Pages

Thursday, January 23, 2020

മൂഴിയാര്‍ സ്കൂളിലെ ചുമര്‍ച്ചാര്‍ട്ടുകള്‍

2019 നവംബറിലായിരുന്നു എന്റെ സന്ദര്‍ശനം.  വരവേല്‍ക്കാന്‍ നിറഞ്ഞുപൂത്തുലഞ്ഞമഞ്ഞ്  കൈക്കുമ്പിളില്‍ കിരുകിരാത്തണുപ്പ് കൊടുത്തുവിട്ടിരുന്നു. സ്കൂളിനു ചുറ്റുമുളള, മനസ് കൊതിപ്പിക്കുന്ന സമൃദ്ധമായ കുളിരു് ഓര്‍മകളുണര്‍ത്തി
പണ്ട് എണ്‍പതുകളില്‍ ഒരു ചുമട് പുസ്തകവുമായി ബസിറങ്ങിയത്, രണ്ടു വര്‍ഷത്തെ ഏകാന്തവാസം, മൂഴിയാര്‍ സ്കൂളിലെ അധ്യാപനജീവിതം.
ഞാന്‍ അധ്യാപനപരീക്ഷണങ്ങള്‍ നടത്തിയ സ്ഥാപനം. എഴാം ക്ലാസില്‍ പാലക്കാട്ടുകാരി പ്രീത എന്ന ഒരു കുട്ടി. അവള്‍ക്ക് തൂവല്‍ശേഖരമുണ്ടായിരുന്നു. ആ തൂവല്‍ ആല്‍ബം ക്ലാസിലേക്ക് വന്നതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളമാണ് മഴവില്‍ത്തൂവലുകള്‍ എന്ന കഥ സൃഷ്ടിച്ചത്. മാതൃഭൂമിയില്‍ അത് വന്നു. പ്രീത ആ കഥ വായിച്ച് ഊറിച്ചിരിച്ചു. കോടമഞ്ഞ് ഹാജര്‍വിളിക്കു കാത്തുനില്‍ക്കാതെ ക്ലാസിലേക്ക് കയറി വരും. ആകാശം ലയിച്ച പ്രതീതി. അടുത്തുളളവരെ പോലും കാണാനാകില്ല. അക്കാലത്ത് ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും സാധാരണതൊഴിലാളികളുടെയും മക്കളും ആദിവാസികുട്ടികളും ഒരു ബഞ്ചിലിരുന്നു പഠിച്ചു.
സ്കൂളില്‍ വീണ്ടും എത്തിയപ്പോള്‍ ആഹ്ലാദം.
ആദിവാസിക്കുട്ടികളുടെ ഹാജര്‍സ്ഥിരതയും പഠനത്തുടര്‍ച്ചയും ഉറപ്പാക്കുന്നതിനായി എസ് എസ് കെ ആസൂത്രണം ചെയ്ത സര്‍ഗോത്സവത്തില്‍ പങ്കെടുക്കാനാണ്  ഇപ്പോള്‍ മൂഴിയാര്‍ സ്കൂളിലെത്തിയത്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ വനമേഖലയിലാണ് സ്കൂള്‍. 
ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെ മക്കള്‍ക്കായി ആരംഭിച്ച വിദ്യാലയമാണ്. 
എട്ടരയായപ്പോള്‍ത്തന്നെ ഞങ്ങള്‍ വിദ്യാലയത്തിലെത്തി. കൂടെയുളളവര്‍ ബാനര്‍ കെട്ടുന്നതിനും മറ്റുസജ്ജീകരണങ്ങള്‍ക്കുമായി ഉത്സാഹം കാട്ടി. ഞാനാകട്ടെ ആ വിദ്യാലയത്തിലെ പഠനോല്പന്നങ്ങള്‍ കാണുന്നതിനായി അക്കാദമികതൃഷ്ണയോടെ ഓരോ ക്ലാസും കയറിയിറങ്ങി. 'കാട് എന്‍ വീട്, ഈ മലനാട്, കൂട് തേന്‍കൂട് ഈ മൂഴിയാറ് 'എന്ന ചാര്‍ട്ടാണ് ആദ്യം ശ്രദ്ധിച്ചത്. വനത്തിലെ തേന്‍കൂടായി വിദ്യാലയത്തെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുന്ന അധ്യാപകസാന്നിദ്ധ്യം . കുട്ടികള്‍ക്കായി രചനാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അധ്യാപകരും രചനനിർവഹിച്ച് കുട്ടികളുമായി പങ്കിടണം. മുതിര്‍ന്ന പഠനപങ്കാളി എന്ന നിലയില്‍  അധ്യാപകര്‍ തയ്യാറാക്കുന്ന ഈ രചനകള്‍ കുട്ടികള്‍ക്ക് വിശലകലനം നടത്താനാകും.  തിരിച്ചറിവുകള്‍ നല്‍കും.അത്തരം രചനകള്‍ ധാരാളം കണ്ടു. പൂന്തോട്ടത്തെക്കുറിച്ചുളള ഈ രചന അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണെന്നു കരുതുന്നു. വസന്തം നൃത്തം ചെയ്യുന്ന കുഞ്ഞു രചന.കുട്ടികള്‍ക്ക് വഴങ്ങുന്നത്.
ചില ചാര്‍ട്ടുകള്‍ ആഴമുളളവയാണ്. അതെ തളരുന്നവര്‍ക്കിരിക്കാന്‍ ചില്ലയില്ലെങ്കില്‍ എന്തിനാണ് ഒരു ആകാശം?
മറ്റൊരു ചാര്‍ട്ടില്‍ തമിഴാണ്. ഞാനതു കുറിച്ചെടുത്തു. ചൊല്ലിക്കേള്‍ക്കണം. ഭാഗ്യത്തിന് അതെഴുതിയ ഹരികുമാര്‍ മാഷ് വന്നു. അദ്ദേഹത്തെ കുട്ടികള്‍ക്ക് മുമ്പാകെ കവിത ചൊല്ലാന്‍ ക്ഷണിച്ചു. പിന്നെ പഠിപ്പിനെക്കുറിച്ചുളള പാട്ട്.
അന്തനാളിലേ ചിന്ന വയതിലേ
പളളിക്കൂടം നാനും പോോകലേേേ
അപ്പാവും പഠിക്കലേ,യത്താളും പഠിക്കലേേ
പഠിപ്പിനവാസിയാം തെരിയലേേേ ( അന്ത നാളിലേ)
കടുവക്കാട്ടിലെ കാലിത്തച്ച മുള്ളൊടു്്്്
വിറകുപെറുക്കുമെന്തനാത്താ
പെരിയ മരത്തിലെ തേന്‍കൂട് പോളിച്ച്

വയറു പിഴൈപ്പു തേടുമപ്പാാാാ
പളളിക്കൂടം മണിയടിക്കെേേേ
പടപടാന്നു മനം തുടിക്കെ
കന്നത്തില് കണ്ണീര് വടിയും
വിവരം തെരിയാമ വാഴുമിന്ത ഉലകത്തില്‍
പിഴയ്കും പാടുമിപ്പോ പുരിയും
(പുരിയും -മനസിലാകും
പാടും- പാട്, പ്രയാസം
അത്താളും- അമ്മ
തെരിയലേ- തിരിയാതെ , അറിവില്ല,
ആത്താ - അമ്മ)
ഹരികുമാറാണ് ഈ ചാര്‍്ടുകളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.  അവയില്‍ ചിലതു കൂടി പങ്കിടുന്നു

വിദ്യാലയമാകെ പഠനോപകരണമാക്കിയിരിക്കുന്നു. തൂണിലും തരുമ്പിലുമെല്ലാം പഠനമൂല്യം .
വായനക്കാര്‍ഡുകളുടെ ജനാല
 കഥയെഴുതാനുളള വാതില്‍ തുറക്കുന്നു. അതിങ്ങനെ

അംഗീകാരത്തിന്റെ രേഖകള്‍

ചെറിയ ഇടപെടലാണ് ആ ചാര്‍ട്ടുകളിലുളളത്. എന്നെ സംബന്ധിച്ചിടത്തോളം അതിന് വലിപ്പം കൂടുതലാണ്. ഈ വിദ്യാലയത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരോ ബി ആര്‍ സിക്കാരോ  ഡയറ്റുകാരോ എത്തില്ല. കാരണം വനാന്തരത്തിലാണെന്നതു തന്നെ. ആരെയും ബോധ്യപ്പെടുത്താനല്ലാതെ അക്കാദമികമായ താല്പര്യത്തോടെ അവര്‍ പ്രവര്‍ത്തിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നവരെ മാനിക്കണം. ചൂണ്ടുവിരലിന്റെ ദൗത്യം അതാണ്.



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി