Pages

Saturday, June 20, 2020

ഓര്‍മയില്‍ മങ്ങാത്ത കുട്ടികള്‍

(പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികളെ വിജയനന്മയുടെ പാതയിലേക്കു നയിച്ച അനുഭവമാണ് സിന്ധുടീച്ചറുടെ ഓര്‍മയിലുളളത്. കുട്ടികളെ അറിയുക എന്നത് അധ്യാപനശേഷിയില്‍ പ്രധാനം. അംഗീകാരമാണ് പിന്നാക്കാവസ്ഥ പരിഹരിക്കാനുളള ആദ്യ പടവ് എന്ന് ടീച്ചര്‍ അനുഭവത്തിലൂടെ മനസിലാക്കിയിരിക്കുന്നു. എല്ലാവരാലും അവഗണിക്കപ്പെടുന്ന കുട്ടികളെ വിദ്യാലയവും മനസില്‍ നിന്നും അകററിയാലോ? അസംതൃപ്തബാല്യങ്ങളെ സ്നേഹം കൊണ്ട് ആശ്ലേഷിക്കുന്ന അധ്യാപകരില്‍ ഒരാളാവുക എന്നത് അഭിമാനമാണ്. സിന്ധുടീച്ചറാണ് അധ്യാപനഡയറി ഇന്ന് പങ്കുവെക്കുന്നത്.)

സർവീസിൽ കയറി ഓരോവർഷം കഴിയുന്തോറും ടീച്ചർ എന്ന ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

കുട്ടികളെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയതോടെ അധ്യാപനം രസകരമായി.

രാവിലെ ഭക്ഷണം പോലും കഴിക്കാതെ എന്നും സ്കൂളിൽ വന്നുകൊണ്ടിരുന്ന ഒരു കുട്ടിയെ പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്.

അവളുടെ വീട്ടിലെ സാഹചര്യങ്ങൾ അതി ദയനീയമായിരുന്നു.

ഞാൻ കൊണ്ടുവന്ന പ്രഭാതഭക്ഷണം അവൾ ആർത്തിയോടെ കഴിക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

തുടർന്ന് മുടങ്ങാതെ എല്ലാ ദിവസവും ഞാൻ അവൾക്കു ഭക്ഷണം കൊണ്ടുക്കൊടുത്തു.

ധാരാളം കുട്ടികളുടെ വീടുകൾ സന്ദർശിച്ചു.

ക്ലാസിൽ അനുസരണക്കേട് കാണിക്കുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലം തിരിച്ചറിഞ്ഞപ്പോൾ അവർ ചെയ്യുന്ന തെറ്റുകൾക്ക് കാരണക്കാർ അവരല്ല എന്നു മനസ്സിലായി.

എന്റെ അധ്യാപനജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത ഏടുകളായിരുന്നു അതെല്ലാം.

      നാം പഠിപ്പിക്കുന്ന വിഷയങ്ങൾ കുട്ടികൾ പഠിക്കണമെങ്കിൽ ആദ്യം അവർ നമ്മളെ ഇഷ്ടപ്പെടണം എന്ന് സത്യം അനുഭവത്തിലൂടെ പഠിച്ചു.

ഇന്നും ഞാൻ പഠിപ്പിച്ച  വിദ്യാർത്ഥികൾ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും എനിക്ക് സന്ദേശങ്ങൾ അയക്കുമ്പോൾ അവർക്ക് ഞാൻ പ്രിയപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നു.

ഇപ്പോഴത്തെ എന്റെ കുഞ്ഞുങ്ങളെ കുറച്ചു കൂടി കാര്യമായി സ്നേഹിച്ചു പഠിപ്പിക്കാനുള്ള ഊർജ്ജം അതിൽനിന്നും എനിക്കു ലഭിക്കുന്നു.

നമ്മുടെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ നാം മനസ്സിലാക്കണം.

അപ്പോൾ അവരെ സ്നേഹിക്കാനും നേർവഴിക്ക് നയിക്കാനും അങ്ങനെ ഒരു നല്ല തലമുറയെ വാർത്തെടുക്കാനും നമുക്കു സാധിക്കും.

ഒത്തിരിക്കുട്ടികള്‍.... അതില്‍ ഒരനുഭവം പങ്കിടാം.

സ്കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയാണവന്‍. 6 ലാണ് പഠിക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ തലവേദന. ഒട്ടും അനുസരണയില്ല. ഒന്നും പഠിക്കില്ല. ധിക്കാരത്തോടെയുള്ള സംസാരം.

     അവന്റെ മലയാളം ടീച്ചറായിരുന്നു ഞാൻ. എഴുതാനോ വായിക്കാനോ അറിയില്ലാത്ത കുട്ടി. മലയാളത്തിളക്കം പദ്ധതി അന്ന് സ്കൂളിൽ വന്നിട്ടില്ല. അക്ഷരങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചിട്ടൊന്നും അവൻ തയ്യാറല്ല.

     അവന്റെ അനിയത്തി നഴ്സറിയിലുണ്ട്. അവളോടു മാത്രമേ അവൻ സ്നേഹത്തോടെ ഇടപെടുന്നത് കണ്ടിട്ടുള്ളൂ. അവിടെയുള്ള ഒരു കോളനിയിലാണ് അവൻ താമസിക്കുന്നത്. അവന്റെ ചേട്ടൻ, പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി പള്ളി നടത്തുന്ന ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. അച്ഛനും അമ്മയും പിരിഞ്ഞു കഴിയുന്നു. അമ്മ രാവിലെ പണിക്കു പോയാൽ രാത്രിയാവും തിരികെയെത്താൻ. അമ്മക്ക് മക്കളെ ശ്രദ്ധിക്കാൻ തീരെ സമയമില്ല. മുതിർന്ന കുട്ടികളും മൊബൈൽഫോണും ഇവന്റെ കൂട്ടുകാരായി. ഒരിക്കൽ ഇവന്റെ സ്കൂൾ ബാഗിൽ നിന്നും കുട്ടികൾ കൈവശം വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ കണ്ടെടുത്തു. അമ്മയെവിളിച്ച് കാര്യങ്ങൾ പറഞ്ഞു.അവരുടെ നിസ്സഹായാവസ്ഥ അവർ വെളിപ്പെടുത്തി. അമ്മയുടെ സ്നേഹവാത്സല്യവും കരുതലും  മക്കൾക്ക് അർഹതപ്പെട്ടതാണെന്നും അതുകൊടുക്കാൻ ശ്രദ്ധിക്കണമെന്നും അവരോടു പറഞ്ഞു. സ്കൂളിലും അവന് ആരുടേയും സ്നേഹം കിട്ടിയിട്ടില്ല. കൈയിലിരിപ്പ് അതായിരുന്നല്ലോ.

      ആദ്യമായി ഞാൻ അവനെ ക്ലാസിലെ ലീഡറാക്കി. ടീച്ചറില്ലാത്ത സമയത്ത് ബോർഡിൽ പേരെഴുതി കുട്ടികളെ തല്ലുകൊള്ളിക്കാൻ അവന് ഇഷ്ടമുള്ള കാര്യമായിരുന്നു. പക്ഷേ എഴുതാൻ അക്ഷരം അറിയണമല്ലോ. ഒടുവിൽ അവൻ അക്ഷരം പഠിക്കാൻ തയ്യാറായി. അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചത് എന്നെ അതിശയിപ്പിച്ചു. അവന് പറയാനുള്ള കാര്യങ്ങളെല്ലാം കേൾക്കാൻ ഞാൻ നിന്നുകൊടുത്തു. അവൻ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങൾക്കു പോലും വലിയ കൈയടി കൊടുത്തു. ക്ലാസിലെ എല്ലാവരും അവനെ അംഗീകരിക്കുന്നുണ്ടെന്ന ഒരു തോന്നൽ അവനിൽ ഉണ്ടാക്കിയെടുത്തു. പയ്യെപ്പയ്യെ അവൻ അക്ഷരങ്ങൾ പഠിച്ചെടുത്തു. ചെറിയചെറിയ വാക്കുകൾ വായിക്കാൻ തുടങ്ങി.ആദ്യമായി ഒരു വാചകം തെറ്റില്ലാതെ വായിച്ചപ്പോൾ അവന് ഇഷ്ടമുള്ള ചോക്ലേറ്റ് സമ്മാനം കൊടുത്തു. അവന്റെ ജീവിതത്തിൽ അവന് ആദ്യമായി കിട്ടിയ സമ്മാനമായിരുന്നു അത്. ക്രമേണ അവന്റെ വായന മെച്ചപ്പെടാൻ തുടങ്ങി. എന്തു കൈയിൽ കിട്ടിയാലും അതൊന്ന് വായിച്ചു നോക്കണമെന്ന് ഞാൻ പറയാറുള്ളത് അനുസരിച്ച് വീട്ടിൽ പലചരക്കു സാധനങ്ങൾ പൊതിഞ്ഞു വരുന്ന കടലാസും അവൻ വായിച്ചു നോക്കുമെന്ന് അമ്മ പറഞ്ഞു.

      വായിക്കാൻ പഠിച്ചതോടെ അവന്റെ വികൃതിത്തരങ്ങൾ കുറഞ്ഞു വന്നു. അവനെക്കുറിച്ചുള്ള പരാതികളും കുറഞ്ഞു. അവന്റെ ശ്രദ്ധ പഠനത്തിലേക്ക് തിരിയാൻ തുടങ്ങി. പക്ഷേ അടുത്ത വർഷം അവന്റെ അമ്മക്ക് മറ്റൊരു നാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതിനാൽ അവനെ ഞങ്ങൾക്കു പിരിയേണ്ടിവന്നു. സങ്കടത്തോടെയാ അവന്‍ പോയത്.

കൊറോണക്കാലം.

വെറുതെയിരുന്നു സമയംകളയാൻ മനസ്സ് അനുവദിക്കുന്നില്ല.അപ്രതീക്ഷിതമായാണ് എന്റെ മലയാളം നല്ല മലയാളം ടീമില്‍ അംഗമാകാന്‍ സാധിച്ചത്.       പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ പുറകിൽ നിൽക്കുന്നവരെ മുന്നിലെത്തിക്കാൻ വിദഗ്ധരായ അദ്ധ്യാപകർക്കു സാധിക്കുമല്ലോ. ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചിരുന്ന എന്നെ പൗലോസ് മാഷ് വ്യക്തിപരമായി പലപ്രാവശ്യം വിളിക്കുകയും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തത് എന്റെ ആത്മ വിശ്വാസം കൂട്ടുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ പ്രാപ്തയാക്കുകയും ചെയ്തു. നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ ഞങ്ങൾ അധ്യാപകർ ഓൺലൈൻ പരിശീലനം നടത്തി. മികച്ച പ്രതികരണങ്ങൾ ആയിരുന്നു രക്ഷകർത്താക്കളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിച്ചത്. ഓൺലൈൻ ക്ലാസ് പിടിഎ ആഴ്ചയിൽ രണ്ടു ദിവസം വീതം നടത്തി. കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ രക്ഷകർത്താക്കൾക്ക് സാധിച്ചതിലൂടെ തങ്ങളുടെ മക്കൾക്കു വേണ്ടി അധ്യാപകർ ചെയ്യുന്ന ത്യാഗങ്ങൾ അവർ മനസ്സിലാക്കുകയും അതിന് അധ്യാപകരോട് നന്ദി പറയുകയും ചെയ്തു.ഓരോ ദിവസവും ഉണ്ടായ അനുഭവങ്ങൾ രാത്രി 9 മണിമുതൽ തുടങ്ങുന്ന എസ്.ആർ.ജി മീറ്റിംഗിൽ അധ്യാപകർ പങ്കുവച്ചു. പോരായ്മകൾ പരിഹരിക്കാനും പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നിരന്തരം ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ വിജയപ്രഖ്യാപന യോഗം മികച്ചതും വ്യത്യസ്തമായ തുമായിരുന്നു.

        ഈ ടീം പ്രവർത്തനത്തിന്റെ തുടർച്ചയായാണ് വഴിവിളക്ക് എന്ന ടീമിൽ അംഗമാകാൻ ഭാഗ്യം ലഭിച്ചത്. തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ.എന്റെ അധ്യാപനജീവിതത്തിനിടയിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം ഈ അവധിക്കാലം സമ്മാനിച്ചു.ഒരു പുതിയ അധ്യാപികയാക്കി എന്നെ മാറ്റി.കൊറോണ എന്ന ഭീകരനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുടങ്ങിയ വഴിവിളക്ക് എന്ന ഓൺലൈൻ പരിശീലന പരിപാടി‍ പങ്കെടുത്ത എന്റെയടക്കം അധ്യാപക സമൂഹത്തിന്റെ വൈദഗ്ധ്യം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.

( സിന്ധു ടീച്ചര്‍, നീണ്ടകര, തുറവൂര്‍ ഉപജില്ല,

2 comments:

പ്രതികരിച്ചതിനു നന്ദി