ക്ലാസ്: മൂന്ന്
വിഷയം മലയാളം
യൂണിറ്റ്: മൂന്ന്
പാഠത്തിൻ്റെ പേര്: പലഹാരക്കൊതിയന്മാർ
ടീച്ചറുടെ പേര്: സൈജ എസ്
ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ: .......
തീയതി : ..…../ 2025
പ്രവർത്തനം കടങ്കഥപ്പയറ്റ്
പഠനലക്ഷ്യങ്ങള്‍
ശൈലികൾ, നാടൻ പ്രയോഗങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ തുടങ്ങിയവ ഭാഷയ്ക്ക് നൽകുന്ന സൗന്ദര്യവും ശക്തിയും തിരിച്ചറിയുക അവയെ ഉചിതമായും രസകരമായും പ്രയോഗിക്കുക.
രസകരമായ പുതിയ കടങ്കഥകൾ നിർമ്മിച്ച് പങ്കിടുക.
കരുതേണ്ട സാമഗ്രികൾ: കടങ്കഥാ പുസ്തകങ്ങൾ, കടങ്കഥകൾ എഴുതിയ വായനക്കാർഡുകൾ, ചാർട്ട്, സ്കെച്ച് പേന.
പ്രവർത്തന വിശദാംശങ്ങൾ:
ഘട്ടം ഒന്ന്- കടങ്കഥപ്പയറ്റ് ഉദ്ഘാടനസമ്മേളനം
കടങ്കഥപ്പയറ്റിൻ്റെ ചുമതലയുള്ള പഠനക്കൂട്ടം അറിയിപ്പ് ഉറക്കെ അവതരിപ്പിക്കുന്നു.
...... ആം തീയതി……. സ്കൂളിൽ മൂന്നാം ക്ലാസ്സിൽ നടക്കുന്ന അപ്പാണ്യത്തിൻ്റെ മുന്നോടിയായുള്ള കടങ്കഥാപ്പയറ്റാണ് ഇവിടെ നടക്കാൻ പോകുന്നത്. അതിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു,
കടങ്കഥപ്പയറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി പഠനക്കൂട്ടത്തിലെ ………………….ക്ഷണിക്കുന്നു
ഉദ്ഘാടനം- കടങ്കഥയെക്കുറിച്ച് രണ്ടോ മൂന്നോ കാര്യം പറഞ്ഞ് അപ്പാണ്യത്തിന്റെ ഭാഗമായ കടങ്കഥപ്പയറ്റ് ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു
അടുത്തതായി മത്സരമാണ് അതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നതിനും മത്സരം നടത്തുന്നതിനുമായി ടീച്ചറെ ക്ഷണിച്ചുകൊള്ളുന്നു.
കടങ്കഥപ്പയറ്റ് -മത്സരത്തിന്റെ വിശദാംശം ടീച്ചര്‍ അവതരിപ്പിക്കുന്നു.
രണ്ട് ഘട്ടമായിട്ടാണ് മത്സരം
ഒന്നാം ഘട്ടത്തില്‍ കടങ്കഥകള്‍ എഴുതിയ തുണ്ട്കടലാസ് ഓരോ പഠനക്കൂട്ടത്തിനും ഓരോന്ന് വീതം നല്‍കും. മറ്റൊരു കടങ്കഥയുടെ ഉത്തരവും പഠനക്കൂട്ടത്തിന് നല്‍കും
പഠനക്കൂട്ടത്തില്‍ കിട്ടിയ കടങ്കഥയുടെ ഉത്തരം എന്തായിരിക്കുമെന്ന് ആലോചിക്കണം. ആ ഉത്തരം ഒരാള്‍ ബുക്കില്‍ എഴുതണം.
ഒരു പഠനക്കൂട്ടം കടങ്കഥ ചോദിക്കുന്നു. ഏത് പഠനക്കൂട്ടത്തിലാണോ അതിന്റെ ഉത്തരമുള്ളത് ആ പഠനക്കൂട്ടത്തിലെ ഒരാള്‍ വന്ന് ബോര്‍ഡില്‍ ഉത്തരം എഴുതണം.
എഴുതിയ ഉത്തരമാണോ കടങ്കഥ ചോദിച്ച പഠനക്കൂട്ടം ആലോചിച്ചത്? അത് അവരില്‍ ഒരാള്‍ വന്ന് ബോര്‍ഡില്‍ എഴുതണം. ഏതാണ് ശരി? മറ്റു പഠനക്കൂട്ടങ്ങള്‍ക്ക് പ്രതികരിക്കാം. എന്തുകൊണ്ട് എന്ന് വിശദീകരിക്കണം. ചോദിച്ച ഗ്രൂപ്പും ഉത്തരം പറഞ്ഞ ഗ്രൂപ്പും പങ്കിട്ടത് ശരിയാണെങ്കില്‍ ഓരോ പോയന്റ് വീതം ലഭിക്കും.
ബോര്‍ഡില്‍ എഴുതിയത് അക്ഷരത്തെറ്റുകൂടാതെയാണെങ്കില്‍ അതിനും പോയന്റ് ലഭിക്കും.
പഠനക്കൂട്ടം |
പഠനക്കൂട്ടത്തില്‍ ചോദിക്കാന്‍ നല്‍കേണ്ട കടങ്കഥകള്‍ |
ഉത്തരം ( മറ്റൊരു കടങ്കഥയുടെ) |
ഒന്ന് |
ചില്ലുകൂട്ടിലെ ഓലപ്പടക്കം |
നൂലപ്പം |
രണ്ട് |
ഇലയിലാണ് കിടപ്പ് ഇലയിലാണ് ഇരിപ്പ് |
സുഖിയന്‍ |
മൂന്ന് |
നൂലുണ്ട് എന്നാൽ തയ്ക്കാൻ പറ്റില്ല |
കുമ്പിളപ്പം |
നാല് |
പേരിലും സുഖമുണ്ട് തിന്നാനും സുഖമുണ്ട് |
സമൂസ |
ഘട്ടം രണ്ട്
നേരത്തെ സ്വീകരിച്ചതിന്റെ മറിച്ചിട്ട പ്രക്രിയ
പുതിയ കടങ്കഥകളും ഉത്തരങ്ങളും വിതരണം ചെയ്യുന്നു.
ഒരു പഠനക്കൂട്ടത്തിലെ അംഗം ബോര്‍ഡില്‍ ഉത്തരപ്പലഹാരത്തിന്റെ പേര് എഴുതുന്നു. അതിന് ചേര്‍ന്ന കടങ്കഥ കിട്ടിയവര്‍ അത് പറഞ്ഞ് പോയന്റ് നേടുന്നു
ഉദാ പപ്പടം എന്ന് എഴുതിയാല്‍ അതിന്റെ കടങ്കഥ ( അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില) കിട്ടിയവര്‍ അത് ചേരുമെന്ന് തോന്നിയാല്‍ കൈ പൊക്കിയ ശേഷം കടങ്കഥ വായിക്കണം. കടങ്കഥയ്ക് എത്രഭാഗങ്ങളുണ്ടോ അത് ഓരോരുത്തരായി വായിക്കണം അകമില്ല/ പുറമില്ല/ ഞെട്ടില്ല/ വട്ടയില എന്ന് നാല് പേര് വായിക്കണം ( വായനയില്‍ പിന്തുണ വേണ്ടവര്‍ക്ക് പങ്കാളിത്തം ഉറപ്പാക്കല്‍)
ഘട്ടം മൂന്ന് - കടങ്കഥാനിര്‍മ്മാണമത്സരം
ഉരുണ്ട പലഹാരങ്ങള്‍ ഒത്തിരിയുണ്ട്. അതിനെക്കുറിച്ചാണ് കടങ്കഥ നിര്‍മ്മിക്കേണ്ടത്.
ആദ്യത്തെ വാക്യം ടീച്ചര്‍ ബോര്‍ഡില്‍ എഴുതുന്നു. പലഹാരത്തിന്റെ പ്രത്യേകതകള്‍ എഴുതി കടങ്കഥ നിര്‍മ്മിക്കുകയാണ് വേണ്ടത്.
ഉരുണ്ടിരിക്കും
……………….
………………….
……………..
…………….
പഠനക്കൂട്ടത്തില്‍ ചെയ്യേണ്ടത്
അറിയാവുന്ന ഉണ്ടപ്പലഹാരങ്ങളുടെ പേരുകള്‍ പങ്കിടണം
അതിലൊന്ന് തിരഞ്ഞെടുക്കണം
അതിന്റെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യണം
അത് വച്ച് കടങ്കഥാവാക്യങ്ങള്‍ നിര്‍മ്മിക്കണം
എല്ലാവരും ഓരോ വാക്യവും എഴുതണം
എഴുതാന്‍ പരസ്പരം സഹായിക്കണം
എല്ലാവരും തെറ്റുകൂടാതെ എഴുതി എന്ന് ഉറപ്പാക്കണം
പഠനക്കൂട്ടം എഴുതിക്കഴിഞ്ഞാല്‍ മത്സരം തുടങ്ങുക
ഒരു പഠനക്കൂട്ടം അവര്‍നിര്‍മ്മിച്ച കടങ്കഥ പറയും. മറ്റുപഠനക്കൂട്ടങ്ങള്‍ ആലോചിച്ച് അതിന്റെ ഉത്തരം ബുക്കില്‍ എഴുതണം ( ഓരോരുത്തരും എഴുതണം. സഹായിക്കാം) തുടര്‍ന്ന് എഴുതിയത് വായിക്കല്‍. ശരിയായ ഉത്തരം എഴുതിയവര്‍ക്കെല്ലാം പോയന്റ്
മൂന്ന് ഘട്ടത്തിലുമായി കൂടുതല്‍ പോയന്റ് നേടിയവര്‍ ജേതാക്കള്‍. രണ്ടും മൂന്നും സ്ഥാനങ്ങൾ കൂടി നൽകി എല്ലാവരേയും വിജയികളാക്കുന്നു. അപ്പാണ്യദിവസം അംഗീകാരം നൽകുന്നു.
കടങ്കഥയും താളവും ശബ്ദഭംഗിയും
കറിക്ക് മുമ്പന്‍, ഇലക്ക് പിമ്പന്‍ (കറിവേപ്പില) ഈ കടങ്കഥയിലെ വാക്കുകളുടെ പ്രത്യേകത നോക്കുക. കറിക്ക്, ഇലയ്ക്ക്, മുമ്പന്‍, പിമ്പന്‍ എന്നിവ കേള്‍ക്കാന്‍ സുഖമുണ്ട് ( ക്ക, മ്പ, ന്‍ എന്നിവയുടെ ആവര്‍ത്തനം). അതുപോലെ വാക്കുകള്‍ക്ക് പ്രത്യേക താളമുണ്ട്.
ഇനി പറയുന്ന കടങ്കഥകളുടെ പ്രത്യേകത നിങ്ങള്‍ക്ക് പറയാമോ?
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി- അരി തിളയ്കുക
പച്ചക്കാട്ടില്‍ തവിട്ട് കൊട്ടാരം, അതിനുള്ളില്‍ വെള്ളക്കൊട്ടാരം, അതിനുള്ളില്‍ കൊച്ചുതടാകം ( തേങ്ങ)
പുറം പര പര, അകം മിനുമിന (ചക്ക)
ചില്ലുകൂട്ടിലെ ഓലപ്പടക്കം എന്ന കടങ്കഥ സമൂസയുടെ ഏതെല്ലാം പ്രത്യേകതകളെ സൂചിപ്പിക്കുന്നു ( ആകൃതി, പൊടിയുന്ന സ്വഭാവം)
ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകള്‍ ശേഖരിച്ച് അപ്പാണ്യദിവസം പ്രദര്‍ശിപ്പിക്കാന്‍ ചമുതലപ്പെടുത്തുന്നു
പോര്‍ട്ട്ഫോളിയോ വിലയിരുത്തല്‍
എല്ലാ കുട്ടികളുടെയും നോട്ട് ബുക്ക് വിലയിരുത്തി ശരി, സ്റ്റാര്‍ എന്നിവ നല്‍കുന്നു
കൂടുതല്‍ പിന്തുണവേണ്ടവര്‍ എഴുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കുന്നു
അനുബന്ധം
പ്രതിദിന വായനപാഠം
ഇന്ന് മുതല്‍ ഓരോ ദിവസവും ഓരോ വായനപാഠം ഗ്രപ്പിലിടും. ഒരു വരിയേ ഉണ്ടാകൂ. എല്ലാവരും വായിക്കണം. ആഹാരവുമായി ബന്ധപ്പെട്ടതായിരിക്കും,
No comments:
Post a Comment