Pages

Tuesday, May 24, 2011

വിമര്‍ശനാത്മക വായനക്കാരാകുമോ കുട്ടികള്‍

വായന-6

വിമര്‍ശനാത്മക വായന
  • കേവല വിവരങ്ങളുടെ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കലാണ് വിമര്‍ശനാത്മക വായന
  • പാഠത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പാഠങ്ങളെ അനാവരണം ചെയ്യാനോ കണ്ടെത്താനോ ഉള്ള ഇടപെടലാണ്
  • രചനയുടെ വാദങ്ങളില്‍ വിധികല്‍പ്പിക്കലാണ്
  • വസ്തുതകളുടെ അടിസ്ഥാനത്തില്‍ / തെളിവുകളുടെ പിന്‍ ബലത്തോടെ വിശ്വാസങ്ങളെയും സങ്കല്പനങ്ങളെയും വിലയിരുത്തലാണ്,ചോദ്യം ചെയ്യലാണ്
വിമര്‍ശനാത്മക വായനക്കാരന്‍ /വായനക്കാരി
  • വിമര്‍ശനാത്മക വായനക്കാരന്‍ /വായനക്കാരി ഉചിതമായ ചോദ്യങ്ങള്‍ രചനയോട് ചോദിക്കണം.
  • പ്രസ്താവനകളേയും വാദമുഖങ്ങളെയും വിചാരണ ചെയ്യണം.
  • അന്വേഷണാത്മക സമീപനം സ്വീകരിക്കണം.എല്ലാം തെളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് സമാധാനിച്ചു കഴിയരുത്‌.അന്വേഷിക്കാനും കണ്ടെത്താനും ഏറെ ഉണ്ടെന്നു കരുതുന്ന ആളാണ്‌ വിമര്‍ശനാത്മക വായനക്കാരി.
  • പുതിയ ഉത്തരങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായി കെടാത്ത താല്പര്യം കാട്ടണം.
  • തര്‍ക്കം , മുന്‍വിധി, തെളിവുകളില്ലാത്ത വിശ്വാസം ഇവയില്‍ നിന്നും സ്വയം മോചിക്കപ്പെടണം
  • പുതിയ വസ്തുതകള്‍ ഉദിക്കുമ്പോള്‍ /ലഭിക്കുമ്പോള്‍ അതിന്റെ പ്രകാശത്തില്‍ മുന്‍ നിലപാടുകള്‍ /കണ്ടെത്തലുകള്‍ പുനപരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും സന്നദ്ധതയുള്ളവളാകണം .
വിമര്‍ശനാത്മക വായനയില്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍
  • രചയിതാവ് ആരെയാണ് അഭിസംബോധന ചെയ്യുന്നത്? ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നത്?
  • ശരിക്കും ഈ കൃതിയുടെ ദൌത്യം എന്താണ് ?
  • ഇതെല്ലാം തെളിവുകളാണ് വാദങ്ങള്‍ സാധൂകരിക്കാനായി മുന്‍പോട്ടു വെക്കുന്നത്?
  • എന്ത് കൊണ്ടാണ് രചയിതാവ് ഈ രീതിയില്‍ സംസാരിക്കുന്നത്/സംസാരിപ്പിക്കുന്നത്/അവതരിപ്പിക്കുന്നത്‌?
  • ഗൗരവമുള്ള രചനയാണോ?
  • അഭിപ്രായങ്ങളും നിലപാടുകളും യുക്തിഭാദ്രമാണോ/അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണോ?
  • തെളിവുകള്‍ വ്യാജവും തെറ്റിദ്ധാരണ ഉളവാക്കുന്നതുമാണോ ?
  • ദുര്‍ബലമായ ബന്ധപ്പെടുത്തലുകളും സാമാന്യവത്കരണവും നടത്തുന്നുണ്ടോ?
  • അമിത ലളിതവത്കരണം /പര്‍വതീകരണം ഇവ ഉണ്ടോ?
  • അപകടകരമായ രീതയില്‍ വായനക്കാരെ സ്വാധീനിക്കാന്‍ വൈകാരിക ഭാഷ ഉപയോഗിക്കുന്നുണ്ടോ ?
  • പരിഹസിച്ചു പ്രാധാന്യം ചോര്ത്തിക്കളയാന്‍ശ്രമിക്കുന്നുണ്ടോ?
  • എന്തെങ്കിലും തമസ്കരിക്കാന്‍ ശ്രമിക്കുന്നുണ്ടോ?
  • പരോക്ഷമായി ഏതെങ്കിലും താല്പര്യങ്ങള്‍ ഒളിച്ചു കടത്താന്‍ മുതിരുന്നുണ്ടോ?
  • ഏതെങ്കിലും വിഭാഗത്തോട് അനഭലഷണീയമായ ചായവു പ്രകടിപ്പിക്കുന്നുണ്ടോ ?
വായനാതന്ത്രം
വായനാതന്ത്രം സ്വയം വികസിപ്പിക്കണം.അതിനുള്ള അനുഭവങ്ങള്‍ ക്ലാസില്‍ കുട്ടികള്‍ക്ക് കിട്ടണം.
വായിക്കുമ്പോള്‍ കുറിപ്പുകളും അടയാളങ്ങളും മാര്‍ജിനില്‍/ വാക്യങ്ങളില്‍/ പേജുകളില്‍ ഇടാം.(മുന്‍ പോസ്റ്റ്‌ നോക്കുക.)
അധ്യാപിക തുടക്കത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് നന്നാവും. ഉദാഹരണമായി-
  • ഈ രചന ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത് ?
  • എന്ത് മൂല്യ ബോധമാണ് വിനിമയം ചെയ്യുന്നത്?
  • യാഥാസ്ഥിതിക ചിന്താ ഗതികളെ അരക്കിട്ട് ഉറപ്പിക്കുന്നുണ്ടോ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആകാം.കൂടാതെ സൂക്ഷ്മ വായനയിലേക്ക് നയിക്കാനുള്ള വഴിയൊരുക്കലും നടക്കണം.
ശീര്‍ഷകം നല്‍കുന്ന അര്‍ത്ഥതതലങ്ങള്‍ (രചയിതാവിന്റെ മനോഭാവം ,ലക്‌ഷ്യം, പക്ഷം,സമീപനം ഇവയെക്കുറിച്ച് നല്‍കുന്ന സൂചനകള്‍ എന്താണ് ) കണ്ടെത്താം
ആമുഖം എന്തിനെയാണ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് പരിശോധിക്കാം
ഓരോ ഖണ്ഡികയുടെയും ദൌത്യം അന്വേഷിക്കാം
പ്രധാന ആശയം സംര്ത്തിക്കാന്‍ രചയിതാവ് സ്വീകരിച്ച ചിന്താ രീതി ,വിനിമയ ക്രമം, തന്ത്രങ്ങള്‍, അവതരണ കുശലം എന്നിവ വിശകലനം ചെയ്യാം.
ആന്തരികമായ ആശയങ്ങളെ പുറത്തെടുക്കാനുള്ള സൂചനകളില്‍ കൊളുത്തി വലിക്കാം.
മുകളില്‍ സൂചിപ്പിച്ച തരം ചോദ്യങ്ങള്‍ കൃതിയുടെ സ്വഭാവം അനുസരിച്ച് ഉന്നയിക്കാം
ചിന്തയുടെ പതിവ് ചാലില്‍ നിന്നും മാറി ചിന്തിക്കാനുള്ള ഇടപെടലുകളും ആകാം .ഉദാഹരണം.-
മരം വെട്ടുകാരനും ജല ദേവതയും എന്ന പ്രസിദ്ധ രചന സത്യസന്ധതയുക്കുള്ള പ്രതിഫലത്തെ പറ്റിയാണോ പ്രതിപാദിക്കുന്നത്?
അതോ തന്‍റെ തൊഴിലുപകരണം/ ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്ന തൊഴിലാളിയുടെ മുന്‍പാകെ വെച്ചു നീട്ടുന്ന പ്രലോഭനങ്ങളെ കുറിച്ചാണോ പറയുന്നത്?
ഇത്തരം ചോദ്യങ്ങളും രചനയുടെ പുതു പാഠങ്ങള്‍ കണ്ടെത്താനായി ഉന്നയിക്കാം.
നമ്മുടെ ക്ലാസുകള്‍ കുട്ടിഅളുടെ ചിന്തയെ അഭിസംഭോധന ചെയ്യുന്നില്ല
പ്രവര്ത്തനാധിഷ്ടിതം എന്നാല്‍ സെമിനാറും ഗ്രൂപ്പ് വര്‍ക്കും പതിപ്പും ഈണം നലകളും ഒക്കെ ആണെന്ന് ആരോ പഠിപ്പിച്ച പോലെ
ചിന്താതലത്ത്തിലുള്ള പ്രവര്‍ത്തനം അവഗണിച്ചു കൂടാ.
അത്തരം അന്വേഷണങ്ങള്‍ സ്വാഭാവികമായി ക്ലാസിനെ സംവാദാത്മകം ആക്കും സജീവമാക്കും.
ചിന്തയുടെ ചൈതന്യത്തെ മാനിക്കുക.
വായനയുടെ തലത്തില്‍ നിന്ന് കൊണ്ട് തന്നെ എല്ലാ ക്ലാസിലും സര്‍ഗാത്മകമായ ഇടപെടല്‍ സാധ്യം.
സ്വയം വിമര്‍ശനത്തിന്റെ പാത സ്വീകരിക്കുന്ന അധ്യാപകര്‍ക്കെ വിമര്‍ശനാത്മക വായന ക്ലാസില്‍ വളര്‍ത്തി എടുക്കാന്‍ കഴിയൂ

-----------------------------------------------------------
വായന കഴിഞ്ഞ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

  1. വായനയുടെ ലോകം എന്‍റെ സ്കൂളില്‍..
  2. വായനയും ചിന്തയും
  3. മൈന്‍ഡ് മാപ്പിങ്ങും വായനയും.
  4. വായനയും ചിത്രീകരണവും
  5. വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി