കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്വപ്നങ്ങള്‍ കാണുക. ആ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാവുക. അതിന്റെ പരിമളത്തില്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുക. എന്തൊരു ആവേശകരമായ അനുഭവമായിരിക്കും? അസാധ്യമെന്നു കരുതുന്നതിന് സാധ്യമാക്കുന്ന കലയാണ് അധ്യാപകര്‍ക്കുണ്ടാവേണ്ട വിശിഷ്ടഗുണം. വിദ്യാലയത്തില്‍ നൂറായിരം പ്രശ്നങ്ങളുണ്ട്. അതിന്റെ മുഷിപ്പില്‍ മുരടിച്ചുപോകാതെ നൂതനമായചിന്തയുടെ പച്ചത്തലപ്പുകള്‍കൊണ്ട് തണലൊരുക്കി മുന്നേറുന്ന അധ്യാപകരും വിദ്യാലയവും കേരളത്തിലുണ്ട്. അവരില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളാന്‍ നമ്മള്‍ക്ക് കഴിയണം. പുതിയ കാലത്തെ അധ്യാപകര്‍ പുതുമാതൃക സൃഷ്ടിക്കുന്നവരാകണം. ഉള്ളടക്കത്തിന്റെ കേവലമായ കൈമാറ്റപ്രക്രിയയും പാഠഭാഗങ്ങള്‍ വാര്‍ഷികപദ്ധതി അനുസരിച്ച് പഠിപ്പിച്ച് തീര്‍ക്കലും മാത്രം ലക്ഷ്യമിടുന്നവര്‍ യാന്ത്രികാധ്യാപനത്തിന്റെ തടവറയിലാണ്. സര്‍ഗാത്മകാധ്യാപനത്തിന്റെ പാതയിലേക്ക് അവര്‍ പ്രവേശിക്കേണ്ടതുണ്ട്.
*വി ആർ വിന്നേഴ്സ്*
2020 അവസാനിക്കുന്ന ദിവസം വൈകുന്നേരം ആലപ്പുഴജില്ലയിലെ കലവൂർ ഹൈസ്കൂളിലെ എലിസബത്ത് ടീച്ചർ വിളിച്ചു. അഭിമാനമുള്ള ഒരു കാര്യം പറയാനുണ്ടത്രേ.
"എന്താ ടീച്ചറെ പറയൂ? "
"എൻ്റെ ആറ് സി ക്ലാസിലെ എല്ലാവരും A, B ഗ്രേഡുകളിലായി. നാളെ അതിൻ്റെ വിജയപ്രഖ്യാപനമാണ്." ടീച്ചർ അതിൻ്റെ വിശദാംശങ്ങൾ പറഞ്ഞു. വാക്കുകളിൽ ആവേശം. അൽപം കഴിഞ്ഞപ്പോൾ
സ്കൂളിലെ എസ്എം സി ചെയർമാൻ മോഹനദാസിൻ്റെ ഫോൺ. അദ്ദേഹവും ആവേശത്തിലാണ്.
വി ആർ വിന്നേഴ്സ് പ്രോജക്ട് (WWP) എന്ന പ്രോജക്ടാണ് എലിസബത്ത് ടീച്ചര്‍ ആവിഷ്കരിച്ചത്. കുട്ടികളുമായി ചര്‍ച്ച ചെയ്ത് ലക്ഷ്യം തീരുമാനിച്ചു. എല്ലാവരും എ ഗ്രേഡില്‍ എത്തുമോ? കുട്ടികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ആഗ്രഹം തീവ്രമാണെങ്കില്‍ ലക്ഷ്യം നേടുക തന്നെ ചെയ്യുമെന്ന് ടീച്ചര്‍. ടീച്ചര്‍ പറഞ്ഞു വര്‍ഷാന്ത്യപരീക്ഷയില്‍ എ ഗ്രേഡ് നേടമെങ്കില്‍ ഓരോ ദിവസവും എ ഗ്രേഡ് ഉറപ്പാക്കിപോകണം. നമ്മല്‍ വഞ്ചിയില്‍ പണം നിക്ഷേപിക്കുന്നതുപോലെയാണ്. ഓരോ ദിവസവും ചെറിയസമ്പാദ്യങ്ങള്‍. അവ കൂടിക്കൂടി വരും. അവസാനം വലിയ സമ്പാദ്യമായി മാറും. എങ്ങനെയാണ് ഓരോ ദിവസവും എ ഗ്രേഡ് ലഭിക്കുക? ടീച്ചര്‍ക്കറിയാം അന്നന്ന് പഠിപ്പിക്കുന്ന പാഠങ്ങള്‍ എല്ലാ കുട്ടികളും വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടുണ്ടാവില്ലെന്ന്. പല വിഷയങ്ങളല്ലേ? എല്ലാ ദിവസവും കുട്ടികള്‍ വൈകിട്ട് ടീച്ചറെ വിളിക്കണം. അതിനായി ടീച്ചര്‍ പ്രത്യേക സമയം നിശ്ചയിച്ചു. എന്താണ് കുട്ടികള്‍ പറയേണ്ടത്? അന്ന് പഠിപ്പിച്ച കാര്യങ്ങളില്‍ ഏതു വിഷയത്തിന്റെ ഏത് ഭാഗം മനസ്സിലായില്ല എന്ന് കുട്ടികള്‍ പറയണം. അതിന് മടി വേണ്ട. ടീച്ചറെ ഏതെങ്കിലും കുട്ടി വിളിച്ചില്ലെങ്കില്‍ ടീച്ചര്‍ അങ്ങോട്ട് വിളിക്കും. എല്ലാദിവസവുമുള്ള ഈ ഫോണ്‍വിളി തന്നെ രക്ഷിതാക്കളിലും കുട്ടികളിലും ടീച്ചറുമായുള്ള മനസ്സിണക്കം കൂട്ടി. സ്വാതന്ത്ര്യത്തിന്റെ ഒരു പാലം പണിതു. കുട്ടികള്‍ പറയുന്നതെല്ലാം ടീച്ചര്‍ കുറിച്ചെടുത്തു. സാമൂഹികശാസ്ത്രത്തിലെ കാര്യമാണ് മനസ്സിലാകാതെ പോയതെന്ന് മൂന്നു കുട്ടികള്‍ പറഞ്ഞെന്നു കരുതുക. എലിസബത്ത് ടീച്ചര്‍ അത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപികയെ അറിയിക്കും. എങ്ങനെ അത് പരഹരിക്കാമെന്ന് ചര്‍ച്ച ചെയ്യും. ചിലപ്പോള്‍ ഗൂഗില്‍ മീറ്റിലൂടെ സംശയനിവാരണം നടത്തും അല്ലെങ്കില്‍ അടുത്ത ദിവസം അവര്‍ക്ക് പ്രത്യേക അനുഭവം ഒരുക്കും. ഇത്തരം രീതി ഓരോ കുട്ടിയും പ്രതിദിനം സ്വയം വിലയിരുത്തല്‍ നടത്തുന്നതിലേക്ക് പുരോഗമിച്ചു. ക്ലാസുകള്‍ അവര്‍ നന്നായി ശ്രദ്ധിക്കാനും ശ്രമിച്ചു. ഓരോ ദിവസവും കുട്ടികളുടെ പഠനോൽപ്പന്നങ്ങൾ വിലയിരുത്തി. ഫീഡ്ബാക്ക് നൽകി. വർഷാവസാനമാകുമ്പോഴേക്കും ലക്ഷ്യം നേടാനാണ് ടീച്ചര്‍ കരുതിയത്. രക്ഷിതാക്കൾ പറഞ്ഞു : _ ക്രിസ്തുമസ് പരീക്ഷ തന്നെ ലക്ഷ്യമാക്കണം. കുട്ടികൾ ഉഷാറാണ്. ഞങ്ങൾ ഒപ്പമുണ്ട്." അധ്യാപികയുടെ കർമോത്സുകമായ ഇടപെടല്‍ അവരുടെ ആഗ്രഹത്തിന് വിജയ മധുരം കിട്ടി. ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും A,B ഗ്രേഡുകളിലേക്ക് എത്തിയതിന്റെ വിജയ പ്രഖ്യാപനമാണ് 2021 ജനവരി 1 ന് സ്കൂളിൽ നടന്നത്. ഈ വിജയത്തെത്തുടർന്ന് അതു പകർന്ന ആവേശത്തിൽ പുതിയ ലക്ഷ്യമായി ആയി. 9 E ഡിവിഷനിൽ സീറോ സി പ്ലസ് ഗ്രേഡ് എന്ന ഒരു പ്രോജക്ട് ക്ലാസ് അധ്യാപിക സുധ ടീച്ചറിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തി. ഒരു വിജയം മറ്റൊത്തിരി വിജയലക്ഷ്യങ്ങള്‍ക്കുള്ള വിത്തായി മാറുകയാണ്.
*ജനാധിപത്യപരമായ വിലയിരുത്തല്‍*
അധ്യാപകര്‍ കുട്ടികളെ വിലയിരുത്തും. കുട്ടികള്‍ക്ക് അധ്യാപനത്തെ വിലയിരുത്താന്‍ അവസരമുണ്ടോ? തൃത്താല ഹൈസ്കൂളിലെ രസതന്ത്ര അധ്യാപകനായിരുന്ന എം വി രാജന്‍ കുട്ടികളുടെ പക്ഷത്ത് നിന്നും കാര്യങ്ങളെ സമീപിച്ച ആളാണ്. വര്‍ഷാദ്യം തന്നെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന അധ്യാപകസവിശേഷതകള്‍ ലിസ്റ്റ് ചെയ്യിച്ചു. അധ്യാപകനില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കുന്നു, എന്ത് പാടില്ല എന്നു കുട്ടികള്‍ പറഞ്ഞു. അത് ചാര്‍ട്ടിലാക്കി ക്ലാസില്‍ തൂക്കി. അവരുടെ ആഗ്രഹപ്രകാരമുള്ള അധ്യാപകനായിരിക്കും താനെന്ന് മാഷ് ഉറപ്പ് നല്‍കി. മാഷിന്റെ ഓരോ ക്ലാസും കഴിയുമ്പോള്‍ കൂട്ടികളുടെ ഗ്രൂപ്പുകള്‍ കൂടും. ഇതിനായി അഞ്ച് മിനിറ്റ് മാറ്റി വെക്കും. ഇന്ന് പഠിപ്പിച്ചതില്‍ എല്ലാവര്‍ക്കും പൂര്‍ണമായി മനസ്സിലായവ, ഭാഗികമായി മനസ്സിലായവ, തീരെ മനസ്സിലാകാത്തവ എന്നിങ്ങനെ ലിസ്റ്റ് തയ്യാറാക്കി മാഷിനെ ഏല്‍പ്പിക്കും. ഓരോ ദിവസത്തെയും അധ്യാപനത്തിന്റെ ഫലപ്രാപ്തി കുട്ടികള്‍ വിലയിരുത്തുകയാണ്. മാഷ് അത് ശേഖരിച്ച് വിശകലനം ചെയ്യും. അവ കൂടി പരിഗണിച്ചാവും അടുത്ത ദിവസത്തെ അധ്യാപനം. ചിലപ്പോള്‍ പാഠപുസ്തകം തന്നെ മാറ്റിയെഴുതും. പുതിയ പാഠങ്ങള്‍ തയ്യാറാക്കും. ചിലര്‍ക്ക് ട്യൂട്ടോറിയല്‍ രീതി വേണ്ടിവരും. വ്യക്തിഗത ചര്‍ച്ചകള്‍ നടത്തും. പഠിപ്പിച്ച അതേ രീതി തന്നെ സ്വീകരിക്കില്ല. ഒരു രീതിയില്‍ പഠിപ്പിച്ചിട്ട് നേടാതെ പോയത് അതേ രീതിയില്‍ വീണ്ടും പഠിപ്പിച്ചാല്‍ ഫലം ചെയ്യില്ലെന്ന് മാഷിനറിയാം. അധ്യാപനത്തിന്റെ പ്രശ്നത്തെ അധ്യാപനകാര്യക്ഷമത ഉയര്‍ത്തിയാണ് പരിഹരിക്കേണ്ടത്. പഠിക്കാത്തത് കുട്ടികളുടെ മാത്രം പ്രശ്നമായി കാണുന്ന സമീപനത്തില്‍ നിന്നും വ്യത്യസ്തമാണ് ഈ ഇടപെടല്‍. ക്ലാസില്‍ സൃഷ്ടിച്ച ഈ ജനാധിപത്യാന്തരീക്ഷവും നിരന്തര പ്രശ്നവിശകലനവും നിരന്തരപിന്തുണയും എല്ലാകുട്ടികലും മികച്ച നിലയില്‍ വിജയിക്കുന്നതിലേക്ക് എത്തിച്ചു. ക്ലാസ് റൂം ജനാധിപത്യത്തിന്റെ രസതന്ത്രമാണ് രാജന്‍മാഷ് പരീക്ഷിച്ചത്. അധ്യാപനഗവേഷണാത്മകതയും ജനാധിപത്യാനുഭവവും മികവുറ്റ പഠനത്തിലേക്കുള്ള വഴിവെട്ടലാണ്.
*അമ്മ അറിയാൻ പദ്ധതിയും പഠന ഡയറിയും*
കലവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് തന്നെ മടങ്ങി വരാം. ഓരോ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന ക്ലാസ് തല പ്രവർത്തനങ്ങൾ വൈകുന്നേരം 7 മണിക്ക് അതത് ക്ലാസ് ടീച്ചർമാർ ചെറുകുറിപ്പാക്കി രക്ഷിതാക്കൾക്ക് വ്ടാസാപ്പിലൂടെ അയച്ചുകൊടുക്കും. ഓരോ ദിവസവും നടക്കുന്ന പഠന പ്രവർത്തനങ്ങള്‍ എന്തെല്ലാമാണെന്ന് കൃത്യമായി തിരിച്ചറിയുന്ന രക്ഷകർത്താവ് കുട്ടിയുമായി സംസാരിക്കും. ഇത് അറിയുമോ? ഇക്കാര്യം മനസ്സിലായോ? എന്നിങ്ങനെ? അതിന്റെ അടിസ്ഥാനത്തില്‍ കുട്ടി അന്നത്തെ പഠനപദ്ധതി തയ്യാറാക്കും. അതു പ്രകാരം കുട്ടി പഠനത്തില്‍ ഏര്‍പ്പെടുന്നുവെന്ന് രക്ഷിതാവ് ഉറപ്പാക്കും. കുട്ടികള്‍ പരസ്പരം വിളിച്ച് അവ്യക്തതകള്‍ പരിഹരിക്കും. കുട്ടി തയ്യാറാക്കുന്ന പഠനഡയറി അതതു ദിവസം തന്നെ രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. തലേ ദിവസത്തെ ക്ലാസ് തല പ്രവർത്തനങ്ങൾ കൃത്യതയോടെ പൂർത്തീകരിച്ച കുട്ടി പൂർണ്ണ സജ്ജരായി പിറ്റേന്ന് ക്ലാസ് മുറിയിൽ എത്തും. വീട്ടിലെ പഠനാന്തരീക്ഷം ചിട്ടപ്പെടുത്താനുള്ള നീക്കമായിരുന്നു ഈ പദ്ധതി. രക്ഷിതാക്കളുടെ പിന്തുണയും ശ്രദ്ധയും കൂട്ടാനും ഇത് വഴിയൊരുക്കി.
*കുട്ടികളുടെ ഹെൽപ്പ് ഡെസ്ക്*
ഏത് ക്ലാസിലെ ഏത് കുട്ടിക്കും ഏത് വിഷയത്തിൽ സംശയം ഉണ്ടായാലും പരിഹരിച്ചു നൽകാൻ കെൽപ്പുള്ള കുട്ടികളുടെ ഹെൽപ്പ് ഡെസ്ക്കുകൾ കലവൂര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു എന്നത് അതിശയകരം തന്നെ. സ്കൂളിൽ വിവിധ ക്ലാസുകളിലായി 10 ഹെൽപ്പ് ഡെസ്കുകളാണുള്ളത്. സമര്‍ഥരുടെ കഴിവ് മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം.
*പത്തംഗ രക്ഷകർതൃ പ്രാതിനിധ്യസഭ*
പി ടി എ യോഗം എന്നതിനെ എങ്ങനെ അക്കാദമികചൈതന്യത്തോടെ മെച്ചപ്പെടുത്താം എന്ന ആലോചനയുടെ ഫലമാണ് പത്തംഗ ക്ലാസ് രക്ഷാകര്‍തൃപ്രതിനിധി സഭ. പി ടി എ കമ്മറ്റികൂടുമ്പോള്‍ ഓരോ ക്ലാസിനെയും വിലിയരുത്തണ്ടേ? അതിന് സഹായകമായി എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യമുള്ളതല്ല പി ടി എ കമ്മറ്റികള്‍. കലവൂര്‍ സ്കൂളില്‍ ഇരുപത്തെട്ട് ഡിവിഷനുണ്ട്. ഓരോ ക്ലാസിനും പ്രാതിനിധ്യം വേണം. നിലവിലുള്ള നിയമപ്രകാരം പരിമിതികളുണ്ട്. പങ്കാളിത്തം ഗുണതയുടെ സ്രോതസ്സുകളിലൊന്നാണ് എന്ന തിരിച്ചറിവാണ് ഓരോ ക്ലാസിലും പത്തംഗ രക്ഷാകര്‍തൃ കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ പത്തംഗക്കൂട്ടങ്ങളെല്ലാം ഒത്തു ചേരുന്ന പൊതുസഭയുണ്ട്. ആ പൊതു സഭയില്‍ ക്ലാസ് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ച നടക്കും. ക്ലാസിന് പ്രവര്‍ത്തനലക്ഷ്യം തീരുമാനിക്കും. അടുത്ത മാസം പരിഹരിക്കേണ്ടതും നേടേണ്ടതുമായ കാര്യങ്ങളെ ആധാരമാക്കിയാണ് ക്ലാസ് അക്കാദമിക പ്ലാന്‍ തയ്യാറാക്കുക. ആ ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ നേതൃത്വവും പ്ലാന്‍ തയ്യാറാക്കുമ്പോഴുണ്ടാകും. ഓരോ ക്ലാസും തയ്യാറാക്കിയ പദ്ധതി പൊതുവായി റിപ്പോര്‍ട്ട് ചെയ്യും. അതിനോട് പ്രതികരിക്കാം. അടുത്ത തവണ കൂടുമ്പോള്‍ ആദ്യം വിശകലനം ചെയ്യുന്നത് മുന്‍മാസം ആസൂത്രണം ചെയ്തവ എത്രമാത്രം നേടാനായി എന്നതാണ്. പൊതുസഭയില്‍ അംഗീകാരം കിട്ടുന്ന പദ്ധതികള്‍ ക്ലാസ് പി ടി എ കൂടി അവതരിപ്പിച്ച് കൂടുതല്‍ സൂക്ഷ്മമാക്കും.
നേരും നെറിവും അറിവും തിരിച്ചറിവും നേടി മിടുമിടുക്കരായ കുട്ടികളാകാൻ 280 അംഗ കുട്ടിക്കൂട്ടം തയ്യാറാക്കി വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്ത് നടപ്പിലാക്കി വരുന്ന "മൂല്യബോധമുള്ള കുട്ടി " എന്ന പ്രവർത്തന പരിപാടിയും കലവൂര്‍ സ്കൂളിലുണ്ട്.
*പുതിയ കാലത്തെ അധ്യാപകര്‍*
പുതിയകാലത്തെ അധ്യാപകസങ്കല്പം ആധുനികസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തിയാണ് പലരും ചര്‍ച്ച ചെയ്യുന്നത്. അധ്യാപികയും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ജനാധിപത്യപരവും ഗുണാത്മകതയിലൂന്നിയതുമായ പുതിയപ്രവര്‍ത്തനസംസ്കാരവുമായി ചേര്‍ത്തുവെക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അടുപ്പം കൂടുമ്പോഴാണ് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കപ്പെടുക. ഓരോ കുട്ടിയും മാനിക്കപ്പെടുന്ന വിദ്യാലയം രൂപപ്പെടണം. അതിന് സര്‍ഗാത്മകാധ്യാപനത്തിന്റെ വഴികള്‍ തേടണം. പുതിയ അന്വേഷണങ്ങളില്‍ ഏര്‍പ്പെടണം. അത്തരം കുറേ വിദ്യാലയങ്ങളും അധ്യാപകരും കേരളത്തിലുണ്ട്. അവരുടെ എണ്ണം കൂട്ടാനാണ് ശ്രമിക്കേണ്ടത്. ജനായത്ത സര്‍ഗാത്മക വിദ്യാലയങ്ങള്‍ എന്ന ആശയം ചിന്തയിലേക്ക് കടന്നു വരുന്നതിലൂടെ അക്കാദമിക മികവ് മാത്രമല്ല സാധ്യമാവുക. പ്രാദേശികജനതയുടെ സ്വപ്നങ്ങള്‍ പൂക്കുന്ന വിദ്യാലയമായി മാറണം. എല്ലാ കുട്ടികളും കഴിവുള്ളവരാണെന്ന നിലപാട് സ്വീകരിച്ചുകൊണ്ട്, അധ്യാപകരുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തെടുത്ത്, ഓരോ ദിവസവും അഭിമാനമുദ്രയുള്ളതാക്കി, എല്ലാ കുട്ടികള്‍ക്കും പഠനാനന്ദം ഉറപ്പാക്കി മുന്നേറണം.
ക്ലാസ്സിലെ എല്ലാവരെയും എങ്ങനെ ഉയർന്ന ഗ്രേഡുകളിലെത്തിക്കാം; ചില അധ്യാപന തന്ത്രങ്ങൾ......
മാതൃഭൂമി ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ചത് (: https://www.mathrubhumi.com/education/features/teachers-day-special-article-1.9875065)
അനുബന്ധം