കൂ...

2 comments:

  1. അധ്യാപകസംഘടനകളുടെ പ്രതികരണം മാതൃഭൂമിയില്‍. ഈ പ്രതികരണവും ഉത്തരവിന്റെ സദുദ്ദേശവും തമ്മില്‍ പൊരുത്തപ്പെടുത്തണം.
    തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അക്കാദമിക പരിശോധനയ്ക്ക് തദ്ദേശസ്ഥാപനങ്ങളെ അനുവദിക്കില്ലെന്ന് ഭരണ, പ്രതിപക്ഷ ഭേദമന്യെ അധ്യാപക സംഘടനകള്‍ നിലപാടെടുത്തു. ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
    തദ്ദേശസ്ഥാപന പ്രതിനിധികള്‍ സ്‌കൂളുകളില്‍ അക്കാദമിക പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കെ.പി.എസ്.ടി.യു ചൂണ്ടിക്കാട്ടി. അക്കാദമിക പരിശോധനയ്ക്ക് യോഗ്യതയുള്ള ഇരുനൂറിലധികം ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പില്‍ തന്നെയുണ്ട്. സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍, പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി എന്നിവയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുമുള്ള ചുമതലയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ളത്. അക്കാദമിക കാര്യങ്ങളിലുള്ള ഇടപെടല്‍ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും- സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു.

    അധ്യാപകരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കാനുമേ ഇത് സഹായിക്കൂവെന്ന് അധ്യാപക സംഘടനാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി. വിദ്യാലയ പരിശോധനയ്ക്കും വിലയിരുത്തലിനും നിരവധി സംവിധാനങ്ങളുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറപറ്റി വിദ്യാഭ്യാസ ഓഫീസര്‍മാരല്ലാത്തവരെ ഇത്തരം ചുമതല ഏല്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ.എന്‍. സുകുമാരന്‍ പറഞ്ഞു.

    അക്കാദമികകാര്യങ്ങള്‍ വിലയിരുത്താന്‍ നിലവില്‍ സംവിധാനമുണ്ടെന്നിരിക്കെ പഞ്ചായത്തുകളെ ഈ ജോലി ഏല്‍പിക്കുന്നത് വിദ്യാഭ്യാസ മേഖല രാഷ്ട്രീയവത്കരിക്കുന്നതിന് ഇടയാക്കുമെന്ന് എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ പറഞ്ഞു.

    ReplyDelete
  2. അധ്യാപകരില്‍ ചിലര്‍ക്ക് പേടി കാണും അവര്‍ മര്യാദയ്ക്ക് പഠിപ്പിക്കുന്നില്ല എന്നത് നാട്ടുകാര്‍ തിരിച്ചറിയുമെന്നത്. മാനേജ്മെന്റുകളില്‍ ചിലതിനു പേടി കാണും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുക സ്കൂളുകളുടെ സൌകര്യം മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്നത് നാട്ടുകാര്‍ അറിയുമെന്നത്. രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ക്കെങ്കിലും തന്‍പൊരിമ കാണിക്കാം എന്ന വിചാരവും കാണും. നമുക്ക് വേണ്ടത് കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നത് ആണു. അതിനുള്ള സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുക എന്നത്.

    സ്കൂളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുവാനും പുറത്ത് നിന്നുള്ള സാമ്പത്തിക സഹായം അവര്‍ക്ക് സ്കൂളുകള്‍ വഴി ലഭ്യമാക്കുവാനും കൂടുതല്‍ സഹായകരമാകുന്ന ഒന്നാണു പഞ്ചായത്തുകളും സമൂഹം വിദ്യാലയങ്ങളില്‍ ഇടപെടുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളില്‍ ഒന്ന്...

    ReplyDelete

പ്രതികരിച്ചതിനു നന്ദി