ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 14, 2026

ടീച്ചറും രക്ഷിതാവും- വ്യക്തിഗത മീറ്റിംഗ് പരമ്പര

  


 സ്നേഹസ്പർശം 

സ്കൂൾ SRG യിൽ CPTA എങ്ങനെ ഫലപ്രദമായി നടത്താം എന്ന ചർച്ചയിൽ നിന്നാണ് വ്യക്തിഗത സിപി ടി എ എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെ സ്നേഹ സ്പർശം എന്ന പേരിൽ എല്ലാ ക്ലാസിലും ഇപ്രാവശ്യത്തെ പാദവാർഷിക മൂല്യനിർണയാനന്തര സി പി ടി എ നടത്താൻ ധാരണയായിഒന്നാം ക്ലാസ്സിൽ ഒരു ദിവസം അഞ്ചുരക്ഷിതാക്കൾ എന്ന രീതിയിലാണ് പ്ലാൻ ചെയ്തത്.

  • ഓരോ രക്ഷിതാവിനും 30 മിനിറ്റ് വീതം സമയം നൽകാൻ തീരുമാനിച്ചു

  • ഉച്ചയ്ക്ക് ശേഷം 2 30 മുതൽ 5 മണി വരെയാണ് ഓരോ ദിവസവും സമയം കണ്ടെത്തിയത്.

  • ഇതനുസരിച്ച് ഓരോ ദിവസവും വരേണ്ട രക്ഷിതാക്കളുടെ പേരും സമയവും ക്ലാസ് ഗ്രൂപ്പ് വഴി നൽകി.

  • 10/9/26 വ്യാഴാഴ്ച മുതൽ മീറ്റിംഗ് ആരംഭിച്ചു.


  • ആദ്യദിവസം വളരെ ഭംഗിയായി അവസാനിച്ചപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു.

ഓരോ രക്ഷിതാവും ഒരേ സ്വരത്തിൽ എടുത്തുപറഞ്ഞു ഈ രീതിയിൽ മീറ്റിംഗ് നടത്തിയത് വളരെ നല്ലൊരു തീരുമാനമായെന്ന്. വർഷത്തിൽ ഒരു തവണ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തുന്നത് എന്തുകൊണ്ട് വളരെയേറെ ഗുണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.

  • പഠന പിന്തുണ ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒന്നിച്ചുള്ള മീറ്റിംഗിൽ തങ്ങളുടെ കുട്ടിയെ കുറിച്ച് പറയുമ്പോൾ അനുഭവപ്പെട്ടിരുന്ന പ്രയാസം ഇവിടെ പരിഹരിക്കപ്പെട്ടു

  • വ്യക്തിഗത മീറ്റിംഗിൽ യാതൊരു സങ്കോചവും കൂടാതെ അവർ ടീച്ചറോട് തുറന്നു സംസാരിച്ചു.

  • പരീക്ഷ പേപ്പർ വിശകലനം കൂടാതെ വായന കാർഡ് വായന, എഴുത്ത് എന്നിവയും രക്ഷിതാക്കളുടെ മുന്നിൽ വെച്ച് നടത്തിയത് കുട്ടികൾ സ്വതന്ത്ര വായനയിലും എഴുത്തിലും എത്ര ദൂരം താണ്ടി എന്ന് മനസ്സിലാക്കാൻ അവരെ സഹായിച്ചു.

  • ടീച്ചറും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ഒരു ഹൃദയബന്ധം കൂടുതൽ ഊഷ്മളമായി.


മുപ്പക് മിനിറ്റ് നടന്ന പ്രവര്‍ത്തനങ്ങള്‍

1. വിദ്യാഭ്യാസ വിശകലനവും തുടർനടപടികളും – റിപ്പോർട്ട്  വിശകലനവും പരിഹാരബോധനവും (Evaluation & Remedial Discussion): കുട്ടിയുടെ പരീക്ഷാ ഉത്തരക്കടലാസുകളുടെ വിശകലനത്തിലൂടെ കണ്ടെത്തിയ പ്രധാന പോരായ്മകളെക്കുറിച്ച് രക്ഷിതാവുമായി വിശദമായി ചർച്ച ചെയ്തു. കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇനി നൽകേണ്ട പരിഹാര പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുകയും വീട്ടിലും ക്ലാസിലും നൽകേണ്ട പിന്തുണയെക്കുറിച്ച് ധാരണയിലെത്തുകയും ചെയ്തു.

2. സ്വതന്ത്ര രചനയും അനുബന്ധ പ്രവർത്തനങ്ങളും :* ഉത്തരക്കടലാസിലെ ചോദ്യങ്ങൾക്ക് പുറമെ, കുട്ടിയുടെ സ്വതന്ത്ര രചനാശേഷി വിലയിരുത്തുന്നതിനായി മുൻപ് ക്ലാസിൽ നൽകിയ ഒരു പ്രവർത്തനം രക്ഷിതാവിന് മുന്നിൽ അവതരിപ്പിച്ചു.

  • പ്രവർത്തനം: അധ്യാപികയുടെ തിരുത്തലുകളോ ഇടപെടലുകളോ ഇല്ലാതെ, കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു ജീവിയെക്കുറിച്ച് (പൂച്ച, തത്ത തുടങ്ങിയവ) A4 ഷീറ്റിന്റെ മുൻവശത്ത് മലയാളത്തിലും, മറുവശത്ത് ഇംഗ്ലീഷിലും വിവരണങ്ങൾ തയ്യാറാക്കാൻ നൽകിയിരുന്ന പ്രവർത്തനമായിരുന്നു ഇത്.

  • വിലയിരുത്തൽ: ഉത്തരക്കടലാസുകളിൽ സ്വതന്ത്രരചനയുടെ കുറവ് പ്രകടമായിരുന്നെങ്കിലും, A4 ഷീറ്റ് പ്രവർത്തനത്തിൽ കുട്ടികൾ വളരെ നല്ല ഭാഷയിലാണ് വിവരണം എഴുതിയിരുന്നത്. കുട്ടിയുടെ ആശയം വ്യക്തമായിരുന്നുവെങ്കിലും ചില ചിഹ്നപിഴവുകളും അക്ഷരത്തെറ്റുകളും കണ്ടെത്തി


3. ഭാഷാവികസനത്തിനായുള്ള തുടർതീരുമാനങ്ങൾ: സ്വാഭാവികമായ രചനാശേഷി കുട്ടിക്കുള്ളതിനാൽ, ഇത്തരം ചിഹ്ന-അക്ഷര തെറ്റുകൾ തിരുത്തിക്കൊണ്ട് മലയാളത്തിലെയും ഇംഗ്ലീഷിലെയും സ്വതന്ത്ര രചനാശേഷി (Creative Writing) എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് രക്ഷിതാവുമായി ചർച്ച ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.

റീഡിങ് കാർഡുകളും ഇംഗ്ലീഷ് പാഠപുസ്തകവും ഒരുമിച്ച് ഉപയോഗിച്ച് കുട്ടികളിൽ സ്വതന്ത്ര വായന (Independent Reading) പ്രോത്സാഹിപ്പിച്ച പ്രക്രിയ വളരെ ലളിതവും ഫലപ്രദവുമാണ്.

  • പ്രവർത്തനം: സ്വതന്ത്ര വായനയും എഴുത്തും (Independent Reading and Writing)

  • ഉപയോഗിച്ച സാമഗ്രികൾ: റീഡിങ് കാർഡുകൾ (Reading Cards), ഇംഗ്ലീഷ് പാഠപുസ്തകം

പ്രക്രിയ :*

  1. വായനാ മുന്നൊരുക്കം: റീഡിങ് കാർഡുകളിലെയും പാഠപുസ്തകത്തിലെയും ലളിതമായ ഭാഗങ്ങൾ കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ നൽകി.

  2. വായന: മുൻകൂട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ കുട്ടികൾ തനിയെ വായന പൂർത്തിയാക്കി.

  3. എഴുത്ത് (Follow-up Activity): വായനയ്ക്ക് ശേഷം, ചില കുട്ടികളെക്കൊണ്ട് വായിച്ച ആശയങ്ങളെ ആസ്പദമാക്കി ഒന്നും രണ്ടും വാക്യങ്ങൾ സ്വന്തമായി എഴുതിച്ചു

  4. വിലയിരുത്തൽ (Reflection / Feedback): കാർഡുകളിലെ ചിത്രങ്ങളും ലളിതമായ വാക്യങ്ങളും പാഠപുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി വായിക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്വതന്ത്രമായി വായിക്കാനും ചെറുവാക്യങ്ങൾ സ്വന്തമായി നിർമ്മിക്കാനുമുള്ള കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനം സഹായിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ (30 മിനിറ്റ്) ഇത്രയും വിശദമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത് മികച്ച സമയപരിപാലനത്തിന്റെ തെളിവാണ്.

ഈ രീതിയുടെ പ്രധാന സവിശേഷതകളും മേന്മകളും

  • കുട്ടികളുടെ കുറിപ്പുകളും ടീച്ചറുടെ നിരീക്ഷണങ്ങളും തമ്മിൽ ഒത്തുനോക്കാൻ സാധിക്കുന്നു.

  • രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം: അധ്യാപകന്റെ നിരീക്ഷണം വായിച്ച ശേഷം രക്ഷിതാക്കളുടെ അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളും) രേഖപ്പെടുത്താൻ അവസരം നൽകുന്നത് രക്ഷിതാക്കളിൽ പങ്കാളിത്ത ബോധം വളർത്തുന്നു.

പരിമിതികള്‍

ഒരോ ദിവസവും ഓരോ രക്ഷിതാവിനും അരമണിക്കൂര്‍ വീതം നീക്കി വയ്കുമ്പോള്‍ ഒരാഴ്ചത്തെ ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കേണ്ടിവരും.

എന്താണ് പരിഹാരം?

ഉച്ചയിടവേള സമയത്തും രാവിലെയും നാല്മണിക്ക് ശേഷവുമായി ഒരു ദിവസം മൂന്ന് എന്ന കണക്കില്‍ രക്ഷിതാക്കളെ ക്ഷണിക്കാം.

ഓരോ ദിവസവും ഓരോ രക്ഷിതാവുമായി ഓണ്‍ലൈനില്‍ സംസാരിക്കാം.


അധിക വായനയ്ക്

ഒന്ന് - ഫിന്‍ലാന്റ്

ഫിൻലാന്റിൽ സ്കൂളുകളും രക്ഷിതാക്കളും തമ്മിൽ ആശയവിനിമയം നടത്താൻ 'Wilma' എന്ന പ്രത്യേക ആപ്പ്/സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഇതിലൂടെ അധ്യാപകർ അയക്കുന്ന അറിയിപ്പുകളും കുട്ടികളുടെ ദൈനംദിന വിശേഷങ്ങളും രക്ഷിതാക്കൾ കാണുകയും ആവശ്യമായ കാര്യങ്ങളിൽ രക്ഷിതാക്കൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു.

സാമൂഹിക കൂട്ടായ്മകളും പരിപാടികളും: സ്കൂൾ സമയത്തിന് ശേഷം രക്ഷിതാക്കളും കുട്ടികളും ഒത്തുചേരുന്ന 'പിക്നിക്കുകൾ', കളിദിനങ്ങൾ, കാപ്പി സൽക്കാരങ്ങൾ (Coffee mornings) എന്നിവ രക്ഷിതാക്കൾ തന്നെ മുൻകൈയെടുത്ത് സംഘടിപ്പിക്കാറുണ്ട്. ഇത് രക്ഷിതാക്കൾ തമ്മിൽ വലിയൊരു പിന്തുണ ശൃംഖല (Support Network) സൃഷ്ടിക്കുന്നു.

ഫിൻലാന്റിലെ പ്രൈമറി സ്കൂളുകളിൽ 'കാപ്പി സൽക്കാരങ്ങൾ' (Coffee Evenings / Vanhempainilta) അല്ലെങ്കിൽ വട്ടത്തിൽ ഇരുന്ന് സംസാരിക്കുന്ന രീതിയുണ്ട്.

അനൗദ്യോഗികമായ തുടക്കം (Informal Start)

  • വൈകുന്നേരം 5:30-ന് രക്ഷിതാക്കൾ സ്കൂളിലെ ക്ലാസ് റൂമിലോ കോമൺ ഹാളിലോ എത്തുന്നു.

  • ഹാളിൽ ബെഞ്ചുകൾ വരിവരിയായി ഇട്ടിട്ടുണ്ടാവില്ല. പകരം, കസേരകൾ വട്ടത്തിൽ തിരിച്ചിട്ടിരിക്കും (Circle Arrangement).

  • ഒരു വശത്ത് കാപ്പിയും (Coffee), ചായയും, ചെറുപലഹാരങ്ങളും ഒരുക്കിവെച്ചിട്ടുണ്ടാകും. രക്ഷിതാക്കൾ കാപ്പിയെടുത്ത് പരസ്പരം കുശലാന്വേഷണം നടത്തി അയവുള്ള അന്തരീക്ഷത്തിൽ സംസാരിച്ചു തുടങ്ങുന്നു.

ഒത്തുചേരലിന്റെ പ്രക്രിയ (The Process)

  • തുല്യത അധിഷ്ഠിതമായ ഇരിപ്പ് (No Stage or Podium):

    അധ്യാപിക സ്റ്റേജിലോ ഡയസിലോ അല്ല നിൽക്കുന്നത്. അധ്യാപികയും രക്ഷിതാക്കളോടൊപ്പം വട്ടത്തിൽ ഇരിക്കുന്നു. ഇവിടെ ആരും പ്രസംഗിക്കുന്നില്ല.

  • തുറന്ന സംവാദം (Open Dialogue): അധ്യാപിക ഒരു ചെറിയ ചോദ്യത്തോടെ ചർച്ചയ്ക്ക് തുടക്കമിടുന്നു

അനുഭവങ്ങൾ പങ്കുവെക്കൽ (Sharing Experiences):രക്ഷിതാക്കൾ ഓരോരുത്തരായി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

കൂട്ടായ തീരുമാനങ്ങൾ. ഇവിടെ അധ്യാപികയോ സ്കൂളോ ഒരു നിയമവും അടിച്ചേൽപ്പിക്കാറില്ല. പകരം, വട്ടത്തിലിരിക്കുന്ന രക്ഷിതാക്കൾ പരസ്പരം സംസാരിച്ച് ക്ലാസിന് പൊതുവായ ഒരു ധാരണയിൽ (Common Consensus) എത്തുന്നു


രണ്ട്-ഓസ്ട്രേലിയ

ഓസ്ട്രേലിയൻ ഗവൺമെന്റ്, നാഷണൽ പേരന്റ് ബോഡികൾ (ACSSO, APC) എന്നിവരുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സമഗ്രമായ വിദ്യാഭ്യാസ മാർഗ്ഗരേഖയാണ് 'ഫാമിലി–സ്കൂൾ പാർട്ണർഷിപ്പ്സ് ഫ്രെയിംവർക്ക്' (Family–School Partnerships Framework). കുട്ടികളുടെ സമഗ്രവികാസത്തിനും പഠനമികവിനും കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന ആശയത്തിലാണ് ഇത് അധിഷ്ഠിതമായിരിക്കുന്നത്

അടിസ്ഥാന തത്ത്വങ്ങൾ (Core Principles)

  • കുടുംബമാണ് ആദ്യത്തെ അധ്യാപകർ: കുട്ടിയുടെ ആദ്യത്തെയും നിരന്തരവുമായ അധ്യാപകർ കുടുംബാംഗങ്ങളാണ്.

  • കൂട്ടുത്തരവാദിത്തം: കുട്ടിയുടെ വ്യക്തിത്വ വികസനത്തിലും പഠനനേട്ടങ്ങളിലും സ്കൂളിനും വീടിനും തുല്യ പങ്കാളിത്തമുണ്ട്.

  • പഠനം സ്കൂളിൽ മാത്രം നടക്കുന്നില്ല; വിവിധ സാഹചര്യങ്ങളിലും ഇടങ്ങളിലും നടക്കുന്നു

  • വൈവിധ്യങ്ങളെ സ്വാഗതം ചെയ്യൽ: കുടുംബങ്ങളുടെ സാമൂഹിക, സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുകയും അത് പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യുക..

  • പരസ്പര ബഹുമാനവും വിശ്വസ്തതയും: സ്കൂളും കുടുംബവും തമ്മിലുള്ള ബന്ധം പരസ്പരവിശ്വാസം, ആദരവ്, പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായിരിക്കണം.

മൂന്ന്. ന്യൂസിലാൻഡ്

Learning Story / Documentation Model

Learning Story എന്താണ്?

ലളിതമായി പറഞ്ഞാൽ,

കുട്ടി എന്തെങ്കിലും പഠനാനുഭവത്തിൽ ഏർപ്പെടുമ്പോൾ അധ്യാപകൻ അത് ശ്രദ്ധിക്കുന്നു, രേഖപ്പെടുത്തുന്നു, അതിൽനിന്ന് കുട്ടിയുടെ പഠനം വ്യാഖ്യാനിക്കുന്നു, അടുത്ത പഠനസാധ്യത ചിന്തിക്കുന്നു; പിന്നീട് ആ രേഖ കുട്ടിയുമായും കുടുംബവുമായും പങ്കുവെച്ച് വീണ്ടും പഠനത്തിലേക്ക് കൊണ്ടുവരുന്നു.

ഉദാഹരണം

മഴവില്ല് വരയ്ക്കുകയായിരുന്നു അനു. ചിത്രത്തിന്റെ താഴെ അവൾ ‘മഴ’ എന്ന് എഴുതി. അധ്യാപകൻ ചോദിച്ചപ്പോൾ ‘മഴ പെയ്തിട്ട് വെയിൽ വന്നാൽ മഴവില്ല് വരും’ എന്ന് അവൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച മഴയെക്കുറിച്ചുള്ള സംഭാഷണത്തിലും അവൾ മഴവില്ലിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോൾ അനുഭവം, സംഭാഷണം, ചിത്രം, എഴുത്ത് എന്നിവ തമ്മിൽ ബന്ധിപ്പിച്ച് സ്വന്തം ആശയം പ്രകടിപ്പിക്കാൻ അവൾ ശ്രമിക്കുന്നു.

കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയുന്നില്ല? എന്നല്ല Learning Story ചോദിക്കുന്നത്:

  • കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയുന്നു?
    എന്തിലാണ് കുട്ടിക്ക് താൽപര്യം?
    എങ്ങനെ ശ്രമിക്കുന്നു?
    എങ്ങനെ പ്രശ്നപരിഹാരം നടത്തുന്നു?
    എങ്ങനെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നു?
    എങ്ങനെ പഠനം വികസിപ്പിക്കുന്നു?


Friday, September 11, 2026

ഒന്നാം ക്ലാസിലെ പാട്ടെഴുത്തുകാര്‍

പൊട്ടെഴുത്തുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ പഠനലക്ഷ്യങ്ങള്‍ ഇവയാണ്.  

സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു

3.1. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

3.2. പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

3.3. ഇഷ്ടപ്പെട്ട പ്രമേയത്തെ ആസ്പദമാക്കി തന്റേതായ രീതിയിൽ കവിതകളും പാട്ടുകളും നിർമ്മിക്കുന്നു.


ഇതില്‍ മൂന്നാമത്തേത് ക്ലാസില്‍ വേണ്ടത്ര നടക്കുന്നുണ്ടോ? കുട്ടികള്‍ പാട്ടെഴുതില്ലേ? 
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാതൃകാവരികള്‍ നല്‍കാതെ വിഷയം കൊടുത്താല്‍ അവര്‍ പാട്ടെഴുതുമോ എന്ന അന്വേഷണം രണ്ട് അധ്യാപകര്‍ ഏറ്റെടുത്തു.  രണ്ട് രീതിയിലാണ് അവര്‍ ചെയ്തത്. 
വി ആര്‍  യുപി എസ് മുതുകുറുശ്ശിയില്‍ ഉച്ചനേരം പഠനക്കൂട്ടങ്ങള്‍ക്ക് ചുമതല നല്‍കുകയായിരുന്നു. അവരുടെ രചനകള്‍ ചുവടെ.
1.
കാര്‍മേഘം മൂടി വന്നു
കാറ്റെത്തി മൂളി വന്നു
തുള്ളി തുള്ളി മഴത്തുള്ളി
തുള്ളി  ചാടി വന്നു മഴത്തുള്ളി
തണുത്തൊരു കാറ്റുമായി
തുള്ളി തുള്ളി മഴ വന്നു
(ആവണി, സ്വാതി, ശിവ, തീർത്ഥ, ആരാധ്യ)
2
പെയ്തു പെയ്തു വരുന്നുണ്ടേ
കാണാന്‍ നല്ല അഴകുണ്ടേ
മഴവില്ല് കാണാന്‍ അഴകാണേ
മഴയത്ത് കടലാസ് വഞ്ചികള്‍
ഉണ്ടാക്കി കളിക്കാന്‍ രസമാണേ
 (ദ്രുവിക,  ദക്ഷ,  വികാസ്, ഷെയ്സ, ദേവർഷ്)
3.
പടപട പട പാട്ടുമായി
ഓടി വന്നു പൂമഴ
മഴയേ നീ എന്തിനു വന്നു
പൂക്കള്‍ക്കുവേണ്ടി വന്നതാണോ
കുടയെടുത്തു കൂടെ വന്നോട്ടെ
കൂട്ടിന് എന്നെ കൂട്ടീടുമോ? 
(സായ്യാൻ, നസാൻ, ആർവിക്, സഹല,  ഹിബ)
4
മഴ മഴ മഴ മഴ വന്നേ
ഉള്ളില്‍ നനയാന്‍ കൊതിയായി
ഇടിയും മിന്നലും ഉണ്ടല്ലോ
മഴയും കൂട്ടായ് വന്നല്ലോ
എനിക്ക് പേടിയാകുന്നേ
എനിക്ക് മഴയില്‍ നനയണ്ട

5
ആഹാ ആഹാ മഴ വന്നേ
ഇടിയും മിന്നലും വന്നല്ലോ
മഴയില്‍‌ ഇറങ്ങാന്‍ കൊതിയായി
മഴ നനയാനും കൊതിയായി
ഇടിയും മിന്നലും ഭയമാണേ
ഓടി ഒളിച്ചോ മഴ വന്നേ
പാട്ടുകള്‍ക്ക് ചില പൊതു സവിശേഷതയുണ്ടെന്ന കാര്യം കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഹാ, ആഹാ മഴ വന്നേ, മഴ മഴ മഴ വന്നേ, പെയ്തു പെയ്തു വരുന്നുണ്ടേ തുടങ്ങിയ വരികളിലെ പദങ്ങളുടെ ആവര്‍ത്തനം ഒരു ഉദാഹരണമാണ്.
മൂടി വന്നു, മൂളി വന്നു/ വരുന്നുണ്ടേ, അഴകുണ്ടേ/  ഉണ്ടല്ലോ, വന്നല്ലോ/ അഴകാണേ, രസമാണേ എന്നതിലെ പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശബ്ദഭംഗി ഒരു ഘടകമാകണമെന്ന് അബോധപൂര്‍വം പഠിച്ചതാകണം. മഴയില്‍‌ ഇറങ്ങാന്‍ കൊതിയായി
മഴ നനയാനും കൊതിയായി.എന്ന് പറഞ്ഞതിന് ശേഷം കൊതിക്കൂട്ടം ഭയക്കൂട്ടമാകുന്ന രസകരമായ അവതരണവും ഉണ്ട്. ആഹായില്‍ തുടങ്ങിയ ആഹ്ലാദവരികള്‍ പേടിയില്‍ അവസാനിപ്പിക്കുന്നത് കണ്ടോ? മഴയോട് സംസാരിക്കുന്ന കവിതയുണ്ട് മഴയേ നീ എന്തിനു വന്നു?പൂക്കള്‍ക്കുവേണ്ടി വന്നതാണോ? കുടയെടുത്തു കൂടെ വന്നോട്ടെ, കൂട്ടിന് എന്നെ കൂട്ടീടുമോ? എത്രമനോഹരം. ഇത്തരം വരികള്‍ എഴുതാന്‍ കഴിയുന്ന കുട്ടികള്‍ ക്ലാസിലുണ്ട്. പക്ഷേ അവര്‍ക്ക് അതിന് അവസരം ലഭിക്കുന്നില്ല.
ജി എം എല്‍ പി എസ്  പരപ്പനങ്ങാടി ടൗണില്‍ വ്യക്തിഗത രചനയായിരുന്നു. അതിലെ രണ്ട് ഉല്പന്നങ്ങള്‍ നോക്കാം. 
ആടി വരുന്ന തുളി,
പാടി വരുന്ന മഴ,
കുളിര്‍വരുന്നേ,
ചാടി വരുന്നേ മഴത്തുള്ളി,
ന്നനയുന്നേ,
ആടന്‍ പാടന്‍ മഴ വരും (നുഹുമ, )
2
മഴ മഴ ചന്തമുള്ള
മഴ മഴ മഴ രെസിക്കുന്ന മഴ ( ഇത്രയും എഴുതിയപ്പോഴാണ് മഴ ഇഷ്ടമല്ലാത്തയാളുടെ കാര്യം ഓര്‍ത്തത്. അടിയില്‍ ഒരു വരയിട്ട് ബാക്കി എഴുതി)
………………..
പോമഴ പോ മഴ ദൂരെ
പോമഴ എനിക്ക് തണുപെടുക്കുന്നു
നിനോട് ടൊപ്പം കളിക്കില്ല
നിനോടൊപ്പം കൂടില്ല ഞാൻ
ചൂട് വാ ചൂട് വാ ഓടി വാ ചൂട് വാ
ഞാൻ സ്കൂളിൽ പോകുമ്പോൾ
വെളം തട്ടി വീണു ( ലാസിംഷാ കമാൽ, ജി എം എല്‍ പി എസ്  പരപ്പനങ്ങാടി ടൗൺ)

ആടാന്‍ പാടാന്‍ മഴ വരും എന്ന വരിയില്‍ മഴയുടെ മൊത്തം അനുഭവവും ചേര്‍ത്തിരിക്കുകയാണ്. മഴയുടെനൃത്തം എന്നാല്‍ എന്താ? മാമരങ്ങളും മഴത്തുള്ളികളും കാറ്റും ചേര്‍ന്നു നടത്തുന്ന  കൊറിയോഗ്രാഫിയാണ്. കൂടെ പാട്ടുമുണ്ട്.
കുട്ടികള്‍ പിണങ്ങുമ്പോള്‍ ആദ്യ ഉപരോധം കളികളിലാണ്. നിന്നെ കളിയില്‍ കൂട്ടില്ല എന്ന് പറയും. മഴയുടെ കൂടെ കളിക്കില്ല എന്ന് കുട്ടി പറയുമ്പോള്‍ അനിഷ്ടത്തിന്റെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്.
ഓരോ പാട്ടിനെക്കുറിച്ചും എനിക്ക് പറയാനുണ്ട്.
വ്യക്തിഗതമായി എഴുതിയപ്പോള്‍ ചില ആക്ഷരങ്ങളും ചിഹ്നങ്ങളും വിട്ടുപോയിട്ടുണ്ട്. പഠനക്കൂട്ടത്തിലെ എഴുത്തില്‍ അത് കാണുന്നില്ല. പക്ഷേ ഒറ്റ കൈയക്ഷരമാണ്. എല്ലാവരും ഓരോരോ വരികള്‍ പൊതുധാരണപ്രകാരം എഴുതുമ്പോഴാണ് പരസ്പര എഡിറ്റിംഗ് നടക്കുക.

അനുയോജ്യമായ ഒരു പ്രക്രിയ നിര്‍ദേശിക്കാം. 
ഘട്ടം 1 — അനുഭവം. ആദ്യം കുട്ടികൾക്ക് വിഷയവുമായി അനുഭവം നൽകുക. നേരനുഭവം ആയാല്‍ കൂടുതല്‍ നന്ന്. തിയറ്റര്‍ അനുഭവവും ആകാം. മഴ, പുറത്തേക്ക് നോക്കുക , മഴയുടെ ശബ്ദം കേൾക്കുക, മഴയെക്കുറിച്ച് സംസാരിക്കുക
ഘട്ടം 2 — വാക്കുകളുടെ ശേഖരണം. കുട്ടികൾ പറയുന്ന വാക്കുകൾ ടീച്ചര്‍ ശേഖരിക്കുന്നു.മഴ, കുട, തവള, വെള്ളം, ചളി, ചാടി, ഓടി, തുള്ളി...ഇത് തന്നെ ഒരു പ്രധാന ഭാഷാസമ്പത്ത് നിർമ്മാണപ്രവർത്തനമാണ്.
ഘട്ടം 3 — ശബ്ദവും താളവും അന്വേഷിക്കൽ. കുട്ടികൾ വാക്കുകൾ താളത്തിൽ പറയട്ടെ.
മഴ — മഴ
കുട — കുട
തവള — ചാടി
വെള്ളം — തുള്ളി
കൈയടി, മേശയിൽ താളമിടൽ, ശരീരചലനം എന്നിവ ഉപയോഗിക്കാം.
ഘട്ടം 4 — വരികൾ നിർമ്മിക്കൽ. കുട്ടികള്‍ അവരുടെ വാക്കുകളിൽ നിന്ന് ചെറിയ വരികൾ ഉണ്ടാക്കുക.
മഴ വന്നു
കുട തുറന്നു
തവള ചാടി
വെള്ളം തുള്ളി.
ഘട്ടം 5 — ആവർത്തനം ചേർക്കൽ. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വാക്കോ വരിയോ 
ആവർത്തിക്കാം.
മഴ വന്നു, മഴ വന്നു
ചാടി ചാടി തവള വന്നു!
ഘട്ടം 6 — പാടിയും മാറ്റിയും നോക്കൽ. ഇവിടെ ഒരു പ്രധാന സമഗ്രഭാഷാ സവിശേഷതയുണ്ട്. ഒരു “ശരിയായ” പതിപ്പ് മാത്രം വേണ്ട. കുട്ടികൾക്ക് വേറൊരു വാക്ക് നിർദ്ദേശിക്കാം, ഒരു വരി മാറ്റാം, പുതിയ വരി ചേർക്കാം, താളം മാറ്റാം, ശബ്ദം മാറ്റാം , സ്വന്തം അനുഭവം ചേർക്കാം. 
ഘട്ടം 7 — എഴുത്തുരൂപത്തിലേക്ക്. അവസാനം കുട്ടികൾ  സൃഷ്ടിച്ച പാട്ട് പഠനക്കൂട്ടത്തിന്റേതാക്കുന്നു. ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നത് ടീച്ചര്‍
ബോർഡിൽ എഴുതുന്നു.  ടീച്ചര്‍ അത് ക്രമീകരിച്ച് എഴുതുന്നു. ഇവിടെയും കുട്ടികളുടെ ചിന്ത പരിഗണിക്കണം. വരികള്‍ ക്രമപ്പെടുത്താനുള്ള കഴിവും അവരിലുണ്ടാക്കണമല്ലോ?
ഓരോ പഠനക്കൂട്ടവും ടീച്ചറെഴുതിയ അവരുടെ വരികള്‍ സ്വന്തം എഴുത്തുമായി പൊരുത്തപ്പെടുത്തി ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.  ടീച്ചറെഴുതിയതിലെ മറ്റുള്ളവരുടെ വരികളോട് പ്രതികരിക്കുന്നു. 
  ഇങ്ങനെ കുട്ടികൾക്ക് ഒരു വലിയ ഭാഷാനുഭവം ലഭിക്കുന്നു. ഞങ്ങൾ പറഞ്ഞ വാക്കുകളില്‍ നിന്ന് ഒരു പാട്ടുണ്ടായി!, ഞങ്ങളൊരു പാട്ടുണ്ടാക്കി എന്ന അഭിമാനം. ഇത് വായനയും എഴുത്തുപഠനത്തിനും വളരെ പ്രധാനമാണ്. അതിനാല്‍ പാട്ടെഴുത്തിനെ അതിന്റെ പാട്ടിന് വിടരുത്

*മറ്റൊരു രീതി*                                                                                         മഴയെക്കുറിച്ച് പാട്ടെഴുതാം.                                                                          

 ⭕എന്തെല്ലാം കാണും? എന്തെല്ലാം കേള്‍ക്കും?                                               

 ⭕മഴ നിങ്ങളോട് എന്തായിരിക്കും പറയുക‍ നിങ്ങള്‍ക്ക് മഴയോട് എന്താവും പറയാനുള്ളത്?     

⭕മഴയത്ത് നിങ്ങള്‍ എന്ത് ചെയ്യും? മഴ വരുമ്പോള്‍ എന്ത് തോന്നും?

 ⭕മഴ ഇഷ്ടമല്ലാത്ത ഒരാള്‍ മഴ വന്നാലെന്തുചെയ്യും? ഇങ്ങനെ ആലോചിച്ച് മഴയക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന രണ്ട് വരിപാട്ട് എഴുതാമോ? പടവും വരയ്കണേ.. എന്ന് ചോദിച്ചാല്‍ മതിയ പിന്നെ നിശബ്ദദതയുടെ താഴ്വാരമാകണം. അവര്‍ എഴുത്തില്‍ മുഴുകണം. ചില ടീച്ചര്‍മാര്‍ കൂടുതല്‍ വരികളെഴുതിക്കാനായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. പിന്നെന്താ പിന്നെന്താ എന്നിങ്ങനെ ടെന്ന് ഓരോ കുട്ടിയെയും ശല്യപ്പെടുത്തും.  എഴുതുന്ന രീതിയിലെ വൈവിധ്യ ചിന്തയുണ്ടല്ലോ അതാണ് പ്രധാനം. അതുപോലെ കിട്ടണം. ഒന്നോ രണ്ടോ വരിയായാലലും 

പാഠപുസ്തകത്തിലെ രീതി

അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
    ഓലപന്ത് കളിയാണേ
    ഓലപീപ്പി കളിയാണേ
    ഓലവണ്ടി കളിയാണേ
    ഒളിച്ചു പൊത്തി കളിയാണേ ( അലന്‍)                                                                       അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
    കുത്തിരി പോലീസും
    കളിയാണെ
    ഒളിച്ചു പൊത്തിയും
    കളിയാണെ
    കുളം കരയും
    കളിയാണെ
(ഇവ പ്രവീൺ ,)                                                                                            

അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
ഒളിച്ചും പൊത്തി കളി ആണേ
കുത്തിരി പോലീസ് കളി ആണേ
കുളം കളിയും കളി ആണേ
തൊട്ട പോലീസും കളി ആണേ
ധൻവിയ എസ് വി                                                                                                      

*വിശകലനം*

 ഒരേ ഭാഷാനുഭവം നല്‍കിയാലും കുട്ടികള്‍ അതിനെ ഒരേ രീതിയില്‍ പുനരാവിഷ്കരിക്കണമെന്നില്ല. അവരുടെ ഭാഷാചിന്ത, അനുഭവം, താളബോധം, ശബ്ദബോധം, ഭാവന, സാമൂഹികാനുഭവം എന്നിവ വ്യത്യസ്ത വഴികളിലൂടെ പാട്ടായി രൂപപ്പെടാം. അലന്‍ പ്രാസസാദൃശ്യമുള്ള ശബ്ദക്രമം സ്വാഭാവികമായി പ്രയോഗിക്കുന്നതായി കാണാം “ഓല–” എന്ന ശബ്ദഘടകത്തിന്റെ ആവർത്തനം കുട്ടി ബോധപൂർവമോ സ്വാഭാവികമായോ പ്രയോജനപ്പെടുത്തുന്നു. പ്രവീണില്‍ കളിപ്പേരുകളുടെ പട്ടികയേക്കാൾ അവയെ താളബദ്ധമായി ക്രമീകരിക്കുന്നതിനുള്ള ശ്രമമാണ് പ്രകടമാകുന്നത്. കുത്തിരി പോലീസും / ഒളിച്ചു പൊത്തിയും / കുളം കരയും” എന്നിങ്ങനെ വ്യത്യസ്തമായ പദസമുച്ചയങ്ങൾ ഒരേ ആവർത്തനഘടനയിൽ വരുന്നു.ധൻവിയ-കുത്തിരി പോലീസ് — തൊട്ട പോലീസ് എന്ന രണ്ട് പ്രയോഗങ്ങളെ അകലെയായി, ഇടവിട്ട് കൊണ്ടുവരുന്നു. അതിനിടയിൽ ഒളിച്ചും പൊത്തി, കുളം എന്നിവ വരുന്നു.ഇങ്ങനെ ആവിഷ്കാരവൈവിധ്യം കണ്ടെത്തുന്നതിന് പകരം അധ്യാപകര്‍ എത്ര കൂടുതല്‍ വരികളെഴുതി. എത്ര വാക്കുകള്‍ അക്ഷരത്തെറ്റുള്ളതാണ് എന്നതിന് മൂല്യം നല്‍കുന്നു. അങ്ങനെയുള്ള ക്ലാസില്‍ കുട്ടികളുടെ സ്വന്തം ചിന്തയും ആവിഷ്കാരരീതിയും അവഗണിക്കപ്പെടുന്നു. പനങ്ങാട് നോർത്ത് എയുപി സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും രചനകള്‍ പരിശോധിച്ചു. ചിലത് ഒരു വരി മാത്രമേ ഉള്ളൂ. എങ്കിലും വ്യത്യസ്തം