Pages

Monday, October 6, 2025

237. ആസൂത്രണക്കുറിപ്പ്: 5 മണ്ണിലും മരത്തിലും

 

ക്ലാസ്:1

യൂണിറ്റ്: 5

പാഠത്തിൻ്റെ പേര്: മണ്ണിലും മരത്തിലും

ടീച്ചറുടെ പേര്: അനീസ എച്ച് ,  

മുരുക്കുമൺ യു പി എസ്സ്, നിലമേൽ, ചടയമംഗലം ഉപജില്ല, കൊല്ലം

കുട്ടികളുടെ എണ്ണം: 33

ഹാജരായവർ : .....

തീയതി : ....../2025

പിരീഡ് ഒന്ന്

പ്രവർത്തനം - സംയുക്ത ഡയറിയില്‍ നിന്ന് കൂട്ടെഴുത്ത് കുട്ടിപ്പത്രം

പഠനലക്ഷ്യങ്ങൾ:

  1.  തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
  2. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ,പദങ്ങൾ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - വായനപാഠങ്ങൾ, വരയിട്ടപേപ്പര്‍ പകുതി വീതം മുറിച്ചത് പത്രത്തിന്റെ രീതിയില്‍ ഒട്ടിച്ച അരമുറി ചാര്‍ട്ട് പേപ്പര്‍-ഓരോ പഠനക്കൂട്ടത്തിനും.)

പ്രക്രിയാവിശദാംശങ്ങൾ

കൂട്ടെഴുത്ത് പത്രം

അസംബ്ലിയിൽ പ്രകാശനം ചെയ്യാൻ കുട്ടിപത്രം (കൂട്ടെഴുത്ത് ) പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

അഞ്ച് പേര്‍ വീതമുള്ള ഭിന്നനിലവാര പഠനകൂട്ടങ്ങള്‍ രൂപപ്പെടുത്തുന്നു. നിർദ്ദേശങ്ങൾ നൽകുന്നു.

ഘട്ടം ഒന്ന്

  1. നമ്മള്‍ കുട്ടിപ്പത്രം തയ്യാറാക്കാന്‍ പോവുകയാണ്. ആദ്യമായി പത്രത്തിന് ഓരോ പഠനക്കൂട്ടവും പേരിടണം.

  2. ടീച്ചര്‍ നല്‍കിയ ചാര്‍ട്ടിന്റെ മുകളിലത്തെ കോളത്തില്‍ പേര് വലുതായി എഴുതണം. ആദ്യം പെന്‍സില്‍ വച്ച് എഴുതണം. തെറ്റാതെ എഴുതണം. എന്നിട്ട് സ്കെച്ച് പേന വച്ച് അതിന് മുകളലൂടെ എഴുതണം.

ഘട്ടം രണ്ട്

  1. ഓരോരുത്തരും അവരവരുടെ ഡയറിയില്‍ നിന്നും ഓരോ വിശേഷം തെരഞ്ഞെടുക്കണം

  2. അതിന് ഒരു തലക്കെട്ട് ( പേര് ) ഇടണം

  3. അത് പഠനക്കൂട്ടത്തില്‍ പങ്കിടണം.

  4. ഡയറി വാര്‍ത്തയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ടീച്ചര്‍ കാര്യം ഉദാഹരിക്കുന്നു. ബോര്‍ഡില്‍ എഴുതുന്നു.

  • ഇന്ന് എന്റെ വീട്ടില്‍ ഒരു വലിയപട്ടി വന്നു. ഞാന്‍ അതിനെ കണ്ട് പേടിച്ചു. അത് കുരച്ചു. ഞാന്‍ കരഞ്ഞു. അമ്മ അതിനെ ഓടിച്ചു. ഇതാണ് നീതു എഴുതിയ ഡയറി. അത് വാര്‍ത്തയാക്കുമ്പോള്‍ എന്റെ, ഞാന്‍ എന്നിവ ഒഴിവാക്കി അവിടെ നീതുവിന്റെ പേര് ചേര്‍ക്കണം.

  • ടീച്ചര്‍ ഡയറി വാക്യങ്ങളിലെ ഞാന്‍, എന്റെ എന്നീ വാക്കുകള്‍ക്ക് അടിയില്‍ വരയിട്ട ശേഷം പങ്കാളിത്തത്തോടെ മാറ്റി എഴുതുന്നു ഇന്ന് നീതുവിന്റെ വീട്ടില്‍ ഒരു വലിയപട്ടി വന്നു. നീതു അതിനെ കണ്ട് പേടിച്ചു. അത് കുരച്ചു. നീതു കരഞ്ഞു. നീതുവിന്റെ അമ്മ അതിനെ ഓടിച്ചു.

ഘട്ടം മൂന്ന്

  1. ഓരോരുത്തര്‍ക്കും എഴുതാനുള്ള കോളം തീരുമാനിക്കണം.


  2. ആദ്യം എഴുതുന്നതാര്? അടുത്തതാര് എന്ന ക്രമവും തീരുമാനിക്കണം.

  3. കൂടുതല്‍ വരികള്‍ എഴുതാനുള്ളവര്‍ക്ക് വലിയ കോളം നല്‍കണം.

  4. തെരഞ്ഞെടുത്ത ഡയറിയിലെ കാര്യം നല്‍കിയ പേപ്പറിലെ ഒരു കോളത്തില്‍ ഒരാള്‍ എഴുതണം. എഴുതുന്നത് ശരിയാണോ എന്ന് മറ്റുള്ളവര്‍ പരിശോധിക്കണം. വാര്‍ത്തയുടെ രീതി, അക്ഷരങ്ങളും ചിഹ്നങ്ങളും ശരിയായി ഉപയോഗിക്കല്‍. സഹായിക്കണം. കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് സഹായം കിട്ടുന്നുവെന്ന് ഉറപ്പാക്കണം. ടീച്ചറും സഹായിക്കണം.

  5. ഡയറിയിലെ വിശേഷത്തിന്റെ തലക്കെട്ട് വലുതായി എഴുതിയ ശേഷമാണ് വിശേഷം കുറിക്കേണ്ടത്.

  6. എഴുതിക്കഴിഞ്ഞ് സ്ഥലം ഉണ്ടെങ്കില്‍ അതിന്റെ ചിത്രം വരയ്കാം.

  7. ആദ്യത്തെ ആള്‍ എഴുതിക്കഴിഞ്ഞാല്‍ അടുത്തയാള്‍ അടുത്ത കോളത്തില്‍ എഴുതണം.

  8. എല്ലാവരും എഴുതിയ ശേഷം ഗ്രൂപ്പ് ലീഡര്‍ ടീച്ചറെ പത്രം കാണിക്കണം.

ഘട്ടം മൂന്ന്


  1. പത്രപ്രകാശനം- ഓരോ പഠനക്കൂട്ടവും വന്ന് തയ്യാറാക്കിയ പത്രം പരിചയപ്പെടുത്തുന്നു. പത്രത്തിന്റെ പേരും വാര്‍ത്തകളുടെ തലക്കെട്ടും വായിച്ചാല്‍ മതി. ഓരോ പഠനക്കൂട്ടവും പത്രവുമായി നില്‍ക്കുന്നതിന്റെ ഫോട്ടോ എടുത്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു.

  2. അസംബ്ലിയില്‍ കൂട്ടെഴുത്ത് പത്രം പ്രകാശിപ്പിക്കുന്നതിന് ചമുതലപ്പെടുത്തുന്നു.

  3. കൂട്ടെഴുത്ത് കുട്ടിപ്പപത്രങ്ങള്‍ ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു. ഓരോ ആഴ്ചയിലും ഓരോ കൂട്ടെഴുത്ത് കുട്ടിപ്പത്രം തയ്യാറാക്കാന്‍ തീരുമാനിക്കുന്നു.

    പ്രതീക്ഷിത പ്രശ്നങ്ങള്‍

  • ഡയറിയിൽ നിന്ന് കുറിപ്പുകൾ തിരഞ്ഞെടുക്കാനും സഹായം വേണ്ടി വരാം. ഇഷ്ടപ്പെട്ട ഏതെങ്കിലും ഡയറി ( കുറച്ച് വരികളുള്ളത് ) തെരഞ്ഞെടുക്കാന്‍ പറയണം.
  • തലക്കെട്ട് എഴുതുന്നതില് സഹായം വേണ്ടി വരാം. എന്തിനെക്കുറിച്ചാണ് ഡയറി എഴുതിയത് അക്കാര്യം തലക്കെട്ടാക്കിയാല്‍ മതി എന്ന് പറയണം. പൂച്ച ചത്തു, കാക്ക വന്നു. ബീച്ചില്‍ പോയി എന്നിങ്ങനെ ഡയറി വായിച്ച് ഉദാഹരിക്കാം.
  • ഞാൻ എന്നിടത്ത് പേര് ചേർക്കുന്ന കാര്യം പലർക്കും പറ്റിയെന്നു വരില്ല. അതിനാ‍ല്‍ ഡയറിയില്‍ ഞാന്‍, എന്റെ എന്നീ വാക്കുകളുടെ അടിയില്‍ വരയിട്ട ശേഷം മതി വാർത്തതയാക്കൽ. വാര്‍ത്തയാക്കുമ്പോള്‍ മറ്റൊരാള്‍ പറയുന്ന രീതിയില്‍ പേര് ചേര്‍ത്ത് എഴുതാന്‍ സഹായിക്കണം.
  • വരയില്ലാതെ എഴുതിയാല്‍ അക്ഷരങ്ങൾ പല രീതിയിൽ വരിയും നിരയും ഇല്ലാതെ പോകും. പരിഹാരമായി വരയുള്ള പേപ്പർ തന്നെ നൽകണം.
  • എല്ലാവരും വരക്കില്ല. വരയ്ക്കാൻ കഴിവുള്ളവർ ചിത്രം വരച്ചു ചേർത്താല്‍ മതി.
  • ഡയറികൾ വായിക്കാൻ എല്ലാവരും താല്പര്യം കാണിക്കും എഴുത്തില്‍ പിന്തുണയില്ലെങ്കില്‍ ചിലര്‍ എഴുതില്ല. വീട്ടിൽ അമ്മമാർ പിന്തുണ നൽകുന്ന പോലെ പഠന കൂട്ടത്തിലുള്ളവർ സഹായിക്കണം.
  • ഓരോ ഗ്രൂപ്പിലും എല്ലാവരും എഴുതാന്‍ സമയം ഏറെ വേണ്ടിവരും. ഒന്നോ രണ്ടോ പേര്‍ ആദ്യസംരംഭം എന്ന രീതിയില്‍ എഴുതിയാല്‍ മതി.
  • കുറച്ച് പേർക്ക് സമയം കൂടുതല്‍ ആവശ്യമായി വരും. ഒഴിവുസമയത്ത് അവര്‍ പൂര്‍ത്തിയാക്കട്ടെ. അല്ലെങ്കില്‍ അടുത്ത ദിവസം പത്രം പ്രകാശിപ്പിക്കാം. വീട്ടില്‍ വച്ച് എഴുതി വരട്ടെ. വരയിട്ട കടലാസ് നല്‍കിയാല്‍ മതി.
  • ഓരോ പഠനക്കൂട്ടവും ഓരോ വാര്‍ത്ത തയ്യാറാക്കി ഒരു പത്രം തുടക്കത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയും ആലോചിക്കാം.

പിരീഡ് രണ്ട്, മൂന്ന്

പ്രവർത്തനം: തനിയെ പൂരിപ്പിക്കാമോ (എഴുത്തനുഭവം കുഞ്ഞെഴുത്ത് പേജ് 36)

പഠന ലക്ഷ്യങ്ങൾ

  1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന ,ആലേഖന ക്രമം) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു

  2. പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

  3. ക്ലാസില്‍ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റയ്കും കൂട്ടായും രചനകള്‍ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു.

സമയം: 60 മിനിറ്റ്

ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍: ണ്ണ, യ്യ

പ്രക്രിയാ വിശദാംശങ്ങൾ

ഘട്ടം ഒന്ന്

കൂട്ടിലിരുന്ന് കരയുന്ന കുഞ്ഞിക്കിളിയെ കണ്ട് രക്ഷിക്കാനായി കൊമ്പിൽ നിന്ന് അണ്ണാന്‍ ചാടിയപ്പോള്‍എന്തു സംഭവിച്ചിരിക്കും? (പ്രതികരണം)

എല്ലാവരും പ്രവർത്തന പുസ്തകത്തിലെ പേജ് നമ്പർ 36 എടുത്ത് ചിത്രം നോക്കുന്നു.

ചിത്രത്തിൽ എന്തെല്ലാം ?

അണ്ണാനും കുഞ്ഞിക്കിളിക്കും കൂടിനും എന്താണ് സംഭവിച്ചത്? കുട്ടികളുടെ പ്രതികരണം ഉറക്കെ പറയാതെ ഓരോ കുട്ടിയും ചിത്രം സൂഷ്മമായി നിരീക്ഷിക്കുന്നു.

കുട്ടികളെ പൂരിപ്പിച്ചെഴുത്തിലേയ്ക്ക് നയിക്കാൻ ആവശ്യമായ ചോദ്യങ്ങൾ ടീച്ചർ ചോദിക്കുന്നു.

  • ചില്ലയിലേക്ക് ചാടിയ അണ്ണാന് എന്താണ് സംഭവിച്ചത്?

  • അണ്ണാന്‍ താഴെ വീണു

  • എവിടെയാണ് വീണത് ?

  • താഴെ മണ്ണില്‍ വീണു

  • ചില്ലയില്‍ ചാടിയപ്പോള്‍ ചില്ലയിളകിയില്ലേ? അപ്പോള്‍ കുഞ്ഞിക്കളി മാത്രമാണോ വീണത്? കൂടിനെന്തായിരിക്കും സംഭവിച്ചത്?

  • കുഞ്ഞിക്കളിയും കൂടും നിലത്ത് വീണു.

  • കുഞ്ഞിക്കളി വീണപ്പോള്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

  • അയ്യോ

  • കുഞ്ഞിക്കളി വീണപ്പോള്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

  • അയ്യോ

ഘട്ടം രണ്ട്

തനിച്ചെഴുത്ത്

  • എല്ലാ ഉത്തരങ്ങളും വന്ന ശേഷം പ്രവര്‍ത്തനപുസ്തകത്തില്‍ ഓരോ വരിയായി എഴുതണം.

  • ടീച്ചര്‍ കുട്ടികളെക്കൊണ്ട് പറയിച്ചോ പറഞ്ഞുകൊടുത്തോ എഴുതിക്കാം.

  • അയ്യോ എന്ന് കുഞ്ഞിക്കിളിയും അണ്ണാനും പറയുന്നത് അവസാനം എഴുതിച്ചാല്‍ മതി. അപ്പോള്‍ ടീച്ചര്‍ യ്യ പരിചയപ്പെടുത്തണം.

  • വാക്യം സാവധാനം പറയണം. ഈ സമയം പിന്തുണനടത്തം അനിവാര്യം. (ണ്ണ, യ്യ എന്നിവയുടെ ഘടന വിലയിരുത്തണം)

  • ഓരോ വാക്യവും പൂര്‍ത്തിയായാല്‍ ടീച്ചര്‍ സന്നദ്ധതയുള്ള കുട്ടിയെക്കൊണ്ട് ബോര്‍ഡില്‍ അത് എഴുതിക്കണം.

  • എല്ലാ വാക്യങ്ങളും എഴുതിക്കഴിഞ്ഞാല്‍ എല്ലാ കുട്ടികള്‍ക്കും ഓരോ വാക്യത്തിനും ശരിയടയാളം നല്‍കണം.

ടീച്ചറെഴുത്ത്

  • ടീച്ചര്‍ ബോര്‍‍ഡില്‍ പൂരിപ്പിച്ചെഴുതണം. കുട്ടികള്‍ അതുമായി പൊരുത്തപ്പെടുത്തണം. മെച്ചപ്പെടുത്തണം. മട്ടപ്പെടുത്തിയവര്‍ക്കും ശരി അടയാളം.

പാഠപുസ്തകവുമായി ഒത്തുനോക്കല്‍

പാഠപുസ്തകത്തിലും ഈ രംഗം ഉണ്ട്. ഒത്ത് നോക്കാം. പാഠപുസ്തകം പേജ് നമ്പർ 38

കുട്ടികൾ ചിത്രം നിരീക്ഷിക്കുന്നു ചിത്രത്തിൽ എന്തെല്ലാം എന്ന് കണ്ടെത്തി പറയുന്നു.

കുട്ടികളുടെ സൂക്ഷ്മനിരീക്ഷണപാടവത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്

  • അണ്ണാനും കുഞ്ഞിക്കിളിയും തമ്മിലുള്ള അകലം ശ്രദ്ധിച്ചവരെത്രപേര്‍?

  • മരത്തിന്റെ ഉയരം വ്യത്യാസപ്പെട്ടത് ശ്രദ്ധിച്ചവരെത്രപേര്‍?

  • പുതിയ ഒരു മരം ഉള്ളത് ശ്രദ്ധിച്ചവരെത്രപേര്‍?

വായനപ്രക്രിയ

പാഠപുസ്തകം പേജ് നമ്പർ 38 ഓരോ കുട്ടിയും വായിക്കുന്നു.

പാഠഭാഗത്തെ ഒന്നാമത്തെ വരി ആർക്ക് വായിക്കാനാവും ? ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഓരോ വരി വീതം കുട്ടികൾ വായിക്കുന്നു. ടീച്ചർ അത് ബോർഡിൽ എഴുതുന്നു

അണ്ണാൻ ചില്ലയിലേക്ക് എടുത്തു ചാടി

ചില്ലയിളകി

കൂടിളകി

കൂ‍ട് താഴേക്ക് വീണു

കുഞ്ഞിക്കിളിയും താഴേക്ക് വീണു

കണ്ടെത്തല്‍ വായന (വാക്യതലം)

  • ഞാൻ ചൂണ്ടാം നിങ്ങൾക്ക് വായിക്കാമോ ? (ടീച്ചർ സാവധാനം വരികളിലൂടെ പോയിന്റർ ചലിപ്പിക്കുന്നു കുട്ടികൾ വായിക്കുന്നു)

  • ടീച്ചർ ഇഷ്ടമുള്ള ഒരു വാക്യം വായിക്കുന്നു കുട്ടികൾ അത് ഏത് വരിയിലാണെന്ന് കണ്ടെത്തുന്നു.

  • വരികളെ അതുമായി ആശയപ്പൊരുത്തമുള്ള ചിത്രവുമായി വരച്ച് യോജിപ്പിക്കാമോ?

കണ്ടെത്തൽ വായന ( വാക്ക്)

  • അണ്ണാൻ എന്ന വാക്ക് ഏതെല്ലാം വരികളിലുണ്ട്? എത്ര തവണയുണ്ട്?

  • രണ്ട് വരികളിൽ അവസാനം ആവർത്തിച്ചു വരുന്ന വാക്ക് ഏതാണ് ?

  • ഞ്ഞ, ണ്ണ, യ്യ എന്നീ അക്ഷരങ്ങൾക്ക് പിൻതുണ വേണ്ട ധ്യാൻ, ദേവനന്ദ, ക്ഷേത്ര എന്നിവർക്ക് അവ ഉൾപ്പെടുന്ന വാക്കുകൾ തൊട്ട് കാണിക്കാനും വട്ടം വരയ്ക്കാനും അവസരം നൽകുന്നു.

കണ്ടെത്തൽ വായന ( അക്ഷരം)

  • ണ്ണ, ണ എന്നീ അക്ഷരങ്ങൾ എത്ര തവണ ആവർത്തിക്കുന്നു ?

  • ഞ്ഞ ഏത് വാക്കിലാണ്?

  • അക്ഷരബോധ്യച്ചാര്‍ട്ട് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്തുണ വേണ്ടവര്‍ നിര്‍ദിഷ്ടാക്ഷരങ്ള്‍ കണ്ടെത്തുന്നു.

ചങ്ങല വായന

  • പാഠപ്പുസ്തകം പേജ് നമ്പർ 38, പ്രവര്‍ത്തനപുസ്തകം പേജ് 36 എന്നിവ ഓരോ പഠനക്കൂട്ടവും ചങ്ഹല വായനാരിതിയില്‍ അവതരിപ്പിക്കുന്നു

ഭാവാത്മക വായന

  • ഓരോ പഠനക്കൂട്ടവും റിഹേഴ്സല്‍ ചെയ്ത ശേഷം ഭാവാത്മകമായി പാഠപ്പുസ്തകം പേജ് നമ്പർ 38, പ്രവര്‍ത്തനപുസ്തകം പേജ് 36 എന്നിവ വായിക്കുന്നു.

എഡിറ്റിംഗ്

  • കൂട്ടബോര്‍ഡെഴുത്ത്, ക്ലാസില്‍ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റയ്കും കൂട്ടായും രചനകള്‍ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തല്‍.

വിലയിരുത്തൽ

  • വർക്ക് ബുക്കിൽ സ്വന്തമായി എഴുതിയതും ടെക്സ്റ്റ് ബുക്കിലെ ഭാഗവും പൊരുത്തപ്പെടുമ്പോൾ ആർക്കെല്ലാം കൃത്യമായ ആശയം ഉൾക്കൊള്ളാൻ സാധിച്ചു

  • മുൻ ഭാഗങ്ങളിൽ പഠിച്ചതും എഴുതിയതുമായ അക്ഷരങ്ങൾ ചേർത്ത് എഴുതാനും വായിക്കാനും എത്രപേർക്ക് കഴിയുന്നുണ്ട്

  • വായനയിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഇപ്പോൾ കുട്ടികൾ നേരിടുന്നത്? ഇതിനെ എങ്ങനെ മറികടക്കാം?

പിരീഡ് നാല്

പ്രവർത്തനം : ദൂരത്തിൽ ചാടാം ( കായികാനുഭവം)

പഠന ലക്ഷ്യങ്ങൾ

  • വ്യത്യസ്തങ്ങളായ കളികളിൽ ഏർപ്പെടുന്നതിലൂടെ ശാരീരികശേഷികൾ വികസിപ്പിക്കുന്നതിന്

സാമഗ്രികൾ: മീറ്റർ സ്കെയിൽ

സമയം: 15 മിനിറ്റ്

പ്രക്രിയാ വിശദാംശങ്ങൾ

(ക്ലാസിൽ നിന്നോ ക്ലാസിന് പുറത്തു നിന്നോ കളിക്കാവുന്നതാണ്)

  • ടീച്ചർ ഒരു ഭാഗത്ത് ഒരു വട്ടം വരയ്ക്കുന്നു. വട്ടത്തെ ചില്ലയായും ഓരോ കുട്ടിയെയും അണ്ണാനുമായും സങ്കല്പിക്കാൻ പറയുന്നു.

  • ടീച്ചർ വരച്ച വട്ടത്തിന് മുന്നിൽ ഒരു നിശ്ചിത അകലത്തിൽ മറ്റൊരു വട്ടം വരച്ച് അതിലൊരു കൂടും കൂട്ടിൽ കുഞ്ഞിക്കിളിയും (പേപ്പർ കൊണ്ട് ഉണ്ടാക്കിയത്) വെക്കുന്നു.

  • ഓരോ കുട്ടിയും വന്ന് കൂട്ടിൽ നിന്ന് കുഞ്ഞിക്കിളിയുടെ അടുത്തേയ്ക്ക് ചാടണം. (Standing broad jump)

  • കുട്ടികൾ രണ്ട് കാലുകളും ഒരുമിച്ച് വെച്ച് ചാടാൻ നിർദ്ദേശിക്കുന്നു.

വിലയിരുത്തൽ

  • കൃത്യമായി ചാടിയവർ എത്ര പേർ ?

  • കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിൽ ചെയ്യാറുണ്ടോ?

  • കുട്ടികളിലെ ശാരീരിക കായികക്ഷമത വർദ്ധിപ്പിക്കാനുള്ള എന്തെല്ലാം പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ ചെയ്യാൻ കഴിയും .

ഡയറി വായന



കഥാപുസ്തകാവതരണം


തുടർപ്രവർത്തനം

വായനക്കാർഡുകൾ

അയ്യോ അയ്യേ വീണല്ലോ….



.



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി