ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 7, 2015

പൊതുവിദ്യാഭ്യാസത്തെ അര്‍ധസത്യങ്ങള്‍ കൊണ്ട് അപമാനിക്കരുത്


2015 march 26 ന് ഫേസ് ബുക്കില്‍ ഞാനിട്ട പോസ്റ്റാണ് ചുവടെ നല്‍കുന്നത്. ഇപ്പോള്‍ വീണ്ടും എസ് സി ഇ ആര്‍ ടിയുടെ പേരില്‍ അതേ പഠനത്തെ അടിസ്ഥാനമാക്കി വാര്‍ത്ത വരുത്തിയിരിക്കുന്നു. ഒരേ കാര്യം പലതവണ പറഞ്ഞ് ജനബോധത്തെ സ്വാധീനിക്കാനുളള നീക്കമാണോ ഇത്? എഫ് ബി പോസ്റ്റ് ആദ്യം വായിക്കൂ.. 

കേരളത്തിലെ കുട്ടികള്‍ക്കെഴുതാനും വായിക്കാനുമറിയില്ലെന്നുളള എസ് സി ഇ ആര്‍ ടി പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. പത്രങ്ങളില്‍ വന്ന വാര്‍ത്ത പരസ്പരവിരുദ്ധം.കേരളകൗമുദി റിപ്പോര്‍ട്ടില്‍ ഇങ്ങനെ-പഠന നിലവാരം പലയിടത്തും വളരെ താഴ്‌ന്നതാണ്. ഏഴാം ക്ളാസ് വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനത്തിനും മലയാളം എഴുതാൻ അറിയില്ല.നാലാം ക്ളാസ് വിദ്യാർത്ഥികളിൽ 33 ശതമാനം പേർക്ക് മാത്രമാണ് മലയാളം തെറ്റാതെ എഴുതാൻ അറിയുന്നത്. നാലാം ക്ലാസിലെ 21 ശതമാനം കുട്ടികൾ മാത്രമാണ് പദാവലിയിൽ കഴിവ് തെളിയിച്ചത്. ( 67%നും അറിയില്ല !)മറ്റൊന്നില്‍ ഇങ്ങനെ.നാലാം ക്ലാസില്‍ പഠിക്കുന്ന 33 ശതമാനം കുട്ടികള്‍ക്ക് എഴുതാന്‍ അറിയില്ല. 21% കുട്ടികള്‍ക്ക് പദാവലി അറിയില്ല.( ( 67%നും അറിയാം) ഇതിലേതാണ് ശരി?
  • പഠനറിപ്പോര്‍ട്ടിന്റെ വിശ്വാസ്യത അതിന്റെ സാമ്പളിനെ അടിസ്ഥാനമാക്കിയാണ്? എത്ര വിദ്യാലയങ്ങളിലാണ് പഠനം നടത്തിയത്?
  • സാമ്പിളായി തെരഞ്ഞെുത്ത ജില്ലകള്‍ കാസര്‍ഗോഡ്, പത്തനം തിട്ട, എറണാകുളം, തൃശൂര്‍.അതില്‍ തന്നെ എല്ലാ ജില്ലകളിലും പഠനം പൂര്‍ണമാക്കാനും കഴിഞ്ഞില്ലത്രേ! അപ്പോള്‍ തന്നെ സാമ്പിളിംഗ് തെറ്റിയില്ലേ? കേരളത്തെ ആകെ സാമാന്യവത്കരിക്കുന്ന റിപ്പോര്‍ട്ട് സമൂഹം വിശകലനം ചെയ്യട്ടെ.നടത്തിയ ഏജന്‍സിയുടെ ഗവേഷണചാതുരിയും..
 തൃശൂരിലും പത്തനംതിട്ടയിലും എറണാകുളത്തും ഏതെല്ലാം വിദ്യാലയങ്ങളിലെങ്ങനെയാണ് പഠനം നടത്തിയതെന്നറിയാന്‍ താല്പര്യമുണ്ട്. ആ വിദ്യാലയങ്ങളിലെ സിലബസും . സമാന്തര ഇംഗ്ലീഷ്മീഡിയം ഉണ്ടോ? മറ്റു പഠനങ്ങളുമുണ്ടല്ലോ. അവയുമായി താരതമ്യം കൂടി ചെയ്യാനവസരം കിട്ടണം.എസ് എസ് എ നടത്തിയ സ്റ്റേറ്റ് ലവല്‍ അച്ചീവ്മെന്റ് സ്റ്റഡി റിപ്പോര്‍ട്ടും പുറത്തുവിടണം. ക്വാളിറ്റി മോണിറ്ററിംഗ് റിപ്പോര്‍ട്ടും എസ് എസ് എ പരസ്യപ്പെടുത്തണം. യഥാര്‍ഥ സ്ഥിതി അറിയാമല്ലോ. ഈ സാഹചര്യത്തില്‍ വര്‍ഷാന്ത്യ പരീക്ഷാഫലം വിലയിരുത്താനും സംവിധാനം ഉണ്ടാകണം. എല്ലാം ഒരേ പ്രവണതയാണോ കാട്ടുന്നതെന്നു തിരിച്ചറിയാമല്ലോ. പുകമറ സൃഷ്ടിക്കുന്നത് പൊതുസംവിധാനത്തെ ദുര്‍ബലപ്പെടുത്തും.
കഴിഞ്ഞ മാര്‍ച്ചില്‍ പത്രങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുമ്പോള്‍ അതിനു പിന്നില്‍ അഡ്മിഷനെ സ്വാധീനിക്കുക എന്ന തന്ത്രം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേ വാര്‍ത്ത വീണ്ടും പുതിയതെന്ന നിലയില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നു. എന്താണ് അര്‍ഥമാക്കേണ്ടത്.? സാമാന്യബോധത്തെ പരിഹസിക്കുകയോ?
ദേശീയപഠനവുമായി പൊരുത്തപ്പെടുന്നില്ല.
 ദേശീയതലത്തില്‍ എന്‍ സി ഇ ആര്‍ ടി നടത്തിയ ശാസ്തീയമായ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതും കേരളത്തിലെ സംവിധാനത്തിന്റെ പഠനവും തമ്മില്‍ പൊരുത്തമില്ല. രസകരമായ സംഗതി എന്‍ സി ഇ ആര്‍ ടിയ്കു വേണ്ടി കേരളത്തില്‍ പഠനം നടത്തുന്ന ഏജന്‍സി എസ് സി ഇ ആര്‍ ടി ആണെന്നുളളതാണ്. ദേശീയ പഠനത്തിന്റെ വിവരങ്ങള്‍ ഈ ബ്ലോഗില്‍ Thursday, June 11, 2015 ന് പങ്കുവെച്ചിരുന്നു. അതു വായിക്കുക (കരുത്തുളള പൊതുവിദ്യാഭ്യാസം ) 
സ്വാധീനഘടകങ്ങള്‍ പഠനത്തില്‍ പ്രധാനം 
ഇനി പഠനപശ്ചാത്തലം കൂടി പരിഗണിക്കണം. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവണതകള്‍ എന്തെല്ലാമാണ്? അത്തരം ചരങ്ങളുടെ സ്വാധീനമെന്താണ്? എന്നു പരിശോധിക്കണം. ചില ചരങ്ങള്‍ ചുവടെ നല്‍കുന്നു.
  1. അവധിക്കാല പരിശീലനം മാനേജ്മെന്റ് പരിശീലനമാക്കി പാഠപുസ്തകാധിഷ്ഠിത പരിശീലനത്തിന് ഒരു വര്‍ഷം അവധി കൊടുത്തത്
  2. ക്ലസ്റ്റര്‍ പരിശീലനം മൂന്നാം ടേം വരേ മാനേജ്മെന്റ് പരിശീലനവര്‍ഷം നീട്ടി വെച്ചത്
  3. പുതിയ പാഠപുസ്തകങ്ങളെ ആധാരമാക്കി പഴയപാഠപുസ്തകം പഠിപ്പിക്കുന്ന ക്ലാസുകാര്‍ക്ക് (2,4,6) പരിശീലനം നല്‍കി. ഫലത്തില്‍ അവര്‍ക്ക് രണ്ടു വര്‍ഷം തുടര്‍ച്ചയായി തങ്ങള്‍ പഠിപ്പിക്കുന്ന പാഠപുസ്തകത്തെ ആധാരമാക്കി അവധിക്കാല പരിശീലനം ലഭിക്കാത്തത്
  4. ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ സാധ്യായദിനങ്ങളിലാക്കിയത്
  5. ക്ലസ്റ്ററുകള്‍ ഉളളടക്കപരമായ നിലവാരശോഷണം പ്രകടിപ്പിക്കുന്നു എന്ന പരാതി ഉയര്‍ന്നത്
  6. അനുഭവ സമ്പത്തുളള ബി ആര്‍ സി പരിശീലകരെ മാറ്റി പകരം കുറേ കാലം പുറത്തുനിന്ന ( മാറ്റങ്ങളെക്കുറിച്ച് പരിശീലനാനുഭവമില്ലാത്തവരെ ) അധ്യാപകബാങ്കില്‍ നിന്നും ബി ആര്‍ സികളില്‍ നിയമിച്ചത്
  7. പിന്തുണാസംവിധാനം ദുര്‍ബലമായി .( ഐ എസ് എം ഈ  വര്‍ഷം ആരംഭിച്ചത് അതിനു പരിഹാരമെന്ന നിലയിലായിരുന്നു) ഒ എസ് എസ് നടത്താനാവാത്ത സ്ഥിതി സംജാതമായത്
  8. അധ്യാപകരുടെ സ്വാതന്ത്ര്യം എന്ന പേരില്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്
  9. പല വിദ്യാലയങ്ങളും മലയാളത്തെ പടിക്കുപുറത്താക്കിയത്. രണ്ടുഡിവിഷന് ഒരു ഇംഗ്ലീഷ് മീഡിയം എന്നത് കാറ്റില്‍ പറത്തി. നാലു കുട്ടികളുളള വിദ്യാലയത്തിനും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ക്ക് ഇന്റന്റ് നല്‍കാവുന്ന സോഫ്റ്റ്വെയര്‍ ഈ പ്രവണതയെ ശക്തിപ്പെടുത്തിയത്. (പൊതുവിദ്യാലയങ്ങളിലെ അനധികൃത ഇംഗ്ലീഷ് മീഡിയത്തിന്റെ ഫലമായി കുട്ടികള്‍ മലയാളം ഇല്ലാത്തവരമായി മാറുമെന്ന് ആര്‍ക്കാണറിയാത്തത്?)
  10. പരീക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ നിലവാരം കൂടുമെന്ന വാദം പ്രായോഗികമാക്കിയത്. (എന്നാല്‍  വാദം തെളിയിക്കാനായുമില്ല)
  11. നിരന്തര വിലയിരുത്തല്‍ കൈപ്പുസ്തകം -പടവുകള്‍- എന്തു ചെയ്യണം എന്നു വ്യക്തമാക്കിയില്ല.നിരന്തര വിലയിരുത്തല്‍  രീതി ശാസ്ത്രം കൃത്യതപ്പെടുത്താനാവാഞ്ഞത്
  12. അധ്യാപകനിയമനം, സ്ഥലം മാറ്റം, ദിനവേതനാടിസ്ഥാന നിയമനം, പ്രഥമാധ്യാപകരുടെ പ്രൊമോഷന്‍, സ്ഥലംമാറ്റം ഇവ പലപ്പോഴും പലവിധ കാരണങ്ങളാല്‍ വൈകിയത്.
  13. അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുക മാത്രമല്ല അത്തരം വിദ്യാലയങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തത്.
  14. പാഠപുസ്തകങ്ങള്‍ കുട്ടികളില്‍ എത്താന്‍ കാലതാമസം നേരിട്ടത്
  15. പഠനനേട്ടത്തെ സാക്ഷാത്കരിച്ചതിന്റെ അനുഭവങ്ങള്‍ പങ്കിടാന്‍ ക്ലസ്റ്റര്‍ മോഡ്യൂളുകള്‍ തയ്യാറാക്കുന്നവര്‍ക്കു പോലും കഴിയാത്തത്
  16.  എസ് എസ് എ സംവിധാനത്തിന്റെ അക്കാദമിക മേല്‍ത്തട്ടില്‍ സ്ഥിരതയില്ലാതായത് ( അധ്യാപകപരിശീലന ചുമതലക്കാര്‍ മാറി മാറി വന്നുകൊണ്ടേയിരുന്നു. ശ്രീ.അബ്ദുറഹ്മാന്‍, ഡോ.ബാലന്‍, ശ്രീ. ജയധര്‍, പിന്നെ ഇപ്പോള്‍ ഡോ. ഗീതാലക്ഷ്മി.) ഓരോ വര്‍ഷത്തിനും ഓരോ പ്രോഗ്രാം ഓഫീസര്‍! മൊത്തം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം.തുടര്‍ച്ച, സമഗ്രത,സംഘാടനം, മോണിറ്ററിംഗ് എന്നിവയെ എല്ലാം ഇത് ബാധിക്കില്ലേ?
പ്രത്യക്ഷമായോ പരോക്ഷമായോ മുകളില്‍ സൂചിപ്പിച്ചവ്യ്ക് പഠനനിലവാരവുമായി സ്വാധീനമുണ്ട്. എങ്കില്‍ അത്തരം സ്വാധീനഘടകങ്ങളെക്കുറിച്ചുളള പഠനവും കണ്ടെത്തലുകളും നടത്തേണ്ടതുമുണ്ട്.
എസ് സി ഇ ആര്‍ ടിയുടെ ചുമതല
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എസ് സി ഇ ആര്‍ ടിയുടെ ചുമതലകളെന്താണ്?
"monitor the levels of learning of children in all Government, aided and un-aided elementary schools in the State regularly, and conduct evaluation on learning outcomes in 5 % of the schools through an external agency such as a University Department, and bring out annual reports on the quality of elementary education in the State"

  •  അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ നിലവാരവും പഠിക്കണമെന്നല്ലേ പറയുന്നത്? എന്തേ അതു ചെയ്തില്ല
  • അഞ്ചു ശതമാനം വിദ്യാലയങ്ങളെന്ന നിര്‍ദ്ദേശം പാലിച്ചുവോ?
  • സ്ഥിരമായി പഠനം നടത്തണമെന്നതു പ്രാവര്‍ത്തികമാക്കിയോ?
  • ബാഹ്യ ഏജന്‍സികളെക്കൊണ്ടു പഠനം നടത്തി വിശ്വാസ്യത ഉറപ്പാക്കാന്‍ ശ്രമിച്ചോ?
  • ഇത്തരം പഠനങ്ങളിലെ കണ്ടെത്തലുകളെയും നിര്‍ദ്ദേശങ്ങളേയും അടിസ്ഥാനമാക്കിയാവണ്ടേ അടുത്ത വര്‍ഷത്തെ അക്കാദമിക ഇടപെടലുകള്‍? അങ്ങനെയാണോ ഇവിടെ നടക്കുന്നത്?
 സാമ്പളികുള്‍ തെരഞ്ഞെടുക്കുമ്പോള്‍
പഠനത്തിനായി സാമ്പിളുകളും ടൂളുകളും തെരഞ്ഞെടുക്കുന്നത് ഫലത്തെ സ്വാധീനിക്കും. ഒരിക്കല്‍ ഒരു മാധ്യമം തിരുവനന്തപുരത്ത് സര്‍വേ നടത്തി. നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാന്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നതിന് അനുവദിക്കുന്നതിനോട് യോജിക്കുന്നുണ്ടോ? ഉണ്ട് എന്ന ഉത്തരം കിട്ടും ഉറപ്പല്ലേ
ഇതേ ചോദ്യം ഇങ്ങനെയും ആകാം
നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?ഈ രണ്ടു ചോദ്യങ്ങളും ഗവേഷണത്തിന്റെ നൈതികതയ്ത് നിരക്കുന്നതല്ല.ഇനി സാമ്പിളായി തെരഞ്ഞേടുക്കുന്നത് സ്വാകാര്യവത്കരണത്തെ പിന്തുണയ്ക്കുന്നവരാണെങ്കിലും ഫലം വിശ്വസനീയമാകില്ല. നാലു വീടുകള്‍ സന്ദര്‍ശിച്ചു. അവിടെല്ലാം പശുവുണ്ട്. അതിനാല്‍ കേരളത്തിലെ എല്ലാ വീട്ടിലും പശുവുണ്ടെന്നു പറയാമോ? പ്രാതിനിധീകരിക്കുന്ന എണ്ണം വളരെക്കുറവാണെങ്കില്‍ സാമാന്യവത്കരണം സാധ്യമല്ല.
 അതിനാല്‍ എത്തരം സാമ്പിളാണ് പഠനത്തിന് തെരഞ്ഞെടുത്തത് എന്നറിയണം.
  • എസ് സി ഇ ആര്‍ ടി പഠനത്തില്‍
    • തിരുവനന്തപുരം ഏഴ് സ്കൂളുകള്‍
    • പത്തനം തിട്ട  ആറ് സ്കൂളുകള്‍
    • തൃശൂര്‍ ആറ് സ്കൂളുകള്‍
    • കാസര്‍ഗേോഡ് അഞ്ച് സ്കൂളുകള്‍
    • എറണാകുളം  നാല്സ്കൂളുകള്‍
  • ആകെ  28 വിദ്യാലയങ്ങള്‍ മാത്രം! പത്തനം തിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അനാദായപട്ടികയിലുളള വിദ്യാലയങ്ങള്‍ കൂടുതലാണ്. അത്തരം വിദ്യാലയങ്ങളെയാണോ സാമ്പിളായി എടുത്തത്?അതോ പാഠപുസ്കമെഴുതാനായി സ്ഥിരം വിദ്യാലയത്തില്‍ നിന്നും വിട്ടു നിന്നവരുടെയോ? 
 ഈ സാമ്പിളിംഗ് രീതി തന്നെ പഠനത്തിന്റെ സാധുത ചോദ്യം ചെയ്യുന്നു. . ഇരുപത്തിയെട്ടു വിദ്യാലയങ്ങളെ വെച്ച് കേരളമാകെ ഇങ്ങനെയാണെന്നു സാമാന്യവത്കരിക്കുന്നത് ഗവേഷണരീതിയാണോ എന്നു എസ് സി ഇ ആര്‍ ടി ഗവേഷകര്‍ തന്നെ പറയണം
ആനുപാതിക പ്രാതിനിധ്യമുണ്ടോ?
  • ഗവ, എയിഡഡ്, അണ്‍ എയിഡഡ്
  • നഗരം ,ഗ്രാമം
  • എല്‍ പി , എല്‍ പി അറ്റാച്ചഡ് യു പി, ഹൈസ്കൂള്‍ അറ്റാച്ചഡ് എല്‍ പി- യു പി
  • മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ( കേരളസിലബസ്) കാസര്‍ഗേഡ് കന്നഡയും പരിഗണിക്കണം. കേന്ദ്ര സിലബസും കണക്കിലെടുക്കാം.
  • ഡിവഷനുകള്‍ കൂടുതലുളള  വിദ്യാലയങ്ങള്‍ ,കുട്ടികള്‍ കുറവുളള വിദ്യാലയങ്ങള്‍
  • സ്വാകാര്യ, സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അനുപാതം പരിഗണിച്ചും എണ്ണം തീരുമാനിക്കണം.
  • ജില്ലയിലെ ആകെ പ്രൈമറി വിദ്യാലയങ്ങളുടെ അഞ്ചു മുതല്‍ പത്തു ശതമാനമെങ്കിലും  വേണ്ടേ? അതിനും കഴിയില്ലെങ്കില്‍ യുക്തി വിശദമാക്കണം. തിരുവനന്തപുരത്ത് എന്തേ ഏഴ്? എറണാകുളത്ത് നാല്?
  • തെരഞ്‍ഞെടുപ്പ് റാന്‍ഡം ആകുകയും വേണം
ഈ  സാമ്പിളില്‍ ശാസ്ത്രീയമായ രീതികള്‍ പാലിക്കാന്‍ കഴിയിഞ്ഞിട്ടില എന്നതാണ് എണ്ണം സൂചിപ്പിക്കുന്നത്.  
കാരണം കണ്ടെത്താനും പഠനം വേണം
അക്കാദമിക നിലാവരം പഠനവിധേയമാക്കുമ്പോള്‍ നിലവാരം കൂടുതലുളള വിദ്യാലയങ്ങളില്‍ അതിലേക്കു നയിച്ച ഘടകങ്ങള്‍, കുറവുളളടത്തെ പ്രശ്നങ്ങള്‍ ഇവ പഠനവിധേയമാക്കണം. എങ്കിലേ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ വെക്കാനാകൂ. അതിവിടെ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു .ഒരു കാരണം ചുവടെ നല്‍കാം. 
സാധ്യായദിനഭൂപടം........................ 
കേരളം ദേശീയതലത്തില്‍ ഗുണനിലവാരത്തില്‍ ചില സംസ്ഥാനങ്ങളേക്കാല്‍ പിന്നിലാകുന്നതിന് ഇതും ഒരു കാരണമാണ്. ഇക്കാര്യം അറിഞ്ഞിട്ടും നാം കുട്ടികളുടെ പഠനസമയം കവര്‍ന്നെടുക്കുന്നു. ചോദിച്ചാലോ..
....................



സ്വകാര്യവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളെ അപേക്ഷിച്ച് ഈ വര്‍ഷം കുട്ടികളുടെ പ്രവേശനത്തോത് കുറവാണ്. എന്താണ് കാരണം? ഇത്തരം ചോദ്യങ്ങളെ മറന്നു്  നമ്മുക്കെങ്ങനെ മുന്നോട്ടു പോകാനാകും?
ദേശീയ രീതി മാതൃതയാക്കണം
എന്‍ സി ഇ ആര്‍ ടി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന രീതി മാതൃകയാക്കണം. പഠനലക്ഷ്യങ്ങള്‍ ,സാമ്പിളിംഗ് തന്ത്രങ്ങള്‍,സാമ്പിളുകള്‍, ടൂളുകള്‍,വിവരശേഖരണരീതി വിശകലനരീതി, പഠനകാലം,കണ്ടെത്തലുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം പ്രസിദ്ധീകരിക്കും. അങ്ങനെ വെബ്സൈറ്റിലിടാന്‍ scert തയ്യാറാകണം.
തിരുത്തുമായി എസ് സി ഇ ആര്‍ ടി

എസ് സി ഇ ആര്‍ ടിയുടെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു. നാലാം ക്ലാസില്‍ ഉയര്‍ന്ന ഗ്രേഡ്. നാലാം ക്ലാസിലെ പാഠപുസ്തകം ഈ വര്‍ഷമാണ് പുതുക്കിയത്. പഠനം നടന്നത് കഴിഞ്ഞ വര്‍ഷമാണെന്നാണ് സൂചന. എങ്കില്‍ കഴിഞ്ഞ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പ്രദാനം ചെയ്യാന്‍ പര്യാപ്തമായിരുന്നല്ലേ മനസിലാക്കേണ്ടത്? ഏഴാം ക്ലാസിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുവെങ്കില്‍ അവര്‍ ആറുവരെ പഠിച്ച പഴയപാഠപുസ്തകങ്ങള്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടാകുമല്ലോ? അതെ, സാമൂഹികജ്ഞാനനിര്‍മിതി പ്രാകരമുളള പഠനം നിലവാരം തകര്‍ക്കുമെന്നു പറഞ്ഞവര‍്ക്കും  അസീസ് കമ്മറ്റിയ്കുളള മറുപടി കൂടിയാണ് എസ് സി ഇ ആര്‍ ടിയുടെ പുതിയ വെളിപ്പെടുത്തല്‍
( വിവിധ പഠനറിപ്പോര്‍ട്ടുകള്‍ തുടര്‍ന്നുളള ലക്കങ്ങളില്‍ )



10 comments:

drkaladharantp said...


ഈ പോസ്റ്റിനോട് പ്രതികരിച്ച് ഒരാള്‍ അയച്ച മെയിലിങ്ങനെ..
സര്‍,
എസ് സി ആര്‍ ടി അക്കാദമിക സ്ഥപനമെന്ന നിലയില്‍ പഠനത്തിന്റെ റിലയബിലിറ്റിയും വാലിഡിറ്റിയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള സത്യസന്ധത കാണിക്കേണ്ടതുണ്ട്.
അതിന് കഴിഞ്ഞില്ലെങ്കില്‍ പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ചാല്‍ നിഷേധിക്കാനാകില്ല.
സാധാരണക്കാരായ രക്ഷിതാക്കളില്‍ പത്രവാര്‍ത്ത വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നു.
നാട്ടില്‍ നിന്ന് ചില സുഹൃത്തുകള്‍ വിളിച്ച് ഇതാണോ നിങ്ങളുടെ പള്ളിക്കൂടങ്ങളിലെ അവസ്ഥയെന്ന് ചോദിച്ചു.
പൊതു വിദ്യാലയങ്ങളെ തളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ എസ് സി ആര്‍ ടിയിലെ വിദഗ്ധരുടെ ഗവേഷണവും ചാനലുകാരുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണവും..

ആര്‍ക്കാണ് പൊതുവിദ്യാലയങ്ങള്‍ നിലനില്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളത്?

ASOK KUMAR said...

കലാധരന്‍മാഷുടെ അപ്രിയസത്യങ്ങളാണെങ്കിലും ഇത് തുറന്നു പറയാന്‍ കാണിച്ച ഈര്‍ജവത്തിന് നന്ദി...

suja said...

It is a painful truth that govt/aided schools were facing degradation ever since the implementation of DPEP . The quality of education has been subjected to deterioration by cunningly designing the curriculum and training modules. teachers' quality time were wasted by forcing us to participate in various irrelevant training, observing various "days", and deviating from the main objective of school education. When we opposed this wasteful exercises, we were insulted or threatened by the officials who were keen to reap the benefits of various project funds. over the time, the goodwill of govt/aided schools vanished into thin air and they became the "come and go as you wish" centers .
private schools were given recognition and they adopted their own syllabus and became the trend. Nobody can deny these facts. There was a hidden agenda to destroy the mainstream education scenario.
Now , the authorities are trying to regain the lost values and it is evident in the new textbooks and exams.
Better late than never, we can say just that.

drkaladharantp said...

സുജ എന്തടിസ്ഥാനത്തിലാണ് ഡി പി ഇ പി എല്ലാം തകര്‍ത്തെന്നു പറയുന്നത്?
ദേശീയ അടിസ്ഥാനത്തില്‍ നടന്ന എല്ലാ ശാസ്ത്രീയ പഠനങ്ങളിലും കേരളം മുന്നിലായിരുന്നു. രണ്ടായിരത്തി പതിനൊന്നു വരെ. ഏറ്റവും ഒടുവില്‍ എന്‍ സി ഇ ആര്‍ ടിയുടെ പഠനത്തിലും ദേശീയശരാശരിയേക്കാല്‍ ഉയര്‍ന്നതാണ് കേരളം.രണ്ടായിരത്തി പതിനൊന്നിനു ശേഷം നിലവാരം താണുവെങ്കില്‍ അതിനു കാരണം വേറെ അന്വേഷിക്കണം.
ആരാണ് ദിനാചരണങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത്.? ഓരോ സ്കൂളും ആസൂത്രണം ചെയ്യുന്നതിനു അംഗീകാരം തേടണമെന്ന ഉത്തരവാണ് നിലവിലുളളത്. ആരാണ് മാധ്യമങ്ങളുടെ സീഡും നല്ലപാഠവും നോക്കി പോകുന്നത്? അവര്‍ തിരുത്തണം.
എന്തു മൂല്യമാണ് തിരികെ കൊണ്ടുവരുന്നത്? ഉളളടക്കഭാരമുളള പുസ്തകങ്ങളുടെ ക്ലാസ് റൂം പ്രയോഗഫലം പങ്കിടൂ.കഴിഞ്ഞ വര്‍ഷം എത്ര പേര്‍ക്ക് പഠനനേട്ടം ഉറപ്പാക്കാനായി എന്ന ചേദ്യത്തിന് ഉത്തരവും വേണം.

drkaladharantp said...

അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയുളള അസര്‍ പഠനത്തില്‍ കേരളം പിന്നിലാണ്. അതിനു കാരണം പൊതുവിദ്യാലയങ്ങളാണോ? പൊതുവിദ്യാലയങ്ങളെ മാത്രം ആധാരമാക്കിയ ദേശീയപഠനത്തെ നാം പരിഗണിക്കണം.

suja said...

Reports are prepared by people with vested interest. In todays' mathrubhumi I read that quality of std 4 and std 7 students have been increased!! Especially in maths and English. Reports come every week? that too by the same SSA and SCERT????I don't know why you favor DPEP. When we can achieve quality education in strightaway methods, why should we go after weired methods??????? Should our students become the scapegoats of top level bureaucracy ?Why are we not following the curriculum framed during DPEP?
It was a smart and cunning conspiracy, no doubt!

drkaladharantp said...

സുജ.
പഠനറിപ്പോര്‍ട്ടുകളെ നാം സമീപിക്കേണ്ടത് അതിന്റെ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ്. സാമ്പിളിംഗ് രീതി, തെരഞ്ഞെടുത്ത സാമ്പിളുകളുടെ പ്രാതിനിധ്യം, ഉപയോഗിച്ച ടൂളുകള്‍, അവയുടെ വിശ്വാസ്യതയും സാധുതയും ദത്തവിശകലനരീതി ഇവ പ്രധാനമാണ്. മിക്ക ദേശീയപഠനങ്ങളും ഇതെല്ലാം അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കും.ദേശീയതലത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ ഈ പഠനങ്ങളെ ഉപയോഗിക്കുന്നു.
ദൗര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തില്‍ തെരുവുവാദങ്ങളുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതിയുടെ മേന്മ തീരുമാനിക്കുന്നത്. പഠനത്തിന്റെ പിന്‍ബലത്തിലല്ല. സുജയുടെ അല്ലെങ്കില്‍ ഏതെങ്കിലും അധ്യാപകരുടെ അനുഭവം കൂടി പറയൂ.പണ്ട് ഡി പി ഇ പി കാലത്ത് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. അന്ന് ജി എസ് ടി യു നേതാവായ അമ്പലത്തറ രാമചന്ദ്രന്‍ , കെ എ പി ടി യു നേതാവായ പളനി,കെ എസ് ടി എ നേതാവായ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എകെ എസ് ടി യു നേതാവായ ഇടത്താട്ടില്‍ മാധവന്‍ , ഡോ കരീം, ഡോ ശ്രീദേവി, ഡോ ശക്തിധരന്‍, ഡോ രവിശങ്കര്‍ തുടങ്ങിയവരോടൊപ്പം എനിക്ക് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയില്‍ പ്രവര്‍ത്തിക്കാനവസരം ലഭിച്ചു. ഞങ്ങള്‍ കേരളത്തിലെ ജില്ലകളില്‍ സന്ദര്്‍ശനം നടത്തി. വിദ്യാലയങ്ങളില്‍ എത്തി. അധ്യാപകരുമായി സംവദിച്ചു. നിലവാരത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ചോദിച്ചു. പഠനപ്രക്രിയയുടെ ഫലം ആരാഞ്ഞു. വിമര്‍ശനമുന്നയിച്ച അധ്യാപകസംഘടനാനേതാക്കള്‍ക്ക് തിരുത്തേണ്ടി വന്നു. ആ റിപ്പോര്‍ട്ട് എസ് സി ഇ ആര്‍ ടിയിലുണ്ടാകും. പിന്നീട് സംഭവിച്ച രസകരമായ സംഗതി ഇതേ നേതാക്കള്‍ പുറത്തിറങ്ങി ഇത്തരം ഒരു റിപ്പോര്‍ട്ടിന്റെ കാര്യം മിണ്ടിയില്ല എന്നതാണ്. പഠനറിപ്പോര്‍ട്ടുകളില്‍ ചിലത് വ്യാജമാകുാം എന്നതിനാലാണ് നാം പഠനരീതിയുടെ വിശദാംശം അന്വേഷിക്കുന്നത്. സുജ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കരുത്. ഡി പി ഇ പി പുസ്തകങ്ങള്‍ ദേശീയതലത്തില്‍ എന്‍ സി ഇ ആര്‍ ടി ശില്പശാലയില്‍ ഇന്ത്യയിലെ അക്കാദമിക വിദഗദ്ധരുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനായി കേരളത്തില്‍ നിന്നും പോയ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. കേരളത്തിലെ പുസ്തകങ്ങള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിച്ചത്. എന്താ തിരുമണ്ടന്മാരും പുസ്തകങ്ങളെ വിലയിരുത്താന്‍ ധാരണയില്ലാത്തവരുമണോ എന്‍ സി ഇ ആറ്‍ ടിയിലെയും മറ്റും വിദഗ്ധര്‍.? മറ്റൊരവസരത്തില്‍ ജ്ഞാനനിര്‍മിതി പ്രാകരമുളള പുസ്തകങ്ങള്‍ ജെ ആര്‍ എം യോഗത്തില്‍ ഡല്‍ഹിയില്‍ പരിചയപ്പെടുത്തി. വിദേശപ്രതിനിധികള്‍ പറഞ്ഞത് എന്തുകൊണ്ട് കേരളത്തെ ഇതരസംസ്ഥാനങ്ങള്‍ മാതൃകയാക്കുന്നില്ല എന്നാണ്. ഏതു പാഠ്യപദ്ധതിയ്കും അതിന്റേതായ മെച്ചങ്ങളുണ്ടാകാം പ്രശ്നങ്ങളുമുണ്ടാകാം. തിരസ്തകരിക്കുന്നത് പഠനത്തിന്റെ വെളിച്ചത്തിലാകണം.

drkaladharantp said...

സുജ
http://www.ncert.nic.in/departments/nie/esd/pdf/NAS_8_cycle3.pdf
ഈ ലിങ്ക് പ്രയോജനപ്പെടുത്തി പഠനരീതിയുടെ ശാസ്ത്രീയത മനസിലാക്കൂ. ഒപ്പം എട്ടാം ക്ലാസിലെ കുട്ടികളുടെ നിലവാരവും കേരളത്തിന്റെ സ്ഥാനവും.എട്ടുവരെ പഠിച്ച പുസ്തകങ്ങളുടെ സ്വാധീനം മനസിലാകും

suja said...

Sir, Please don't feel hurt at my opinion.
I've been following these reports, expert opinions on national dailies, ASER reports, common man's opinion , teachers' viewpoints and students' progress. We just can't ignore the common man's opinion. Sometimes they show much expertise than us. there is lot of politics behind these reports, whether it is from NCERT, ASER or any other agency. Giving recognition to unaided schools and publishing such intriguing reports from time to time is like mocking the common man's ambition to get their wards quality education for free.
We have to read between lines and beyond lines too.
I understand that you've dedicated lot of time for these projects and you are an innovative teacher.
For a good teacher, we don't need any project fund or the kind of training we "undergo" nowadays.
I don't have any bias towards any project.
All I want is quality education for all and it is in a pathetic state. signs of revival are there, hope, keralam will emerge from the falls.
thank you


jayasree.k said...

നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ ,പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനോ വേണ്ടി എസ് .സി .ഇ.ആര്‍ .ടി നടത്തിയ പഠനങ്ങള്‍ ആണ് ഇതെന്ന് വിശ്വസിക്കുന്നില്ല .ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലൂടെ എന്തോ രാഷ്ട്രീയ ലക്‌ഷ്യം ഉണ്ടെന്ന് വേണം കരുതാന്‍ .പരസ്പര വിരുധങ്ങള്‍ ആയ പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതു വിദ്യാലയങ്ങളുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ഗൂഡ ലക്‌ഷ്യം ഉണ്ടെന്ന് തോന്നുന്നു .സാധാരണക്കാരുടെ ഇടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലൂടെ മറ്റെന്തോ ആര്‍ക്കൊക്കെയോ നേടാന്‍ ഉണ്ട് എന്ന് കരുതിയാലും തെറ്റില്ല .ശാസ്തീയമായ പഠനരീതി അറിയാത്തവര്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നും കരുതാന്‍ വയ്യ .എങ്ങിനെയൊക്കെ ആയാലും പൊതു വിദ്യഭ്യാസത്തെ താറടിച്ചു കാണിച്ചിട്ടും നമ്മുടെ നാട്ടിലെ അധ്യാപക സംഘടനകള്‍ ഒന്നും തന്നെ ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല .