ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, October 21, 2025

155. മൂന്നാം ഭാഗം മലയാളം ടെക്സ്റ്റ്‌ ബുക്ക്‌ കുട്ടികൾക്ക് നൽകി

 17/01/2024

ഇന്നലെ മൂന്നാം ഭാഗം മലയാളം ടെക്സ്റ്റ്‌ ബുക്ക്‌ കുട്ടികൾക്ക് നൽകി. അവരോട് ഒന്ന് വായിച്ചു നോക്കാൻ പറഞ്ഞു.

വളരെ വേഗം തന്നെ ആദ്യപാഠം

മിക്കവാറും കുട്ടികൾ വായിച്ചു തീർത്തു. പുസ്തകം മുഴുവൻ വായിക്കാൻ ആവുമോ എന്ന് ചോദിച്ചു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് ഹാജരായ 15 കുട്ടികളിൽ 7 കുട്ടികൾ പുസ്തകം മുഴുവൻ വായിച്ചു. പരിചിതമല്ലാത്ത അക്ഷരങ്ങൾ മാത്രം അവർ ഇടക്ക് വന്നു ചോദിച്ചു കൊണ്ടിരുന്നു. വായനയിലെ വേഗം ഏറെ സന്തോഷം നൽകി. 😍🥰

ദാവൂദ് കെ 

എം എ എൽ പി സ്കൂൾ വാലില്ലാപുഴ

അരീക്കോട് സബ്

മലപ്പുറം

151. മുൻ വർഷത്തെ അപേക്ഷിച്ച് വേഗത്തിൽ തന്നെ നല്ല വായനക്കാരായി

 09/11/2023

15 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു.

  • മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായിഈ വർഷത്തെ പ്രവർത്തനങ്ങൾ എഴുതാനും വായിക്കാനും കുട്ടികളെ വേഗത്തിൽ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല.
  • ചെറിയ തെറ്റുകൾ വരുത്താറുണ്ടെങ്കിലും സംയുക്ത ഡയറിയിലെ മിക്കവാക്യങ്ങളും അവർ സ്വന്തമായി എഴുതുന്നുണ്ട്. (പഠിപ്പിക്കാത്ത ചില ചിഹ്നങ്ങളും അക്ഷരങ്ങളും ഒഴിച്ച് ) .
  • മിക്ക കുട്ടികളും മുൻ വർഷത്തെ അപേക്ഷിച്ച് വേഗത്തിൽ തന്നെ നല്ല വായനക്കാരായി മാറി. 
  • അക്ഷരങ്ങളും ചിഹ്നങ്ങളും  മനസ്സിൽ ഉറപ്പിക്കാൻസചിത്ര പാഠപുസ്തകത്തിന് കഴിഞ്ഞു. രചനോത്സവത്തിന്റെആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
  • വായന കാർഡുകൾ മിക്ക കുട്ടികളും സഹായമില്ലാതെ  വായിക്കുന്നുണ്ട്.
  • ഈയൊരു ഘട്ടത്തിൽ കുട്ടികൾ എത്താൻ സാധാരണ തേഡ്  ടേമിന്റെ അവസാനഘട്ടത്തിൽ ആയിരുന്നു.
  • പിന്നോക്കക്കാരെ പരിഗണിച്ചുകൊണ്ട് അവർക്ക്അനുയോജ്യമായ കൂടുതൽ പ്രവർത്തനങ്ങൾ ക്ലസ്റ്റർ മീറ്റിങ്ങുകളിൽ ഉണ്ടാകണം

       സുജ

നരിപ്പറ്റ യുപി സ്കൂൾ

കോഴിക്കോട്

148. ഒന്നാം ക്ലാസ് അഞ്ചുമാസം പിന്നിടുമ്പോൾ

 06/11/2023

 ഈ വർഷത്തെ ഒന്നാം ക്ലാസ് അഞ്ചുമാസം പിന്നിടുമ്പോൾ ഏറെ സന്തോഷമാണ് പകർന്നു നൽകുന്നത് ... ഓരോ വർഷവും ഫെബ്രുവരി മാർച്ചിൽ കിട്ടിയിരുന്ന കുട്ടികളുടെ ആശയ ഗ്രഹണ വായന എന്നുള്ള ഫലപ്രാപ്തി ഇപ്പോൾ അഞ്ചുമാസം പിന്നിടുമ്പോൾ തന്നെ ലഭിച്ചിരിക്കുകയാണ് ....ഒക്ടോബർ 31ന് ക്ലാസ് പിടിഎ വെച്ചു. ക്ലാസ് പിടിഎ യിൽ കുട്ടികളുടെ സ്വതന്ത്ര രചനയെ പരിചയപ്പെടുത്തിയപ്പോൾ ഓരോ രക്ഷിതാവും ഏറെ അത്ഭുതത്തോടെയാണ് പ്രവർത്തനത്തെ നോക്കി കണ്ടത്  .44 കുട്ടികളുള്ള എൻറെ ക്ലാസ് മുറിയിൽ ഭൂരിഭാഗം കുട്ടികളും സ്വതന്ത്ര വായനയ്ക്ക് ഉടമകൾ ആയിരിക്കുന്നു എന്നത്എടുത്തു പറയേണ്ട ഒന്നുതന്നെയാണ് ... സചിത്ര പാഠപുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും എല്ലാം ഈ മികവിന് മികവിന് തുണച്ച ഘടകങ്ങളാണ് ....ഓരോ കുട്ടിയും സ്വതന്ത്രമായി വായിക്കുന്നു എന്നതും ആശയ ഗ്രഹണത്തോടുള്ള വായന എന്ന ഉയർന്നശേഷി കൈവരിക്കാൻ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഇപ്പോൾ തന്നെ കഴിയുന്നു എന്നതും ഏറെ അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്. ഏറെ സന്തോഷവും കൂടുതൽ ആത്മവിശ്വാസവും പകരുന്നു ......ഒന്നാം ക്ലാസിലെ  മുഴുവൻ കുട്ടികളും ബാല മാസികകൾ വായിക്കുകയും ബാലവാസികകൃതികൾ രചിക്കുകയും ചെയ്യും  എന്നുള്ള ഒരു പ്രതീക്ഷയോടെ നിർത്തുന്നു ........

നിർദ്ദേശങ്ങൾ 

* എല്ലാ ദിവസവും കുട്ടികൾക്ക് നൽകാൻ അക്ഷരങ്ങളുടെ പുനരാവർത്തനം വരുന്ന വായന സാമഗ്രികൾ  ഗ്രൂപ്പിൽ നിന്ന് ലഭിക്കുകയാണെങ്കിൽ അത് കൂടുതൽ സഹായകമായിരിക്കുമെന്നുള്ള ഒരു പ്രതീക്ഷ  .....

* ബഹു ,കലാധരൻ  മാഷിൻറെ ശബ്ദത്തിൽ ഒരു കഥയുടെ തുടക്കം ഗ്രൂപ്പിൽ വോയിസ് ആയിട്ട് വരികയും അത് ക്ലാസ് ഗ്രൂപ്പിലേക്ക് ഷെയർ  ചെയ്തു കുട്ടികളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥ പറയാനുള്ള ഒരു അവസരവും കൂടി നൽകുകയാണെങ്കിൽ കുട്ടികളുടെ സർഗാത്മക ഒന്നുകൂടി പരിപോഷിപ്പിക്കപ്പെടില്ലേ എന്നുള്ള ഒരു അഭിപ്രായം കൂടി പങ്ക് വയ്കുന്നു ( ഒന്നാം ക്ലാസല്ലേ ..... കഥയുടെ നേരനുഭവം കുട്ടിക്ക് നേരിട്ട് കിട്ടില്ലേ 🙏 )........ ഇത് വഴി എല്ലാദിവസവും കഥയുടെ ബാക്കി പൂരിപ്പിക്കാൻ കാത്തുനിൽക്കുന്ന ഒരു പാട്  കുഞ്ഞുമനസുകളെ കേരളത്തിൽ ഒട്ടാകെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ കഴിയില്ലെ 🥰🥰🙏🙏

വിജീഷ

ജി എല്‍ പി എസ് പരപ്പനങ്ങാടി 


146. രചനോത്സവത്തിന് ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

20/10/2023 

 സ്വതന്ത്രരചനയിലേക്ക് വന്ന കുട്ടികളുടെ ക്ലാസുകളിലാണ് രചനോത്സവം ആരംഭിച്ചത്.

രചനോത്സവത്തിന് ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

  • കൗതുകമുണർത്തുന്നതാകണം
  • അതിൽ ഒരു സംഭവം ഉണ്ടായിരിക്കണം
  • ഭാവനയുണർത്തണം
  • ഏതു കുട്ടിക്കും മുന്നോ നാലോ വാക്യങ്ങൾ എഴുതാൻ കഴിയുന്നതുമായിരിക്കണം
ഇതുവരെ രചനോത്സവത്തിനായി നൽകിയ ചിത്രങ്ങൾ ഇവയാണ്






ആയിരക്കണക്കിന് കുട്ടികൾ ഉത്സാഹപൂർവ്വം രചനോത്സവം ഏറ്റെടുത്തു.
അഞ്ച് സമാഹാരങ്ങൾ പ്രകാശിതമായി.
എന്നാൽ ചില പ്രശ്നങ്ങൾ ഉയർന്നു വന്നു.
അവയുടെ വിശകലനമാണ് ചുവടെ

*പ്രശ്നം 1* 

ചില അധ്യാപകർ രക്ഷിതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകാത്തതിനാൽ രക്ഷിതാക്കളുടെ ആശയവും ഭാഷയും രചനകളിൽ കൂടുന്നു

(കുട്ടി ചിത്രത്തെ പറ്റി എന്തു പറയുന്നുവോ അതുപോലെ എഴുതാൻ അനുവദിക്കുക. ഏതെങ്കിലും അക്ഷരം തിട്ടമില്ലെങ്കിൽ അതിൽ മാത്രം പിന്തുണ നൽകുക. മഷി ഉപയോഗിച്ച് )

🦋🦋🦋🦋🦋🦋🦋

 *പ്രശ്നം 2* 

ക്ലാസിൽ കുട്ടികളെ കൊണ്ട് കഥ പറയിച്ച് എഴുതിക്കൽ. ഇത് വൈവിധ്യം കുറയ്ക്കും. ചില കുട്ടികളെങ്കിലും സ്വന്തം ആശയം എഴുതാതെ പോകും.

(ക്ലാസിൽ വച്ച് ചെയ്യിക്കുന്നതിന് പ്രശ്നമില്ല. നിർദ്ദേശങ്ങൾ പൊതുവായി നൽകാം. അവർ എഴുതുമ്പോൾ സഹായം ആവശ്യമുള്ളവർക്ക് വ്യക്തിഗത പിന്തുണ നൽകാം .അതും ചിന്തയെ നയിക്കുന്ന ചോദ്യങ്ങൾ മാത്രം ഉപയോഗിച്ച്.മറ്റാരും കേൾക്കാതെ)

🦋🦋🦋🦋🦋🦋

 *പ്രശ്നം 3* .

കഥയെ സംബന്ധിച്ച് വലിയ സങ്കൽപ്പങ്ങൾ വച്ചു പുലർത്തി ശരിയായില്ല എന്ന സമ്മർദ്ദമുണ്ടാക്കൽ

(കുട്ടി എഴുതുന്ന രണ്ടു വാക്യവും കഥയാണ്. ഒരു ചെറു സംഭവം അതിലുണ്ടാകും.ഉറപ്പ്)

🦋🦋🦋🦋🦋🦋

 *പ്രശ്നം 4* 

ഭിന്നശേഷിക്കാരായ കുട്ടികളെ എന്തു ചെയ്യും?

(അവരുമായി സംസാരിച്ച് അവർക്ക് വേണ്ടി ടീച്ചർ എഴുതണം.)

🦋🦋🦋🦋🦋🦋🦋

 *പ്രശ്നം 5* 

ഭാഷാ പരിമിതിയുള്ള കുട്ടികൾ ഉണ്ട്. നാം പറഞ്ഞ പ്രക്രിയ പാലിക്കാത്ത ക്ലാസുകളിൽ കൂടുതലാണ്.

( അത്തരം കുട്ടികളെ മാത്രം ടീച്ചറുടെ അടുത്തേക്ക് വിളിക്കുക. ചിത്രത്തിൽ എന്താണ് കാണുന്നത്? ചർച്ച. പ്രതികരണങ്ങൾ ടീച്ചറടക്കം പദസൂര്യനാക്കൽ. പദസൂര്യനെ വാക്യമായി വികസിപ്പിക്കൽ (വാചികം). തുടർന്ന് വാക്യങ്ങൾക്ക് ക്രമനമ്പരിടൽ.

അത് കൂട്ടായി പറഞ്ഞെഴുതൽ ( ഓരോരുത്തരും) അല്ലെങ്കിൽ ഒരാൾ ഒരു വാക്യം എഴുതുന്നു. അത് തിരുത്തി മെച്ചപ്പെടുത്തി എല്ലാവരും എഴുതുന്നു. അടുത്തയാൾ അടുത്ത വാക്യം.ഇതിന് സമയം ഏറെ വേണ്ടി വരാം. അതിനാൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഭിന്ന നിലവാര ഗ്രൂപ്പുണ്ടാക്കി കൂട്ടെഴുത്തു രീതിയും ആലോചിക്കാം.

🦋🦋🦋🦋🦋🦋

 *പ്രശ്നം 6* 

രചനകൾ വായനാ സാമഗ്രിയാക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. വായനാ സാമഗ്രിയാക്കാനുള്ള സാങ്കേതിക ധാരണയില്ല.

( വായനാ സാമഗ്രിയാക്കുന്നതിലൂടെ കുട്ടിയെ അംഗീകരിക്കുകയാണ്.

പ്രചോദിപ്പിക്കുകയാണ്. സ്വതന്ത്രരചനാശേഷി വികസിപ്പിക്കുകയാണ്. 

ഒന്നാം ക്ലാസുകാർ നേടിയ മികവ് സമൂഹവുമായി പങ്കിടലാണ്. 

ക്ലാസ് നിലവാരത്തിൻ്റെ ഡോക്യുമെൻ്റ് തയ്യാറാക്കലാണ്.

മറ്റൊരു തലം കൂടിയുണ്ട്.

കുട്ടി എഴുതിയതിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ടീച്ചർ വായനാ സാമഗ്രി തയ്യാറാക്കുന്നത്. അതുമായി പൊരുത്തപ്പെടുത്തി കുട്ടി സ്വന്തം രചന എഡിറ്റ് ചെയ്യണം. കുട്ടി തനിയെ എഴുതുന്ന സന്ദർഭത്തിലാണ് ഈ മെച്ചപ്പെടലിടം ഗുണം ചെയ്യുക. രക്ഷിതാവിൻ്റെ സഹായം കുട്ടിക്ക് എഡിറ്റിംഗിൽ സ്വീകരിക്കാം. രക്ഷിതാവ് എഴുതിയത് പകർത്തുന്ന കുട്ടിക്ക് സ്വതന്ത്രരചനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരും.

🦋🦋🦋🦋🦋

 *പ്രശ്നം 7* 

രചനോത്സവം ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കൂടിയാണ് എന്ന് തിരിച്ചറിയാത്ത അധ്യാപകരുണ്ട്.

ഓരോ തവണയും ഓരോ ഭാഷാ പ്രശ്നത്തെ അഭിസംബോധന ചെയ്യും വിധമായിരിക്കും രചനോത്സവ പ്രവർത്തനങ്ങൾ.

സാധാരണ ക്ലാസിൽ അക്ഷരം പഠിപ്പിക്കലാണ് ഊന്നുന്നത്. വാക്യ തലത്തിലെയും പദതലത്തിലെയും ( സന്ധി, വിഭക്തി) പ്രശ്നങ്ങൾ തരം തിരിച്ച് അവ പരിഹരിക്കാനുള്ള രചനാ പ്രവർത്തനങ്ങൾ നടത്താറില്ല. അടുത്ത ക്ലാസുകളിൽ ഇതു കാരണം പഠിപ്പിച്ച കാര്യങ്ങൾക്കപ്പുറമുള്ളവ എഴുതുമ്പോൾ കുട്ടികൾ തെറ്റുകൾ വരുത്തുന്നു. അക്ഷര പുനരനുഭവം പോലെ ഇത്തരം കാര്യങ്ങളിലും പുനരനുഭവം ആവശ്യമുണ്ട്. അങ്ങനെ ഇടപെടണമെങ്കിൽ അധ്യാപകർ കുട്ടികളുടെ രചനകൾ വിശകലനം ചെയ്ത് ഗ്രൂപ്പിൽ പങ്കിടണം. അത് സാർവ്വത്രികമായതാണെങ്കിൽ പൊതുവായി പരിഹാരം കണ്ടെത്താൻ കഴിയും.

രചനകൾ മെച്ചപ്പെടുത്താനുള്ള ഉത്സവം കൂടിയാണ് രചനോത്സവം

145. ഒരു നല്ല ടീച്ചർ എന്ന പട്ടം രക്ഷിതാക്കൾ എനിക്ക് ചാർത്തി തന്നു

 04/10/2023

 പ്രിയരേ,

ഒന്നാം തരം എന്റെ ആദ്യ അനുഭവം. അത് ഒന്ന് കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ ഈ

വെക്കേഷന് കോഴ്സ് മുതൽ ഒന്നാം തരത്തിന്റെ RP ആവാം എന്ന് കരുതി ഡി ആർ ജി യിൽ പങ്കെടുത്തത്.ആ നിമിഷം മുതൽ ഈ നിമിഷം വരെ ഞാൻ അതുവരെ നേടിയെടുത്ത ധാരണകളെ ഏറ്റവും മനോഹരമായി കുട്ടികൾക്ക് പ്രയോജനപ്പെടും വിധം പരുവപ്പെടുത്തുകയായിരുന്നു.ഈ വർഷം ക്ലാസിൽ ആവിഷ്കരിച്ച സംയുക്ത ഡയറിയും സചിത്ര പുസ്തകവും എന്റെ മിടുക്ക് കൊണ്ടല്ലെങ്കിലും ഒരു നല്ല ടീച്ചർ എന്ന പട്ടം രക്ഷിതാക്കൾ എനിക്ക് ചാർത്തി തന്നു. ജൂലൈ 1 ന് സംയുക്ത ഡയറി ആരംഭിച്ചു ഒരു മാസം തികയുമ്പോൾ തന്നെ അത് ആഘോഷമാക്കാൻ രക്ഷിതാക്കൾ തിടുക്കം കൂട്ടി. ഓരോ കുട്ടിക്കും ഇത് വരെ എന്ത് കിട്ടി എന്ന ചോദ്യത്തിന് ഒരുപാട് പറയാനുണ്ട് അവർക്ക്. കടന്നു പോകുന്ന ഓരോ നിമിഷവും ഏറ്റവും മനോഹരമായ അനുഭവങ്ങളാക്കി മാറ്റുവാൻ ഓരോ അധ്യാപികയും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. അത് സഫലമാകുന്നുമുണ്ട്.ഭാഷാ പഠനത്തിൽ ഇത്ര വലിയൊരു മുന്നേറ്റം സാധ്യമായപ്പോൾ അതിന്റെ ഭാഗവാക്കാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും അറിയിക്കട്ടെ. ക്ലാസിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തി നിർദേശങ്ങൾ സംസ്ഥാന തല ഗ്രൂപ്പിൽ പങ്ക് വയ്ക്കുന്ന അധ്യാപക കൂട്ടായ്മയ്ക്ക് എന്റെ കൂപ്പ് കൈ 🙏.ഇന്ന് നടന്ന ക്ലസ്റ്റർ മീറ്റിംഗിൽ RP മാർ സമയബന്ധിതമായി module വളരെ നല്ല രീതിയിൽ വിനിമയം ചെയ്തു. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പൊളിച്ചെഴുത്തുകൾ പ്രതീക്ഷിക്കുന്നു 🙏 എല്ലാവർക്കും എന്റെ ഹൃദ്യമായ നന്ദി 🙏

ഇന്ദുജ എസ്. ഡി

ജി യു പി സ്കൂൾ തൃക്കുറ്റിശ്ശേരി

കോഴിക്കോട്

Monday, October 20, 2025

138. ഒന്നാം ക്ലാസിലെ മികവ് പ്രകടനങ്ങള്‍ ചെറുപഠനം

ഒന്നാം ക്ലാസില്‍ 2024 ജൂലൈ മുതല്‍ നടത്തിയ സംയുക്തഡയറിയെഴുത്ത്, പിന്നേം പിന്നേം ചെറുതായി എന്ന പാഠം മുതല്‍ ആരംഭിച്ച രചനോത്സവ ഉല്പന്നങ്ങള്‍ എന്നിവ പല വിദ്യാലയങ്ങളില്‍ നിന്നും പ്രസിദ്ധീകരിച്ച അനുഭവങ്ങള്‍ അധ്യാപകര്‍ ഒന്നാം ക്ലാസ് അധ്യാപകരുടെയും പരിശീലകരുടെയും വാട്സാപ്പ് കൂട്ടായമകളില്‍ പങ്കിടുകയുണ്ടായി ഒന്നാം ക്ലാസിലെ പഠനോത്സവത്തിലെ തത്സമയ പ്രകടനങ്ങള്‍ എന്നിവയുടെ വിവരങ്ങളും. എത്രശതമാനം വിദ്യാലയങ്ങളിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നറിയുന്നതിനായി ഒന്നഴകിന്റെ ഒമ്പത് ഗ്രൂപ്പുകളില്‍ അക്കാദമിക വര്‍ഷാവസാനം സര്‍വേ നടത്തുതയുണ്ടായി. 975 പേര്‍ സര്‍വേയുമായി സഹകരിച്ചു.

ഒന്നാം ക്ലാസിലെ മികവ് പ്രകടനങ്ങള്‍

ക്രമ

നമ്പര്‍

ഇനം

പ്രതികരണങ്ങള്‍

%

1

അച്ചടിച്ച ഡയറി പ്രകാശനം ചെയ്തു

216

22

2

അച്ചടിച്ച രചനോത്സവകഥകള്‍ പ്രകാശനം ചെയ്തു

146

15

3

വ്യക്തിഗതപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

95

10

4

അച്ചടിക്കാതെ പതിപ്പുകളായി ഡയറി പ്രകാശനം ചെയ്തു

313

32

5

അച്ചടിക്കാതെ പതിപ്പുകളായി രചനോത്സവകഥകള്‍ പ്രകാശനം ചെയ്തു

431

44

6

‍‍ഡയറിയും കഥകളും ഒന്നിച്ച് ചേര്‍ത്ത് പ്രകാശിപ്പിച്ചു ( അച്ചടിച്ച്)

40

4

7

ഡയറിയും കഥകളും ഒന്നിച്ച് ചേര്‍ത്ത് പ്രകാശിപ്പിച്ചു ( അച്ചടിക്കാതെ)

145

15

8

പഠനോത്സവത്തില്‍ തത്സമയരചന ഉണ്ടായിരുന്നു

260

27

9

പഠനോത്സവത്തില്‍ തത്സമയ വായന ഉണ്ടായിരുന്നു

697

71

10

ഒന്നാം ക്ലാസിലെ പഠനോത്സവം മികച്ചതായിരുന്നു

819

84

ആകെ പ്രതികരിച്ചവര്‍

975

100

പ്രധാന കണ്ടെത്തലുകള്‍

  1. ഒന്നാം ക്ലാസിലെ പഠനോത്സവം മികച്ചതായിരുന്നു എന്ന് 84 ശതമാനം അധ്യാപകര്‍ അഭിപ്രായപ്പെട്ടു.

  2. കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗം തത്സമയ പ്രകടനങ്ങളാണ്. അതും പഠനോത്സവം പോലെയുള്ള പൊതുവേദികളില്‍. 71% ഒന്നാം ക്ലാസധ്യാപകര്‍ തത്സമയവായനയ്ക് പഠനോത്സവത്തില്‍ അവസരം നല്‍കി. എന്നാല്‍ തത്സമയ രചനയ്ക് 27% പേര്‍ മാത്രമാണ് അവസരം ഒരുക്കിയത്.

  3. പത്ത് ശതമാനം ഒന്നാം ക്ലാസുകളില്‍ നിന്നും വ്യക്തിഗത പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നത് വലിയ നേട്ടമാണ്. ഒന്നാം ക്ലാസിലെ കുഞ്ഞെഴുത്തുകളെ അംഗീകരിക്കാന്‍ വിദ്യാലയങ്ങള്‍ തയ്യാറായി.

  4. മുന്‍വര്‍ഷം സമഗ്രശിക്ഷ കേരളം കുട്ടികളുടെ ഡയറികള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം നല്‍കിയിരുന്നു. ഈ വര്‍ഷം ധനസഹായം ലഭിക്കാതിരുന്നിട്ടും 22% വിദ്യാലയങ്ങള്‍ ഡയറിയും 15% വിദ്യാലയങ്ങള്‍ രചനോത്സവ രചനകളും അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഡയറിയും കഥയും ചേര്‍ത്ത് പ്രകാശിപ്പിച്ച 4% വിദ്യാലയങ്ങളുണ്ട്.

  5. 32% വിദ്യാലയങ്ങളില്‍ ഡയറികള്‍ പതിപ്പായി അച്ചടിക്കാതെയും 44% രചനോത്സവ രചനകള്‍ പതിപ്പായും പ്രകാശിപ്പിച്ചിട്ടുണ്ട്.

137. രക്ഷിതാക്കളുടെ വാർഷിക വിലയിരുത്തലുകൾ

31/03/2025

ഒന്നാം ക്ലാസിലെ ആദ്യ ദിനങ്ങളിൽ  മറ്റുള്ള അമ്മമാരെ പോലെ തന്നെ ഞാനും വളരെയധികം വ്യാകുലയായിരുന്നു.. എന്നാൽ അതൊക്കെ മാറിയത് ആദ്യത്തെ ദിനങ്ങളിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു തുടങ്ങിയതോടെയാണ്.. അക്ഷരങ്ങൾ മാത്രം കണ്ടു മനസ്സിലാക്കാൻ പ്രാപ്തിയുള്ള കുട്ടികൾ പെട്ടെന്ന് തന്നെയാണ് വാക്കുകളിലേക്കും വാക്കുകളിൽ നിന്ന് വാചകങ്ങളിലേക്കും അതിൽ നിന്ന്  സംയുക്ത ഡയറിയിലേക്കും ഓടിയടുത്തത്.. ആദ്യമൊക്കെ അമ്മമാരുടെ സഹായം സ്വീകരിക്കാമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ കുട്ടികൾ സ്വന്തമായി വാക്കുകൾ കൂട്ടിച്ചേർത്ത് എഴുതാനും നിരീക്ഷിച്ച കാര്യങ്ങളെ അവരുടെ ഭാഷയിൽ ഭംഗിയായി എഴുതിച്ചേർക്കാനും ശ്രമിച്ചു തുടങ്ങി..

പിന്നീട് അമ്മമാരുടെ നിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ കുട്ടികൾ വേഗത്തിൽ എഴുതുവാനും വായിക്കുവാനും പഠിച്ചു.. മകൾ അധ്യാപകനെയും ഒന്നാം ക്ലാസ്സിനെയും പാഠപുസ്തകങ്ങളെയും വളരെയധികം സ്നേഹിക്കുന്നു.. എന്റെ മകളുടെ മലയാളപുസ്തകം വളരെ ചുക്കി ചുളിഞ്ഞതും  കീറിയതും ആണ് എന്തുകൊണ്ട് എന്നാൽ ഏതുനേരവും പുസ്തകം എടുത്ത് വായിക്കുവാനും പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എന്റെ മകളുടെ ഒന്നാം ക്ലാസ് പഠനം അവളെ കൊണ്ട് കാര്യപ്രാപ്തിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാനും ചിട്ടയായ ശീലങ്ങൾ വളർത്തിയെടുക്കുവാനും പഠനത്തിനു പുറമേ സഹായിച്ചിട്ടുണ്ട്.. ഒരു കുട്ടിയെ നല്ലൊരു വിദ്യാർത്ഥി ആക്കുന്നത് ക്ലാസിലെ അധ്യാപകൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.. അധ്യാപനത്തിന്റെ  ആദ്യകാലയളവിൽ തന്നെ സഞ്ജയ്  മാഷ് തെളിയിച്ചിരിക്കുകയാണ്.. കുരുന്നു മനസ്സുകളെ പഠിച്ചെടുത്ത് വ്യക്തമായ ചിന്താഗതികളോടെ കുട്ടിത്തം നിറഞ്ഞ ഭാവത്തോടെ കുട്ടികളിൽ തെല്ലും മുഷിപ്പില്ലാതെ പാഠഭാഗങ്ങൾ അവതരിപ്പിക്കാൻ മാഷിനെ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇനിയും ഒന്നാം ക്ലാസിലേക്ക് വരുന്ന മറ്റു കുരുന്നുകൾക്കും വഴികാട്ടി ആവാൻ മാഷിനെ കൊണ്ട് സാധിക്കുമെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ സാധിക്കും.. പുതിയ പാഡ്ധ്യ പദ്ധതി പ്രകാരം തയ്യാറാക്കിയ ഒന്നാം ക്ലാസിലെ പുസ്തകങ്ങൾ കുട്ടികളുടെ ചിന്താശേഷിയെ വളർത്തിയെടുക്കുവാനും നന്മയുള്ള സാമൂഹിക മൂല്യബോധമുള്ള കുട്ടിയാക്കി വളർത്തുവാനും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുപോലെ ആയിരിക്കണം  വരും ക്ലാസുകളിലെ പാഠപുസ്തകങ്ങൾ എന്നും കൂട്ടിച്ചേർക്കുന്നു എന്റെ മകൾ ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയാണെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം അധ്യാപകന്റെ നിർദ്ദേശത്താൽ മകൾ ഒരു ദിവസം പോലും നിർത്താതെ സംയുക്ത ഡയറി എഴുതുകയും അതുപോലെതന്നെ  പലതരത്തിലുള്ള കഥാപുസ്തകങ്ങൾ വായിച്ച് കഥകളെ കുറിച്ച് വായനക്കുറിപ്പ് എഴുതുവാനും പ്രാപ്തിയായിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ  ഡയറി എഴുതിയതിനും കൂടുതൽ കഥകൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കിയതിനും അവൾക്ക് സ്കൂളിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്.. അവളെ ഇതിന് പ്രാപ്തയാക്കിയ സഞ്ജയ് മാഷിനും ഒന്നാം ക്ലാസിലെ പാഠപുസ്തകങ്ങളും ഒന്നാം ക്ലാസിലെ പുസ്തകത്തിന്റെ നിർമ്മാണ പ്രവർത്തകനായ കലാധരൻ മാഷിനും ഞാൻ നന്ദി രേഖപ്പെടുത്തുന്നു..


ഒന്നാം ക്ലാസ് പഠനകാലയളവിൽ നല്ല ഒരു അനുഭവം എടുത്തു പറയാൻ പറഞ്ഞാൽ സാധിക്കുകയില്ല ഓരോ ദിനങ്ങളും ഓരോരോ അനുഭവങ്ങളാണ് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സഞ്ജയ് മാഷ് പകർന്നു നൽകിയത്.. കുട്ടികൾക്ക് വ്യക്തമായ രീതിയിൽ കാര്യങ്ങൾ ക്ലാസിൽ അവതരിപ്പിച്ചും കുട്ടികളെ കൊണ്ട് തന്നെ പാഠഭാഗങ്ങൾ നാടകാവിഷ്കാരം നടത്തിയും വേറിട്ട ഒരു പഠന രീതിയാണ് ഒന്നാം ക്ലാസിൽ ഉണ്ടായത്.. നല്ലൊരു അനുഭവം  എന്ന് പറയുന്നത് കുട്ടികൾക്ക് കിട്ടുന്ന പ്രശംസയും അംഗീകാരങ്ങളുമാണ്.. അതുകൊണ്ടുതന്നെ എന്റെ മകൾക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ ഒന്നാം ക്ലാസിൽ അല്ലേ പഠിക്കുന്നത് ഇത്രയും പെട്ടെന്ന് മലയാളം എഴുതാനും വായിക്കുവാനും പഠിച്ചല്ലോ എന്നത് തന്നെയാണ്.. മകൾ എവിടെ പോയാലും ഒരു പേപ്പറിന്റെ കഷ്ണം ലഭിച്ചാലോ ബോർഡ് കണ്ടാലോ വായിക്കുന്നത് കാണുമ്പോൾ എല്ലാവരും അതിശയോക്തിയോടെ നോക്കിക്കൊണ്ട് അവളെ പ്രശംസിക്കുന്നത് അമ്മ എന്ന പേരിൽ എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്.


ഒന്നാം ക്ലാസിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠനശേഷി വർദ്ധിപ്പിക്കുകയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്തത്.. സ്വന്തമായി കാര്യങ്ങൾ എഴുതുവാനും വാക്കുകൾ കൂട്ടിച്ചേർക്കാനും വായിക്കുവാനും ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങൾ വളരെയധികം ഉപകാരപ്പെട്ടു. കുട്ടികൾ ഒരു പ്രവർത്തനവും മടുപ്പോ ഇഷ്ടക്കേടോ ഇല്ലാതെ ചെയ്തുതീർക്കുവാൻ അവർ താൽപര്യം കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു പ്രവർത്തനവും ഒഴിവാക്കണമെന്ന് തോന്നിയിട്ടില്ല ഇനി വരുന്ന ക്ലാസുകളിലും ഇതുപോലെ കുട്ടികളുടെ പഠന മികവിനെ മികച്ചതായി കൊണ്ടുവരാൻ പറ്റിയ പഠന പ്രവർത്തനങ്ങൾ പാഠ്യപദ്ധതി ഉൾപ്പെടുത്തിക്കൊണ്ട് വരണമെന്ന് ഒരു രക്ഷിതാവ് എന്ന നിലയിൽ അനാഗ്രഹിക്കുന്നു..

സുകന്യ (രക്ഷിതാവ് )

മാച്ചേരി ന്യൂ യു പി സ്കൂൾ.

കണ്ണൂർ നോർത്ത്


എന്റെ മകനെ സംബന്ധിച് പറയുകയാണെങ്കിൽ ഒന്നാം ക്ലാസ്സിൽ അവനു വലിയ മാറ്റമാണ്  ഉണ്ടായിട്ടുള്ളത്. സ്വരക്ഷരങ്ങളും, വ്യഞ്ജനക്ഷരങ്ങളും... എന്ന രീതി ഉപയോഗിക്കാതെ.. പഠഭാഗത്തുള്ള ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളുമാണ് മാഷ്  പഠിപ്പിച്ചത്. 

ഇങ്ങനെ പഠിപ്പിക്കുമ്പോൾ കുട്ടികൾ അക്ഷരങ്ങൾ മറന്നു പോകില്ലേ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ടാണ് അവൻ അക്ഷരങ്ങളൊക്ക സ്വായത്തമാക്കിയത് . അതിന് ഒരു പ്രധാന കാരണം ഡയറിയെഴുത്ത് തന്നെയാണ്. ആദ്യമൊക്കെ മടിയോടെയാണ് എഴുതിയതെങ്കിലും ഇന്ന് അവൻ അവന്റെ ദിനചര്യയുടെ ഭാഗമായി ചെയ്യേണ്ട ഒരു കാര്യം പോലെയാണ് ഡയറി എഴുതുന്നത്. അതുപോലെതന്നെയാണ് വായനയും, വായ്ക്കാനും ഭയങ്കര മടിയുള്ളകു ട്ടിയാണ്. എന്നാൽ അവൻ ഇപ്പോൾ 29 കഥകൾ വായിച്ചു, അതിന്റെ വായനക്കുറിപ്പും എഴുതി. അതും ഒട്ടും നിർബന്ധിക്കാതെ തന്നെ....

എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ മാറ്റം തന്നെയാണ്. അതിന് അവനെ പ്രാപ്തനാക്കിയത് സഞ്ജയ്‌ മാഷാണ്. മാഷിന് ഒത്തിരി.....നന്ദിയും സ്നേഹവും....ഞാൻ അറിയിക്കുന്നു. അവധിക്കാലത്തും എഴുത്തിനും, വായനയ്ക്കും അവധിയില്ല എന്ന് പറഞ്ഞ്, സ്കൂൾ അടക്കുന്നതിന് മുന്നേ കുട്ടികൾക്ക് അവധിക്കാലം വായ്‌ക്കേണ്ട കഥാബുക്കുകളും മാഷ് നൽകിയിട്ടുണ്ട്. അങ്ങനെ അവധിക്കാലത്തും ഡയറി എഴുതിയും, കഥകൾ വായിച്ചും, വായനക്കുറിപ്പ് എഴുതിയും... സഞ്ചയ്മാഷ് ഒന്നാം ക്ലാസ്സിലെ കൂട്ടുകാർക്കൊപ്പംതന്നെയുണ്ട്. ഇനിയും ഒരുപാട് കുട്ടികളെ വായനയുടെലോകത്ത് കൊണ്ടുപോകാൻ മാഷിന് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു. 🥰


 ഒന്നാം ക്ലാസിൽ അധ്യാപകനാണ് പഠിപ്പിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ മനസ്സിൽ നല്ല ആശങ്കയായിരുന്നു. കാരണം ഒരു അധ്യാപികയ്ക്ക് ഒരു 'അമ്മയാകാനും' കഴിയും. 



എന്നാൽ ചെറുപ്പക്കാരനായ ഒരു അധ്യാപകൻ കുട്ടികളോട് എങ്ങനെയായിരിക്കും എന്നുള്ള ഉത്കണ്ഠ ആയിരുന്നു അത്. പക്ഷേ സഞ്ജയ് മാഷിന്റെ കുട്ടികളോടുള്ള സമീപനം ഒരു അധ്യാപകൻ എന്നതിലുപരി അവരുടെ സ്വന്തം ചേട്ടൻ എന്ന രീതിയിൽ ഉള്ളതായിരുന്നു. വളരെ മികച്ച രീതിയിൽ കുട്ടികളെ മടുപ്പിക്കാത്ത രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആയിരുന്നു മാഷുടെത്. മാഷ് പറയുന്ന ഓരോ പ്രവർത്തനങ്ങളും മോൻ നല്ല ഉത്സാഹത്തോടുകൂടി ചെയ്യുന്നതു കണ്ടപ്പോൾ വളരെ അഭിമാനം തോന്നിയിരുന്നു. ക്ലാസിൽ തന്നെ ഒരു വായനാമൂല ഒരുക്കിയതിലൂടെ കുഞ്ഞുമക്കളെ ഒന്നാന്തരം വായനക്കാർ ആക്കാനും മാഷിന് കഴിഞ്ഞു. മോന്റെ വായന വീഡിയോ വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കിട്ടപ്പോൾ വളരെയധികം അഭിമാനവും സന്തോഷവും തോന്നി. അതിന് അവനെ പ്രാപ്തനാക്കിയ സഞ്ജയ് മാഷിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. സഞ്ജയ് മാഷിനെ വിട്ട് രണ്ടാം ക്ലാസിലേക്ക് പോകുന്നില്ല അമ്മേ എന്ന് മോൻ സങ്കടത്തോടുകൂടി പറയുമ്പോൾ ഇവരുടെ കുഞ്ഞുമനസ്സിനെ മാഷ് അത്രത്തോളം സ്വാധീനിച്ചു എന്നുതന്നെയാണ് അതിനർത്ഥം.

 സ്നേഹത്തോടെ ഇഷാന്റെ അമ്മ ❤️


എന്റെ മകൾ അവന്തികയുടെ ഒന്നാം ക്ലാസ്സ്‌ പഠനത്തിൽ ഞാൻ വളരെ സംതൃപ്തയാണ്, 

എന്റെ മകൾ ഇപ്പോൾ നന്നായി എഴുതാനും വായിക്കാനും സ്വന്തം ആയി ഡയറി എഴുതാൻ, കഥ എഴുതാനും കഴിയുന്നുണ്ട്, അവൾ വാർഷിക പരീക്ഷയിൽ സ്വന്തം ആയി ചോദ്യം വായിച്ചു തനിയെ എഴുതി നല്ല മാർക്ക് വാങ്ങിക്കുവാൻ കഴിഞ്ഞു, അവളുടെ ഒന്നാം ക്ലാസ്സ്‌ ടീച്ചർ സുഭി ടീച്ചർ വളരെ നന്നായി കുഞ്ഞുങ്ങളെ നോക്കുകയും പഠിപ്പിക്കയും ചെയ്യുന്നുണ്ട്, അവൾ എല്ലാ കാര്യങ്ങളും അവളുടെ ടീച്ചറുമായി സംസാരിക്കും, അവളുടെ ടീച്ചറിനെ  അവൾക്ക് ഭയങ്കര ഇഷ്ടം ആണ്, ടീച്ചർ നന്നായി പഠിപ്പിക്കും ഞങ്ങളെ വലിയ ഇഷ്ടം ആണ് എന്ന് എന്നും വന്നു പറയും, ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ എനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ എന്റെ കുഞ്ഞിന്റെ പഠനത്തിൽ വളരെ ഹാപ്പി ആണ്, എന്റെ കുഞ്ഞിനെ ഇങ്ങനെ ആക്കി തന്നതിൽ സുഭി ടീച്ചറിനോട് വളരെ നന്ദി ഉണ്ട്,അവധിക്ക് സ്കൂളിൽ നിന്നും പുസ്തകവുമായിട്ട് ആണ് മോൾ വന്നത്, അതു ഓരോ ദിവസവും ഞങ്ങളെ വായിച്ചു കേൾപ്പിക്കുണ്ട്,, കൂടാതെ ടീച്ചർ ക്ലാസ്സിൽ ചെയ്യിച്ച ഓരോ പ്രവർത്തങ്ങൾ വീട്ടിൽ വന്നു ഞങ്ങളെ ചെയ്ത് കാണിക്കാറുണ്ട്, മോൾ ചെയ്ത വീഡിയോ ടീച്ചർ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും, fb അതു പോസ്റ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് അതൊക്കെ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി, ഞങ്ങളുടെ കുഞ്ഞു ഇന്ന് നന്നായി പഠിക്കയും വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്, ഞങ്ങൾ വളരെ happy ആണ്, സുഭി ടീച്ചറിനോട് വളരെ കടപ്പാട് അറിയിക്കുന്നു, ഒന്നിൽ നിന്നും അവൾ പോകുന്നതിൽ അവൾക് വിഷമം ഉണ്ട് കാരണം സുഭി ടീച്ചർ അവളെ പഠിപ്പിച്ചാൽ മതി എന്നാണ് കുഞ്ഞു പറയുന്നത്, അത്രയും നന്നായി കുഞ്ഞുങ്ങളെ അവിടെ ഉള്ള അധ്യാപകർ നോക്കുന്നുണ്ട് 🥰🥰👍👍👍🥰

രമ്യ കൃഷ്ണൻ 

തെള്ളിയൂർ പത്തനംതിട്ട



ഞാൻ സെന്റ് ബെഹനാൻസ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ലിയോ ലിജുവിന്റെ രക്ഷിതാവാണ്,, എന്റെ കുഞ്ഞിന്റെ പഠനത്തിൽ ഇന്ന് ഞാൻ വളരെ ഹാപ്പി ആണ്, 

അവനിൽ ഉള്ള കഴിവുകൾ കണ്ടെത്താനും അവ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും അവന്റ പ്രിയപ്പെട്ട സുഭി ടീച്ചർക്ക് സാധിച്ചു. എഴുത്തിലും വായനയിലും, പഠനത്തിലും എന്റെ മോൻ വളരെ മികച്ചു നിൽക്കുന്നു, ഒന്നിലെ കുഞ്ഞുങ്ങൾ സ്വന്തം ആയി ഇങ്ങനെ ഡയറി, കഥകൾ, പത്രം തയ്യാറാക്കുമോ എന്ന് സംശയിച്ചു നിന്ന ഞങ്ങൾ ഇന്ന് അഭിമാനത്തോടെ പറയുന്നു അവർ ചെയ്യും എന്ന് 🥰👍അതിലേക്ക് അവരെ കൊണ്ട് എത്തിക്കുവാൻ പ്രിയ സുഭി ടീച്ചർക്ക് സാധിച്ചു. പാഠത്തിലെ പ്രവർത്തനങ്ങൾ കണ്ടു ആദ്യം ഒന്ന് പതറി എങ്കിലും അവ വളരെ രസകരവും ആസ്വാദകരവും ആയി കുഞ്ഞുങ്ങൾ പഠിക്കുന്നത് ചെയ്യുന്നതും ഞാൻ നേരിട്ട് കണ്ടു മനസിൽ ആക്കി, ആ സ്കൂളിൽ ഈ വർഷത്തെ PTA പ്രസിഡന്റ്‌ ആയി സ്ഥാനം ലഭിച്ച ശേഷം സ്കൂൾ സന്ദർശിക്കുകയും കുഞ്ഞുങ്ങളുടെ പഠനമികവുകൾ നേരിട്ട് കണ്ടു മനസ്സിൽ ആക്കുവാനും എനിക്ക് സാധിച്ചു. ഒന്നിലെ എല്ലാ കുഞ്ഞുങ്ങളും നന്നായി പഠിക്കയും എഴുതുകയും വായിക്കുകയും ചെയ്യുന്നത് കണ്ടു മനസ്സിൽ ആകുവാൻ സാധിച്ചു. പാഠപ്രവർത്തങ്ങൾ വളരെ ലളിതമായി അവരിൽ എത്തിക്കുവാനും തുടർ പ്രവർത്തനങ്ങൾ വളരെ ഭംഗി ആയി പൂർത്തിയാക്കുവാനും സാധിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ വളരെ നന്നായി കെയർ ചെയ്തു അവരെ മുന്നോട്ട് കൊണ്ടുവരുന്നതിൽ സുഭി ടീച്ചർ വളരെ കഷ്ടപ്പെടുന്നതും ഇന്ന് കുഞ്ഞുങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ സുഭി ടീച്ചർ എത്ര പരിശ്രമിച്ചു എന്നും അതിന്റെ നല്ല ഫലം കാണുവാനും കഴിഞ്ഞു, ഒരുപാട് നന്ദി ഉണ്ട് സുഭി ടീച്ചർക്ക് 🥰🥰🥰👍👍കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കൾക്കും അവസരം ലഭിക്കുന്ന വിവിധ പ്രവർത്തങ്ങൾ ഒന്നാം ക്ലാസ്സ്‌ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത് രക്ഷിതാവ് എന്ന നിലയിൽ ഞങ്ങളും happy ആണ്, ഞങ്ങളുടെ കഴിവുകളും മുന്നിൽ കൊണ്ട് വരുവാൻ സാധിച്ചു. ശില്പശാലകൾ ഞങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു, വരും വർഷങ്ങളിൽ ഇത്തരം പ്രവർത്തങ്ങൾ ഉൾപെടുത്തുന്നത് വളരെ നല്ലത് ആണ്. 🥰ഒന്നാം ക്ലാസ്സ്‌ ഇന്ന് ഒന്നാം തരം. ഞങ്ങൾ വളരെ സംതൃപ്തരാണ് 

ലിയോ ലിജുവിന്റെ അമ്മ 

കൊച്ചുമോൾ ലിജു 

SBLPS തെള്ളിയൂർ പത്തനംതിട്ട


പ്രിയപ്പെട്ട ടീച്ചർ,

ഏറെ സന്തോഷത്തോടെയും അതിലുപരി ആശങ്കയോടും കൂടിയാണ് ഓരോ പുതിയ അധ്യയന വർഷത്തിലേക്കും പ്രത്യേകിച്ച് ഒന്നാം ക്ലാസിലേക്ക് കുട്ടികളെ വിടുന്നത്.

കുഞ്ഞുകുട്ടികൾ ആയതുകൊണ്ട് തന്നെ അവരെ അക്ഷരങ്ങൾ എഴുതിത്തുവാനും  ശ്രമകരം തന്നെയാണ്. പ്രത്യേകിച്ച് ഈ അധ്യയന വർഷംപുതുക്കിയ പാഠ്യപദ്ധതി കൂടിയായിരുന്നു.എല്ലാ രക്ഷിതാക്കൾക്കും അതിൽ ആശങ്കയും ആകാംക്ഷയും ഉണ്ടായിരുന്നു.കുട്ടികൾ എങ്ങനെ അതിനെ സ്വീകരിക്കും മനസ്സിലാക്കും എന്നെല്ലാം .പക്ഷേ ഞങ്ങൾ വിചാരിച്ചതിലും ഉപരി കുഞ്ഞുങ്ങൾ അതിനെ നല്ല രീതിയിൽ സ്വീകരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെഒന്നാം ക്ലാസിലെ കുട്ടികൾ എന്നതിലുമുപരിഅവർ അക്ഷരങ്ങൾ എടുത്ത് വാക്കുകളും വാചകങ്ങളും വായിക്കുവാനും എഴുതുവാനും തുടങ്ങിയിരുന്നു.ഒരു നോട്ടീസ് പത്രക്കടലാസോ ഒക്കെ കിട്ടിയാൽ തന്നെ അതൊക്കെ അവർ വായിക്കുന്നു.സ്വന്തമായി ചിന്തിക്കുവാനും കഥകൾ പറയുകയും എഴുതുകയും ചെയ്യുന്നു.

 *തീർച്ചയായും പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പുതുക്കിയ പാഠ്യ പദ്ധതി ഉയർന്ന നിലവാരം പുലർത്തുന്നതാണ്*

അതിനുമപ്പുറം ഞങ്ങളുടെ കുഞ്ഞുങ്ങളെ വളരെ ക്ഷമയോടെ സ്നേഹത്തോടെ ചേർത്തു പിടിച്ചു അവരോടൊപ്പം നിന്ന പ്രിയപ്പെട്ട ദീപ ടീച്ചർക്ക് ഒരായിരം നന്ദി.....

ഏറെ സ്നേഹത്തോടെ

രമ്യ സന്തോഷ് (നിള പാർവ്വതി)

ജി എച്ച് എസ് തത്തപ്പിള്ളി

135. പഠനക്കൂട്ടങ്ങൾ

 18/03/2025

പഠനക്കൂട്ടങ്ങൾ പഠനപ്രക്രിയ വേഗത്തിൽ ആക്കാൻ സഹായിച്ചു. ഇത് മുൻവർഷങ്ങളിൽ എല്ലാം ഞാൻ ഉപയോഗിച്ച തന്ത്രം തന്നെ ആയിരുന്നു. ഗ്രൂപ്പ്‌ 1, ഗ്രൂപ്പ്‌ 2, ഗ്രൂപ്പ്‌ 3... ഇങ്ങനെ നാലോ അഞ്ചോ ഗ്രൂപ്പുകൾ വർഷങ്ങളായി എന്റെ ക്ലാസ്സിൽ ഉണ്ട്. ശരാശരി, ശരാശരിയ്ക്കും മുകളിൽ, ശരാശരിക്കു താഴെ ഈ മൂന്നും ഓരോ ഗ്രൂപ്പിലും ഉണ്ടാവും. പഠനത്തിൽ പരസ്പരം സഹായിക്കും. ഗ്രൂപ്പ്‌ തലത്തിൽ പഠനലക്ഷ്യം അടിസ്ഥാനമാക്കി മത്സരം വെക്കും. പോയിന്റ് നൽകും. കുട്ടികളുടെ നിലവാരം ഉയരുന്നതിനനുസരിച്ച് ഗ്രൂപ്പ്‌ അംഗങ്ങളുടെ എണ്ണം വ്യത്യാസം വരും. ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ മാറും.അംഗമായിരുന്നവർ ലീഡർ സ്ഥാനത്തേക്ക് വരും. 




ഇങ്ങനെ ഒക്കെ മുൻവർഷങ്ങളിൽ ചെയ്തിരുന്നു. ഈ വർഷം അത് പഠനക്കൂട്ടങ്ങൾ എന്ന പേരിൽ ആണ് ചെയ്തത്. മുൻപ് നമ്മൾ തന്നെ ആണ് ഓരോ ഗ്രൂപ്പും ചെയ്യേണ്ട പ്രവർത്തനങ്ങൾ കണ്ടുപിടിച്ചിരുന്നത്. എന്നാൽ ഓരോ പാഠത്തിലും പഠനക്കൂട്ടങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം, അവർ എന്ത് ചെയ്യണം എന്ന് HB യിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.  അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടി വന്നിട്ടില്ല.

പഠനക്കൂട്ടങ്ങളുടെ പ്രവർത്തനം ഒരു ടീച്ചർക്ക് കുട്ടികളെ കുറഞ്ഞ സമയം കൊണ്ട് പഠനലക്ഷ്യ ത്തിലേക്കെത്തിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. കാരണം എല്ലാ പഠനക്കൂട്ടങ്ങളിലും ഒരേ സമയം ഒരേ പ്രവർത്തനം നടക്കുന്നു. ഉദാഹരണത്തിന് 5 പഠനക്കൂട്ടം ഉണ്ടെങ്കിൽ 5 കുട്ടികൾ ഒരേ സമയം വായിക്കുകയാണ്. അവിടെ മേൽനോട്ടം നടക്കുന്നുണ്ട്, തിരുത്തപ്പെടുന്നുണ്ട്. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ എല്ലാ കുട്ടികളുടെയും വായനയ്ക്ക് കുറച്ചു സമയം മതി. എല്ലാ പ്രവർത്തനങ്ങളും ഇങ്ങനെ വേഗത്തിൽ നടക്കും. നേതൃത്വഗുണം വളരും. പഠനക്കൂട്ടങ്ങൾക്ക് മത്സരം വെക്കും. പഠനലക്ഷ്യങ്ങളാണ് മാനദണ്ഡം. അപ്പോൾ പോയിന്റ് നേടാൻ വേണ്ടി ശരാശരിയിൽ താഴെ നിൽക്കുന്ന കുട്ടിയെ അവർ തന്നെ പൊക്കിക്കൊണ്ടുവരും. പോയിന്റ് കിട്ടാൻ വേണ്ടി ശരാശരിയിൽ താഴെ നിൽക്കുന്നവരും ശ്രമിക്കും.

ഇവിടെ മത്സരത്തിൽ ഫസ്റ്റ്, സെക്കന്റ്‌ എന്നില്ല. പരമാവധി പോയിന്റ് നേടി മികച്ച പ്രകടനം കാഴ്ച വെക്കുക എന്നതാണ് കുട്ടിയ്ക്ക് നൽകുന്ന ലക്ഷ്യം. അതുകൊണ്ട് ഒന്നോ രണ്ടോ കുട്ടികൾക്ക് മാത്രമല്ല സമ്മാനങ്ങൾ/ സ്റ്റിക്കർ കിട്ടുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ച എല്ലാവർക്കും അത് കിട്ടും എന്നതിനാൽ പ്രയത്നിക്കാൻ കുട്ടിയെ പ്രചോദിപ്പിക്കുന്നുണ്ട്.

ഇടവേളകളിലും കിട്ടുന്ന മറ്റ് ഒഴിവു സമയങ്ങളിലുമെല്ലാം  പഠനക്കൂട്ടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ ചെയ്യും. ക്രമേണ നമ്മുടെ നിർദേശം പോലും വേണ്ടാതെ പഠനക്കൂട്ടങ്ങൾ സ്വയം  പ്രവർത്തിക്കുന്ന നില വരെ ഉണ്ടായിട്ടുണ്ട്.

പരസ്പരം സഹായിക്കുന്നു, സഹഭാവം വളരുന്നു, നേതൃഗുണം വളരുന്നു. ഗ്രൂപ്പിൽ ഊഴമനുസരിച്ച് കാത്തുനിൽക്കാനും അച്ചടക്കം പാലിക്കാനും നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനും ശ്രദ്ധ വളരാനും ഒക്കെ പഠനക്കൂട്ടങ്ങൾ ഏറെ സഹായിക്കുന്നു.

പ്രസന്ന എ.പി 

GLPS പലകപ്പറമ്പിൽ

മങ്കട സബ്ജില്ല

മലപ്പുറം

131. പലകപ്പറമ്പ് സ്കൂളിൽ ചെയ്ത രംഗാവിഷ്ക്കരണം

 പ്രിയമുള്ളവരെ,

 പലകപ്പറമ്പ് സ്കൂളിൽ പ്രസന്ന ടീച്ചർ ചെയ്ത രംഗാവിഷ്ക്കരണത്തിൻ്റെ വീഡിയോ  കാണൂ

കുറിപ്പ് വായിക്കൂ

യൂണിറ്റ്: പെയ്യട്ടങ്ങനെ പെയ്യട്ടെ.

പഠന ലക്ഷ്യങ്ങൾ: 

1. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുടെ മുമ്പാകെ ആസ്വാദ്യമായി അവതരിപ്പിക്കുന്നതിന് കഴിവ് നേടുന്നു.

2. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ വേഷം, പ്രോപ്പർ ട്ടികൾ, രംഗസജ്ജീകരണം എന്നിവ തയ്യാറാക്കി രംഗാവിഷ്കാരം നടത്തുന്നു.

പെയ്യട്ടങ്ങനെ പെയ്യട്ടെ ദൃശ്യാവിഷ്കാരത്തിന്റെ പിന്നിൽ...

HB അനുസരിച്ച് പാഠഭാഗം ക്ലാസ്സിൽ എടുത്തു. ഇഷ്ടമുള്ള കഥാപാത്രങ്ങളായി കുട്ടികൾ അവരുടേതായ ഭാവനയിൽ ക്ലാസ്സിൽ രംഗാവിഷ്കാരം നടത്തി. പിന്നീട് സ്കൂൾ വാർഷികത്തിന് ഈ ദൃശ്യാവിഷ്കാരം വേദിയിൽ അവതരിപ്പിച്ചാലോ എന്ന് കുട്ടികളുമായി ആലോചിച്ചു. അവർക്ക് എന്നേക്കാൾ താല്പര്യം. ക്ലാസ്സിലെ 24 പേരും റെഡി. പിന്നെ ഞാൻ ഒരുങ്ങാൻ തുടങ്ങി. 

  • ആദ്യം അതാതു കഥാപാത്രങ്ങളെ  (പശു, തവള, അമ്മൂമ്മ, കൊക്ക്, നെല്ല്, പുഴ, കുട്ടികൾ, മേഘം ) അവതരിപ്പിക്കുന്ന കുട്ടികളുടെ ശബ്ദം ക്ലാസ്സിൽ വെച്ചു തന്നെ മൊബൈലിൽ റെക്കോർഡ് ചെയ്തു. 
  • അതിന് sound effect കൊടുത്തു. പിന്നീട് തോന്നി ഓരോ കഥാപാത്രങ്ങളും വരുമ്പോൾ അതിന്റെ സൗണ്ട് കൂടി കൊടുത്താൽ കുറച്ചു കൂടി നന്നാവും എന്ന്. അങ്ങനെ അത് search ചെയ്തു. അതിന്റെയെല്ലാം വീഡിയോസ് ഡൌൺലോഡ് ചെയ്തു. വീഡിയോ ഫയൽ ആക്കി mix ചെയ്തു. 
  • പിന്നെ തോന്നി ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ഉണ്ടായാൽ കുറച്ചു കൂടി ഭംഗി ആവും എന്ന്. അങ്ങനെ അത് search ചെയ്തു. പറ്റിയ ഒരു mp3 ഡൌൺലോഡ് ചെയ്ത് അതും mix ചെയ്തു. 
  • പിന്നെ ഇടി, മഴ എന്നിവയുടെ സൗണ്ട് ഡൌൺലോഡ് ചെയ്തു. മഴ പെയ്തപ്പോൾ മഴയിൽ ചാടി രസിക്കുകയാണല്ലോ കുട്ടികൾ. അപ്പോൾ അതിനു പറ്റിയ ഒരു പാട്ട് search ചെയ്തു. അതിന്റെ വീഡിയോ ഡൌൺലോഡ് ചെയ്തു. 
  • എല്ലാം കൂടി mix ചെയ്തു. ക്ലാസ്സിൽ ഒന്ന് അവതരിപ്പിച്ചു നോക്കി. Time duration ശരിയാവുന്നുണ്ടോ എന്ന് പരിശോധിച്ചു.
  •  ചിലയിടത്ത് duration കൂട്ടാനും ചിലയിടത്ത് കുറക്കാനും ഉണ്ടായിരുന്നു. അതനുസരിച്ച് അത് ചെയ്തു. വീഡിയോ ഫയൽ ആക്കിയെടുത്തു. 
  • പിന്നെ അത് mp3 ആക്കി convert ചെയ്തു. ഈ ഓഡിയോ വെച്ച് കുട്ടികൾക്ക് 2 ദിവസം പരിശീലനം നൽകി. 
  • ഇങ്ങനെ ജീവികളുടെ ശബ്ദവും മ്യൂസിക്കും ചാടിക്കളിക്കാൻ പാട്ടും ഒക്കെ ആയപ്പോൾ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി. 
  • 2 ദിവസം മാത്രമേ പരിശീലനം നൽകിയുള്ളൂ എങ്കിലും വാർഷികത്തിന് അവർ നന്നായി ചെയ്തു. 
  • ഓരോ കഥാപാത്രങ്ങളുടെയും ( പശു, തവള, അമ്മൂമ്മ, കൊക്ക് ) മുഖംമൂടികൾ ഗൂഗിളിൽ നിന്ന് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്തു തയ്യാറാക്കി. 
  • നെല്ല്, വരണ്ട പുഴ, മേഘം എന്നിവയുടെ ചിത്രങ്ങൾ ഡൌൺലോഡ് ചെയ്ത് അവരുടെ ഡ്രെസ്സിൽ നെഞ്ച് ഭാഗത്തായി വെച്ച് pin ചെയ്തു. 
  • പരമാവധി match ചെയ്യുന്ന വസ്ത്രങ്ങൾ ധരിച്ചു. 
  • എന്റെ കുട്ടികളുടെ parents അവരെ dress ചെയ്യിക്കാനും മേക്കപ്പ് ചെയ്യാനും സഹായിച്ചു. 
  • ദിവസങ്ങൾ എടുത്തു ഇങ്ങനെ ഒക്കെ ബാക്ക്ഗ്രൗണ്ട് വോയ്‌സ് തയ്യാറാക്കി എടുക്കാൻ. 
  • എല്ലാം കഴിഞ്ഞു വേദിയിൽ കണ്ടപ്പോൾ അടിപൊളി ആയിരുന്നു.

പ്രസന്ന എ.പി

ഒന്നാം ക്ലാസ്സ്‌ അധ്യാപിക

GLPS പലകപ്പറമ്പിൽ 

മങ്കട സബ്ജില്ല 

മലപ്പുറം

12/02/2025 

130. ഒന്നാം ക്ലാസ്സിലെ മുഹമ്മദ് റസാൻ ഒ യുടെ* ഡയറിത്താളിലൂടെ

 താഴക്കോട് ജി.എൽ.പി സ്കൂൾ കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്ക് നടത്തിയ പഠനയാത്രാവിശേഷങ്ങൾ *ഒന്നാം ക്ലാസ്സിലെ മുഹമ്മദ് റസാൻ ഒ യുടെ* ഡയറിത്താളിലൂടെ വായിക്കാം...




07/02/2025

127. അഭിമാനം തോന്നിയ ഒരു വർഷമാണിത്

 മുരുക്കുമൺ യുപിഎസ് നിലമേൽ 

ഒന്നാം ക്ലാസിൽ 110 കുട്ടികളാണ് ഞങ്ങളുടെ സ്കൂളിലുള്ളത് .എന്റെ ക്ലാസ്സിൽ 30 കുട്ടികളുണ്ട്. കഴിഞ്ഞവർഷവും ഒന്നാം ക്ലാസ്സിൽ ആയതിനാൽ ഈ വർഷം ഞാനൊരു മാറ്റം ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് അധ്യാപകരുടെ അവധിക്കാല പരിശീലനം ആരംഭിച്ചത് അതോടെ പുതിയ പുസ്തകവും അവതരണ രീതിയും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി. ഒരുപാട് സന്തോഷത്തോടെ യാണ് ക്ലാസ് പൂർത്തിയാക്കിയത്. ഇതെല്ലാംകുട്ടികളിൽ എത്തിക്കാനുള്ള ആകാംക്ഷയും ആശങ്കയും നിറഞ്ഞ ജൂണിലെ ആദ്യവാരം.കുട്ടികളിൽ ഓരോ ദിവസവും വളരെ നല്ല പ്രതികരണം കണ്ടുതുടങ്ങി.ക്ലാസിൽ നടന്ന ഓരോ പ്രവർത്തനങ്ങളും രക്ഷിതാക്കളിൽ എത്തിച്ചു.

        പറവകൾ പാറി എന്ന ആദ്യ പാഠം കുഞ്ഞുങ്ങൾക്ക് എന്നും മന:പാഠമാണ് ദേശാടനക്കിളികളായി അവർ ആടിയും പാടിയും അക്ഷരങ്ങളുടെ ലോകത്ത് പുതിയൊരു മാറ്റം സൃഷ്ടിച്ചു തുടങ്ങി. ആദ്യം മെല്ലെ പോയവരൊക്കെ എല്ലാവർക്കും ഒപ്പം വായിക്കുവാനും എഴുതുവാനും തുടങ്ങി. വായന കൂട്ടങ്ങളും മറ്റ് ഗ്രൂപ്പ് പ്രവർത്തനങ്ങളും അക്ഷരം അറിയാവുന്നവരെ കൂടുതൽ അക്ഷരം ഉറപ്പിക്കുവാനും വായിക്കാൻ അറിയാത്തവരെ കൂടുതൽ വായനയിലേക്ക് നയിക്കുവാനും കഴിഞ്ഞു. ഇന്ന് എൻറെ ക്ലാസിലെ 90% പേരും എഴുതുന്നവരും വായിക്കുന്നവരും ആണ് 30 തിൽ26 പേരും അതിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. 

സംയുക്ത ഡയറിയും രചനോത്സവവും ഭംഗിയായി തന്നെ നടന്നുകൊണ്ടിരിക്കുന്നു .കഴിഞ്ഞ PTA മീറ്റിംഗിൽ ഒരു രക്ഷിതാവ് പറയുകയുണ്ടായി എന്റെ മോൻ അക്ഷരങ്ങൾ പറഞ്ഞ് എഴുതുന്നത് കണ്ട് എൻ്റെ കണ്ണുനിറഞ്ഞു പോയി എന്ന് .നമ്മുടെ മനസ്സ് നിറയാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. 3/ 2/25 തിങ്കളാഴ്ച 830 പേർ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ അസംബ്ലി നടത്തിയത് ഒന്നാം ക്ലാസിലെ കുരുന്നുകളായിരുന്നു ഏവർക്കും കൗതുകവും ആഹ്ലാദവും നിറച്ച ആ നിമിഷം ഒരു തെറ്റും വരുത്താതെ അവർ വളരെ  പക്വതയോടെയാണ് ഓരോ കാര്യങ്ങളും നീക്കിയത് വാർത്തകൾ, പ്രസംഗം, ചിന്താവിഷയം കൂടാതെ അസംബ്ലിയിലെ എല്ലാ പ്രവർത്തനങ്ങളും അവർ തനിയെ ചെയ്തു.കുഞ്ഞുങ്ങൾ എഴുതി തയ്യാറാക്കിയ കുട്ടി പത്രവും പ്രകാശനം ചെയ്തു

മറ്റൊരു സ്ഥാപനത്തിലെ കുറെ അധ്യാപകർ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ക്വിസ് മത്സരത്തിൻ്റെസമ്മാനം നൽകാനായി എത്തിയിരുന്നു അവർ നമ്മുടെ കുഞ്ഞുങ്ങളുടെ അസംബ്ലി കണ്ട് അവർക്കും ട്രോഫി നൽകിയിട്ടാണ് പോ യത്

പാഠങ്ങൾ ഓരോന്നും തീരുമ്പോഴും അടുത്തത് എങ്ങനെ എന്ന് ആശങ്കയിൽ നിൽക്കുമ്പോഴാണ് ഒന്നഴകിലൂടെ ലഭിക്കുന്ന വിലപ്പെട്ട അറിവുകൾ അനുഗ്രഹമായി തീരുന്നത്. കുഞ്ഞുങ്ങളിൽ വളരെ മികച്ച ഒരു മാറ്റം വരുത്താൻ കഴഞ്ഞു എങ്കിലും പാഠഭാഗങ്ങളുടെ എണ്ണം കുറഞ്ഞിരുന്നെങ്കിൽ വിനിമയം ഭംഗിയായി പൂർത്തിയാക്കാനാകുമായിരുന്നു

സംയുക്ത ഡയറി എഴുത്തും രചനോത്സവ കഥകളും കുട്ടികളെ മറ്റൊരു ലോകത്തേക്ക് നയിച്ചു. അവരുടെ ലോകം തുറന്നു കാണിക്കാൻ പറ്റിയ അവസരമാണിത് 

അവരുടെ ഉള്ളിലെ ഭാവനകൾ ചിലപ്പോഴൊക്കെ നമ്മുടെ ചിന്തക്കും അതീതമായി തോന്നിയിട്ടുണ്ട്

ഒന്നാം ക്ലാസിലെ അധ്യാപിക എന്ന നിലയിൽ വളരെയേറെ അഭിമാനം തോന്നിയ ഒരു വർഷമാണിത്  എന്ന് തന്നെ പറയാം

(ടെൻഷൻ കുറക്കാൻ ഞാനിപ്പോൾ ഉള്ളിൽ പാടുന്നത് പടപട പട പട പറവകൾ പാറി😊)

 ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ പങ്കിടുന്ന ഒന്നഴക് എന്ന ടീമും ഈ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും  ഏവർക്കും ഒരനുഗ്രഹം തന്നെയാണ്.

അനീസ H

മുരുക്കുമൺ 

യു പിഎസ്

നിലമേൽ  കൊല്ലം

07/02/2025  

126. കേരളപാഠാവലി ഒന്നാം ഭാഗം വിലയിരുത്തൽ

 06/02/2025-----------------------------------------------

പറവകൾ പാറി എന്ന യൂണിറ്റ് തുടങ്ങുമ്പോൾ വളരെ ആത്മവിശ്വാസവും, ഊർജ്വസ്വലതയും ഉണ്ടായിരുന്നു. അതുപ്രകാരം എല്ലാ അക്ഷരങ്ങളും കുട്ടികൾ സ്വായത്തമാക്കി എന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞു.യൂണിറ്റ് 2 ലും ഇതു തുടർന്നു. മനസമാധാനം ഉണ്ടായി. തുടർന്ന് യൂണിറ്റ് 3 വല്ലാത്ത അങ്കലാപ്പ്. മുന്നിൽ പാദവാർഷികപ്പരീക്ഷ .എങ്ങനെ പാഠഭാഗം തീർക്കും?

എങ്ങനെ എല്ലാ ശേഷിയും കുട്ടിയിൽ എത്തിക്കും?....

എന്തായാലും തീർത്തു എന്നുമാത്രം പറയാം.

വിലയിരുത്തൽ വിജയിച്ചോ എന്നു ചോദിച്ചാൽ മൗനം മാത്രം. തുടർന്നുള്ള എണ്ണത്തിൽ കവിഞ്ഞ  പാഠങ്ങളും  പാഠഭാഗങ്ങളിലെ  പ്രവർത്തനങ്ങളുടെ അമിതപ്രവാഹവും കുട്ടിയേയും ടീച്ചറെയും ചെറുതായൊന്നു വിഷമിപ്പിച്ചു.  രാവിലെ 8.40 മുതൽ 9.40 വരെ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക  ക്ളാസ് നൽകി.അതിനേയും തരണം ചെയ്തു മുന്നോട്ടു നീങ്ങി. ഇപ്പോൾ പ്രയാസമുള്ള ചിഹ്നങ്ങൾ അവർ വായിക്കുമ്പോൾ മനസിൽ ആത്മതൃപ്തി.   ഒന്നഴകിന്റെ കൈത്താങ്ങ് ഈ സമയങ്ങളിൽ വലിയ അനുഗ്രഹമായിരുന്നു.

 സ്റ്റേറ്റ് റിസോഴ്സ് അംഗങ്ങളുടെ അകമഴിഞ്ഞ സഹായ  സഹകരണങ്ങൾ ഈ സമയത്ത്    ഉണർവും,ആത്മവിശ്വാസവും വർദ്ധിപ്പിച്ചു.

അങ്ങനെ  കലാ കായിക  പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ  സംയുക്തഡയറി, രചനോത്സവം, പാട്ടരങ്ങ്, ബാലസാഹിത്യ കൃതികൾ വായന,  റീഡേഴ്സ് തിയ്യറ്റർ, നാടകം പാവനാടകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പഠനത്തിന്റെ തിളക്കം ഒന്നു കൂടി വർദ്ധിപ്പിച്ചു.  

ഇപ്പോൾ   29 കുട്ടികളിൽ  ഒരു  പഠനവൈകല്യം ഉള്ള കുട്ടി, ഒരു പ്രത്യേക  പരിഗണന അർഹിക്കുന്ന കുട്ടി ഒഴികെ എല്ലാവരും  വായനകാർഡ്, ബാലമാസികടെക്സ്റ്റ്  ബുക്ക് എല്ലാം വായിക്കും.   പത്രം വായിക്കാൻ 12 പേർക്ക് കഴിയും. ഇനിയുള്ള ദിവസങ്ങൾ കൊണ്ട് ബാക്കിയുള്ളവരും മുന്നിലെത്തും.

രക്ഷിതാക്കൾക്കും സംതൃപ്തി. പിന്നെ   ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ.

ഞാൻ മാത്രമല്ല ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും രാപ്പകലില്ലാതെ അധ്വാനിക്കുന്ന കൊണ്ടാണ് ഇത്രയും ചെയ്യാൻ കഴിയുന്നത്.  വൈകി ലഭിക്കുന്ന അദ്ധ്യാപക സഹായി വായിച്ച്  മാന്വൽ തയ്യാറാക്കി സാധനസാമഗ്രികൾ ഒരുക്കി ഉറക്കത്തിൽ അടുത്ത ദിവസം എങ്ങനെ പഠനം വ്യത്യസ്തമാക്കാം? 

എന്തെല്ലാം ഒരുക്കങ്ങൾ വേണം എന്നെല്ലാം സ്വപ്നം കണ്ട് യാത്രചെയ്ത്  ഇതു വരെ എത്തി. രക്ഷിതാക്കളുടെ സഹകരണവും  കൂടിയായപ്പോൾ പ്രവർത്തനവിജയം ഉറപ്പായി.

കുട്ടികളുടെ കഥകൾ ഓരോ കുട്ടിയുടെയും പുസ്തകമാക്കി മാറ്റാനുള്ള  ശ്രമത്തിലാണ്.

അടുത്ത തവണ ഇപ്പോൾ നേരിട്ട പ്രശ്നങ്ങളും, അപാകതകളും പരിഹരിച്ചു കൊണ്ട് മുന്നേറാം എന്ന  ശുഭാപ്തി  വിശ്വാസത്തോടെ

  ലളിത.എം.എസ്

 മോയൻ എൽ.പി.എസ്

 പാലക്കാട്.

125. കേരള പാഠാവലി ഒന്നാം ഭാഗം തീരുമ്പോൾ....

 06/02/2025

ഏതൊരു അധ്യയന വർഷത്തെയും പോലെ തന്നെ ഏറെ ആശങ്കകളുമായാണ് ഈ വർഷം ജൂൺ മാസത്തിൽ ഒന്നാം ക്ളാസിലേക്കു കയറിയത്

അവിടവിടെ ഓരോ അക്ഷരങ്ങൾ മനസിലുറച്ച കുറച്ചു പേർ..... പ്രി പ്രൈമറി അനുഭവമേ ഇല്ലാത്തവർ രണ്ടു പേർ... മലയാളിയല്ലാത്ത ഒരു മോൻ.... ഇവരെയാണ് തട്ടും തടവുമില്ലാതെ വായിക്കാനും ആത്മവിശ്വാസത്തോടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും മറ്റു പ്രവർത്തനങ്ങൾ സ്വതന്ത്രമായി ചെയ്യാനും പ്രാപ്തരാക്കേണ്ടത്.

രക്ഷിതാവിൻ്റെ പിന്തുണയില്ലാതെ പ്രൈമറി ക്ളാസിലെ കുഞ്ഞിന് താൻ ആർജിക്കേണ്ട ഭാഷാ ശേഷികൾ നേടിയെടുക്കാൻ പ്രയാസമാണെന്ന തിരിച്ചറിവും അനുഭവവും മുന്നിൽ വെച്ച് കൊണ്ട് ജൂൺ മാസത്തിൽ തന്നെ ക്ലാസ് പി ടി എ വിളിച്ച് ഓരോ കുട്ടിയുടെയും നിലവിലെ അവസ്ഥയും ഒന്നാം ക്ളാസ് കഴിയുമ്പോൾ കുട്ടിയിൽ ഉണ്ടാവേണ്ട വ്യത്യാസവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സംയുക്ത ഡയറിയെഴുത്ത്. ടെക്സ്റ്റ് ബുക്ക് വായന. വായനകാർഡുവായന . കുഞ്ഞെഴുത്ത് പുസ്തക വായന. അമ്മയെഴുത്ത്. അമ്മ വായന. ഡയറിയെഴുത്തിൽ ക്രമേണ വരേണ്ട മാറ്റങ്ങൾ

ഒരു ദിനം ഒരു കഥ പറയൽ . പാഠഭാഗത്ത് ഊന്നൽ നൽകിയ അക്ഷരങ്ങൾ പത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത് ഒട്ടിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കടന്നു പോയപ്പോൾ... കുട്ടികൾ എൻ്റെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകൾക്കുമപ്പുറം മികവുറ്റവരായി.

സമയക്കുറവു മാത്രമാണ് ഇടക്ക് വഴി തടസ്സം സൃഷ്ടിച്ചത്.

ഒന്നഴക് ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ .video കൾ വൈവിധ്യമാർന്ന കുറേ കാര്യങ്ങൾ ക്ളാസിൽ ചെയ്യാൻ സഹായകമായി. വായനയ്ക്കും എഴുത്തിനും പുറമെ കഥകളും പാട്ടുകളും കളികളും നിറഞ്ഞ ഒന്നാം ക്ളാസ് എല്ലാ ആശങ്കകളേയും അകറ്റി ആത്മസംതൃപ്തിയോടെ മുന്നേറുന്നു

ഒന്നാം ഭാഗം തീരുമ്പോൾ സന്തോഷിക്കാൻ ഏറെയുണ്ട്. ചിത്രം വരക്കാരും കഥയെഴുതി വായിക്കുന്നവരും കുഞ്ഞു കവിതകൾ എഴുതാൻ ശേഷി നേടിയവരും വായനകാർഡുകളും കുഞ്ഞിക്കഥകളും ഒഴുക്കോടെ വായിക്കുന്നവരും ഈ വർഷത്തെ ഒന്നാം ക്ളാസിൽ രണ്ടാം ക്ളാസുകാരെക്കാൾ കൂടുതൽ പേരുണ്ട് എന്നല്ല മുഴുവൻ പേരുമുണ്ട്  .

പ്രയാസങ്ങൾ

ഒന്നാം ക്ളാസിലെ അധ്യാപകർക്ക് നേരിടേണ്ടി വന്ന ചില പ്രയാസങ്ങൾ കൂടി കുറിക്കാതെ ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല., 

അതിൽ ഒന്നാമത്തേത് ഹാൻ്റ് ബുക്ക് കൃത്യ സമയത്ത് ലഭിക്കാതെ വന്നതാണ്. യൂണിറ്റുകളുടെ എണ്ണം കൂടുതലുള്ളതിനാൽ ഓടിച്ചു പാഠഭാഗം തീർക്കേണ്ടതായി വന്നിട്ടുണ്ട്., കുഞ്ഞെഴുത്തിൽ കുട്ടിക്ക് സ്വതന്ത്രമായി എഴുതാവുന്ന പ്രവർത്തനങ്ങൾ കുറവായതിനോട് യോജിക്കാനാവില്ല. കുറവുകൾ പരിഹരിച്ച് കൂടുതൽ തിളക്കത്തോടെ ഒന്നാം ക്ളാസ് ഒന്നാന്തരമാക്കാൻ അടുത്ത വർഷം സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ🙏

നസീമ. വി. പി

ജി എൽ പി എസ് കിഴക്കമ്പലം

കോലഞ്ചേരി

എറണാകുളം

124. രചനോത്സവ ചിത്രങ്ങൾ ഇപ്പോൾ സ്കൂളിലെ മറ്റു ക്ലാസ്സുകളിലും പങ്കിടുന്നു.

 08/12/2024

പിന്നേം പിന്നേം ചെറുതായി പാലപ്പം എന്ന പാഠ ഭാഗ വിനിമയവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ തത്സമയം കാക്ക പ്രഥമൻ തയ്യാറാക്കുന്ന പ്രവർത്തനം ചർച്ച ചെയ്തു.. 

  • കുട്ടികളെ 4പേര് വീതം ഉള്ള ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ലീഡർ.( പിന്തുണ ആവശ്യം ഉള്ളവർക്കും പ്രവർത്തനത്തിൽ പങ്കു ചേരാൻ ആണ് ഗ്രൂപ്പ് ആക്കിയത്).
  • അങ്ങനെ എന്തെല്ലാം സാധനങ്ങൾ പ്രഥമൻ വെക്കാൻ ആവശ്യം ഉണ്ടാകും എന്ന് കുട്ടികളുടെ മുൻ അറിവ് ഉപയോഗപ്പെടുത്തി ബോർഡിൽ രേഖപ്പെടുത്തി.. ശർക്കര, നെയ്യ്, പാൽ, അണ്ടിപ്പരിപ്പ്, മുന്തിരി, പാത്രം, വിറക്.. ഇങ്ങനെ ധാരാളം കാര്യങ്ങൾ കുട്ടികൾ കണ്ടെത്തി പറഞ്ഞു..
  • അങ്ങനെ ആണെങ്കിൽ ആരെല്ലാം ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ടാകും എന്നതായി എന്റെ അടുത്ത ചോദ്യം.. കാക്ക, ഉറുമ്പ്, പൂച്ച,..... ഇങ്ങനെ പാഠ ഭാഗത്തിൽ ഉള്ള ജീവികളുടെ പേര് ആണ് ആദ്യം അവർ പറഞ്ഞത്.  
  • അപ്പോൾ കാക്ക പറന്നു പോയി ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടാകും, പൂച്ച നടന്നു പോയി ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടാകും എന്ന് അടുത്തതായി ചോദിച്ചപ്പോൾ പശു, തത്ത, ആട്, ...എന്നിങ്ങനെ അവർ കൂട്ടിച്ചേർത്തു.. 
  • ശേഷം  എഴുത്തിലേക്ക്...ഗ്രൂപ്പിൽ ചർച്ച ചെയ്ത് കഥ പറഞ്ഞു നോക്കിയതിനു ശേഷം വേണം എഴുതാൻ എന്ന നിർദ്ദേശവും നൽകി.. 
  • എഴുതുമ്പോൾ ആദ്യമായി കഥക്ക് ഒരു പേര് കൊടുക്കാൻ നിർദ്ദേശിച്ചു...  4 ഗ്രൂപ്പും 4 തരം പേരാണ് തലക്കെട്ടായി നൽകിയത്..

അതാകട്ടെ കഥാ സന്ദർഭവുമായി ബന്ധപ്പെട്ടതും.. 🥰

  • കഥക്ക് ഒരു തുടക്കം എങ്ങനെയാവാം എന്നതിനെ കുറിച്ചും ചർച്ച ചെയ്തു..
  •  പിന്നീട് ബോർഡിൽ നൽകിയ സൂചനകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് എങ്ങനെ കഥയാക്കി മാറ്റാം എന്നതായി.. 
  • അവർ പറഞ്ഞു തുടങ്ങി.. ഈ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി കഥ എഴുതാൻ ആവശ്യപ്പെട്ടു..
  • ടി. ബി. യിൽ ചെയ്യേണ്ട പ്രവർത്തനം ആയിരുന്നെങ്കിലും നോട്ട് ബുക്കിൽ ആണ് ആദ്യം ചെയ്യിച്ചത്...
  • ഓരോ ഗ്രൂപ്പിനും അവരുടെ കഥ വായിക്കാനുള്ള അവസരം നൽകി.. 
  • ശേഷം എല്ലാ ഗ്രൂപ്പുകാരുടെയും ആശയങ്ങൾ കോർത്തിണക്കി പുതിയ കഥ  ടി. ബി. യിൽ  അവർ ടീച്ചറുടെ  നിർദേശ പ്രകാരം എഴുതി ... 
  • ഇതിൽ എനിക്കേറെ കൗതുകം തോന്നിയത് ഞാൻ ഇവിടെ പങ്കു വെച്ച കഥ ഹൈസ സൈൻ  എന്ന മിടുക്കിയുടെ കഥ ആയിരുന്നു.. അവളായിരുന്നു  ഗ്രൂപ്പ്‌ ലീഡർ ... രചനക്ക് നേതൃത്വം നൽകിയത് അവളാണ്..മറ്റു ഗ്രൂപ്പുകാരെല്ലാം ക്ലാസ്സിൽ ചർച്ച ചെയ്ത / ബോർഡിൽ നൽകിയ സൂചനകളിൽ നിന്നും കഥ രചിച്ചപ്പോൾ സ്വന്തം ആശയം ആണ് ഹൈസ  കഥയാക്കിയത് എന്ന് എന്നിൽ അത്ഭുതവും അതിലേറെ സന്തോഷവും ഉണ്ടാക്കി.. 
  • ചെറിയ അക്ഷരത്തെറ്റു കൾ ഉണ്ടെങ്കിലും  കഥയിലെ ആശയപ്പുതുമയും വാക്യഭംഗിയും  ( അതിന് പാല് വേണ്ടേ..  പശുവിനോട് ചോദിച്ചാലോ ) അഭിമാനർഹമാണ്..😌😌ഡയറി എഴുത്തിലും വയനോത്സവത്തിലും രചനോത്സവത്തിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന മിടുക്കി യാണ് ഹൈസ.. അതു കൊണ്ട് തന്നെ ആണ് പുതിയതായി സ്വന്തം ആശയം ചേർത്ത് ഒരു കഥ  രചിക്കാൻ അവൾ പ്രാപ്തയായത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. 
  • എന്റെ സന്തോഷം ഞാൻ എന്റെ സഹപ്രവർത്തകരെ കാണിച്ചു.. എല്ലാവർക്കും അത്ഭുതം.. ഇങ്ങനെ എഴുതാൻ ഒക്കെ ഒന്നാം ക്ലാസുകാർക്ക് സാധിക്കുമോ എന്ന്.. 🥰..

അഭിമാന നിമിഷം 💪

നമ്മുടെ ഒന്നാം ക്ലാസ്സിൽ നടക്കുന്ന രചനോത്സവ ചിത്രങ്ങൾ ഇപ്പോൾ സ്കൂളിലെ മറ്റു ക്ലാസ്സുകളിലും പങ്കിടുന്നു.

ഇത്തരം നൂതന പദ്ധതികൾ എല്ലാം  ഒരുക്കി 

ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ കൂടെ നിൽക്കുന്ന ടീം "ഒന്നഴക് "

🙏🙏🙏🙏ഈ ടീമിന് പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.

സലീന. എം 

ജി. എൽ. പി. എസ്. കരേക്കാട് 

കുറ്റിപ്പുറം സബ് 

മലപ്പുറം

123. ഏറെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒന്നാം ക്ലാസ്..

 15 പേർ, ചിരിക്കുന്ന ആളുകൾ എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

"പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ പുതിയ പാഠപുസ്തകവും എടുത്ത് ക്ലാസിലേക്ക് പോയത് ചെറിയ ഒരു ആശങ്കയോടെയാണ്..പ്രധാന കാരണം ഒന്നാം ക്ലാസിലെ മക്കളെ പോലെ ഒന്നാം ക്ലാസിൽ ഞാനും തുടക്കക്കാരനാണ്.. അക്ഷരം അറിയാത്ത കുട്ടിയെ എങ്ങനെ അക്ഷരം പഠിപ്പിക്കാം, ഒന്നാം ക്ലാസുകാരെ എങ്ങനെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാം, അവർ ഓരോരുത്തരുടെയും നിലവാരം എത്തരത്തിൽ ആയിരിക്കാം, യു കെ ജി അനുഭവം ഇല്ലാത്ത കുട്ടിയിൽ എങ്ങനെ അക്ഷരങ്ങൾ എത്തിക്കാം.. ഇത്തരത്തിൽ നിരവധി ആയിരുന്നു ആശങ്കകൾ...
എന്നാൽ കൃത്യമായി വിശദീകരണങ്ങൾ ഉൾക്കൊള്ളിച്ച ഹാൻഡ്ബുക്കും,കലാധരൻ മാഷുടെയും സൈജ ടീച്ചറുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ആർപ്പോ ഇർറോ' കൂട്ടായ്മയിൽ നിന്ന് ലഭിക്കുന്ന നിരന്തര പിന്തുണയും ആശങ്കകൾ ഇല്ലാതാക്കി...😃🙏🏻
ആദ്യ ക്ലാസ് പി ടി എ യിൽ എന്നെപ്പോലെ രക്ഷിതാക്കൾക്കും ആശങ്കകൾ ഉണ്ടെന്ന് വ്യക്തമാക്കി..
പലരുടെയും പ്രധാന പ്രശ്നം യു കെ ജി കഴിഞ്ഞ കുട്ടിക്ക് പഠിക്കാൻ മാത്രം ഒന്നും പാഠഭാഗത്ത്‌ ഇല്ലല്ലോ, എപ്പോഴും നിറം നൽകൽ മാത്രമാണല്ലോ എന്നായിരുന്നു..🙁
സത്യത്തിൽ അതിന്റെ കാരണം രക്ഷിതാക്കൾക്ക് സന്നദ്ധത പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമായില്ല എന്നതാണ്...
എന്നാൽ മാറ്റങ്ങൾ പെട്ടന്നായിരുന്നു... കുട്ടികൾ ചെറിയ രീതിയിൽ എഴുതാനും വായിക്കാനും തുടങ്ങിയപ്പോൾ രക്ഷിതാക്കളുടെ ആശങ്കകൾ പൂർണ്ണമായും മാറി... കുട്ടികൾക്ക് സ്കൂളിലേക്ക് വരാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉള്ള താൽപ്പര്യം രക്ഷിതാക്കളെയും എന്നെയും ഏറെ സന്തോഷിപ്പിച്ചു...🥰
പുതിയ പാഠപുസ്തകങ്ങൾ കുട്ടിയുടെ പ്രകൃതം മനസ്സിലാക്കുകയും കുട്ടിയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ക്ലാസ് അനുഭവത്തിലൂടെ എനിക്കും രക്ഷിതാക്കൾക്കും ബോധ്യപ്പെട്ടെന്ന് ഉറപ്പിച്ചു പറയട്ടെ...
വായനാദിനത്തിൽ തുടക്കം കുറിച്ച വയനോത്സവത്തോടനുബന്ധിച്ചുള്ള കഥാവേളയിൽ കുട്ടികൾ കഥ പറയുന്ന പ്രവർത്തനം ഇപ്പോഴും സജീവമായി നടക്കുന്നു.. 😃
ഓരോ ദിവസവും രാവിലെ ക്ലാസിൽ എത്തുമ്പോൾ "ഇന്ന് ഞാൻ കഥ പറയാം മാഷേ.."എന്ന് കുട്ടികൾ പറയുമ്പോൾ വളരെയധികം സന്തോഷവും അതുപോലെ സംതൃപ്തിയും തോന്നാറുണ്ട്...🥰
ജൂലൈ 15 മുതൽ ആരംഭിച്ച സംയുക്ത ഡയറി എഴുത്ത് കുട്ടികളിൽ വരുത്തിയ മാറ്റം എടുത്ത് പറയേണ്ടത് തന്നെയാണ്... ആദ്യ മാസങ്ങളിൽ എഴുതാൻ ബുദ്ധിമുട്ട് നേരിട്ടിരുന്ന 3 കുട്ടികൾ ഇന്ന് സ്വതന്ത്രമായി എഴുതുന്നതിനുള്ള പ്രധാനകാരണം ഡയറി എഴുത്തിൽ അവരുടെ സജീവമായുള്ള പങ്കാളിത്തമാണ്... ഓരോ ദിവസവും ക്ലാസിൽ മികച്ച ഡയറികൾ കണ്ടെത്തുകയും, അത് ക്ലാസിൽ അവരെ കൊണ്ട് വായിപ്പിക്കുകയും,
ആ ഡയറികൾ ക്ലാസ് ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തപ്പോൾ ഡയറി എഴുതാനുള്ള കുട്ടികളുടെ ആവേശം ഇരട്ടിയായി . മാത്രമല്ല കലാധരൻ മാഷ് ഫേസ്ബുക്കിൽ ഡയറി പങ്കിടുമ്പോൾ കുട്ടികളുടെയും ഒപ്പം എന്റെയും ആത്മവിശ്വാസം വർധിച്ചു...
വായന വളർത്തുന്നതിനായി ക്ലാസിൽ വായനാമൂല സജ്ജീകരിക്കുകയും കുട്ടികൾക്കാവിശ്യമായ വായനാസാമഗ്രികൾ അവിടെ ഒരുക്കിയതും, വായനാകാർഡുകൾ പ്രിന്റ് എടുത്ത് ചുമരിൽ പതിപ്പിച്ചതും കുട്ടികളിൽ ഒഴിവ് സമയങ്ങളിലും വായനയെ ചേർത്ത് പിടിക്കാൻ പ്രേരിപ്പിച്ചു...
ഓരോ പാഠഭാഗത്തെയും വ്യത്യസ്തമായ പ്രവർത്തങ്ങൾ കുട്ടികളിൽ പഠന തല്പരത നിലനിർത്താൻ സഹായിച്ചു.. ക്ലാസിൽ എന്നും പാട്ടും കഥയുമാണ്.. ജൈവികവും ജീവിതഗന്ധിയുമായ ക്ലാസ്റൂം അനുഭവം നൽകാൻ പുതിയ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ സഹായിച്ചു..
ആദ്യ യൂണിറ്റിലെ മുട്ട ഉപയോഗിച്ചുള്ള പരീക്ഷണം മുതൽ ആറാം യൂണിറ്റിലെ പാനീയ പരീക്ഷണം, രുചിയുത്സവം, സദ്യ ഒരുക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ ആവേശം ഉണ്ടാക്കി...
ഏറെ സന്തോഷവും അത്ഭുതവും ഉണ്ടാക്കിയ കാര്യം രചനോത്സവത്തോ ടനുബന്ധിച്ച്, 'കാക്ക പ്രഥമൻ ഉണ്ടാക്കിയ കഥ ' എഴുതാനുള്ള പ്രവർത്തനം നൽകിയപ്പോഴാണ്.. കേവലം സൂചനകൾ മാത്രം നൽകിയപ്പോൾ ക്ലാസിലെ 80ശതമാനം കുട്ടികളും സ്വതന്ത്രമായി വാക്യങ്ങൾ കൃത്യമായി ക്രമീകരിച്ച് ആശയവ്യക്തതയോടെ അക്ഷരതെറ്റുകൾ പരമാവധി കുറച്ചുകൊണ്ട് കഥയെഴുതി.. 😍അത് ഏറെ സന്തോഷവും അഭിമാനവും ഉളവാക്കി ...💎 ഇത് കുട്ടികളുടെ സ്വാതന്ത്ര രചന നടത്താനുള്ള കഴിവ് നന്നായി വികസിച്ചിട്ടുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു.. തുടർന്നുള്ള രചനോത്സവത്തിന് നൽകിയ ഓരോ ചിത്രങ്ങളും കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്തു.. അവർ കഥകളെഴുതി അയച്ചു.. 🥳അത് പോസ്റ്ററുകളും വായനാകാർഡുകളുമായി മാറിയപ്പോൾ കുട്ടികൾക്ക് ഇരട്ടി മധുരമായി... 😍ആ പോസ്റ്ററുകൾ രക്ഷിതാക്കളുടെ സ്റ്റാറ്റസുകളായി മാറിയത് ഏറെ സന്തോഷമുളവാക്കി... 🥰
ആ കഥകൾ കലാധരൻ മാഷുടെ ബ്ലോഗിൽ വന്നതും ഏറെ അഭിമാനം ഉണ്ടാക്കി...🥰
"മാഷേ എന്റെ കഥ ഫോണിലെ ലിങ്കിൽ വന്നത് കണ്ട് എന്റെ അമ്മ ഓടി വന്ന് കെട്ടി പിടിച്ച് ഉമ്മ തന്നു" എന്ന് ഒരു കുട്ടി പറഞ്ഞത് കൂടി ഇവിടെ കുറിക്കുന്നു 🥰..കുട്ടികളുടെ സ്വതന്ത്ര രചനകളിൽ രക്ഷിതാക്കൾ എത്രത്തോളം അഭിമാനിക്കുന്നു എന്നതിന് തെളിവ് കൂടിയാണിത് 🥰..
കഥയെഴുത്ത് പ്രോത്സാഹിപ്പിക്കാൻ
അവർ എഴുതിയ കഥകൾ വായനാകാർഡുകളാക്കി മാറ്റുകയും അത് പ്രിന്റെടുത്ത് ക്ലാസിലെ ചുമരിൽ പതിപ്പിക്കുകയും ചെയ്തു.. കുട്ടികൾ അവരുടെ കൂട്ടുകാരുടെ കഥകൾ വായിക്കാനും അതിനെ പറ്റി ചർച്ചചെയ്യാനും ഇത് വഴിയൊരുക്കി 🥰..
അതുപോലെ ക്ലാസിലെ കുട്ടിയുടെ കഥാവതരണം ഒന്നഴക് ചാനലിൽ വന്നത് രക്ഷിതകൾക്കും കുട്ടികൾക്കും അധ്യാപകനെന്ന നിലയിൽ എനിക്കും ഇരട്ടി മധുരമായി..🤩🥰
കുട്ടികളുടെ സ്വതന്ത്ര രചന വളർത്താൻ ക്ലാസിൽ നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ് 'നന്മപ്പെട്ടി ' എന്നത്. കുട്ടികൾ തലേദിവസം ചെയ്ത നന്മകൾ ഒഴിവ് സമയം ക്ലാസിൽ നിന്ന് എഴുതി പെട്ടിയിൽ ഇടുക എന്നതാണ് പ്രവർത്തനം. ഇത് വൈകുന്നേരം വായിക്കും.. പരസ്പരം തങ്ങൾ ചെയ്ത നന്മകൾ പങ്കുവെയ്ക്കുന്നു.. ഇതിലൂടെ കുട്ടികളുടെ സ്വതന്ത്ര ലേഖന ശേഷി എത്രത്തോളമാണെന്ന് മനസിലാക്കാനും രക്ഷിതാവിന്റെ ഇടപെടൽ ഇല്ലാതെ എഴുതാനുള്ള അവസരം ഒരുക്കാനും ഇതിലൂടെ കഴിഞ്ഞു...
കുട്ടികളുടെ നിലവാരം.
18 കുട്ടികളിൽ 14 കുട്ടികളും സ്വതന്ത്രമായി വായിക്കുകയും എഴുതുകയും ചെയ്യുന്നു.
2 കുട്ടികൾക്ക് നേരിയ തോതിൽ വായനയിലും എഴുത്തിലും പിന്തുണ നൽകേണ്ടി വരുന്നു.
മറ്റ് 2 കുട്ടികളിൽ വായിക്കാനും എഴുതാനും നല്ല രീതിയിൽ പിന്തുണ ആവിശ്യമുള്ളവരാണ്. അവർക്കുള്ള പിന്തുണയും നൽകി വരുന്നു..
ഒന്നാം ക്ലാസുകാർ ചുരുങ്ങിയ കാലയളവിൽ ഇത്രത്തോളം വായിക്കാനും എഴുതാനുമുള്ള ശേഷി നേടിയതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. 🥰..
ഞാനും എന്റെ മക്കളും രക്ഷിതാക്കളും ഇപ്പോൾ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ് 😃🙏..
ഒന്നഴക് ഗ്രൂപ്പിൽ നിന്ന് കലാധരൻ മാഷുടെയും സൈജടീച്ചറുടെയും നിരന്തരമായുള്ള പിന്തുണയും മറ്റ് അധ്യാപക സഹായികളും പരിശീലനങ്ങളും ആശങ്കകൾ ഇല്ലാത്ത ഒന്നാം ക്ലാസ് അനുഭവം എനിക്ക് സമ്മാനിച്ചു..
തുടർന്നും പിന്തുണ ആഗ്രഹിക്കുന്നു 🥰..
ഒരുപാട് സന്തോഷം.നന്ദി..🙏🏻❤️ "
സഞ്ജയ്‌ കെ
മാച്ചേരി ന്യൂ യു പി സ്കൂൾ കണ്ണൂർ നോർത്ത്
27/11/2024