Pages

Wednesday, November 2, 2011

പഴവിപണിയില്‍ വിദേശി ആധിപത്യം-ഇത് ചര്‍ച്ച ചെയ്യാമോ ?


 22 Aug 2011  -നു  വന്ന ഒരു വാര്‍ത്തയാണിത്. ആദ്യം വാര്‍ത്ത വായിക്കൂ .





കണ്ണൂര്‍ : റംസാന്‍കാലമായതോടെ വിപണിയില്‍ വിദേശിപ്പഴങ്ങളുടെ ആധിപത്യം. സപ്പോട്ടയെപ്പോലെ മൊഞ്ചുള്ള ന്യൂസീലന്‍ഡുകാരനാണ് വിപണിയിലെ മുഖ്യതാരം. പേര് കിവി. ഈ പേര് എങ്ങനെ വീണുവെന്ന് കച്ചവടക്കാര്‍ക്കറിയില്ല. കിവി പക്ഷിയുമായി എന്തെങ്കിലും ബന്ധമുണ്ടാകുമെന്നാണ് ഇത് വാങ്ങാനെത്തിയ ഒരാളുടെ അഭിപ്രായം. കൂടെയുള്ളയാള്‍ കുറച്ചുകൂടി ആധികാരികമായി പറഞ്ഞു; കിവി പക്ഷിയുടെ മുട്ടയുടെ ആകൃതിയാണത്രെ ഇതിന്. എങ്കിലും ഈ ന്യൂസീലന്‍ഡുകാരന്‍ രുചിയില്‍ മുമ്പനാണ്. കിലോഗ്രാമിന് 300 രൂപയാണ് കിവിയുടെ വില. 
മലേഷ്യയില്‍നിന്നുവന്ന 'ലിച്ച്' സുന്ദരന്‍ മാത്രമല്ല, ജനപ്രിയന്‍ കൂടിയാണ്. ഇതിന് ലോഗന്‍ എന്നൊരു വിളിപ്പേരു കൂടിയുണ്ട്. കിലോയ്ക്ക് 200 രൂപയാണ് ലിച്ചിന്റെ വില. 
പഴക്കടകളെ അലങ്കരിച്ചുനിര്‍ത്തുന്നത് മുന്തിരികളാണ്. മനോഹരമായ പായ്ക്കുകളില്‍ കാര്‍വര്‍ണത്തോടെ തൂങ്ങിയാടുന്ന മുന്തിരിക്കുലകള്‍. പക്ഷേ, മുന്തിരിയെന്നൊന്നും ഇതിനെ ഇപ്പോള്‍ ആരും വിളിക്കാറില്ല. യു.എസ്.ഗ്രേപ്പ് എന്നാണു പേര്. പഴത്തിനുള്ളില്‍ കുരുപോലും കാണില്ല. ഈ സുന്ദരി മുന്തിരിക്ക് വില 350 രൂപ. 
സൗത്ത് ആഫ്രിക്കയില്‍നിന്നെത്തിയതാണ് 'പിയര്‍' എന്ന പഴം. വിപണിയില്‍ നല്ല ആവശ്യക്കാരാണ്. വില 250 രൂപ. നോമ്പു നോല്‍ക്കുന്നവര്‍ക്ക് ഉറുമാമ്പഴത്തോടാണ് പ്രിയമെന്ന് കണ്ണൂര്‍മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന്‍ സമീര്‍ പറഞ്ഞു. 90 മുതല്‍ 120 രൂപവരെയാണ് ഉറുമാമ്പഴത്തിന്റെ വില.


പുളിയെന്നു കേള്‍ക്കുന്നവര്‍ക്ക് പോലും നാവില്‍ വെള്ളം നിറയും. രുചിക്കുമുമ്പേ പുളിരസത്തിന്റെ അനുഭവമറിയും. പുളിക്ക് മധുരമായാലോ! മുറ്റത്തെ പുളിമരത്തില്‍ തൂങ്ങിയാടുന്ന പുളി കണ്ടാലും തൊടിയില്‍ വീണുകിടക്കുന്ന കൊച്ചുപുളി കണ്ടാലും ക്രമേണ പുളിരസത്തിന്റെ നനവ് നാവില്‍നിന്നകന്നുപോകും. പഴക്കടയില്‍ കയറി പുളി ചോദിച്ചാല്‍ ഇപ്പോള്‍ നല്ല തായ്‌ലന്‍ഡുകാരനെ നല്‍കും. മനോഹരമായ കവറില്‍ നല്ല വാളന്‍പുളി. പക്ഷേ, രുചി മധുരമാണെന്നുമാത്രം. ഈ മധുരപ്പുളിയന്റെ വില 70 രൂപയാണ്. ആപ്പിളുകള്‍ ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികളെപ്പോലെയാണ്. നാട്ടിലെപണിക്കാരെ തരിമ്പിനുപോലും കാണാനുണ്ടാവില്ല. ഒറീസ, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ളവരാണ് ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികള്‍. അതുപോലെ ഹിമാലയന്‍ ആപ്പിള്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആപ്പിള്‍ കടയില്‍ കാണാനേയില്ല. ഉണ്ടെങ്കില്‍ത്തന്നെ ഒരു മൂലയില്‍ കാര്യമായ പരിഗണന കിട്ടാതെ ഒതുങ്ങിക്കിടക്കുന്നുണ്ടാകും. വാഷിങ്ടണ്‍ ആപ്പിള്‍, ചൈനയില്‍നിന്നെത്തുന്ന ഫ്യുചി ആപ്പിള്‍, ന്യൂസീലന്‍ഡ് ആപ്പിള്‍ എന്നിങ്ങനെ നീളുന്നു പരദേശി ആപ്പിളിന്റെ പട്ടിക. 120 രൂപമുതല്‍ 150 രൂപവരെയാണ് വില. 
മലയാളികള്‍ കണ്ടുപരിചയിച്ച ഓറഞ്ച് ഇപ്പോള്‍ കണികാണാന്‍ പോലുമില്ലാതായി. പക്ഷേ, നല്ല സ്റ്റിക്കര്‍ പതിച്ച് സുന്ദരന്മാരായ ഓറഞ്ചിന്റെ നീണ്ടനിര കടകളിലുണ്ട്. സിട്രസ് എന്ന വിളിപ്പേരുമായി ഓസ്‌ട്രേലിയന്‍ ഓറഞ്ച്, യു.എസ്.ഓറഞ്ച്, പുണെ ഓറഞ്ച് എന്നിങ്ങനെയാണവ. ഓസ്‌ട്രേലിയന്‍ ഓറഞ്ചുതന്നെ രണ്ടുതരമുണ്ട്. 70 മുതല്‍ 90 രൂപവരെയാണ് വില. വൈവിധ്യങ്ങളില്‍ മുമ്പന്‍ ഷമാമാണ്. 18 തരം ഷമാമുകളാണ് വിപണിയിലുള്ളത്. യെല്ലോ ഷമാം, വൈറ്റ് ഷമാം എന്നിവയാണ് വിപണിയില്‍ പ്രിയപ്പെട്ടത്. ഈ വിദേശികളുടെ വരവ് ബാംഗ്ലൂര്‍ വഴിയാണ്. റംസാന്‍ അടുത്തതോടെ എല്ലാദിവസവും കണ്ണൂരില്‍ പഴങ്ങളെത്തുന്നുണ്ട്. ചില്ലറവില്പന പോലെതന്നെ മൊത്തക്കച്ചവടവും കണ്ണൂരില്‍ സജീവമായിട്ടുണ്ട്. 

 ഈ വാര്‍ത്തയുടെ പഠന സാധ്യത എന്താണ്? നമ്മള്‍ക്ക് ഒരു അന്വേഷണം നടത്താം. കുട്ടികളുടെ പഠനാനുഭവം ആക്കി മാറ്റാന്‍ സഹായകമായ വിശകലനം വിവിധ വിഷയക്കാരുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുന്നു.
സാമൂഹികശാസ്ത്രാധ്യാപകരോട് 
  • രുചിയുടെ മേലുള്ള അധിനിവേശങ്ങള്‍.. നമ്മുടെ നാട്ടു  രുചികള്‍ക്ക്  ഭാവിയില്‍ എന്ത് സംഭവിക്കും.? ഈ അധിനിവേശം കൊണ്ട് സാമ്പത്തിക ലാഭം ആര്‍ക്കാണ് ഉണ്ടാകുന്നത്.?
  • ഇവ എത്ര ദൂരം സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്‌? ഭക്ഷണ ദൂരം -കൂടുതല്‍ ഉദാഹരണങ്ങള്‍ നല്‍കാമോ?
  • വാര്‍ത്തയില്‍ പറയുന്ന സ്ഥലങ്ങള്‍ എവിടെയാണ്? .കേരളത്തിലേക്ക് രുചിയുടെ യാത്രാ മാര്‍ഗം ഭൂപടത്തില്‍ രേഖപ്പെടുത്താമോ?
ഭാഷാധ്യാപകരോട് 
  • പഴങ്ങളുടെ വിശേഷണങ്ങള്‍ ശ്രദ്ധിച്ചോ . ഈ പഴങ്ങളെ  എല്ലാം പുരുഷ ഗണത്തില്‍ ഉള്‍പ്പെടുത്തിയത് എന്ത് കൊണ്ടാകും? പ്രത്യേകിച്ചു കാരണം ഒന്നുമില്ലെങ്കില്‍ എന്താണ് മനസ്സിലാക്കാവുന്നത് ?ലേഖകന്റെ അബോധ മനസ്സില്‍ വിശിഷ്ടമായതെല്ലാം ആണ്‍ വര്‍ഗമായിക്കോട്ടേ എന്നൊരു ധാരണ കിടപ്പുണ്ടോ?
  • "മധുരപ്പുളിയന്‍ " എന്ന പ്രയോഗം -സാധൂകരിക്കാമോ?
  • "ആപ്പിളുകള്‍ ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികളെപ്പോലെയാണ്" ഈ താരതമ്യം എത്രമാത്രം ഉചിതമാണ്?
  • "കാര്‍വര്‍ണത്തോടെ തൂങ്ങിയാടുന്ന മുന്തിരിക്കുലകള്‍ ." ഇത് പോലെ നമ്മുടെ നാട്ടിലെ ഒന്നോ രണ്ടോ പഴങ്ങളെ വിശേഷിപ്പിക്കാമോ?
  • "മുന്തിരിയെന്നൊന്നും ഇതിനെ ഇപ്പോള്‍ ആരും വിളിക്കാറില്ല. യു.എസ്.ഗ്രേപ്പ് എന്നാണു പേര്" അമേരിക്കന്‍ മുന്തിരി എന്ന് വിളിക്കാമായിരുന്നു .മലയാള ഭാഷയുടെ വളര്‍ച്ചയായി  ഈ പ്രവണതയെ   കാണാമോ?
  • മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതു പോലെ ഈ വാര്‍ത്തയോട് പോരുത്തപ്പെടാവുന്ന ചൊല്ലുകള്‍ ഉണ്ടോ?
ശാസ്ത്രാധ്യാപകരോട് 
  • പഴങ്ങള്‍ ഇത്രയും ദൂരം സഞ്ചരിച്ചു കേരളത്തില്‍ എത്തുന്നു. അഴുകുന്നില്ല. അഴുകാത്ത പഴങ്ങള്‍ വിശിഷ്ടമാണോ? അവ ഉണ്ടാക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ?
  • എങ്ങനെ ആണ് പഴങ്ങള്‍ അഴുകാതെ സൂക്ഷിക്കുന്നത്?
  • ഈ പഴങ്ങളുടെ രുചി കൂട്ടാന്‍ എന്തെങ്കിലും കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?
ഗണിത ശാസ്ത്രാധ്യാപകരോട് 
  • നാട്ടിലെ പഴങ്ങളും വിദേശി പഴങ്ങളും -വിലകള്‍ എങ്ങനെ എല്ലാം താരതമ്യം ചെയ്യാം.?
ചൂണ്ടു വിരല്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. അത് ആലോചനകള്‍ക്ക് വഴിയൊരുക്കും എന്ന് കരുതുന്നു.
  • ഒരു വാര്‍ത്ത വായിക്കുമ്പോള്‍ കുട്ടികളില്‍ ഉണ്ടാകേണ്ട അന്വേഷണാത്മക ചോദ്യങ്ങള്‍ ഇന്ന് ഉണ്ടാകുന്നുണ്ടോ?ഉപരിപ്ലവമായ വായന ആണോ നടക്കുന്നത്? ഇത് മറികടക്കാന്‍ സ്കൂളുകളില്‍ വാര്‍ത്തകളെ എങ്ങനെ ഉപയോഗിക്കണം?വാര്‍ത്തകളുടെ സംസ്കരണം സ്കൂളില്‍ നടക്കാറുണ്ടോ? അതോ തമസ്കരണം ആണോ നടക്കുക ?
  • ഇന്റഗ്രേഷന്‍ എന്നത് ഇവിടെ സ്വാഭാവികം ആണോ?ചെറിയ ക്ലാസുകളില്‍ മാത്രമേ ഇന്റഗ്രേഷന്‍ നടക്കൂ എന്ന് മുന്‍വിധി നമ്മള്‍ പുലര്‍ത്തുന്നുണ്ടോ?
സാധ്യതകള്‍ ആലോചിക്കുമ്പോള്‍ പുതിയ വഴികള്‍ തെളിഞ്ഞു വരും. അങ്ങനെ ഉള്ള ചിന്തകള്‍ക്ക് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.



1 comment:

  1. vartha vayanayude vimarshanatmaka thalangal thirichariyan sahayakam

    ReplyDelete

പ്രതികരിച്ചതിനു നന്ദി