Pages

Monday, December 23, 2019

മേക്കൊഴൂരിലെ മൂന്നു വിദ്യാലയങ്ങളുടെ ഒരുമ


1
"മേക്കൊഴൂരിന്റെ മുറ്റത്തെ മുല്ലമലരുകളുടെ മണം മുകര്‍ന്നു വളരട്ടെ മേക്കൊഴൂരിന്റെ മക്കള്‍"
"നാട്ടിലെ വിദ്യാലയം നാട്ടുകാരുടെ വിദ്യാലയം നന്മവിദ്യാലയം നല്ല വിദ്യാലയം" ഈ മുദ്രാവാക്യമാണ് മൂന്നു വിദ്യാലയങ്ങള്‍ നാട്ടുകാരുടെ മുമ്പാകെ വെച്ചത്.അത് നാട് ഏറ്റെടുത്തു.
 2
മേക്കൊഴൂര്‍ ( മൈലപ്ര പഞ്ചായത്ത്, പത്തനംതിട്ട ജില്ല) പ്രദേശത്ത് മൂന്നു വിദ്യാലയങ്ങളാണുളളത്. എം ഡി എല്‍ പി എസ്, എസ് എന്‍ ഡി പി യു പി എസ്, മര്‍ത്തോമ ഹൈസ്കൂള്‍. എല്‍ പി യില്‍ നിന്നും ഹൈസ്കൂള്‍തലം വരെ കുട്ടികള്‍ ഈ വിദ്യാലയങ്ങളില്‍ പഠിച്ചുവന്നു. പത്തനംതിട്ട നഗരത്തിലെ അടക്കംകൊല്ലി വിദ്യാലയവാഹനങ്ങള്‍ ഗ്രാമങ്ങളെ ആക്രമിച്ചപ്പോള്‍ കുട്ടികള്‍ വണ്ടിപ്പള്ളിക്കൂടം തേടിപ്പോയി. ഫലമോ ഈ വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു. അതിന് മറ്റൊരു ആഭ്യന്തരപ്രവണതയും ആക്കം കൂട്ടി. ഹൈസ്കൂളിലെ നടത്തിപ്പ് കുത്തഴിഞ്ഞ രീതിയിലായി. കസേര ശ്രദ്ധിക്കാനുളള വ്യഗ്രതയില്‍ അക്കാദമിക തലം വിസ്മരിച്ചു. സ്കൂള്‍ മാനേജ്മെന്റ് പ്രതിസന്ധി മറികടക്കാന്‍ അയല്‍ പഞ്ചായത്തിലെ നേതാജി ഹൈസ്കൂളിലെ ഒരു അധ്യാപകനെ ഈ സ്കൂളിലെ പ്രഥമാധ്യാപകനാക്കാന്‍ നടപടി സ്വീകരിച്ചു. ഇരുവിദ്യാലയങ്ങളും തമ്മില്‍ ധാരണയായി. അങ്ങനെ രാജിവ്നായര്‍ ടി മര്‍ത്തോമ ഹൈസ്കൂളിലെ എച് എം ആയി. ഒരു മാസത്തിനുളളില്‍ കാര്യങ്ങള്‍ ചിട്ടപ്പെട്ടു. വിദ്യാലയം ക്രമേണ അക്കാദമിക വിശ്വാസ്യത വീണ്ടേടുത്തു.
നൂതനമായ പരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടു. സന്നദ്ധതയുളള അധ്യാപകരുടെ ടീം ഒപ്പം . രക്ഷിതാക്കളും നാടും കൂടെ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.

3.ഒരുമ

 എന്തുകൊണ്ട് ഒരു പ്രദേശത്തെ വിദ്യാലയങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു കൂടാ? അങ്ങനെയാണ് മൂന്നു വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും പി ടി എയും സംയുക്തമായി യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തത്. നാട്ടിലെ എല്ലാ സംഘടനകളുടെയും യോഗമായിരുന്നു ആദ്യം നടന്നത്. നൂറിലേറെ സംഘടനകളുടെ പ്രാതിനിധ്യം ഉണ്ടായി. നാട്ടിലെ കുട്ടികള്‍ നാട്ടിലെ വിദ്യാലയത്തില്‍ പഠിക്കണം എന്ന ആശയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു. നാട് ആഗ്രഹിക്കുന്ന നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് വിദ്യാലയങ്ങളും. ഒരുമ എന്ന പേരില്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. പ്രവേശനോത്സവം സംയുക്തമായി നടത്തി. പ്രചരണപ്രവര്‍ത്തനങ്ങള്‍ സംയുക്തമാണ്. നോട്ടീസില്‍ മൂന്നു വിദ്യാലയങ്ങളുടെയും മികവുകള്‍, തെളിവുകള്‍...
ഒരേ ആശയം
ഒരേ ആദര്‍ശം
ഒരേ അഭിലാഷം
ഒരേ് ആടകള്‍
ഒരേ ആഘോഷങ്ങള്‍
ഒരേ വാഹനം
ഒന്നു മുതല്‍ പത്തുവരെ അഡ്മിഷന്‍ തുടരുന്നു എന്നാണ് മൂന്നു വിദ്യാലയങ്ങളും പറഞ്ഞത്. മൂന്നിടത്താണെങ്കിലും ഒരേ തണലില്‍.
ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കിയ പ്രഥമാധ്യാപകരായ രാജീവ്നായര്‍ ( എം റ്റി എച്ച് എസ്) , ആശ എസ് പണിക്കര്‍ ( എസ് എന്‍ ഡി പി യു പി എസ്) മാത്യൂസ് കുര്യന്‍ (എം ഡി എല്‍ പി എസ്) പി ടി എ ഭാരവാഹികളായ കെ റ്റി മധു ( എം റ്റി എച്ച് എസ്), മഞ്ജു ഷിബു ( എസ് എന്‍ ഡി പി യു പി എസ്), ദീപരാജേഷ് (എം ഡി എല്‍ പി എസ്) എന്നിവരെ അഭിനന്ദിക്കാതിരിക്കാനാവില്ല
ഈ വിദ്യാലയങ്ങള്‍ ഇപ്പോള്‍ നടത്തിയ ഇടപെടലിനെ കൂടുതല്‍ ശക്തമാക്കാനാകും, എങ്ങനെ?
  • മേക്കൊഴൂര്‍ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പു് ഏകോപനസമിതി രൂപീകരിക്കല്‍,
  • ഓരോ ടേമിലും ഈ അക്കാദമിക സമിതി കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും ആസൂത്രണം നടത്തലും
  • പൊതുവായ അക്കാദമിക വികസനപദ്ധതി തയ്യാറാക്കല്‍
  • സമൂഹപങ്കാളിത്തമുറപ്പാക്കാനുളള പൊതു പരിപാടികള്‍
  • സംയുക്ത പഠനോത്സവങ്ങള്‍
  • സംയുക്ത അക്കാദമിക ശില്പശാലകള്‍
  • ടാലന്റ് ലാബ് പോലെയുളള പ്രവര്‍ത്തനങ്ങള്‍ മൂന്നു സ്ഥാപനങ്ങള്‍ക്കും ഗുണം ലഭിക്കുംവിധം ഒരു കുടക്കീഴില്‍ കൊണ്ടുവരല്‍
  • ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
അയല്‍പക്ക വിദ്യാലയം എന്ന മഹത്തായ സങ്കല്പം യാഥാര്‍ഥ്യമാക്കാനുളള ഒരു സാധ്യതയാണ് ഇവര്‍ പരിശോധിക്കുന്നത്.
ഗുണമേന്മയുളള വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ ലഭ്യമാക്കുന്നതിനുളള ധീരമായ കൂട്ടായ്മ

4. ക്ലാസ് തിയേറ്റര്‍

ഞാന്‍ മേക്കൊഴൂര്‍ ഹൈസ്കൂളില്‍ പോയത് മറ്റൊരു കാര്യത്തിനാണ്. അതു കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ശരിയാകില്ല
ഈ ഹൈസ്കൂളില്‍ ക്ലാസ് തിയേറ്റര്‍ ഗ്രൂപ്പുകളുണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ രണ്ടു ഡിവിഷന്‍ വീതമാണ്. എല്ലാ ഡിവിഷനുകളിലും ക്ലാസ് തിയേറ്റര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. ഓരോ മാസവും ഏതെങ്കിലും വിഷയത്തിലെ ഉളളടക്കം തിയേറ്റര്‍ സങ്കേതം ഉപയോഗിച്ച് കുട്ടികള്‍ അവതരിപ്പിക്കും. എല്ലാ വിഷയങ്ങളെയും പരിഗണിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ എല്ലാ അധ്യാപകരുടെയും പങ്കാളിത്തവുമുണ്ട്.
ഈ സംരംഭത്തെക്കുറിച്ച് അറിയാനാണ് പോയത്. ക്ലാസ് തിയേറ്ററിന്റെ സാധ്യതകള്‍ വികസിപ്പിക്കാനുളള ചര്‍ച്ചയും സന്ദര്‍ശനവേളയില്‍ നടന്നു. എന്നോടൊപ്പം ഡോ വിജയമോഹനന്‍, ഡോ സുദര്‍ശനന്‍, ശ്രീ രാജേന്ദ്രന്‍ ( ഡയറ്റ് തിരുവല്ല) എന്നിവരുമുണ്ടായിരുന്നു. എല്ലാ അധ്യാപകരും ക്രിസ്തുമസ് കാലത്തെ ആദ്യ അവധിദിനത്തില്‍ സ്കൂളിലുണ്ടായിരുന്നു. സജീവവും ഹൃദയംതുറന്നുളളതുമായ അക്കാദമിക ചര്‍ച്ചയായിരുന്നു അത്.
രാജിവ് സാറിനെയും ടീമിനെയും നേരത്തെ പരിചയപ്പെടാനാകാത്തതില്‍ അല്പം വിഷമവും തോന്നി.  
മടങ്ങുമ്പോള്‍ എനിക്ക് ഒരു തുണിസഞ്ചി തന്ന് പാരിസ്ഥിതിക സ്നേഹം പ്രകടിപ്പിക്കുകയുണ്ടായി ഈ നന്മ വിദ്യാലയം.

2 comments:

  1. Dear sir,
    It is really a point to learn that how distinctly you approach the same thing we jointly have witnessed..
    Hats off to you as you stand with clear distinction in the academic stands which are not fully chewable to those who are ought to be...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

പ്രതികരിച്ചതിനു നന്ദി