ഒന്നാം ക്ലാസിൽ ഈ വർഷം തുടക്കം മുതൽ കുട്ടികൾ സംയുക്ത ഡയറി എഴുതുന്നുണ്ട്.
ജൂണിൽ കുട്ടി ചിത്രം വരയ്ക്കുകയും കുട്ടിയുടെ ആശയം രക്ഷിതാവ് എഴുതുകയുമായിരുന്നു
ജൂലൈ മുതൽ കാട്ടക്കറിയാവുന്ന വാക്കുകൾ കുട്ടി പെൻസിൽ വച്ച് എഴുതി. ബാക്കി രക്ഷിതാവ് മഷിയിലും എഴുതി.
ക്രമേണ മഷിയുടെ സാന്നിധ്യം കുറഞ്ഞു കുറഞ്ഞു വന്നു.
കുട്ടി സ്വന്തം ആശയം സ്വന്തം ഭാഷയിൽ തനിയെ എഴുതാൻ തുടങ്ങി. കുറച്ച് ഉദാഹരണങ്ങൾ ചുവടെയുണ്ട്. അത് വളർച്ച മനസ്സിലാക്കിത്തരുമോ എന്നു നോക്കുക. ഇങ്ങനെ സ്വതന്ത്രരചനയിലേക്ക് വന്ന കുട്ടികളുടെ ക്ലാസുകളിലാണ് രചനോത്സവം ആരംഭിച്ചത്.
ചില അധ്യാപകർ ഇനിയും സംയുക്ത ഡയറി ആരംഭിച്ചിട്ടില്ല. സചിത്ര നോട്ടുബുക്ക് ഏറ്റെടുത്തില്ല. അതിൻ്റെ പ്രക്രിയ സ്വീകരിച്ചില്ല. അത്തരം ക്ലാസുകളിൽ രചനോത്സവം നടക്കില്ല.
രചനോത്സവത്തിന് ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ
- കൗതുകമുണർത്തുന്നതാകണം
- അതിൽ ഒരു സംഭവം ഉണ്ടായിരിക്കണം
- ഭാവനയുണർത്തണം
- ഏതു കുട്ടിക്കും മുന്നോ നാലോ വാക്യങ്ങൾ എഴുതാൻ കഴിയുന്നതുമായിരിക്കണം
*പ്രശ്നം 1*
ചില അധ്യാപകർ രക്ഷിതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകാത്തതിനാൽ രക്ഷിതാക്കളുടെ ആശയവും ഭാഷയും രചനകളിൽ കൂടുന്നു
(കുട്ടി ചിത്രത്തെ പറ്റി എന്തു പറയുന്നുവോ അതുപോലെ എഴുതാൻ അനുവദിക്കുക. ഏതെങ്കിലും അക്ഷരം തിട്ടമില്ലെങ്കിൽ അതിൽ മാത്രം പിന്തുണ നൽകുക. മഷി ഉപയോഗിച്ച് )
🦋🦋🦋🦋🦋🦋🦋
*പ്രശ്നം 2*
ക്ലാസിൽ കുട്ടികളെ കൊണ്ട് കഥ പറയിച്ച് എഴുതിക്കൽ. ഇത് വൈവിധ്യം കുറയ്ക്കും. ചില കുട്ടികളെങ്കിലും സ്വന്തം ആശയം എഴുതാതെ പോകും.
(ക്ലാസിൽ വച്ച് ചെയ്യിക്കുന്നതിന് പ്രശ്നമില്ല. നിർദ്ദേശങ്ങൾ പൊതുവായി നൽകാം. അവർ എഴുതുമ്പോൾ സഹായം ആവശ്യമുള്ളവർക്ക് വ്യക്തിഗത പിന്തുണ നൽകാം .അതും ചിന്തയെ നയിക്കുന്ന ചോദ്യങ്ങൾ മാത്രം ഉപയോഗിച്ച്.മറ്റാരും കേൾക്കാതെ)
🦋🦋🦋🦋🦋🦋
*പ്രശ്നം 3* .
കഥയെ സംബന്ധിച്ച് വലിയ സങ്കൽപ്പങ്ങൾ വച്ചു പുലർത്തി ശരിയായില്ല എന്ന സമ്മർദ്ദമുണ്ടാക്കൽ
(കുട്ടി എഴുതുന്ന രണ്ടു വാക്യവും കഥയാണ്. ഒരു ചെറു സംഭവം അതിലുണ്ടാകും.ഉറപ്പ്)
🦋🦋🦋🦋🦋🦋
*പ്രശ്നം 4*
ഭിന്നശേഷിക്കാരായ കുട്ടികളെ എന്തു ചെയ്യും?
(അവരുമായി സംസാരിച്ച് അവർക്ക് വേണ്ടി ടീച്ചർ എഴുതണം.)
🦋🦋🦋🦋🦋🦋🦋
*പ്രശ്നം 5*
ഭാഷാ പരിമിതിയുള്ള കുട്ടികൾ ഉണ്ട്. നാം പറഞ്ഞ പ്രക്രിയ പാലിക്കാത്ത ക്ലാസുകളിൽ കൂടുതലാണ്.
( അത്തരം കുട്ടികളെ മാത്രം ടീച്ചറുടെ അടുത്തേക്ക് വിളിക്കുക. ചിത്രത്തിൽ എന്താണ് കാണുന്നത്? ചർച്ച. പ്രതികരണങ്ങൾ ടീച്ചറടക്കം പദസൂര്യനാക്കൽ. പദസൂര്യനെ വാക്യമായി വികസിപ്പിക്കൽ (വാചികം). തുടർന്ന് വാക്യങ്ങൾക്ക് ക്രമനമ്പരിടൽ.
അത് കൂട്ടായി പറഞ്ഞെഴുതൽ ( ഓരോരുത്തരും) അല്ലെങ്കിൽ ഒരാൾ ഒരു വാക്യം എഴുതുന്നു. അത് തിരുത്തി മെച്ചപ്പെടുത്തി എല്ലാവരും എഴുതുന്നു. അടുത്തയാൾ അടുത്ത വാക്യം.ഇതിന് സമയം ഏറെ വേണ്ടി വരാം. അതിനാൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഭിന്ന നിലവാര ഗ്രൂപ്പുണ്ടാക്കി കൂട്ടെഴുത്തു രീതിയും ആലോചിക്കാം.
🦋🦋🦋🦋🦋🦋
*പ്രശ്നം 6*
രചനകൾ വായനാ സാമഗ്രിയാക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. വായനാ സാമഗ്രിയാക്കാനുള്ള സാങ്കേതിക ധാരണയില്ല.
( വായനാ സാമഗ്രിയാക്കുന്നതിലൂടെ കുട്ടിയെ അംഗീകരിക്കുകയാണ്.
പ്രചോദിപ്പിക്കുകയാണ്. സ്വതന്ത്രരചനാശേഷി വികസിപ്പിക്കുകയാണ്.
ഒന്നാം ക്ലാസുകാർ നേടിയ മികവ് സമൂഹവുമായി പങ്കിടലാണ്.
ക്ലാസ് നിലവാരത്തിൻ്റെ ഡോക്യുമെൻ്റ് തയ്യാറാക്കലാണ്.
മറ്റൊരു തലം കൂടിയുണ്ട്.
കുട്ടി എഴുതിയതിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ടീച്ചർ വായനാ സാമഗ്രി തയ്യാറാക്കുന്നത്. അതുമായി പൊരുത്തപ്പെടുത്തി കുട്ടി സ്വന്തം രചന എഡിറ്റ് ചെയ്യണം. കുട്ടി തനിയെ എഴുതുന്ന സന്ദർഭത്തിലാണ് ഈ മെച്ചപ്പെടലിടം ഗുണം ചെയ്യുക. രക്ഷിതാവിൻ്റെ സഹായം കുട്ടിക്ക് എഡിറ്റിംഗിൽ സ്വീകരിക്കാം. രക്ഷിതാവ് എഴുതിയത് പകർത്തുന്ന കുട്ടിക്ക് സ്വതന്ത്രരചനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരും.
🦋🦋🦋🦋🦋
*പ്രശ്നം 7*
രചനോത്സവം ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കൂടിയാണ് എന്ന് തിരിച്ചറിയാത്ത അധ്യാപകരുണ്ട്.
ഓരോ തവണയും ഓരോ ഭാഷാ പ്രശ്നത്തെ അഭിസംബോധന ചെയ്യും വിധമായിരിക്കും രചനോത്സവ പ്രവർത്തനങ്ങൾ.
സാധാരണ ക്ലാസിൽ അക്ഷരം പഠിപ്പിക്കലാണ് ഊന്നുന്നത്. വാക്യ തലത്തിലെയും പദതലത്തിലെയും ( സന്ധി, വിഭക്തി) പ്രശ്നങ്ങൾ തരം തിരിച്ച് അവ പരിഹരിക്കാനുള്ള രചനാ പ്രവർത്തനങ്ങൾ നടത്താറില്ല. അടുത്ത ക്ലാസുകളിൽ ഇതു കാരണം പഠിപ്പിച്ച കാര്യങ്ങൾക്കപ്പുറമുള്ളവ എഴുതുമ്പോൾ കുട്ടികൾ തെറ്റുകൾ വരുത്തുന്നു. അക്ഷര പുനരനുഭവം പോലെ ഇത്തരം കാര്യങ്ങളിലും പുനരനുഭവം ആവശ്യമുണ്ട്. അങ്ങനെ ഇടപെടണമെങ്കിൽ അധ്യാപകർ കുട്ടികളുടെ രചനകൾ വിശകലനം ചെയ്ത് ഗ്രൂപ്പിൽ പങ്കിടണം. അത് സാർവ്വത്രികമായതാണെങ്കിൽ പൊതുവായി പരിഹാരം കണ്ടെത്താൻ കഴിയും.
രചനകൾ മെച്ചപ്പെടുത്താനുള്ള ഉത്സവം കൂടിയാണ് രചനോത്സവം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി