Pages

Sunday, October 26, 2014

ദൈവദൂതനെപ്പോലെ ഒരധ്യാപകന്‍


(Oct 12/2014 ന് അരുണ്‍ പി. ഗോപി മാധ്യമം ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പാണിത് )

‘‘ഇരുളിലാണ്ടവര്‍ക്ക് മുമ്പില്‍ ദൈവം പലരൂപത്തില്‍ പ്രത്യക്ഷപ്പെടില്ലേ,  
എന്‍െറ മക്കളുടെ ദൈവമായി ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു.’’ 
(ആത്മകഥ: വി പോസ്റ്റീവ് - ടി.കെ. രമ)

കൊട്ടിയൂരിലെ ടി.കെ. രമയെ ഓര്‍മയില്ലേ; ഒരുപക്ഷെ, അവരെക്കാള്‍ നിങ്ങള്‍ക്കു പരിചിതം അക്ഷരയെയും അനന്ദുവിനെയും ആയിരിക്കും. എയ്ഡ്സ് എന്ന രോഗത്തിന്‍െറ പേരില്‍ പുരോഗമന കേരളം ഭ്രഷ്ട് കല്‍പിച്ച രണ്ടു മക്കളുടെ ഹതഭാഗ്യയായ അമ്മയാണ് രമ. അതുവരെ അജ്ഞാതമായി മാത്രം കേട്ടിരുന്ന എയ്ഡ്സ് എന്ന നാലക്ഷരത്തിന്‍െറ ഭീതിയില്‍ സമൂഹം ഇവരെ ഒറ്റുകാരായി ചിത്രീകരിച്ചു. പലപ്പോഴും ആത്മഹത്യയുടെ വക്കിലത്തെിയ ഈ അമ്മ പറക്കമുറ്റാത്ത തന്‍െറ കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു. ഒരിക്കലും തളരാത്ത ആ മനസ്ഥൈര്യം നഷ്ടപ്പെട്ടത് രോഗത്തിന്‍െറ പേരില്‍ അക്ഷരക്കും അനന്ദുവിനും വിദ്യാഭ്യാസം നിഷേധിച്ചപ്പോഴായിരുന്നു. പഠിക്കാനുള്ള തന്‍െറ പൊന്നോമനകളുടെ അവകാശം നിഷേധിച്ചതാകട്ടെ മറ്റ് കുട്ടികളുടെ മാതാപിതാക്കളും.

എച്ച്..വി ബാധിതര്‍ എന്ന മുദ്രകുത്തി അക്ഷര ദാഹം നിഷേധിച്ച അക്ഷരക്കും അനന്ദുവിനുമായി ഒരുപാട് ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന കാലം. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ രൂപപ്പെട്ട സമരമുഖത്തിന് നേതൃത്വം നല്‍കികൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്തും സയന്‍സ് വിഷന്‍ പ്രവര്‍ത്തകരും കടന്നുവന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രിയായ എ.കെ. ആന്‍റണി ഇടപെട്ട് പൊതുവിദ്യാലയത്തില്‍ പഠിക്കാനുള്ള അവകാശം ഈ കുരുന്നുകള്‍ക്ക് നല്‍കുകയായിരുന്നു. പക്ഷേ, പ്രശ്നമവസാനിച്ചില്ല. എച്ച്..വി ബാധിതരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ വിടില്ളെന്ന് മറ്റ് രക്ഷിതാക്കളും തീരുമാനമെടുക്കുന്നു. അവസാനം ഒരൊത്തുതീര്‍പ്പ്. അക്ഷരെയെയും അനന്ദുവിനെയും പഠിപ്പിക്കാനായി പ്രത്യേകമായൊരു ക്ളാസ്റൂം ഒരുക്കുക. സാംസ്കാരിക കേരളം ലജ്ജിച്ച നടപടിയായിരുന്നു അത്. 14 വയസ് വരെ നിര്‍ബന്ധിതവും സാര്‍വത്രികവുമായി വിദ്യാഭ്യാസമെന്നത് മൗലികാവകാശമായുള്ള ഒരു രാഷ്ട്രത്തിലായിരുന്നു രോഗത്തിന്‍െറ പേരില്‍ ഈ വിവേചനം.

എന്നാല്‍, പ്രശ്നം അവിടംകൊണ്ടും അവസാനിച്ചില്ല. പ്രത്യേക ക്ളാസ്മുറി ഒരുക്കിക്കഴിഞ്ഞപ്പോള്‍ ആ വിദ്യാലയത്തിലെ ഒരധ്യാപകനും അക്ഷരയേയും അനന്ദുവിനെയും പഠിപ്പിക്കാന്‍ മുന്നോട്ടുവന്നില്ല. പഠിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പഠിപ്പിക്കാന്‍ അധ്യാപകനില്ലാത്ത അവസ്ഥ.
 അക്ഷരങ്ങള്‍ക്ക്പോലും വിലക്കുകല്‍പിച്ച സമൂഹത്തിന് മുന്നില്‍ ഈ ഭാരിച്ചദൗത്യം ഏറ്റെടുക്കാന്‍ ആര് തയാറാകും? ഇരുളടഞ്ഞ ഭാവി മുന്നില്‍കണ്ട അക്ഷരയുടേയും അനന്ദുവിന്‍െറയും മുന്നിലേക്ക് സമൂഹ മനസാക്ഷിയുടെ കണ്ണുതുറപ്പിച്ചുകൊണ്ടാണ് ആ അധ്യാപകന്‍ കടന്നുവന്നത്. ഇരുളിലാണ്ടവര്‍ക്ക് മുമ്പില്‍ ദൈവം പലരൂപത്തില്‍ പ്രത്യക്ഷപ്പെടില്ലേ അതുപോലെ.
കണ്ണൂര്‍ ആലച്ചേരി സ്വദേശിയാണ് കെ. വിനോദ് മാസ്റ്റര്‍. മുഴക്കുന്ന് പി.പി.ആര്‍.എം.യു.പി സ്കൂളില്‍ അധ്യാപകനായിരിക്കെ അക്ഷരയെയും അനന്ദുവിനെയും പഠിപ്പിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ശാസ്ത്ര-സാഹിത്യ പരിഷത്തിന്‍െറ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇദ്ദേഹം, കൊട്ടിയൂരിലെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എത്തുക പതിവായിരുന്നു. 2004ല്‍ ആയിരുന്നു വിനോദ് മാസ്റ്റര്‍ പ്രത്യേക അധ്യാപകനായത്തെുന്നത്. ഒരു ദശകം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഒരു മാറ്റവും വിനോദ് മാസ്റ്ററില്‍ കണ്ടില്ല. ഹൃദ്യമായ പുഞ്ചിരി, ലളിതമായ വസ്ത്രാധാരണം, ഒരു വാഹനംപോലും സ്വന്തമായി വാങ്ങിയിട്ടില്ല. ഒഴിഞ്ഞ ക്ളാസ് മുറിയിലെ ബെഞ്ചിലിരുന്ന് 10 വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ ഓരോന്നായി അദ്ദേഹം ഓര്‍ത്തത്തെു.

ഓര്‍മയിലെ ആ ദിനങ്ങള്‍
ഇവിടെ വരുമ്പോള്‍ ഒത്തിരി ആശങ്കകള്‍ ഉണ്ടായിരുന്നു. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. അക്ഷരയും അനന്ദുവും പഠിക്കുന്ന സ്കൂളിലേക്ക് തങ്ങളുടെ മക്കളെ അയക്കില്ളെന്ന് ശഠിക്കുന്ന രക്ഷിതാക്കള്‍, സ്കൂളിന്‍െറ ഭാവിയെപ്പറ്റി ആശങ്കപ്പെടുന്ന മാനേജ്മെന്‍റ്, അവരെ ആശ്രയിച്ചുകഴിയുന്ന അധ്യാപകര്‍. അറിവും ജീവിതവും നിഷേധിക്കപ്പെട്ട് നില്‍ക്കുന്ന രണ്ട് പിഞ്ചുകുട്ടികള്‍. ഒരിക്കല്‍ ബോധവത്കരണത്തിനായി കൊട്ടിയൂരില്‍ എത്തിയപ്പോള്‍ ഒരു വീട്ടമ്മ ചോദിച്ചത് ഇങ്ങനെയായിരുന്നു- ‘നിങ്ങള്‍ പ്രസംഗിച്ച് പോകുന്നവരല്ളെ പ്രയാസങ്ങള്‍ വന്നാല്‍ ഞങ്ങളാണ് അനുഭവിക്കേണ്ടത്’ - അതിനുള്ള മറുപടി കൂടിയായിരുന്നു ഈ തീരുമാനം. എന്തുതന്നെയായാലും ധൈര്യപൂര്‍വം നേരിടാന്‍ ഒരുങ്ങുകയായിരുന്നു.

ഒരു സമയത്ത് എയിഡ്സ് രോഗിയെന്ന് വരെ വിനോദ് മാസ്റ്ററെ ആക്ഷേപിച്ചു. എല്ലാം ചിരിച്ചുതള്ളി. സാക്ഷരതാ പ്രസ്ഥാനത്തിന്‍െറ കാലം മുതല്‍ നടത്തിയ പൊതുപ്രവര്‍ത്തനത്തിന്‍െറ അനുഭവവും മനസ്സില്‍ ഉറച്ച ശാസ്ത്രബോധവും മാത്രമായിരുന്നു ഇതിനെയെല്ലാം തട്ടിത്തെറിപ്പിക്കാന്‍ ആ 30 കാരന്‍റെ കയ്യിലുള്ള ആയുധം.

സ്കൂള്‍ മാനേജ്മെന്‍റ് കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഒറ്റമുറി, രണ്ട് ബെഞ്ചുകള്‍, ചുവരില്‍ തൂക്കിയിട്ട ബോര്‍ഡ്, തൊട്ടടുത്ത് പ്രത്യേകമായി തയാറാക്കിയ ടോയ്ലറ്റ് സൗകര്യം. ഇതായിരുന്നു അക്ഷരക്കും അനന്ദുവിനുമായി അധികൃതര്‍ ഒരുക്കിയ വിദ്യാലയം. കളിച്ചും രസിച്ചും പഠിക്കേണ്ട സമയത്ത് ഇരുണ്ട മുറിയില്‍ പഠിക്കാനായിരുന്നു ആ കുട്ടികളുടെ വിധി. പക്ഷേ, അല്‍പം കരുണയുള്ളവരും ഈ ഭൂമിയില്‍ ശേഷിക്കുന്നുവെന്ന് തെളിയിച്ച് അക്ഷരക്കും അനന്ദുവിനുമൊപ്പം പഠിക്കാനായി രണ്ട് കൊച്ചുകൂട്ടുകാരും കൂടി വന്നത്തെി. കൊട്ടിയൂരിലെതന്നെ സാമൂഹിക പ്രവര്‍ത്തകരായ കെ. മോഹനന്‍െറയും സതീശന്‍െറയും മക്കളായ അതുലും അജയുമാണ് മന$സാക്ഷിയുടെ നറുവെട്ടമായി മാറിയത്.

അവഗണനയും വേദനയും ആഴമേറിയ മുറിവേല്‍പിച്ച ഈ കുരുന്നു മനസുകളില്‍ ആത്മവിശ്വാസം നട്ടു പിടിപ്പിക്കുകയായിരുന്നു വിനോദ് മാസ്റ്ററുടെ പ്രഥമ ദൗത്യം. ആനയും വണ്ടും സുഹൃത്തുക്കളായ കഥയായിരുന്നു മാസ്റ്ററുടെ ആദ്യ ദിവസത്തെ ക്ളാസ്. വലിയവനായ ആനയേയും ചെറിയവനായ വണ്ടിനെയും ഒന്നിപ്പിച്ച സ്നേഹത്തെക്കുറിച്ചായിരുന്നു ആ കഥ.

ആദ്യമൊക്കെ നാലു കുട്ടികള്‍ക്കും സ്കൂളില്‍നിന്നുള്ള കഞ്ഞി ഞങ്ങളുടെ ക്ളാസ് റൂമില്‍ കൊണ്ടുവന്നുവെക്കും. ജയിലിനു സമാനമായ രീതിയായിരുന്നു. അക്ഷരയെയും അനന്ദുവിനെയും മറ്റ് കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അവര്‍ മുകളിലത്തെ നിലയില്‍നിന്ന് താഴെയിറങ്ങാറില്ലായിരുന്നു. അക്കാലത്ത് കടലാസുകളില്‍ വിശേഷങ്ങള്‍ എഴുതി അവര്‍ പരസ്പരം എറിഞ്ഞുകൊടുക്കും. തൊട്ടുകൂടായ്മയുടെ ലോകത്തെന്നപോലെ കത്തുകളിലൂടെ മാത്രം സംവദിക്കുന്നതിന്‍െറ വേദന എത്രമാത്രമായിരിക്കും’.

ക്ളാസിനു പുറത്തേക്ക്...
കുട്ടികള്‍ക്ക് ക്ളാസ് മാത്രം എടുത്തതുകൊണ്ട് ശരിയാകില്ളെന്ന് വിനോദ് മാസ്റ്റര്‍ക്ക് അറിയാമായിരുന്നു. 30 കി.മീ അധികം ദൂരമുണ്ട് വീടും സ്കൂളുമായി. ക്ളാസ് കഴിഞ്ഞ് വീട്ടില്‍ പോവാതെ വൈകീട്ട് മിക്ക വീടുകളിലും കയറിയിറങ്ങും. എച്ച്..വി ബാധിതരായ കുട്ടികളുടെ കൂടെയിരുന്ന് പഠിച്ചതുകൊണ്ട് അസുഖം വരില്ളെന്ന് മറ്റ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ചില ദിവസങ്ങളില്‍ നാലു കുട്ടികളെയും കൂട്ടി ടൗണിലൂടെ നടക്കാനിറങ്ങും. അക്ഷരയും അനുരൂപും മറ്റ് രണ്ടുകൂട്ടുകാരും കളിച്ചുനില്‍ക്കുന്നത് കണ്ട് മറ്റുള്ള കുട്ടികളില്‍ മാറ്റമുണ്ടാക്കാനായിരുന്നു ഈ യാത്ര.

പുതിയ ക്ളാസ് മുറിയിലെ പഠനം തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോള്‍ വിനോദ് മാസ്റ്റര്‍ കുട്ടികളെയുംകൊണ്ട് മൈതാനത്ത് കളിക്കാനിറങ്ങി. കുറച്ച് കുട്ടികള്‍ അന്ന് അക്ഷരയുടെയും അനന്ദുവിന്‍െറയും ഒപ്പം കൂടി. ചെറിയ എതിര്‍പ്പുകളൊന്നും അവര്‍ വകവെച്ചില്ല. തുടര്‍ന്ന് സ്കൂളിലെ ബാലസഭയില്‍ അക്ഷരയെക്കൊണ്ട് പാട്ട് പാടിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്ന അക്ഷര അന്ന് സന്തോഷാശ്രു പൊഴിച്ചത് വിനോദ് മാസ്റ്റര്‍ ഇന്നും ഓര്‍ക്കുന്നു. പതുക്കെ പതുക്കെ വേര്‍തിരിവിന്‍െറ വേലിക്കെട്ടുകള്‍ മായുകയായിരുന്നു. ആറു മാസമായിരുന്നു വിനോദ് മാസ്റ്റര്‍ ക്ളാസെടുത്തത്. തുടര്‍ന്ന് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച മറ്റുള്ള അധ്യാപകരും അക്ഷരയെയും അനന്ദുവിനെയും പഠിപ്പിക്കാന്‍ മുന്നോട്ടുവന്നു. ആരും അറിയാതെ പ്രചാരണ കോലാഹലങ്ങളില്ലാതെ വീണ്ടും ഈ കുരുന്നുകള്‍ക്ക് പൊതുവിദ്യാലയത്തിലേക്ക് വീണ്ടും അവസരം ലഭിച്ചു. അങ്ങനെ പ്രത്യേകമായ ക്ളാസ്മുറിയും പ്രത്യേക അധ്യാപകനും ഇല്ലാതായി. എതിര്‍പ്പുകള്‍ സ്നേഹമായി പരിണയിക്കുകയായിരുന്നു. ലക്ഷ്യംകണ്ട സംതൃപ്തിയോടെയായിരുന്നു തന്‍െറ പഴയ സ്കൂളിലേക്ക് വിനോദ് മാസ്റ്റര്‍ തിരിച്ചുപോയത്.

അവാര്‍ഡിനേക്കാള്‍ വലിയ ‘പുരസ്കാരം’
21 വര്‍ഷമായുള്ള തന്‍െറ അധ്യാപക ജീവിതത്തില്‍ ഏറ്റവും സംതൃപ്തി ലഭിച്ചത് ഈ ആറു മാസമായിരുന്നെന്ന് മാഷ് ഓര്‍ക്കുന്നു. 20 കൊല്ലമായി മുഴക്കുന്ന് പി.പി.ആര്‍.എം യു.പി സ്കൂളില്‍തന്നെയാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം മാത്രമാണ് മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയില്‍ സ്ഥിതിചെയ്യുന്ന പി.പി.ആര്‍.എം സ്കൂളില്‍ എത്തിച്ചേരാനുള്ള മാര്‍ഗം. ഇന്നും വീട്ടിലത്തെണമെങ്കില്‍ രണ്ട് ബസുകള്‍ മാറിക്കയറണം. ചിലപ്പോള്‍ ടൗണിലേക്ക് ഓട്ടോയൊ, ബൈക്കോ കിട്ടും. അല്ലാത്തപ്പോള്‍ നാല് കിലോമീറ്റര്‍ നടക്കും. തിരിച്ചിറങ്ങാന്‍ നേരത്ത് വെറുതെ ചോദിച്ചു: ‘മികച്ച അധ്യാപകനുള്ള അവാര്‍ഡോ മറ്റോ’ ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ‘രോഗത്തിന്‍െറ പേരില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള സമരത്തില്‍ എളിയ പങ്കുവഹിക്കാന്‍ സാധിച്ചതില്‍ ഞാനേറെ സന്തോഷവാനാണ്. പിന്നീടൊരിക്കലും കേരളത്തില്‍ എയ്ഡ്സ് രോഗത്തിന്‍െറ പേരില്‍ ഒരു കുട്ടിയും സ്കൂളില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടില്ല. അന്ന് അറിയപ്പെടാത്ത എത്രയോ പേര്‍ അഭിനന്ദന കത്തുകള്‍ എന്നെ തേടിയത്തെുകയുണ്ടായി. എനിക്ക് ശക്തിയും ഊര്‍ജവുമായി ആ കത്തുകള്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണ് എനിക്കവ.’
ആറു മാസംകൊണ്ട് വിനോദ് മാസ്റ്റര്‍ ചെയ്തത് സമൂഹ മനസാക്ഷിയുടെ കണ്ണ് തുറപ്പിക്കലായിരുന്നു. ഒപ്പം ‘അധ്യാപകന്‍’ എന്ന വാക്കിന്‍െറ നിര്‍വചനം സമൂഹത്തെ ബോധ്യമാക്കുകയുമായിരുന്നു. സിലബസുകള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന അധ്യാപകരും ലക്ഷങ്ങള്‍ മുടക്കി മാനേജ്മെന്‍റ് സ്കൂളില്‍ അധ്യാപക പദവി ചോദിച്ചുവാങ്ങുന്നവര്‍ക്കും ഈ പ്രൈമറി സ്കൂള്‍ അധ്യാപകനില്‍ നല്ളൊരു മാതൃകയുണ്ട്.

രോഗങ്ങളോടുള്ള മലയാളിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മാഷിനെ കുറെയധികം പറയാനുണ്ടായിരുന്നു. "ഡോ. ബി. ഇക്ബാല്‍ ബോധവത്കരണത്തിനായി കൊട്ടിയൂരില്‍ വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. വാര്‍ധയിലെ ആശ്രമത്തില്‍ കുഷ്ഠരോഗികക്കൊപ്പമാണ് ഗാന്ധിജി ജീവിച്ചത്. അന്ന് ജാതിയുടെ പേരിലാണ് വിവേചനം നിലനിന്നിരുന്നത്. ഇന്നത് രോഗത്തിന്‍െറ പേരിലാണ്. മൈസൂരില്‍ പ്ളേഗ് പടര്‍ന്നപ്പോള്‍ നിയന്ത്രണച്ചുമതല സ്വയം ഏറ്റെടുത്ത് വില്‍പത്രം തയാറാക്കി മൈസൂരിലേകക്ക് പോയ ഡോ. പല്‍പ്പു ജനിച്ച നാടാണിത്. കൊട്ടിയൂരില്‍ പല്‍പ്പുവിന്‍െറ വില്‍പത്രം വിതരണം ചെയ്യണമെന്നായിരുന്നു."

ചെറിയ പോരാട്ടത്തിനിടയിലും വിനോദ് മാസ്റ്റര്‍ മനസ്സിലാക്കിയ മറ്റൊരു കാര്യമുണ്ട്. ‘പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ജനകീയ പ്രവര്‍ത്തനത്തിനും ഇടയില്‍ പ്രശ്നാധിഷ്ഠിതമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇടമുണ്ട് എന്ന്
.................................................................................................................................
(ആരാകണം അധ്യാപകന്‍ എന്ന ചോദ്യത്തിനു ഉത്തരമാണിത്. 
അരുണ്‍ പി ഗോപിയുടെ ലേഖനം നല്ല അധ്യാപകര്‍ക്കുളള പ്രചോദനക്കുറിപ്പാണ്,  
നന്ദി അരുണ്‍ പി ഗോപി. നന്ദി.
വായിച്ചപ്പോള്‍ മനസില്‍ തോന്നിയ ആദ്യ ചിന്ത പങ്കിടാന്‍ മടിക്കേണ്ട.
- ചൂണ്ടുവിരല്‍ )

-

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ദൈവത്തിനു ഓരോ സമയത്തും ഓരോ രൂപങ്ങളായിരിക്കും!ഒരു പക്ഷെ നമ്മള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റാവുന്ന കാര്യങ്ങള്‍ ....പക്ഷെ അതു ചെയ്യാന്‍ മാഷിനെ പറ്റിയുള്ളൂ!!!

    ReplyDelete

പ്രതികരിച്ചതിനു നന്ദി