ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, November 16, 2023

സംയുക്ത ഡയറി- രക്ഷിതാക്കൾ പ്രതികരിക്കുന്നു


ഞാൻ GUPS തത്തമംഗലം സ്കൂളിലെ 1 c യിലെ അഭിരൂപിന്റെ അമ്മയാണ്.സംയുക്ത ഡയറി എഴുതുന്നതിനു മുമ്പ് മോന് അക്ഷരങ്ങൾ അറിയാമായിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുപോലെ തന്നെ ചിഹ്നങ്ങൾക്കും നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു പക്ഷേ സംയുക്ത ഡയറി എഴുതിത്തുടങ്ങി  കഴിഞ്ഞതിന് ശേഷം മാറ്റം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. കാരണം ചിഹ്നങ്ങളും അക്ഷരങ്ങളും അവൻ നന്നായി ഉറച്ചു അതുപോലെ അക്ഷരങ്ങൾ കൂട്ടി വായിക്കാനും വാക്കുകൾ ഉണ്ടാക്കാനും പഠിച്ചു അതുപോലെ അവൻ പ്രകൃതിയെ നിരീക്ഷിക്കുകയും ഒരു ദിവസം എന്തെല്ലാം കാര്യങ്ങൾ നടന്നു എന്ന് ഓർത്ത് പറയുവാനും സാധിക്കുന്നുണ്ട്. ഡയറി എഴുതുന്നതിനു മുമ്പ് മോൻ കാര്യങ്ങളൊന്നും അധികം പങ്കുവെക്കാറില്ല ഇപ്പോൾ ഡയറി എഴുതി തുടങ്ങിയതിനു ശേഷം സ്കൂളിൽ എന്തെല്ലാം നടന്നു വീട്ടിൽ വന്നിട്ടായാലും ഓരോ കാര്യങ്ങളും അവൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് അവന്റെ പ്രായത്തിൽ ഉപരി അവൻ സ്വന്തമായി ഭാഷ കൈകാര്യം ചെയ്യാൻ ഈ സംയുക്ത ഡയറിയിലൂടെ പഠിച്ചു. ഇപ്പോൾ അവൻ തനിയെ ഡയറി എഴുതാൻ തുടങ്ങി. അതുപോലെതന്നെ നമ്മൾ പുറത്ത് എവിടെയെങ്കിലും പോയാൽ അത് എവിടെ പോയി എന്ന് ചോദിക്കും സ്ഥലത്തിന്റെ പേരുകളും അവന് മനസ്സിലാക്കാൻ ഈ സംയുക്ത ഡയറി സഹായിക്കുന്നുണ്ട്. അവൻ എന്ത് കാണുന്നുണ്ടോ അതിന്റെ പേരെല്ലാം അറിയാനുള്ള ആഗ്രഹം അവന് ഉണ്ടാകുന്നുണ്ട് പക്ഷികൾ ആയാലും മൃഗങ്ങളുടെ ആയാലും മരത്തിന്റെ ആയാലും  വാഹനങ്ങൾ ആയാലും  എല്ലാ പേരുകളും അറിയാൻ അവൻ ശ്രമിക്കുന്നു. സംയുക്ത ഡയറി എഴുതുന്നതുകൊണ്ട് അവന് ചിത്രം വരയ്ക്കാൻ നല്ല താല്പര്യം ഉണ്ടാവുകയും നന്നായി വരയ്ക്കാനും കഴിയുന്നുണ്ട്. അതിലുപരി ടീച്ചർക്കാണ് ഞാൻ നന്ദി പറയുന്നത്. കാരണം കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

എന്ന്

 സുകന്യ. ആർ

തത്തമംഗലം G. U. P. S ലെ 1-C ലെ തനുശ്രീയുടെ അമ്മയാണ്. അദ്ധ്യായന വർഷത്തിലെ ആദ്യ മാസങ്ങളിൽ എന്റെ മോൾ പഠനത്തിൽ വളരെ പിറകിലായിരുന്നു. കൊറോണ സമയമായതുകൊണ്ട് LKG യിൽ വിടാതെ നേരിട്ട് UKG യിൽ വന്നതായിരുന്നു. മറ്റുകുട്ടികളെ അപേക്ഷിച്ച് മോൾക്ക് അക്ഷരങ്ങളുടെ അടിസ്ഥാനം കുറവായിരുന്നു. ടീച്ചർ എന്തു പഠിപ്പിച്ചെന്നു ചോദിച്ചാലും ക്ലാസ്സിലെന്തു നടന്നു എന്ന് ചോദിച്ചാലും അവൾ ഒന്നും പറയാറില്ല. ടീച്ചറോട് ചോദിച്ചപ്പോൾ ക്ലാസ്സിൽ അവൾ അത്ര ആക്റ്റീവ് അല്ല എന്നറിഞ്ഞു. പക്ഷെ സംയുക്ത ഡയറിയിലൂടെ അവളുടെ സ്വഭാവത്തിലും പഠിത്തത്തിലും നല്ലൊരു മാറ്റം കാണാൻ സാധിച്ചു. ടീച്ചർ പറഞ്ഞതനുസരിച്ചു അവൾക്കറിയാത്ത അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതി കൊടുത്തു. ദിവസങ്ങൾ   കഴിയുന്തോറും അവൾക്കറിയാത്ത അക്ഷരം ഞാൻ പേനയിൽ എഴുതാൻ തുടങ്ങുമ്പോൾ അവൾ എന്നെ തടഞ്ഞ് അവൾ ഓർത്തു എഴുതാൻ ശ്രമിച്ചു. അതുപോലെ ക്ലാസ്സിൽ നടക്കുന്ന കാര്യങ്ങളൊക്കെ വീട്ടിൽ പറയും. വാക്കുകളെ യഥാർത്ഥ ക്രമത്തിൽ എഴുതാനും പറയാനും സംയുക്ത ഡയറിയിലൂടെ മോൾക്ക് കഴിഞ്ഞു. ഇതിലൂടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങി.സംയുക്ത ഡയറി എഴുതുന്നതിനൊപ്പം ചിത്രം കൂടി വരയ്ക്കാൻ പറയുമ്പോൾ കുട്ടികൾക്ക് ഡയറി എഴുതാനുള്ള ആവേശം കൂടുന്നു.കുട്ടിയുടെ നല്ലൊരു മാറ്റത്തിനു നിമിത്തമായ സംയുക്ത ഡയറി എന്നൊരു ആശയം കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ച ടീച്ചർക്ക്‌ ഒരായിരം നന്ദി അറിയിക്കുന്നു.

              എന്ന്
            കീർത്തന. ജെ
പ്രിയ ടീച്ചർ ഞാൻ 1. C യിൽ പഠിക്കുന്ന ശ്രീഹരിയുടെ അമ്മയാണ്. സംയുക്ത ഡയറി എന്റെ മക്കളിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നത് കൊണ്ട് മലയാളം എന്നത് വളരെ പ്രയാസമുള്ള ഒരു വിഷയമായി മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം എന്റെ മൂത്ത മകളാണ്. അവൾക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കാനും എഴുതാനും പറ്റും. പക്ഷേ മലയാളം കുറച്ച് പ്രയാസമാണ്. എന്നാൽ എന്റെ മകന്റെ കാര്യത്തിൽ ആ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അതിന് കാരണം സംയുക്ത ഡയറി എഴുത്താണ്. ആദ്യമൊക്കെ അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുകയും ചിലത് എഴുതി കൊടുത്തുകയു ചെയ്യുമായിരുന്നു. എന്നാൽ അവൻ ഇപ്പോൾ കുറച്ച് ദിവസമായി തനിച്ചാണ് ഡയറി എഴുതുന്നത്. എപ്പോഴെങ്കിലും ഒരു അക്ഷരം ചോദിക്കും. അത്രമാത്രം
         ഇപ്പോൾ ഡയറി എഴുതുന്നത് എന്റെ മകളും ശീലമാക്കി. അവൾക്കും ഒന്നാം ക്ലാസ് മുതൽ ഡയറി എഴുത്ത് ശീലമായിരുന്നെങ്കിൽ മലയാളത്തിലുള്ള അവളുടെ പ്രയാസം അന്നേ മാറുമായിരുന്നു. സംയുക്ത ഡയറിയ്ക്കും അതിന് സഹായിച്ച ടീച്ചർക്കും ഒരുപാട് നന്ദി.
Thank you teacher

       Manju. N
പ്രിയ ടീച്ചർ
ഞാൻ 1C യിലെ ആദികേശിന്റെ അമ്മയാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ടുള്ള ഗുണം ഞാൻ  മനസ്സിലാക്കുന്നു.ആദ്യത്തെ കുറച്ചു ദിവസം ഞാൻ പേന കൊണ്ട് ചില അക്ഷരങ്ങൾ എഴുതി. പിന്നെ പിന്നെ എന്നോട് എഴുതിക്കാതിരിക്കാൻ അവൻ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അതിനായി അവൻ യു. കെ. ജി യിൽ പഠിച്ച വാക്കുകളിൽ നിന്ന് അക്ഷരങ്ങൾ ഓർത്തെടുത്തെഴുതി. ടീച്ചർ പറഞ്ഞതനുസരിച്ച് ചിഹ്നങ്ങൾ മാത്രം ഞാൻ പറഞ്ഞു കൊടുത്തു. ഇപ്പോൾ അവൻ തന്നെ വാചകങ്ങൾ പറയാനും ചിഹ്നങ്ങൾ ഉൾപ്പെടെ തനിയെ എഴുതാനും തുടങ്ങി. അടുകൂടാതെ എഴുതുന്ന ആശയങ്ങൾക്ക് യോചിച്ച ചിത്രം വരയ്ക്കുന്നതിലൂടെ വരയ്ക്കാനുള്ള അവന്റെ താത്പര്യവും വർദ്ധിച്ചു.മാത്രമല്ല ഓരോ സന്ദർഭത്തിലും കാണുന്ന കാര്യങ്ങളെ ചിത്രരൂപത്തിൽ വിശദീകരിക്കാൻ അവനിപ്പോൾ കഴിയുന്നുണ്ട്.കുട്ടികൾ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുകയും അത് മാതാപിതാക്കളോട് പങ്കുവെക്കുകയും ചെയ്യുന്നു. ഒന്നാംതരത്തിൽ തന്നെ അവർ മാതൃഭാഷയിൽ ഈ സംയുക്ത ഡയറിയിലൂടെ സ്വയം പര്യാപ്തരാവുന്നു.

Thank you teacher


        എന്ന്
              അർച്ചന. എ




No comments: