Pages

Thursday, December 14, 2023

ഒന്നാം ക്ലാസിൽ 39 ഡയറികളും അച്ചടിച്ചു മാതൃക സൃഷ്ടിച്ചു

ഒന്നാം ക്ലാസിലെ നിശബ്ദ വിപ്ലവമാണ് സംയുക്തത ഡയറി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സന്തുഷ്ടരാണ്. സ്വയം സന്നദ്ധ രചനയായി സംയുക്ത ഡയറി മാറി. ആശയാവതരണരീതിയുടെ അവിഭാജ്യ ഘടകമായി അധ്യാപകർ സ്വീകരിച്ചു. തുടക്കത്തിൽ മടിച്ചു നിന്നവരുണ്ട്. പരിഹസിച്ചവരുണ്ട്. അവരെല്ലാം അനുഭവത്തെളിച്ചതിൽ തിരുത്തി.

ഡയറിഡയറിയെഴുത്തിന്റെ ഒരു ഘട്ടം പിന്നിട്ടപ്പോൾ കൊല്ലം ജില്ലയിൽ ആദ്യത്തെ അച്ചടിച്ച ഡയറി പ്രകാശിതമായി.

ഇതാ 39 കുട്ടികളുടെ ഡയറികളും അച്ചടിച്ച് ഒരു വിദ്യാലയം !


" ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്താൽ അക്ഷരങ്ങൾ ഉറപ്പിക്കാൻ ഒന്നാം ക്ലാസ് തന്നെ മതി."
- ഡയറ്റ് പ്രിൻസിപ്പൽ.

"തൃകുറ്റിശ്ശേരി ഗവൺമെന്റ് യുപി സ്കൂളിലെ ഒന്നാം ക്ലാസിലെ 39 കുട്ടികളുടെ മനോഹരമായ കുഞ്ഞു ഡയറികൾ കണ്ടാൽ ബോധ്യപ്പെടും...
അവധിക്കാല പരിശീലനത്തിൽ തുടക്കമിട്ട സംയുക്ത ഡയറിയും സചിത്ര പുസ്തകവുമെല്ലാം കുഞ്ഞുങ്ങളുടെ സ്വന്തം രചനക്ക് ഇത്രയേറെ സഹായകമാകുമെന്ന് തിരിച്ചറിവ് ഉണ്ടാക്കുന്നതായിരുന്നു ഈ സ്കൂളിലെ ഓരോ കുട്ടിയുടെയും രചനകൾ ചേർത്ത് തയ്യാറാക്കിയ കുഞ്ഞുപുസ്തകങ്ങൾ. ഒപ്പം നിന്ന് തങ്ങളുടെ കുഞ്ഞുങ്ങളെ ഞെക്കി പഴുപ്പിക്കാതെ ഇതെല്ലാം സാധ്യമാകുമെന്ന് ഉറപ്പുള്ള 39 മാതാപിതാക്കളും ഇവിടെയുണ്ട്. ആർക്കും മുന്നിലും ചങ്കൂറ്റത്തോടെ ഇതു പറയാനും ഇവർ തയ്യാറാണ്. 

 

കേരളത്തിൽത്തന്നെ ആദ്യമായാവും ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും അച്ചടിച്ച സംയുക്ത ഡയറി കേരളത്തിൽ പുറത്തിറങ്ങുന്നത്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബിആർ സി പരിധിയിലുള്ള തൃക്കുറ്റിശ്ശേരി ഗവ: യുപി സ്കൂളിലെ ഒന്നാംതരത്തിലെ മുഴുവൻ കുട്ടികളുടെയും സംയുക്ത ഡയറി ഇന്ന് പ്രകാശനം ചെയ്തു. കുട്ടിയും രക്ഷിതാവും ചേർന്ന് എഴുതി കുട്ടിയുടെ സ്വന്തം രചനയിലേക്ക് നയിക്കുന്ന സംയുക്ത ഡയറികൾ അക്കോഡിയൻ രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ഡയറികൾ വരും ദിവസങ്ങളിൽ വായിക്കാനുള്ള കാത്തിരിപ്പിലാണ് ഈ ഒന്നാം ക്ലാസ്സുകാർ. സംയുക്ത ഡയറിയിലെ ഓരോ ചിത്രത്തെക്കുറിച്ചും കുറിപ്പുകളെകുറിച്ചും എത്രനേരം സംസാരിക്കാനും ഈ 39 പേരും റെഡിയാണ്. സ്കൂൾ ഡയറി എഴുതാനുള്ള അനുഭവം ഒരുക്കുന്നതിനായി രക്ഷിതാക്കളെ വ്യത്യസ്തമായ വഴികളിലൂടെ നടത്തിയിട്ടുണ്ട് ഈ മിടുക്കരിൽ പലരും. 82 വയസ്സുള്ള ബാലാമണി മുത്തശ്ശിക്ക് ആദ്യമായി കവിതകൾ എഴുതാനും നിമിത്തമായത് സംയുക്തദയറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടീച്ചറുടെ വീടുസന്ദർശനമാണ് . ഞാൻ പഠിച്ചിരുന്ന കാലത്ത് ഇത്തരം രീതികൾ ഉണ്ടായിരുന്നെങ്കിൽ അറിയപ്പെടുന്ന കവിയായേനെ എന്ന് മുത്തശ്ശി സ്കൂളിൽ നൽകിയ ആദരത്തിന്റെ ഭാഗമായി പറഞ്ഞു. മുത്തശ്ശിയുടെ “ഭക്തിഗീതങ്ങൾ” എന്ന കവിത സമാഹാരം ഒന്നാം ക്ലാസുകാരുടെ അച്ചടിച്ച ഡയറിയോടൊപ്പം പ്രകാശനം ചെയ്തു. കുട്ടികളുടെ ഡയറികളുടെ ഉള്ളടക്കം ടൈപ്പ് ചെയ്തതും ലേ ചെയ്തതും ചിത്രങ്ങൾ ക്രമീകരിച്ചതുമെല്ലാം അമ്മമാർ തന്നെ. ഇതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനവും നൽകി. സംയുക്ത ഡയറിയുടെ തുടർച്ചയായി സ്വന്തമായി കവിതകൾ എഴുതുന്ന ഒന്നാം ക്ലാസിലെ ചില മിടുക്കരുടെ കവിതകൾ പുസ്തകരൂപത്തിൽ അടുത്ത ദിവസങ്ങളിൽ തന്റെ പ്രകാശനത്തിന് ഒരുങ്ങുകയാണ് ഈ വിദ്യാലയത്തിൽ. ഹെഡ്മാസ്റ്റർ പി പി സുധീർ രാജ്, ബി ആർ സി ട്രെയിനർ സജിൻ മാത്യു, എം പി ടി ഐ ചെയർപേഴ്സൺ മിനിമോൾ, ഫസ്റ്റ് ബെൽ ഫെയിം അരുൺ മാസ്റ്റർ, ടി എം പ്രകാശൻ, കെ റീന , ഇ രമേഷ്, എസ്. ഡി ഇന്ദുജ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അബ്ദുൾ നാസർ
ഡയറ്റ് പ്രിൻസിപ്പൽ
കോഴിക്കോട്

"തൃക്കുറ്റിശ്ശേരി ഗവ: യുപി സ്കൂളിലെ ഒന്നാംതരത്തിലെ അധ്യാപിക എന്ന നിലയിൽ എനിക്കും ചിലത് പറയാനുണ്ട്, സംയുക്ത ഡയറിയെക്കുറിച്ച്.
ആദ്യം ആശങ്ക

പാതി മനസ്സോടെ അല്ലെങ്കിൽ തെല്ലൊരാശങ്കയോടെ തന്നെയാണ് ഒഴുക്കിനൊപ്പം നീങ്ങണമല്ലോ എന്ന് കരുതി ഡയറി എഴുതാം എന്ന് തീരുമാനിച്ചു.

രണ്ടാഴ്ചരണ്ടാഴ്ചക്കുള്ളിൽ അനുകൂല ഫലം

രക്ഷിതാക്കളും ആദ്യം വലിയ ഉത്സാഹം കാണിച്ചിരുന്നില്ല. എന്നാൽ ജൂലൈ ഒന്നിന് ഡയറി എഴുത്ത് ആരംഭിച്ചത് രണ്ടാഴ്ച കൊണ്ട് തന്നെ കുട്ടികളിൽ ചെറിയ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. ക്ലാസുകളിൽ പരിചയപ്പെടാത്ത ഞാൻ, എന്റെ തുടങ്ങിയ പുതിയ അക്ഷരങ്ങൾ/ പദങ്ങൾ അവർക്ക് പരിചിതമായി.

 കുട്ടികൾക്ക് കൗതുകം

മറ്റുള്ളവരുടെ ഡയറിയിൽ എന്താണെന്നറിയാനുള്ള ജിജ്ഞാസയും എന്റെ ഡയറിയിലെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാനുമുള്ള ആഗ്രഹവും വളർന്നു.


രണ്ടു വാക്യങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ചില ഡയറികൾ വിശകലന ചോദ്യങ്ങളിലൂടെ വികസിപ്പിക്കുവാൻ സാധിച്ചു.

ആദ്യം കുട്ടികളിൽ കൗതുകം ഉണർത്തുന്ന രീതിയിൽ അധ്യാപിക ഡയറി അവതരിപ്പിച്ചു. (മേൽ, ജൂലായ്). പിന്നീട് കുട്ടികൾ സ്വയം ഡയറി അവതരിപ്പിക്കുന്ന രീതിയിലേക്ക് അത് വളർന്നു.

 പേനയെഴുത്ത് കുറഞ്ഞുവന്ന് പിന്നീട് അത് മാഞ്ഞു പോകുന്ന മനോഹരമായ കാഴ്ച അതിശയത്തോടെ തന്നെയാണ് ഞാൻ നോക്കിയത്.


ഇന്ന് ഓരോ കുട്ടിയുടെയും മിടിപ്പാണ് ഈ ഡയറി.
ഈ ഡയറിക്ക് കഴിയുന്ന ഏറ്റവും വലിയ അംഗീകാരമാണ് മുഴുവൻ കുട്ടികളുടെയും അച്ചടിച്ച ഡയറി പ്രകാശനം. ഇതൊരു തുടക്കമാണ്. സ്വയം അറിയിക്കുവാനും വിലയിരുത്തുവാനും മറ്റുള്ളവരെ അറിയാനുമുള്ള തുടക്കം. ഒന്നാം ക്ലാസിൽ വായനയെന്ന ലഹരിക്കടി പെടുവാൻ ഇതിലും നല്ലതെന്തു വേണം?  

കോയിപ്പാട് സ്കൂളിലെ മഹേശ്വരിന്റെ ഡയറി കണ്ടപ്പോൾ മുതലാണ് എന്റെ ക്ലാസ്സിൽ എത്ര മഹേശ്വരർ ഉണ്ട് എന്ന് ഞാൻ ചിന്തിച്ചു. ഒടുക്കം ഉത്തരം കിട്ടി. അതെ എല്ലാവർക്കും വേണം. എല്ലാം ഒരേ തട്ടിൽ അളന്നു തൂക്കാൻ കഴിയില്ലെങ്കിലും, അവരിൽ ഉണ്ടായ മാറ്റം അഭിനന്ദനാർഹമാണ്. അത് അംഗീകരിക്കപ്പെടേണ്ടതാണ്.

ജോലിക്ക് പോകുന്ന അമ്മമാർ പോലും തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് കുട്ടിക്കൊപ്പം ഇരിക്കാൻ തയ്യാറായി. അതിന്റെ ഫലം ഇന്ന് നിറയെ കാണുവാനും അനുഭവിക്കുവാനും അവർക്ക് കഴിഞ്ഞു.

 ഒരു അധ്യാപിക എന്ന നിലയിൽ ഇതിലൊക്കെ ഭാഗവാക്കാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും പങ്കുവയ്ക്കട്ടെ.

സ്നേഹപൂർവ്വം

ഇന്ദുജ ടീച്ചർ

 തൃക്കുറ്റിശ്ശേരി ഗവ: യുപി സ്കൂൾ - കോഴിക്കോട്

കേരളത്തിൽ ആദ്യമായി മുഴുവൻ കുട്ടികൾക്കും അച്ചടിച്ച സംയുക്തഡയറി: തൃക്കുറ്റിശ്ശേരി സ്കൂൾ മാതൃകയായി

തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരി ഗവ: യുപി സ്കൂളിലെ ഒന്നാം കുട്ടികളുടെയും അച്ചടിച്ച സംയുക്ത ഡയറി പ്രകാശനം ചെയ്തു. കുട്ടിയും രക്ഷിതാവും ചേർന്ന് എഴുതി കുട്ടിയുടെ സ്വന്തം രചനയിലേക്ക് നയിക്കുന്ന അക്കോടിയൻ രൂപത്തിലുള്ള ഈ ഡയറികൾ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ : അബ്ദുനാസർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി