Pages

Monday, June 23, 2025

പറവ പാറി മൂന്നാംദിവസം

 മലയാളത്തിലേക്ക് പതിയെ

 റോഷിദുൽ (ആസാം )പ്രീസ്കൂൾ അനുഭവങ്ങളില്ല. ക്ലാസ്സിൽ തത്സമയം വായിക്കുന്നു. പുതിയ പഠന പ്രക്രിയ ശരിയായ രീതിയിൽ തന്നെ 💪

ജി എൽ പി എസ് ഇരിമ്പിളിയം

 ബോര്‍ഡെഴുത്ത്

ധ്യാൻദേവിന് മനസിലായി ബോർഡിലെഴുതുമ്പോൾ കൈമുട്ടിച്ചെഴുതിയാല് ചെറുതാവുമെന്നും കൈമുട്ടിക്കാതെ എഴുതിയാൽ വലുതായി എഴുതാമെന്നും അടുത്ത് നിന്ന ആർദ്രക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.😊

ഇന്ന് മലയാളം മൂന്നാം ദിനത്തിലെ പ്രവർത്തനങ്ങളാണ് ചെയ്തത്. സഹാധ്യാപകൻ നിലമ്പൂർ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയതിനാൽ 3 ദിവസമായി രണ്ട് ഡിവിഷനിലെ 44 കുട്ടികൾ ക്ലാസിലുണ്ട്. പ്രീ പ്രൈമറി അനുഭവമില്ലാത്ത 3 പേരാണ് ഉള്ളത് അവർക്ക് പ്രത്യേക പിന്തുണ നൽകി കൂടെ കൂട്ടി പിന്തുണ പുസ്തകം ഉപയോഗിച്ച് എഴുതിച്ചു.

ജി എൽ പി സ്കൂൾ

അരക്കുപറമ്പ്

................

ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ 

ഇത് ഇസ്രായേൽ അൻസാരി ❤️ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നും നമ്മുടെ വന്നതാണ് 🥰 പ്രീപ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞാണ് ❤️പക്ഷേ അവൻ നന്നായി ശ്രമിക്കുന്നുണ്ട്.

 എല്ലാവരും എഴുതുമ്പോൾ അവരെ പോലെ എഴുതാൻ ശ്രമിക്കും. അവൻ ഇന്ന് എഴുതിയത് 🥰🥰

സായന്തിന്റെ മടി മാറി

എല്ലാ ദിവസവും കഥകൾ പറഞ്ഞു കൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കഥ പറയാൻ ഇപ്പൊ മത്സരം ആണ് ക്ലാസ്സിൽ. പ്രീ പ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞുങ്ങൾ ആണ് എല്ലാവരും. പട പട പട പറവ എന്ന ഒരു കളി ഞങ്ങൾ ഇന്ന് ക്ലാസ്സിൽ കളിച്ചു... പട എന്ന വാക്ക് ഉറപ്പിക്കാൻ ഈ കളി ഒരു പാട് സഹായിച്ചു.

 എല്ലാവരും പറവക്കുഞ്ഞുങ്ങളാണ്. പറവ കുഞ്ഞുങ്ങൾക്ക് അവരുടെ പറവക്കൂട്ടിൽ ചെല്ലണമെങ്കിൽ പട എന്നെഴുതിയ കളങ്ങളിൽ കൂടി പോകണം.

പട    തന     തന 

തന   പട   തന 

പട      പട    തന 

തന   പട     പട 

തന   പട    പട 

 പറവ 

ആദ്യം കൂട്ടിൽ വരുന്ന പറവക്കുഞ്ഞ് ബോർഡിൽ പട എന്ന് എഴുതും.

 കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട കളി ആയിരുന്നു.  ടീച്ചറെ ഇനി ഏത് വാക്കിൽ കൂടി ഞങ്ങൾ പറക്കണം.. എന്നായിരുന്നു കാശിക്കുട്ടന്റെ ചോദ്യം.

     പറക്കുന്ന പറവയെ ഉണ്ടാക്കിയപ്പോ എന്തൊരു അത്ഭുതം ആയിരുന്നു കുഞ്ഞുങ്ങൾക്ക്. ടീച്ചറെ ഇതൊക്കെ അമ്മയെ കൂടി പഠിപ്പിക്കണേ എന്ന് ഒരു കൊച്ചുമിടുക്കി. ടീച്ചറെ ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്ന് 😄😄

ക്ലാസ്സിൽ വായനക്കൂടാരം ഒരുക്കി... എല്ലാരും പുസ്തകം ആയിട്ടാണ് വീട്ടിൽ പോയത് 🥰🥰

ഏറ്റവും സന്തോഷിച്ചത് വൈകുന്നേരം സായന്തിന്റെ അമ്മ അയച്ച മെസ്സേജ് കണ്ടാണ്.

"ഞാൻ ബിന്ദു എന്റെ മോൻ സായന്തിന് ആദ്യം സ്കൂളിൽ വരാൻ പേടിയായിരുന്നു. ഇപ്പൊ അതൊക്കെ മാറി ടീച്ചറുടെ പാട്ടുകളും കളികളും എല്ലാം അവനു ഒത്തിരി ഇഷ്ടം ആണ്. അവനു സ്കൂളിൽ പോകാൻ നല്ല ഇഷ്ടമാണ്.""

ഞാനും എന്റെ കുഞ്ഞുങ്ങളും ഞങ്ങളുടെ സന്തോഷങ്ങളും... എന്റെ കൂടെ നിൽക്കുന്ന രക്ഷിതാക്കളും... ഞങ്ങൾ എല്ലാരും ചേർന്ന് ഒന്ന് ഒന്നാന്തരം ആക്കുകയാണ്...

   അഞ്ജലി രാജൻ 

    G. T. H. S. Kattachira


ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും

ഇന്ന് 13 ൽ 12 കുട്ടികൾ വന്നു.

പട പട പട പട 

പട പട പറവ

ഈ ഭാഗം ഘട്ടങ്ങളിലൂടെ പോയതുകൊണ്ട്  10 കുട്ടികളും ആലേഖനക്രമം  തിരിച്ചറിഞ്ഞു അക്ഷയ 'ട'  എഴുതിയത് തിരിഞ്ഞുപോയി.

പിന്തുണാപുസ്തകം ഉപയോഗിച്ചു, കട്ടിക്കെഴുത്തും ഉപയോഗപ്പെടുത്തി. പ,വ ഇവ തിരിച്ചറിഞ്ഞത് എഡിറ്റിംഗിൽ കാണാൻ കഴിഞ്ഞു. ഹിസ (ഭിന്നശേഷി)ഇന്ന് പിന്തുണാപുസ്തകത്തിൽ എഴുതാൻ സഹകരിച്ചു. വല്ലാതെ ബലം പ്രയോഗിക്കുന്നു.

ഹൈപ്പർ ഭിന്നശേഷി ഉള്ളതുകൊണ്ട് പ്രവർത്തനം ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പക്ഷികളുടെ ചിത്ര ആൽബം  ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത ദിവസം ചെയ്യാം. കുട്ടികൾ ഇടയ്ക്കിടെ ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും എന്ന് ചോദിച്ചു.  ഇത് രണ്ട് ദിവസമായി ഞാനും കേൾക്കുന്നു.  അപ്പോ എന്താ അങ്ങനെ ചോദിക്കുന്നത് എന്നു ഞാനും. അതിന് സാവൻ സനാവ് : ഇതല്ലെ സുഖം. നിറം നൽകി ചിത്രം ഒട്ടിച്ച് പാട്ടു പാടി കളിച്ച് ചിരിച്ച് വേഗം പഠിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾഅല്ലേ ഇത്?

വീണ്ടും ചോദിച്ച കുട്ടിയോട് ഞാൻ-

എന്താ മോളു ഇഷ്ടമായില്ലേ?  

'നല്ല ഇഷ്ടമായി.

എത്രവേഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്' . യു.കെ.ജി യിൽ കുറെ തവണ എഴുതി പഠിച്ചതല്ലേ എന്നിട്ടും അക്ഷരം കിട്ടിയില്ല. ഇപ്പോ വേഗം പഠിച്ചപ്പോ കുട്ടിയ്ക്ക് തോന്നി.

അതുപോലെ ക്ളാസിൽ ഒന്നും സംസാരിക്കാത്ത എഴുതാൻ അറിയാത്ത മുഹമ്മദ് അദിൻ  ഇപ്പോൾ നന്നായി കാര്യങ്ങൾ പറയും എഴുതും. കൂട്ട ബോർഡെഴുത്തിൽ ആദ്യം എഴുതിയത് അവനാ.  പാട്ടുപാടും. വർക്ക് കഠിനമാണെങ്കിലും  വിജയം സുനിശ്ചിതം  എന്ന് ഉറപ്പാണ്.

ലളിത

പാലക്കാട്  




No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി