വായിക്കാം പൂരിപ്പിക്കാം പരീക്ഷിക്കാം
Thursday, January 8, 2026
302 പച്ചക്കറിത്തോണി ആസൂത്രണക്കുറിപ്പ് ഒന്ന്
പച്ചക്കറിത്തോണി എന്ന പാഠത്തിലെ പ്രവർത്തനക്രമം ദിവസാടിസ്ഥാനത്തില്‍ ചുവടെ നല്‍കുന്നു.
ഒന്നാം ദിവസം
1. തൊട്ടറിയാം. പരിസരപഠനം. 35 മിനുട്ട്
2. പച്ചക്കറിത്തോണി. ഭാഷ. 45+45 മിനുട്ട്
രണ്ടാം ദിവസം
3. കഥയിൽ നിന്ന് ചോദ്യങ്ങൾ. ഭാഷ. 45 മിനുട്ട്
4. കഥ പൂർത്തിയാക്കാം. ഭാഷ. 45 മിനുട്ട്
മൂന്നാം ദിവസം
5. പാട്ടരങ്ങ്. ഭാഷ, കലാവിദ്യാഭ്യാസം (അഭിനയം). 45 മിനുട്ട്
6. എത്രയെത്ര പച്ചക്കറികൾ. പരിസരപഠനം, 35 മിനുട്ട്
7. ആരാണ് സൂപ്പർ? ഭാഷ. 45 മിനുട്ട്
നാലാം ദിവസം
8. പച്ചക്കറി സലാഡ് (കസേരക്കളി). ആരോഗ്യ - കായിക വിദ്യാഭ്യാസം. 35 മിനുട്ട്
9. നട്ടു നനയ്ക്കാം. പരിസരപഠനം. 35 മിനുട്ട്
10. വിരിപ്പുകൃഷി (പാട്ടരങ്ങ്). ഭാഷ, 45 മിനുട്ട്
അഞ്ചാം ദിവസം
11. കുറോയുടെ കൃഷി. ഭാഷ. 45+45 മിനുട്ട്
12. അഭിനയിക്കാം. കലാവിദ്യാഭ്യാസം (അഭിനയം). 45 മിനുട്ട്
ആറാം ദിവസം
13. ഡ്രോണിനൊരു കത്ത്. ഭാഷ. 45 മിനുട്ട്
14. പച്ചക്കറികൾ കൊണ്ടൊരു ചിത്രം 35 മിനുട്ട്
.........................................................................................................
ജനുവരി എട്ടിന് നടന്ന ക്ലസ്റ്ററില്‍ ടേം വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പച്ചക്കറിത്തോണി എന്ന പാഠത്തിന്റെ ആസൂത്രണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ടേം മൂല്യനിര്‍ണയവിശകലനം- മധ്യനിലവാരക്കാരായ കുട്ടികളുടെ ഭാഷാപരമായ പ്രശ്നങ്ങള്‍
അക്ഷരതലം
ആവൃത്തി കുറഞ്ഞതും അവസാനപാഠങ്ങളില്‍ വന്നതുമായ അക്ഷരങ്ങളുടെ സ്വാധീനം- ആകാശം എന്ന ചിന്ത മേഘത്തെ ഓര്‍മ്മിപ്പിച്ചുകാണും. ആഘാശം എന്ന് എഴുതി.
ശരിയായ ഉച്ചാരണാനുഭവമില്ലാത്തത് മൂലം മാറിപ്പോയവ- ക്ഷയ്ക് പകരം ശ, ഷ- പശി, പക്ഷി
അക്ഷരഘടന സംബന്ധിച്ച് നിരന്തരം പിന്തുണ ലഭിക്കാത്തത് - യ, ത- നയായി എഴുതല്‍, ച - പ യായി എഴുതല്‍ ( കുട്ടി മൂന്ന്)
ഇരട്ടിപ്പ് വേണ്ടിടത്ത് ഇരട്ടിപ്പില്ലാതെ എഴുതല്‍ ( ശരിയായ ഉച്ചാരണാനുഭവമില്ലാത്തത് മൂലം) കൂടുതല്‍ കുട്ടികളും നേരിടുന്ന പ്രശ്നം.
ഇരട്ടിപ്പ് ആവശ്യമില്ലാതെ ഉപയോഗിക്കല്‍ ( കള്ളിക്കുന്നു)
ഇരട്ടിപ്പിച്ച അക്ഷരത്തില്‍ വാക്ക് ആരംഭിക്കല്‍ ( ശരിയായ ഉച്ചാരണാനുഭവമില്ലാത്തത് മൂലം)
വാക്ക് പൂര്‍ണ്ണമായി എഴുതാതിരിക്കല്‍, അക്ഷരം വിട്ടുപോകല്‍ ( കുരങ്ങ, കളിങ്കുമ്പ)
ദ എന്ന അക്ഷരം ന്ത, ത് എന്നിവ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കല്‍
ക്കയ്ക് പകരം ങ്ക ഉപയോഗിക്കല്‍
ചിഹ്നതലം
ഇ, ഈ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ സംബന്ധിച്ച ധാരണയില്ലായ്മ
ഉ, ഊ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ സംബന്ധിച്ച ധാരണയില്ലായ്മ
ഓ, ഏ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ സംബന്ധിച്ച ധാരണയില്ലായ്മ
ഉച്ചാരണപ്രശ്നം മൂലം ചിഹ്നം മാറുന്നു- ഇരുക്കുന്നു. തുഴയിന്നത്
ഉച്ചാരണം പോലെ എഴുതേണ്ടതില്ലാത്തവ സംബന്ധിച്ച ധാരണക്കുറവ് ( വെരുന്നു)
പദതലം
വാക്കകലം പാലിക്കാതെ എഴുതുന്ന കുട്ടികള്‍ ഇപ്പോഴുമുണ്ട്. ക്ലാസില്‍ പിന്തുണതലം കുറവായതിനാലാകണം അങ്ങനെ സംഭവിക്കുന്നത്.
സംയുക്തപദങ്ങളില്‍ ഇരട്ടിപ്പ് ഉപയോഗിക്കുന്നില്ല. ഉച്ചാരണത്തിന് ഊന്നല്‍ നല്‍കാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. തുള്ളി കളിക്കുന്നത്, പുഴ കരയില്‍ ( ആശയം തന്നെ മാറും)
ബഹുവചനരൂപം എഴുതുമ്പോള്‍ കള്‍ ചേര്‍ക്കണമെന്ന ധാരണയുള്ള കുട്ടി നാമത്തോട് കള്‍ ചേര്‍ക്കുന്നു- മീന്‍കള്‍ ( ഉച്ചാരണാനുഭവവുമായി ബന്ധിപ്പിക്കാത്തത്)
ഒരു + ആള്‍ ചേര്‍ത്ത് എഴുതുമ്പോള്‍ യ വരുന്നു. വാഴ+ ഇല ചേര്‍ത്ത് എഴുതുന്നതുപോലെ . വ്യക്തിഗത പിന്തുണയും ഉച്ചാരണപിന്തുണയും ലഭിക്കണം.
വാക്യതലം
ഒരു വാക്യത്തില്‍ ഒരേ വാക്ക് ആവര്‍ത്തിക്കുന്നു. പുഴയില്‍ താറാവ് പുഴയില്‍ നീദികളിച്ചു
വിഭക്തി പ്രത്യയം ചേര്‍ക്കാതെ എഴുതുന്നതിനാല്‍ ആശയം മാറുന്നു - പുഴ നിന്ന്
പരിഹാരനിര്‍ദേശങ്ങള്‍
ഉച്ചാരണത്തിന് പ്രാധാന്യം നല്‍കിയുള്ള എഡിറ്റിംഗ് പ്രക്രിയ നടത്തണം ( സംയുക്തപദങ്ങളിലെ ഇരട്ടിപ്പ് , പാദാദ്യത്തിലെ ഇരട്ടിപ്പ്)
ചിഹ്നപുനരനുഭവത്തിന് പരിഗണന വേണം. പ്രശ്നം നേരിടുന്ന കുട്ടികളെ വ്യക്തിഗതമായി ഓരോ രചനാസന്ദര്‍ഭത്തിലും മോണിറ്റര്‍ ചെയ്യണം
സ്വതന്ത്രരചനയുടെ സന്ദര്‍ഭങ്ങള്‍ കൂട്ടണം
വാക്കകലം, അക്ഷരഘടന എന്നിവ ക്ലാസില്‍ പരിഗണിക്കാതെ പോകരുത്
എഡിറ്റിംഗ് പ്രക്രിയ ക്ലാസില്‍ അനിവാര്യം
വായനപാഠങ്ങളില്‍ ഇവ പരിഗണിക്കണം.
ആസൂത്രണക്കുറിപ്പുകളില്‍ ഈ പ്രശ്നങ്ങള്‍ പരിഗണിച്ചുള്ള ഇടപെടല്‍ പ്രതിഫലിക്കണം.
എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യക്തിഗത പിന്തുണയുടെ തലം കൂട്ടണം.
പ്രതിദിനം കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കണം.
പച്ചക്കറിത്തോണി ആസൂത്രണക്കുറിപ്പ്
ഒന്നാം ദിവസം |
പ്രവത്തനം 1: തൊട്ടറിയാം
പഠനലക്ഷ്യങ്ങൾ:
പഞ്ചേന്ദ്രിയങ്ങൾ (തൊട്ടും മണത്തും) ഉപയോഗിച്ച വസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്നതിന്
പ്രതീക്ഷിത സമയം : 35 മിനുട്ട്
കരുതേണ്ട സാമഗ്രികൾ :
പച്ചക്കറികൾ - തക്കാളി, പയർ, ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, ഉള്ളി, ബീറ്റ്റൂട്ട്, കാബേജ്...
പ്രക്രിയാവിശദാംശങ്ങൾ:
പ്രശ്നാവതരണം
തക്കാളി, പയർ, ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, ഉള്ളി, ബീറ്റ്റൂട്ട്, കാബേജ്… എന്നിവ എന്റെ വശം ഉണ്ട്. എത്ര കുട്ടികൾക്ക് കണ്ണടച്ച് സ്പർശിച്ചും മണത്തും അവ തിരിച്ചറിയാൻ കഴിയും? പ്രതികരണം ബോര്‍ഡില്‍ ക്രോഡീകരിക്കുന്നു
തൊട്ടുനോക്കി തിരിച്ചറിയാന്‍ കഴിയുമെന്ന് പറഞ്ഞവരുടെ എണ്ണം |
മണത്തുനോക്കി തിരിച്ചറിയാന്‍ കഴിയുമെന്ന് പറഞ്ഞവരുടെ എണ്ണം |
രണ്ടുരീതിയിലും തിരിച്ചറിയാന്‍ കഴിയുമെന്ന് പറഞ്ഞവരുടെ എണ്ണം |
|
|
|
ക്ലാസ്സിനു വെളിയിൽ വരാന്തയിലോ മറ്റോ ഒരു മേശപ്പുറത്ത് വിവിധ പച്ചക്കറികൾ നിരത്തി വയ്ക്കണം. പത്രക്കടലാസ്, തുണി എന്നിവയിലേതെങ്കിലും കൊണ്ട് മൂടണം.
കുട്ടികൾ കാണാതെ വേണം ഇതു ചെയ്യാൻ പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ ആകൃതിയിൽ സമാനതയുള്ളവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ഓരോ കുട്ടിയെയും കണ്ണ് കെട്ടി മേശക്കരികിലേക്ക് നയിക്കണം.
പച്ചക്കറികൾ ഓരോന്നായി തൊട്ടു നോക്കിയും മണത്തും ഏതാണെന്ന് പറയട്ടെ.
ടീച്ചര്‍ അത് രേഖപ്പെടുത്തമണം.
പിന്നീട് അവർക്കത് കാണാൻ അവസരം നൽകണം. എത്ര എണ്ണം തിരിച്ചറിഞ്ഞ് പറഞ്ഞു എന്ന് കണ്ടെത്തട്ടെ.
ക്ലാസ്സിൽ ചെന്ന് മറ്റുള്ളവർ കാണാതെ തിരിച്ചറിഞ്ഞ പച്ചക്കറികളുടെ പേരുകൾ നോട്ടുപുസ്തകത്തിൽ എഴുതാം.
പിന്നീട് അടുത്ത കുട്ടിക്ക് ഇതുപോലെ അവസരം നൽകാം. കൂടുതൽ പച്ചക്കറികൾ തിരിച്ചറിഞ്ഞത് ആരാണെന്ന് കണ്ടെത്താം.
കൂടുതൽ കുട്ടികളുള്ള ക്ലാസ്സുകളിൽ ചെയ്യാവുന്നത്:
തൊട്ടറിവ്
വൃത്താകൃതിയിൽ പുറത്തേക്ക് തിരിഞ്ഞ് കുട്ടികൾ നിൽക്കണം
ടീച്ചർ വൃത്തത്തിനകത്തും ഒരു പെട്ടിക്കുള്ളിൽ പച്ചക്കറികളും
കുട്ടികൾ പിന്നിലേക്ക് ഇരുകൈകളും കോർത്ത് നിൽക്കണം
ഒരാളുടെ കൈയിൽ പച്ചക്കറി നൽകും. അത് സ്പർശിച്ച് ഏതാണെന്ന് കണ്ടെത്തണം. വിളിച്ചുപറയരുത്. ആ പച്ചക്കറി അടുത്തയാള്‍ക്ക് നല്‍കണം.
നാലോ അഞ്ചോ പച്ചക്കറികള്‍ ഇങ്ങനെ കൈമാറിയ ശേഷം എല്ലാവരും സീറ്റില്‍ പോയി തിരിച്ചറിഞ്ഞ പച്ചക്കറികളുടെ പേര് ക്രമത്തില്‍ എഴുതണം.
പൊതുവായി പങ്കിട്ട് ശരിയാണോ എന്ന് കണ്ടേത്തണം. ടീച്ചര്‍ പച്ചക്കറികള്‍ ക്രമത്തില്‍ പ്രദര്‍ശിപ്പിച്ച് ബോധ്യപ്പെടുത്തണം.
തക്കാളി, പയർ, ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, ഉള്ളി, ബീറ്റ്റൂട്ട്, കാബേജ്
ബോര്‍ഡില്‍ എഴുതുമ്പോള്‍ കുട്ടിട്ടീച്ചര്‍മാര്‍ക്ക് തെളിവ് വാക്കുകള്‍ നല്‍കി സഹായിക്കാം. |
മണത്തറിവ്
എല്ലാവരും കണ്ണടച്ച് വൃത്താകൃതിയിൽ നിൽക്കണം
പച്ചക്കറി മണപ്പിച്ച് തിരിച്ചറിയണം
തിരിച്ചറിഞ്ഞവ എഴുതണം
ബോര്‍ഡില്‍ എഴുതുമ്പോള്‍ കുട്ടിട്ടീച്ചര്‍മാര്‍ക്ക് തെളിവ് വാക്കുകള്‍ നല്‍കി സഹായിക്കാം. |
ഒരാൾക്ക് രണ്ടോ മൂന്നോ ഇനം തൊട്ടറിയാനും മണത്തറിയാനും അവസരം നൽകണം.
വിലയിരുത്തൽ :
ടീച്ചറുടെ വിലയിരുത്തൽ
കൂടുതൽ പച്ചക്കറികൾ തിരിച്ചറിയാനുള്ള കഴിവ് എത്രപേര്‍ക്ക് ഉണ്ട്?
പ്രതീക്ഷിത ഉൽപ്പന്നം:
ലിസ്റ്റ്
തൊട്ടറിയാവുന്ന പച്ചക്കറികള്‍ |
മണത്തറിയാവുന്ന പച്ചക്കറികള്‍ |
|
|
|
പ്രവത്തനം 2 : കഥ വായിക്കാം കണ്ടെത്താം
പഠനലക്ഷ്യങ്ങള്‍
ചിത്രങ്ങളെയും വരികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
ചിത്രങ്ങള്‍ക്ക് അനുയോജ്യമായ വരികള്‍ കണ്ടെത്തി എഴുതുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകളിലെ പ്രധാന സംഭവങ്ങൾ, കഥാപാത്രങ്ങൾ, കഥാഗതി എന്നിവ ഗ്രഹിക്കുന്നതിനുള്ള കഴിവ് നേടുന്നു.
അക്ഷരങ്ങൾ തമ്മിലും വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലുമുളള അകലം എന്നിവ പാലിച്ച് എഴുതുന്നു.
കഥ വായിച്ച് ആശയം ഗ്രഹിച്ച് ചോദ്യങ്ങളോട് പ്രതികരിക്കുന്നു
ചിത്രങ്ങൾ തന്റേതായ രീതിയിൽ വ്യാഖ്യാനിച്ച് കഥ ഊഹിച്ച് പറയുന്നു
പരിഹരിക്കേണ്ട പ്രശ്നങ്ങള്‍
|
പ്രക്രിയാവിശദാംശങ്ങൾ
ഘട്ടം ഒന്ന്.
എല്ലാവരും പാഠപുസ്തകം പേജ് 110 എടുക്കുന്നു. ചിത്രം നോക്കുന്നു. ചിത്രത്തിൽ ഒരു കഥയിലെ രംഗമാണ്.
എന്താണ് സംഭവിക്കുന്നത്?
പ്രതികരണങ്ങൾ
ഇതിനു മുമ്പ് എന്തായിരിക്കാം സംഭവിച്ചത്?
പ്രതികരണങ്ങൾ
ഇനിയും എന്ത് സംഭവിക്കാം?
പ്രതികരണങ്ങൾ
പ്രധാന പ്രതികരണങ്ങൾ ക്രോഡീകരിച്ച് പറയാൻ മൂന്നോ നാലോ പേർക്ക് അവസരം നൽകാം.
വ്യത്യസ്തരീതിയിൽ നിങ്ങൾ ചിന്തിച്ചു. മിടുക്കർ
നമ്മൾ ചിന്തിച്ചപോലെയാണോ കഥ എന്ന് കണ്ടെത്താം.
വായിക്കാം കണ്ടെത്താം
പഠനക്കൂട്ട രൂപീകരണം.
പദ തലത്തിലും അക്ഷര തലത്തിലും ചിഹ്ന തലത്തിലും ഉള്ള പ്രശ്നങ്ങൾ ( ഇരട്ടിപ്പ് , ചിഹ്നപ്രശ്നങ്ങൾ) പരിഹരിക്കുന്നതിനു വേണ്ടി പഠനപിന്തുന്ന വേണ്ട കുട്ടികളും മുന്‍നിരക്കാരും വരത്തക്കവിധം പഠനസംഘങ്ങളാക്കുന്നു
ഓരോ സംഘത്തിന്റെയും ലീഡർമാരെ കുട്ടിട്ടീച്ചറായി നിയോഗിക്കുന്നു.
കഥാപാത്രങ്ങളെ കണ്ടെത്തല്‍
ഇത് ഒരു കഥയാണ്. ആരെല്ലാമാണ് കഥാപാത്രങ്ങള്‍ എന്ന് ചിത്രം നോക്കി കണ്ടെത്താമോ?
ചിത്രത്തിൽ ഏതൊക്കെ പച്ചക്കറികളുടെ ചിത്രങ്ങളാണ് ഉള്ളത് ?
അവരാണ് കഥാപാത്രങ്ങള്‍. അവര്‍ക്ക് നമ്പറിടാമോ?
ഉദാ-
ചേന- 1
തക്കാളി - 2
പടവലങ്ങ-3
കുമ്പളങ്ങ- 4
മത്തങ്ങ- 5
എന്നിങ്ങനെ
പാഠത്തില്‍ അവരുടെ പേര് എഴുതിയിട്ടുണ്ടോ?
എല്ലാവരും ആ ചിത്രങ്ങളുടെ പേരുകള്‍ കണ്ടെത്തി നമ്പറിടണം.
ഗ്രൂപ്പിലെ എല്ലാവരും നമ്പരിട്ടു എന്ന് ഉറപ്പാക്കണം.
ഒരാള്‍ സാവധാനം വാക്യങ്ങള്‍ വായിക്കുന്നു. ഏതെങ്കിലും പദത്തിന് നമ്പരിടാന്‍ വിട്ടുപോയോ എന്ന് കണ്ടെത്തുന്നു.
കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികളും സഹായത്തോടെ നമ്പരിട്ടു എന്ന് ഉറപ്പാക്കണം.
ഒന്നാം നമ്പറിട്ട പച്ചക്കറി ഏതെല്ലാം വരിയിൽ ആണെന്ന് പറയാമോ? പ്രതികരണങ്ങള്‍
ആ പേര് ബോര്‍ഡില്‍ എഴുതാമോ? ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ വന്ന് എഴുതണം)
ചേട്ടന് പകരം ചോട്ടന്‍ എന്ന് എഴുതുന്ന കുട്ടിയാണ് ചേന എന്ന് എഴുതേണ്ടത്.
മതങ എന്ന രീതിയില്‍ അക്ഷരത്തിന് ഇരട്ടിപ്പ് എഴുതാത്ത കുട്ടിയാണ് മത്തങ്ങ എന്ന് എഴുതേണ്ടത്.
പ, ച ഇവ വേര്‍തിച്ചെഴുതാത്ത കുട്ടിയാണ് പടവലങ്ങ എന്ന് എഴുതേണ്ടത്.
ഉ, ഊ ചിഹ്നങ്ങളില്‍ അവ്യക്തതയുള്ള കുട്ടിയാണ് കുമ്പളങ്ങ എന്ന് എഴുതേണ്ടത്.
ക ഇരട്ടിപ്പിച്ചെഴുതാത്ത കുട്ടിയാണ് തക്കാളി എന്ന് എഴുതേണ്ടത്.
നമ്മൾ നമ്പർ ഇട്ട മൂന്നാമത്തെ പച്ചക്കറി ഏതാണ് കണ്ടെത്താമോ ?
നാലാമത്തെ പച്ചക്കറി ഏതാണ് കണ്ടെത്തി ബോർഡിൽ എഴുതുക ?
എന്നിവയും കണ്ടെത്തി നമ്പരിടുന്നു.
കഥയില്‍ പൂരിപ്പിക്കാനുള്ളവ പൂരിപ്പിക്കാമോ?
ഡും, ഡുണ്ടും എന്ന് എഴുതുമ്പോള്‍ ഉ സ്വരത്തിന്റെ ചിഹ്നത്തില്‍ പിന്തുണവേണ്ട കുട്ടിയുടെ എഴുത്ത് മോണിറ്റര്‍ ചെയ്യുകയും വായിപ്പിക്കുകയും വേണം.
ടീച്ചർ ഡയുടെ ഘടന പരിചയപ്പെടുത്തണം. പരിചയപ്പെടുത്തുന്നു.
കുട്ടികള്‍ ഡും ഡുണ്ടും എന്ന് എഴുതുമ്പോള്‍ സ ആകാതെ നോക്കണം.
ഡയുടെ ഉച്ചാരണവും വ്യക്തമാക്കണം. റോഡില്‍ക്കൂടി കരടി നടന്നു എന്നതിലെ ഡ, ട എന്നിവയുടെ ഉച്ചാരണ വ്യത്യാസം ബോധ്യപ്പെടുത്തണം.
വഴിയരികിൽ നിന്ന കുമ്പളങ്ങയുടെ ഒരു പ്രത്യേകത പുസ്തകത്തിലുണ്ട് ? എന്താണത്? കണ്ടെത്തി അടിവരയിടൂ
പൌഡറും പൂശി ( ഉച്ചാരണം, പൌ.) എന്തായിരിക്കാം അങ്ങനെ പറയാന്‍ കാരണം? പ്രതികരണങ്ങള്‍? കുമ്പളങ്ങയിലെ വെള്ളപ്പൊടി. സാധാരണ നമ്മള്‍ പൌഡറ് പൂശി നില്‍ക്കുന്നതെപ്പോഴാണ്?
കണ്ടെത്തല്‍ വായനാമത്സരം
പഠനക്കൂട്ടങ്ങള്‍ തമ്മിലാണ് മത്സരം
നിർദ്ദേശങ്ങൾ
ഇരട്ടിപ്പ് വരുന്ന അക്ഷരങ്ങളുള്ള പദങ്ങള്‍ കണ്ടെത്തി വട്ടമിടുക ( പഠനക്കൂട്ടത്തിലെ എല്ലാവരും ചെയ്യണം. വട്ടമിട്ട വാക്കുകള്‍ വായിക്കാനും കഴിയണം)
ഇരട്ടിപ്പുകള്‍ പരിചയപ്പെടുത്താം ( ത-ത്ത, ച- ച്ച, പ- പ്പ, ക- ക്ക, ട- ട്ട എന്നിങ്ങനെ)
ഏറ്റവും കൂടുതല്‍ വാക്ക് കണ്ടെത്തിയ പഠനക്കൂട്ടമാണ് ജയിക്കുക
ഒരേ വാക്ക് പല തവണ വന്നാലും വട്ടമിടണം. അതും എണ്ണത്തില്‍ പരിഗണിക്കും.
ഈ പ്രവര്‍ത്തനം ഇരട്ടിപ്പ് ഉപയോഗിക്കേണ്ട വേളയില്‍ അങ്ങനെ ചെയ്യാത്ത കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ്.
ന്ന- കിടന്നു, ……………..
ത്ത-മടുത്തു, ……………...
ച്ച- ചോദിച്ചു, …………..
ങ്ങ- എങ്ങോട്ടാ, …………..
ട്ട- എങ്ങോട്ടാ, …………….
ക്ക- സവാരിക്കിറങ്ങിയതാ, ……………..
റ്റ- ചുറ്റണം, …………………...
യ്യ- അയ്യോ, ……………..
ഓരോ പഠനക്കൂട്ടവും കണ്ടെത്തിയത് ബോർഡിൽ പട്ടികയിലായി കൂട്ടയെഴുത്ത് നടത്തുന്നു. ഒരു പഠനക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വന്ന് ഒരു വാക്ക് എഴുതിയാല്‍ അടുത്ത വാക്ക് എഴുതേണ്ടത് അടുത്ത പഠനക്കൂട്ടത്തിന്റെ പ്രതിനിധിയാണ്. തെറ്റുന്നവർക്ക് തെളിവെടുത്ത് തെറ്റുതിരുത്താൻ അവസരം നൽകുന്നു.
ഓ സ്വരത്തിന്റെ ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തി അടിവരയിടുക ?
ഏത് പഠനക്കൂട്ടമാണ് കൂടുതല്‍ കണ്ടെത്തിയത്? അവര്‍ വന്ന് ആ അക്ഷരമുള്ള വാക്കുകളെല്ലാം ബോര്‍ഡില്‍ എഴുതണം, പഠനക്കൂട്ടത്തിലെ എല്ലാവര്‍ക്കും അവസരം
മറ്റു പഠനക്കൂട്ടങ്ങള്‍ വിലയിരുത്തണം.
ഘട്ടം രണ്ട്
കൂട്ടുവായന
പഠനക്കൂട്ടങ്ങളിലാണ് വായന
ഒരാൾ രണ്ട് വരി വീതം വായിക്കുന്നു.
തുടർന്ന് അതേ വരികള്‍ ഭാവാത്മകമായി വായിക്കുന്നു.
അടുത്ത രണ്ട് വരി അടുത്തയാള്‍ ഇതേപോലെ വായിക്കുന്നു
വായനയില്‍ സഹായം വേണ്ടവരെ സഹായിക്കുന്നു.
വാക്കുകള്‍ ചൂണ്ടി സാവധാനം വായിക്കുകയാണ് വേണ്ടത്.
ഭാവാത്മക വായന
പഠനക്കൂട്ടങ്ങളുടെ ഭാവാത്മക വായനാവതരണം.
കൂടുതല്‍ സഹായം വേണ്ട കുട്ടിയും പങ്കാളിയാകണം. തത്സമയ സഹായം നല്‍കാം.
കണ്ടെത്തൽ വായന
കിടന്നു കിടന്നു മടുത്തു എന്ന് പറയാൻ കാരണമെന്ത്?
ഓരോ പഠനക്കൂട്ടവും പ്രതികരിക്കുന്നു
കാള കിടക്കും കയറോടും എന്ന കടങ്കഥ പരിചയപ്പെടുത്തുന്നു.
കുമ്പളങ്ങയും മത്തങ്ങയും തമ്മിലുള്ള വ്യത്യാസം പറയാമോ?
കുമ്പളങ്ങയെ വിശേഷിപ്പിച്ചതെങ്ങനെ?
പൗഡറും പൂശി ആ വാക്കുകൾ കണ്ടെത്തി അടിവരയിടാമോ? ( വ്യക്തിഗതം)
ഡ അക്ഷരം വേറെ എവിടെയെങ്കിലും ഉണ്ടോ? കണ്ടെത്തി വട്ടം വരയ്ക്കുക. അവിടെ പൂരിപ്പിക്കാനുള്ളത് പുരിപ്പിക്കുക
കരടിബലൂൺ ( ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത് ) ക്ലാസ് ലൈബ്രറിയിൽ ഉണ്ടെങ്കിൽ വായനയ്കായി നിർദ്ദേശിക്കണം (ട, ഡ, ഠ എന്നീ അക്ഷരങ്ങൾക്ക് ഊന്നൽ നൽകി രചിച്ച കൃതിയാണ്.
വിലയിരുത്തൽ :
ടീച്ചറുടെ വിലയിരുത്തൽ
- കഥ വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള കഴിവ്
പ്രതീക്ഷിത ഉൽപ്പന്നം:
- പാഠപുസ്തകത്തിലെ പൂരിപ്പിച്ചെഴുത്ത്
വായനപാഠം ( കുട്ടിപ്പാട്ട് പുസ്തകത്തിലേക്ക്) ( എ, ഏ, ഒ, ഓ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍)
പച്ചക്കറികള്‍ പുഴയില്‍ വീണാല്‍ മുങ്ങുമോ പൊങ്ങുമോ?
കോവയ്ക്ക മുങ്ങുമോ, പാവയ്ക്ക മുങ്ങുമോ? തക്കാളിയോ?
പച്ചക്കറികള്‍ പുഴയില്‍ വീണാല്‍ മുങ്ങുമോ പൊങ്ങുമോ?
കുമ്പളങ്ങ പൊങ്ങുമോ, മത്തങ്ങ പൊങ്ങുമോ? ചേനയോ?
പച്ചക്കറികള്‍ പുഴയില്‍ വീണാല്‍ മുങ്ങുമോ പൊങ്ങുമോ?
………………, …………………….., ……………………………………….
ബക്കറ്റില്‍ വെള്ളമെടുത്ത് പച്ചക്കറികള്‍ ഓരോന്നായി ഇട്ട് പരീക്ഷിച്ച് നോക്കൂ.
അനുബന്ധം
*സര്‍വേ ക്രോഡീകരണം*
ഒന്നഴക് ടീമിന്റെ നേതൃത്വത്തില്‍ മൂന്നാം ടേമിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ പിന്തുണ വേണ്ട കുട്ടികളെത്രയെന്ന് കണ്ടെത്തുന്നതിനായി സര്‍വേ നടത്തുകയുണ്ടായി. എല്ലാ ജില്ലകളിലുമായി 1471 അധ്യാപകരാണ് സര്‍വേയോട് പ്രതികരിച്ചത്.
കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍ ക്ലാസില്‍ എത്രശതമാനം വരും എന്നാണ് ചോദിച്ചത്. 1-10%, 11-20% എന്നിങ്ങനെ റേഞ്ച് നല്‍കുകയും ബാധകമായ റേഞ്ച് സൂചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
*പ്രധാന കണ്ടെത്തല്‍*
1. 62%അധ്യാപകരുടെ ക്ലാസുകളില്‍ 1 മുതല്‍ 10% വരെ കുട്ടികള്‍ കൂടുതല്‍ പിന്തുണ വേണ്ടവരാണ്.
2. 22% അധ്യാപകരുടെ ക്ലാസുകളില്‍ കൂടുതല്‍ പിന്തുണ വേണ്ടവര്‍ 11 മുതല്‍ 20% വരെ വരും
3. ഈ രണ്ട് വിഭാഗവും കൂടി പരിഗണിച്ചാല്‍ 84% അധ്യാപകരുടെ ക്ലാസുകളില്‍ 20%വരെ കുട്ടികള്‍ കൂടുതല്‍ പിന്തുണ വേണ്ടവരാണെന്ന് കാണാം
4. ഒരു ക്ലാസില്‍ മുപ്പത് കുട്ടികള്‍ എന്ന് കണക്കാക്കിയാല്‍ ആറ് കുട്ടികള്‍ കൂടുതല്‍ പിന്തുണ വേണ്ടവരാണ്. പത്ത് കുട്ടികളുള്ള ക്ലാസില്‍ രണ്ടും ഇരുപത് കുട്ടികളുള്ള ക്ലാസില്‍ നാലും വരും.
5. 21-30% കുട്ടികള്‍ കൂടുതല്‍ പിന്തുണവേണ്ടവരായിട്ടുള്ള 8 ശതമാനം അധ്യാപകരും
6. 31-40% കുട്ടികള്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായിട്ടുള്ള 3 ശതമാനം അധ്യാപകരും ഉണ്ട്. അതായത് 11% അധ്യാപകരുടെ ക്ലാസുകളില്‍ 21-40%കുട്ടികള്‍.
7. രണ്ട് ശതമാനം അധ്യാപകരുടെ ക്ലാസുകളില്‍ 40-50% കുട്ടികളും കൂടുതല്‍ പിന്തുണ വേണ്ടവരാണ്.
8. 22 അധ്യാപകരുടെ ക്ലാസുകളില്‍ (1.5 %) അമ്പത് ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ കൂടുതല്‍ പിന്തുണ വേണ്ടവരായിട്ടുണ്ട്.
9. 90%കുട്ടികളും കൂടുതല്‍ പിന്തുണവേണ്ടവരായിട്ടുള്ളന് മൂന്ന് വിദ്യാലയങ്ങളുമുണ്ട്.
10. ഇതരസംസ്ഥാനക്കാരും പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരും സ്ഥിരഹാജരില്ലാത്തവരും എത്രയുണ്ടെന്ന് കൂടി പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ കഴിയൂ.
*നിര്‍ദേശങ്ങള്‍*
• ഇരുപത് ശതമാനം വരെ കുട്ടികള്‍ കൂടുതല്‍ പിന്തുണ ആവശ്യമായിട്ടുള്ളവരുടെ ക്ലാസുകളില്‍ ( അതായത് 84%അധ്യാപകരുടെ ക്ലാസുകള്‍) ജനുവരി മാസം കൊണ്ട് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരുടെ ഒപ്പം എത്താനായി എന്ന് വരില്ല. മറ്റുള്ള കുട്ടികളെല്ലാവരും തന്നെ മെച്ചപ്പെട്ട നിലയില്‍ എത്താന്‍ സാധ്യതയുണ്ട്. വ്യക്തിഗത പിന്തുണയിലധിഷ്ഠിതമായ ആസൂത്രണം നടത്തിയാല്‍ ലക്ഷ്യത്തിലെത്തിച്ചേരാനാകും.84% അധ്യാപകരുടെ ക്ലാസുകളില്‍ മികച്ച ഭാഷാനിലവാരം എന്നത് തീര്‍ച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ്
• ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ കൊണ്ട് 20 മുതല്‍40% വരെ കുട്ടികള്‍ കൂടുതല്‍ പിന്തുണ വേണ്ടവരായിട്ടുള്ള11%അധ്യാപകരുടെ ക്ലാസുകളില്‍ ഭിന്നനിലവാര പ്രവര്‍ത്തനാസൂത്രണവും പ്രശ്നമേഖലകള്‍ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗതപിന്തുണയും പഠനക്കൂട്ടത്തിന്റെ ചിട്ടയായ പ്രവര്‍ത്തനവും നടത്തുകയാണെങ്കില്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരൊഴികെയുള്ളവരെല്ലാം അഭിലഷണീയ നിലവാരത്തിലെത്തും. സ്ഥിരഹാജരില്ലാത്ത കുട്ടികള്‍ പ്രശ്നമായി അവശേഷിക്കാം. എങ്കിലും 90%കുട്ടികളും മികവിലെത്തും.
• അഞ്ച് ശതമാനം അധ്യാപകരുടെ ക്ലാസുകളില്‍ പകുതിയിലേറെ കുട്ടികളും കൂടുതല്‍ പിന്തുണ വേണ്ടവരാണ്. വളരെ ചെറിയ ശതമാനം അധ്യാപകരുടെ ക്ലാസില്‍ പൊതുപ്രവണതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥ നിലനില്‍ക്കുന്നു. ഒന്നാം ക്ലാസിലെ അധ്യാപികയ്ക് മറ്റ് വിദ്യാലയ ചുമതലകള്‍ നിര്‍വഹിക്കേണ്ടി വന്നത് മൂലം ക്ലാസില്‍ വേണ്ടവിധം ശ്രദ്ധിക്കാനാകാത്തതാണോ എന്ന് പരിശോധിക്കണം. കാരണങ്ങള്‍ വിശകലനം ചെയ്ത് മൂന്നാം ടേമില്‍ സാധ്യമായ മാറ്റം ക്ലാസില്‍ വരുത്താനേ അവര്‍ക്ക് കഴിയൂ.


