ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 31, 2016

അധ്യാപകപരിശീലനം ക്ലാസില്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍ എവിടെയോ കുഴപ്പമില്ലേ?

അധ്യാപകരുടെ അവധിക്കാലം മൂന്നു തരം പ്രവര്‍ത്തനങ്ങളിലായി തരം തിരിക്കപ്പെട്ടിരിക്കുന്നു
1. മൂല്യനിര്‍ണയക്കാലം
2. അവധിക്കാല പരിശീലനക്കാലം
3. സ്കൂളൊരുക്കം ( ക്യാമ്പുകള്‍, പത്താം ക്ലാസിന് അവധിക്കാല ക്ലാസ്, ശില്പശാലകള്‍..)
എല്ലാ വര്‍ഷവും അധ്യാപകപരിശീലനം അവധിക്കാലത്ത് നടത്തുന്നതില്‍ നാം പതിവു തെറ്റിക്കാറില്ല. ഈ പരിശീലനങ്ങള്‍ എത്രത്തോളം ക്ലാസുകളില്‍ പ്രതിഫലിക്കുന്നുണ്ട്? അങ്ങനെ പ്രതിഫലിക്കുന്നില്ലെങ്കില്‍ പരിശീലനം ലക്ഷ്യം നേടി എന്നു പറയാനാകുമോ?
പത്തനംതിട്ട ഡയറ്റ് ഈ ദിശയിലുളള ഒരു പഠനം നടത്തിയിരുന്നു

  • വിദ്യാലയവികസനപദ്ധതി
  • യൂണിറ്റ് സമഗ്രാസൂത്രണം
  • പഠനതന്ത്രങ്ങള്‍
  • നിരന്തരവിലയിരുത്തല്‍
  • പ്രതിഫലനാത്മകക്കുറിപ്പ്
എന്നിവയ്കാണ് അവധിക്കാലപരിശീലനത്തില്‍ മുഖ്യഊന്നല്‍ നല്‍കിയിരുന്നത്.
കണ്ടെത്തലുകള്‍
1. പഠനവിധേയമായ ഒരു വിദ്യാലയത്തില്‍ പോലും എസ് ആര്‍ ജിയില്‍ പരിശീലന ഉളളടക്കം ചര്‍ച്ച ചെയ്തിട്ടില്ല ( വിഷയബാഹുല്യവും സമയപരിമിതിയും ആണ് കാരണം എന്നു പ്രഥമാധ്യാപകര്‍)
2. എല്‍ പി സ്കൂളിലെ 20% പ്രഥമാധ്യാപകരും യു പി വിഭാഗത്തിലെ 35% പ്രഥമാധ്യാപകരും ക്ലാസില്‍ വിഷയം പഠിപ്പിക്കേണ്ടവരെന്ന നിലയില്‍ ചുമതല നിറവേറ്റിയില്ല
3. 30% അധ്യാപകരാണ് ടീച്ചിംഗ് മാന്വല്‍ പ്രക്രിയാധിഷ്ഠിതമായി തയ്യാറാക്കുന്നത്
4. പരിശീലനം ലഭിച്ച അധ്യാപകര്‍ ക്ലാസിലുപയോഗിച്ച വിനിമയ തന്ത്രങ്ങള്‍ കുട്ടികള്‍ക്ക് അറിവ് നിര്‍മിക്കുന്നതിന് സഹായകമായിരുന്നില്ല
5. പഠനോപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞിട്ടില്ല
6. 50% ലധികം അധ്യാപകരും നിരന്തര വിലയിരുത്തല്‍ നടത്തുന്നില്ല. കുട്ടികളുടെ പഠനപുരോഗതി രേഖപ്പെടുത്തുന്നുമില്ല
7. പ്രതിഫലനാത്മകക്കുറിപ്പ് തൃപ്തികരമായ വിധത്തില്‍ തയ്യാറാക്കപ്പെടുന്നില്ല
8. പരിശീലനപരിപാടികളെ ഗുണാത്മകമായ അവലോകനത്തിന് വിധേയമാക്കുന്നില്ല.
9. പരിശീലനത്തില്‍ മോണിറ്ററിംഗ് നടത്തുന്ന ഉദ്യോഗസ്ഥര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനപ്പുറം അക്കാദമികമായ സംഭാവന ചെയ്യാന്‍ സജ്ജരാക്കപ്പെട്ടിട്ടില്ല. ( പരിശീലന ഉളളടക്കം, പ്രക്രിയ , സമീപനം എന്നിവയെക്കുറിച്ച് ധാരണയില്ല)
10. അവധിക്കാലപരിശീലനത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കുമ്പോള്‍ ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ ഈ പ്രവണത തുടരുന്നില്ല
48 വിദ്യാലയങ്ങളിലെ അധ്യാപകരിലും പ്രഥമാധ്യാപകരിലും നിന്നും വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ബി പി ഒ മാരും പഠനത്തിന്റെ പരിധിയില്‍ വന്നിരുന്നു
ഈ പഠനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
  • ഇത്രയേറെ പരിശീലനങ്ങള്‍ നടത്തിയിട്ടും 30% അധ്യാപകര്‍ക്ക് മാത്രമേ പ്രക്രിയാധിഷ്ടിതമായി ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കാന്‍ കഴിയുന്നുളളൂ. എങ്കില്‍ ബാക്കി 70% ന് നല്‍കേണ്ട അക്കാദമിക പിന്തുണ എന്ത്? 30% ന് നല്‍കുന്ന പിന്തുണ മറ്റുളളവര്‍ക്ക് നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമാകേണ്ടേ? ഇതിനു പരിഹാരം ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി നല്‍കലാണോ? ആസൂത്രണപരമായ ഉള്‍ക്കാഴ്ച , വൈദഗ്ധ്യം എന്നിവ ഓരോരുത്തരും നേടി എന്നുറപ്പാക്കുന്ന പരിശീലന/ അക്കാദമിക പിന്തുണാപ്രവര്‍ത്തനം എന്ത്?
  • ഒരു വിദ്യാലയത്തില്‍ പോലും നിരന്തര വിലയിരുത്തല്‍ നടക്കുന്നില്ല. ഇതിനര്‍ഥം പരിശീലനം ലക്ഷ്യം കണ്ടില്ല എന്നല്ലേ? എന്താണ് അധ്യാപകര്‍ നേരിട്ട തടസ്സങ്ങള്‍? 
    • ധാരണയില്ലാത്തതോ? 
    • പ്രക്രിയാപരമായ വൈദഗ്ധ്യമില്ലാത്തതോ? 
    • സമലയപരിമിതിയോ? 
    • പിരീഡ് സിസ്റ്റമോ? 
    • പാഠപുസ്തകസ്വഭാവമോ? 
    • നിരന്തരവിലയിരുത്തിലിന്റെ മെച്ചം ബോധ്യപ്പെടുന്ന അനുഭവാധിഷ്ഠിത പരിശീലനം ലഭിക്കാത്തതോ?
ഇതല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങള്‍? ശാസ്ത്രീയമായ പഠനം നടത്തി ഇവ കണ്ടെത്താതെ ഏതാനും ആര്‍ പി മാര്‍ ഒരു വട്ടമേശയ്ക് ചുറ്റുമിരുന്ന് പരിശീലനമോഡ്യൂള്‍ തയ്യാറാക്കിയാല്‍ പ്രശ്നം പരിഹരിക്കുമോ? അവശേഷിക്കുമോ?
  • എസ് ആര്‍ ജിയില്‍ പരിശീലന ഉളളടക്കം ,പ്രക്രിയ ഇവ ചര്‍ച്ച ചെയ്യുന്നില്ല .
    •  എങ്ങനെയാണ് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുളള അത്രയും ക്ലാസുകളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യുക
    •  പ്രായോഗികരീതി പ്രഥമാധ്യാപകരെ പരിചയപ്പെടുത്തിയോ?  
    • അവധിക്കാല പരിശീലനത്തിന്റെ അവസാന സ്പെല്‍ കഴിയുമ്പോള്‍ അഡ്മിഷന്‍ പ്രവേശനോത്സവത്തിരക്കായി. സ്കൂള്‍ തുറന്നാലോ ഉച്ചഭക്ഷണം, കുട്ടികളുടെ എണ്ണമെടുക്കല്‍, പി ടി എ... തിരക്കോടു തിരക്ക്. ഇതിനിടയില്‍ ഇക്കാര്യം ഫലപ്രദമായി നടത്താനാകും വിധം ഒരു തന്ത്രം വികസിപ്പിക്കാതെ ഉപദേശിച്ചാല്‍ മതിയോ?  
    • എന്തിന് മുന്‍ഗണന നല്‍കണം?  
    • എന്തെല്ലാം വിശകലനം ചെയ്യണം?
    •  എന്താണ് ലക്ഷ്യമിടേണ്ടത്? എന്നെല്ലാം കൃത്യതപ്പെടുത്തണ്ടേ?  
    • എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക് പരിശീലനം വേണ്ടേ? അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്ത വിഷയങ്ങളില്‍ തന്നെയാണോ എല്ലാ അധ്യാപകരും ക്ലാസുകള്‍ കൈകാര്യം ചെയ്യുക? 
    • അധ്യാപകരുടെയും പ്രഥമാധ്യാപകരുടെയും സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും പരിശീലനത്തിനു മുമ്പായി പൂര്‍ത്തീകരിക്കുമോ?  
    • എസ് ആര്‍ ജി ചിട്ടപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ
    •  അക്കാദമിക സ്ഥാപനങ്ങളായ എസ് സി ഇ ആര്‍ ടി, ഡയറ്റ്, ബി ആര്‍ സി എന്നിവയ്ക് കഴിഞ്ഞ അവധിക്കാല പരിശീലനാന്തരമുളള ഏതെങ്കിലും വിദ്യാലയങ്ങളിലെ എസ് ആര്‍ ജി ആഗ്രഹിക്കുന്ന വിധത്തിലാക്കുന്നതില്‍ ഇടപെടാന്‍ കഴിഞ്ഞുവോ? അതോ അവരും ഉത്തരവാദിത്വം നിറവേറ്റാതെ പോയോ?
 പ്രതീക്ഷിക്കാമോ മാറ്റം?
ഒരു വര്‍ഷത്തെ അധ്യാപകപരിശീലനം ആരംഭിക്കുന്നതിനുമുമ്പ് വിശദമായ അക്കാദമിക പഠനം നടത്തേണ്ടതുണ്ട്
1. ഫീല്‍ഡിലെ യഥാര്‍ഥ ചിത്രം മനസിലാക്കി പരിഹാരപ്രവര്‍ത്തനാസൂത്രണം നടത്തി ട്രൈ ഔട്ട് ചെയ്യണം
2. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷത്തെ ഊന്നല്‍ മേഖലകള്‍ നിശ്ചയിക്കണം
3. ഒരോ മാസവും വിദ്യാലയത്തില്‍ പ്രതീക്ഷിക്കുന്ന മാറ്റം എന്തെന്നു താല്കാലികമായി നിശ്ചയിക്കണം
4. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ ടേമിനെ മുന്നില്‍ കണ്ട് പരിശീലന ഉളളടക്കം, അക്കാദമിക പിന്തുണാമുന്‍ഗണന എന്നിവ തീരുമാനിക്കണം
5. പരിശീലനത്തിന്റെ പ്രതിഫലങ്ങള്‍ കണ്ടെത്താനുളള രീതിയും വികസിപ്പിക്കണം
6. ഇവയെല്ലാം പരിഗണിച്ചുളള അവലോകനതന്ത്രങ്ങള്‍ രൂപപ്പെടുത്തണം
7. മാറ്റം സാധ്യമായോ എന്നു ബോധ്യപ്പെടാന്‍ പരിശീലനാസൂത്രണസ്ഥാപനങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍ ആ പരിശീലനങ്ങള്‍ കേവലം ചടങ്ങുകളായി മാറും.
  • അവധിക്കാല പരിശീലനത്തില്‍ 21% പരിശീലനകേന്ദ്രങ്ങളിലെയും ക്ലസ്റ്റര്‍ ട്രെയിനിംഗില്‍ 62.5 % പരിശീലനകേന്ദ്രങ്ങളിലെയും റിസോഴ്സ് പേഴ്സണ്‍സ് ചുമതല നിര്‍വഹിക്കാന്‍ പ്രാപ്തിയുളളവരായിരുന്നില്ല എന്നും പത്തനംതിട്ട ഡയറ്റ് കണ്ടെത്തിയിട്ടുണ്ട്. റിസോഴ്സ് പേഴ്സണ്‍സിനെ വളര്‍ത്തിയെടുക്കാന്‍ എന്തു ചെയ്തു എന്ന ചോദ്യം ഉന്നയിക്കപ്പെടണം. കിട്ടുന്നവരെ പിടിച്ച് അധ്യാപകരുടെ മുന്നിലേക്ക് തളളിവിടുന്ന പ്രക്രിയ പ്രോത്സാഹിപ്പിക്കപ്പെടരുത്.  
  • വളരെ നേരത്തെ പരിശീലനാസൂത്രണം നടത്തിയാലേ ഇവയെല്ലാം പരിഹരിക്കാനാകൂ. അത് അസാധ്യമല്ലായിരുന്നു
  • വരും വര്‍ഷങ്ങളില്‍ മാറ്റം പ്രതീക്ഷിക്കാമോ?
അവലംബം
Effectiveness of In-Service Training for Primary School Teachers in Pathanamthitta during 2014-15 ,DIET, Pathanamthitta,

4 comments:

VB Krishnakumar said...

"എസ് ആര്‍ ജിയില്‍ പരിശീലന ഉളളടക്കം ചര്‍ച്ച ചെയ്തിട്ടില്ല ( വിഷയബാഹുല്യവും സമയപരിമിതിയും ആണ് കാരണം എന്നു പ്രഥമാധ്യാപകര്‍)"

വളരെ ശരിയാണ് ഇപ്പറയുന്നത്. SRG CONVENOR എന്ന നിലയിലെന്റെ അനുഭവം പങ്കു വെയ്ക്കാം. ഞാനൊരു LP SCHOOL അധ്യാപകനാണ്.മാനേജ്മെന്റ് സ്കൂളാണ്.എട്ടധ്യാപകരാണ് ഉള്ളത്. മാനേജ്മെന്റ് വെച്ച നിയമനാംഗീകാരം ഇനിയും ആയിട്ടില്ലാത്തനാലഞ്ച് പേരു വേറെയും . വെള്ളിയാഴ്ചകളിലാണ് SRG . ഉച്ചയ്ക്ക് 1.15കൂടി1.45 ന് അവസാനിപ്പിക്കുന്നു. ഇപ്പോളത്തെ ഉച്ച കഴിഞ്ഞുള്ള പഠനസമയം അപ്പോളാണല്ലോ തുടങ്ങുന്നത്. ഈ അര മണിക്കൂറുസമയത്തു പോലും SIDE TALK നടത്തുന്നവരാണ് പലരും . എത്ര കര്‍ശനമായി പറഞ്ഞിട്ടും ആവര്‍ത്തിക്കുന്നു. എന്നാലും കുറച്ചു മാറ്റം കൊണ്ടു വരാന്‍ സാധിച്ചു. എങ്കിലും തൃപ്തികരമല്ല .

സ്കൂളുകളിലെ കൂട്ടായ്മ ആണ് എന്ത് പരിപാടിയും വിജയിപ്പിക്കുക, ആണല്ലോ SIR ? എല്ലാ സ്ക്കൂളുകളിലും ഇതുണ്ടോ എന്നൊരു സര്‍വേ കൂടി നടത്തി നോക്കൂ ; ഒരു കുഴപ്പം അവിടെ നിന്നാണ്. എന്‍റെ വിദ്യാലയവും മറിച്ചല്ല എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. മാനേജ് മെന്റിന്റെ ആള്‍ക്കാരും പ്രതിപക്ഷവും എന്ന വിഭാഗീയത ഈ കൊല്ലത്തോടെ മറ നീക്കി പുറത്തു വന്നു . kstaക്കാരും kpstaക്കാരും എനിങ്ങനെ മറ്റു വിദ്യാലയങ്ങളിലും കണ്ടേക്കാം !
മറ്റൊന്ന്. പുതിയ റ്റൈം ടേബിള്‍ ആണ്. lp ഗണിതത്തിന് ആഴ്ചയില്‍ വെറും ആറു പിരിയഡ് !! ആരാണിത് ഒക്കെ തീരുമാനിക്കുന്നത് ? ദിവസേന രണ്ടു പീര്യഡ് വെച്ച് എടുത്താല്‍ പ്പോലും പ്രക്രിയാ ബന്ധിതമായി തീരാന്‍ വളരെ പ്രയാസം . പിന്നെ കലാപഠനം, പ്രവൃത്തിപരിചയം , ആരോഗ്യകായിക വിദ്യാഭ്യാസം .. ഒക്കെ വേണ്ടതു തന്നെ. സമയം ഉണ്ടെങ്കില്‍ ഒക്കെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും പരിശീലിപ്പിക്കാനും സന്തോഷം തന്നെ . എന്നാല്‍ സ്ക്കൂളുകളിലെ സ്ഥിതി എന്താണ് ?
ഇടയ്ക്കിടെ ചോദിക്കുന്ന കണക്കുകള്‍ തയ്യാറാക്കല്‍,മൈനോരിറ്റി സ്കോളര്‍ഷിപ്പ്‌ അപേക്ഷ പൂരിപ്പിക്കല്‍ പഴം മുട്ട കണക്കെടുപ്പ് ആഴ്ചയില്‍ രണ്ടു ദിവസം, പാല് വിതരണം അധ്യന സമയം അപഹരിക്കുന്ന ഔദ്യോഗിക കാര്യങ്ങളാണ്. അനൌദ്യോഗികമായി അധ്യാപകരുടെ ചില രീതികളും . ഇന്റെര്‍വല്‍ അഞ്ചു മിനിറ്റ് നേരത്തെ ആയാല്‍ ഒരു വിരോധവുമില്ല . അഞ്ചു മിനിറ്റ് കഴിഞ്ഞു ബെല്ലടിച്ചാലും ! എന്നാലോ ഒരു മിനിട്ടോ മറ്റോ വൈകി പ്പോയാല്‍ (ഇന്റെര്‍വല്‍ തുടങ്ങാന്‍ ) വലിയ പ്രതിഷേധം . നേരത്തെ കൂടിയാല്‍ അതിനും . ഇതാണ് മനോഭാവം . രണ്ടു കൊല്ലം മുന്‍പത്തെ പോസിറ്റീവ് ആറ്റിട്ട്യൂഡ് ഇല്‍ ഊന്നിയ പരിശീലനം ഒക്കെ ആവിയായിപ്പോയി . ആ പരിശീലനം തന്നെ അവധിക്കാലത്ത്‌ അഞ്ചു ദിവസമായി ചുരുങ്ങി എന്നത് വേറെ വസ്തുത . ക്ലാസ് സമയത്തും വര്‍ത്തമാനം പറഞ്ഞു സമയം കളയുന്നവരെ ഒന്നും ഇനിയും കണ്ടെതിയിട്ടില്ലേ ssa ?
ssaയുടെ കണക്കെടുപ്പുകളില്‍ എല്ലാവര്‍ക്കും A/B ഗ്രേഡുകള്‍ നല്‍കണം എന്നുണ്ട് .ബോധനത്തിന് തന്നെ സമയം മതിയാവാതെ അക്ഷര മുറ യ്ക്കാത്ത കുട്ടികളും ഉള്‍പ്പടുന്ന വരില്‍ നിന്നു , പക്ഷേ ഞങ്ങള്‍ എങ്ങനെ ഈ ഉയര്‍ന്ന GRADE കാരെ കൂടുതല്‍ ഉണ്ടാക്കി തരാനാണ് ?
ഇങ്ങനെ ഒരു പാടൊരുപാട് പ്രശ്നങ്ങള്‍ നിറഞ്ഞതാണ്‌ ഈ മേഖല. പാഠപുസ്തകം കിട്ടാത്തത് വലിയ പ്രശ്നം . പുസ്തകം മാറിയതും അത് കളര്‍ ആയതിനാല്‍ ആണ് വൈകിയത് എന്നും പറയുന്ന (യഥാക്രമം വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും) ഭരണീ യരുള്ളപ്പോള്‍ ഇതിലധികം ഗുണമേന്മ പ്രതീക്ഷിക്കണോ ? ഇതു ഭരണം മാറിയത് കൊണ്ടും മാറുന്ന സുഖക്കെടുമല്ല !
ssa യും ഇതില്‍ പങ്കാളികളാണ് . കുറേ കെട്ടുകാഴ്ചകള്‍ ക്ക് വേദി ഒരുക്കി വെള്ളം ചേര്‍ത്ത റിപ്പോര്‍ട്ടുകള്‍ മേലേക്ക് കയറ്റി അയയ്ക്കുന്നുണ്ടല്ലോ BRCകള്‍ !
ചുരുക്കത്തില്‍ ഇതൊന്നും എളുപ്പത്തില്‍ മാറുന്ന പ്രശ്നമല്ല SIR. മറുപടി പ്രതീക്ഷിക്കുന്നു . കുട്ടികള്‍ക്ക് കഴിയുന്നത്ര സമയം പരിശീലനം നല്‍കി അവര്‍ക്കിടയില്‍ ആനന്ദം കണ്ടെത്തുന്ന ഒരധ്യാപകന്‍ .

drkaladharantp said...

വിദ്യാലയത്തില്‍ നിരവധി പ്രശ്നങ്ങള്‍. അവ പരിഹരിക്കാനാകുന്നതാണ്. ആരാണ് മുന്നിട്ടിറങ്ങുക എന്നതില്‍ മാത്രമേ വ്യക്തത വരാനുളളൂ

VB Krishnakumar said...

പരിഹരിക്കാനാകാത്ത പ്രശ്നങ്ങളും ഉണ്ട് സർ ; പരിഹരിക്കപ്പെടരുത് എന്ന് മാനേജ് മെന്റ് തന്നെ വാശി പഠിക്കുമ്പോൾ എന്ത് ചെയ്യും ? മാനേജ് മെന്റിനെ പിണക്കാൻ ആർക്കും വയ്യ. ഭയമാണ് . അതു നമ്മൾ തമ്മിൽ ചർച്ച ചെയ്യുന്നത് വെറുതെ .

ഇന്നത്തെ പാഠ പുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ഇപ്പോൾ അനുവദിച്ചിട്ടുള്ള സമയപ്രകാരം എടുത്തു തീർക്കാൻ കഴിയുന്നതാണോ ? ഉദാഹരണത്തിന് എൽപി യിലെ ഗണിതം . ആഴ്ചയിൽ കേവലം ആറു പീര്യഡുകൾ മതിയോ പ്രക്രിയാ ബന്ധിതമായി ക്ലാസ്സിൽ അവതരിപ്പിക്കാൻ ?

ടീച്ചിംഗ് മാന്വൽ TT യിൽ തന്ന പ്രകാരം എഴുതി പരിചയിച്ചു വന്നപ്പോഴേക്കും അതിന്റെ രൂപം മാറി . അഞ്ചു കോളം . ഒരേ കാര്യം തന്നെ ആവര്ത്തിച്ച് എഴുതുക . ഇങ്ങനെ ഒരു TM തയ്യാറാക്കാനുള്ള സമയം എത്ര വേണ്ടി വരും സാർ കരുതുന്നത് ? ഭൂരിഭാഗം വരുന്ന അധ്യാപികമാർ ക്ക് വീട്ടു ജോലികളും തീർത്ത് വീട്ടിൽ നിന്ന് എഴുതാൻ ഇരിക്കുമ്പോ ഴേക്കും തന്നെ രാത്രി കുറെ നേരം ആകും . പിന്നെ സ്കൂളിൽ നിന്ന് സാധിക്കുമോ ? അവിടെ നൂറു കൂട്ടം പ്രശ്നങ്ങൾ ആണ് . അഭ്യന്തര പ്രശ്നങ്ങൾ വേറെയും . സ്കൂൾ ടൈം കഴിഞ്ഞോ ?

ഇനി ഒരു സ്വകാര്യം . എന്റെ സ്കൂളിൽ ഒരു DRG ഉണ്ട് . മാനേജരുടെ സ്വന്തം ആളാണ്‌ . TM എഴുതുകയെ ഇല്ല ! HM അവരുടെ ക്ലാസ് MONITOR ചെയ്യാൻ പോയപ്പോൾ ക്ലാസ് റിപ്പീറ്റ് ചെയ്തതായിരുന്നു ! സ്കൂളിൽ പത്തു മണി കഴിഞ്ഞല്ലാതെ എത്തുകയില്ല . ക്ലാസ്സിൽ ആണെങ്കിൽ മൊബൈൽ ഫോൺ കയ്യിൽ നിന്ന് വെച്ച നേരവും ഇല്ല !
(ഞാനും DRG ആയി വർഷങ്ങളോളം പോയ ആൾ തന്നെ . SRG ആയും ഒരിക്കൽ പോയി . )

അധ്യാപകലോകത്തെ ഇത്തരം പുഴുക്കുത്തുകളെ എങ്ങനെ ഇല്ലായ്മ ചെയ്യും ?
വർക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത്തരം സ്കൂളുകളിൽ വലിയ കഷ്ടപ്പാടാണ് .

സാർ പറ്റുമെങ്കിൽ ഇതൊക്കെ ഒന്ന് ചില്ലുമേടയിൽ ഇരുന്ന് ഇതൊക്കെ വിഭാവനം ചെയ്യുന്ന ആളുകളോട് പറയൂ . പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ് .

ആദ്യം I S M വരുന്നതിന്റെ കാര്യം പറഞ്ഞു കേട്ട മാതിരി അല്ല രണ്ടു മാസം കഴിഞ്ഞപ്പോൾ ടീമിൽ ആൾ കുറഞ്ഞു . ഒടുവിൽ ഡയറ്റ് ഫാക്കൽറ്റി
മാത്രമായി ..

ഇപ്പോൾ ഒരു നിർദ്ദേശം ആണ് എ ബി ഗ്രേഡ് കളെ ഇടാവൂ ആന്വൽ എക്സാമിൽ എന്ന് നിർദ്ദേശം ! എന്തിനാണ് ഇങ്ങനെ കൃത്രിമ മാർഗങ്ങൾ ചെയ്യാൻ അധ്യാപകരെ നിർബ്ബന്ധിക്കുന്നത് ?1


ശ്രീലത, ഇടുക്കി said...

പരിമിതികള്‍ മറികടക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവനവന്‍ വിനിയോഗിക്കുക..നമ്മുടെ കുട്ടികളെ അതിനു പ്രാപ്തരാക്കുക..എല്ലാപോരായ്മകളും പരിഹരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെ............