Pages

Monday, June 23, 2025

സ്വതന്ത്രവായനയ്ക്കുള്ള പാഠങ്ങൾ

 ഒന്നാം ക്ലാസില്‍ സ്വതന്ത്രവായനപാഠങ്ങള്‍ എന്തിനാണ്?

  1.  പരിചയിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും പുതിയ സന്ദര്‍ഭത്തില്‍ തിരിച്ചറിഞ്ഞ് വായിക്കാന്‍
  2. ലളിതമായ വാക്യങ്ങളടങ്ങിയ ചെറുപാഠങ്ങളാണ് വായനയ്കായി നല്‍കുന്നത്. അവ വായിക്കുന്നതിലൂടെ കൂട്ടിവായനൈപുണി വികസിക്കും.
  3. വായനയിലുള്ള ആത്മവിശ്വാസം വര്‍ധിക്കും
  4. ആശയാവതരണരീതിയില്‍ ആശയത്തില്‍ നിന്നും അക്ഷരങ്ങളിലേക്കും അക്ഷരങ്ങളില്‍ നിന്നും ആശയത്തിലേക്കും പോകേണ്ടതുണ്ട്. അക്ഷരത്തിലേക്ക് എത്തുക എന്നതിനര്‍ഥം അക്ഷരത്തെ തിരിച്ചറിയുക എന്നതാണ്. പല സ്ഥാനങ്ങളില്‍, പല ചേരുവകളില്‍ അക്ഷരങ്ങള്‍ തിരിച്ചറിയണം. കമല, പലക, ലതിക എന്നിവയില്‍ ല പദത്തിന്റെ തുടക്കത്തിലും മധ്യത്തും അന്ത്യത്തിലുമാണ്. തൊട്ടടുത്തുള്ള അക്ഷരങ്ങളും വ്യത്യസ്തമാണ്. അതുപോലെ ചിഹ്നങ്ങള്‍ ചേര്‍ത്തും ചേര്‍ക്കാതെയും അക്ഷരങ്ങള്‍ തിരിച്ചറിയണം. അതിന് കൂടി സഹായകമാണ് പ്രതിദിന വായനപാഠങ്ങള്‍
  5. വായനപാഠങ്ങള്‍ കുട്ടികള്‍ വീട്ടില്‍വച്ച് വായിക്കേണ്ടതാണ്. രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നതിനാല്‍ കുട്ടിയുടെ പഠനപ്രയാസം പരിഹരിക്കാനും കഴിയുന്നു 
  6. കുട്ടികളെ സ്വതന്ത്രവായനക്കാരാക്കുക എന്നതാണ് ഒന്നാം ക്ലാസിലെ ഉയര്‍ന്ന പഠനലക്ഷ്യങ്ങളിലൊന്ന്. അത് പരിഗണിച്ച് തുടക്കം മുതല്‍ സ്വതന്ത്രവായനാവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. 

വായനപാഠങ്ങള്‍ നല്‍കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍

  1. ഏറ്റവും നല്ല നടപടി വായനക്കാര്‍ഡുകളുടെ പ്രിന്റെടുത്ത് ഓരോ കുട്ടിക്കും നല്‍കുക എന്നതാണ്. വിദ്യാലയത്തില്‍ ഒരു പ്രിന്റര്‍ ഉണ്ടായാല്‍ ഇത് സാധ്യമാണ്. ഒരു എ ഫോര്‍ പേപ്പറില്‍ നാല് വായനക്കാര്‍ഡുകള്‍ ലഭിക്കത്തക്ക വിധം സൈസ് ക്രമീകരിച്ചാല്‍ മതിയാകും, അങ്ങനെ എടുക്കുന്ന പ്രിന്റ് കുട്ടിയുടെ ബുക്കില്‍ ഒട്ടിച്ച് നല്‍കിയാല്‍ മതി.
  2. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇമേജാക്കി നല്‍കുകയാണ് മറ്റൊരു രീതി. കുട്ടികളുടെ സ്ക്രീന്‍ ടൈം കൂട്ടും എന്ന പരിമിതി ഉണ്ട്. അതിനാല്‍ രക്ഷിതാക്കള്‍ ഒരു ബുക്കില്‍ വടിവോടെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്നത് എഴുതി നല്‍കുന്ന രീതിയാണ് അഭികാമ്യം. കുട്ടിക്ക് ആഗ്രഹിക്കുന്ന സമയത്ത് വായിക്കാനും കഴിയും. 
  3. എല്ലാ കുട്ടികളുടെയും വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകണമെന്നില്ല. നെറ്റ് കവറേജും പ്രശ്നമാണ്. ഇങ്ങനെയുള്ള കുട്ടികള്‍ ആരാണെന്ന് കണ്ടെത്തി അവര്‍ക്ക് വായനക്കാര്‍ഡുകള്‍ വീട്ടിലേക്ക് കൊടുത്തുവിടാന്‍ സൗകര്യം ഉണ്ടാകണം. കുട്ടിളുടെ ബുക്കില്‍ എഴുതി നല്‍കുകയും ആകാം.
  4. കാഴ്ചാപരിമിതിയുള്ള കുട്ടികള്‍ക്ക് വലിയവായനക്കാര്‍ഡുകള്‍ നല്‍കാനും ശ്രദ്ധിക്കണം. 

 വായനയും വ്യാഖ്യാനവും

 വായന എന്നത് കേവലം  കാണുന്ന അക്ഷരങ്ങളും വാക്കുകളും വായിക്കലല്ല. വ്യാഖ്യാനിക്കല്‍ കൂടിയാണ്. അതിന് വഴിയൊരുക്കണം. ഉദാഹരണത്തിന് ചുവടെയുള്ള വായനക്കാര്‍ഡ് നോക്കുക. കുട്ടി എന്തിനാണ് പറവയെ വിളിക്കുന്നത്? പറവ എന്തിനായിരിക്കും പാവയുമായി വന്നത്? കുട്ടിയും പറവയും തമ്മില്‍ കൂട്ടുകാരാണോ?  എന്നിങ്ങനെ ചോദിക്കൂ. വായനക്കാരായ കുട്ടികള്‍ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നടത്തും. കളിക്കാന്‍ പാവയില്ലാത്ത പാവം കുട്ടി വിഷമിച്ചിരുന്നതും പറവ വന്ന കാര്യം തിരക്കിയതും. ഞാന്‍ സഹായിക്കാം എന്നു പറഞ്ഞുപോയതും കുട്ടി കാത്തിരുന്നതും ദൂരേ നിന്ന് പറവ വരുന്നത് കണ്ട കുട്ടി വാ വാ പറവ വാ താ താ പാവ താ എന്ന് പറഞ്ഞതുമെല്ലാം രൂപപ്പെടും. വായനയുടെ സര്‍ഗാത്മകത പല അധ്യാപകരും തിരിച്ചറിയുന്നില്ല. അവര്‍ വ്യാഖ്യാനസാധ്യതയില്ലാത്ത വായനക്കാര്‍ഡുകള്‍ ഉണ്ടാക്കുന്നത് അതിനാലാണ്.

 

 വായനയും താളബോധവും

താളാത്മകമായ ഭാഷയും ശബ്ദഭംഗിയും കുട്ടികള്‍ക്ക് ഇഷ്ടമാണ്. ഇവ ജനിപ്പിക്കാന്‍ പദങ്ങളുടെ ആവര്‍ത്തനത്തിന് കഴിയും . ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ സ്വാഭാവികതയോടെ അവതരിപ്പിക്കാനും കഴിയും. ഒറ്റയ്ക്ക് അക്ഷരങ്ങള്‍ നല്‍കി യാന്ത്രികവായന നടത്തിക്കുന്നതിനേക്കാള്‍ അര്‍ഥപൂര്‍ണമാണിത്.  ചുവടെ നോക്കൂ. വാ വാ വാ, താ താ താ എന്ന് ചേര്‍ക്കുമ്പോള്‍ താളം ലഭിക്കുന്നുണ്ട്. ഒപ്പം ചിഹ്നം ചേര്‍ത്ത് രണ്ട് അക്ഷരങ്ങള്‍ (അവ വാക്കുകളുമാണ്) വായിക്കാന്‍ കഴിയുകയും ചെയ്യുന്നു. കുട്ടിയെയും തത്തയെയും ചേര്‍ത്തതു വഴി രണ്ട് കഥാപാത്രങ്ങളുമായി. കഥയും മെനയാം.

 

 പുതിയ വാക്കുകളും അഭിനന്ദനവും

പഠിക്കേണ്ട പാഠത്തില്‍ വട, പാവ, ലത എന്നിവയൊന്നുമില്ല. പരിചയപ്പെട്ട അക്ഷരങ്ങള്‍ ഉള്ള പുതിയ വാക്കുകള്‍ വായിക്കാന്‍ കഴിയുമ്പോഴാണ് സ്വതന്ത്രവായനയുടെ ഒരു പടവ് കയറുക. പരിചയിച്ച വാക്കുകള്‍ ക്ലാസില്‍ പല തവണ വായിച്ചിട്ടുണ്ടാകും. ആ വായനാനുഭവം വെച്ച് അവ വായിക്കും. എന്നാല്‍ പുതിയ വാക്കുകള്‍ തനിയെ വായിക്കാനാകവുകയെന്നത് വായനയിലെ വളര്‍ച്ചയാണ്. അവ തനിയെ വായിച്ച കുട്ടിയെ അഭിനന്ദിക്കേണ്ടതുമാണ്.  ലതയും കലയും പാടിയതും  പക്ഷികളുടെ തീമുമായി എന്ത് ബന്ധം എന്ന് ആലോചിച്ചേക്കാം. പറവ പാടി . മധുരമുള്ള പാട്ട്. ആ പാട്ട് കേട്ട് ചിലര്‍ മൈക്കിലൂടെ പാടി ആരായിരിക്കാം? വായിക്കൂ കണ്ടെത്തൂ എന്ന് ഒരു ശബ്ദസന്ദേശം കൂടി വായനക്കാര്‍ഡിനൊപ്പം നല്‍കിയാല്‍ മതിയാകും

പാഠപ്പുസ്തകത്തില്‍ നിന്നും വ്യത്യസ്തമായ വാക്യങ്ങള്‍

ക്രമത്തിലുള്ള വായനയും ക്രമരഹിത വായനയും ക്ലാസില്‍ നിര്‍ദ്ദേശിക്കുന്നത് മനപ്പാഠമാക്കി പാഠം വായിക്കുന്ന പ്രവണത തടയാനാണ്. പല കുട്ടികളും ആദ്യത്തെ വാക്ക് കിട്ടിയാല്‍ അവസാനം വരെ വായിക്കും. ഇത് ശരിക്കുള്ള വായനയല്ല. പലപ്പോഴും ടീച്ചര്‍മാര്‍ ക്ലാസില്‍ പല തവണ വായിക്കുകയും വായിപ്പിക്കുകയും ചെയ്യുമ്പോള്‍ പരമ്പരാഗത ക്ലാസുകളില്‍ കാണാപാഠവായന ശീലമാക്കും. വീട്ടില്‍ ചെന്ന് പുസ്തകമെടുത്ത് ഉച്ചത്തില്‍ തനിയെ വായിക്കും. പക്ഷേ ഇടയ്ക് വെച്ച് നിറുത്തിച്ച ശേഷം നിര്‍ദ്ദേശിക്കുന്ന ഭാഗം മുതല്‍ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ കുഴഞ്ഞതുതന്നെ. വാക്യം കണ്ടെത്തലും വാക്ക് കണ്ടെത്തലും അക്ഷരം കണ്ടെത്തലും വായനപ്രക്രിയയുടെ ഭാഗമാക്കിയത് അക്ഷരബോധ്യത്തോടെ വായിക്കാനുള്ള സജ്ജമാക്കാലാണ്. ക്രമരഹിതമായി വായിക്കുന്നതില്‍ മാത്രം പ്രാധാന്യം നല്‍കിയാല്‍ പോര. പാഠപുസ്തകത്തിലെ വാക്കുകള്‍ ചേര്‍ന്ന പുതിയ വാക്യങ്ങള്‍ വായിക്കാന്‍ ബോധപൂര്‍വം അവസരം ഒരുക്കണം. പാഠപുസ്തകത്തില്‍ പട പട പാറി  കലപില പാടി എന്നും പ്രവര്‍ത്തന പുസ്തകത്തില്‍ കലപില പാടി കലപില പറവ എന്നുമാണുള്ളത്. ചുവടെയുള്ള  വായനക്കാര്‍ഡില്‍ ഇതൊന്നുമല്ല. പുതിയ വാക്യങ്ങളുള്ള ചെറുപാഠമാണ്. അക്ഷര പദ ധാരണയുടെ പുതിയ പ്രയോഗസന്ദര്‍ഭമായി ഈ വാക്യങ്ങള്‍ മാറുന്നു.  


 പരിസരപഠനാശയവുമായി ബന്ധിപ്പിക്കല്‍

കിളികളുടെ ആഹാരത്തെക്കുറിച്ചാണ് പരിസരപഠനത്തിലെ പഠനലക്ഷ്യങ്ങളിലൊന്ന്. ധാന്യങ്ങള്‍ തിന്നുന്ന പറവകള്‍. ആ ആശയപരിസരത്തെ പരിഗണിച്ചാണ് തിന എന്നത് അവതരിപ്പിക്കുന്നത്. തനതിന എന്ന വായ്താരിയും തിന എന്ന് ഒറ്റയ്ക് നില്‍ക്കുമ്പോഴും വ്യത്യസ്തമായ അര്‍ഥമാണല്ലോ. 

ഒന്നാം ക്ലാസിലേക്ക് വായനക്കാര്‍ഡ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 14 കാര്യങ്ങള്‍

  1. ഉള്ളടക്ക ലാളിത്യം
  2. പരിചയപ്പെടുത്തിയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രം 
  3. കുറുവാക്യങ്ങള്‍
  4. താളാത്മക ഭാഷ 
  5. ആകര്‍ഷകമായതും സങ്കീര്‍ണതയില്ലാത്തുമായ ലേ ഔട്ട്. 
  6. ഫോണ്ട് ( അലങ്കാരഫോണ്ടുകള്‍ ഒഴിവാക്കുക. പലതരം ഫോണ്ടുകള്‍ വച്ചുള്ള പരീക്ഷണങ്ങളും വേണ്ട)
  7. ലിപി. പാഠപുസ്തകത്തില്‍ ഉപയോഗിച്ച ലിപി തന്നെയായിരിക്കണം.  
  8. അക്ഷരവലുപ്പം ( ചെറിയ കുട്ടികളെ പരിഗണിച്ച് കുറഞ്ഞത് പതിനാല് പോയന്റെങ്കിലും വേണം)
  9. അക്ഷരങ്ങളുടെ നിറം ( തലക്കെട്ടിനും ഉള്ളടക്കത്തിനും രണ്ട് നിറം ആകാം. ചില അക്ഷരങ്ങളോ ചിഹ്നങ്ങളോ പദങ്ങളോ ഹൈലൈറ്റ് ചെയ്യാനായി വേറിട്ട നിറം നല്‍കുന്നത് കണ്ടെത്തല്‍ വായനയെ തടയും. കണ്ടെത്തിക്കൊടുക്കുകയാണ്. അത്തരം രീതികള്‍ വേണ്ടതില്ല)
  10. വരിയകലം ( വരികള്‍ കുത്തിനിറയ്കരുത്. ഇത് വായനയെ തടസ്സപ്പെടുത്തും. വരികളുടെ എണ്ണം കൂടുന്നത് അവ തമ്മിലുള്ള അകലത്തെയും ബാധിക്കും. മതിയായ അകലം നല്‍കാതെ ചെറിയ കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കരുത്)
  11. വാക്കകലം ( ഒരു വാക്ക് കഴിഞ്ഞ് നിശ്ചിത സ്ഥലം വിട്ടിട്ടുണ്ട് എന്ന്  ഉറപ്പാക്കണം. വാക്കുകള്‍ മുറിച്ച് രണ്ട് വരിയിലായി എഴുതരുത്.)
  12. കളർ ( പശ്ചാത്തലനിറവും ഫോണ്ടുകളുടെ നിറവും ലയിച്ചുപോകരുത്. കടും നിറമുള്ള പശ്ചാത്തലം കഴിവതും ഒഴിവാക്കണം. പ്രിന്റ് എടുക്കുമ്പോള്‍ കളര്‍പ്രിന്റ് അല്ലെങ്കില്‍ അത് പ്രയാസമുണ്ടാക്കും)
  13. ചിത്രം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മുകളിലെ വായനക്കാര്‍ഡുകള്‍ നോക്കുക. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും ഉണ്ട്. എപ്പോഴും സന്തുലനം പാലിക്കാന്‍ ശ്രമിക്കുക. വിവാദങ്ങള്‍ക്ക് ഇടവരുത്തരുത്. 
  14. സൈസ് - വായനക്കാര്‍ഡിന്റെ സൈസ് ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് പിടിച്ച് വായിക്കാന്‍ വേണ്ടിയുള്ളതും ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനുള്ളതും ബുക്കില്‍ ഒട്ടിച്ച് നല്‍കാനുള്ളതുമാണ്. അതനുസരിച്ച് സൈസ് നിശ്ചയിക്കണം.  ഒരേ വായനപാഠം തന്നെ പല സൈസില്‍ പ്രിന്റ് എടുക്കേണ്ടിവരും. ഡിജിറ്റല്‍ രീതിയില്‍ തയ്യാറാക്കുമ്പോള്‍ A4സൈസാണ് നല്ലത്. 
👍🎁




No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി