Pages

Friday, February 5, 2016

സര്‍ഗാത്മകതയെ പഠനതടസ്സം പരിഹരിക്കാനുപയോഗിക്കാമോ?

കുട്ടികളുടെ താല്പര്യം പ്രയോജനപ്പെടുത്തി അവരുടെ മാര്‍ഗതടസ്സങ്ങളെ ഒഴിവാക്കാനാകും. ഞാന്‍ ഒരു വിദ്യാലയത്തില്‍ ചെന്നപ്പോള്‍ അധ്യാപകര്‍ ഒരു കുട്ടിയെ പരിചയപ്പെടുത്തി.  
അവന് എഴുതാന്‍ ആത്മവിശ്വാസമില്ല. എനിക്കറിയില്ല എന്ന നിലപാട്( അതിലിത്തിരി സത്യമുണ്ട്)
എഴുതുമ്പോള്‍ മറ്റുളളവരെല്ലാം അതിവേഗം പൂര്‍ത്തികരിച്ചിരിക്കും  നല്ല പടം വരപ്പുകാരനാണെന്ന് അധ്യാപകര്‍ പറഞ്ഞു. എന്റെ മുന്നിലെത്തിച്ചത് അവര്‍ ശ്രമിച്ചു വിജയിക്കാത്ത ഒരു പ്രശ്നത്തെ പരിഹരിക്കാനാണ്.  
ഞാന്‍ അവനെ ചേര്‍ത്തു നിറുത്തി
പേരെന്താ?
അവന്‍ മറുപടി പറഞ്ഞു.
നല്ല പേര്
ഇനി നമ്മുക്ക് ഒരു പടം വരയ്കാം
അവന്റെ കുഞ്ഞിക്കൈകള്‍ നിവര്‍ത്തി പേപ്പറില്‍ വെച്ച് ഔട്ട് ലൈനിലൂടെ വരപ്പിച്ചു. ( ഇടതുവശത്തെ ചിത്രം)
തളളവിരലില്‍ കണ്ണു വരച്ചു. ഒരു ചുണ്ടും
എന്താ ഈ വരച്ചത്?
കിളി
കിളി എവിടെ നിന്നും വരികയാ?
മരത്തീന്ന്
മരമെവിടെ?
അവന്റെ കൈപ്പത്തി  ഇടത്തെപേജില്‍ വെച്ച് വരച്ചു. അതിന് ഒരു തടിയും കൂടിയായപ്പോള്‍  അവന്‍ ചിരിച്ചു പറഞ്ഞു
മരം
മരത്തിനെന്താ നിറം?
പച്ച
ക്രയോണ്‍സ് വന്നു
 അവന്‍ നിറം ചേര്‍ത്തു. തടിയ്ക് തവിട്ടു നിറം കൂടി അടിച്ചു.
കൊളളാം
എന്തിനാ മരത്തില്‍ കിളി വന്നത്?
പഴം തിന്നാന്‍
പഴമെവിടെ?
അവന്‍ എന്നെ നോക്കി
ആ കുഞ്ഞുവിരലുകളുടെ തുമ്പുവട്ടം പഴമായി. മഞ്ഞ നിറം കൂടി അടിച്ചപ്പോള്‍ കേമം
മോനേ ഇതെന്താ ഈ ചിത്രത്തിലേത്? അവന്‍ ചിത്രത്തെ വിവരിച്ചു
അതൊന്നെഴുതാമോ കുട്ടാ
അവന്‍ എഴുതി
അറിയാവുന്ന അക്ഷരമുപയോഗിച്ച്
എഴുത്തിനെ തടസ്സപ്പെടുത്തിയില്ല.
ചില പ്രശ്നങ്ങള്‍ . അതിന് മറ്റു തെളിവുകള്‍ നല്‍കി. കരം എന്നത് വായിച്ചതിനു ശേഷം മരം എന്നെഴുതിയത് പരിശോധിക്കാന്‍ പറയും പോലെ. അങ്ങനെ അവന്‍ അതെല്ലാം മെച്ചപ്പെടുത്തി.
അടിയില്‍ പേരും എഴുതി
അതിലും വന്നു ചില വിട്ടുപോകലുകള്‍. അതിനും മറ്റു തെളിവുകള്‍ പ്രയോജനപ്പെടുത്തി
അവന്‍ ആദ്യമായി സ്വന്തം പേര് തെററില്ലാതെ എഴുതി
ഉപജില്ലാ ഓഫീസര്‍ അവിടെയുണ്ടായിരുന്നു
ഞങ്ങള്‍ അവനെ അനുമോദിച്ചു.



അധ്യാപകരുമായി സംസാരിച്ചു. എല്ലാ ദിവസവും ഉച്ചയ്ക് ഈ മോന്‍ വരും ചിത്രം വരയ്കാന്‍ . അതിന്റെ കുറിപ്പുകൂടി എഴുതും. സഹായിക്കണം. ചിത്രം പ്രദര്‍ശിപ്പിക്കണം.അവര്‍ എന്റെ നിര്‍ദേശത്തെ നൂറുമടങ്ങ് പൊലിപ്പിച്ചു. അത്ഭുതമാണ് സംഭവിച്ചത്. അതാണ് ഇനി നിങ്ങള്‍ കാണുന്ന ചിത്രങ്ങളും കുറിപ്പുകളും.


ഒരു ചിത്രം ഒരു ദിവസം . (എല്ലാ ചിത്രങ്ങളും ഇവിടെ നല്‍കുന്നില്ല)






 പഞ്ചായത്ത് തല മികവില്‍ സ്കൂള്‍ ഈ കുട്ടിയുടെ അനുഭവമാണ് അവതരിപ്പിച്ചത്.
 20 ദിവസം കൊണ്ട് എഴുത്തിന്റെ വഴിയില്‍ മുന്നേററം നടത്തിയ കുട്ടി ആ സ്കൂളിന് അംഗീകാരം നേടിക്കൊടുത്തു.  
ബ്ലോക്ക് തല മികവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങള്‍.
വിശകലനം
  1. ലേഖനതടസ്സം പരിഹരിക്കുന്നതില്‍ ചില സാധ്യതകള്‍ തുറന്നിടാന്‍ ഈ പ്രവര്‍ത്തനം വഴിയൊരുക്കി
  2.  സര്‍ഗാത്മകമായ കഴിവുമായി ബന്ധപ്പെടുത്തി പഠനതടസ്സം പരിഹരിക്കാന്‍ കഴിയും.
  3. ദിവസവും അംഗീകാരം ലഭിക്കുന്നത് വളരെ പ്രധാനമാണ്. അതിന് വിദ്യാലയം മനസ് വെക്കണം
  4. അധ്യാപകരുടെ പഠനസന്നദ്ധത ഈ വിദ്യാലയത്തിലേത് പോലെയാകണം. പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിലും ലഭിക്കുന്ന ആശയങ്ങള്‍ പ്രയോഗിച്ചുനോക്കുന്നതിലും കാട്ടുന്ന താല്പര്യം പ്രധാനമാണ്
  5. കുട്ടിക്ക് ലഭിക്കുന്ന ഫീഡ് ബക്ക് നിര്‍ണായകം തന്നെ
  6. പോര്‍ട്ട് ഫോളിയോ എന്നത് വളര്‍ച്ചയുടെ തെളിവാണ് ( ഈ ചിത്രങ്ങള്‍ പോലെ)
  7. ഒരു കുട്ടിയുടെയാണെങ്കിലും പ്രശ്നപരിഹരണത്തിനായി നടത്തുന്ന ഏതിടപെടലും മികവാണ്.
  8. അക്കാദമിക പിന്തുണയുടെ ഒരു ചെറിയ മാനം മാത്രമാണിത്.











6 comments:

പ്രതികരിച്ചതിനു നന്ദി