ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 29, 2014

സര്‍ഗാത്മകഭംഗിയുളള നോട്ട് ബുക്കുകള്‍

 ഇന്ന് മങ്കൊമ്പ് ഉപജില്ലയിലെ സെന്റ് മേരീസ് എല്‍ പി എസ് ചമ്പക്കുളം.
 റോസിലി ടീച്ചറിന്റെ നാലാം ക്ലാസില്‍ മുപ്പത് കുട്ടികളുണ്ട്.  
എല്ലാ കുട്ടികളുടേയും മലയാളം നേട്ട് ബുക്കിലെ ഭൂരിഭാഗം പേജുകളിലും ചിത്രങ്ങള്‍ (വെട്ടി ഒട്ടിച്ചിരിക്കുന്നതോ വരച്ചതോ ആയവ).
മറ്റ് സ്കൂളുകളില്‍ നിന്നും വിഭിന്നമായ കാഴ്ച.  
ഒരു പ്രവര്‍ത്തനത്തില്‍ പല കുട്ടികളുടെ ബുക്കിലും വ്യത്യസ്ത ചിത്രങ്ങള്‍.  
നോട്ട് ബുക്ക് വളരെ ആകര്‍ഷകം.
  • തുടക്കത്തില്‍ ടീച്ചര്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു
  • അവര്‍ അത് പേജുകളില്‍ വിന്യസിച്ചു
  • ഓരോ ദിനവും ചിത്രം ശേഖരിച്ച് ഒട്ടിക്കുന്നതില്‍ കൂട്ടികള്‍ താല്പര്യം കാട്ടി.
  • എല്ലാ ദിവസവും വീട്ടില്‍ വന്നാല്‍ പടം വെട്ടി ഒട്ടിക്കലാണ് .പഠനമല്ല വീട്ടില്‍ നടക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതി പറയാന്‍ തുടങ്ങി,
  • ചിത്രം ഒട്ടിക്കല്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. ഒട്ടിക്കാനുളള സ്ഥലം ഒഴിച്ചിട്ടു
  • ഉളളടക്കത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിലേ അനുയോജ്യമായ ചിത്രം കണ്ടെത്തി ഒട്ടിക്കാനാകൂ എന്ന് രക്ഷിതാക്കള്‍ മനസിലാക്കുന്നു
  • കുട്ടികള്‍ക്ക് പഠനത്തോട് താല്പര്യം കൂടി വരുന്നതും. 
  • ക്രമേണ രക്ഷിതാക്കള്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ ശേഖരിച്ചും വരച്ചും ശേഖരിക്കാന്‍ സഹായിച്ചും വരയെ പ്രോത്സാഹിപ്പിച്ചും പിന്തുണ നല്‍കി.  
  • ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് സ്വയം വരച്ച ചിത്രങ്ങളിലേക്ക് റോസിലി ടീച്ചര്‍കുട്ടികളെ നയിച്ചു. 
  • ഇപ്പോള്‍ കുട്ടികള്‍ ചിത്രങ്ങള്‍ സ്വയം വരച്ചു നിറം നല്‍കുന്നു. 
  • ആകര്‍ഷകമായി ലേ ഔട്ട് ചെയ്യുന്നു.
ചിലപ്പോള്‍ ബാലമാസികകളിലേയും മുന്‍ വര്‍ഷത്തെ പാഠപുസ്തകങ്ങളിലേയും മറ്റു മാധ്യമങ്ങളിലേയും ചിത്രങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു. കലാവിദ്യാഭ്യാസത്തിന്റെ മറ്റൊരു സാധ്യതയാണ് റോസിലി ടീച്ചര്‍ വെട്ടിത്തുറന്നത്.

 ആസ്വാദനത്തിന്റെ പാഠങ്ങളും ഇതിലുണ്ട്. ക്രമേണ ബുക്കുകല്‍ ചിട്ടയായി സൂക്ഷിക്കുന്നതിലേക്ക് കുട്ടികള്‍ മാറുകയാണ്. സചിത്രനോട്ട് ബുക്കുകള്‍ എന്ന ആശയത്തിന്റെ പ്രായോഗിക രൂപങ്ങള്‍ വികസിപ്പിക്കാം



ഇവ കൂടി വായിക്കൂ..

Friday, September 26, 2014

വട്ടാര്‍കയം സ്‌കൂളിനെ നിലനിറുത്താന്‍ പ്രഥമാധ്യാപികയെ ജനം മണിക്കൂറോളം തടഞ്ഞുവച്ചത് ...


ചരിത്രസ്മരണയിലേക്ക് പറിച്ചെറിയാന്‍ വിട്ടുകൊടുക്കില്ല എന്ന ഉറച്ച മനസോടെ ജനം ഒരു വിദ്യാലയത്തിന്റെ നിലനില്പിനായി സംഘടിച്ചു. ആവേശകരമായ അനുഭവം. ആരാണ് പറഞ്ഞത് പൊതു വിദ്യാലയത്തെ ആര്‍ക്കും വേണ്ടെന്ന്? ഇനി കുട്ടികള്‍ വരില്ലെന്ന്? ജനതയുടെ വികാരമായി വിദ്യാലയം മാറണം. ബന്ധുത്വം സ്ഥാപിക്കണം. അധ്യാപകര്‍ മാതൃകകാട്ടണം. ജനം കൂടെ വരും. ഇതാ ഈ വാര്‍ത്ത വായിക്കൂ
 റാന്നി:
  • അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് പുനരുജ്ജീവനശ്രമം നടക്കുന്ന വട്ടാര്‍കയം ഗവ. എല്‍.പി. സ്‌കൂളില്‍നിന്ന് രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രഥമാധ്യാപികയെ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. 
  • സ്‌കൂള്‍സമയം കഴിഞ്ഞും ഉപരോധം തുടര്‍ന്നു. 
  • അധ്യാപകരെ മാറ്റരുതെന്ന നാട്ടുകാരുടെ അപേക്ഷയും പ്രതിഷേധവും അവഗണിച്ച്, ഇവര്‍ക്ക് ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപികയെ തടഞ്ഞുവച്ചത്. സ്ഥലംമാറ്റത്തില്‍ തീരുമാനമുണ്ടാക്കാതെ പോകാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയ എ.ഇ.ഒ.യേയും തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍, ജനപ്രതിനിധികളുും നേതാക്കളും ഡി.പി.ഐ.യുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, തല്‍ക്കാലം അധ്യാപികമാര്‍ സ്‌കൂളില്‍ തുടരട്ടെയെന്ന് ഡി.പി.ഐ. എ.ഇ.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനുശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍നിന്ന് പിരിഞ്ഞുപോയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് നാട്ടുകാര്‍ പ്രഥമാധ്യാപികയെ ഉപരോധിച്ചത്. 5.30ന് ശേഷമാണ് പ്രശ്‌നം പരിഹരിച്ച് നാട്ടുകാര്‍ പിരിഞ്ഞത്.
  • ഈ അധ്യയനവര്‍ഷാരംഭം സ്‌കൂളില്‍ കുട്ടികളാരുമുണ്ടായിരുന്നില്ല. സ്‌കൂളിലുണ്ടായിരുന്ന നാല് കുട്ടികള്‍ കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ടി.സി. വാങ്ങി പോയിരുന്നു. അധ്യാപകരെല്ലാം സ്ഥലംമാറ്റം വാങ്ങിപ്പോവുകയാണെന്നറിഞ്ഞാണ് ഇവര്‍ ടി.സി. വാങ്ങിയത്.
  •  ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച രണ്ട് അധ്യാപികമാരും സ്ഥലംമാറ്റത്തിനായി അപേക്ഷ നല്‍കിയിരുന്നു. 
  • സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ ഭാരവാഹികള്‍ രംഗത്തെത്തി സ്‌കൂള്‍ സംരക്ഷണസമിതി രൂപവത്കരിച്ചു. 
  •  ജൂലായ് മാസം ഇവര്‍ നടത്തിയ കഠിനപ്രയത്‌ന ഫലമായി നാല് കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞു. 
  • ആദ്യം ചേര്‍ത്തത് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക സീമയുടെ മകനെയാണ്. പിന്നീട് മറ്റ് മൂന്നുപേരും എത്തി. 
  • സ്‌കൂള്‍ നിലനിര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലംമാറ്റം ലഭിച്ച സീമ, ജിജി തോമസ് എന്നീ അധ്യാപകരും സജീവമായി പ്രവര്‍ത്തിച്ചു. 
  • സ്വാതന്ത്ര്യദിനത്തിനും ഓണത്തിനുമൊക്കെ വിപുലമായ ആഘോഷപരിപാടികളാണ് നാട്ടുകാര്‍ സ്‌കൂളില്‍ നടത്തിയത്. സ്‌പോക്കണ്‍ ഇംഗ്ലൂഷ്, ചിത്രരചന ക്ലൂസ്സുകളും ഇവിടെ തുടങ്ങി. പൂജയ്ക്കുശേഷം ഏതാനും വിദ്യാര്‍ഥികള്‍കൂടി ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
  • ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്ന കാരണത്താല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. - See more at: http://www.deshabhimani.com/news-kerala-pathanamthitta-latest_news-402180.html#sthash.1UJHtgaD.dpuf
     ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്ന കാരണത്താല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു
  • ഈ രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, ഡി.പി.ഐ., ഡി.ഡി. എന്നിവര്‍ക്കൊക്കെ സമിതി ഭാരവാഹികള്‍ നേരിട്ട് നിവേദനം നല്‍കി. സ്‌കൂള്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. 
  • ഇതിനിടയിലാണ് ഒരാഴ്ച മുമ്പ് രണ്ട് അധ്യാപികമാര്‍ക്കും നേരത്തെ നല്‍കിയ അപേക്ഷപ്രകാരം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്.
  •  വീണ്ടും സമിതി ഭാരവാഹികള്‍ ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കണ്ട് വിവരമറിയിച്ചു. സ്ഥലംമാറ്റം ചൊവ്വാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഇരുവര്‍ക്കും ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി പ്രഥമാധ്യാപിക സലീന ഷംസുദ്ദീന്‍ പറയുന്നു. മൂന്ന് അധ്യാപികമാരില്‍ രണ്ടുപേര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചത്. ഇതറിഞ്ഞ നാട്ടുകാര്‍ രാവിലെ മുതല്‍ സ്‌കൂള്‍പരിസരത്ത് സംഘടിച്ചിരുന്നു. ഉച്ചയ്ക്കുശേഷം അധ്യാപികമാര്‍ക്ക് റിലീവിങ് ഓര്‍ഡര്‍ നല്‍കാന്‍ പ്രഥമാധ്യാപിക ശ്രമിക്കുന്നുവെന്നറിഞ്ഞാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓഫീസ് ഉപരോധിച്ചത്. 
  • ഉന്നതോദ്യോഗസ്ഥരെത്തി പ്രശ്‌നം പരിഹരിക്കാതെ പ്രഥമാധ്യാപികയെ വിട്ടയയ്ക്കുകയില്ലെനായി നാട്ടുകാര്‍. ഇതിനിടയില്‍ സമിതി ഭാരവാഹികളും രാജു ഏബ്രഹാം എം.എല്‍.എ.യും ഉന്നതോദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. 5.15ഓടെ എ.ഇ.ഒ. പ്രകാശന്‍ പടന്നയില്‍ സ്‌കൂളിലെത്തി.
  • സ്ഥലംമാറ്റം ഡി.പി.ഐ.യുടെ ഉത്തരവാണെന്നും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു എ.ഇ.ഒ. നാട്ടുകാരെ അറിയിച്ചത്. രോഷാകുലരായ ജനം എ.ഇ.ഒ.യേയും തടയുമെന്ന സ്ഥിതിയായി.
  •  പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ്, അംഗം റൂബി കോശി, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം റിങ്കു ചെറിയാന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇവരും സ്‌കൂള്‍ സംരക്ഷണസമിതി ഭാരവാഹികളായ ആലിച്ചന്‍ ആരതി, െക.ഇ.മാത്യു, ബാബുരാജ് എന്നിവരും എ.ഇ.ഒ.യുമായി ചര്‍ച്ച നടത്തി. റിങ്കു ചെറിയാന്‍ ആന്റോ ആന്റണി എം.പി.യെ വിവരങ്ങള്‍ അറിയിച്ചു. എം.പി. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ബന്ധപ്പെട്ടു. റിങ്കു ചെറിയാന്‍ ഡി.പി.ഐ.യുമായി േഫാണില്‍ സംസാരിച്ചപ്പോള്‍ അധ്യാപികമാരെ തല്‍ക്കാലം മാറ്റില്ലെന്ന് ഉറപ്പുനല്‍കി.
  •  വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഎഇഒ , അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചതായി സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ഡയറിയില്‍ എഴുതി നല്‍കിയതോടെയാണ് വൈകിട്ട് അഞ്ചരയോടെ സമരം അവസാനിപ്പിച്ചത്.
  • ഇതിനുശേഷമാണ് നാട്ടുകാര്‍ വിജയാരവം മുഴക്കി മടങ്ങിയത്. 
  • ഇത്രയും സമയം സ്‌കൂളിലെ വിദ്യാര്‍ഥികളായ അലന്‍, ശ്രീകിരണ്‍, ജോഷിത, അലീന എന്നിവര്‍ സ്‌കൂളില്‍ത്തന്നെയുണ്ടായിരുന്നു. നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കുന്നതറിഞ്ഞ് റാന്നി പോലീസും സ്‌കൂളിലെത്തിയിരുന്നു.
  • ഈ അനുഭവം പാഠമാക്കണം, ഇതൊരു സന്ദേശമാണ്. പൂട്ടാനൊരുങ്ങുന്ന ഏവര്‍ക്കും. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നെ തുറക്കില്ലെന്ന സത്യം വഴി തെളിയിക്കട്ടെ. 

  • വട്ടാര്‍കയം സ്‌കൂളില്‍ വിദ്യാരംഭം
    റാന്നി: അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് കഠിനപ്രയത്‌നത്തിലൂടെ നാട്ടുകാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വട്ടാര്‍കയം ഗവ. എല്‍.പി.സ്‌കൂളില്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ വിദ്യാരംഭം നടന്നു. കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടായിരുന്നു.
    അഞ്ച് കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാജു ഏബ്രഹാം എം.എല്‍.. കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചുകൊണ്ട് വിദ്യാരംഭം പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലത്തിലെ ഒരു വിദ്യാലയവും അടച്ചുപൂട്ടാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
    ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ചെറിയാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ഡോ. വി.ആര്‍.മോഹനനും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു. ഇതോടൊപ്പം സംഗീത വിദ്യാരംഭവും നടന്നു. സംഗീത സംവിധായകന്‍ വിജയന്‍ ദക്ഷിണ സ്വീകരിച്ചുകൊണ്ടാണ് സംഗീതവിദ്യാരംഭത്തിന് തുടക്കമിട്ടത്. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ചിന്നമ്മ തോമസ്, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം റിങ്കു ചെറിയാന്‍, ഡോ. വിപിന്‍ കെ.രവി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ബാബുരാജ്, ആലിച്ചന്‍ ആരതി, അധ്യാപികമാരായ കെ.സീമ, ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, സ്‌കൂള്‍ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

    കൂടുതല്‍ വാര്‍ത്തകള്‍... 

***സ്കൂള്‍ വാര്‍ത്തകള്‍: അടച്ചു പൂട്ടരുത് ...

schoolvaarthakal.blogspot.com/2014/07/blog-post_43.html

Tuesday, September 16, 2014

ഒന്നാം ക്ലാസിലെ ചിത്രമെഴുത്തുകാര്‍


"എനിക്ക് പടം വരയ്കാന്‍ അറിയില്ല
അധ്യാപിക എന്ന നിലയില്‍ എന്റെ പരിമിതി ഇതായിരുന്നു.
ഇത്തവണ ഒന്നാം ക്ലാസില്‍ പഠിപ്പിക്കാന്‍ ചുമതല കിട്ടി. പടം വരയ്കാതെങ്ങനെ പഠിപ്പിക്കും?
ഞാന്‍ ബാലമാസികകളെ അനുകരിച്ച് പടം വരച്ചു പഠിക്കാന്‍ തീരുമാനിച്ചു
ഇതാ ഈ ബുക്ക് കണ്ടോ? ഇതു മുഴുവന്‍ ഞാന്‍ പടം വരച്ചുപഠിച്ചതിന്റെ തെളിവുകളാണ്
കുറേ കഴിഞ്ഞപ്പോള്‍ ബാലമാസികകള്‍ നോക്കാതെ തനിയെ വരയ്കാനുളള രീതി എനിക്കു കിട്ടി.
എന്നില്‍ ഒരു ചിത്രകാരി ഉണ്ടായിരുന്നു എന്നു ഞാനറിഞ്ഞു..."
ഗീതടീച്ചര്‍ പറഞ്ഞു നിറുത്തി.
അതെ ഒന്നാം ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടികളുടെ എല്ലാവിധകഴിവുകളും പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുന്നതോടെ നാം മാറുകയാണ്. ടി ടി സിയും ബി എഡും ഒന്നും നല്‍കാത്ത അധ്യാപനപരിശീലനം ഒന്നാം ക്ലാസിലെ ഇടപഴകല്‍ നിര്‍ബന്ധിക്കും.
അങ്ങനെ സ്വയം പരിവര്‍ത്തിപ്പിക്കപ്പെടുന്ന പ്രക്രിയ പ്രധാനമാണ്
ഗീതടീച്ചറെ ഞാന്‍ പരിചയപ്പെടുന്നത് മാവേലിക്കര ഉപജില്ലയിലെ റിസോഴ്സ് പേഴ്സണ്‍സിന്റെ ശില്പശാലയില്‍ വെച്ചാണ്. ചെറുമുഖ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ നോട്ടു ബുക്കുകളുടെ ഫോട്ടോ കാണിച്ച് വരയും എഴുത്തും സമന്വയിപ്പിക്കുന്നതിന്റെ സാധ്യത പരിചയപ്പെടുത്തിയപ്പോഴാണ് ഗീത ടീച്ചര്‍ പറഞ്ഞത് എന്റെ ക്ലാസും ഇപ്രകാരം ആണെന്ന്
അതിത്രത്തോളം വരുമെന്ന് ഞാന്‍ കരുതയിതേയില്ല
"ടീച്ചര്‍ കുട്ടികള്‍ പടം വരയ്ക്കുമ്പോള്‍ സ്ഥലവിന്യാസത്തില്‍ വളരെ അച്ചടക്കം പാലിക്കുന്നല്ലോ? എങ്ങനെ ഇതു സാധ്യമായി?""
"അതോ, ഞാന്‍ മൂന്നാം ക്ലാസുകാരേയും ഒന്നാം ക്ലാസുകാരേയും ഉള്‍പ്പെടുത്തി പടം വരപ്പിച്ചു. മുതിര്‍ന്ന കുട്ടികളുടെ പടങ്ങള്‍ ഒന്നാം ക്ലാസുകാര്‍ക്ക് പാഠങ്ങളാക്കി.
പിന്നെ ക്ലാസില്‍ ചര്‍ച്ച നടക്കാറുണ്ട്. നിറത്തെപ്പറ്റിയും വലുപ്പത്തെക്കുറിച്ചുമൊക്കെ. കുട്ടികള്‍ നമ്മളേക്കാള്‍ ശ്രദ്ധാലുക്കളാണ്. വര ഏറ്റെടുത്താന്‍ കൂടുതല്‍ സൂക്ഷ്മതയലേക്കു പോകും"
നോക്കൂ ഒന്നാം ക്ലാസിലെ കുട്ടികള്‍ വരച്ച മനോഹരമായ ചിത്രങ്ങള്‍
 ഭാഷാപഠനത്തിന്റെ ഭാഗമായാണ് ചിത്രം വര. എഴുത്തും വരയും
 കേവലം അക്ഷരങ്ങളില്‍ ഊന്നാതെ എഴുതാനുളള സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തി ചിത്രത്തെ പ്രചോദകഘടകമാക്കുകയാണ് ചെയ്യുന്നത്.
 എഴുതിയവ കുട്ടികള്‍ വായിക്കും. പദം തിരിച്ചറിയും. പിന്നെന്തു വേണം?
 ഗീതടീച്ചര്‍ പറയുന്നത് ഓല ഓമ ഓടി എന്നിങ്ങനെ ആവര്‍ത്തിച്ച് ചില അക്ഷരങ്ങളില്‍ അഭ്യാസം നല്‍കുന്നതിനേക്കാള്‍ നല്ലത് ചിത്രീകരണമാണെന്നാണ്. ആശയരൂപീകരണചിന്തയും ഭാഷയും ആവിഷ്കാരബോധവും കൂട്ടുചേര്‍ന്ന് ലേഖനശേഷിയും വായനാശേഷിയും വികസിപ്പിക്കും.
ചില വിരുതന്മാര്‍ നിറങ്ങല്‍ മാറ്റിയടിക്കും. മരം ചുവപ്പിക്കും. ചോര ഒലിച്ചു നില്‍ക്കുന്നുവെന്ന് വിശദീകരിക്കും. അവര്‍ക്കറിയാം തവി്ട്ട് നിറമാണ് നല്‍കേണ്ടിയിരുന്നതെന്ന്. പക്ഷേ തെറ്റിയടിക്കും. എന്നിട്ടോ ന്യായീകരണം കണ്ടെത്തും. ചിലരാകട്ടെ അറിഞ്ഞുകൊണ്ടാവും നിറമാറ്റം നടത്തുക. അവയെല്ലാം പരീക്ഷണങ്ങളാണ്. തിരുത്തപ്പെടേണ്ടതല്ല.
 നിറം നല്‍കുന്നത് വലിയ കാര്യം തന്നെ. ക്രയോണ്‍സിന്റെ നിയന്ത്രണം സൂക്ഷ്മപേശീനിയന്ത്രിതോപയാഗമാണ്. ഒപ്പം നിറത്തിന്റെ കടുപ്പവും ഇളപ്പവും ചേരുവയും. നോക്കൂ ചുവടെയുളള പൂമ്പാറ്റയും പൂച്ചയും.


 എത്ര ലളിതമാണ് ഈ തവളയും പാമ്പും. ശരീരശാസ്ത്ര പഠനവും കലാപഠനവും ഒപ്പം നടക്കും.
 നാലു കാലു വരച്ചുവെച്ചാല്‍ മതി ചക്ക പോലും ആമയാകുമെന്നാണ് ഈ കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നത്.
വീടു പൊതിഞ്ഞു പെയ്യുന്ന ഈ മഴയുടെ ആവിഷ്കാരവും അടിക്കുറിപ്പും തമ്മിലുളള പൊരുത്തം നൂറു ശതമാനം വരും
 ഇംഗ്ലീഷ് പഠനത്തിലും ഇതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. ഗ്രാഫുകള്‍ കുട്ടികള്‍ എഴുതും. വാക്കുകള്‍ കണ്ടെത്തി വായിക്കും.


 വാത്തിക്കുളം സെന്റ് ജോണ്‍സ് എല്‍ പി എസില്‍ ഒന്നാം ക്ലാസ് രംഗാവതരണസാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ആ അനുഭവങ്ങള്‍ക്ക് കാത്തിരിക്കാം.
ക്ലാസുകള്‍ സര്‍ഗാത്മകമാകട്ടെ. കുട്ടികളുടെ സര്‍വവിധ കഴിവുകളും വികസിപ്പിച്ച് പൊതുവിദ്യാലയങ്ങളെ കരുത്തുറ്റതാക്കുക എന്നതാണ് വെല്ലുവിളി. അതിന് ഇത്തരം അനുഭവങ്ങള്‍ പ്രേരകമാകട്ടെ.

Monday, September 1, 2014

വഴി തെളിയാനുളള അധ്യാപന പരീക്ഷണങ്ങള്‍



ഞാന്‍ ടിടിസി ( ഡി എഡ് ) വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് സിലബസ് തീര്‍ക്കാനല്ല.

സിലബസ് നിര്‍മിക്കാനാണ്

അവരെ പഠിപ്പിക്കുന്നതോടൊപ്പം അവരില്‍ നിന്നും എത്ര പാഠങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും ഞാന്‍ ആലോചിക്കുന്നു
സെമിനാര്‍, ചര്‍ച്ച, സംവാദം എന്നിവയായിരുന്നു മുഖ്യ ഇനങ്ങളായി പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്നത്

അതു മാത്രമല്ലല്ലോ പഠനരീതികള്‍.
നാളെ അധ്യാപകരാകേണ്ട കുട്ടികള്‍ ബോധ്യപ്പെട്ട സാധ്യതകളില്‍ നിന്നും ഫലപ്രദമായത് പ്രയോജനപ്പെടുത്തണമെങ്കില്‍ അത്തരം വൈവിധ്യങ്ങളില്‍ കൂടി കടന്നു പോകണം.
പാഠങ്ങള്‍ പഠിക്കുന്നതൊടൊപ്പം അനുഭവപാഠങ്ങള്‍ രൂപപ്പെടുകയും വേണ്ടേ?

1. പ്രദര്‍ശനം എങ്ങനെ പാഠമാക്കാം?

ഈ ആലോചനയാണ് ദാര്‍ശനികനായ റൂസ്സോയെക്കുറിച്ച് പ്രദര്‍ശനം തയ്യാറാക്കാന്‍ തീരുമാനിക്കാന്‍ കാരണം. രണ്ടു വിദ്യാര്‍ഥിനികള്‍ ആ ചുമതല ഏറ്റെടുത്തു. ഞങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തു.

മാറ്റര്‍ അവര്‍തന്നെ തയ്യാറാക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.ആശയധാരണാതലം ഉറപ്പുളളതാണെന്നു ബോധ്യപ്പെടാന്‍ ഞാനവരേട് സംശയങ്ങളും വിശദീകരണങ്ങളും തേടി.

എത്ര പാനലുകള്‍ എന്നത് അവര്‍ തീരുമാനിച്ചു

അവരാവശ്യപ്പെട്ട പ്രകാരംകുറേ ഫോട്ടോ ‍ഡൗണ്‍ലോഡ് ചെയ്തു സഹായിച്ചു

പാനലുകളുടെ ഡമ്മി തയ്യാറാക്കി.

അടുത്തത് ലേ ഔട്ടാണ്. അവര്‍ക്ക് അതില്‍ സഹായം വേണം. കയ്യക്ഷരം എത്ര വടിവില്ലാത്തതാണെങ്കിലും ലേ ഔട്ട് നന്നായാല്‍ ആകര്‍ഷകമാകുമെന്ന ധാരണയോടെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. പേജ് രൂപകല്പന ചെയ്യുന്നതിന്റെ അമ്പതു മാതൃകകള്‍ ഞാന്‍ അവരെ പരിചയപ്പെടുത്തി. കളറും നല്‍കി. വളരെ മനോഹരമായി അവര്‍ ദൗത്യം പൂര്‍ത്തീകരിച്ചു

പ്രദര്‍ശനത്തോടനുബന്ധിച്ചുളള ഉദ്ഘാടനപ്രസംഗം അവര്‍തന്നെ നടത്തി.

വിജ്ഞാനപ്രദമായ പ്രദര്‍ശനം . അത് നന്നായി.സുമയും ബിന്ദുവും നടത്തിയ ഹോം വര്‍ക്ക് പ്രദര്‍ശനത്തെ ഗംഭീരമാക്കി.

2.ഫീച്ചര്‍ അവതരണം

കഥകള്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്? കഥയുടെ രീതീശാസ്ത്രം കൂടി പ്രയോജനപ്പെടുത്തുന്ന ഫീച്ചര്‍ എന്ന സങ്കേതമാണ് ആലാമ ഇക്ബാലിനെ പരിയപ്പെടുത്താനായി ഉപയോഗിച്ചത്. ആര്യയും അഖിലയും നെറ്റില്‍ നിന്നും അലാമയെക്കുറിച്ച് വിവരശേഖരണം നടത്തി.ചില വിവരങ്ങള്‍ ഞാനും ഡൗണ്‍ലോഡ് ചെയ്തു നല്‍കി.അവരോട് ഫീച്ചറെന്താണെന്നു സ്വയം മനസിലാക്കി വരാന്‍ പറഞ്ഞു. അതിനും നെറ്റിനെ ആശ്രയിച്ച അവര്‍ കൃത്യമായ ധാരണ നേടി. പിന്നീട് അവതരണത്തിന്റെ റിഹേഴ്സല്‍ നടത്തി. അത് ഞാന്‍ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തു കേള്‍പ്പിച്ചു.അവതരണം മെച്ചപ്പെടുത്താനുളള പിന്തുണ നല്‍കി. ഇത്തരം ഒരു രീതി മുന്‍കൂട്ടി പ്രയോഗിച്ചില്ലാത്തതിനാല്‍ വിജയിക്കുമോ എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു.ആ ആശങ്ക അവതരണത്തിനെ ചെറിയ തോതില്‍ ബാധിച്ചുവെങ്കിലും വെല്ലുവിളി അവര്‍ തരണം ചെയ്തു എന്നു പറയാം.

3.ഫ്രാബല്‍ ക്ലാസില്‍

മിനിയോടും വിജയലക്ഷ്മിയോടും പറഞ്ഞത് ആത്മകഥാവതരണസങ്കേതം പ്രയോജനപ്പെടുത്താന്‍.സ്വയം ദാര്‍ശനികനാകുക. ആദ്യം അതിന് ഫ്രാബലിന്റെ ജീവചരിത്രവും വിദ്യാഭ്യാസ സംഭാവനകളും മനസിലാക്കണം. പിന്നെ ആത്മകഥാരൂപത്തില്‍ അതെഴുതണം. എഴുതിയത് വായിക്കുവാന്‍ പാടില്ല. ഫ്രാബലിന്റെ അടുത്ത് വിജഞാനദാഹികളുടെ ചെറു സംഘങ്ങള്‍ എത്തും. അവരുമായി ചെറു വര്‍ത്തമാനം പറഞ്ഞ് ചോദ്യോത്തരങ്ങളിലൂടെ അനുഭവക്കൈമാറ്റം നടത്തണം. കൃത്യസമയത്തു തന്നെ ആത്മകഥാരചന നടത്തി. അത് മിനി എന്റെ മുമ്പാകെ അവതരിപ്പിച്ചു. റിഹേഴ്സല്‍ പ്രധാനമാണ്. എനിക്ക് മുന്‍കൂട്ടി അവതരണമികവറിയാനും പിന്തുണ നല്‍കാനും ഇത് സഹായിക്കും. മാത്രമല്ല അവതാരകര്‍ക്ക് ആത്മവിശ്വാസവും നല്‍കും.

4. ട്യൂട്ടോറിയല്‍ രീതി.

ഗാന്ധിജി, വിവേകാനന്ദന്‍,മോണ്ടിസോറി എന്നിവരെക്കുറിച്ചുളള പഠനം ട്യൂട്ടോറിയല്‍രീതിയിലാണ് സംഘടിപ്പിച്ചത്.നാലു പേര്‍ വീതം ഈ ദാര്‍ശനികരെക്കുറിച്ച് പഠിച്ച് അവതരണക്കുറിപ്പ് തയ്യാറാക്കും. അത് ഞാനുമായി പങ്കിടും

മേശയ്ക്കു ചുറ്റുമായി പഠിതാക്കളെത്തും.ആറു പേരില്‍ കൂടാന്‍ പാടില്ല. ഈ ചെറു ഗ്രൂപ്പുമായി നാലുപേര്‍ സൗഹൃദരീതിയില്‍‍ സംവദിക്കും.കൂടുതല്‍ വിശദീകരണം ആവശ്യമുളളവര്‍ക്ക് അതു ചോദിക്കാം. ഒരാള്‍ പറഞ്ഞതിനെ മറ്റൊരാള്‍ക്ക് മെച്ചപ്പെടുത്താം.സജീവമായ ഇടപഴകലിനു് അവസരം പ്രദാനം ചെയ്യുന്നതായരുന്നു ഈ രീതി.സുജ,ഡിജോ, അഖില, മേരി ആന്റണി, രേഷ്മ, സ്നേഹ എന്നിവര്‍ മികച്ച ട്യൂട്ടര്‍മാര്‍ തന്നെ.

5.പുസ്തകറിവ്യൂ

പൗലോഫ്രയറെക്കുറിച്ച് നാലു പുസ്തകങ്ങള്‍ പരിചയപ്പെടുത്താനാണ് രേവിതയോടും അര്‍ച്ചനയോടും ആവശ്യപ്പെട്ടത്. മര്‍ദിതരുടെ ബോധനശാസ്ത്രം, സ്വാതന്ത്ര്യത്തിനായുളള സാംസ്കാരിക പ്രവര്‍ത്തനം,വിമര്‍ശനാത്മക ബോധനശാസ്ത്രം ,വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം എന്നിവയായിരുന്നു പുസ്തകങ്ങള്‍ . ആധികാരിക സ്രോതസില്‍ നിന്നും പഠിക്കട്ടെ എന്നു കരുതി. ഫ്രയറുടെ ചിന്തകള്‍ കുട്ടികള്‍ക്ക് എളുപ്പം വഴങ്ങുന്നതായിരുന്നില്ല. പക്ഷേ വായന എപ്പോഴും വെല്ലവിളിയാണ്. ഭാഷയും ചിന്തയും ഗഹനമാകുമ്പോള്‍ അധ്വാനം കൂട്ടി അതിനെ സ്വാംശീകരിക്കുകയാണ് വേണ്ടത്. ഈ കുട്ടികള്‍ നാളത്തെ അധ്യാപകരാകണം. അതിനാല്‍ പിന്മാറാതെ മുന്നേറാന്‍ അവരെ പ്രചോദിപ്പിച്ചു. അവരുമായി നിരന്തരം ചര്‍ച്ച നടത്തി. ചില ആശയങ്ങളെ വ്യാഖ്യാനിക്കാന്‍ സഹായിച്ചു.

6.സഹവര്‍ത്തിതസംഘപഠനക്വിസ്

കഴിഞ്ഞ യൂണിറ്റില്‍ സെമിനാറും സംവാദവും പാനല്‍ചര്‍ച്ചയും പവര്‍പോയന്റ് അവതരണവും നടത്തിയിരുന്നു. പുതിയ തന്ത്രങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തിയത്.

ഇതുവരെ പിന്നിട്ട എല്ലാ രീതികള്‍ക്കും പരിമിതികള്‍ ഉണ്ട്


  • മറ്റുളളവരെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഇരട്ടിപ്പഠനം നടത്തുന്നത് .( വിവരശേഖരണം, വിവരക്രമീകരണം, അധ്യാപകനുമായി സംശയനിവാരണം, അവതരണം, ചര്‍ച്ചകള്‍ക്ക് മറുപടി എന്നീ ഘട്ടങ്ങളിലൂടെ ഇവര്‍ കടന്നു പോകും) എന്നാല്‍ മറ്റുളളവര്‍ക്ക് അത്രയും ആഴത്തില്‍ പോകാന്‍ കഴിയുന്നില്ല.അവര്‍ അവതരണം കേള്‍ക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും മാത്രമേ ചെയ്യുന്നുളളൂ
  • എല്ലാവര്‍ക്കും സജീവപങ്കാളിത്തം എപ്പോഴും കിട്ടണമെന്നില്ല
  • നേടിയ ധാരണകള്‍ വ്യക്തമാണോ എന്ന് സ്വയം പരിശോധിക്കാനവസരം ഇല്ല
  • അറിവിന്റെ പ്രയോഗസന്ദര്‍ഭം കിട്ടുന്നില്ല.

ഇത്തരം പരിമിതികള്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനത്തെക്കുറിച്ച് നല്ലധാരണയാണോ പകരുക? അതും മറികടക്കേണ്ടതില്ലേ?

വിദ്യാലയങ്ങളില്‍ അനുഭവപ്പെടുന്ന മറ്റൊരു പ്രധാനപ്രശ്നം വിവരങ്ങള്‍ ശേഖരിക്കാനുളള സ്രോതസ് എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ്. ഇത് മൂന്നു തരം ദോഷങ്ങള്‍ വരുത്തും.

  1. കുട്ടികള്‍ ഗൈഡുകളെ ആശ്രയിക്കും ( കുറുക്കു വഴികളിലൂടെ കാര്യം സാധിക്കുക)
  2. സഹപാഠികളുടെ കോപ്പിയടിക്കും ( അധ്വാനിക്കാതെ അന്യന്റെ മുതല്‍ അനുഭവിക്കുക)
  3. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ എപ്പോഴും വിവരശേഖരണത്തില്‍ പിന്നാക്കമാവുകയും അതവരുടെ മനസിില്‍ സമ്മര്‍ദ്ദങ്ങളും വേദനയും സൃഷ്ടിക്കുകയും ചെയ്യും ( വിവരശേഖരണം വിവേചനത്തെ വളര്‍ത്തുന്നപ്രക്രിയ ആയിമാറുക)

ഇവയെല്ലാം അഭിസംബോധന ചെയ്യുന്ന ഒരു പഠനരീതി വികസിപ്പിക്കുക എന്നതായിരുന്നു എന്റെ മുന്നിലുളള വെല്ലുവിളി

അഞ്ജുമോളും രാജലക്ഷ്മിയും ആദ്യം കുഴങ്ങി. അവരോട് ചോദ്യോത്തര രീതിയോ ക്വിസ് പ്രോഗ്രാമോ നടത്താം എന്നാണ് പറ‍ഞ്ഞിരുന്നത്. അരബിന്ദോയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണം
ഏതെങ്കിലും ഗൈഡുകളെ അവര്‍ ആശ്രയിച്ചാല്‍ ഈ പരിപാടി പൊളിയും. ( കുട്ടികള്‍ നെറ്റില്‍ നിന്നും വിവരങ്ങല്‍ ശേഖരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇംഗ്ലീഷിലുളളവ ഒഴിവാക്കുന്ന പ്രവണത എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു). 
ഞാന്‍ പറഞ്ഞു നമ്മള്‍ക്ക് എല്ലാ കുട്ടികളുടേയും റഫറന്‍സ് നൈപുണി കൂടി വികസിപ്പിക്കേണ്ടതുണ്ട്. ആദ്യം നിങ്ങള്‍ ആ ശേഷി നേടൂ. യുനിസെഫിന്റെ സൈറ്റില്‍ നിന്നും അരബിന്ദോയെക്കുറിച്ചുളള പത്ത് പേജ് ഡൗണ്‍ലോഡ് ചെയ്തു നല്‍കി.അവര്‍ ആദ്യം വായിച്ചപ്പോള്‍ കാര്യമായ ഒന്നും കിട്ടിയില്ല.വായനയുടെ രീതി മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എല്ലാ ഖണ്ഡികയിലും ഏതെങ്കിലും ഒരു പ്രധാന ആശയം കാണും ആതു മാത്രം അന്വേഷിക്കാനാണ് പറഞ്ഞത്. കുട്ടികള്‍ അത്തരമൊരു വായന നടത്തിയപ്പോള്‍ ചിത്രം തെളിഞ്ഞു വന്നു. പിന്നെ ഞാന്‍ തയ്യാറാക്കിയ നാലു പേജ് വായനാസാമഗ്രിയും നല്‍കി.

അവര്‍ രണ്ടുപേരും വായിക്കുക ചര്‍ച്ച ചെയ്യുക എന്നതില്‍ മുഴുകി

ഒടുവില്‍ ആ ദിനമെത്തി

സഹവര്‍ത്തിത സംഘപഠനക്വിസ്

ക്ലാസിന്റെ പലഭാഗങ്ങളിലായി ഭിത്തിയില്‍ റഫറന്‍സ് മെറ്റീരിയലുകള്‍ ക്രമനമ്പറിട്ട് ഒട്ടിച്ചു വെച്ചു.

ക്വിസിനായി മൊത്തം കുട്ടികളെ ആറു പേര്‍ വീതമുളള സംഘങ്ങളാക്കി. അതുവരെ അവര്‍ക്കാര്‍ക്കും അരബിന്ദോയെക്കുറിച്ച് ഒരു ധാരണയുമില്ല. ക്വിസ് പ്രോഗ്രാമില്‍ എങ്ങനെ പങ്കെടുക്കും?

വിവരശേഖരണത്തിന് അരമണിക്കൂര്‍ നല്‍കി

കൃത്യമായ നിര്‍ദ്ദേശം നല്‍കാന്‍ അഞ്ജുമോളും രാജലക്ഷ്മിയും ശ്രദ്ധിച്ചു

  • രണ്ടുപേര്‍ വീതമുളള പഠനസംഘമാകണം
  • ഓരോ ഭാഗത്തും ചെന്ന് മെറ്റീരിയലുകള്‍ വായിച്ച് പ്രസക്തമെന്നു തോന്നുന്നവ കുറിക്കണം
  • മനസിലാകാത്ത കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യണം
  • സഹായം ആവശ്യപ്പെടാം
  • രണ്ടംഗസംഘങ്ങളെല്ലാം വിവരശേഖരണം പൂര്‍ത്തിയാക്കി മാതൃഗ്രൂപ്പില്‍ മടങ്ങിച്ചെന്നാല്‍ എല്ലാ ടീമുകളും ശേഖരിച്ച വിവരങ്ങള്‍ ഒന്നു തന്നെയാണോ? അവ്യക്തതയുണ്ടോ? വിട്ടുപോയിട്ടുണ്ടോ എന്ന് ഓരോ ആശയവും എടുത്ത് പങ്കിടണം.
  • എല്ലാവരേയും ക്വിസ് പ്രോഗ്രാമിനായി സജ്ജമാക്കണം. ആരോടും ചോദിക്കും

ഈ നിര്‍ദ്ദേശങ്ങള്‍ വളരെ ഗുണം ചെയ്തു.

ആദ്യം ട്രൈ ഔട്ട് ചോദ്യം ഉന്നയിച്ചു

അരബിന്ദോയെക്കുറിച്ച് അഞ്ചു പ്രധാനകാര്യങ്ങള്‍ പറയാമോ? ഈ ചോദ്യത്തിന്റെ ലക്ഷ്യം അവരുടെ നോട്ട് ബുക്കില്‍ അരബിന്ദോയെക്കുറിച്ച് ആമുഖം എഴുതിക്കുന്നതിനും ( നോട്ട് ബുക്കിലെ രേഖപ്പെുത്തല്‍ കൂടി മനസില്‍ കണ്ടാണ് ക്വിസ് ) ഗ്രൂപ്പില്‍ എല്ലാവര്‍ക്കും ധാരണാനിലവാരം ഒരേ പോലെ ഉണ്ടോ എന്നു പരസ്പരം പരിശോധിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും സഹായകമായി. ഗ്രൂപ്പിലെ പങ്കിടലും പൊതു അവതരണവും കഴിഞ്ഞപ്പോള്‍ സ്വയം വിലയിരുത്തി പ്രതികരിക്കാന്‍ ആവശ്യപ്പെട്ടു. മനസിലായി എന്നു കരുതിയ പലതും മനസില്‍ ഇല്ല എന്ന തിരിച്ചറിവ് അവര്‍ പങ്കിട്ടു. വിവരങ്ങള്‍ ബുക്കില്‍ എഴുതിവെച്ചാല്‍ "വിവരമാകില്ല" എന്ന തിരിച്ചറിവ്. വിവരങ്ങളെ പാകപ്പെടുത്തുന്ന ചിന്താപ്രക്രിയയെ തുറന്ന ചോദ്യങ്ങളും വ്യാഖ്യാനങ്ങളും സംവാദങ്ങളും ഉജ്വലിപ്പിക്കും

തുടര്‍ന്ന് നാലു തുറന്ന ചോദ്യങ്ങള്‍ .തുറന്ന ചോദ്യങ്ങളാണ് ക്വിസ് പ്രോഗ്രാമില്‍ ചോദിച്ചത്

മൂന്നു ഗ്രൂപ്പുകളാണ് മത്സരത്തില്‍ ഉളളത്.എല്ലാ ഗ്രൂപ്പിനും
ഉത്തരമറിയാമെങ്കില്‍ അത് എഴുതിവെക്കണം

ആദ്യം ഉത്തരം പറയുന്ന ഗ്രൂപ്പിനോട് യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്നു കൂടി പറഞ്ഞ അതിന്റെ കാരണവും വിശദീകരിച്ച ശേഷമേ അടുത്ത ഗ്രൂപ്പ് ഉത്തരം പറയാവൂ.മൂന്നാം ഗ്രൂപ്പാകട്ടെ ആദ്യത്തെ രണ്ടു ഗ്രൂപ്പിന്റെ ഉത്തരങ്ങളോടും പ്രതികരിക്കണം. ഈ പ്രതികരണങ്ങള്‍ക്ക് ശേഷം സംവാദമാകാം. ഏതു ഗ്രൂപ്പിനും അവരെ സാധൂകരിക്കാനോ മറ്റു ഗ്രൂപ്പിന്റെ വിലയിരുത്തലിലെ ന്യൂനതകള്‍ ചോദ്യം ചെയ്യാനോ അവസരം ഉണ്ട്. ഇതിനു ശേഷമാണ് ക്വിസ് മാസ്റ്റേഴ്സിന്റെ ഉത്തരം. അതിനേയും ചോദ്യം ചെയ്യാം. അറിവാണ് അധ്യാപകസ്ഥാനമല്ല വലുത് എന്ന നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്.

അടുത്ത ചോദ്യം കുട്ടികള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല

ക്വിസ് മാസ്റ്റേഴ്സ് ചോദിക്കാതെ വിട്ടുകളഞ്ഞ മൂന്നു പ്രധാന ചോദ്യങ്ങളുണ്ട് അവ ഏതാണ്?

ഗ്രൂപ്പില്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

വീണ്ടും വിവരങ്ങളെ അപഗ്രഥിച്ചു , പ്രധാന ചോദ്യങ്ങള്‍ രൂപപ്പെടുത്തി. ഓരോ ഗ്രൂപ്പും അവതരിപ്പിച്ചു.പ്രധാന്യം മറ്റുളളവരെ ബോധ്യപ്പെടുത്തി. ഇത്തരം ക്വിസ് പ്രോഗ്രാം ആദ്യാനുഭവംതന്നെ.

മൂന്നു മണിക്കൂര്‍ നീണ്ട ഈ പ്രക്രിയ മുഷിപ്പുണ്ടാക്കിയില്ല

സജീവ പങ്കാളിത്തം ആദ്യം മുതല്‍ അവസാനം വരെ നിലനിന്നു

അവസാനം അവലോകനം


  • റഫറന്‍സ് മെറ്റീരിയലുകളുടെ കൂടുതല്‍ പകര്‍പ്പുുകള്‍ കൂടുതല്‍സ്ഥലത്തായി പ്രദര്‍ശിപ്പിക്കണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി.
  • ഇംഗ്ലീഷ് മെറ്റീരിയലില്‍ നിന്നും വിവരം ശേഖരിക്കാനുളള കഴിവു് കൂടി
  • റഫറന്‍സ് ടീം എന്ന ആശയം സ്വീകാര്യമായി..
  • സംഘാടകരായ അ‍ഞ്ജുമോള്‍ക്കും രാജലക്ഷ്മിക്കും അഭിനന്ദനം കിട്ടി. അവരുടെ ടീം വര്‍ക്ക് മാതൃകാപരം.

ഇന്ന് ഒരു ബിഗ് ഷോപ്പറില്‍ അവരുടെ നോട്ട് ബുക്കുകള്‍ ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

എല്ലാ കുട്ടികളും എങ്ങനെ രേഖപ്പെടുത്തി എന്നറിയണം.  
ഫീഡ് ബാക്ക് നല്‍കണം. 
നാലഞ്ചു ദിവസം മതിയാകും
ഈ നോട്ട് ബുക്ക് ഞാന്‍ സസൂക്ഷ്മം വായിക്കും എന്നവര്‍ക്കറിയാം. മുന്നനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവ് അവരെ കൂടുതല്‍ ഉത്തരവാദിത്വമുളള പ്രിയവിദ്യാര്‍ഥികളാക്കിയിട്ടുണ്ട്.
എന്നെ ഉത്തരവാദിത്വമുളള അധ്യാപകനാക്കാനും അവരുടെ നോട്ട്ബുക്കിലെ ജാഗ്രത സഹായിക്കുന്നു. 
കുട്ടികളുടെ പഠനോത്സുകത അധ്യാപകനെ സൃഷ്ടിക്കും. 
അതെ കുട്ടികളും പരോക്ഷഅധ്യാപക പരിശീലകരാണ്.