Pages

Thursday, November 27, 2014

ഒരുമയുടെ തിരുമധുരവുമായി വിദ്യാലയങ്ങളെ നയിക്കുന്ന അത്ഭുതം ഇതാ അരയി സ്കൂളിലും


ഇത് അരയി - വിദ്യാഭ്യാസ ഭൂപടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഗ്രാമം ഇന്ന് കാസര്‍കോട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നും കൊണ്ടല്ല വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ഗ്രാമം തന്റെ ആത്മാവ് തിരിച്ചെടുക്കുമ്പോള്‍ അതിലെ ജീവിക്കുന്ന ഇതിഹാസമായി ഒരു നാടും പൊതു വിദ്യാലയവും.

അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് മീഡിയങ്ങളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടേയും നീരാളിപ്പിടുത്തത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ സ്വത്വത്തെ വീണ്ടെടുക്കാന്‍ അരയി ഗവ.യു.പി.സ്‌കൂള്‍ നടത്തുന്ന ഐതിഹാസികമായ പ്രതിരോധത്തിന്റെ മകുടോദാഹരണമായി സൗഹൃദത്തിന്റെ സ്‌നേഹത്തുരുത്തായി ഒരുക്കിയ ഓണസദ്യ,

സങ്കുചിത താല്‍പര്യത്തിന്റെ നിലപാടില്‍ നിന്ന് പരസ്പരം പോരടിക്കുന്ന പുതിയ തലമുറയെ പാരമ്പര്യ തികവിന്റെ നന്മയിലേക്ക് തിരിച്ചുകൊണ്ടു വരുവാനും ഒരു പൊതു വിദ്യാലയത്തെ എങ്ങനെ നാടിന്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ പ്രതിഷ്ഠിക്കാമെന്നുളള ഉജ്ജ്വലമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അരയിലെ ഓണസദ്യ. പാരമ്പര്യത്തിന്റെ തികവും സംഘാടനത്തിന്റെ മികവും ഒത്തൊരുമിച്ച ഓണസദ്യയും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി.ആരാണ് അരയി സ്കൂളിന്റെ സാരഥി.?
ഒറ്റ വര്‍ഷം മതി ഈ പ്രഥമാധ്യാപകന്.
ഈ പ്രഥമാധ്യാപകന്‍ വ്യത്യസ്തനാണ്. അദ്ദേഹം ഒരു വര്‍ഷം ഒരു വിദ്യാലയത്തില്‍ എന്ന ശീലക്കാരനാണ് . ഒറ്റ വര്‍ഷം കൊണ്ട് ആ വിദ്യാലയത്തെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കും. വിദ്യാലയം ഉയരത്തിലെത്തും.അതിന്റെ തന്ത്രം ജനകീയതയാണ്.സര്‍ഗാത്മക ചിന്തയാണ്. പ്രതിബദ്ധതയാണ്. കൊടക്കാട് നാരായണന്‍ എന്ന അത്ഭുതം. അദ്ദേഹം തെളിയിക്കുന്നു ഏതൊരു വിദ്യാലയത്തേയും ഒരു വര്‍ഷം കൊണ്ട് മികച്ചതാക്കാം. കൂട്ടക്കനിയും മുഴക്കോമും ബാരയും കാഞ്ഞിരപ്പൊയിലും എല്ലാം ഉദാഹരണം 
ഇപ്പോള്‍ ഇതാ അരയി യു പി സ്കൂള്‍ ..

നഴ്സറി ക്ലാസില്‍ കളിചിരികളുടെ മാമ്പഴക്കാലം, അയല്‍പക്കവായന ,മാതൃകാ അംഗന്‍വാടികള്‍ ,ഇന്റര്‍ നാഷണല്‍ പ്രീ-പ്രൈമറി സ്കൂള്‍, അറിവുത്സവം മികവുത്സവം, ഗണിതവും ഇംഗ്ലീഷും എല്ലാവര്‍ക്കും, എന്റെ ക്ലാസ്മുറി എന്റെ കൊച്ചുവീട് ,ചുമര്‍ കവിത ചുമര്‍ കഥ ചുമര്‍ ഗണിതം ഭാഷാഭിത്തി ,എല്ലാവര്‍ക്കും ഡയറി ,കാര്‍പ്പറ്റ് വിരിച്ച ക്ലാസ്മുറി, ടോയിലറ്റ് അറ്റാച്ച്ഡ് ക്ലാസ്റൂം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍ ,പഠനോദ്യാനം, മള്‍ട്ടിമീഡിയ ക്ലസ് റൂം, സ്കൂള്‍ പോസ്റ്റ് ഓഫിസ് ,സ്കൂള്‍ ബാങ്കിംഗ്, സ്റ്റുഡന്റ് പോലീസ് സ്റ്റേഷന്‍, കുട്ടികളുടെ പ്രൊഫൈല്‍/പോര്‍ട്ട്ഫോളിയോ, നീന്തല്‍ കുളം ,അക്വേറിയം, പച്ചക്കറിത്തോട്ടം, ഓരോ കുട്ടിക്കും ലാപ്ടോപ്പ്, സ്കൂള്‍ തിയേറ്റര്‍ ,ഫിലിം ക്ലബ്ബ്, ആര്‍ട്ട് ഗാലറി, സ്പോട്സ് അക്കാദമി, ഔഷധോദ്യാനം ,അറിവുത്സവ കേന്ദ്രങ്ങള്‍...സാഹിത്യ മ്യൂസിയം ,ഗണിത ലാബ് ,ശാസ്ത്ര സാങ്കേതിക മ്യൂസിയം, അരയി വാണി ,അരയി വിഷന്‍ ചാനല്‍, ഹിസ്റ്ററി പാര്‍ക്ക് ,അധ്യാപക ശാക്തീകരണം അതെ ഒത്തിരി സ്വപ്നങ്ങള്‍ ഒറ്റ വര്‍ഷം കൊണ്ടു സാക്ഷാത്കരിക്കാനുളള പ്രവര്‍ത്തനത്തിലാണ് കൊടക്കാട് നാരായണന്‍. ഇതാ അവ യാഥാര്‍ഥ്യമാകുന്നതിന്റെ ചില തെളിവുകള്‍..

കിളിക്കൂട്

സ്ക്കൂള്‍ വികസനത്തിന് ശക്തിപകരാന്‍  ആരംഭിക്കുന്ന പ്രിപ്രൈമറി സ്ക്കൂള്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ശിശുസൗഹൃദ വിദ്യാലയമാണ് സ്ക്കൂള്‍ വികസന സമിതി ലക്ഷ്യമിടുന്നത്.കെട്ടിടത്തിന്റെ രൂപരേഖതന്നെ വേറിട്ട കാഴ്ചപ്പാടോടെയാണ് തയ്യാറാക്കിയത്.മൈസൂര്‍ സര്‍വ്വകലാശാല ആര്‍ക്കീടെക്ട് വിദ്യാര്‍ത്ഥികളായ സച്ചിന്‍രാജ് കാഞ്ഞങ്ങാട്, ജിജോ പൊന്നാനി എന്നിവരാണ് ഡിസൈനേര്‍സ്.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ശിശുവിഹാറിന്റെ രൂപരേഖ അവതരിപ്പിച്ചു.LKG/UKG എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ്മുറികളും നടുവിലൊരു തുറന്ന അകത്തളവും ചേര്‍ന്നതാണ് ‍കെട്ടിട സമുച്ചയം.ലാറ്ററൈറ്റ് കല്ല് ചെത്തി മിനുക്കിയാണ് ചുമര് നിര്‍മ്മിക്കുന്നത്.മേല്‍ക്കൂര സ്റ്റീല്‍ ഫ്രെയിമില്‍ ഓടുമേഞ്ഞതാണ്.കുട്ടികള്‍ക്ക് കളിക്കാനുള്ള പഠനോദ്യാനം ,ആര്‍ട്ട് ഗാലറി,സയന്‍സ് പാര്‍ക്ക്,ചിത്രകലാമ്യൂസിയം , ബിജിം, മെഗാഅക്വേറിയം, ഐ.ടി.കോര്‍ണര്‍, audio/videotheatre, ഉത്സവകാഴ്ചകള്‍ആഘോഷങ്ങള്‍എന്നിവയുടെവീഡിയോഗാലറികള്‍, ഭക്ഷണശാല, ബെഡ്റൂം,ടോയിലറ്റ് കോംപ്ലക്സ്,തുടങ്ങി സമ്പൂര്‍ണ്ണ സൗകര്യങ്ങളോടുകൂടിയ ശിശുവിഹാറിന് 30ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു.15ലക്ഷം പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചു.ബാക്കി 15ലക്ഷം നാട്ടുകാരില്‍നിന്ന് സമാഹരിക്കും 

കിളിക്കൂട്-ശിലാസ്ഥാപനം.
അമ്മയുടെ വാത്സല്യവും മണ്ണിന്റെ പ്രാണനും,വിണ്ണിന്റെ വര്‍ണ്ണ ശോഭയും,നാടിന്റെ നന്മയും കുഞ്ഞുമനസ്സുകള്‍ക്ക് അമ്മിഞ്ഞപ്പാല്‍പോലെ നുണയാന്‍ വികസന സമിതി പണിയുന്ന 'കിളിക്കൂട്' -ശിശുവിഹാറിന്റെ ശിലാസ്ഥാപനം ശിശുദിനത്തില്‍ പകല്‍ രണ്ടുമണിക്ക്.ശിലാസ്ഥാപന ചടങ്ങ് നാടിന്റെ ഉത്സവം തന്നെ ആയിരുന്നു. അരയി കോവിലക പരിസരത്തുനിന്ന് കുട്ടികളും, കേരളീയവേഷമണിഞ്ഞ അമ്മമാരും ഘോഷയാത്രയായി എം.പി.യെ ആനയിച്ചു.ജിത്തു രാജ്,അശ്വിന്‍ കൃഷ്ണന്‍,ആദര്‍ശ്,അഭിജിത്ത് എന്നികുട്ടികള്‍ ഒരുക്കിയ ചെണ്ടമേളം അകമ്പടിയായി മുന്നിലണിനിരന്നു.തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി പി.കരുണാകരന്‍ എം.പി. ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
ശിശുവിഹാറിന്റെ രൂപരേഖ

അറിവുത്സവ കേന്ദ്രങ്ങള്‍ ആരംഭിച്ചു
വൈകിട്ട് 5മണിമുതല്‍ 6മണിവരെ..
ഓരോ കേന്ദ്രത്തിലും നേതൃത്വം വഹിക്കാന്‍ വനിവേദി MPTA.
എല്ലാദിവസവും 5മുതല്‍5.15  വരെ Homework clinic,Note Book audit,സന്മാര്‍ഗ്ഗ ശീല കഥകള്‍,പാട്ടുകള്‍...
5.15മുതല്‍...ഇന്ദ്രിയ വികാസം

'സ്വപ്നം വിടരും ഗ്രാമം'


'സ്വപ്നം വിടരും ഗ്രാമം'
ആയിരം പാദസരങ്ങള്‍ കിലുങ്ങി; അരയി ഗ്രാമത്തിലെ ആറ് അറിവുത്സവ കേന്ദ്രങ്ങളില്‍ വയലാര്‍ അനുസ്മരണം..
'ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി'
മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന വയലാറിന്റെ വരികള്‍ 70 വയസ്സു തികഞ്ഞ
കറത്തമ്പുവേട്ടന്‍ ആലപിച്ചപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയം..
അനശ്വരകവി വയലാര്‍ രാമവര്‍മ്മയുടെ നാല്പതാം  ചരമവാര്‍ഷിക ദിനത്തില്‍ അരയി ഗവ.യു.പി.സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ 'സ്വപ്നം വിടരും ഗ്രാമം' പരിപാടി
അവിസ്മരണീയമായി.....
സ്കൂള്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അറിവുത്സവ കേന്ദ്രങ്ങളില്‍ ഒരുക്കിയ അനുസ്മരണ പരിപാടിയില്‍ പൊതു അവധിയായിട്ടും നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു..
അമ്പലമുറ്റങ്ങള്‍ ,ഗ്രന്ഥാലയങ്ങള്‍,വീടുകള്‍..എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി.അനുഗ്രഹീത കവിയുടെ കവിതകള്‍ കേര്‍ത്തിണക്കിയുംചലച്ചിത്ര ഗാനങ്ങള്‍ക്ക് ആവിഷ്ക്കാരം നല്‍കിയും ഒരുക്കിയ പരിപാടി സാഹിത്യപ്രപഞ്ചത്തിലെ സൂര്യശോഭയ്ക്ക് ആദരാജ്ഞലികളര്‍പ്പിച്ച വേറിട്ട അനുഭവമായി..
കെ സി സുന്ദരന്‍ സ്മാരക വായനാശാലയില്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി. രാജന്‍ അധ്യക്ഷത വഹിച്ചു.
എ ചന്ദ്രശേഖരന്‍, നികേഷ്,സുരാസു,അശ്വിനി,പുഷ്പാരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
വട്ടത്തോട് ഒന്നില്‍ കെ.പി.രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പി. സതീശന്‍ മാസ്റ്റര്‍ ,ബേബി,വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.രജനി അധ്യക്ഷത വഹിച്ചു.
കണ്ടംകുട്ടിച്ചാല്‍ നവോദയാഗ്രന്ഥാലയത്തില്‍എന്‍. ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഖാലിദ്,പ്രേമലത,ബിന്ദു എന്നിവര്‍ സംസാരിച്ചു.
അരയി പാലക്കാല്‍ കേന്ദ്രത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ലത അനുസ്മരണ പ്രഭാഷണം നടത്തി.
സനിത,പ്രിയ, സനിഷ എന്നിവര്‍ സംസാരിച്ചു.
വട്ടത്തോട് രണ്ടില്‍ എസ്.സി റഹ്മത്ത് അധ്യക്ഷത വഹിച്ചു.സുഹിബത്ത് സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി
അരയി കോവിലകത്ത് മഠത്തില്‍ ഭാര്‍ഗ്ഗവി അധ്യക്ഷത വഹിച്ചു.സബിത,സുമ, രജിത എന്നിവര്‍പ്രസംഗിച്ചു.
വിദ്യ,മജ്ഞു,സ്നേഹമോള്‍,ദേവിക,ദര്‍ശന,നിഖില,അനുശ്രി,അനുപമ,ആര്യ,മൃദുല ഖദീജ,ഹബീബ,അനുശ്രി, നന്ദന,ശിവത, അജ്ഞലി, ആദര്‍ശ്,
അഭിജിത്ത്...എന്നിവര്‍ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍  ചന്ദനം പൂക്കുന്ന ദിക്കില്‍.'..'സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ  സ്വപ്നം വിടരുംഗ്രാമം'...'റംസാനിലെ ചന്ദ്രികയോ രജനിഗന്ധിയോ'....'ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു'... 'സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈഗാനം'... എന്നീ ഗാനങ്ങളും
'എനിക്കു മരണമില്ല
','രാവണപുത്രി','കൊന്തയും പൂണൂലും''മുളങ്കാവ്','പാദമുദ്രകള്‍.'..തുടങ്ങിയ കവിതകളും അലപിച്ചു.


ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്ത് പരിശീലിക്കാന്‍ അധ്യാപകര്‍തയ്യാറാക്കിയ വിവിധ  പുസ്തകങ്ങള്‍  ക്ലാസ് ലീഡര്‍ക്ക് നല്കി ശ്രീ. പി. കെ.രഘുനാഥ്(സീനിയര്‍ സൂപ്രണ്ട്,എ.ഇ.ഒ.ഹോസ്ദുര്‍ഗ്ഗ്)ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

അരയില്‍ ഗവ. യു പി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചക്കയും ചക്കക്കുരുവും വാഴക്കൂമ്പും

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് സ്‌കൂളുകളുടെ ഉച്ചഭക്ഷണം പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴും അരയി ഗവ. യു പി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് വിഭവങ്ങളേറെയാണ്. അരയി ഗ്രാമത്തില്‍ കിട്ടുന്ന നാടന്‍ പചക്കറികളും ഇലക്കറികളും ചക്കയും വാഴക്കൂമ്പുമൊക്കെയാണ് ഇവിടെ ഉച്ചഭക്ഷണത്തിന് കറിയാകുന്നത്.
  • പ്രാദേശിക വിഭവങ്ങളെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചിയും ഗുണവും വര്‍ദ്ധിപ്പിക്കുകയെന്ന ലളിതമായ തത്വത്തെ യാഥാര്‍ത്ഥ്യമാക്കിയാണ് അരയിക്ക് ഈ നേട്ടം സ്വന്തമായത്.
  • നാട്ടില്‍ സുലഭമായ ചക്ക, ചക്കക്കുരു, വാഴക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി (കാവ്), ശീമച്ചക്ക, പപ്പായ, മാങ്ങ ഇഞ്ചി, ഉപ്പിലിട്ട മാങ്ങ എന്നിവയ്ക്ക് പുറമെ വിവിധതരം ഇലക്കറികളും കൊണ്ടാണ് ഇവിടെ അധ്യാപകരും അമ്മമാരും ചേര്‍ന്ന് ഭക്ഷണപ്പെരുമയൊരുക്കുന്നത്.
  • ചെറുപയര്‍, കടല, വന്‍പയര്‍, പരിപ്പ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും വിവിധ ദിവസങ്ങളില്‍ വിഭവങ്ങളായെത്തും ആഴ്ചയില്‍ രണ്ടു ദിവസം കാച്ചിയ പാലും ഒരു ദിവസം പുഴുങ്ങിയ മുട്ടയും കൂടിയാകുമ്പോള്‍ സദ്യ കെങ്കേമം തന്നെ.
  • കറികള്‍ക്കാവശ്യമായ മിക്കവിഭവങ്ങളും കുട്ടികള്‍ തന്നെ രാവിലെ പാചകപ്പുരയില്‍ എത്തിക്കും. ഇതു കാരണം വിലയക്കയറ്റ ഭീതി ഇവിടെ ഒരു പ്രശ്‌നമേ അല്ല. മഴ മാറുന്നതോടെ മദര്‍ പിടിഎയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ സമൃദ്ധിയില്‍ രുചി വര്‍ദ്ധിക്കും. കൃഷിഭവനില്‍ ഇത് സംബന്ധിച്ച വിശദമായ പദ്ധതി സമര്‍പ്പിച്ച് കഴിഞ്ഞു.
  • സ്‌കൂള്‍ സന്ദര്‍ശിച്ച ഹൊസ്ദുര്‍ഗ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍ ഉച്ചഭക്ഷണത്തിലെ മികവ് വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തി. ആഹാരം രോഗകാരിയാകുന്ന പുതിയ കാലത്ത് കുരുന്നുകളില്‍ നാട്ടു വിഭവങ്ങളുടെ ഗുണവും രുചിയും പ്രചരിപ്പിക്കുകയെന്ന സന്ദേശം കൂടി ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതായി പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ .
    വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അരയി സ്കൂള്‍..
     
     

7 comments:

  1. അനുകരണീയ മാതൃക.അഭിവാദനങ്ങള്‍!

    ReplyDelete
  2. ശ്ലാഹനീയം . ഞാനും പ്രതീക്ഷിക്കുന്നു ,ആഗ്രഹിക്കുന്നു ,പ്രയത്നിക്കുന്നു ,സ്വപ്നം കാണുന്നു ഇതു പോലൊരു കൂട്ടായ്മ ,എന്റെസ്കൂളിലും ( വടക്കേ വാഴക്കുളം യു പി സ്ക്കൂളിലും .ഈ പോസ്റ്റ്‌ ഒരു പ്രചോദനമാകട്ടെ.

    ReplyDelete
  3. നിശബ്ദവിപ്ലവത്തിന് വിജയാശംസകള്‍

    ReplyDelete
  4. നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നതും......

    ReplyDelete
  5. കൊടക്കാട് നാരായണന്‍ മാഷ് എനിക്കു ഇന്നും എന്നും അത്ഭുതം തന്നെ .കൂട്ടക്കനിയില്‍ മാഷിന്റെ സംഘാടനത്തില്‍ നടന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ പങ്കു കൊള്ളാനുള്ള ഭാഗ്യം എനിക്കുണ്ടായി .ഓരോ അഗസ്റ് മാസത്തിലും ആ ഓര്‍മ്മകള്‍ ഓടിയെത്തും .ഒരു ഗ്രാമത്തെ മുഴുവന്‍ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമാക്കിയ വേറിട്ട കാഴ്ച . ദിനാഘോഷങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കാനുള്ള രീതിശാസ്ത്ര സാദ്ധ്യതകള്‍ അന്വേഷിക്കുമ്പോള്‍ ആ അനുഭവം എനിക്കിന്നും ഒരു പ്രചോദനമാണ് .ചിലത് അങ്ങിനെയാണ് .അനുഭവിച്ചു തന്നെ അറിയണം .ഓരോ വിദ്യാലയതിന്റെയും ഗ്രാമത്തിന്റെയും ആവശ്യത്തിന് അനുസരിച്ച് തനത് പ്രവര്‍ത്തനങ്ങള്‍ ജനകീയമായി ആസൂത്രണം ചെയ്തു വിജയിപ്പിക്കാനുള്ള വൈഭവം മാഷിനുണ്ട് .അരയി സ്കൂളിനും മാഷിനും അഭിനന്ദനങ്ങള്‍ .

    ReplyDelete
  6. നന്നായിട്ടൂണ്ട്

    ReplyDelete

പ്രതികരിച്ചതിനു നന്ദി