ആയിഷ ടീച്ചറുടെ
(എ. എൽ. പി. സ്കൂൾ തോട്ടക്കര, ഒറ്റപ്പാലം, പാലക്കാട്) കുറിപ്പ് വായിക്കാം.
തുടക്കം ആഹ്ലാദനിറവിൽ.
✍🏻 സചിത്രപാഠപുസ്തകത്തിൽ നിന്നുമായിരുന്നു ഞങ്ങളുടെ തുടക്കം. ചിത്രങ്ങളുടെ അകമ്പടിയോടെ പാഠഭാഗങ്ങളെ സമീപിച്ചപ്പോൾ വളരെ ആഹ്ലാദകരമായ ചുവടു വെപ്പാണുണ്ടായത്.
തുടർന്ന് സംയുക്തഡയറിയെ പരിചയപ്പെടുത്തി. ആദ്യത്തെ ക്ലാസ് പി.ടി.എ യിൽ തന്നെ സചിത്ര ബുക്കും സംയുക്തഡയറിയും പരിചയപ്പെടുത്തി. രക്ഷിതാക്കളുടെ ശില്പശാലയും സംഘടിപ്പിച്ചു.
ഡയറിയെഴുത്തിന് സമ്മാനം
സംയുക്തഡയറി എഴുതാനായി എന്റെ മക്കൾക്കെല്ലാം ഓരോ നോട്ടുപുസ്തകവും പ്രോത്സാഹനമായി നൽകി. 8 പേരടങ്ങുന്ന ക്ലാസിൽ സ്ഥിരമായി ഹാജരാകാറുള്ളത് 6 പേര് മാത്രമാണ്. അതിൽ 5 പേർ ജൂലൈ മാസം മുതൽ ഡയറി എഴുതിത്തുടങ്ങി. ഇടയ്ക്കിടെ എഴുതാൻ വിട്ടുപോകുന്നവരും ഉണ്ട്. എന്നാൽ എല്ലാദിവസവും എഴുതുന്നവരും ഉണ്ട്. ഒക്ടോബർ 19 ന് അമൽദേവിന്റെ ഒന്നാമത്തെ സംയുക്ത ഡയറി പൂർത്തിയായി. രണ്ടാമത്തെ പുസ്തകത്തിലേക്ക് കടന്നു. ഓരോ മാസവും മുടങ്ങാതെ ഡയറി എഴുതുന്നവർക്ക് സമ്മാനം നൽകാറുണ്ടായിരുന്നു.
ആഴ്ചതോറും പുസ്തകങ്ങൾ
✍🏻 ഒന്നാം ക്ലാസുകാർക്കായി സ്കൂൾ ലൈബ്രറിയിൽ നിന്ന് ഇംഗ്ലീഷ്, മലയാളം, ഗണിതം ഉൾപ്പെടുത്തി 60 പുസ്തകങ്ങൾ ശേഖരിച്ചു ആഴ്ചയിൽ രണ്ടു തവണ പുസ്തകങ്ങൾ മാറ്റിയെടുക്കുന്ന രീതിയും പരിശീലിപ്പിച്ചു. ഒരു കണ്ടീഷൻ മാത്രം വെച്ചു. എടുക്കുന്ന പുസ്തകത്തിന്റെ പേരും ആദ്യപേജും വായിച്ചു തരണം. അതുപോലെ പുസ്തകം തിരിച്ചേൽപ്പിക്കും വരെയും വായിച്ചു ഗ്രൂപ്പിൽ
അയക്കണം. 6 ൽ 4 പേരും ചെയ്തുവരുന്നു. ബാക്കിയുള്ളവരെ ക്ലാസ്സിൽ നിന്നും സമയം കണ്ടെത്തി വായിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട്.
വായനക്കാർഡുകളുമായി അസംബ്ലിയിൽ
✍🏻 അസംബ്ലിയിലും എല്ലാവരും പരിപാടി നന്നായി അവതരിപ്പിക്കുന്നുണ്ട്. പുസ്തകങ്ങൾക്കു പുറമേ നിറയെ വായനാ കാർഡുകളും തയ്യാറാക്കി വായിച്ചു വരുന്നു.
ഭാഷോത്സവം മുന്നൊരുക്കം
✍🏻 ഭാഷോത്സവത്തെ കുറിച്ച് SRG യിൽ അവതരിപ്പിച്ചു. അധ്യാപകരുടെ നിറഞ്ഞ പ്രോത്സാഹനം ലഭിച്ചു.
സ്കൂൾ ഗ്രൂപ്പിലും ക്ലാസ് ഗ്രൂപ്പിലുമായി പോസ്റ്ററുകളും വിശദീകരണങ്ങളും പരിപാടിയുടെ വീഡിയോകൾ ആയും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും പങ്കുവെച്ചു.
✍🏻 വളരെ മികച്ച ഒരു പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. "ടീച്ചറെ ഈ പരിപാടിയെല്ലാം എന്തേ ഒന്നാം ക്ലാസ്സിൽ മാത്രം ഞങ്ങളുടെ മക്കൾക്കും ഇല്ലേ...? " വളരെ നന്നായിട്ടുണ്ട്👌🏻 രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.
ഒന്നാം ക്ലാസുകാർക്കിപ്പോൾ ഭാഷോത്സവത്തിന്റെ പൊടിപൂരമാണ്. 🥳 പഠനോത്സവത്തിലേക്ക് നമുക്ക് എല്ലാവരെയും ഒരുക്കി ഉഷാറാക്കാം എന്നും മറുപടി നൽകി.
✍🏻 കുട്ടികൾ ഏറെ ആസ്വാദ്യതയോടെയാണ് പങ്കാളികളാവുന്നത്. ലീവ് എടുക്കാൻ പോലും സമ്മതിക്കാതെ ക്ലാസിൽ എത്തുന്നു.
സഹാധ്യാപകരുടെ സ്റ്റാറ്റസുകളിലും ഒന്നാം ക്ലാസുകാർ
✍🏻 സഹപ്രവർത്തകരായ അധ്യാപകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്. അവരുടെ സ്റ്റാറ്റസുകളിലും എന്റെ മക്കൾ നിറഞ്ഞു നിന്നു.
♦️ *സുജാത കെ എസ്*
എ എൽ പി എസ്, തോട്ടക്കര, ഒറ്റപ്പാലം.
ഞാൻ ഈ സ്കൂളിലേ നാലാം ക്ലാസ് അധ്യാപികയാണ്.
ആയിഷ ടീച്ചറുടെ ഓരോ ദിവസത്തെയും പ്ലാനിംഗ് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.
# പ്രവർത്തനങ്ങളുടെ വീഡിയോ സ്കൂൾ ഗ്രൂപ്പിൽ ഇട്ടപ്പോഴും ഞാൻ എന്റെ വ്യക്തിപരമായി സ്റ്റാറ്റസ് ഇട്ടപ്പോഴും വളരെ നല്ല അഭിപ്രായം പലരും പറഞ്ഞു.
♦️ *ജയശ്രീ. പി* എ എൽ പി എസ്, തോട്ടക്കര, ഒറ്റപ്പാലം.
ഞാൻ ഈ സ്കൂളിലെ മൂന്നാം ക്ലാസ് അധ്യാപികയാണ്. ഭാഷോത്സവം കുട്ടികൾക്ക് വളരെ താല്പര്യമുള്ള പരിപാടിയായിരുന്നു. എല്ലാ കുട്ടികളുടെയും ടീച്ചറുടെയും പങ്കാളിത്തം നന്നായിരുന്നു. ടീച്ചറുടെ ഓരോപരിപാടികളുടെ പ്ലാനിംഗ് വളരെ നല്ല രീതിയിലായിരുന്നു.
രക്ഷിതാക്കൾ പറയുന്നു
♦️ മക്കളേറെ വായിക്കാൻ തുടങ്ങിയിരിക്കുന്നു. "അമ്മ അമ്മയുടെ ജോലികൾ നോക്കിക്കൊള്ളൂ, ഞാൻ തനിയെ ഇരുന്നു വായിക്കാം." വളരെ സന്തോഷമുണ്ട് ടീച്ചറെ മോന്റെ ഈ മികവിൽ
♦️ ടീച്ചറെ ഇപ്പോൾ എന്തു കിട്ടിയാലും വായിക്കും മതിലിലെ പോസ്റ്റർ,നോട്ടീസ്, പത്രം. ഒത്തിരി ശ്രമിച്ചു കിട്ടിയില്ലെങ്കിൽ മാത്രം സമീപിക്കാറുള്ളൂ. വലിയ ക്ലാസുകളിൽ എത്തുമ്പോഴും ഈ ആവേശം ഉണ്ടായാൽ മതിയായിരുന്നു.
♦️ ടീച്ചറേ എഴുത്തിനോടൊപ്പം ചിത്രം വരച്ചു വരച്ചു പുസ്തകം എല്ലാം തീർന്നു.
♦️ സ്കൂൾ വിട്ടുവന്നാൽ തനിയെ ഇരുന്ന് വായിക്കും. വളരെ സന്തോഷമുണ്ട്.
*ഭാഷോത്സവം കൂട്ടെഴുത്ത് പത്രം*
♦️ ഒന്നാം ക്ലാസിലെ കുട്ടികൾ *"പൊൻപുലരി"* എന്ന പേരിൽ കൂട്ടെഴുത്ത് പത്രം തയ്യാറാക്കി.
♦️ സംയുക്ത ഡയറി പലപ്പോഴും പത്രവാർത്തയും അറിയിപ്പുമായി എഴുതിയിരുന്നത് കൊണ്ട് പത്രവാർത്തയെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തേണ്ടി വന്നില്ല. വിഷയങ്ങളും കുട്ടികൾ തന്നെ സ്വന്തമായി കണ്ടെത്തി.
♦️ ആദ്യം സംയുക്ത ഡയറിയിൽ തന്നെ കുട്ടികൾ വാർത്തകൾ എഴുതി കൊണ്ടുവന്നു. ഒരാൾക്കു മാത്രം എഴുതാൻ കഴിഞ്ഞില്ല.
♦️ കൂട്ടുകാരുടെയും അധ്യാപികയുടെയും സഹായത്താൽ അവന്റെ വാർത്ത ക്ലാസ്സിൽ നിന്നും തയ്യാറാക്കി.
♦️ *"ഇപ്പോൾ ജാഗ്രത വേണം എപ്പോഴും", "വീണു മുറിയായി", "ഏട്ടന്റെ സമ്മാനം", "പട്ടി പൂച്ചയെ കടിച്ചു കൊന്നു","സ്കൂൾ അസംബ്ലി", "പശുവിനെ പട്ടി കടിച്ചു"*. ഇതായിരുന്നു മക്കളുടെ വൈവിധ്യമേറിയ വാർത്തകൾ.അങ്ങനെ ആറു പേരും പത്രത്തിൽ സ്ഥാനം പിടിച്ചു.
♦️കൂട്ടുകാരുടെ പരസ്പരം വായനയിലൂടെ വാർത്തകൾ കൂടുതൽ മെച്ചപ്പെടുത്തി. തുടർന്ന് അധ്യാപികയുടെ എഡിറ്റിംഗ് കൂടിയായപ്പോൾ വാർത്തകൾ പൂർത്തിയായി.
♦️ കുട്ടികൾ എല്ലാവരും അവരുടെ വാർത്തകൾ A4 ഷീറ്റിൽ അനുയോജ്യമായ ചിത്രത്തോടെ തയ്യാറാക്കി.
♦️ ചാർട്ടിൽ ഭംഗിയായി ഒട്ടിച്ചു. ടീച്ചറുടെ റോൾ തീർന്നില്ല മനോഹരമായ ലേ ഔട്ടോടുകൂടി അടിപൊളി പത്രം *"പൊൻപുലരി"* റെഡിയായി.
♦️ ഞങ്ങളുടെ *"പൊൻപുലരി"* സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചറുടെയും മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീമതി.ജിഷ പ്രകാശനം ചെയ്തു. എല്ലാവരും നിറഞ്ഞ കൈയടിയോടെ *"പൊൻപുലരി"* യെ വരവേറ്റു 😍
*ഭാഷോത്സവം " പാട്ടരങ്ങ് "*
2023 ഡിസംബർ 8 വെള്ളി
♦️ പാഠഭാഗവുമായി ബന്ധപ്പെട്ട ആശയം വരുന്ന *"ചങ്ങാതി" , "പത്തിരി", തുടങ്ങിയ പലഹാരപാട്ടുകളും, പാഠപുസ്തകത്തിലെ "പൂക്കളം", "മഴവില്ലാണോ നിന്നമ്മ", പാട്ടരങ്ങിലെ "അയ്യട വന്നു മഴവെള്ളം"* പാട്ടുകളും തിരഞ്ഞെടുത്തു.
♦️ പാഠപുസ്തകത്തിലെ പാട്ടുകൾ പരിചയമേറെയുള്ളതിനാൽ ബാക്കിയുള്ള പാട്ടുകൾ അഞ്ചുപേർക്കുമായി A4 പേപ്പറിൽ പഠിക്കാനായി നൽകി.
♦️ പരസ്പരം സഹായിച്ചു. കുട്ടികൾ പാട്ടുപാടി പഠിച്ചു. കൂട്ടത്തിൽ ചിഹ്നം ഉറയ്ക്കാത്ത/ അക്ഷരങ്ങളുടെ പൂർണ്ണപരിചയം ഇല്ലാത്തവരെ മറ്റു കൂട്ടുകാർ സഹായിക്കുകയും ചെയ്തു.
♦️ ആദ്യം താളം ഇടാതെ എല്ലാവരും പാടി അവതരിപ്പിച്ചു. തുടർന്ന് ചെണ്ട, താളം, കുപ്പി, കിലുക്ക്, തുടങ്ങിയ ഉപകരണങ്ങൾ കൊണ്ടു പാട്ടുകൾ മനോഹരമായ താളമേളത്തോടെ അവതരിപ്പിച്ചു.🥳
♦️ സാധാരണ ക്ലാസ്സിൽ പാട്ടും ഡാൻസും എല്ലാം അവതരിപ്പിക്കാറുണ്ടെങ്കിലും *പാട്ടരങ്ങ്* പരിപാടി ഏറെ വൈവിധ്യവും ആഹ്ലാദകരവുമായി. ഞങ്ങളുടെ താളമേളം കേട്ട് മറ്റു ക്ലാസിലെ വിദ്യാർത്ഥികൾ കൂടി പങ്കാളിത്തം തേടി വന്നു. ഇതെന്റെ മക്കളെ ഏറെ സന്തോഷവാന്മാരാക്കി.😍
ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ ചെറു നീരസവും ഉണ്ട്
✍🏻 കുട്ടിപ്പത്രം "പൊൻപുലരി" വളരെ നന്നായിട്ടുണ്ട്.
പാട്ടരങ്ങ് അതിഗംഭീരവും കഥോത്സവത്തിനും റീഡേഴ്‌സ് തിയേറ്ററിനുമായി മക്കൾ ഏറെ ഒരുങ്ങി കഴിഞ്ഞു.
✍🏻 ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ ഞാനിന്ന് വളരെ അഭിമാനിക്കുന്നു അതോടൊപ്പം ഒരു ചെറു നീരസവും രണ്ടു വർഷങ്ങൾക്കു മുന്നേ ഈ പരിപാടികളെല്ലാം തുടങ്ങിയിരുന്നെങ്കിൽ ഇവരെപ്പോലെ മികവ് തെളിയിക്കാൻ ഇന്നത്തെ നാലാം ക്ലാസുകാർക്കും മൂന്നാം ക്ലാസുകാർക്കും ആയേനെ. ഇന്നെന്റെ മക്കൾ എല്ലാ മേഖലയിലും കഴിവ് തെളിയിച്ചവരാണ്. അതിനൊരു പാതയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു.
✍🏻 ഇത്തരത്തിലുള്ള പഠന തന്ത്രങ്ങൾ ഗുണമേന്മയെ തെളിച്ചു കാട്ടുന്നു. വിടവുകളില്ലാതെ മക്കളെ പ്രാപ്തരാക്കാൻ സഹായിക്കുന്നു.
✍🏻 മലയാളത്തിന് പുറമേ ഇംഗ്ലീഷിൽ കൂടി ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്.
✍🏻 ഓരോ പരിപാടികളെയും വിജയത്തിലെത്തിക്കുന്നത് അതിന്റെ മികവ് തുടർച്ച തന്നെയാണ്. അതിലൊരു സംശയവും വേണ്ട. ഓരോ പ്രവർത്തനങ്ങളിലും കൂടുതൽ പുതുമകൾ ഉൾപ്പെടുത്തുമ്പോൾ അതിലൂടെ ലഭിക്കുന്ന റിസൾട്ടും വളരെ മികച്ച ആയിരിക്കും👏🏻
ഒരു ദിവസത്തിലോ ഒരാഴ്ചയിലെ ഒതുങ്ങാതെ നിരന്തരം ആദ്യ പദ്ധതിയിൽ തന്നെ ഇത്തരം ഭാഷോത്സവങ്ങൾ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
വാട്സാപ് ഗ്രൂപ്പുകളും പൂന്തേൻ മലയാളവും
✍🏻 ക്ലസ്റ്റർ പരിശീലനത്തിലൂടെ ലഭിച്ച അറിവിനെക്കാൾ വ്യാപ്തമായ അറിവിന്നിൽ പകർന്നത് "രചനോത്സവം", "ഒന്നാംതരം പാട്ടരങ്ങ്", "കൂട്ടെഴുത്ത് പത്രം ","ഒന്നാം ക്ലാസിലെ ഡയറി എഴുത്തുകൾ", "അനുഭവക്കുറിപ്പുകൾ", "തനിച്ചെഴുത്ത് ","ഭാഷോത്സവം വീഡിയോകൾ ഒന്നും രണ്ടും ക്ലാസുകൾ", "സംയുക്ത ഡയറി തേനെഴുത്ത്" തുടങ്ങി ഗ്രൂപ്പുകളാണ് 😍 കഴിഞ്ഞ വർഷം ഒറ്റപ്പാലം ഉപജില്ലയിൽ കലാധരൻ സാർ നടത്തിയ
പൂന്തേൻ മലയാളം പരിശീലനത്തിലൂടെയാണ് എനിക്കീ വഴികളിലേക്ക് വെളിച്ചം ലഭിച്ചത്.
✍🏻 ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർന്നതു മുതൽ വ്യത്യസ്തമായ ഒട്ടനവധി അറിവുകളും അനുഭവങ്ങളുമാണ് ലഭിച്ചത്.
ഒരു മിനിറ്റ് പോലും നിശ്ചലമാവാത്ത ഗ്രൂപ്പ്. ഒന്നിനൊന്നു മികച്ച ഉത്പന്നങ്ങൾ! സംശയ നിവാരണം അതിഗംഭീരം.
സംഘാടകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു🌹🌹🌹
ആയിഷ അനിഷ എം (അധ്യാപിക ഒന്നാം ക്ലാസ്സ് )
7560895814
The great teacher inspires.”
ReplyDeleteആയിഷ ടീച്ചർ എപ്പോഴും അങ്ങനെയാണ്❤️. ഒരുപാട് കാര്യങ്ങൾ ഒരേസമയം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നൊരു മികച്ച ഒരു അധ്യാപിക.